Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

മുസ്‌ലിം അപരന്‍ നിര്‍മിക്കപ്പെടുന്നവിധം

ടി.കെ.എം ഇഖ്ബാല്‍

ഇന്ത്യയിലെ ഓരോ മുസ്‌ലിമും മീഡിയയുടെയോ ഭരണകൂടത്തിന്റെയോ ഒളിക്യാമറ കൊണ്ട് ഏതു നിമിഷവും നിരീക്ഷിക്കപ്പെടാം എന്ന നിലയിലേക്ക് ഇസ്‌ലാമോഫോബിയ വളരുകയാണോ? സ്വകാര്യ സംഭാഷണത്തില്‍ ഒരു മുസ്‌ലിം പുരുഷനോ സ്ത്രീയോ കളിയായോ കാര്യമായോ പറയുന്ന വാക്കുകള്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ചോര്‍ത്തിയെടുത്ത് ലോകത്തെ കേള്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടം നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്? മുസ്‌ലിംകള്‍ക്കിടയിലെ തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന വ്യക്തികളും സംഘങ്ങളും മാത്രമല്ല നിരീക്ഷണ പരിധിയില്‍ ഉള്ളത്. ഏതു മുസ്‌ലിമിലും ഒരു തീവ്രവാദി/ഭീകരവാദി/ ദേശവിരുദ്ധന്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അവരെല്ലാം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടേണ്ടവരാണെന്നുമുള്ള പ്രചാരണത്തിന് സ്വീകാര്യത വര്‍ധിച്ചുവരുന്നു. പരസ്യമായ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന തീവ്രവാദി സംഘങ്ങളുടെ രഹസ്യ കേന്ദ്രങ്ങളിലേക്ക് ആരുടെയും ഒളിക്യാമറകള്‍ കടന്നുചെല്ലാത്തതെന്ത് എന്ന ചോദ്യം ഉന്നയിക്കപ്പെടാതെ പോകുന്നു.

മതപരിവര്‍ത്തനം മുതല്‍ താജ്മഹല്‍ വരെ, കേരളത്തിന് അകത്തും  പുറത്തും മുസ്‌ലിംകളുമായി ബന്ധപ്പെട്ട് നടക്കുന്ന അതിവൈകാരികമായ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ സംഘ് പരിവാര്‍ കാലത്ത് മുസ്‌ലിം അപരന്‍ നിര്‍മിക്കപ്പെടുന്നതെങ്ങനെ എന്ന് കൃത്യമായി തിരിച്ചറിയാന്‍ കഴിയും. അപര നിര്‍മിതിയുടെ അനുബന്ധമായി വരുന്നതാണ് എല്ലാ തിന്മകളുടെയും സാകല്യമായി അപരനെ ചിത്രീകരിക്കുന്ന പിശാചുവത്കരണം (Demonisation).

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് മുസ്‌ലിംകളെ അരികുകളിലേക്ക് തള്ളിമാറ്റുന്ന അപരവത്കരണം ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് തുടങ്ങിയതാണ്. നാനാതരം ജാതികളും സമുദായങ്ങളുമായി ചിതറിക്കിടന്ന ഇന്ത്യന്‍ ജനതയിലെ മഹാ ഭൂരിപക്ഷത്തെ ഇപ്പോഴും കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഹിന്ദുക്കള്‍ എന്ന മതാത്മകമായ ഒരു കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അവരുടെ എതിര്‍സ്ഥാനത്ത് മുസ്‌ലിംകളെ പ്രതിഷ്ഠിക്കുന്ന ചരിത്ര, സാമൂഹിക വിശകലന രീതി തുടങ്ങിവെച്ചത് ബ്രിട്ടീഷുകാരാണ്. കൊളോണിയലിസത്തിനെതിരെ പോരാടിയ മുസ്‌ലിംകളെ പിശാചുവത്കരിച്ച ബ്രിട്ടീഷ് ചരിത്രരചനയില്‍നിന്നാണ് മുസ്‌ലിം അപരനെ നിര്‍മിക്കാനുള്ള ഉപാദാനങ്ങള്‍ സംഘ് പരിവാര്‍ കണ്ടെടുക്കുന്നത്.

 

എന്തുകൊണ്ട് മുസ്‌ലിം?

ഹിംസാത്മക ദേശീയതയെ അധികാരം നേടാനും നിലനിര്‍ത്താനുമുള്ള മാര്‍ഗമായി സ്വീകരിച്ച പ്രസ്ഥാനങ്ങള്‍ക്ക് ഒരു അപരനെ (The Other) നിര്‍മിക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യ ഘടനയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറാന്‍ ശ്രമിക്കുമ്പോള്‍ വിശേഷിച്ചും. സ്വന്തം ഹിംസയെയും ജനാധിപത്യവിരുദ്ധതയെയും അവര്‍ ന്യായീകരിക്കുന്നതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതും പിശാചുവത്കരിക്കപ്പെട്ട അപരനിലൂടെയാണ്. ഹിന്ദുക്കള്‍ എന്ന ഏകാത്മകമായ ഒരു സമൂഹത്തെ സങ്കല്‍പിക്കുകയും അവരുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയും അവര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായി മുസ്‌ലിം എന്ന അപരനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെയാണ് സംഘ് പരിവാറിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയം തഴച്ചുവളരുന്നത്. 

എന്തുകൊണ്ട് മുസ്‌ലിം അപരനാവുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം, സംഘ് പരിവാറിനെ നയിക്കുന്ന സവര്‍ണബോധത്തില്‍ ഉള്‍ച്ചേര്‍ന്ന ഇസ്‌ലാംവിരുദ്ധതയില്‍ മാത്രമല്ല കണ്ടെത്താനാവുക. മുസ്‌ലിമിന്റെ അപരവത്കരണത്തെയും പിശാചുവത്കരണത്തെയും എളുപ്പമാക്കിത്തീര്‍ക്കുന്ന സാമൂഹികവും ചരിത്രപരവുമായ നിരവധി ഘടകങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ കടന്നുവരുന്നതിനു മുമ്പ് ഇന്ത്യയില്‍ നിലനിന്ന മുസ്‌ലിം ആധിപത്യമാണ് അതില്‍ പ്രധാനം. മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഹിന്ദുക്കളോട് ചെയ്ത 'ക്രൂരത'കളുടെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ പൊലിപ്പിച്ചു പറഞ്ഞ്, ചരിത്രത്തെ വക്രീകരിച്ച് മുസ്‌ലിംവിരോധം ആളിക്കത്തിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ബാബരി ധ്വംസനം മുതല്‍ താജ്മഹല്‍ വിവാദം വരെയുള്ള സംഭവ പരമ്പരകള്‍. ഇതിനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. ഹിന്ദുക്കളെ നൂറ്റാണ്ടുകളോളം അടക്കിഭരിച്ചവര്‍ എന്ന അപരാധത്തിനു പുറമെ, ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്താന്‍ ഉണ്ടാക്കിയവര്‍ എന്ന പഴി കൂടി കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. മുസ്‌ലിം എന്ന അപരനെ ആജന്മശത്രുവായി കണ്ട് ചരിത്രത്തോട് പകരം വീട്ടാന്‍ ഹിന്ദുവിനെ ആഹ്വാനം ചെയ്യുകയാണ് സംഘ് പരിവാര്‍. ബ്രിട്ടീഷുകാരുടെ കാലം തൊട്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലായി അരങ്ങേറിയ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട വര്‍ഗീയ ധ്രുവീകരണം ഈ ആഹ്വാനത്തെ ഭൂരിപക്ഷ സമുദായത്തിന് എളുപ്പം സ്വീകാര്യമാക്കിത്തീര്‍ക്കുന്നു. 

 

കേരളത്തിലേക്ക്

വിഭജനത്തിന്റെയും മുസ്‌ലിം ഭരണത്തിന്റെയും ചരിത്രഭാരം പേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ അപരവത്കരണവും അന്യവത്കരണവും ഏറക്കുറെ വിജയകരമായി നടപ്പാക്കപ്പെട്ടുകഴിഞ്ഞു. മുസ്‌ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും താരതമ്യേന മെച്ചപ്പെട്ട നിലയില്‍ കഴിയുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് സംഘ് പരിവാര്‍ ഇപ്പോള്‍. പ്രചാരണശൈലിയും തന്ത്രവും എല്ലായിടത്തും ഏറക്കുറെ ഒന്നുതന്നെ. സംഘ് പരിവാറും, ഒളിഞ്ഞും തെളിഞ്ഞും അവരെ സഹായിക്കുന്ന ചില മാധ്യമങ്ങളും കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയും.

വര്‍ഗീയവാദി, തീവ്രവാദി, ഭീകരവാദി, ദേശവിരുദ്ധന്‍ എന്നിവയാണ് മുസ്‌ലിംകളുടെ മേല്‍ പതിവായി ചാര്‍ത്തപ്പെടുന്ന വിശേഷണ പദങ്ങള്‍. ഈ ഓരോ വാക്കും കൃത്യമായ അര്‍ഥങ്ങളെയും അജണ്ടകളെയും ഉള്‍ക്കൊള്ളുന്നുണ്ട്.

ഗുജറാത്ത് നരഹത്യയുടെ പശ്ചാത്തലത്തില്‍ കന്തലാ സിംഗ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തക തയാറാക്കിയ പഠനത്തില്‍, ഭാഷയും സാംസ്‌കാരിക ചിഹ്നങ്ങളും ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ സംഘ് പരിവാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ മുസ്‌ലിം ആരാധനാ കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും കാഷായവും ത്രിശൂലവും ഹിംസയുടെ പ്രതീകങ്ങളാവുന്നതും പച്ചനിറമുള്ള വസ്ത്രം ധരിച്ചവരും മുസ്‌ലിംകള്‍ക്ക് സമാനമായ പേരുകള്‍ ഉള്ളവരുമായ അമുസ്‌ലിംകള്‍ തെരുവുകളില്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുന്നതും ഗ്രന്ഥകാരി വിവരിക്കുന്നു. 'മിനി പാകിസ്താന്‍' എന്ന് വിളിക്കപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രദേശത്തെക്കുറിച്ച വിവരണം വായിക്കുമ്പോള്‍ മലപ്പുറം ജില്ലക്ക് അതേ വിശേഷണം നല്‍കപ്പെടുന്നതിന്റെ പിന്നിലെ അജണ്ട പിടികിട്ടും. വിഭജനത്തിന്റെ കാരണക്കാര്‍ മുസ്‌ലിംകള്‍ ആണെന്നും ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംകള്‍ പാകിസ്താനോട് കൂറു പുലര്‍ത്തുന്നവരും പാകിസ്താനിലേക്ക് പോകേണ്ടവരും ആണെന്നുമുള്ള അര്‍ഥധ്വനികള്‍ ഈ വിശേഷണം ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്‌ലിംകളെ കുറിച്ച് പരാമര്‍ശിക്കുന്നേടത്ത് ദേശവിരുദ്ധര്‍ എന്ന വാക്ക് നിരന്തരം ഉപയോഗിക്കുന്നതും ഇതേ സ്ട്രാറ്റജിയുടെ ഭാഗമാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് സംഘ് പരിവാര്‍ കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച വിവാദത്തിനിടെ, പുനത്തിലിനെ വിശേഷിപ്പിക്കാന്‍ അവരുടെ മാധ്യമങ്ങള്‍ ഉപയോഗിച്ച വാക്ക് 'ദേശവിരുദ്ധരുമായി കൂട്ടുചേരാത്തയാള്‍' എന്നായിരുന്നു. ദേശക്കൂറ് ഒരു വിഭാഗത്തിന്റെ കുത്തകയാക്കി മാറ്റിയും ദേശം എന്ന സങ്കല്‍പത്തില്‍നിന്ന് അപരന്മാരെ പുറത്താക്കിയുമാണ് ഹിംസാത്മക ദേശീയത നിലനില്‍ക്കുക. അതുകൊണ്ടാണ് സംഘ് പരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ മുസ്‌ലിംകള്‍ നിരന്തരം ദേശക്കൂറ് തെളിയിക്കാന്‍ ബാധ്യസ്ഥരായി മാറുന്നത്. ഇന്ത്യയുടെ നിര്‍മിതിയില്‍ ഇവിടെ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ വഹിച്ച പങ്കോ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവര്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ചരിത്രമോ ഈ ബാധ്യതയില്‍നിന്ന് അവരെ മുക്തരാക്കുന്നില്ല.

മതേതരന്‍ എന്ന വാക്ക് ഇന്ത്യയില്‍ നിര്‍വചിക്കപ്പെടുന്നത് മുസ്‌ലിം എന്ന അപരനെ മറുപുറത്ത് നിര്‍ത്തിക്കൊണ്ടാണ്. ഓണം ആഘോഷിക്കാത്ത, നിലവിളക്ക് കൊളുത്താത്ത മുസ്‌ലിം  വര്‍ഗീയവാദിയാണ്. ഒരാള്‍ മതേതരന്‍ ആവണമെങ്കില്‍ ഇതൊക്കെ ചെയ്‌തേ പറ്റൂ. മുസ്‌ലിംകള്‍ക്ക് സാമുദായികമായി സംഘടിക്കാം എന്ന് വാദിക്കുന്നതുപോലും വര്‍ഗീയവാദമാണ്. സംഘ് പരിവാര്‍ ദൃഷ്ടിയില്‍ മാത്രമല്ല, ഇടതുപക്ഷ മതേതര കാഴ്ചപ്പാടിലും അങ്ങനെത്തന്നെ. അതുകൊണ്ടാണ് മുസ്‌ലിം ലീഗിനെ വര്‍ഗീയകക്ഷി എന്ന് സി.പി.എം നിരന്തരം അധിക്ഷേപിക്കുന്നത്. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ്സിനെ വര്‍ഗീയകക്ഷി എന്ന് വിളിക്കാന്‍, ഹിന്ദുവിദ്വേഷം പ്രചരിപ്പിക്കാത്ത മുസ്‌ലിം ലീഗിനെയോ ജമാഅത്തെ ഇസ്‌ലാമിയെയോ വര്‍ഗീയ കക്ഷി എന്ന് വിളിക്കേണ്ടത് മാര്‍ക്‌സിസ്റ്റുകള്‍ വരെ അനിവാര്യതയായി കരുതുന്ന സാഹചര്യം മുസ്‌ലിം അപരവത്കരണം മതേതര പൊതുബോധത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായിട്ടു വേണം കാണാന്‍. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങള്‍ എന്ന പതിവു മതേതര പല്ലവിയും ഈ ഗണത്തില്‍പെടും.

തീവ്രവാദി, ഭീകരവാദി എന്നീ വിശേഷണങ്ങള്‍ മുസ്‌ലിമിന് നല്‍കപ്പെടുന്നതിന് കുറേകൂടി വലിയ അര്‍ഥതലങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഇസ്‌ലാമോഫോബിയ ആഗോള ഇസ്‌ലാമോഫോബിയയുമായി കണ്ണിചേരുന്ന ഇടങ്ങളില്‍ ഒന്നാണിത്. ഒരു അന്തര്‍ദേശീയ ഭീകരസംഘത്തിന്റെ ഭാഗമായി, സിറിയയിലേക്കോ ഇറാഖിലേക്കോ പലായനം ചെയ്യാവുന്ന, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണ് മുസ്‌ലിം എന്ന നിഗൂഢ ഭീതി പൊതുബോധത്തില്‍ ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം പ്രയോഗങ്ങളുടെ ഉന്നം. ഇസ്‌ലാമിലേക്ക് മതം മാറിയ ഡോ. ഹാദിയ സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗിന് വിധേയയായ, ഏതോ ഗൂഢസംഘത്തിന്റെ ചാവേറ് ആണെന്ന് മാധ്യമങ്ങളിലൂടെ കേരളം കേട്ടുകൊണ്ടിരിക്കുകയാണല്ലോ.

മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും ഇസ്‌ലാമിലേക്കുള്ള നിര്‍ബന്ധ മതപരിവര്‍ത്തനത്തെക്കുറിച്ചും കേരളത്തിന് അകത്തും പുറത്തും നടക്കുന്ന വിവാദ കോലാഹലങ്ങള്‍ മുസ്‌ലിം അപരന്‍ എങ്ങനെ നിര്‍മിക്കപ്പെടുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്. കേരളത്തിലെ ഹിന്ദുക്കളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പറയുന്ന അതേ ശ്വാസത്തില്‍ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നത് നാം ശ്രദ്ധിക്കാതെ പോകരുത്. ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ക്ക് മുസ്‌ലിംകളെ പഴിചാരുന്ന സംഘ് പരിവാര്‍ സ്ട്രാറ്റജിയുടെ ഭാഗമാണ് ഇതും. മുസ്‌ലിം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച ഊതിപ്പെരുപ്പിച്ച കഥകളും കണക്കുകളും നിരത്തി ഇസ്‌ലാംപേടി വളര്‍ത്തുന്നത്, ഇന്ത്യയിലെ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ഇസ്‌ലാമോഫോബുകളുടെ പതിവു പരിപാടിയാണ്.

ചില മുസ്‌ലിം പണ്ഡിതന്മാരുടെയും ഗ്രൂപ്പുകളുടെയും യാഥാര്‍ഥ്യബോധമില്ലാത്ത വാക്കുകളും പ്രവൃത്തികളും അപരവത്കരണത്തെ സഹായിക്കുന്നു എന്ന വസ്തുതയും കാണാതിരുന്നുകൂടാ. മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണയില്ലാത്ത തീവ്രവാദി സംഘങ്ങളുടെ മനുഷ്യത്വവിരുദ്ധ ചെയ്തികളെ സാമാന്യവത്കരിച്ചും പര്‍വതീകരിച്ചുമാണ് എല്ലായിടത്തും ഇസ്‌ലാമോഫോബുകള്‍ അവരുടെ ലക്ഷ്യം നേടുന്നത്. ഭീകര രാഷ്ട്രങ്ങള്‍ ഭീകരതാ വിരുദ്ധ യുദ്ധം നയിക്കുന്ന ആഗോള രാഷ്ട്രീയത്തിന്റെ ഒരു പരിഛേദമായി മാറുകയാണ് സംഘ് പരിവാര്‍ ഭരിക്കുന്ന ആര്‍ഷ ഭാരതം! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍