Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും

വി.കെ ശൗക്കത്ത്

പല മതങ്ങളും ജാതികളും വ്യത്യസ്ത സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വിസ്മയപൂര്‍ണമായ ഈ ബഹുസ്വരത ഇന്ത്യയുടെ മാത്രം സൗന്ദര്യമാണ്. അതില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനം കൊള്ളുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന പ്രതിസന്ധികള്‍ പൗരസമൂഹം തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായി രൂപപ്പെട്ടുവന്ന പുതിയ സാമ്പത്തികനയം മാറിവരുന്ന ഭരണകൂടങ്ങളെ ദുര്‍ബലമാക്കുകയും പൗരസമൂഹത്തെ അരക്ഷിതബോധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ഇന്ത്യ പൂര്‍ണമായും കമ്പോളവല്‍ക്കരിക്കപ്പെടുകയും ഭരണകൂടത്തിന്റെ ഒത്താശയോടെ ലോകത്തുള്ള എല്ലാത്തരം കുത്തക കമ്പനികളും രാജ്യത്തേക്ക് കടന്നുവരികയും ചെയ്തു. അങ്ങനെ ഭരണകൂടം കുത്തകകള്‍ക്കുവേണ്ടി നിലകൊള്ളുന്നവരായി. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവരുടെ അജണ്ടകള്‍ പൗരസമൂഹത്തിനുമേല്‍ ഏകപക്ഷീയമായി നടപ്പാക്കുകയും ചെയ്തു. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ഭരണകൂടം അവഗണിക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്ടി. നടപ്പാക്കിയതിലുള്ള അപാകതയും, തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനവും  ഒരു ജനാധിപത്യ രാജ്യത്തുണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇന്ന് രാജാക്കന്മാര്‍പോലും അവരുടെ പ്രജകളെ ഭയപ്പെടുന്നു. പ്രജകളെ പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. അതേസമയം ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി  ഒരു രാത്രി ആരുമറിയാതെ  പൗരന്റെ കൈയിലുള്ള കറന്‍സി റദ്ദ് ചെയ്യുക വഴി ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ചെയ്തത്.

എന്തുകൊണ്ടാണ് ഭരണകൂടം ഇത്തരം നിലപാടുകളിലേക്ക് എത്തിച്ചേരുന്നത്? കോര്‍പറേറ്റുകള്‍ സമ്പൂര്‍ണമായി ഭരണകൂട സ്ഥാപനങ്ങളെ സ്വാധിനിച്ചുവെന്നതാണ് കാരണം. അതായത് ലാഭത്തിന്റെയും നഷ്ടത്തിന്റെയും അടിസ്ഥാനത്തില്‍ കൊടുക്കല്‍-വാങ്ങല്‍ നടത്തുന്ന ഒരു സംരംഭകന്റെ റോളിലേക്കു ഭരണകൂടം എന്ന സ്ഥാപനത്തെ മാറ്റിയെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ഭരണകൂടം ഉപഭോകതാവ് എന്ന തലത്തില്‍ പൗരനെ കാണുകയും ഇടപെടുകയും ചെയ്യുന്നത്, ആധാറെന്ന ഒറ്റ കാര്‍ഡിലേക്ക് പൗരന്റെ എല്ലാ ഇടപാടുകളും ബന്ധിപ്പിക്കുകയും അങ്ങനെ പൗരനെ സമ്പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്യുന്നത്. ഭരണകൂടം ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുമ്പോഴുണ്ടാകുന്ന ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വരുംനാളില്‍ കൂടുതല്‍ അനുഭവിക്കാനിരിക്കുന്നേയുള്ളൂ.

ഇന്ത്യയിലെ വലിയൊരു ജനവിഭാഗം പൊതുമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. പൊതുമേഖലയില്‍നിന്നുള്ള ഭരണകൂട പിന്മാറ്റം അവര്‍ക്കു വലിയ തിരിച്ചടിയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം അനുദിനം വര്‍ധിക്കുന്നു. വിഭവങ്ങളില്ലാത്തവര്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്ന മുതലാളിത്ത തത്ത്വം ഭരണകൂടം നടപ്പിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കേണ്ടിവന്നത്. പാവങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരാതുരാലയത്തില്‍ വേണ്ടത്ര ചികിത്സാ സൗകര്യം ഇല്ലാതിരിക്കുകയും അപ്പുറത്ത് കോര്‍പറേറ്റുകള്‍ക്കു വേണ്ടി എല്ലാ സൗകര്യവും തുറന്നുവെക്കുകയും ചെയ്യുന്നുവെന്ന വൈരുധ്യം എല്ലാ മേഖലകളിലും പ്രകടമാണ്. പൗരസമൂഹം ഇത് തിരിച്ചറിയണം.

സ്വതന്ത്ര ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി ഫാഷിസത്തിന്റെ കടന്നുകയറ്റം എല്ലാ മേഖലയിലും മൂര്‍ത്തരൂപം കൈക്കൊള്ളുന്നുവെന്നതാണ്. അധികാരം കൈപ്പിടിയിലൊതുക്കാന്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരസമൂഹത്തെ വിഭജിക്കുകയും നിങ്ങളും ഞങ്ങളും എന്ന സങ്കുചിത ബോധത്തില്‍ പൗരസമൂഹത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ വന്നവരാണെന്നും ഞങ്ങള്‍ ഇവിടെ ഉള്ളവരാണെന്നുമുള്ള വേര്‍തിരിവ് ശക്തമാക്കുന്നു. അങ്ങനെ വിഘടനവാദത്തിന്റെ കലാപസമാനമായ അന്തരീക്ഷം രൂപപ്പെടുത്തി അധികാരം വാഴുന്ന ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഒരു മതേതരചേരി ശക്തിപ്പെടുകയെന്നത് കാലഘട്ടത്തിന്റെ തേട്ടമാണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മറ്റു ജാതി വിഭാഗങ്ങളും ചേര്‍ന്ന ബഹുസ്വരത ഇന്ത്യയുടെ മാത്രം സൗന്ദര്യമാണ്. ഈ സൗന്ദര്യം നഷ്ടപ്പെട്ടാല്‍ ഇന്ത്യയെന്ന രാജ്യം തന്നെ ലോകത്തെ ഭൂപടത്തില്‍നിന്ന് ഇല്ലാതാകും.

പക്ഷേ, ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും  ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ഈ യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴാണ് മതേതരചേരിയുടെ മുന്നേറ്റം സാധ്യമാവുകയുള്ളൂ.

 

 

വിട്ടുപോയത്

ഒറ്റപ്പെടലിന്റെ വേദന തിന്നുന്നവരുടെ തീവ്രമായ അനുഭവങ്ങള്‍ കോറിയിട്ട ലേഖനം(ലക്കം 3024) ആരുടെയും മനസ്സിളക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കാപ്പാട് സ്‌നേഹതീരം ലേഖകന്‍ പരാമര്‍ശിച്ചുകണ്ടില്ല. കാപ്പാട് എന്ന സ്ഥലത്ത് അബ്ദുല്ലക്കോയ കണ്ണങ്കടവ്, ബശീര്‍ പാടത്തൊടി എന്നിവരുടെ നേതൃത്വത്തില്‍ വളരെ നല്ല നിലയില്‍ നടക്കുന്ന പ്രസ്തുത സ്ഥാപനം ഇതിനകം തന്നെ ജനശ്രദ്ധ നേടിയതാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ധാരാളം സന്ദര്‍ശകര്‍ ദിനേന അവിടെ എത്തുന്നുണ്ട്. 

മുഹമ്മദ് കോയ കണ്ണങ്കടവ്

 

 

ഇസ്‌ലാമിക് ഫിനാന്‍സ് ദരിദ്രരുടെ അഭയമാണ്

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ഡോ. മുന്‍ദിര്‍ കഹ്ഫുമായുള്ള അഭിമുഖം (പ്രബോധനം 17 നവംബര്‍ 2017) ഗംഭീരമായി.

ഇസ്‌ലാമിക് ഫിനാന്‍സിനെ കുറിച്ച് ഔദ്യോഗിക ചര്‍ച്ചക്ക്  കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് തുടക്കമിട്ടിരുന്നു. പക്ഷെ ആ സംരംഭം മുന്നോട്ടു പോയില്ല. അപ്പോഴേക്കും വി. എസ് സര്‍ക്കാരിന്റെ കാലാവധി  അവസാനിച്ചു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇങ്ങനെയൊരു ആശയം തന്നെ കണ്ടും കേട്ടുമില്ല. ഇസ്‌ലാമിക് ഫിനാന്‍സ്, അഥവാ ഇസ്‌ലാമിക് ബാങ്ക് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പക്ഷേ കഴിഞ്ഞകാല കേന്ദ്ര സര്‍ക്കാരുകള്‍ക്ക്  ഇന്ത്യയില്‍ നടപ്പാക്കാമായിരുന്ന ഈ സംവിധാനത്തെക്കുറിച്ച ചര്‍ച്ച പോലും അക്കാലത്ത് ഗൗരവത്തില്‍ നടന്നില്ല.

എന്നാല്‍, ഇന്ന് ഡോ. മുന്‍ദിര്‍ കഹ്ഫ് കാണുന്ന ഇന്ത്യയുടെ രൂപമാകെ മാറിക്കഴിഞ്ഞു. ഇവിടെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമെല്ലാം ഒരു കുടക്കീഴില്‍ മഴയേല്‍ക്കാതെ ഒട്ടിപ്പിടിച്ചു നടന്നിരുന്ന കാലം വര്‍ഗീയവാദികള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇസ്‌ലാമിക് ബാങ്ക് എന്ന ആശയം മുളയിലേ തന്നെ നുള്ളിയെടുക്കാന്‍ ആര്‍.ബി.ഐ തയാറായതും ചില കോണില്‍നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ കാരണമാകാം. ശരിയായി നടപ്പിലാക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് അഭയമാകുമായിരുന്നു ഇസ്ലാമിക് ഫിനാന്‍സ്. പക്ഷേ തട്ടിപ്പിലും വെട്ടിപ്പിലും വഞ്ചനയിലും കുടുങ്ങി ആയിരങ്ങള്‍ കുത്തുപാളയെടുക്കുന്ന ഇപ്പോഴത്തെ ബാങ്കിംഗ് നിയമം, വര്‍ധിച്ചുവരുന്ന ബ്ലേഡ് കമ്പനികള്‍, അമിത പലിശ തുടങ്ങിയവയാണ് നമ്മുടെ അനുഭവത്തിലുള്ളത്. ഇവിടെയെല്ലാം വലിയ തിരുത്തലുകളുമായി എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയമാകുന്ന ഇസ്‌ലാമിക് ഫിനാന്‍സിന് ഇന്ത്യയില്‍ ഇനിയും സാധ്യതകള്‍ ഏറെയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിഷയം ഗൗരവപൂര്‍വം പരിഗണിക്കാന്‍ ആര്‍.ബി.ഐ തയാറാകണം. മുന്‍ദിര്‍ കഹ്ഫിന്റെ അഭിമുഖവും മറ്റും ഔദ്യോഗിക തലങ്ങളില്‍ എത്തിച്ച് ചര്‍ച്ചയാക്കണം.

അബ്ബാസ് ആനപ്പുറം, യാമ്പു

 

 

പ്രഭാഷണം പാടില്ല, സംസാരമാകാം!

കേരളത്തില്‍ നിരവധി മുസ്‌ലിം സംഘടനകളുണ്ട്. അവര്‍ ശ്രദ്ധിക്കേണ്ട, നിസ്സാരമെന്ന് ചിലര്‍ക്കെങ്കിലും തോന്നാവുന്ന എന്നാല്‍ ഗൗരവപ്പെട്ട ഒരു വിഷയമാണ് ബാങ്ക് സമയത്തെ സംസാരം. സമ്മേളന സമയങ്ങളിലെ ബാങ്കിനെ പറ്റിയാണ് പറയുന്നത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടക്കുമ്പോള്‍ ബാങ്ക് വിളി കേട്ടാല്‍ പ്രഭാഷകര്‍ പ്രസംഗം നിര്‍ത്തി വേദിയിലിരിക്കുകയും 'ഗൗരവമേറിയ' ചര്‍ച്ച നടത്തുകയും ചെയ്യുക പതിവാണ്. സദസ്യരുടെ കാര്യം പറയുകയും വേണ്ട. ബാങ്കുവിളി നടക്കുമ്പോള്‍ പ്രസംഗിക്കാന്‍ പാടില്ല, സംസാരിക്കാം എന്ന്  മനസ്സിലാക്കിയിട്ടാണോ ഇതെന്ന് കരുതി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ നമുക്ക് സമാധാനിക്കാം!

എന്നാല്‍ ഇതില്‍നിന്നൊട്ടും ഭിന്നമല്ല മുസ്‌ലിം മതസംഘടനകളുടെയും കാര്യം. മതസംഘടനകളുടെ പരിപാടികള്‍ നടക്കുമ്പോഴും ബാങ്കുവിളി കേട്ടാല്‍ പ്രഭാഷകര്‍ പ്രസംഗം നിര്‍ത്തും. വേദിയിലും സദസ്സിലും സംസാരം തുടങ്ങുകയും ചെയ്യും. ഈ പ്രവണത എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ മുസ്‌ലിം സംഘടനകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയ പോലെ ബാങ്കിന്റെ സമയത്ത് പ്രസംഗം പാടില്ല, സംസാരമാകാം എന്നു തന്നെയാണോ മതപണ്ഡിതന്മാരും മനസ്സിലാക്കിയിട്ടുള്ളത്?

കെ.പി അബൂബക്കര്‍ മുത്തന്നൂര്‍

 

 

സംസാരത്തിലെ സര്‍ഗാത്മകത

'പ്രഭാഷണം വൈകാരിക അപസ്മാരമാകരുത്', കെ.ഇ.എന്നിന്റെ സംസാരം വളരെ ശ്രദ്ധേയം. മറ്റൊരാളുടെ ശൈലികള്‍ കടമെടുക്കുന്നത് സര്‍ഗാത്മതകയല്ല. എല്ലാവര്‍ക്കും സ്വന്തം ശൈലികള്‍ തന്നെയാണ് സര്‍ഗാത്മകത. അപസ്മാര വൈകാരികതയുടെ പ്രകടനമായി മാറുന്ന പ്രസംഗങ്ങളുടെ നിമിഷോന്മാദ ലഹരിയില്‍, പൗരോഹിത്യം തളച്ചിട്ട മതപാമരനായ പണക്കാരന്റെ പോക്കറ്റ് തുറന്നേക്കാമെന്നു മാത്രം! ചിലരുടെ പറച്ചിലുകള്‍ക്ക് ഒന്നു ചെവികൊടുത്താല്‍ മതി അത് മനസ്സിനെ സ്വാധീനിക്കും. അതാണ് സംസാര സര്‍ഗാത്മകത. 'പ്രസംഗം അവസാനിക്കുന്നത് പ്രചോദനത്തിലാകണം' - ഇത് എത്രമാത്രം ശ്രദ്ധേയം!

അലവി വീരമംഗലം

 

 

ഭഗവത് ഗീത പറയുന്നത്

'ബാത്ത്പുര സംഭവം നല്‍കുന്ന പാഠം' എന്ന ശീര്‍ഷകത്തിലെ 10-11-2017-ന്റെ പ്രബോധനം വാരികയുടെ മുഖവാക്കാണീ കുറിപ്പിന് പ്രേരകം. 

ഇതിന് സമാനമായ ഒരു സംഭവം 1969-ല്‍ അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോഴുമുണ്ടായി. പശുവിന്റെ കാല്‍ വേര്‍പ്പെടുത്തി ആയത് ഒരു പ്രതിമയുടെ കഴുത്തില്‍ തൂക്കിക്കെട്ടി വര്‍ഗീയ ലഹളക്ക് തീ കൊളുത്താനായിരുന്നു പ്ലാന്‍. ഈ രംഗം കണ്ടുകൊണ്ടിരുന്ന ഒരു സിഖ് പെണ്‍കുട്ടി നിര്‍ഭയമായി നിയമപാലകരെയും തദ്ദേശവാസികളെയും ഇക്കാര്യം ബോധ്യപ്പെടുത്തിയതിനാല്‍ വലിയൊരു പ്രശ്‌നം ഒഴിവായി.

ഭഗവത് ഗീത 5-ാം അധ്യായം 18-ാം ശ്ലോകം ശ്രദ്ധിക്കുക: വിദ്യാ വിനയ സമ്പന്നേ ബ്രാഹ്മണേ ഗവിഹസ്തി നിശൂനി ചൈവശ്വ പാകെ ചപണ്ഡിതാഃ സമദര്‍ശിനഃ (ആത്മീയ ബോധോദയം ഉണ്ടായവര്‍ ബ്രാഹ്മണനെയും പശുവിനെയും പട്ടിയെയും അതിനെ ഭക്ഷിക്കുന്നവനെയും സമഭാവനയോടെ കാണുന്നവനാണ്). ഇതംഗീകരിക്കുന്നവര്‍, ഗോവധത്തെ എതിര്‍ക്കാനോ ഗോവധത്തിനോ തുനിയുകയില്ല.

എം.എ അഹ്മദ്, തൃക്കരിപ്പൂര്‍

 

 

മാതൃകാ സംരംഭങ്ങള്‍

ലക്കം 3021 കവര്‍ സ്റ്റോറികള്‍ ശ്രദ്ധേയമായി. മലര്‍വാടിയുടെ ജന്മവും വളര്‍ച്ചയുമെല്ലാം അറിയാത്തവര്‍ക്ക് നൂറുദ്ദീന്റെ എഴുത്ത് വലിയ സഹായം തന്നെ.

ഇന്ന് രോഗാതുരനായി കഴിയുന്ന അന്നത്തെ കര്‍മോത്സുകനായ സിദ്ദീഖ് ഹസന്‍ സാഹിബ് ഇതുപോലെ ജന്മം നല്‍കിയ ഒരുപാട് സംരംഭങ്ങള്‍ രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ച് മറ്റു പല സംഘടനകള്‍ക്കും മാതൃകയായി മാറിയിട്ടുണ്ട്. 

മമ്മൂട്ടി കവിയൂര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍