Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

പ്രവാചക നഗരിയിലേക്കൊരു വഴികാട്ടി

ഷാനവാസ് കൊടുവള്ളി

മദീനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായും സംക്ഷിപ്തമായും രേഖപ്പെടുത്തിയ കൃതിയാണ് ഇസ്‌ലാമിക് പബ്ലിംഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച മദീന മുനവ്വറ: ചരിത്രം വര്‍ത്തമാനം. മദീന സന്ദര്‍ശിക്കുന്ന ഏതൊരു തീര്‍ഥാടനകനും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്. എട്ടു വര്‍ഷം മദീനയില്‍ ജീവിച്ച് മദീനയെ വിശദമായി പഠിച്ച് ഹജ്ജിനെത്തുന്ന വിശ്വാസികള്‍ക്ക് മദീനയുടെ ചരിത്രപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അനുഭവബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ സൂക്ഷ്മതയോടെ തയാറാക്കിയ കൃതിയാണിത്. ഹാജിമാരില്‍ നിന്നുണ്ടായ ആവശ്യമാണ് ഇത്തരമൊരു ഉദ്യമത്തിന് ഗ്രന്ഥകാരന് പ്രചോദനം.
മദീനയുടെ ഭൂമിശാസ്ത്രവും ആദിമ ജനവിഭാഗങ്ങളും അവിടത്തെ ജീവിതോപാധികളുമെല്ലാമാണ് അടിസ്ഥാന വിവവരങ്ങളായി പ്രഥമ അധ്യായത്തില്‍. മൗലിക പ്രമാണങ്ങളായ ഖുര്‍ആനിലും ഹദീസിലും മദീനയെ പരാമര്‍ശിച്ച ഭാഗങ്ങള്‍ രണ്ടാം അധ്യായത്തില്‍ പരിചയപ്പെടുത്തുന്നു.
മദീനയിലേക്ക് തിരുനബിയും അനുചരന്മാരും നടത്തിയ പലായനം, മസ്ജിദുന്നബവിയുടെ തിണ്ണയില്‍ അറിവുതേടി ദരിദ്രരായി ജീവിച്ച അസ്വ്ഹാബുസ്സുഫ്ഫ, പ്രശസ്തരായ സ്വഹാബികളും അവരുടെ ഭവനങ്ങളും, സത്യവിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാര്‍, പ്രവാചകന്‍ അവര്‍ക്ക് നിര്‍മിച്ചുനല്‍കിയ വീടുകളും അവയുടെയെല്ലാം സ്ഥാനവും ഘടനയും വായനയിലൂടെ കടന്നുപോകുമ്പോള്‍ ആ മണ്ണില്‍, അവരുടെ ചാരത്തെവിടെയോ നാമുണ്ടെന്ന തോന്നലുണ്ടാക്കുന്നു.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രഥമ തലസ്ഥാനമെന്ന നിലയില്‍ അതിന്റെ ഭരണഘടന, മന്ത്രാലയങ്ങള്‍, സൈനിക രംഗം, നീതിന്യായം, സാമൂഹിക സാമ്പത്തിക രംഗങ്ങള്‍ എന്നിവയും ഗ്രന്ഥത്തില്‍ ചുരുക്കി വിവരിച്ചിട്ടുണ്ട്.
മസ്ജിദുന്നബവിയും അതിന്റെ നിര്‍മാണ വികാസ ഘട്ടങ്ങളും വിശദപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. സന്ദര്‍ശന മര്യാദകള്‍, അവിടത്തെ റമദാന്‍ സവിശേഷതകള്‍, മദീനാവാസികളുടെ ആതിഥ്യം, പഠന സംവിധാനങ്ങള്‍, ലൈബ്രറി എന്നിവ സവിശേഷം പ്രതിപാദിക്കുന്നു. പ്രവാചകന്റെ ഖബ്ര്‍ നിലനില്‍ക്കുന്ന സ്ഥലത്തിനല്ല അവിടുത്തെ വീടിനും മിമ്പറിനും ഇടയിലുള്ള സ്ഥാനത്തിനാണ് റൗദാ ശരീഫ് എന്ന് പറയുക. പ്രവാചകനെ ഖബ്‌റടക്കിയത് ആഇശ(റ)യുടെ വീട്ടിലായിരുന്നു. ഖബ്‌റുള്ള മുറിയില്‍ ഒരു മറയും കൂടാതെയായിരുന്നു അവര്‍ കുറെകാലം താമസിച്ചിരുന്നത്. പിതാവ് അബൂബക്‌റിനെ ഖബ്‌റടക്കിയപ്പോഴും അങ്ങനെ തന്നെ. ഉമറിന്റെ ഖബ്‌റടക്കത്തിനു ശേഷമാണ് ഒരു മറയിട്ടത്.
മദീനയില്‍ നടന്ന ഉഹുദ്, ഖന്ദഖ് യുദ്ധങ്ങളും അവയുടെ പശ്ചാത്തലവും പഠനാര്‍ഹമായ വിവരണമാണ്. മുസ്‌ലിംകള്‍ മദീനയില്‍ താവളമാക്കിയ ശേഷമാണ് കപടന്മാര്‍ രംഗപ്രവേശം ചെയ്തത്. അതിന്റെ കാര്യകാരണങ്ങളും മദീനയിലെ ജൂതചരിത്രവും പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലത്തൈന്‍, മസ്ജിദ് ഗമാമ, മസ്ജിദ് മീഖാത്ത്, മസ്ജിദ് ജുമുഅ, മസ്ജിദ് മുസ്തറാഹ്, മസ്ജിദ് ഫത്ഹ്, മസ്ജിദ് ഇജാബ, മസ്ജിദ് അബൂദര്‍റ് തുടങ്ങി മദീനയിലെ പള്ളികളുടെ നിര്‍മാണ പശ്ചാത്തലവും ഓരോന്നിന്റെയും ചരിത്ര പ്രാധാന്യവും തീര്‍ഥാടകര്‍ ഓര്‍ത്തുവെക്കേണ്ടതാണ്. പ്രവാചകന്‍ വിടപറഞ്ഞപ്പോള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടുത്ത അധിപതിയെ തെരഞ്ഞെടുക്കാന്‍ സ്വഹാബികള്‍ സംഗമിച്ച സഖീഫ ബനൂസാഇദ, അസ്മാഇന്റെ പുത്രന്‍ ഉര്‍വതുബ്‌നു സുബൈറിന്റെ വീട്, പള്ളി, കിണര്‍, നബ്ഹാര്‍ ഗോത്രക്കാരനും സമ്പന്നനും ജൂത അറബികവിയുമായിരുന്ന കഅ്ബുബ്‌നു അശ്‌റഫിന്റെ കോട്ട, ഇസ്‌ലാമിക നാഗരകതയുടെ ചരിത്രാവശിഷ്ടമായ ഹിജാസ് റെയില്‍വെ, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ്, മദീനയിലെ താഴ്‌വരകള്‍, കിണറുകള്‍, മലകള്‍ തുടങ്ങിയവയും ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.
പ്രവാചക നഗരിയോട് വിടപറയുന്ന വിശ്വാസിയുടെ മനോവ്യഥ അനുഭവിച്ചാണ് പുസ്തകം അവസാനിക്കുന്നത്. കക്ഷിത്വങ്ങള്‍ക്കതീതമായി മദീനയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന അവിടത്തെ പൊതു കൂട്ടായ്മയിലെ ഓരോ ആത്മസുഹൃത്തിനുമാണ് ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. തിരുനബിയുടെ പാദ സ്പര്‍ശമേറ്റ മദീനയുടെ മണല്‍ത്തരിയിലൂടെ ഹൃദയം തുറന്നും കണ്ണു നിറഞ്ഞും ചുവടുവെച്ച് കടന്നുപോകാന്‍ പ്രാപ്തിയേകുന്ന വായന ഈ പുസ്തകം പ്രദാനം ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം