Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

'ആ ലേഖനത്തില്‍ പറയാതെ പോയത്'

മുനവ്വര്‍ വളാഞ്ചേരി/അജ്മാന്‍

ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'ആദര്‍ശമാറ്റത്തിന്റെ വിസ്മയപ്രവാഹം നിലക്കുന്നില്ല' എന്ന ലേഖനം (ലക്കം 43) ദഅ്‌വാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നു. ആഗോളവ്യാപകമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇസ്‌ലാം സ്വീകരിച്ച പ്രമുഖരുടെ പട്ടിക ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായേനെ. ജനിച്ചു വീണ മതത്തിന്റെ അവഗണനയും ഇസ്‌ലാമിന്റെ പരിഗണനയും തിരിച്ചറിഞ്ഞ് ഇസ്‌ലാം പുല്‍കിയ കാഷ്യസ് ക്ലെ, കമ്യൂണിസം പ്രയോഗികമല്ലെന്ന് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവന്ന റജാ ഗരോഡി, അടഞ്ഞുകിടന്ന ചര്‍ച്ചുകള്‍ വിലയ്ക്ക് വാങ്ങി മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനക്ക് തുറന്നുകൊടുത്ത  മുറാദ് ഹോഫ്മന്‍, ആട്ടിടയന്റെ ജീവിത വിശുദ്ധിയും സത്യസന്ധതയും നേരിട്ട് അനുഭവിച്ചറിഞ്ഞ പിക്താള്‍, ഇസ്‌ലാമിനെ ആഴത്തില്‍ പഠിച്ച ഡോ. ബിലാല്‍ ഫിലിപ്‌സ്, അഫ്ഗാന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ യുദ്ധഭൂമിയില്‍ എത്തിയ പ്രമുഖ ഇംഗ്ലീഷ് പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി, പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന 'ഫിത്‌ന' എന്ന സിനിമ നിര്‍മിച്ച ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് ആര്‍നോഡ് വാന്‍ഡൂണ്‍, അമേരിക്കന്‍ ഗണിത ശാസത്രജ്ഞന്‍ ജെഫ്രി ലാങ്, അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകന്‍ മാല്‍ക്കം എക്‌സ്, ജൂതകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മര്‍യം ജമീല, 'മക്കയിലേക്കുള്ള പാത' എന്ന ക്ലാസിക് രചിച്ച മുഹമ്മദ് അസദ്, ഇന്ത്യയിലേക്കു വന്നാല്‍ തമിഴ്‌നാട്ടിലെ അബ്ദുല്ല അടിയാര്‍, കേരളത്തിലെ സൈമണ്‍ മാസ്റ്റര്‍ എന്ന ഇ. സി. മുഹമ്മദ്, നജ്മല്‍ ബാബു, ആദര്‍ശമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച തിരൂര്‍ യാസര്‍, കൊടിഞ്ഞി ഫൈസല്‍, പ്രലോഭനങ്ങളുടെയും ഭീഷണികളുടെയും മുന്നില്‍ പതറാതെ നിന്ന ഹാദിയ..... ഇങ്ങനെ എത്രയെത്ര പേര്‍! 

 ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം ജീവന്നും സ്വത്തിനും ഭീഷണിയുയര്‍ത്തുമ്പോഴും മുന്‍ഗണനാക്രമത്തില്‍ മുന്നില്‍ വരേണ്ടത് പ്രബോധനം തന്നെയാണെന്നാണ് പാണ്ഡിത്യവും ദൂരക്കാഴ്ചയുമുള്ള സമുദായനേതൃത്വം എത്തിച്ചേരുന്ന നിഗമനം. ലേഖകന്‍ ഉമറുബ്‌നുല്‍  ഖത്ത്വാബിന്റെ ഇസ്‌ലാംസ്വീകരണം ചുരുക്കി പറയുന്നുണ്ട്. പ്രവാചകനെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമറിനെ പ്രവാചകന്റെ അനുയായികള്‍ കൊന്നിരുന്നെങ്കില്‍ പില്‍ക്കാലത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ച ഉമറിന്റെ നല്ല ഭരണം ലോകത്തിന് ലഭിക്കുമായിരുന്നോ? ഏഷ്യയിലും ആഫ്രിക്കയിലുമായി കിടക്കുന്ന 49 രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തിയത് ഉമര്‍(റ) എന്ന പ്രബോധകന്റെ ദഅ്‌വാ പ്രവര്‍ത്തനം കൊണ്ടത്രെ.

 

 

 

ഐക്യസംഘത്തിന്റെ തുടക്കം

'പൗരോഹിത്യം പിടിമുറുക്കുമ്പോള്‍' എന്ന സി.കെ ഹംസ ചൊക്ലിയുടെ കത്തിലെ (ലക്കം 44) ഒരു പരാമര്‍ശം ഇങ്ങനെയാണ്: ''1921-ലാണ് കൊടുങ്ങല്ലൂരില്‍ 'കേരള മുസ്‌ലിം ഐക്യസംഘം' രൂപം കൊള്ളുന്നത്. അതിനു നേതൃത്വം നല്‍കിയവര്‍ പ്രഗത്ഭരായ പണ്ഡിതന്മാരായിരുന്നു. കെ.എം സീതി സാഹിബ്, കെ.എം മൗലവി, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, ഇ.കെ മൗലവി തുടങ്ങിയവര്‍ സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിഷ്‌കാസനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിം ഐക്യസംഘത്തിന് രൂപം നല്‍കിയത്. പുതിയ കാലത്തെ കേരള മുസ്‌ലിം നവോത്ഥാന ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്നു പറയാം.''

എന്നാല്‍ വസ്തുത ഇതല്ല. ആ കാലഘട്ടത്തിലെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്. കുടുംബവഴക്കും തര്‍ക്കങ്ങളുമെല്ലാം വ്യാപകം. ഇതിനു പരിഹാരം കാണാനായി രൂപീകരിച്ച ഒരു കൂട്ടായ്മയായിരുന്നു 'കേരള മുസ്‌ലിം ഐക്യസംഘം'. അതിന് ഫലം കാണുകയും കുറേ മുസ്‌ലിം കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുകയും ചെയ്തു. ഇനിയെന്ത് എന്നായി ചര്‍ച്ച. അപ്പോഴാണ് മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന ചിന്ത ഉടലെടുക്കുന്നത്. ശൈഖ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ ശ്രമങ്ങള്‍ അതിന് പ്രചോദനമാവുകയും ചെയ്തു. അങ്ങനെയാണ് ആദ്യകാലങ്ങളില്‍ 'വഹാബികള്‍' എന്ന് ഇവര്‍ അറിയപ്പെട്ടത്. പിന്നീടാണ് ഇന്ന് കാണുന്ന വിധത്തില്‍ മുജാഹിദ്-സലഫി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപം കൈവരുന്നത്.

എന്നാല്‍ കാലത്തിന്റെ തേട്ടം മനസ്സിലാക്കി ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആവശ്യകത മുന്നില്‍ കണ്ട് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ ആഹ്വാനം ചെയ്തതിന്റെ ഫലമായി പിന്നീട് അവിഭക്ത ഇന്ത്യയിലെ പ്രമുഖരായ 75-ഓളം പണ്ഡിതന്മാര്‍ ഒത്തുകൂടി രൂപം കൊടുത്ത തജ്ദീദീ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. 

എ.പി അബ്ദുല്ല എടക്കാട്

 

 

 

ചികിത്സ രോഗത്തിന്

വേനല്‍ച്ചൂടില്‍ കേരളം അക്ഷരാര്‍ഥത്തില്‍ ചുട്ടുപൊള്ളുന്നു. ഓരോ മധ്യാഹ്നവും തലേദിവസത്തെ റെക്കോര്‍ഡ് താപനില മറികടന്നുകൊണ്ടേയിരിക്കുന്നു. അധികൃതര്‍ക്ക് അതി ജാഗ്രതാ നിര്‍ദേശപരിധി പുതുക്കിനിശ്ചയിക്കേണ്ടതായി വരുന്നു. ആരോഗ്യ വകുപ്പടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥിരം വഴിപാട് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വേനല്‍കാലത്തും ആവര്‍ത്തിക്കുന്ന പല്ലവിയാണിതൊക്കെ. എന്നാല്‍ മഴ ധാരാളം ലഭിക്കുന്ന കേരളത്തില്‍ ഇതിന് സ്ഥായിയായ പരിഹാരം നിര്‍ദേശിച്ചു നടപ്പാക്കാനുള്ള ഇഛാശക്തി പ്രകടിപ്പിക്കാത്തതാണ് വിഷയത്തിന്റെ മര്‍മം. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു ഫലപ്രദമായ രീതിയില്‍ നടപ്പാക്കേത് അനിവാര്യമായിരിക്കുകയാണ്.

'ആറാം നൂറ്റാണ്ടിന്റെ തത്ത്വശാസ്ത്രം' അത് പറഞ്ഞുതരുന്നുണ്ട്. ലോകാവസാനത്തിന്റെ ഭീതിതമായ ഓട്ടത്തിനിടയിലാണങ്കില്‍പോലും ഒരു ചെടി കിട്ടിയാല്‍ അത് നടണം, യുദ്ധവേളയില്‍ പോലും ശത്രുപക്ഷത്തിന്റേതാണങ്കിലും മരങ്ങള്‍ മുറിക്കാവതല്ല, ഒരു മരം വെച്ചുപിടിപ്പിച്ചാല്‍ അതില്‍നിന്നുള്ള ഫലമൂലാദികള്‍ പക്ഷികള്‍ ഭക്ഷിച്ചാലും വഴിപോക്കന്‍  അതിന്റെ തണലില്‍ ക്ഷീണമകറ്റിയാലും പ്രതിഫലം മരം വെച്ചുപിടിപ്പിച്ചവന് കിട്ടും......

കടുത്ത വേനല്‍ചൂടിന് കാരണമാകുന്നത് എന്ത് എന്ന് കണ്ടെത്തി അതിനാണ് പ്രതിവിധി കാണേണ്ടത്.

ജാബിര്‍ അബ്ദുല്‍ഖാദര്‍

 

 

 

എന്റെ പ്രബോധനം

'മലയാളി ഇസ്‌ലാമിനെ വായിച്ച ഏഴ് പതിറ്റാണ്ട്' എന്ന തലക്കെട്ടോടെ പ്രമുഖര്‍ പ്രബോധനത്തെ വിലയിരുത്തിയത് വായിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മഭൂമിയില്‍ ജന്മംകൊ പ്രബോധനം വായിക്കുന്നതും പ്രയോജനപ്പെടുത്തുന്നതും പ്രസ്ഥാനപ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല. ഇസ്‌ലാമിനെ മനസ്സിലാക്കാനും പഠിക്കാനും പിന്‍പറ്റാനും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരെല്ലാം പ്രബോധനം വായനക്കാരായുണ്ട്.

30 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രബോധനം വല്ലപ്പോഴും കൈയില്‍ കിട്ടാറുണ്ടായിരുന്നു. താല്‍പര്യത്തോടെയല്ല അന്ന് വാരികയെ കണ്ടത്. ഇതൊരു രാഷ്ട്രീയ വാരികയാണോ, രാഷ്ട്രീയം എന്തിന് ഇത്രയധികം ചര്‍ച്ച ചെയ്യുന്നു എന്നെല്ലാം അന്ന് ചിന്തിച്ചിരുന്നു.

എന്നാല്‍, ഇസ്‌ലാമിന് രാഷ്ട്രീയമുണ്ട് എന്ന് മനസ്സിലാക്കിയത് പ്രബോധനത്തിലൂടെ ആയിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ 'മ' പ്രസിദ്ധീകരണങ്ങളാണ് കൂടുതലും വായിച്ചിരുന്നത്. കൂടാതെ സിനിമാ പുസ്തകങ്ങളും മനഃശ്ശാസ്ത്ര മാസികകളും. ഇസ്‌ലാമിനെ മനസ്സിലാക്കാനോ അറിയാനോ അന്ന് കഴിഞ്ഞിരുന്നില്ല. 25 വര്‍ഷം മുമ്പാണ് പ്രബോധനം സ്ഥിരമായി ലഭിക്കാന്‍ തുടങ്ങിയത്. വിവാഹത്തിനു ശേഷം ഐ.പി.എച്ച് പുസ്തകങ്ങളുടെ ഒരു ലൈബ്രറി തന്നെ ഭര്‍ത്താവ് ഒരുക്കിത്തന്നു.

പ്രബോധനം പുതിയ കാലത്തേക്കും ലോകത്തേക്കും എല്ലാം മിഴിതുറക്കുന്നതായിരുന്നു. പ്രബോധനം സ്ഥിരമായി കിട്ടുമായിരുന്നെങ്കിലും വീട്ടില്‍ ആര്‍ക്കും വായനാതാല്‍പര്യമില്ലായിരുന്നു. ഞാന്‍ വായിക്കുമെന്നതുകൊണ്ട് നിരന്തരം അതെടുത്ത് മാറ്റിവെക്കാന്‍ തുടങ്ങി. പാതിരാത്രിയില്‍ വായിക്കാന്‍ സമയം കണ്ടെത്തി. ആദ്യമായി പരിചയപ്പെട്ടത് ആരാമത്തെയാണെങ്കിലും, ഇപ്പോള്‍ പ്രബോധനമാണ് കൂടുതലിഷ്ടം. വാരിക കൈയില്‍ കിട്ടിയാല്‍ മണിക്കൂറുകള്‍ കൊണ്ട് തന്നെ വായിച്ചുതീര്‍ക്കുന്നു.

പല വിമര്‍ശനങ്ങളും ഉണ്ടെങ്കില്‍കൂടി പ്രബോധനം മുടങ്ങാതെ വായനക്കാരുടെ കൈയിലെത്തുന്നു എന്നത് വലിയ വിജയമാണ്. പ്രബോധനം കൂടുതല്‍ കൈകളിലെത്താനും വിജയത്തിന്റെ പാതയില്‍ മുന്നേറാനും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

സുമയ്യാ സത്താര്‍, 'സിതാര', കട്ടച്ചിറ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ