Prabodhanm Weekly

Pages

Search

2012 ജനുവരി 28

പ്രശ്‌നവും വീക്ഷണവും

എം.വി മുഹമ്മദ് സലീം

വസ്വിയ്യത്ത് മാറ്റി എഴുതാമോ?

എന്റെ ഉടമസ്ഥതയിലുള്ള 20.15 സെന്റ് സ്ഥലം മകന് വീടുണ്ടാക്കാന്‍ 2004-ല്‍ ഞാന്‍ രജിസ്റര്‍ ചെയ്തുകൊടുത്തിരുന്നു. അന്ന് വില നിശ്ചയിക്കുകയോ പണം വാങ്ങുകയോ ചെയ്തിരുന്നില്ല. എന്നാല്‍ 2005-ല്‍ ഞാന്‍ ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പായി എല്ലാ ബാധ്യതകളും ശരിപ്പെടുത്തുന്ന കൂട്ടത്തില്‍ മേല്‍ പറഞ്ഞ രജിസ്റര്‍ സംബന്ധിച്ച് താഴെ പറയുന്ന പ്രകാരം വസ്വിയ്യത്ത് എഴുതിവെക്കുകയും അക്കാര്യം മകനെ രേഖാമൂലം അറിയിക്കുകയുമുണ്ടായി.
"വസ്തുവില സെന്റിന് 15000 രൂപ പ്രകാരം മൊത്തം 3,05400 രൂപ ആയിരിക്കും. പ്രസ്തുത സംഖ്യ എന്റെ ജീവിതകാലത്ത് തരാന്‍ കഴിയാതെ വന്നാല്‍ എന്റെ മരണശേഷം അനന്തരമായി ലഭിക്കാന്‍ അര്‍ഹതപ്പെട്ടത് കഴിച്ച് ബാക്കി വരുന്ന സ്ഥലമോ അതിന്റെ വിലയോ മറ്റവകാശികള്‍ക്ക് കൊടുക്കേണ്ടതാണ്.''
ഇപ്പോള്‍ പ്രശ്നമിതാണ്: മേല്‍ വ്യവസ്ഥ പ്രകാരം മകന്‍ ഇതുവരെ ഒരു പൈസ പോലും തന്നിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പോലും തരാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. 2005-ല്‍ സെന്റിന് 15000 രൂപ വില കെട്ടിയ വസ്തുവിന് ഇന്ന് ഒന്നര ലക്ഷമാണ് മാര്‍ക്കറ്റ് വില. ഇത് പ്രകാരം 20.15 സെന്റിന് 30 ലക്ഷത്തില്‍ പരം സംഖ്യ ഉണ്ടാവുമല്ലോ. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഇത്രയും വില വരുന്ന വസ്തു ഒരു മകന് മാത്രമായി കൊടുക്കുന്നത് ശറഅ് പ്രകാരം തെറ്റും അന്യായവുമല്ലേ. മറ്റു മക്കള്‍ക്കും തത്തുല്യമായി കൊടുക്കാനുണ്ടെങ്കില്‍ പ്രശ്നമില്ലായിരുന്നു. എന്റെ കൈവശം ഇനി 67 സെന്റ് ഭൂമി മാത്രമാണുള്ളത്. 4 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ഭാര്യയും നിലവിലുണ്ട് താനും. ഈ പശ്ചാത്തലത്തില്‍ വസ്വിയ്യത്ത് മാറ്റി എഴുതാന്‍ അനുവദനീയമാണോ? അനുവദനീയമെങ്കില്‍ ഞാനകപ്പെട്ട പ്രശ്നപരിഹാരത്തിന് യുക്തമായ മാര്‍ഗം നിര്‍ദേശിച്ചുതരണമെന്ന് അപേക്ഷിക്കുന്നു.
ചോദ്യകര്‍ത്താവിന്റെ വിവരണത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കി പറയാം:
1. മകന് വീടുണ്ടാക്കാന്‍ പിതാവ് തന്റെ സ്ഥലത്തില്‍നിന്ന് ഒരു ഭാഗംകൊടുക്കാന്‍ ധാരണയായി.
2. സ്ഥലത്തിന്റെ അതിര് നിര്‍ണയിച്ച് രജിസ്റര്‍ ചെയ്തുകൊടുത്തു. അന്ന് വില നിര്‍ണയിക്കുകയോ വിലയൊടുക്കേണ്ട സമയം നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല.
3. ഹജ്ജിനു പോകാന്‍ തീരുമാനിച്ചപ്പോഴാണ് ഇടപാടിന് വ്യക്തമായ രൂപമുണ്ടാക്കിയത്. വില നിര്‍ണയിച്ചതും അത് കൊടുക്കാന്‍ കഴിയാതെ വന്നാല്‍ സ്വീകരിക്കേണ്ട രീതി വിവരിച്ചതും അപ്പോഴാണ്. ഈ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വസ്വിയ്യത്ത്.
4. ഹജ്ജ് കഴിഞ്ഞ് തിരിച്ചുവന്ന ശേഷം ഇപ്പോള്‍ അഭിപ്രായം മാറാന്‍ രണ്ട് കാരണങ്ങള്‍ പറയുന്നു. ഒന്നാമതായി വിലയിലേക്ക് ഒരു സംഖ്യയും അടച്ചിട്ടില്ല. രണ്ടാമതായി വില ഇപ്പോള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. അതിനാല്‍ മറ്റനന്തരാവകാശികള്‍ക്ക് ലഭിക്കാത്ത ആനുകൂല്യമാവും ഈ മകന് കിട്ടുക.
ചോദ്യകര്‍ത്താവിനറിയേണ്ടത് വസ്വിയ്യത്ത് മാറ്റി എഴുതാന്‍ ശര്‍ഇല്‍ അനുവാദമുണ്ടോ എന്നതാണ്. സംഭവത്തില്‍ പല അസ്വാഭാവികതകളുള്ളത് പരാമര്‍ശിക്കുന്നത്, വായനക്കാര്‍ക്ക് പ്രയോജനകരമാവും. ഇസ്ലാമിക നിയമവ്യവസ്ഥയില്‍ മക്കളുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കാനാവശ്യപ്പെട്ട വിഷയം അവര്‍ക്കിടയില്‍ സമത്വവും നീതിയും പാലിക്കുക എന്നതാണ്. സ്വത്തിന്റെ ഒരു വിഹിതം മക്കളിലൊരാള്‍ക്ക് വിലയ്ക്ക് നല്‍കുന്നതിന് നേര്‍ക്കു നേരെ നിരോധമൊന്നും വന്നിട്ടില്ല. എന്നാല്‍ ഭൂമിയുടെ വില വര്‍ധിച്ചുവരുന്നതിനാല്‍ പില്‍ക്കാലത്ത് ഈ വില്‍പനയും ഇതര അനന്തരാവകാശികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്ന പ്രശ്നമാവാം. ഇതെല്ലാം ശ്രദ്ധിച്ചു മാത്രമേ ഇത്തരം ഇടപാടുകള്‍ ചെയ്യാന്‍ പാടുള്ളൂ.
ചോദ്യകര്‍ത്താവ് സ്ഥലം നല്‍കിയത് വില്‍പനയാണെന്ന് മനസ്സിലാക്കുന്നത് ഒരു വര്‍ഷത്തിനു ശേഷം വസ്വിയ്യത്ത് തയാറാക്കുമ്പോള്‍ രേഖപ്പെടുത്തിയ കാര്യങ്ങളില്‍ നിന്നാണ്. ഇടപാട് നടക്കുമ്പോള്‍ തന്നെ വിലയും അവധിയും നിര്‍ണയിക്കുക എന്നതാണ് ഇസ്ലാമിക രീതി. ഇതൊന്നും നടക്കുന്നതിനു മുമ്പ് രജിസ്റര്‍ ചെയ്തുകൊടുത്തതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല. വസ്വിയ്യത്തില്‍ തന്നെ, വില അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അനന്തരാവകാശവുമായി ബന്ധിപ്പിച്ച് കണക്ക് ശരിപ്പെടുത്താന്‍ രേഖപ്പെടുത്തിയത് പിന്നീട് പറയുന്ന ഒരു പൈസയും തന്നിട്ടില്ല എന്നതിനോട് ഒട്ടും യോജിക്കാത്ത മാനസികാവസ്ഥയാണല്ലോ. ഇത്തരം അപാകതകള്‍ ഇടപാടുകളില്‍ സംഭവിക്കാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വസ്വിയ്യത്ത് ഭാഗികമായോ പൂര്‍ണമായോ മാറ്റാനും റദ്ദ് ചെയ്യാനും ഇസ്ലാമില്‍ അനുവാദമുണ്ടെന്നാണ് കര്‍മശാസ്ത്രജ്ഞന്മാരെല്ലാം ഏക കണ്ഠമായി അഭിപ്രായപ്പെടുന്നത്.

ബിസിനസില്‍ പണമിറക്കല്‍
പലിശയാകുമോ?
ഈ അടുത്ത കാലത്ത് ഒരു പുതിയ ബിസിനസ് സംസ്കാരം രംഗം കൈയടക്കുകയാണ്. നഷ്ടങ്ങള്‍ ബാധ്യതയായിത്തീരാത്ത, കൃത്യമായി വിതരണം ചെയ്യപ്പെടുന്ന ലാഭമാണ് അതിന്റെ ജനകീയതക്ക് കാരണം. മൂന്നോ അഞ്ചോ ലക്ഷങ്ങള്‍ കച്ചവടത്തില്‍ പങ്ക് എന്ന നിലക്ക് ശേഖരിക്കുന്നു. ഒരു നിശ്ചിത സംഖ്യ പ്രതിമാസം ലാഭവിഹിതമായി തരാം എന്ന വ്യവസ്ഥയിലായിരിക്കും ഈ ഇടപാട്. ഈ ഇടപാടിന്റെ ഇസ്ലാമിക മാനം എന്താണ്? ഇത് പലിശയുടെ ഒരു രൂപാന്തരമല്ലേ?

പണം കടം കൊടുത്ത് ലാഭം ഈടാക്കുന്നതാണ് പലിശ. ഇസ്ലാമത് കര്‍ക്കശമായി നിരോധിച്ചിരിക്കുന്നു. അത് കച്ചവടത്തിന്റെ രൂപത്തില്‍ ചെയ്താല്‍ അനുവദനീയമാവുകയില്ല. 'ഒരാള്‍ ഒരിടപാടില്‍ മറ്റൊന്നു കൂടി ചേര്‍ത്താല്‍ അതില്‍ കുറഞ്ഞതാണയാള്‍ സ്വീകരിക്കേണ്ടത്.അല്ലെങ്കില്‍ അയാള്‍ക്ക് പലിശ വാങ്ങിയ പാപമുണ്ടാകും' എന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. ഒരു വസ്തു വില്‍ക്കുമ്പോള്‍ ഇതിന് റൊക്കം പണം തന്നാല്‍ ആയിരം രൂപ വിലയാണ്, ഒരു മാസം കഴിഞ്ഞാണ് പണം തരുന്നതെങ്കില്‍ 1100 രൂപ വേണം എന്ന കരാറില്‍ കച്ചവടം നടത്തിയാല്‍ ആയിരം രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് പലിശയാണെന്ന് സാരം.
എന്നാല്‍, ബിസിനസില്‍ പണമിറക്കുന്നത് വ്യത്യസ്തമായ ഒരു രീതിയാണ്. ഇതിലും അബദ്ധങ്ങള്‍ വരാവുന്ന രൂപങ്ങളുണ്ട്. അതിനാല്‍ സാധുവായ രീതി വിശദീകരിക്കാം.
ലാഭകരമായി നടക്കുന്ന, സ്ഥിരപ്രതിഷ്ഠ ലഭിച്ച ഒരു ബിസിനസില്‍ വില്‍പന വര്‍ധിപ്പിച്ചാല്‍ ലാഭശതമാനം കൂടും. മിക്ക ബ്രാന്റ് ഉല്‍പന്നങ്ങളിലും ഇതുണ്ടാവാം. വില്‍പന വികസിപ്പിക്കാന്‍ വേണ്ട പണമിറക്കുന്ന വ്യക്തിക്ക് ലാഭത്തില്‍ ഒരു പങ്ക് നല്‍കുന്ന രീതിയാണ് ചോദ്യത്തില്‍ സൂചിപ്പിച്ചത്. ഇതില്‍ ഇസ്ലാമിക ദൃഷ്ട്യാ യാതൊരു തെറ്റുമില്ല. കച്ചവടം നഷ്ടത്തിലാവാന്‍ സാധ്യതയുണ്ടാവണമെന്ന ഒരു നിബന്ധന ശറഇലില്ല. എന്നാല്‍ ഇത്തരം ഇടപാടുകള്‍ ലാഭം ലഭിക്കാനല്ല മൂലധനം നഷ്ടപ്പെടാനാണ് ഇടവരുത്താറ്. അതൊഴിവാക്കാന്‍ താഴെ വരുന്ന നിബന്ധനകള്‍ പാലിച്ചാല്‍ ഈ ഇടപാട് തീര്‍ത്തും സാധുവാകുന്നു.
1. കച്ചവട വസ്തുക്കളും ഇടപാട് രീതിയും ഇസ്ലാമികമായി അനുവാദമുള്ളതാവണം.
2. പണമിറക്കുന്നത് വ്യക്തമായി രേഖപ്പെടുത്തിയ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം. കരാര്‍ നിയമപ്രാബല്യമുള്ളതാവണം.
3. കരാറില്‍ അംഗീകാരമുള്ള രണ്ട് സാക്ഷികള്‍ ഒപ്പു വെക്കുകയും കരാര്‍ പാലിക്കാന്‍ ജാമ്യം നില്‍ക്കുകയും വേണം.
4. ബിസിനസിന്റെ വിശദ വിവരമറിയാനും സ്ഥിതിഗതികള്‍ നേരില്‍ കണ്ട് ഉറപ്പുവരുത്താനും പണമിറക്കുന്ന വ്യക്തിക്ക് അവസരമുണ്ടാവണം.
5. വാര്‍ഷിക കണക്കെടുപ്പ് പരിശോധിച്ച് ബിസിനസിന്റെ പുരോഗതി രേഖപ്പെടുത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പണമിറക്കിയ വ്യക്തിക്ക് ലഭ്യമാക്കണം.

ഇന്‍കം ടാക്സും സകാത്തും
ഇന്‍കം ടാക്സ് കൊടുക്കുന്ന ഒരു മുസ്ലിം സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണോ?
ഒരാള്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാകുന്നത് അയാളുടെ വരുമാനം ഒരു നിശ്ചിത തുക (നിസാബ്) തികയുമ്പോഴാണ്. മറ്റൊരു ഭാഷയില്‍ അയാള്‍ ഐശ്വര്യവാനാകുമ്പോഴാണ്. ഈ തുക 85 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യമാണെന്ന് ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ തുക ഒരു വര്‍ഷക്കാലം കൈയിലുണ്ടാകുമ്പോള്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുകയുള്ളൂ എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരും നാല് മദ്ഹബുകളുടെ ഇമാമുകളും അഭിപ്രായപ്പെടുന്നത്.
ആദായനികുതി നിര്‍ബന്ധമായ ചെലവുകളില്‍ ഒരിനമാണ്. നിര്‍ബന്ധമായ ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന ധനത്തിനാണ് സകാത്ത് നല്‍കേണ്ടത് എന്നതാണ് പണ്ഡിത മതം. അതിനാല്‍ ആദായ നികുതി കൊടുക്കുന്നവര്‍ കഴിച്ച് ബാക്കിയുള്ള ധനം നിസാബെത്തിയാല്‍ അതിന് സകാത്ത് കൊടുക്കണം. നികുതികളൊന്നും സകാത്ത് ഒഴിവാകാനുള്ള കാരണമല്ല. ഇസ്ലാമിക രാഷ്ട്രത്തില്‍ സകാത്തിനു പുറമെ നികുതികള്‍ ചുമത്താന്‍ ഭരണാധികാരിക്ക് അധികാരമുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിന്റെ മറ്റു വരുമാന മാര്‍ഗങ്ങള്‍ക്ക് പുറമെയാണിത്.

കച്ചവടം മുടക്കാന്‍ പാടുണ്ടോ?
ഒരാള്‍ കച്ചവടം ചെയ്ത സ്ഥലം മറ്റൊരാള്‍ക്ക് മുടക്കാന്‍ പാടുണ്ടോ? അതിന്റെ വിധിയെന്ത്?

സാഹോദര്യത്തിന് ഭംഗം വരുന്ന ഒരു കാര്യവും ഇടപാടുകളില്‍ ഉണ്ടാവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഒരാള്‍ വാങ്ങിയ വസ്തുവിന്റെ വില്‍പന മുടക്കുന്നതും മറ്റൊരാള്‍ ഇടക്ക് കയറി പ്രസ്തുത വസ്തു വാങ്ങുന്നതും ഹറാമാകുന്നു. നിഷിദ്ധമായ മാര്‍ഗത്തില്‍ നടത്തുന്ന ഇടപാടുകള്‍ സാധുവല്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഇടപാട് സാധുവാണ്, എന്നാല്‍ ഹറാം ചെയ്തതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന വീക്ഷണമാണ് ചില പണ്ഡിതന്മാരുടേത്.

ദമ്പതികള്‍ ചെലവാക്കുന്ന ധനം?
ദമ്പതികള്‍ നിരുപാധികം ചെലവഴിക്കുന്ന സ്വത്ത് തിരിച്ചുചോദിക്കാനും പിന്നീട് വാങ്ങാനും പാടുണ്ടോ?

കുടുംബത്തിന്റെ ചെലവ് വഹിക്കാനുള്ള നിയമപരമായ ബാധ്യത ഭര്‍ത്താവിനാണ്. ഭാര്യക്ക് ബാധ്യതയില്ല. അവള്‍ ചെലവ് വഹിക്കുമ്പോള്‍ ഭര്‍ത്താവ് പിന്നീട് തിരിച്ചുകൊടുക്കണമെന്ന് നിബന്ധന വെക്കാം. അപ്പോള്‍ ഭര്‍ത്താവ് തിരിച്ചുകൊടുക്കാന്‍ ബാധ്യസ്ഥനാകും.
ഇങ്ങനെ ഒരു നിബന്ധനയുമില്ലാതെ സ്വമേധയാ കുടുംബത്തിന്റെ ചെലവ് വഹിക്കാന്‍ ഭാര്യ മുന്നോട്ടുവരുന്നതിന്റെ അര്‍ഥം അവള്‍ സ്വമനസ്സാലെ ഭര്‍ത്താവിന്റെ ഭാരം കുറക്കാന്‍ സമ്മതിച്ചു എന്നതാണ്. മറ്റൊരര്‍ഥത്തില്‍ പുണ്യം ലഭിക്കുന്ന ഒരു ദാനമാണത്. ദാനം ഒരിക്കലും തിരിച്ചുവാങ്ങാന്‍ പാടില്ല എന്ന് ഇസ്ലാം അനുശാസിക്കുന്നു.

സ്ഥലം കച്ചവടം ചെയ്താല്‍?
ഭാര്യ എന്ന പരിഗണനയില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് സ്ഥലം വിറ്റു. പക്ഷേ, മറ്റൊരാളുടെ പേരില്‍ രജിസ്റര്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതിനാല്‍ കച്ചവടത്തില്‍ നിന്ന് പിന്മാറുന്നതിന്റെ വിധിയെന്ത്?
സ്ഥലം വില്‍ക്കുമ്പോള്‍ അന്യോന്യം ഒരു കരാര്‍ എഴുതി സൂക്ഷിക്കുക പതിവാണ്. പ്രസ്തുത കരാറില്‍ ഒപ്പിടുമ്പോള്‍ വാങ്ങിയ വ്യക്തിക്കോ അയാള്‍ നിര്‍ദേശിക്കുന്ന മറ്റൊരാള്‍ക്കോ രജിസ്റര്‍ ചെയ്തുകൊടുക്കണമെന്ന ഒരു നിബന്ധന എഴുതിച്ചേര്‍ക്കും. ഈ നിബന്ധനയുണ്ടെങ്കില്‍ ചോദ്യകര്‍ത്താവുന്നയിച്ച 'ഭാര്യ എന്ന പരിഗണനയില്‍' കുറഞ്ഞ വിലയ്ക്ക് വിറ്റതാണെങ്കിലും കരാര്‍ പാലിക്കേണ്ടതാണ്.
ഇങ്ങനെ ഒരു കരാറില്ലെങ്കില്‍ കച്ചവടം റദ്ദ് ചെയ്യുന്നതിന് വിരോധമില്ല. ഭാര്യ സമര്‍ഥയാണെങ്കില്‍ അവളുടെ പേരില്‍ രജിസ്റര്‍ ചെയ്തു വാങ്ങിയ ശേഷം മറ്റാര്‍ക്കു വേണമെങ്കിലും വില്‍ക്കാമല്ലോ. അതിനാല്‍ അത് തടയാനുള്ള രീതിയാണ് കച്ചവടം ഒഴിയുക എന്നത്. ഭാര്യാ ഭര്‍തൃ ബന്ധം പവിത്രമാണ്. ചെറിയ താല്‍പര്യങ്ങള്‍ ആ ബന്ധത്തിന് വിഘാതമാവാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഫോണ്‍: 9746202597
msaleemmv@gmail.com

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം