Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

പൂക്കളില്‍ രക്തം കിനിയുന്നു

എ.പി ശംസീര്‍

എത്ര തന്നെ അവഗണിക്കാന്‍ ശ്രമിച്ചാലും സാമൂഹിക മാധ്യമങ്ങളുടെ പ്രളയകാലത്ത് വാര്‍ത്തകള്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ചില വാര്‍ത്തകള്‍ വേട്ടനായ്ക്കളെപ്പോലെയാണ്. അവ നമ്മുടെ ആത്മാവിന്റെ നിദ്രക്ക് ഭംഗം വരുത്തും. ആര്‍ത്തു  കുരച്ച് ഭീതിപ്പെടുത്തി അനന്തമായ  മരുഭൂമിയിലെന്ന പോലെ നമ്മുടെ മനസ്സാക്ഷിയെ ഓടിച്ചിട്ട് പിടിക്കും. അപ്പോള്‍ കരയിലേക്കെടുത്തിട്ട മത്സ്യത്തെപ്പോലെ നമ്മുടെ ഉണ്മ പിടയും. മനം പിരട്ടുന്ന അന്തഃസംഘര്‍ഷങ്ങളില്‍ അത് നമ്മെ തളച്ചിടും.

തൊടുപുഴയിലെ ആ ഏഴു വയസ്സുകാരന്‍ വ്യാജ പ്രബുദ്ധതയില്‍ കെട്ടിപ്പൊക്കിയ കേരളീയ മനസ്സാക്ഷിയുടെ ഭിത്തിയില്‍നിന്ന് അങ്ങനെ പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. നൊന്തുപെറ്റ 'അമ്മ' യുടെ മൗനാനുവാദത്തോടെ ലഹരിയില്‍ മുങ്ങിത്താഴ്ന്ന രണ്ടാനഛന്‍ ഏഴു വയസ്സുകാരനോട് ചെയ്ത കൊടും ക്രൂരത സമാനതകളില്ലാത്തതായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പത്തു ദിവസം തുല്യതയില്ലാത്ത വേദന തിന്നാണ് ആ കുരുന്ന് ഇഹലോകവാസം വെടിഞ്ഞത്.

കുഞ്ഞുങ്ങളും വൃദ്ധരും എത്രമേല്‍ നിസ്സഹായരാണെന്ന് നോക്കൂ. കുടുംബത്തിനകത്തെ പുരുഷാധികാര ഘടനയെക്കുറിച്ചും തല്‍ഫലമായി സ്ത്രീകള്‍ അനുഭവിക്കുന്ന കെടുതികളെക്കുറിച്ചുമെല്ലാം ധാരാളം ചര്‍ച്ചചെയ്ത പോസ്റ്റ് ഫെമിനിസ്റ്റ് കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ കുടുംബത്തിനകത്തെ പുരുഷ -സ്ത്രീ സംയുക്ത അധീശാധികാര ഘടനയും അവ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും മേല്‍ പ്രയോഗിക്കുന്ന പലതരം അതിക്രമങ്ങളും നമ്മുടെ സാംസ്‌കാരിക പൊതുമണ്ഡലം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല.

എത്ര തല്ലു കിട്ടിയാലും ഒരു കുഞ്ഞ് പ്രതിഷേധിച്ച് എങ്ങോട്ടിറങ്ങിപ്പോകാനാണ്! പരാതി പറയാനോ ഒന്ന് പരിഭവപ്പെടാനോ തിരിച്ചറിവില്ലാത്ത പ്രായം. പ്രതിഷേധത്തിന്റെ നേര്‍ത്ത പ്രതിധ്വനി പോലും അവര്‍ക്കുയര്‍ത്താനാവില്ല.

കുഞ്ഞുങ്ങള്‍ പ്രതികരിക്കില്ല എന്ന ഒറ്റക്കാരണത്താല്‍ കൈവരുന്ന മേല്‍ക്കൈ നൃശംസതയില്‍ പൊതിഞ്ഞ അധീശ ഭാവത്തിലേക്കും തുടര്‍ന്ന് ഒരു തരം അധമ ബോധത്തിലേക്കും രക്ഷിതാക്കളെ നയിക്കുന്നു. പലപ്പോഴും അധ്യാപകരിലും ഈയൊരു മനോനില കാണാം. ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ പലതിനോടുമുള്ള വെറുപ്പിന്റെയും നീരസത്തിന്റെയും അട്ടിപ്പേറ് കെട്ടഴിച്ചുവിടുന്നത് കുട്ടികളുടെ മേലാണ്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നത്, എവിടെ തോറ്റാലും കുഞ്ഞിനോട് എന്നായി മാറിയിട്ടുണ്ട്.

ആത്മാവിനെ മൃതാവസ്ഥയിലാക്കുന്ന, മൂല്യങ്ങളെ മരവിപ്പിച്ചുനിര്‍ത്തുന്ന, ഉര്‍വരമായതിനെയൊക്കെയും ഊഷരമാക്കുന്ന ഒരു വ്യവസ്ഥ പതിയെപ്പതിയെ നമ്മുടെ ചുറ്റുപാടുകളെ ഒന്നാകെ കീഴ്‌പ്പെടുത്തുന്നുണ്ട്. വീടുകള്‍ ഭൂമിയിലെ ഏറ്റവും വലിയ നരകങ്ങളായി മാറിയിട്ടുണ്ട്, പുറമെ സ്വര്‍ഗം പോലെ തോന്നിക്കുമെങ്കിലും. മനോഹരമായി കുമ്മായം തേച്ച ശവക്കല്ലറകള്‍ പോലെ എന്ന ഉപമയെ അതന്വര്‍ഥമാക്കുന്നുണ്ട്. 

കുറച്ചു നാളുകള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി. അവന്റെ കണ്ണുകളില്‍ ബാല്യത്തിന്റെ യാതൊരു ചൈതന്യവുമില്ല. മുഖത്ത് സന്തോഷവും പ്രസരിപ്പുമില്ല. അവന്റെ ചുണ്ടുകളില്‍നിന്ന് ആരോ പുഞ്ചിരി അറുത്തുമാറ്റിയിരിക്കുന്നു. ക്ലാസിലെ മറ്റു കുട്ടികള്‍ ഓടിയും ചാടിയും ആരവങ്ങളില്‍ സ്വയം തിമിര്‍ക്കുമ്പോള്‍ അവന്‍ ബെഞ്ചിന്റെ ഒരു മൂലയില്‍ ഏകാകിയായി ഇരിക്കുന്നു. ടീച്ചര്‍ക്ക് സംശയം തോന്നി. അവന്റെ അരികില്‍ പോയി പ്രശ്‌നമെന്തെന്നറിയാന്‍ അവനെ ഒന്ന് തൊട്ടു. പെട്ടെന്ന് ഒരു തരം നീറ്റലോടെ അവനൊന്ന് പിടഞ്ഞു. ടീച്ചര്‍ സൂക്ഷിച്ചു നോക്കി. അവന്റെ കഴുത്തിനു താഴെ ചോര കല്ലിച്ചിട്ടുണ്ട്. ടീച്ചര്‍ പതിയെ അവന്റെ ഷര്‍ട്ടഴിച്ചു. കണ്ട കാഴ്ച ഭീകരമായിരുന്നു. ശരീരം മുഴുവന്‍ ആരോ ക്രൂരമായി തല്ലിച്ചതച്ചതിന്റെ പാടുകള്‍. തിണര്‍പ്പുകളില്‍ തൊടുമ്പോള്‍ അവന്‍ നിലവിളിച്ചു. സ്‌കൂളധികൃതര്‍ പോലീസിലറിയിച്ചു. വാര്‍ത്തയായി. ഒടുക്കം അന്വേഷണത്തില്‍ തെളിഞ്ഞു, രണ്ടാനഛനും അമ്മയും ചേര്‍ന്ന് അതിക്രൂരമായി അവനെ മര്‍ദിക്കാറുണ്ടായിരുന്നു.

2012 നവംബര്‍ 29-ന്  നോര്‍വെയില്‍ നടന്ന ഒരു സംഭവം ഇന്ത്യയിലെ ബാലാവകാശ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനെക്കുറിച്ച ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് കാരണമായി. നോര്‍വെയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശികളായ  ദമ്പതികള്‍ സ്‌കൂള്‍ യൂനിഫോമില്‍ മൂത്രമൊഴിച്ച ഏഴു വയസ്സുകാരന്‍ മകനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഓസ്‌ലോ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കുട്ടി ഈ ഭീഷണിയെക്കുറിച്ച് ടീച്ചറോട് പറയുകയും ടീച്ചര്‍ പോലീസിലറിയിച്ചതനുസരിച്ച് കുട്ടിയുടെ മൊഴി പരാതിയായി സ്വീകരിച്ച് കേസെടുക്കുകയുമായിരുന്നു. നോര്‍വെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിച്ചു നിര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. കുട്ടികള്‍ സ്വതന്ത്ര വ്യക്തിത്വമുള്ളവരാണെന്നും മുതിര്‍ന്നവര്‍ അനുഭവിക്കുന്ന എല്ലാ മനുഷ്യാവകാശങ്ങളും കുട്ടികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ആ നിയമത്തിന്റെ അന്തസ്സത്ത. കേരളീയ വീടകങ്ങളെയും വിദ്യാലയങ്ങളെയും ഈ നിയമം മുന്‍നിര്‍ത്തി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങളോടുള്ള പിതൃവാത്സല്യവും മാതൃവാത്സല്യവും  നൈസര്‍ഗികമായി രൂപപ്പെടുന്ന ഒന്നാണ്. ഈ പ്രകൃതിപരത എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഗര്‍ഭപാത്രത്തിന് അറബി ഭാഷയില്‍ 'റഹ്മ്' എന്നാണ് പ്രയോഗം. കാരുണ്യം, ആര്‍ദ്രത, കുടുംബ ബന്ധം തുടങ്ങിയവയോടെല്ലാം ആ പദം ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഭൂമുഖത്തെ കാരുണ്യത്തിന്റെ പ്രഭവകേന്ദ്രമാണ് ഗര്‍ഭപാത്രം. മുലപ്പാല്‍ വാത്സല്യം ചുരത്തുന്നു, ഗര്‍ഭപാത്രം ആര്‍ദ്രതയും. സ്ഥലകാലബോധമില്ലാത്ത ഭ്രാന്തിയായ മാതാവ് പോലും സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ കാണിക്കുന്ന ആധിയുടെയും ശ്രദ്ധയുടെയും എത്രയോ കഥകള്‍ കേള്‍ക്കാം. ഇതെല്ലാം മാറിമറിയുകയാണോ? തൊടുപുഴ സംഭവത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവിനെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ മാതൃത്വത്തെക്കുറിച്ച സങ്കല്‍പങ്ങളെ തകിടം മറിക്കുന്നതാണ്. കുഞ്ഞിന്റെ മൃതദേഹം ആംബുലന്‍സിലേക്കെടുക്കുന്നതിനു മുമ്പ് ഹോസ്പിറ്റലിലെ മറ്റൊരു മുറിയില്‍ മാതാവിന്റെ ബൈറ്റ് എടുക്കാന്‍ ശ്രമിച്ച ഒരു  മാധ്യമപ്രവര്‍ത്തകന്‍ കണ്ടത് ആശുപത്രിയും കേരളവും മുഴുവന്‍ തേങ്ങുമ്പോഴും ആ അമ്മ ഫോണില്‍ ചിരിച്ചുല്ലസിച്ച് മറ്റാരോടോ സംസാരിക്കുന്നതായിരുന്നു. രണ്ടാനഛന്‍ ക്രൂരമായി തല്ലുമ്പോള്‍ മാതാവ് പുലര്‍ത്തിയ നിസ്സംഗതയും മൗനവും പലതരം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. പുരുഷ ഹിംസകള്‍ വെളിപ്പെട്ടുവരുമ്പോഴെല്ലാം ഇരയെന്ന നിലക്കോ അപര എന്ന  ലേബലിലോ സ്ത്രീകള്‍ക്ക് ലഭിക്കാറുള്ള സഹതാപവും പ്രിവിലേജും ഈ സംഭവത്തില്‍ പോലും പ്രതിസ്ഥാനത്തുള്ള സ്ത്രീക്ക്  പതിച്ചുനല്‍കാന്‍ മലയാളത്തിലെ ചില ഫെമിനിസ്റ്റ് പോര്‍ട്ടലുകള്‍ ധൃഷ്ടരായി.

കാരുണ്യത്തിന്റെ ചിറകുകള്‍ നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക എന്ന മൂല്യസങ്കല്‍പത്തെ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത് മാതാപിതാക്കളുടെ കാര്യത്തിലാണ്. കുഞ്ഞുങ്ങള്‍ക്ക്  മാതാവും പിതാവും പ്രകൃതിപരമായും ആര്‍ജിത മൂല്യങ്ങളുടെ അടിസ്ഥാനത്തിലും എപ്പോഴും കാരുണ്യത്തിന്റെ ചിറകുകള്‍ വിരുത്തുന്നുണ്ട്. എന്നാല്‍ എന്ത് തെറ്റിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടത് എന്ന് കുഴിച്ചുമൂടപ്പെട്ട കുട്ടികളോട് ചോദിക്കപ്പെടുന്ന ഒരു നാള്‍ വരും എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചരിത്രത്തില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ കുഞ്ഞുങ്ങള്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടിട്ടുണ്ട്, അധികാര ഭ്രാന്ത് മൂത്ത് ഫറോവ കുഞ്ഞുങ്ങളെ കൂട്ടക്കശാപ്പ് ചെയ്തിട്ടുണ്ട്. പട്ടിണി ഭയന്ന് നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലരുത് എന്ന ഖുര്‍ആന്‍ നിര്‍ദേശം മറ്റൊരു ദിശയിലേക്ക് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ ശരീരതൃഷ്ണകള്‍ ശമിപ്പിക്കാന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നു. അതില്‍ ആണും പെണ്ണും ഒരുപോലെ പങ്കുചേരുന്നു.

കുട്ടികള്‍ കാലത്തിനു നേരെ പിടിച്ച കണ്ണാടികളാണ്. വിരല്‍ത്തുമ്പുകളില്‍ വിരിയുന്ന അറിവിന്റെ മഹാവിസ്‌ഫോടനകാലത്ത് ആത്മാവില്‍ ചില്ലിട്ടു വെക്കേണ്ടവര്‍. തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴു വയസ്സുകാരന് ഒരു കുഞ്ഞനുജനുണ്ട്. സ്വന്തം അഛന്‍ മരിച്ചതിനു ശേഷം ആ കുഞ്ഞനുജന് എല്ലാമായിരുന്നു വിടപറഞ്ഞ ആ ജ്യേഷ്ഠന്‍. കാമുകനൊത്ത് ലഹരിയില്‍ അമ്മ അര്‍ധരാത്രികള്‍ ആഘോഷിക്കുമ്പോള്‍ പുറമെനിന്നും അടച്ചിട്ട ആ വീട്ടില്‍ ഒറ്റക്കായിപ്പോയ കുഞ്ഞനുജന് രാത്രികളില്‍ അവനായിരുന്നുവല്ലോ കൂട്ട്! സ്‌നേഹിക്കാന്‍ മാത്രമറിയാമായിരുന്ന ആ പൈതലിനെക്കുറിച്ച പൊള്ളുന്ന ഓര്‍മകള്‍ നാം മലയാളികളുടെ കപട പ്രബുദ്ധതയെ വരും കാലങ്ങളില്‍ പ്രഹരിച്ചുകൊണ്ടേയിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ