Prabodhanm Weekly

Pages

Search

2012 ജനുവരി 28

ഇവര്‍ ഭൂമിയില്‍ നാശം വിതച്ചു

ഹുസൈന്‍ കടന്നമണ്ണ

ഴിഞ്ഞ ഡിസംബര്‍ 18-ന് അറബ് വസന്തം ഒരു വയസ്സ് പൂര്‍ത്തിയാക്കി. ഈജിപ്തില്‍ ജനുവരി 25 വിവിധ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അന്നാണല്ലോ അവിടെ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. വിപ്ലവശേഷം അറസ്റ്റിലായ മുബാറകിന്റെയും മക്കളായ ജമാല്‍, അലാഅ്, മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് ആദ്‌ലി തുടങ്ങിയവരുടെയും വിചാരണ കോടതിയില്‍ നടക്കുന്നത് ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് ലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അറസ്റ്റ് നടന്നയുടന്‍ രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം അടവെടുത്ത് ചികിത്സക്കെന്ന വ്യാജേന ആശുപത്രിയില്‍ അഡ്മിറ്റായ മുബാറക് കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ കോടതിയില്‍ ഹാജരാവുന്ന രംഗം ദയനീയതയുളവാക്കുന്നു. ഒരു വര്‍ഷം മുമ്പ് വരെ ഏറ്റവും വലിയ ഭാവനാസമ്പന്നനുപോലും സ്വപ്നം കാണാന്‍ കഴിയാത്തതാണ് അറബ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം കാണുമ്പോള്‍ 'ദേഖോ ഖുദ്‌റത്കാ ഖേല്‍' (കണ്ടോ പടച്ചോന്റെ ഖുദ്‌റത്തിന്റെ കളി) എന്ന ഉര്‍ദു മൊഴിയാണ് ഓര്‍ത്തുപോകുന്നത്.
കോടതിയില്‍ മുബാറകിന്റെയും കൂട്ടാളികളുടെയും വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദത്തിന്റെ പൂര്‍ണ രൂപം ഖത്തര്‍ ദിനപത്രമായ അര്‍റായ (5-1-2012) പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ:
''പറയുക: ദൈവമേ നീയാണ് ആധിപത്യത്തിനുടയവന്‍. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം തിരിച്ചെടുക്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപമേകുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദിക്കുന്നു. നിന്റെ കൈവശമത്രെ സര്‍വ ഐശ്വര്യവും. നീ എല്ലാറ്റിനും കഴിവുള്ളവനാണ്'' (വിശുദ്ധ ഖുര്‍ആന്‍ 3:26).
ബഹുമാന്യ ന്യായാധിപന്മാരേ, കാലം ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമാണ്. സകലതിനെയും വെല്ലുവിളിച്ച് അത് മുന്നോട്ട് നീങ്ങുന്നു. 2011 ജനുവരി 25 മുതല്‍ ഫെബ്രുവരി 11 വരെയുള്ള ദിനങ്ങള്‍ ജനങ്ങളുടെയും ലോകത്തിന്റെ സ്മൃതിമണ്ഡലത്തില്‍ നിന്ന് മാഞ്ഞുപോകാത്ത അനശ്വര ദിനങ്ങളത്രെ. ആ ദിനങ്ങളുണ്ടാക്കിയ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളുമാണ് ഇന്ന് ഈ വാദവുമായി ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ എഴുന്നേറ്റ് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകുന്നത്. സമൂഹത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അസാധാരണവും ഒറ്റപ്പെട്ടതുമായ ഒരു കേസില്‍ സമൂഹത്തിന്റെ സത്യവാങ്മൂലം വഹിച്ചുകൊണ്ടാണ് ഞങ്ങളെത്തിയിട്ടുള്ളത്. ചിലര്‍ ഈ കേസിനെ 'നൂറ്റാണ്ടിന്റെ കേസ്' എന്ന് വിളിക്കുന്നു.
സത്യത്തില്‍ ഈ കേസ് ഈജിപ്ഷ്യന്‍ നീതിന്യായ ചരിത്രത്തിലെ അല്ല, ഈജിപ്തിന്റെയും അറബികളുടെയും ലോകത്തിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രമാദമായ കേസാണ്. ഈജിപ്തിന്റെയും അറബികളുടെയും ചരിത്രത്തില്‍ ഇതാദ്യമാണ് രാജ്യം അടക്കിഭരിച്ചൊരു ഭരണാധികാരി നിയമവിചാരണക്ക് വഴങ്ങുന്നത്. ഇതാദ്യമാണ് ഈജിപ്തുകാര്‍ ഭരണാധികാരിയെ അസാധാരണമായ നീതിന്യായ വേദിയില്‍ വിചാരണ ചെയ്യുന്നത്.
ഈജിപ്തിനെയും മധ്യപൗരസ്ത്യ ദേശത്തെയും സംബന്ധിച്ചേടത്തോളം ഒറ്റയാള്‍ ഭരണത്തിന്റെ തിരിച്ചുവരവില്ലാത്ത പതനവും ദീര്‍ഘമായ ഏകാധിപത്യഭരണത്തിന്റെ അന്ത്യവും അടയാളപ്പെടുത്തുന്ന കേസാണിത്... താനെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദി താന്‍ തന്നെയായിരിക്കുമെന്ന് ഓരോ ഭരണാധികാരിയെയും ഓര്‍മപ്പെടുത്തുന്ന കേസാണിത്... നിയമവാഴ്ചയുള്ള രാജ്യത്ത് തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്നും അവിടെ ആരും നിയമത്തിനതീതരല്ലെന്നും നിയമം എല്ലാവര്‍ക്കും അതീതമാണെന്നും ഭരണാധികാരികള്‍ക്ക് തിരിച്ചറിവുണ്ടാക്കുന്ന കേസാണിത്... സമ്പൂര്‍ണമായ അധികാരം ഭരണാധികാരിയെ സമ്പൂര്‍ണമായി ദുഷിപ്പിക്കുമെന്നും അത് വിചാരണ ചെയ്യപ്പെടാതെ പോകില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്ന കേസാണിത്..... ഭരണഘടനയില്‍ നിന്നും നിയമവ്യവസ്ഥയില്‍നിന്നും ഉളവാകുന്ന കുരുക്കുകള്‍ തങ്ങളുടെ കഴുത്തില്‍ വീഴുമെന്നും ഒരുനാള്‍ അധികാര ഹുങ്കില്‍നിന്നൊഴിഞ്ഞ് സാധാരണ പൗരന്മാരുടെ വരിയില്‍ നില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും അവരെ ഉല്‍ബോധിപ്പിക്കുന്ന കേസാണിത്.... രാജ്യത്തെയും മേഖലയെയും പുതിയ ചക്രവാളങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കേസാണിത്...
ആദരണീയരായ ന്യായാധിപന്മാരേ,
ഇവിടെ രണ്ട് കേസുകളാണ് ബഹുമാനപ്പെട്ട കോടതി മുമ്പാകെയുള്ളത്. യഥാര്‍ഥത്തിലവ ഒരേ കേസിന്റെ രണ്ടു വശങ്ങളാണ്. കൊലയും കൊലയിലെ പങ്കാളിത്തവുമാണ് ഇരു കേസുകളുടെയും അടിസ്ഥാനം. ഇതിനകം ബഹുമാനപ്പെട്ട കോടതി മുമ്പാകെ വിചാരണക്ക് വരികയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്ത കൊലക്കേസുകളെപ്പോലെയല്ല ഈ കേസ്. ഈ കേസിലെ പ്രതികള്‍ മുന്‍ രാഷ്ട്രത്തലവനും അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രിയും സഹായികളുമാണ്. കൊല ചെയ്യപ്പെട്ട ഇരകള്‍ നൂറുക്കണക്കിന് പൗരന്മാരാണ്. പരിക്കേറ്റവര്‍ ആയിരത്തിലേറെ വരുന്ന വീരപുത്രന്മാരാണ്. സ്വാതന്ത്ര്യദാഹികളും ധീരരുമായ യുവാക്കളുമായി ചേര്‍ന്ന് ജനകീയ പ്രതിഷേധം ശക്തിപ്പെടുത്താന്‍ യത്‌നിച്ചതല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. 2011 ജനുവരി 25-ന് ആരംഭിച്ച ആ പ്രതിഷേധത്തില്‍ വ്യത്യസ്ത പ്രായക്കാരും മതക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഏകമനസ്സോടെ പങ്കുചേരുകയുണ്ടായി. അഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനായി ആ യുവാക്കള്‍ സ്വയം സമര്‍പ്പിച്ചു. സാമൂഹികനീതി പുലരുന്നതിനും രാജ്യത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവര്‍ ജീവത്യാഗം ചെയ്തു.
ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് സത്യം ചെയ്ത് അധികാരത്തില്‍ വന്ന ഒരു പ്രസിഡന്റ്! അദ്ദേഹം സത്യപ്രതിജ്ഞ ലംഘിച്ച് തന്റെയും കുടുംബത്തിന്റെയും ആശ്രിതവല്‍സരുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ കച്ചകെട്ടി. തന്റെ ഭരണത്തിന്റെ അവസാന പതിറ്റാണ്ട് മുഴുവന്‍ ഉപയോഗിച്ചത് ഒരു മഹാപാതകം ചെയ്യാനാണ്. അനന്തരാവകാശിയെ വാഴിക്കല്‍! അതിനായി രാഷ്ട്രീയ ജീവിതത്തെ മുഴുവന്‍ ദുഷിപ്പിച്ചു. പാര്‍ലമെന്റംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ജനകീയാധികാരത്തില്‍ മായം ചേര്‍ത്തു. ഏതെങ്കിലും വിധത്തില്‍ ജനകീയത നേടിയ സര്‍വ വ്യക്തിത്വത്തങ്ങളെയും തൂക്കിയെറിഞ്ഞു. തന്റെ മകനും ഈ കേസിലെ നാലാം പ്രതിയുമായ ജമാലിന് രംഗമൊരുങ്ങുന്നതുവരെ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടു.
ജനങ്ങള്‍ അംഗീകാരം നല്‍കുകയും നീണ്ട മുപ്പത് വര്‍ഷത്തെ അവസരം നല്‍കുകയും ചെയ്ത ഒരു പ്രസിഡന്റ്! മൂന്ന് പതിറ്റാണ്ടെന്നത് രണ്ട് മുന്‍ പ്രസിഡന്റുമാരുടെ - ജമാല്‍ അബ്ദുന്നാസിറിന്റെയും അന്‍വര്‍ സാദാത്തിന്റെയും- ഭരണകാലത്തേക്കാള്‍ നീണ്ട കാലം. വൃദ്ധരുടെ അര്‍ധായുസ്സിനും യുവാക്കളുടെ പൂര്‍ണായുസ്സിനും തുല്യമായ കാലം. ഈജിപ്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മുഴുവന്‍ മേഖലകളിലും വമ്പിച്ച മുന്നേറ്റം നടത്താന്‍ മതിയായ കാലം. യോഗ്യതയുറ്റ പ്രതിഭകള്‍ക്കൊപ്പം സുതാര്യതയും ദൈവഭക്തിയും കൈക്കോര്‍ത്തിരുന്നുവെങ്കില്‍, ശരിയായ നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നുവെങ്കില്‍ ഈജിപ്തിനെ വികസിത രാജ്യങ്ങളുടെ നിരയിലേക്കുയര്‍ത്താന്‍ പര്യാപ്തമായ കാലം... പക്ഷേ, അദ്ദേഹം തന്റെ ജനതയെ കൈയൊഴിഞ്ഞു.
മടുക്കാവുന്നത്ര ഭരിച്ച് ജരാനര ബാധിച്ചിട്ടും കാലത്തെ വെല്ലുവിളിച്ച് അധികാരക്കസേരയില്‍ അമര്‍ന്നിരുന്നൊരു പ്രസിഡന്റ്! ഭരണവും അതിന്റെ പളപളപ്പും സൗകര്യങ്ങളും ഒടുക്കം വരെ അദ്ദേഹം ആസ്വദിച്ചു. അധികാരമത്ത് തലക്കു പിടിച്ചപ്പോള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മറന്നു. ഒടുവില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവന്നു. മകനെ വാഴിക്കാന്‍ നില്‍ക്കാതെ നിശ്ചിത കാലശേഷം യോഗ്യനും ചെറുപ്പക്കാരനുമായ മറ്റൊരാള്‍ക്ക് അധികാരം കൈമാറാന്‍ അദ്ദേഹത്തിനാവുമായിരുന്നു.
സ്റ്റേജില്‍ തന്റെ കണ്‍മുമ്പില്‍ നടന്ന സാദാത്ത് വധത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാത്ത ഒരു പ്രസിഡന്റ്! ഒന്നോ രണ്ടോ കാലാവധി ഭരിച്ച് മതിയാക്കി ജനാഭിലാഷത്തിനു വഴങ്ങാനും തന്റെ വന്‍ വീഴ്ചകളില്‍ നിന്നും കൊടും പാതകങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും അദ്ദേഹം തുനിഞ്ഞില്ല.
അനന്തരാവകാശിയെ വാഴിക്കാന്‍ തന്റെ കുടുംബം പയറ്റിയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ ദുര്‍ബലനായൊരു പ്രസിഡന്റ്! ഒരു പ്രസിഡന്റിന്റെ ഭാര്യയായ ശേഷം മറ്റൊരു പ്രസിഡന്റിന്റെ മാതാവാകാന്‍ കൊതിച്ച തന്റെ പ്രിയതമയുടെയും സമ്മര്‍ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങി.
ഈജിപ്ഷ്യന്‍ ജനത തെളിച്ചുകൊണ്ടുപോകാന്‍ പറ്റുന്ന ആട്ടിന്‍പറ്റമല്ലെന്നും ഈജിപ്ത് താവഴിയായി പതിച്ചുനല്‍കാനും വില്‍ക്കാനും പറ്റുന്ന കെട്ടിടമോ കൃഷിനിലമോ അല്ലെന്നും തിരിച്ചറിയാന്‍ കഴിയാതെ പോയ ഒരു പ്രസിഡന്റ്!
ഏകാധിപത്യത്തിന്റെ അത്യാചാരങ്ങള്‍ക്കും അന്യായത്തിന്റെ അതിവാഴ്ചകള്‍ക്കും നേരെ ജനത പുലര്‍ത്തിയ ക്ഷമയെയും സഹനത്തെയും വിലമതിക്കാത്തൊരു പ്രസിഡന്റ്! നീതിയും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട തെരുവ് ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്നൊരു പ്രസിഡന്റ്! പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറുവഷളന്‍ കൃത്രിമം നടത്തി ജനാഭിലാഷത്തെ അട്ടിമറിച്ചത് ജനനിന്ദയുടെ പരമകാഷ്ടയായിരുന്നു. താവഴി ഭരണത്തിന് നിയമസാധുതയുണ്ടാക്കാനായിരുന്നു ആ കൊടുംപാതകം. അതോടെ ജനം പൊട്ടിത്തെറിച്ചു. പ്രജാപതിയുടെ പുറത്തുപോക്കിനായി ജനലക്ഷങ്ങള്‍ തെരുവിലിറങ്ങി.
സ്വയം നിന്ദിക്കുകയും അഭിമാനകരമായ തന്റെ ഭൂതകാലത്തെ (ഇസ്രയേലിനെതിരെ നടന്ന ഒക്‌ടോബര്‍ യുദ്ധത്തില്‍ വ്യോമസേന കമാന്റര്‍ എന്ന നിലയില്‍ നടത്തിയ വീരകൃത്യങ്ങള്‍) മലിനമാക്കുകയും ചെയ്‌തൊരു പ്രസിഡന്റ്! അഹങ്കാരവും ഏകാധിപത്യവും നിറഞ്ഞ ആ കുതിപ്പ് ദീനതയില്‍ കലാശിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്നിറങ്ങി പ്രതിക്കൂട്ടില്‍ കയാറാനായിരുന്നു വിധി.
രാഷ്ട്ര നയങ്ങളെ നിന്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തൊരു പ്രസിഡന്റ്! രാഷ്ട്രത്തെയും അതിന്റെ സര്‍വ മെഷിനറികളെയും നാഷ്‌നല്‍ പാര്‍ട്ടിയുടെ അധികാരം ഉറപ്പിക്കാനായി ദുര്‍വിനിയോഗം ചെയ്തു. താവഴി ഭരണത്തിന് പാതയൊരുക്കാനായി നിയമനിര്‍മാണാധികാരം കുത്തകയാക്കി.
ഭരണനിര്‍വഹണാധികാരം കുത്തകയാക്കിവെച്ചൊരു പ്രസിഡന്റ്! അഴിമതിക്കാരും കഴിവുകെട്ടവരുമായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ദീര്‍ഘകാലം തല്‍സ്ഥാനങ്ങളില്‍ വെച്ചുപൊറുപ്പിച്ചു. അതുവഴി അഴിമതി വ്യാപകമായി. ഭരണകൂടത്തിന്റെ അരികുപറ്റി ജീവിച്ച അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വിചാരണ ചെയ്യപ്പെട്ടില്ല.
ഈ മുന്‍ പ്രസിഡന്റ് നയിച്ച ഭരണകൂടം ദരിദ്ര പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സാമ്പത്തിക നയങ്ങളാണ് നടപ്പാക്കിയത്. തല്‍ഫലമായി വിലനിലവാരം കുതിച്ചുയര്‍ന്നു. ദരിദ്രരുടെയും മധ്യവര്‍ഗത്തിന്റെയും ചെലവില്‍ സമ്പന്നരെ സഹായിച്ച പ്രസ്തുത നയങ്ങളുടെ പ്രയോജനം നാട്ടുകാര്‍ക്ക് ബോധ്യമായില്ല. ധനികര്‍ കൂടുതല്‍ ധനികരായി. ദരിദ്ര്യര്‍ കൂടുതല്‍ ദരിദ്രരും. ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന ശൂന്യഹസ്തര്‍ പതിന്മടങ്ങ് പെരുകി. തൊഴിലാളി പ്രശ്‌നങ്ങള്‍ രൂക്ഷമായി. സാമൂഹികനീതി അപ്രത്യക്ഷമായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വികസിച്ചു.
തെറ്റായ സാമ്പത്തിക നയങ്ങളുടെ നിഴലില്‍ സാമ്പത്തിക അരാജകത്വം രൂപപ്പെട്ടു. ദാരിദ്ര്യം എല്ലാ അതിരുകളും ഭേദിച്ചു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ജാള്യതയുളവാക്കി. ഈജിപ്ത് അറബ് മേഖലയിലും രാഷ്ട്രാന്തരീയ തലത്തിലുമുണ്ടായിരുന്ന റോള്‍ ചുരുങ്ങി. ലോക സമൂഹങ്ങള്‍ക്കിടയില്‍ രാജ്യത്തിനുണ്ടായിരുന്ന മഹിമയും സ്ഥാനവും വിനഷ്ടമായി.
മുന്‍ പ്രസിഡന്റ് അഴിമതിക്കാരും ദുഷിച്ചവരുമായ പാര്‍ശ്വവര്‍ത്തികളെ കൊണ്ടുനടന്നു. വ്യവസായ പ്രമുഖനായ ഹുസൈന്‍ സാലിം അക്കൂട്ടത്തിലൊരാളായിരുന്നു. മുബാറകിന്റെയും കുടുംബത്തിന്റെയും പ്രിയ സുഹൃത്തായിരുന്നു ഹുസൈന്‍ സാലിം. മുബാറക് കുടുംബവുമായി അയാള്‍ക്കുണ്ടായിരുന്ന ഈടുറ്റ ബന്ധവും സൗഹൃദവും എല്ലാവര്‍ക്കുമറിയാം. എഴുപതുകളില്‍ മുബാറക് വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് അതിന്റെ തുടക്കം. തന്റെ സുഹൃത്തിന് ആയുധക്കച്ചവടമുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഒരു കേസില്‍ അയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ടെന്നും മുബാറകിനറിയാമായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും പ്രസിഡന്റായ ശേഷം അയാളെ കൂടുതല്‍ തന്നോടടുപ്പിച്ച് നിര്‍ത്തി. തന്റെ സ്വാധീനങ്ങളത്രയും അയാള്‍ക്കു വേണ്ടി ഉപയോഗിച്ചു. ആ സ്‌നേഹബന്ധത്തിന്റെ ഫലമാണ് പ്രകൃതി സുന്ദരമായ ശറമുശ്ശൈഖില്‍ കടലിനു ചാരിയുള്ള കണ്ണായ സ്ഥലം ഹുസൈന്‍ സാലിമിന് പതിച്ചു കിട്ടിയത്.
പെട്രോള്‍, ഗ്യാസ്, വൈദ്യുതി, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ കൂറ്റന്‍ പദ്ധതികളില്‍ മുതല്‍മുടക്കാന്‍ മുബാറക് തന്റെ സുഹൃത്തിന് അവസരമുണ്ടാക്കിക്കൊടുത്തു. അതിനായി ബാങ്കുകളില്‍ നിന്ന് കണക്കറ്റ പണം ലോണായി അനുവദിച്ചു. അങ്ങനെ സുഹൃത്തിന്റെ സമ്പത്ത് കുമിഞ്ഞുകൂടി. ഇവിടെ ചോദ്യം, ഇത്രയൊക്കെ മുബാറക് തന്റെ സുഹൃത്തിന് നല്‍കിയപ്പോള്‍ സുഹൃത്ത് തിരിച്ചുനല്‍കിയത് എന്താണ്?
നമുക്ക് അഞ്ചാം പ്രതിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഹബീബ് ആദ്‌ലിയിലേക്ക് വരാം. ഏറ്റവുമധികം കാലം- 13 വര്‍ഷം- ആഭ്യന്തര മന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയാണദ്ദേഹം. ഏകാധിപത്യപരവും മര്‍ദകവുമായ ഒരു വ്യവസ്ഥിതി നിര്‍മിച്ചെടുത്തതില്‍ പ്രകടമാക്കിയ വൈദഗ്ധ്യമാണ് ഇത്രയുംകാലം ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തെ യോഗ്യനാക്കിയത്. ജനങ്ങളെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട പോലീസ് സേനയെ ഭരണകൂടത്തെയും ഭരണാധികാരിയെയും സംരക്ഷിക്കാന്‍ മാത്രമുള്ള സേനയാക്കി മാറ്റി. അതിനായി ചിന്താ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചൊതുക്കി. രാഷ്ട്രത്തിലെ മിക്ക സ്ഥാപനങ്ങളെയും സുരക്ഷാ സേനയുടെ ചൊല്‍പ്പടിയിലാക്കി. ദേശസുരക്ഷയെ നാഷ്‌നല്‍ പാര്‍ട്ടി അജണ്ടയുമായി കൂട്ടിക്കുഴച്ചു. താവഴിവാഴ്ചയെ വിജയിപ്പിക്കുന്നതിനായി പോലീസ് സേനയെ മുഴുവന്‍ ദുരുപയോഗം ചെയ്തു. തന്റെയും മുബാറകിന്റെയും അധികാരക്കസേര ഉറപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ തന്റെ കല്‍പനയോടെ, തന്റെ സേനയുടെ അറിവോടെ സംഭവിച്ച ജീവഹാനികളും മാനഹാനികളും അദ്ദേഹത്തെ ഒട്ടും അസ്വസ്ഥമാക്കിയില്ല. ഈ രാജ്യത്തിന്റെ വീരപുത്രന്മാരായ യുവാക്കളുടെ മൃതശരീരങ്ങള്‍ക്കു മേലെയാണെങ്കിലും വേണ്ടില്ല, അധികാരം ഉറപ്പിക്കണം എന്ന ഒറ്റ ചിന്തയാണ് അവരെ നയിച്ചത്. മാതൃരാജ്യത്തോടുള്ള സ്‌നേഹത്താല്‍ ഇളകിവശായി എന്ന കുറ്റമേ ആ യുവാക്കള്‍ ചെയ്തിട്ടുള്ളൂ. പക്ഷേ, കുറ്റവാളികളില്‍ കാരുണ്യത്തിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുഃഖഭാരത്താല്‍ ഹൃദയം തകര്‍ന്ന മാതാക്കളെയോ മക്കള്‍ നഷ്ടപ്പെട്ടതിന്റെ വ്യഥയെടുക്കാന്‍ കഴിയാതെ തളര്‍ന്നുപോയ പിതാക്കളെയോ അവര്‍ കണക്കിലെടുത്തില്ല.
ഒരു ജനതയുടെയും ദേശത്തിന്റെയും ദുഃഖഭാരം പേറിയാണ് ഞങ്ങളിന്ന് നീതിപീഠത്തിനു മുമ്പാകെ വന്നുനില്‍ക്കുന്നത്. നമ്മുടെ വര്‍ത്തമാനകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു കുറ്റകൃത്യത്തിന്റെ സാക്ഷിപത്രമാണ് ഞങ്ങള്‍ നിവര്‍ത്തുന്നത്. രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. മുബാറക് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയത്തിന്റെ നിഴലില്‍ രാഷ്ട്രം കടന്നുപോയ ഭൂതം! ഭീതികളും പ്രതീക്ഷകളും സമം ചേര്‍ന്ന വര്‍ത്തമാനം! രാജ്യനിവാസികളുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന ഭാവി! ഇന്ന് ഈ നീതിപീഠത്തിനു മുമ്പാകെ നടക്കുന്ന വിചാരണയാണ് വരും വര്‍ഷങ്ങളില്‍ ഈജിപ്തിന്റെ ഭാവി നിര്‍ണയിക്കുക. രാജ്യത്ത് അധികാരമേല്‍ക്കാന്‍ പോകുന്ന സകലര്‍ക്കും ഈ വിചാരണ ഒട്ടേറെ പാഠങ്ങള്‍ നല്‍കും.
ഇന്നത്തെ കേസിന്റെ രത്‌നച്ചുരുക്കമിങ്ങനെ: ജനങ്ങളില്‍ കടുത്ത കോപവും അതൃപ്തിയും നീറിപ്പിടിക്കുന്നതായി 2010 ഒക്‌ടോബറില്‍ സുരക്ഷാ വിഭാഗങ്ങള്‍ക്ക് മനസ്സിലായി. കൃത്രിമങ്ങളും ക്രമക്കേടുകളും നിറഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നതോടെ ജനങ്ങളുടെ കോപം ഇരട്ടിച്ചു. തുനീഷ്യന്‍ വിപ്ലവാനന്തരം അത് പൊട്ടിത്തെറിയുടെ വക്കിലെത്തി. ജനുവരി മധ്യത്തില്‍ സാമൂഹികപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമായ ഏതാനും യുവാക്കള്‍ പ്രതിഷേധപ്രകടനങ്ങളുമായി തെരുവിലിറങ്ങാന്‍ ഇന്റര്‍നെറ്റിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനുവരി 25-ലെ പോലീസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ആഹ്വാനം. സംഗതി മണത്തറിഞ്ഞ ആഭ്യന്തര മന്ത്രി ഹബീബ് ആദ്‌ലി മുതിര്‍ന്ന സഹായികളുടെ യോഗം വിളിക്കുകയും പ്രകടനങ്ങളെ ശക്തമായി നേരിടാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു.
ഒട്ടേറെ രാജ്യനിവാസികള്‍ പ്രകടനാഹ്വാനങ്ങള്‍ക്കനുകൂലമായി പ്രതികരിച്ചു. രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത കൂറ്റന്‍ പ്രകടനങ്ങള്‍ കൊണ്ട് തെരുവീഥികള്‍ ഇളകിമറിഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ധാരകളില്‍ പെട്ട ജനങ്ങള്‍ കൂട്ടത്തോടെ തലസ്ഥാന നഗരിയിലും ഇതര പ്രവിശ്യകളിലെ വന്‍ നഗരങ്ങളിലും ഒഴുകിയെത്തി. അഴിമതിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യുക, സാമൂഹികനീതി സാക്ഷാത്കിരക്കുക, പോലീസ് പീഡനങ്ങളും അന്യായമായ അറസ്റ്റുകളും നിര്‍ത്തുക, ആഭ്യന്തരമന്ത്രാലയത്തിന്റെ തലപ്പത്തുള്ളവരെ നീക്കം ചെയ്യുക, അടിയന്തരാവസ്ഥ പിന്‍വലിക്കുക, പാര്‍ലമെന്റും കൂടിയാലോചന സഭയും പിടിച്ചുവിടുക, കൃത്രിമരഹിതവും സുതാര്യവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക, ഇസ്രയേലിന് ഗ്യാസ് നല്‍കുന്നത് നിര്‍ത്തുക..... തുടങ്ങിയവയായിരുന്നു സമാധാനപരമായ ആ പ്രകടനങ്ങളില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍.
അന്ന് രാത്രി എല്ലാ പ്രകടനങ്ങളും നഗരമധ്യത്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍ ലക്ഷ്യമാക്കി നീങ്ങി. ആയിരക്കണക്കിനു പ്രകടനക്കാരെക്കൊണ്ട് മൈതാനം വീര്‍പ്പുമുട്ടി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ മൈതാനത്തുതന്നെ കുത്തിയിരിക്കുമെന്നവര്‍ പ്രഖ്യാപിച്ചു. അതോടെ പോലീസ് തങ്ങള്‍ക്ക് ലഭിച്ച കല്‍പനപ്രകാരം ഹിംസാത്മകമായി ബലം പ്രയോഗിച്ച് അവരെ നേരിട്ടു. അര്‍ധരാത്രി അടിയേറ്റ പ്രകടനക്കാര്‍ ചിന്നിച്ചിതറി.
2011 ജനുവരി 26-ന് എല്ലാ പ്രവിശ്യകളിലും പ്രകടനക്കാര്‍ പ്രകടനം തുടര്‍ന്നു. അതോടെ അവര്‍ക്കെതിരെ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കപ്പെട്ടു. അത് ചിലരുടെ മരണത്തിന് കാരണമായി. നാഷ്‌നല്‍ അസോസിയേഷന്‍ ഫോര്‍ ചെയ്ഞ്ച്, ഏപ്രില്‍ 6 യൂത്ത്മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ ജനുവരി 28-ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം 'ക്ഷുഭിത വെള്ളി' എന്ന പേരില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനായി ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. കൈവഴികളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കയ്‌റോയിലെയും മറ്റു പ്രവിശ്യകളിലെയും പൊതു മൈതാനങ്ങളിലേക്ക് പ്രകടനങ്ങളായി ഒഴുകിയെത്താനായിരുന്നു ആഹ്വാനം.
ആഹ്വാനം വന്നയുടനെ ജനുവരി 27-ന് ആദ്‌ലിയും കൂട്ടരും മറ്റൊരു യോഗം ചേര്‍ന്ന് ഏതുവിധേനയും പ്രകടനക്കാര്‍ പൊതുമൈതാനങ്ങളിലേക്കെത്തുന്നത് തടയണമെന്ന് തീരുമാനിച്ചു. അതിനായി പ്രകടനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. കുറച്ചാളുകള്‍ കൊല്ലപ്പെട്ടാലും ബാക്കിയുള്ളവര്‍ പേടിച്ച് പിരിഞ്ഞുപോകുമെന്ന ധാരണയായിരുന്നു നടപടിക്ക് പ്രേരിപ്പിച്ചത്. സ്വന്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാഷ്‌നല്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയെ വിളിച്ച് ആകെയുള്ള മൂന്ന് ടെലികോം കമ്പനികളുടെയും മൊബൈല്‍ സേവനം നിര്‍ത്തലാക്കാന്‍ ആവശ്യപ്പട്ടു. പ്രകടനക്കാര്‍ തമ്മിലുള്ള ആശയവിനിമയം കുറക്കുകയായിരുന്നു ഉന്നം.
ജനുവരി 28-ലെ ജുമുഅ നമസ്‌കാരത്തിന് മുഴുവന്‍ പള്ളികളിലും എണ്ണമറ്റ ജനങ്ങള്‍ തടിച്ചുകൂടിയത് കണ്ട് പോലീസ് ഞെട്ടി. നമസ്‌കാരാനന്തരം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വമ്പന്‍ പ്രകടനങ്ങള്‍ പുറപ്പെട്ടു. പ്രകടനക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചു. പക്ഷേ, അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റുന്ന വിധമായിരുന്നു ജനങ്ങളുടെ ഒഴുക്ക്. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ലാത്തി കൊണ്ടടിച്ചും ജലപീരങ്കി പ്രയോഗിച്ചും ലക്കും ലഗാനുമില്ലാതെ വെടിവെച്ചും പോലീസ് അവരെ നേരിട്ടു. നിരത്തുകളില്‍ നിരന്നോടിയവരെ നിരത്തിയടിച്ചും പോലീസ് വാഹനങ്ങള്‍ കൊണ്ട് ഇടിച്ചുവീഴ്ത്തിയും യുദ്ധക്കളങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ 225 യുവാക്കള്‍ പിടഞ്ഞു മരിച്ചു. 1368 പേര്‍ക്ക് പരിക്കേറ്റു.
ചുരുക്കത്തില്‍ ഇവിടെ ഹാജരാക്കപ്പെട്ട ഈ പ്രതികള്‍ ഭൂമിയില്‍ നാശം വിതച്ചവരാണ്. അതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യവേദത്തിലെ ഒരു വചനത്തോടെ ഞങ്ങള്‍ ഈ വാദം അവസാനിപ്പക്കട്ടെ: ''അക്രമികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് ധരിക്കരുത്. അവരുടെ കണ്ണുകള്‍ നിലയിലാവുന്ന ഒരുനാള്‍ വരെ അവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം