Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

എ. സഈദ് സാത്വിക വ്യക്തിത്വത്തിനുടമ

ശൈഖ് മുഹമ്മദ് കാരകുന്ന്

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ. സഈദ് സാഹിബ് രോഗബാധിതനായി കോഴിക്കോട് എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സന്ദര്‍ശിക്കാന്‍ പോയിരുന്നെങ്കിലും ഡിസ്ചാര്‍ജ് ചെയ്തിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ വിവരം അന്വേഷിച്ചറിയേണ്ടി വന്നു. പിന്നീട്, മരണവിവരമറിഞ്ഞപ്പോള്‍ ദല്‍ഹിയിലായിരുന്നതിനാല്‍ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനും സാധിച്ചില്ല. സഹോദരി പ്രശസ്ത പണ്ഡിത എ. ജമീല ടീച്ചറെ ഫോണില്‍ വിളിച്ച് അനുശോചനമറിയിക്കാനും പ്രാര്‍ഥിക്കാനുമേ സാധിച്ചുള്ളു.

അടുത്ത നാട്ടുകാരനായിരുന്നതിനാല്‍ ചെറു പ്രായത്തില്‍ തന്നെ സഈദ് സാഹിബുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. അദ്ദേഹത്തിന് ജോലി മഞ്ചേരി പോസ്റ്റോഫീസിലായിരുന്നതിനാല്‍ നഗരത്തില്‍ നടക്കുന്ന പരിപാടികളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ ബന്ധം അവിരാമം തുടരാന്‍ സാധിച്ചു. പിന്നീട് സഈദ് സാഹിബ് സംഘടനാ രംഗത്ത് സജീവമായതോടെ കൂടിക്കാഴ്ച അപൂര്‍വമായി. എങ്കിലും അവസരം കിട്ടുമ്പോഴൊക്കെയും വ്യക്തിബന്ധവും സൗഹൃദവും പുതുക്കിക്കൊണ്ടിരുന്നു.  

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും മുജാഹിദ് നേതാവുമായിരുന്ന എ. അലവി മൗലവിയുടെ മകനായി 1956 ജൂണില്‍ എടവണ്ണയിലാണ് അദ്ദേഹം ജനിച്ചത്. പ്രദേശത്തെ ജി.എം.എല്‍.പി.സ്‌കൂള്‍,  ഇസ്‌ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കാന്‍ സമര്‍ഥനായിരുന്നുവെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പതിനെട്ടാമത്തെ വയസ്സില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു. കണക്കില്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നതിനാല്‍ പെട്ടെന്നു തന്നെ പോസ്റ്റോഫീസില്‍ ജോലി ലഭിച്ചു. മഞ്ചേരി ഹെഡ് പോസ്റ്റോഫീസില്‍നിന്ന് പബ്ലിക്് റിലേഷന്‍സ് ഇന്‍സ്‌പെക്ടറായാണ് വിരമിച്ചത്.  

പിതാവ് മരണമടയുമ്പോള്‍ ഇളയ സഹോദരന്മാര്‍ കൊച്ചു കുട്ടികളായിരുന്നതിനാല്‍ അവരുടെ സംരക്ഷണ ബാധ്യത സഈദ് സാഹിബ് ഏറ്റെടുത്തു. പിന്നീട് മരണം വരെ അദ്ദേഹമാണ് കുടുംബ നാഥന്റെ ചുമതല നിര്‍വഹിച്ചുപോന്നത്. സഹോദരങ്ങളെ സംരക്ഷിച്ചതും പഠിപ്പിച്ചതും അദ്ദേഹമാണ്. കുടുംബാംഗങ്ങളോട് അദ്ദേഹം പുലര്‍ത്തിയ ഗാഢബന്ധം മാതൃകാപരമായിരുന്നുവെന്ന് സഹോദരി മകള്‍ ശബാന ഓര്‍ക്കുന്നു.

സഈദ് സാഹിബിന് ഔപചാരിക ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസം നേടാനായില്ലെങ്കിലും ഇസ്‌ലാമിക വിഷയങ്ങളില്‍ സാമാന്യം നല്ല അറിവ് നേടാന്‍ സാധിച്ചിട്ടു്. ഖുര്‍ആന്‍ പാതിയിലേറെ ഭാഗം ഹൃദിസ്ഥമാക്കിയിരുന്നു. ചെറുപ്പം മുതല്‍ തന്നെ വിശുദ്ധജീവിതം നയിച്ച ഭക്തനും സച്ചരിതനുമായിരുന്നു. ജീവിതത്തിലുടനീളം ലാളിത്യം പുലര്‍ത്തിയ അദ്ദേഹം സൗമ്യമായ പെരുമാറ്റത്തിന്റെ ഉടമ കൂടിയായിരുന്നു. 

നാഷ്‌നല്‍ ഡെവലപ്‌മെന്റ് ഫ്ര് ചെയര്‍മാന്‍, പോപ്പുലര്‍ ഫ്ര് ഓഫ് ഇന്ത്യ നാഷ്‌നല്‍ കൗണ്‍സില്‍ അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സ്വന്തം പരിശ്രമങ്ങളിലൂടെ ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിയ സഈദ് സാഹിബ് ഇസ്‌ലാമിക വിഷയങ്ങളില്‍ ലേഖനങ്ങളെഴുതുകയും ക്ലാസെടുക്കുകയും ചെയ്യുമായിരുന്നു. സഫല ജീവിതം, ബദ്‌റിന്റെ രാഷ്ട്രീയം, അല്‍ അന്‍ഫാല്‍ വ്യാഖ്യാനം, പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍, അകക്കണ്ണ് എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

വലിയപീടിയേക്കല്‍ റഹ്മാബിയാണ് ഭാര്യ. ശബാന, ബേബി ശംല, സ്വാലിഹ എന്നിവര്‍ മക്കളും സലീം ബാബു, അബ്ദുല്‍ബാരി, ശറഫുദ്ദീന്‍ എന്നിവര്‍ ജാമാതാക്കളുമാണ്. 

അര്‍ബുദരോഗത്തിനടിപ്പെട്ട് കഠിനവേദന അനുഭവിച്ചുകൊണ്ടിരുന്നപ്പോഴും തികഞ്ഞ സഹനവും ക്ഷമയും പുലര്‍ത്തിയതായും പുഞ്ചിരിയോടെ പരലോകം പ്രാപിച്ചതായും മകള്‍ ശബാന അനുസ്മരിക്കുന്നു. സാത്വിക വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സഈദ് സാഹിബിനെ സ്വര്‍ഗത്തില്‍ സമുന്നത സ്ഥാനം നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ