Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

ഈ താഴ്‌വരയില്‍ പൂക്കുന്നത് മാനവികത

റഹ്മാന്‍ മധുരക്കുഴി

''മകളുടെ മാംഗല്യം നടത്താന്‍ വഴി കാണാതെ, ഗദ്ഗദകണ്ഠയായി തങ്ങളെ സമീപിച്ച, പരമ ദരിദ്രയായ അമുസ്‌ലിം വിധവയുടെ മകളുടെ വിവാഹ നടത്തിപ്പ് ഏറ്റെടുത്ത്, പള്ളി മുറ്റത്ത് തന്നെ പന്തലൊരുക്കി, ഹിന്ദു ആചാരപ്രകാരം കാര്യം നിര്‍വഹിച്ചുകൊടുത്ത, ചേരാവള്ളി മഹല്ല് കമ്മിറ്റി, മതജാതിഭേദ ചിന്തയുടെ മതില്‍ തകര്‍ത്ത്, സാമുദായിക മൈത്രിയുടെയും മാനവികതയുടെയും മഹിത മൂല്യമാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്'' (പ്രബോധനം ഫെബ്രുവരി 7).
സാമുദായിക ധ്രുവീകരണത്തിനും ഒന്നിച്ചു ജീവിക്കുന്ന സഹോദര സമുദായത്തെ നാടു കടത്താനും കരുക്കള്‍ നീക്കുന്ന വിദ്വേഷത്തിന്റെ കുടില ശക്തികള്‍ തിമിര്‍ത്താടുന്ന പുതിയ കാലത്ത്, ഇത് മനുഷ്യസ്‌നേഹികളുടെ മുക്തകണ്ഠ പ്രശംസയര്‍ഹിക്കുന്ന സല്‍കൃത്യമത്രെ. പേരാമ്പ്രയിലെ പാലേരി വീട്ടിലെ 'പ്രത്യുഷ' എന്ന ഹിന്ദു സഹോദരിയുടെ വീടിന് തൊട്ടുമുന്നിലെ ഇടിവെട്ടി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി, പ്രത്യുഷയുടെ വിവാഹം സുഗമമായി നടക്കുന്നതിനായി ഞായറാഴ്ച നടത്തേണ്ടിയിരുന്ന നബിദിനാഘോഷം മാറ്റിവെക്കുകയും വിവാഹത്തലേന്നും വിവാഹാഘോഷത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്ത വാര്‍ത്ത (മാതൃഭൂമി 11-11-2019)യും ഇതൊന്നിച്ച് ചേര്‍ത്തു വായിക്കാം.
40 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന ഒരു മുസ്‌ലിം സഹോദരന്റെ ചികിത്സക്കായി അയ്യപ്പന്‍ വിളക്ക് വേണ്ടെന്നു വെച്ച് തദാവശ്യാര്‍ഥം സ്വരൂപിച്ച സംഖ്യയത്രയും അയ്യപ്പന്‍ വിളക്ക് കമ്മിറ്റി മുസ്‌ലിം സഹോദരന്റെ ചികിത്സക്ക് കൈമാറിയ സംഭവം സൗഹൃദ കേരളത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോമാഞ്ചജനകമായ സംഭവവും ഓര്‍മവരികയാണ്.
പ്രവാചക കീര്‍ത്തനങ്ങളുമായി എത്തിയ മക്കരപറമ്പ്-വടക്കാങ്ങര ഇഹ്‌യാഉദ്ദീന്‍ മദ്‌റസയിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്ര, തന്റെ വീടിന്റെ മുന്നിലെത്തിയപ്പോള്‍, കാര്‍ത്ത്യായനി അമ്മ കുടുംബസമേതം വന്ന്, വിദ്യാര്‍ഥികളെ നോട്ട്മാല അണിയിച്ചു. മകന്‍ ദാസന്‍ ഫെയ്‌സ്ബുക്കിലൂടെ നബിദിനത്തെ വരവേല്‍ക്കുന്ന മുഖചിത്രത്തോടെയുള്ള സന്ദേശം നല്‍കുകയും ചെയ്തു.
പൊന്നാനിയിലെ പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലും കണ്ടേന്‍കുളങ്ങര ക്ഷേത്രമുറ്റത്തും നബിദിന റാലിക്ക് മധുരം നല്‍കിയും ശീതള പാനീയം വിതരണം ചെയ്തും സ്വീകരിച്ചത്, അണ്ടിത്തോട് അമ്പലക്കമ്മിറ്റിയും പുഴമ്പ്രം അയ്യപ്പ സേവാ സംഘവുമായിരുന്നു.
മുസ്‌ലിംകളുമായും മുസ്‌ലിം പള്ളിയുമായും അഭേദ്യമായ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന ഒരു ഹിന്ദു സഹോദന് മുസ്‌ലിം മഹല്ല് കമ്മിറ്റി നല്‍കിയ ആദരം മാതൃഭൂമി (2020 ജനുവരി 29) വരച്ചുകാണിക്കുന്നതിങ്ങനെ: ''കാളികാവ് ഉദരംപൊയിലിലെ പള്ളി പരിസരത്തെ വൃത്തിക്ക് പിന്നില്‍ കുമാരന്‍ എന്ന സാധാരണ മനുഷ്യന്റെ ശുചിത്വ ബോധവും മതേതര ബോധവുമാണ്. മുസ്‌ലിം സുഹൃത്തുക്കള്‍ പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ കുമാരേട്ടനുമെത്തും. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പള്ളിയില്‍നിന്ന് ഇറങ്ങുമ്പോഴേക്കും കുമാരേട്ടന്‍ ചൂലുമെടുത്ത് ശുചീകരണം തുടങ്ങും. വിശാലമായ പള്ളിമുറ്റവും വഴിയും വൃത്തിയാക്കിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങാറുള്ളത്. പ്രതിഫലേഛയില്ലാതെ വര്‍ഷങ്ങളായി കുമാരേട്ടന്‍ തുടരുകയാണ് ഈ ശുചീകരണ പ്രവൃത്തി. മുസ്‌ലിം സുഹൃത്തുക്കള്‍ മരണപ്പെട്ടാല്‍, മയ്യിത്തിനൊപ്പം കുമാരേട്ടനും പള്ളിയില്‍ എത്തും. എല്ലാവരും പള്ളിയില്‍ നമസ്‌കരിക്കാന്‍ കയറുന്നതോടെ കുഴിമാടം സന്ദര്‍ശിച്ച് കുമാരേട്ടന്‍ മടങ്ങും. കര്‍ഷകനായിരുന്ന കാലത്ത് പള്ളിയിലേക്ക് ആവശ്യമുള്ള നെല്ലും തേങ്ങയും പച്ചക്കറി സാധനങ്ങളും എത്തിച്ചുകൊടുക്കുന്ന ബന്ധവും കുമാരേട്ടനുണ്ട്. കുമാരേട്ടനെ ഉദരംപൊയില്‍ ഗ്രാമം ആദരിക്കുകയാണ്. ഉദരംപൊയില്‍ മഹല്ല് കമ്മിറ്റിയാണ് ചടങ്ങ് ഒരുക്കിയിട്ടുള്ളത്.''
മതസൗഹൃദവും മാനവികതയും പൂത്തുലയുന്ന ഈദൃശങ്ങളായ സ്‌നേഹ ബന്ധങ്ങള്‍, നിശ്ചയമായും സര്‍വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ രാഷ്ട്രത്തിന്റെ പുനഃസൃഷ്ടിക്ക് വഴിയൊരുക്കുക തന്നെ ചെയ്യും. 

 

ഫാഷിസത്തിനെതിരായ സമരം വിശ്വാസപരമായ ബാധ്യതയാണ്

''പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു; മര്‍ദകരായ ഈ നാട്ടുകാരില്‍നിന്ന് ഞങ്ങളെ മോചിപ്പിച്ചുതരേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്കൊരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നീ ഞങ്ങള്‍ക്കൊരു സഹായിയെയും നിശ്ചയിച്ചുതരേണമേ'' (അന്നിസാഅ് 75). മര്‍ദിതരും പീഡിതരും നിരാലംബരും നിസ്സഹായരുമായ ജനങ്ങളുടെ മോചനം ലക്ഷ്യം വെച്ചുള്ള സമരം ദൈവമാര്‍ഗത്തിലുള്ള പോരാട്ടമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് ഈ ഖുര്‍ആന്‍ വചനം. 
സൃഷ്ടിപൂജാ നിരാസത്തിന്റെ പ്രതിജ്ഞാവചനമുച്ചരിച്ച് വിശ്വാസത്തിന്റെ സരണിയിലേക്ക് കാലെടുത്തുവെക്കുന്നതോടെ വിശ്വാസി അടിമത്തച്ചങ്ങലകളില്‍നിന്നും പൂര്‍ണമായി മോചിതനായി, സ്വാതന്ത്ര്യത്തിന്റെ ഉന്നത പ്രതലത്തിലേക്കെത്തിപ്പെടുകയാണ്. വംശീയതയുടെയും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ഇടുങ്ങിയ ലോകത്തു നിന്ന് മാനവികതയുടെയും സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും വിശാലമായ ലോകത്തേക്കുയരുകയാണ്. വംശീയതയുടെയും ജാതീയതയുടെയും പേരില്‍ വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നവര്‍ ആത്മമിത്രങ്ങളായിരിക്കുകയാണ്. 'ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നും നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.' മനുഷ്യരെല്ലാം ദൈവത്തിന്റെ കുടുംബാംഗങ്ങള്‍, എല്ലാവരും സമന്മാര്‍. ഇതാണല്ലോ അടിസ്ഥാനം.
അതിനാല്‍ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും ക്ഷേമൈശ്വര്യങ്ങള്‍ക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും വേണ്ടിയുള്ള സമരപോരാട്ടങ്ങള്‍ നിയമാനുസൃത മാര്‍ഗത്തിലൂടെയാകുമ്പോള്‍ പുണ്യകരമാണ്. വിശ്വാസത്തിന്റെ അനിവാര്യ തേട്ടമായ ഈ സമരമുഖത്തു നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.
അടിമത്തച്ചങ്ങലകളില്‍ നിര്‍ബന്ധിതരായി, മര്‍ദനപീഡനങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് ദുരിതങ്ങള്‍ പേറുന്ന ജനങ്ങളെ മോചിപ്പിച്ചെടുക്കുക എന്നത് പ്രവാചക ദൗത്യത്തിന്റെ സുപ്രധാന ഭാഗമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ''അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ അദ്ദേഹം ഇറക്കിവെക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ അദ്ദേഹം പൊട്ടിച്ചെറിയുന്നു'' (അല്‍അഅ്‌റാഫ് 157).
ഫ്യൂഡലിസത്തിനും ജാതിമേധാവിത്വത്തിനും അനീതിക്കുമെതിരില്‍ പോരാടാനുള്ള സമരവീര്യം പാശ്ചാത്യ പൗരസ്ത്യ നാടുകള്‍ക്ക് പ്രദാനം ചെയ്തതില്‍ വിശുദ്ധ ഗ്രന്ഥവും പ്രവാചകനും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിനവ ഫാഷിസത്തിനെതിരില്‍ പോരാടാന്‍ പ്രവാചകന്മാര്‍ തന്നെയാണ് വിശ്വാസികള്‍ക്ക് പ്രചോദനം. ഫാഷിസത്തിനെതിരായ ബഹുജന മുന്നേറ്റത്തെ ശക്തിപ്പെടുത്തി സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ കഠിനാധ്വാനം ചെയ്യേണ്ട ബാധ്യത വിശ്വാസപരമായി മുസ്‌ലിംകള്‍ക്കുണ്ട്. 

കെ.സി ജലീല്‍ പുളിക്കല്‍

 

ശാഹീന്‍ ബാഗും സ്ത്രീമുന്നേറ്റവും

'ഹം ഭാരത് കീ ലോക്, സി.എ.എ, എന്‍.ആര്‍.സി നഹീ മാന്‍തെ'
മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ജാതിമത ഭേദമന്യേ ശാഹീന്‍ ബാഗിലെ സ്ത്രീകള്‍ മുഴക്കിയ മുദ്രാവാക്യമാണിത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രയത്‌നിക്കുന്നവരുടെ നിലപാടാണ് ഈ പ്രഖ്യാപനം. 
ജനാധിപത്യ ബോധമുള്ള ഒരു ജനസഞ്ചയം ശാഹീന്‍ ബാഗില്‍ ഫാഷിസത്തിനെതിരെ പ്രതിഷേധ കോട്ട പണിയുന്നത് ബി.ജെ.പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ സമരം ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ ഏറ്റെടുക്കുകയും ചെയ്തതിട്ടുണ്ട്. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന പടക്കോപ്പാണ് ശാഹീന്‍ ബാഗ്. വിശേഷിച്ചും മുസ്‌ലിം സ്ത്രീയുടെ സാമൂഹിക മുന്നേറ്റങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ സമരം.
ഇന്ന് ഭരണ കര്‍ത്താക്കള്‍ നടത്തികൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഊര്‍ജം പകരുകയാണ് ഈ സ്ത്രീശക്തി.  ഒരു നേതാവും സംഘടനയും ഇല്ലാതെയാണ് പൗരത്വ നിഷേധങ്ങള്‍ക്കെതിരെ സ്ത്രീകള്‍ കൈകളുയര്‍ത്തുന്നത്. രാജ്യത്തിന്റെ ഭാവിക്കു വേണ്ടി പോരാടുന്ന പെണ്‍പട ചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
'ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയത് ഞങ്ങളാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന് പറയാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല' എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ശാഹീന്‍ ബാഗിലെ വിപ്ലവകാരി നഹിദ ബീഗം. ഇവരെപ്പോലെ ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ നിരവധി സ്ത്രീകളുടെ രംഗപ്രവേശത്തിന് ശാഹീന്‍ ബാഗ് വഴിയൊരുക്കി. കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവായ സ്ത്രീയുടെ സാമൂഹിക ഇടപെടലുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് സ്വന്തം കുട്ടികളെ സമരരംഗത്തിറക്കി കരുത്തു പകരുകയാണ് അവര്‍. കുട്ടികള്‍ ലോകത്തെ ഏറ്റവും മൂല്യവത്തായ വിഭവവും നാളെയുടെ പ്രതീക്ഷയുമാണെന്ന ജോണ്‍ എഫ്. കെന്നഡിയുടെ വാക്കുകള്‍ ഈ ഉമ്മമാരിലൂടെ അര്‍ഥവത്തായിത്തീരുന്നു. 

ബിന്‍ത് ശരീഫ് വാടാനപ്പള്ളി, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം

 

ഭരണഘടനയുടെ ചരിത്രം അവതരിപ്പിക്കുന്ന പഠനങ്ങള്‍

ഞാന്‍ ഇസ്‌ലാമിന്റെ പ്രകാശത്തിലേക്ക് വന്നിട്ട് പതിനൊന്ന് വര്‍ഷം കഴിയുന്നു. പ്രബോധനം വാരിക സ്ഥിരമായി വായിക്കാറുണ്ട്. ഈ വെളിച്ചത്തിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയത് ജമാഅത്തെ ഇസ്‌ലാമിയാണ്, അതിന് അല്ലാഹുവിനോട് നന്ദി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സമരം നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച വിശദമായൊരു പഠനം പ്രബോധനം വാരികയില്‍ പ്രതീക്ഷിക്കുന്നു. ഭരണഘടന രൂപംകൊണ്ട സാഹചര്യം, അതില്‍ പങ്കുവഹിച്ചവര്‍, കമ്മിറ്റി അംഗങ്ങള്‍, ഭരണഘടനയുമായി  യോജിപ്പുള്ളവര്‍, വിയോജിച്ചവര്‍ അങ്ങനെ ഭരണഘടനയെപ്പറ്റിയുള്ള വിശദമായ പഠനങ്ങള്‍ ഒരു മുതല്‍ക്കൂട്ടാകും; പ്രത്യേകിച്ച് പുതുതലമുറക്ക്. 

അബ്ദുല്‍ അസീസ് പേരൂര്‍, വണ്ടൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍