Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

ഖുറൈശികളുമായുള്ള അഭിമുഖീകരണങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-29

മക്കയില്‍നിന്നു തന്റെ നാട്ടുകാര്‍ തന്നെ പുറത്താക്കിയെങ്കിലും, ജന്മനാടിനോടും അതിലെ നിവാസികളോടും പ്രവാചകന്‍ സവിശേഷമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.1 പക്ഷേ, മക്കക്കാരുടെ നിലപാട് മറിച്ചായിരുന്നു. മദീനയിലും അദ്ദേഹത്തിനും അനുയായികള്‍ക്കും സ്വസ്ഥത കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. ഇതു സംബന്ധമായി വന്ന രണ്ട് രേഖകള്‍ പരിശോധിക്കാം. മക്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മദീനയിലെ അന്‍സ്വാറുകള്‍ക്ക് മക്കയിലെ ഗോത്രമുഖ്യരായ അബൂസുഫ്‌യാനും ഉബയ്യുബ്‌നു ഖലഫും ഇങ്ങനെയൊരു കത്തെഴുതി: 'നിങ്ങളുമായി ഒരു തീക്കളി ഉണ്ടാകുന്നത് (യുദ്ധം എന്നര്‍ഥം) മറ്റേതൊരു അറബ് ഗോത്രവുമായും അതുണ്ടാകുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നതാണ്. ഞങ്ങളില്‍ വളരെ മാന്യനായിരുന്ന, ഉയര്‍ന്ന സ്ഥാനമാനങ്ങളുണ്ടായിരുന്ന ഒരാളെ ഇപ്പോള്‍ നിങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ അദ്ദേഹത്തിന് അഭയം കൊടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. നിങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണ്. അതുകൊണ്ട് ഞങ്ങളും അദ്ദേഹവുമായുള്ള പ്രശ്‌നത്തില്‍ നിങ്ങള്‍ ഇടപെടരുത്. അദ്ദേഹത്തിന് എന്തെങ്കിലും നന്മയുണ്ടെങ്കില്‍ ഞങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കേണ്ടത്. ഇനി കാര്യങ്ങള്‍ മറിച്ചാണെങ്കില്‍ അദ്ദേഹത്തെ നിലക്കു നിര്‍ത്താനുള്ള അവകാശവും മറ്റാരേക്കാളും കൂടുതല്‍ ഞങ്ങള്‍ക്കാണുള്ളത്.'2 ഇതിന് മറുപടിയായി കഅ്ബു ബ്‌നു മാലിക് പിന്നീട് ഒരു കവിത രചിക്കുകയുണ്ടായി.3 ഈ കത്തിലെ പ്രവാചകനെക്കുറിച്ചുള്ള പ്രശംസാ വചനങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാം. പക്ഷേ, ഒരു കാര്യം ഈ കത്ത് വ്യക്തമായും സൂചിപ്പിക്കുന്നു; മുസ്‌ലിംകളുടെ മദീനയിലേക്കുള്ള പലായനത്തിനു ശേഷവും മക്കക്കാരുടെ ഗൂഢപദ്ധതികള്‍ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല എന്ന്.

തങ്ങളുടെ ആവശ്യങ്ങള്‍ മക്കയിലെ അന്‍സ്വാറുകള്‍ നിരസിച്ചെങ്കിലും മക്കക്കാര്‍ പ്രതീക്ഷ കൈവിട്ടില്ല. മദീനയില്‍ പ്രവാചകന്റെ പ്രതിയോഗിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിനും അയാളുടെ വിഗ്രഹാരാധകരായ സുഹൃത്തുക്കള്‍ക്കും അവര്‍ ഇങ്ങനെയൊരു അന്ത്യശാസനമയച്ചു: 'ഓടിപ്പോന്ന ഞങ്ങളുടെ സഖാവിന് നിങ്ങള്‍ അഭയം കൊടുത്തിരിക്കുകയാണ്. ദൈവത്തില്‍ ആണയിട്ട് ഞങ്ങള്‍ പറയുകയാണ്, നിങ്ങള്‍ അദ്ദേഹത്തെ തുരത്തുകയും പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പോരാളികളെ കൊന്നൊടുക്കാനും സ്ത്രീകളെ കൈയേറാനും ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.'4 ഇത് മദീനയില്‍ അല്‍പം അങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും, അന്‍സ്വാറുകള്‍ പ്രവാചകനോടൊപ്പം ഉറച്ചുനിന്നിരുന്നതിനാല്‍ മദീനക്കാരായ ഈ അമുസ്‌ലിംകള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് തമ്മില്‍ തമ്മിലുള്ള പോരാട്ടത്തിനേ വഴിവെക്കുമായിരുന്നുള്ളൂ. അതിനാല്‍ കത്തിലെ അന്ത്യശാസനം മുഖവിലക്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മദീനയിലെ അറബികളില്‍ പ്രതീക്ഷയില്ലെന്നു കണ്ട് അവിടത്തെ ജൂതന്മാരെ ഒപ്പം കൂട്ടാന്‍ പറ്റുമോ എന്ന ശ്രമത്തിലായി മക്കക്കാര്‍. അതാണ് ബനുന്നദീറുകാരുമായുള്ള യുദ്ധത്തിന് വഴിവെച്ചത്. അതേക്കുറിച്ച് പിന്നീട് പറയുന്നുണ്ട്.

ഈ സമയത്ത് മദീനക്കെതിരെ മക്കക്കാര്‍ ചില സാമ്പത്തിക നടപടികള്‍ സ്വീകരിച്ചിരുന്നു എന്നു മനസ്സിലാകുന്നുണ്ട്. അബൂനാഇല എന്നൊരാള്‍ തന്റെ വളര്‍ത്തു സഹോദരനായ കഅ്ബു ബ്‌നു അശ്‌റഫിനോട് പറയുന്ന കാര്യങ്ങളില്‍ ഇതേപ്പറ്റി വ്യംഗ്യമായ സൂചനയുണ്ട്. അബൂനാഇല പറഞ്ഞു: 'ഈ മനുഷ്യന്‍ (പ്രവാചകന്‍) നമ്മുടെ നാട്ടിലേക്ക് വലിയൊരു ദൗര്‍ഭാഗ്യത്തെയാണ് കൂടെക്കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോള്‍ അറേബ്യ മുഴുവന്‍ നമ്മുടെ ശത്രുക്കളായി. എല്ലാവരും നമുക്കെതിരാണ്. എല്ലാ വഴികളും തടയപ്പെട്ടിരിക്കുന്നു. നമ്മുടെ കുടുംബങ്ങള്‍ (പട്ടിണി കിടന്ന്) മരിക്കുകയാണ്. തിന്നാന്‍ നമ്മുടെ കൈവശം ഒന്നുമില്ല. ഭക്ഷണം കിട്ടണമെങ്കില്‍ പെടാപ്പാട് പെടണം.'5 ശത്രുപാളയത്തിലുള്ള അബൂനാഇല മനഃപൂര്‍വം അതിശയോക്തി കലര്‍ത്തിപ്പറയുകയാണെന്ന് വ്യക്തം. എങ്കിലും മക്കക്കാര്‍ ചെലുത്തിയ സാമ്പത്തിക സമ്മര്‍ദം മദീനയില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എന്ന് അതില്‍നിന്ന് മനസ്സിലാക്കാം. കാരണം മേഖലയില്‍ അക്കാലത്തെ അന്താരാഷ്ട്ര വ്യാപാര പാതകളൊക്കെ നിയന്ത്രിച്ചിരുന്നത് മക്കക്കാരായിരുന്നല്ലോ.

മാസങ്ങളോളം സംശയിച്ചുനിന്ന ശേഷം, ഒടുവില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാചകന്‍ തീരുമാനിച്ചു. മദീനയിലെത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ഒരു സൈനികവ്യൂഹത്തെ നബി പറഞ്ഞയച്ചു. മുസ്‌ലിം സ്വാധീന പ്രദേശങ്ങളിലൂടെ മക്കക്കാരുടെ വ്യാപാര സംഘങ്ങള്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു അത്. മക്കയില്‍നിന്നെത്തിയ മുഹാജിറുകളില്‍നിന്നുള്ള മറ്റൊരു മുപ്പതംഗ സംഘത്തെ തന്റെ പിതൃസഹോദരന്‍ ഹംസയുടെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ മദീനയില്‍ കടല്‍ക്കര വരെ പോകാനും അവിടെ വെച്ച് അബൂജഹ്‌ലിനെ സന്ധിക്കാനും പ്രവാചകന്‍ പറഞ്ഞയച്ചിരുന്നു. അബൂജഹ്‌ലിനോടൊപ്പം തങ്ങളുടെ കാരവനുകളുമായി മുന്നൂറോളം പേരുണ്ടായിരുന്നു. അവര്‍ ജുഹൈന ഗോത്രത്തിന്റെ ആവാസ പ്രദേശത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. ജുഹൈന ഗോത്രത്തലവന്‍ മജ്ദിബ്‌നു അംറ് ഇരുവിഭാഗത്തിന്റെയും സംരക്ഷണോത്തരവാദിത്തം ഏറ്റ് ഇടപെട്ടതിനാല്‍ സംഘര്‍ഷമുണ്ടായില്ല. ഇരുവിഭാഗവും സമാധാനത്തോടെ നാട്ടിലേക്ക് തിരിച്ചുപോയി.6 ഇത്തരം സംഘങ്ങള്‍ മക്കക്കാരുടെ കച്ചവടസംഘങ്ങളെ മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത് (കാരണം മക്കക്കാരുമായി മുസ്‌ലിംകള്‍ യുദ്ധത്തിലായിരുന്നു); മുസ്‌ലിംകളല്ലാത്ത മറ്റുള്ളവരുടെ കച്ചവടസംഘങ്ങളെ അവര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. യുദ്ധപ്രതിരോധമായി അത്തരം നീക്കങ്ങളെ കാണണം. അതൊക്കെ കൊള്ളയടി സംഘങ്ങളായിരുന്നു എന്ന് വ്യാഖ്യാനിക്കുന്നത് വസ്തുതക്ക് നിരക്കാത്തതാണ്.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞ്, പ്രവാചകന്റെ ബന്ധുവായ ഉബൈദത്തുബ്‌നു ഹാരിസിന്റെ നേതൃത്വത്തില്‍ അറുപത് പേരടങ്ങുന്ന മുഹാജിറുകളുടെ ഒരു സംഘം, അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ നേതൃത്വം നല്‍കുന്ന ഒരു വലിയ മക്കന്‍ കച്ചവട സംഘത്തെ തടയാന്‍ സനിയ്യാത്തുല്‍ മുര്‍റ എന്ന സ്ഥലത്തെത്തി. എന്തോ കാരണത്താല്‍ അവിടെയും ഒരു സായുധ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ ശത്രു കാരവനിലുള്ള രണ്ട് മുസ്‌ലിംകള്‍ കൂടുതല്‍ സ്വാതന്ത്ര്യം മോഹിച്ച് മുസ്‌ലിം സംഘത്തോടൊപ്പം ചേരുന്നുണ്ട്. മിഖ്ദാദു ബ്‌നുല്‍ അംറ് അല്‍ ബഹറാഇ (യമന്‍), ഉത്ബതുബ്‌നു ഗസ്‌വാന്‍ അല്‍മാസീനി എന്നിവരായിരുന്നു അവര്‍. ഈ രണ്ടു പേരും കുറേ കാലമായി മക്കയില്‍ താമസിച്ചു വരികയായിരുന്നു.7 വളരെ സുരക്ഷിതമായി മദീനയില്‍ എത്തിച്ചേരാന്‍ ഇവര്‍ മക്കക്കാരോടൊപ്പം കച്ചവട സംഘത്തില്‍ ചേര്‍ന്നതാവാനാണ് സാധ്യത. സഅ്ദു ബ്‌നു അബീവഖാസിന്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന മുഹാജിറുകളുടെ മറ്റൊരു നിരീക്ഷണ സംഘം റാഗിബിന്8 അടുത്തുള്ള ഖര്‍റാറിലേക്ക് തിരിച്ചിരുന്നു. ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാനോ അവിടെയുള്ള ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കാനോ ആയിരിക്കാം അവര്‍ നിയോഗിക്കപ്പെട്ടത്. ചരിത്ര സ്രോതസ്സുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒരു കാര്യമുണ്ട്. നേരത്തേ പരാമര്‍ശിച്ച ജുഹൈന ഗോത്രക്കാര്‍ പോലെ അതത് മേഖലയില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടല്ലാതെ ആ വഴിയുളള മക്കന്‍ കച്ചവടസംഘങ്ങളുടെ യാത്ര തടയാനാവുമായിരുന്നില്ല. ടൂറിസ്റ്റ് സഞ്ചാര പാതകള്‍ പോലെയായിരുന്നു അവ. കച്ചവടസംഘങ്ങള്‍ കടന്നുപോകുന്നതു കാരണം അതത് മേഖലകള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരുന്നു. പ്രത്യേകിച്ച് കാരവനുകള്‍ ആ മേഖലയില്‍ തമ്പടിക്കുകയാണെങ്കില്‍. അപ്പോള്‍ അവര്‍ക്ക് വെള്ളവും ഭക്ഷണവും കന്നുകാലി തീറ്റയുമൊക്കെ ആവശ്യമായി വരും. അതൊക്കെ അതത് പ്രദേശങ്ങളില്‍നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുക. കച്ചവട സംഘങ്ങള്‍ക്ക് അഹിതകരമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിശക്തരായ ഖുറൈശികളുടെ പ്രതികാര നടപടികളും ആ ഗോത്രങ്ങള്‍ക്ക് നേരിടേണ്ടിവരും. അതിനാല്‍ ഈ ഗോത്രങ്ങളുടെ സഹകരണം ലഭിക്കണമെങ്കില്‍ ഖുറൈശികളുടെ പ്രതികാര നടപടികളില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണം. അതിനാല്‍ പ്രവാചകന്‍ നേരില്‍ചെന്ന് തന്നെ അവര്‍ക്ക് ഉറപ്പുകൊടുക്കേണ്ടിയിരുന്നു.

അതുകൊണ്ടാണ് പ്രവാചകന്‍ മദീനക്ക് തെക്കുള്ള വദ്ദാനിലേക്ക് പോയത്. ബദ്‌റിന് അടുത്താണിത്. ബനൂദംറ ഗോത്രത്തിന്റെ ആവാസ പ്രദേശം. രണ്ട് ആഴ്ച പ്രവാചകന്‍ മദീനയില്‍നിന്ന് വിട്ടുനിന്നു എന്നതില്‍നിന്നു തന്നെ9 അദ്ദേഹം ഒരാഴ്ച മുഴുവന്‍ പ്രസ്തുത ഗോത്രക്കാരുമായി സംഭാഷണം നടത്തി പരസ്പര സഹകരണത്തിനുള്ള ഒരു കരാറില്‍ എത്തിച്ചേരാന്‍ വേണ്ടി വിനിയോഗിക്കുകയായിരുന്നു എന്നു മനസ്സിലാക്കാം. ബനൂദംറയുമായി ഉണ്ടാക്കിയ രണ്ട് കരാറുകളുടെ രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്. ചരിത്രകാരന്മാര്‍ അതിലൊന്നിന് ഹിജ്‌റ രണ്ട്, സ്വഫര്‍ എന്നാണ് തീയതി നല്‍കിയിരിക്കുന്നത്. അനാക്രമണത്തെക്കുറിച്ചും നിഷ്പക്ഷമായിരിക്കുന്നതിനെക്കുറിച്ചുമാണ് അതില്‍ പറയുന്നത്. 'പ്രവാചകന്‍ ഒരിക്കലും ബനൂദംറയെ ആക്രമിക്കുകയില്ല; അവര്‍ തിരിച്ചും ആക്രമിക്കുകയില്ല. അവര്‍ അദ്ദേഹത്തിനെതിരെ സംഘം ചേരുകയോ അദ്ദേഹത്തിനെതിരെ ശത്രുവിനെ സഹായിക്കുകയോ ഇല്ല.'10 രണ്ടാമത്തെ രേഖ ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഒപ്പുവെക്കപ്പെട്ടത്. കാരണം ആദ്യത്തെ കരാര്‍ ഒപ്പ് വെച്ച ശേഷം പ്രവാചകന്‍ വീണ്ടും മദീനയുടെ വടക്കു പടിഞ്ഞാറ് റദ്‌വക്ക് അടുത്തുള്ള ബുവാത്വിലേക്ക് പോകുന്നുണ്ട്. ഒരു ചെറിയ ഖുറൈശി കച്ചവടസംഘം അതുവഴി ആ സമയത്ത് കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും സംഘട്ടനം നടന്നതിന്റെ സൂചനകളൊന്നും നമ്മുടെ ചരിത്രകൃതികളില്‍ കാണുന്നില്ല.11 ആ പ്രദേശത്തെ ആളുകളുമായി ഒരു ധാരണയുണ്ടാക്കാന്‍ മാത്രമായിരിക്കാം പ്രവാചകന്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടാവുക. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫിഹ്‌രികളില്‍പെട്ട കുര്‍സുബ്‌നു ജാബിറിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ സംഘം മക്കക്കാര്‍ മദീനയുടെ തെക്കന്‍ പ്രാന്തങ്ങള്‍ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നുണ്ട്. ദിവസങ്ങളോളം അവരെയും തെരഞ്ഞ് പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല.12 മുസ്‌ലിംകള്‍ക്കിടയില്‍ വളരെയേറെ അമര്‍ഷമുണ്ടാക്കിയ നീക്കമായിരുന്നു അത്. അതിനാല്‍ ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ഇതിന് അവസരമുണ്ടായത്, വലിയൊരു മക്കന്‍ കച്ചവടസംഘം സിറിയ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോഴാണ്. മദീനക്ക് വടക്കുള്ളവരെ ഇപ്പോഴും ഒന്നിച്ചണിനിരത്താന്‍ കഴിയാതിരുന്നതിനാല്‍, പ്രവാചകന്‍ നഗരത്തിന്റെ തെക്കു പടിഞ്ഞാറുള്ള തീരപ്രദേശത്തേക്ക് നീങ്ങി. അത് ബനൂ ദംറക്കാരുടെ പ്രദേശമാണ്. വിവരണം ഇവിടെ എത്തുമ്പോള്‍ മാത്രമാണ് നമ്മുടെ ചരിത്രകാരന്മാര്‍, ഒരു വ്യാപാരസംഘത്തെയാണ് പിന്തുടരുന്നതെന്ന് വ്യക്തമായി പറയുന്നത്.13 ഇതില്‍നിന്ന് നമുക്കെത്താവുന്ന നിഗമനം, നേരത്തേ അയച്ച സംഘങ്ങളുടെയെല്ലാം ലക്ഷ്യം മക്കക്കാര്‍ മദീനാ മേഖലയിലൂടെ കടന്നുപോകുന്നത് തടയലായിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യം കുര്‍സു ബ്‌നു ജാബിര്‍ മദീന കൊള്ളയടിച്ചതിന് പകരംവീട്ടലായിരുന്നുവെന്നുമാണ്. ഇവിടെ നമുക്ക് മുദ്‌ലിജുകാരനായ സുറാഖയെ ഓര്‍ക്കാം. ഹിജ്‌റയുടെ വേളയില്‍ അദ്ദേഹം പ്രവാചകനെ പിന്തുടര്‍ന്നതും പിന്നെ ചെയ്ത തെറ്റില്‍ മാപ്പപേക്ഷിച്ചതും നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്. സുറാഖയുടെ കീഴിലുള്ള പ്രദേശത്താണ് പ്രവാചകനും അദ്ദേഹത്തിന്റെ 150 അനുയായികളും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അവര്‍ക്ക് സുറാഖ നല്ല ഒരു സദ്യ തന്നെ ഒരുക്കി. വളരെ ഗംഭീരമായിരുന്നതിനാല്‍ ചരിത്രകാരന്മാരൊന്നും അത് പരാമര്‍ശിക്കാന്‍ വിട്ടുപോയിട്ടില്ല. പക്ഷേ, സദ്യ നടക്കുന്നതിനിടയില്‍ എങ്ങനെയോ നബിയും സംഘവും ലക്ഷ്യം വെച്ച് വന്ന കച്ചവടസംഘം രക്ഷപ്പെട്ടു.14 മുദ്‌ലിജ് ഗോത്രക്കാരുടെ അയല്‍ക്കാരും സഖ്യകക്ഷികളുമായിരുന്നു ബനൂദംറ. പ്രവാചകന്‍ ഈ അവസരം മുതലെടുക്കുകയും ബനൂദംറയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അവരുമായി മറ്റൊരു കരാര്‍ കൂടി ഒപ്പുവെച്ചു. അതിലെ വാക്യങ്ങള്‍:

'അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ് ബനൂദംറക്ക് എഴുതിനല്‍കുന്നത്: അവരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കും. അവരെ അന്യായമായി ആര് കടന്നാക്രമിച്ചാലും അവര്‍ക്ക് സഹായം നല്‍കും. കടല്‍ വെള്ളത്തിന് മുടിയെ നനക്കാനാവുമെങ്കില്‍, തീര്‍ച്ചയായും പ്രവാചകനെ തിരിച്ച് സഹായിക്കേണ്ടതും അവരുടെ ബാധ്യതയാണ്. മുസ്‌ലിംകള്‍ അവരുടെ മതത്തിന്റെ കാര്യത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഇതില്‍നിന്നൊഴിവാണ്. പ്രവാചകന്‍ അവരെ സഹായത്തിന് വിളിച്ചാല്‍ അവരതിന് ഉത്തരം നല്‍കണം. അല്ലാഹുവും അവന്റെ ദൂതനും നല്‍കുന്ന ഉറപ്പ് അവര്‍ക്ക് ഉണ്ടാവും.15 കരാര്‍ സനിഷ്‌കര്‍ഷം പാലിക്കുകയും നിഷ്‌കളങ്കമായി പെരുമാറുകയും ചെയ്യുന്നവര്‍ക്കായിരിക്കും എല്ലാവിധ പിന്തുണയും.'16

ഇബ്‌നു ഹിശാം പറയുന്നത്,17 ഇതേ സമയം തന്നെ മുദ്‌ലിജുകളുമായും പ്രവാചകന്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു എന്നാണ്; ഏറക്കുറെ മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെത്തെന്നെ.

ഹിജ്‌റ 2, ജമാദുല്‍ ആഖിര്‍ മാസത്തില്‍ തന്റെ നീക്കങ്ങളില്‍ സംതൃപ്തനായി പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തി. പിന്നെ ഫലസ്ത്വീനിലേക്ക് രണ്ട് പേരെ അയച്ചു, അവിടെനിന്ന് തിരിച്ചു വരുന്ന ഖുറൈശി കച്ചവട സംഘത്തിന്റെ വിവരങ്ങളറിയാന്‍. മക്കക്കാരുടെ വ്യാപാരപാതകളില്‍ താമസിക്കുന്ന ദംറ, മുദ്‌ലിജ് ഗോത്രങ്ങളുമായി സമാധാനക്കരാറും സൈനിക സഖ്യവുമുണ്ടാക്കി നയതന്ത്രതലത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച പ്രവാചകന്‍ അതില്‍ ഒതുങ്ങാതെ മറ്റൊരു ധീരമായ തീരുമാനവുമെടുത്തു. ഒരു വിശ്വസ്ത ഗോത്രത്തലവന്റെ നേതൃത്വത്തില്‍ എട്ട് ധൈര്യശാലികളായ മുഹാജിറുകളുടെ ഒരു സംഘത്തെ ഒരുക്കിനിര്‍ത്തി. വിവരം പുറത്തറിയാതിരിക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ കത്ത് സീല്‍ വെച്ച് അവര്‍ക്ക് നല്‍കുകയായിരുന്നു. അവര്‍ രണ്ട് ദിവസം 'ഉയര്‍ന്നൊരു പ്രദേശത്തിലൂടെ (നജ്ദീയ) സഞ്ചരിച്ച് ചെറിയ കിണറിന്റെ(റുകയ്യ) ഭാഗത്തേക്ക് നീങ്ങണം' (പരാമര്‍ശങ്ങള്‍ അവ്യക്തമായതിനാല്‍ ഇതേത് ഭാഗം എന്ന് നിര്‍ണയിക്കുക വയ്യ). യാത്രയുടെ അവസാനത്തിലേ കത്ത് തുറന്നുനോക്കാവൂ. നിര്‍ണിത സമയം കഴിഞ്ഞ് കത്തു തുറന്നു നോക്കിയ ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്ലാഹിബ്‌നു ജഹ്ശ് അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നതായി വായിച്ചു: 'ഈ കത്തിന്റെ ഉള്ളടക്കം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ മക്കക്കും ത്വാഇഫിനും ഇടക്കുള്ള നഖ്‌ലയിലേക്ക് പോകണം. അവിടെ ക്യാമ്പ് ചെയ്യുക. ഖുറൈശികളെ നിരീക്ഷിച്ചുകൊണ്ട് നമുക്ക് വിവരങ്ങള്‍ എത്തിക്കുക.' ശരിക്കും ശത്രുവിന്റെ ആവാസഭൂമിയിലൂടെ തന്നെയാണ് ഈ ചെറു ഗ്രൂപ്പിന് സഞ്ചരിക്കേണ്ടത്. ഗ്രൂപ്പിലെ ആളുകളുടെ എണ്ണം വളരെ കുറവായതുകൊണ്ട് വിവരങ്ങള്‍ എത്തിക്കുക എന്നതല്ലാത്ത മറ്റു സാഹസിക ദൗത്യങ്ങളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം. പക്ഷേ, അവര്‍ നടത്തിയ ചില നീക്കങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. അത് റജബ് മാസത്തിന്റെ അവസാനമായിരുന്നു. ഉണക്കമുന്തിരി, തുകല്‍, മദ്യം പോലുള്ള ചരക്കുകളുമായി വരുന്ന മക്കക്കാരുടെ ഒരു ചെറിയ കച്ചവട സംഘം ഈ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പെട്ടു. അല്‍പം അമാന്തിച്ചുനിന്നെങ്കിലും കച്ചവട സംഘത്തെ അക്രമിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അമ്പെയ്ത് അവര്‍ ഒരാളെ കൊല്ലുകയും രണ്ടാളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു. കച്ചവട വസ്തുക്കളൊക്കെ പിടിച്ചെടുത്തു. കാരവനിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത സാധനങ്ങളുമായി മദീനയില്‍ തിരിച്ചെത്തിയ സംഘത്തെ പ്രവാചകന്‍ ശകാരിച്ചു. തന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതം പ്രവര്‍ത്തിച്ചതിനായിരുന്നു ശകാരം. യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ രക്തം ചിന്തി എന്നും ആരോപിക്കപ്പെട്ടേക്കും. പക്ഷേ, ഇക്കാര്യം അത്ര യുക്തിസഹമായി തോന്നുന്നില്ല. കാരണം റജബ് മാസത്തിന്റെ അവസാന ദിവസം സൂര്യന്‍ അസ്തമിച്ച ശേഷമാണ് സംഭവം നടക്കുന്നത്. അപ്പോഴേക്കും അടുത്ത മാസം ആരംഭിച്ചു കഴിഞ്ഞിരുന്നല്ലോ. ഉടന്‍ തന്നെ മക്കക്കാര്‍ മോചനദ്രവ്യവുമായി മദീനയില്‍ വരികയും അതുനല്‍കി ഇരു തടവുകാരെയും മോചിപ്പിച്ചുകൊണ്ടു പോവുകയും ചെയ്തു. അതാണ് കീഴ്‌വഴക്കം. ആ പ്രശ്‌നം അതോടെ തീരുകയും ചെയ്തു.18

കാലങ്ങളായി തുടരുന്നുണ്ടായിരുന്നു ഈ അടിയും തിരിച്ചടിയും. പിന്നെ മക്കക്കാരുടെ കാര്യഗൗരവത്തിലുള്ള ആലോചന യുദ്ധത്തെക്കുറിച്ചായി. മുസ്‌ലിംകളുടെ വാര്‍ത്താ ശേഖരണ സംവിധാനം അത്ര മികവുറ്റതായിരുന്നു എന്നു പറഞ്ഞുകൂടാ. വിവരം ശേഖരിക്കാനായി നബി രണ്ട് പേരെ ഫലസ്ത്വീനിലേക്ക് അയച്ചത് നാം നേരത്തേ പറഞ്ഞിരുന്നല്ലോ. അവര്‍ ധൃതിയില്‍ മക്കയില്‍ തിരിച്ചെത്തിയപ്പോഴേക്കും, അവരെ എന്ത് വിവരത്തിന് വേണ്ടിയാണോ പറഞ്ഞയച്ചത് ആ വിവരം നബിക്ക് വേറെ വഴിയിലൂടെ നേരത്തേ കിട്ടുകയും അതനുസരിച്ച് തന്റെ 312 അനുയായികളുമായി ശത്രുവിനെ നേരിടാന്‍ അദ്ദേഹം പുറപ്പെടുകയും ചെയ്തിരുന്നു. മക്കക്കാരുടെ കച്ചവടസംഘം ബദ്‌റിലെത്തിയപ്പോള്‍ തങ്ങളെ നേരിടാനായി മുസ്‌ലിംകള്‍ മദീനയില്‍നിന്ന് വരുന്നുവെന്നറിഞ്ഞ് അവര്‍ ഉടന്‍ തങ്ങളുടെ റൂട്ട് മാറ്റി. അങ്ങനെ അവര്‍ രക്ഷപ്പെട്ടെങ്കിലും ഉടനടി മക്കയിലേക്ക് ഒരു സന്ദേശവാഹകനെ പറഞ്ഞയക്കാന്‍ മറന്നില്ല. അപായ മുന്നറിയിപ്പുമായി ദൂതന്‍ മക്കയിലേക്ക് കുതിച്ചു. വിവരമറിഞ്ഞ ഖുറൈശികള്‍ ഏകദേശം ആയിരത്തോളം പേരുമായി കച്ചവടസംഘത്തെ രക്ഷിക്കാനായി പുറപ്പെട്ടു. വഴിക്കു വെച്ച് കച്ചവടസംഘം ആക്രമിക്കപ്പെടാതെ രക്ഷപ്പെട്ട വിവരം അവര്‍ക്ക് ലഭിച്ചുവെങ്കിലും ഖുറൈശി സൈന്യം പിന്മാറാതെ മുന്നോട്ടുനീങ്ങി.19 ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, കച്ചവട സംഘം സിറിയയിലേക്ക് പോയത് റബീഉല്‍ അവ്വലിലാണ്. റമദാനില്‍ മാത്രമാണ് തിരിച്ചെത്തുന്നത്. അതിനര്‍ഥം ഈ യാത്ര അങ്ങോട്ടുമിങ്ങോട്ടുമായി ആറോ ഏഴോ മാസം എടുക്കുമെന്നാണ്.

 

 

കുറിപ്പുകള്‍

1. ബുഖാരി 61:2, 61:3, ഇബ്‌നു ഹിശാം പേ: 824, ഹമ്മാമുബ്‌നു മുനബ്ബിഹ് - സ്വഹീഫ പേ: 127,128

2. ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേ: 271-4

3. ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേ: 271-4

4. അബൂദാവൂദ് 19:23

5. ഇബ്‌നു ഹിശാം പേ: 551

6. അതേ പുസ്തകം പേ: 419

7. Ibid പേ: 416

8. Ibid പേ: 422

9. Ibid പേ: 415-6

10. എന്റെ അല്‍ വസാഇഖ് No: 160

11. ഇബ്‌നുഹിശാം പേ: 421

12. Ibid പേ: 423

13. Ibid പേ: 121

14. ബലാദുരി - അന്‍സാബ് 1/651

15. ഈ അര്‍ഥമായിരിക്കും ഉദ്ദേശിച്ചിരിക്കുക. 'അവര്‍ക്ക് മേല്‍ ദൈവത്തിന്റെയും അവന്റെ ദൂതന്റെയും പ്രതിജ്ഞയുണ്ട്' എന്നാണ് മൂലപാഠത്തിലുള്ളത്.

16. എന്റെ വസാഇഖ് ചീ: 156

17. ഇബ്‌നു ഹിശാം പേ: 421

18. Ibid പേ: 423-7

19. Ibid പേ: 427 മുതല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍