Prabodhanm Weekly

Pages

Search

2012 ജനുവരി 28

ബദീഉസ്സമാന്‍ സഈദ് നൂര്‍സി - ഇരുപതാം നൂറ്റാണ്ടിലെ വജ്രദീപം

ഫവാസ് കെ വേങ്ങര (ദാറുല്‍ഹുദാ ചെമ്മാട്)

രുപതാം നൂറ്റാണ്ടില്‍ തുര്‍ക്കി ജനതക്ക് ആത്മീയമായും മതകീയമായും നേതൃത്വം നല്‍കിയ മഹാരഥനാണ് ബദീഉസ്സമാന്‍ സഈദ് നൂര്‍സി. ഇസ്‌ലാമിക ആദര്‍ശത്തെയും പ്രതീകങ്ങളെയും ജനഹൃദയങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയാന്‍ അഹോരാത്രം ശ്രമിച്ച മുസ്തഫാ കമാല്‍ അത്താതുര്‍ക്കിനെതിരെ ഇറങ്ങിത്തിരിച്ച് മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെയും പ്രതീകങ്ങളെയും ധൈര്യത്തോടെ സംരക്ഷിക്കാന്‍ കാണിച്ച ആര്‍ജ്ജവം നൂര്‍സിക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.
ഒരു കുര്‍ദ് കുടുംബത്തില്‍ മീര്‍സ മുല്ലയുടെയും നൂരിയ്യയുടെയും നാലാമത്തെ മകനായി 1878-ല്‍ തുര്‍ക്കിയിലെ ബിത്‌ലിസ് പ്രദേശത്തെ നൂര്‍സ് ഗ്രാമത്തിലാണ് ബദീഉസ്സമാന്‍ പിറന്നുവീഴുന്നത്. പതിനാറാം വയസില്‍ തന്നെ സമകാലികരായ പല പണ്ഡിതരെയും സംവാദങ്ങിളില്‍ പരാജയപ്പെടുത്തിയതോടെ കാലത്തിന്റെ കൗതുകം എന്നര്‍ഥമുള്ള ബദീഉസ്സമാന്‍ എന്ന പേരില്‍ നൂര്‍സി അറിയപ്പെട്ടു.
തുര്‍ക്കി ഖിലാഫത്തിന് കീഴിലുള്ള പല അറബ് പ്രദേശങ്ങളും യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് കീഴൊതുങ്ങിയിരുന്നു. ഇന്നത്തെ തുര്‍ക്കി റിപ്പബ്ലിക്കിന്റെ പല ഭാഗങ്ങളും റഷ്യയുടെയും ചൈനയുടെയും കൈവശമായിരുന്നു. നാട് നീളെ പ്രക്ഷോഭങ്ങള്‍ കത്തിപ്പടര്‍ന്നു. ഇതിനിടയില്‍ ഇസ്‌ലാമേതര തുര്‍ക്കി സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടി പൊതുമനസിനെ സ്വാധീനിക്കാന്‍ പാശ്ചാത്യര്‍ ശ്രമിച്ചു. ഈയൊരു സാഹചര്യത്തില്‍ മുസ്‌ലിം ഐക്യമെന്ന നിലപാടുമായി നൂര്‍സി രംഗത്ത് വന്നു.
നിലവിലെ മതപഠന സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അവ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കണമെന്നും നൂര്‍സി മനസിലാക്കി. ഒരു വിഭാഗം മതവിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞിരിക്കുകയും മറ്റൊരു വിഭാഗം മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഇത് മതവും ശാസ്ത്രവും ഇരു ധ്രുവങ്ങളാണെന്ന തെറ്റിദ്ധാരണക്ക് കാരണമായി. ഇതിനെ മറികടക്കാന്‍ വിദ്യാഭ്യാസത്തിന്റെ മത ഭൗതിക സമന്വയം എന്ന ആശയം നൂര്‍സി മുന്നോട്ട് വെച്ചു.
1922-ല്‍ കമാല്‍ അത്താതുര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച് അങ്കാറയിലെത്തിയ നൂര്‍സി തീവ്ര മതേതരത്വത്തിന്റെ ഭയാനകമായ വ്യാപനം കണ്ട് അമ്പരന്നു. പൊതുജീവിതത്തില്‍ ഇടപെടുന്നതിനു വേണ്ടി ജന്മനാടായ അനാത്തോലിയയിലേക്ക് അദ്ദേഹം മടങ്ങി. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ശക്തമായ ആത്മീയ സംരക്ഷണമൊരുക്കി തുര്‍ക്കി മുസ്‌ലിംകളെ സംരക്ഷിക്കുക എന്നതായിരുന്നു നൂര്‍സിയുടെ ലക്ഷ്യം.
ബദീഉസ്സമാനെ ലോകം അറിയുന്നത് രിസാലെ നൂര്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായിട്ടാണ്. തടവറകളിലും മലമ്പ്രദേശങ്ങളിലും കഴിയുന്ന സമയത്ത് വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഇസ്‌ലാമിക ആചാര അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും വിവരിക്കുന്ന തന്റെ കുറിപ്പുകള്‍ അനുയായികള്‍ ശേഖരിച്ചതാണ് രിസാലെ നൂര്‍.
1960 മാര്‍ച്ച് 23 ന് റമളാനിലായിരുന്നു ബദീഉസ്സമാന്റെ മരണം. ശാസ്ത്രത്തോടും ആധുനികതയോടും ഇസ്‌ലാമിനെ എങ്ങനെ സമരസപ്പെടുത്താമെന്നും വിശ്വാസാചാരങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ എങ്ങനെ ആചരിക്കാമെന്നും ആധുനിക മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ച നൂര്‍സിയുടെ അധ്യാപനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വഴികാണിക്കാന്‍ പര്യാപ്തമാണ്. ഈ സന്ദര്‍ഭത്തില്‍ നൂര്‍സിയുടെ ചിന്തകളെക്കുറിച്ച് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലും കേരളത്തിലെ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ വളരെ ശ്രദ്ധേയമാണ്. ജനുവരി 29 ന് മലപ്പുറത്ത് ചെമ്മാട് ദാറുല്‍ ഹുദയില്‍ വെച്ച് 'രിസാലെ നൂര്‍ ആന്റ് ഇസ്‌ലാം ഇന്‍ മോഡേണ്‍ തുര്‍ക്കി' എന്ന പ്രമേയത്തിലാണ് രാജ്യാന്തര സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്.
ബദീഉസ്സമാന്റെ ശിഷ്യന്മാരായ മുഹമ്മദ് നൂരി ഗാലച്ച്, അബ്ദുല്ലാ യെഗിന്‍ തുടങ്ങിയവരും ഡോ. തോമസ് മിഷേല്‍, ഡോ. ബിലാല്‍ കുസ്പിനാര്‍, ഡോ. കോളിംഗ് ടേണര്‍ തുടങ്ങി ബ്രിട്ടന്‍, അമേരിക്ക, കാനഡ, തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതരും ബുദ്ധിജീവികളും കേരളത്തിലെ സെമിനാറിനെത്തുന്നുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സെമിനാറില്‍ പ്രവേശനമുണ്ടാവുക. ഇംഗ്ലീഷിലും മലയാളത്തിലുമായി നടക്കുന്ന പൊതുസമ്മേളനം വിദ്യാസമ്പന്നരുടെയും ബുദ്ധിജീവികളുടെയും സംഗമമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.darul huda.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം