Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ഫാത്വിമ ലത്വീഫ് സ്ഥാപനവത്കൃത ഹിംസകളും മുസ്‌ലിം-ദലിത് ചോദ്യങ്ങളും

അഡ്വ. സി അഹ്മദ് ഫായിസ്

മദ്രാസ് ഐ.ഐ.ടിയിലെ മുസ്‌ലിം വിദ്യാര്‍ഥിനി ഫാത്വിമാ ലത്വീഫിന്റെ സ്ഥാപനവത്കൃത കൊലപാതകത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഇത് എഴുതുന്നത്. ഇതാദ്യമായല്ല മദ്രാസ് ഐ.ഐ.ടിയില്‍  ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍ പുറത്തു വിട്ട കണക്ക് പ്രകാരം 2006 മുതല്‍  18 വിദ്യാര്‍ഥികള്‍ സ്വയം ജീവനൊടുക്കിയിട്ടുണ്ട്. അതില്‍ തന്നെ 2018  ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തിനിടക്ക്  ഫാത്വിമയടക്കം അഞ്ചു പേര്‍  ഇതിനകം സ്വയം ജീവനൊടുക്കിയെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ആത്മഹത്യകള്‍ തികച്ചും ഉദാസീനമായിട്ടാണ് അധൃകൃതര്‍ കാണുന്നതെന്നാണ് ഐ.ഐ.ടിയില്‍നിന്നുള്ള വര്‍ത്തമാനം. 
ഐ.ഐ.ടികളിലും കേന്ദ്ര സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍, വിശിഷ്യാ ദലിത്-മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെ പലപ്പോഴും അക്കാദമിക സമ്മര്‍ദം, ഹാജര്‍ കുറവ്, വ്യക്തിഗതമായ കാരണങ്ങള്‍, കുറഞ്ഞ മാര്‍ക്ക്, വിഷാദം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു നിസ്സാരവല്‍ക്കരിക്കാറാണ് പതിവ്. ഫാത്വിമ ലത്വീഫിന്റെ കാര്യത്തിലും ഇതാവര്‍ത്തിച്ചു. മാത്രമല്ല ദലിത്-മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ പറ്റി ഗവേഷണം നടത്തിയും പ്രബന്ധങ്ങള്‍ ചമച്ചും അക്കാദമികമായി ഉന്നത പദവി നേടിയ  ചില അധ്യാപകരും സാമൂഹിക നിരീക്ഷകരെന്നു  മേനി നടിക്കുന്നവരും   സവര്‍ണ വിഭാഗങ്ങളും ഭരണകൂടവും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കീഴാള വിദ്യാര്‍ഥികളുടെ ആത്മഹത്യകളെ കുറിച്ച് കാലങ്ങളായി ആവര്‍ത്തിക്കുന്ന മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുകയും ചാനല്‍ ചര്‍ച്ചകളില്‍ വിളമ്പുകയും ചെയ്തു.
തന്റെ മരണത്തിനുത്തരവാദി ഐ.ഐ.ടിയിലെ  ഇന്ന അധ്യാപകനാണ് എന്ന് ഫാത്വിമ ഫോണില്‍ എഴുതിവെച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍  ആദ്യഘട്ടത്തില്‍ ആരും തയാറായില്ല. മാതാപിതാക്കള്‍ മൊബൈലില്‍നിന്നു കുറിപ്പ് കണ്ടെത്തിയിട്ടും ദിവസങ്ങളോളം പോലീസ് അത് അംഗീകരിച്ചിരുന്നില്ല. മദ്രാസ് ഐ.ഐ.ടിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്ത അഞ്ചു വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മുസ്‌ലിം വിദ്യാര്‍ഥികളും ഒരാള്‍ ഝാര്‍ഖണ്ഡില്‍നിന്നുള്ള പി.എച്ച്.ഡി സ്‌കോളറുമാണ്.  മുസ്‌ലിം വിദ്യാര്‍ഥികളുടെയും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഗവേഷകരുടെയും    ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരുന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉണ്ടായിട്ടും  ഭരണകൂടമോ സ്ഥാപനാധികാരികളോ ഒരിക്കലും ഈ മരണങ്ങളെയോ അതിനു പിന്നിലെ വര്‍ഗപരവും ജാതിപരവും സ്വത്വപരവുമായ വിവേചനങ്ങളെയോ കുറിച്ച് കാര്യക്ഷമമായ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട പരാതി പരിഹാര സെല്ലുകള്‍ ഇത് വരെയും അവിടെ രൂപീകരിക്കപ്പെട്ടിട്ടില്ല.
ഏറ്റവുമൊടുവില്‍  ഫാത്വിമയുടെ മരണവുമായി ബന്ധപ്പെട്ട്   നേരത്തേ സൂചിപ്പിച്ച ഐ.ഐ.ടി  വിദ്യാര്‍ഥികളുടെ ചിന്താബാര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍  നിരാഹാര സമരം നടത്തിയത് ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ്. മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിദ്യാര്‍ഥി സമരം. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കുക, മാനസിക സംഘര്‍ഷം കുറക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ സേവനം ഉറപ്പുവരുത്തുക, ഫാത്വിമയുടെ മരണം അടക്കം ഐ.ഐ.ടിയിലുണ്ടായ മുഴുവന്‍ മരണങ്ങളെ സംബന്ധിച്ചും ആഭ്യന്തര അന്വേഷണം നടത്തുക. ഇതില്‍ ആദ്യ രണ്ട് ആവശ്യങ്ങളും ഐ.ഐ.ടി ഡീന്‍ അംഗീകരിക്കുകയും ഫാത്വിമയുടെ ദുരൂഹ മരണം വിശദമായി പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തപ്പോഴാണ്   വിദ്യാര്‍ഥികള്‍  സമരം അവസാനിപ്പിച്ചത്.  സംഘടിത വിദ്യാര്‍ഥി കൂട്ടായ്മകളോ രാഷ്ട്രീയ യൂനിയനുകളോ ഇല്ലാത്ത  അരാഷ്ട്രീയ ഇടങ്ങളെന്നു വിദ്യാര്‍ഥികള്‍ തന്നെ വിശേഷിപ്പിക്കുന്ന ഐ.ഐ.ടിയില്‍ ഇത്തരം സമരങ്ങളുണ്ടാകുന്നുവെന്നതും, അല്‍പം വൈകിയാണെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുവെന്നതും ശുഭോദര്‍ക്കമാണ്.

 

മദ്രാസ് ഐ.ഐ.ടിയിലെ വിവേചന  ഭീകരത

ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ അജന്ത സുബ്രഹ്മണ്യം നടത്തിയ Making Merit: The Indian Institutes of Technology and the Social Life of Caste  (2015) എന്ന പഠനവും Odile Henry -യും Mathieu Ferry-യും ചേര്‍ന്ന് നടത്തിയ  When Cracking the JEE is not Enough: Processes of Elimination and Differentiation, from Entry to Placement, in the Indian Institutes of Technology (IITs)  എന്ന പഠനവും ഐ.ഐ.ടികളില്‍ നടക്കുന്ന ജാതി വിവേചനങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 'അയ്യര്‍ അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി' എന്നാണത്രെ ഐ.ഐ.ടി മദ്രാസ് കാമ്പസിനെ വിശേഷിപ്പിക്കാറുള്ളത്!
കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്കുതന്നെയാണ്. പൂര്‍വവിദ്യാര്‍ഥി ഇ. മുരളീധരന്‍ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് കിട്ടിയ വിവരങ്ങള്‍ ഐ.ഐ.ടി മദ്രാസിലെ പാര്‍ശ്വവത്കൃത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലുള്ള അസമത്വത്തിലേക്ക് വെളിച്ചം വീശുന്നു. 684 ഫാക്കല്‍റ്റി അംഗങ്ങളില്‍ 599 (87 ശതമാനം) പേരും ഉയര്‍ന്ന ജാതിക്കാരാണ്. 16 പട്ടികജാതിക്കാരും 66 ഒ.ബി.സി വിഭാഗക്കാരും രണ്ട് പട്ടികവര്‍ഗക്കാരുമടക്കം 12.4 ശതമാനം മാത്രമാണ് മറ്റുള്ളവര്‍ക്കുള്ള പ്രാതിനിധ്യം. രാജ്യത്തെ സംവരണനയങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. അധ്യാപകരിലെ  സവര്‍ണ മേധാവിത്വം എങ്ങനെയാണ് കീഴാള വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നത്  എന്ന ചോദ്യത്തിനുത്തരമാണ്  മദ്രാസ് ഐ.ഐ.ടിയിലെ തന്നെ മുന്‍ ഗണിതശാസ്ത്ര അധ്യാപികയായിരുന്ന പ്രഫ. വസന്ത കന്തസാമിയുടെ വാക്കുകള്‍. ഐ.ഐ.ടിയില്‍  ദലിത്-മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത് ഭീകരമായ വിവേചനമാണെന്നും ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്ന അധ്യാപകര്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനഃപൂര്‍വം കുറക്കുകയാണെന്നും സവര്‍ണാധിപത്യമാണ് അവിടെയൊക്കെ കാണാന്‍ കഴിയുന്നതെന്നുമാണ്  കഴിഞ്ഞയാഴ്ച 'നക്കീരന്‍' ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്
ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പരിഗണനയും അവിടെ ലഭിക്കില്ലെന്നും റിസര്‍വേഷന്‍ പോലും കൊടുക്കുന്നില്ലെന്നും  ഭരണഘടനക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടിയില്‍ സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ അവര്‍ ജാതിക്കോട്ടയാണ് അവിടമെന്ന് തുറന്നടിച്ചത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടക്കുന്ന വിവേചന ഭീകരതയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ട് തയാറാക്കുന്ന റിസര്‍ച്ച് തീസിസുകള്‍ പോലും സവര്‍ണ വിദ്യാര്‍ഥികള്‍ക്ക് എടുത്തുകൊടുക്കുന്ന രീതി ഐ.ഐ.ടിയിലുണ്ടെന്നു വെളിപ്പെടുത്തിയ അവര്‍  എന്തുകൊണ്ടാണ്  മദ്രാസ് ഐ.ഐ.ടി ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നും ചോദിച്ചു. വേണ്ടത്ര യോഗ്യതകള്‍ ഉണ്ടായിട്ടും ദലിത് അധ്യാപകര്‍ക്ക് പ്രഫസര്‍ഷിപ്പ് പോലും കൊടുക്കാറില്ല. ദലിത് വിദ്യാര്‍ഥികള്‍ക്ക് അവിടെ മുറി ലഭിക്കാന്‍ തന്നെ പ്രയാസമാണെന്നും വ്യക്തമാക്കിയ അവര്‍. 'മനു'വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ജാതി വിവേചനത്തെ കുറിച്ച വസന്ത കന്തസാമിയുടെ വെളിപ്പെടുത്തലുകളോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്, ഇരുപത്തിയെട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമാണ് എന്ന ഞെട്ടിക്കുന്ന വസ്തുതയും. മുസ്‌ലിംകള്‍ക്ക് ഐ.ഐ.ടിയിലെ പഠനകാലം അതിജീവിക്കുകയെന്നത് കഠിനമാണ് എന്നും അവര്‍ തുറന്നു പറയുകയുണ്ടായി. ഫാത്വിമയുടേത് ആത്മഹത്യയല്ലെന്നും അത് 'ഇന്‍സ്റ്റിറ്റിയൂഷ്‌നല്‍ മര്‍ഡര്‍' ആണെന്നും വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച വസന്ത കന്തസാമിയുടെ വാക്കുകള്‍  മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളില്‍  സാമൂഹിക നിരീക്ഷക പദവി എടുത്തണിഞ്ഞു നടക്കുന്നവര്‍ക്കൊരു പാഠമാണ്. ഫാത്വിമയുടെ ആത്മഹത്യക്ക് പിന്നില്‍  അക്കാദമിക സമ്മര്‍ദവും കുറഞ്ഞ മാര്‍ക്കും വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വിഷാദവുമൊക്കെയാണെന്ന്  ഇവ്വിഷയകമായി നടന്ന ചാനല്‍ ചര്‍ച്ചകളില്‍ ചില ബുദ്ധിജീവി നാട്യക്കാര്‍ മുന്‍കൂര്‍ വിധി പ്രസ്താവിക്കുകയുണ്ടായി. ഇത്തരം 'കരിയര്‍ ബുദ്ധിജീവികള്‍' കീഴാള വിദ്യാര്‍ഥിത്വത്തിനെതിരെ  ഇന്ത്യന്‍ അക്കാദമിക രംഗത്തു നിലവിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള വിവേചന ഭീകരതയെയും അവര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെത്താന്‍ അനുഭവിക്കുന്ന വെല്ലുവിളികളെയും അവിടങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെയും കാണുകയോ മനസ്സിലാക്കുകയോ ചെയ്യുന്നവരല്ല.

 

കീഴാള വിദ്യാര്‍ഥിത്വവും ഇസ്ലാമോഫോബിയയും

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും   വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും കാലങ്ങളായി   നിലനില്‍ക്കുന്നതും 9 / 11 ശേഷം ശക്തിപ്പെട്ടതുമായ  ഇസ്ലാമോഫോബിയയെ  കുറിച്ച് കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന വസ്തുതയും ഫാത്വിമ ലത്വീഫിന്റെ സ്ഥാപനവത്കൃത ഹിംസയോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടെ ഐ.ഐ.ടിയില്‍ അഡ്മിഷന്‍ നേടിയ ഫാത്വിമ ലത്വീഫിനെ കുറിച്ച 'മുസ്‌ലിം വിദ്യാര്‍ഥിനിയോ ..ക്വാട്ടയിലൂടെ കേറിയതാവും' എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇസ്ലാമോഫോബിയ എന്ന പദം തന്നെ ഒരു അക്കാദമിക്ക് ജാര്‍ഗന്‍ ആയിട്ടാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മനസ്സിലാക്കുന്നത്.  സവര്‍ണയിടങ്ങളായി നിലനിന്നിരുന്ന  ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കിയതിലൂടെ ദലിത് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ എത്തി തുടങ്ങിയത് നിലവിലുള്ള  അക്കാദമിക ഹിന്ദുത്വത്തില്‍ വിടവുകള്‍ (rupture)  ഉണ്ടാക്കാന്‍   കാരണമായിട്ടുണ്ട്. രോഹിതാനന്തരം ഈ വിടവുകള്‍ ജാതി വിവേചനമെന്ന പ്രശ്‌നത്തെ  ദൃശ്യതയിലേക്ക് കൊണ്ടുവന്നു. കേവല വിദ്യാര്‍ഥി പ്രശ്‌നം എന്ന യാന്ത്രിക ഇടതുപക്ഷ സമീപനത്തിനപ്പുറം കീഴാള വിദ്യാര്‍ഥിത്വമെന്ന സവിശേഷ പരികല്‍പന ഉയര്‍ന്നുവരാനും ഇത് കാരണമായി. എന്നാല്‍ ഫാത്വിമ ലത്വീഫിന്റെ മരണം ഇസ്ലാമോഫോബിയയുടെ  ഭാഗമായി ഉണ്ടായതാണ് എന്ന് കഴിഞ്ഞ ആഴ്ച  ജെ.എന്‍.യുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളില്‍ ഒന്നായ ഡി.എസ്.എഫ് തങ്ങളുടെ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചത് സര്‍വകലാശാലായിടങ്ങളില്‍ ഇന്ത്യയിലെ  മുസ്‌ലിം പ്രശ്‌നത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവരെ സംബന്ധിച്ച് വലിയൊരു വിജയമാണ്. കാരണം ഇന്ത്യയില്‍ വര്‍ഗീയത മാത്രമാണ് ഉള്ളതെന്നും ഇസ്ലാമോഫോബിയ ഇല്ലെന്നും എഴുതുന്ന അധ്യാപകര്‍ ഉള്ളേടത്ത് നിന്നാണ് ഇത്തരമൊരു നീക്കമുണ്ടായത്. ആയതിനാല്‍ തന്നെ  നജീബ് അഹ്മദും  പായല്‍ തദ്വിയും ഫാത്വിമ ലത്വീഫും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലയര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്കകത്തെ അപരത്വത്തെ (otherness) കുറിച്ചാണ്. ഇന്ത്യയിലെ മുസ്‌ലിം സമുദായം കാലങ്ങളായി  അനുഭവിക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയതയെ ഇത് കൂടുതല്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌