Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 13

3021

1439 മുഹര്‍റം 22

അമര്‍ചിത്ര കഥകള്‍ സവര്‍ണ ദേശീയതയെ നിര്‍മിച്ചതെങ്ങനെ?

എ.എം നജീബ്

ഗുജറാത്ത് വംശഹത്യയുടെ രക്തരൂഷിതമായ ഓര്‍മകള്‍ ഇന്ത്യയിലെ ഏതൊരു ജനാധിപത്യ വിശ്വാസിയെയും പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും അലട്ടിക്കൊണ്ടിരിക്കുകയാണ്. ആ വംശഹത്യയുടെ മനശ്ശാസ്ത്രം എന്തെന്നു പഠിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സാഹിര്‍ ജാന്‍ മുഹമ്മദ് വംശഹത്യക്കു നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയുടെ ജീവിതത്തെ കുറിച്ച് അന്വേഷണം നടത്തി തയാറാക്കിയ പുസ്തകമാണ് ദ റെയ്‌സ് ഓഫ് നരേന്ദ്ര മോദി. ഈ പുസ്തകത്തില്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ഗുജറാത്ത് ഒരു ഫാഷിസ്റ്റ് സ്റ്റേറ്റ് ആയി മാറിയതെങ്ങനെയെന്ന ആശങ്കയുളവാക്കുന്ന സംഭവങ്ങള്‍ സാഹിര്‍ ജാന്‍ വിവരിക്കുന്നുണ്ട്. അഹ്മദാബാദിലെ പ്രഗത്ഭനായ ഒരു ഡോക്ടറുടെ കൈവശം അയാളും ബാല്യകാല സുഹൃത്തായിരുന്ന മോദിയും തമ്മില്‍ കൈമാറിയ കത്തുകളുടെ വന്‍ശേഖരമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യയിലേക്കു വെളിച്ചം വീശുന്ന വിധം മോദിയുടെ മനോനില അറിയാന്‍ കത്തുകള്‍ സഹായിക്കുമോ എന്നറിയാനായി സാഹിര്‍ അവ പരിശോധിക്കുകയുണ്ടായി. കടുത്ത മുസ്‌ലിം വിദ്വേഷവും പരമത വിരോധവും കുത്തിനിറച്ച ആ കത്തുകള്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് എങ്ങനെ എഴുതാന്‍ കഴിയുന്നുവെന്ന് അവ വായിച്ച് സാഹിര്‍ അത്ഭുതപ്പെട്ടുവത്രെ. ആര്‍ എസ് എസിന്റെ 'ക്യാച്ച് ദം യംഗ്' എന്ന പോളിസിയിലൂടെ ഒരു കുട്ടി എങ്ങനെ ഭീകരവാദിയാകുന്നുവെന്നുള്ള ബോധ്യം കൂടിയായിരുന്നു സാഹിറിന് മോദിയുടെ വ്യക്തിജീവിതത്തെകുറിച്ചുളള അന്വേഷണം. 

കുട്ടികളില്‍ അതിവേഗം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതാണ് അപരവിദ്വേഷമെന്ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയലുകളെകുറിച്ചുള്ള പഠനത്തില്‍ റൊമില ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെ അധിനിവേശ തന്ത്രങ്ങള്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടത്തിലും വീഡിയോ ഗെയ്മിലും മിഠായിയില്‍ പോലും വികസിപ്പിച്ചെടുത്തത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. 9/11-നുശേഷം അമേരിക്ക വികസിപ്പിച്ചെടുത്ത കുട്ടികള്‍ക്കായുള്ള ഒരു ഗെയ്മാണ് കൗണ്ടര്‍ സ്‌ട്രൈക്ക്. 2004 മുതല്‍ ശ്രദ്ധനേടിയ ഈ ഗെയിം കുട്ടികളെ മാത്രമല്ല ടി വി ജനറേഷനെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ടെററിസ്റ്റുകളും ആന്റി ടെററിസ്റ്റുകളും തമ്മിലുള്ള യുദ്ധമാണ് കളി. കളിക്കുന്നയാള്‍ക്ക് ടെററിസ്റ്റോ ആന്റി ടെററിസ്റ്റോ ആവാം. പക്ഷേ, എല്ലാവരും ആന്റി ടെററിസ്റ്റാണ് ആവുക. തീവ്രവാദികളെ പിടികൂടേണ്ടത് ക്യൂബ പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നോ മുസ്‌ലിം രാജ്യങ്ങളില്‍നിന്നോ ആണ്. ഒരു ആന്റി ടെററിസ്റ്റ് തീവ്രവാദിയെ അന്വേഷിച്ചു പോകുമ്പോള്‍ ചെഗുവേരയുടെ ചുവര്‍ചിത്രങ്ങളും കമ്യൂണിസ്റ്റ് സിംബലുകളും കാണാം. മുസ്‌ലിം രാജ്യങ്ങളിലാണ് 'തീവ്രവാദികള്‍' എന്നറിയുക, അവിടെ നിന്നും ബാങ്കുവിളികള്‍ ഉയരുമ്പോഴാണ്. 'തീവ്രവാദികളെ' ആന്റി ടെററിസ്റ്റുകള്‍ കൊന്നുകൊണ്ടേയിരിക്കുകയാണ്. എന്തിനാണ് ഇവരെയിങ്ങനെ കൊല്ലുന്നതെന്നു ചിന്തിക്കുന്ന കളിക്കാര്‍ വളരെ വിരളമാണ്. അതുവഴി ശത്രുവായ അപരനെക്കുറിച്ച മുന്‍വിധികള്‍ കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നു. അപരിചതരോടുള്ള വെറുപ്പ് (Xenophobia) കുട്ടികളുടെ മനോഗതിയില്‍ സ്ഥാനം പിടിക്കുന്നു. 'അപരനിലെ മനുഷ്യത്വം മാറ്റിക്കഴിഞ്ഞാല്‍ പിശാചുവല്‍ക്കരണം എളുപ്പമാകും' എന്ന് നോര്‍വീജിയന്‍ സാമൂഹികശാസ്ത്രജ്ഞനായ യൊവിന്‍ ഗാര്‍ട്ടൂങ് നിരീക്ഷിക്കുന്നുണ്ട്. അപ്പോള്‍ അവന്‍ പൗരനല്ലാതാവുന്നു. അവന്നും അവള്‍ക്കും പൗരാവകാശങ്ങളില്ല. മറ്റുള്ളവര്‍ക്കു പൗരാവകാശങ്ങള്‍ അനുവദിച്ചുകൊടുക്കേണ്ടതില്ലെന്ന ബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന് കൗണ്ടര്‍ സ്‌ട്രൈക്ക് ഗെയ്മുകള്‍ സഹായിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കുട്ടിക്കൊലയാളികളുടെ പ്രധാന പ്രചോദനം ഇത്തരം ഗെയ്മുകളാണെന്നു ചൂണ്ടിക്കാണിക്കുന്ന ധാരാളം പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. കാര്‍ട്ടൂണ്‍, കല, കഥ, സിനിമ, സാഹിത്യം തുടങ്ങി ജനപ്രിയ സംസ്‌കാരത്തിന്റെ ഏതൊരു അടരിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 1950-ല്‍ ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. 'ദൈവാധിപത്യ റിപ്പബ്ലിക്' എന്ന അടിക്കുറിപ്പിനു താഴെ അദ്ദേഹം വരച്ച 3 ചിത്രങ്ങള്‍ ഗോപൂജ, ഹൈന്ദവമേധാവിത്വം, പുരുഷാധിപത്യം എന്നിവയെ പ്രതിനിധീകരിക്കുന്നവയായിരുന്നു. ശങ്കറിന്റെ ആ കാര്‍ട്ടൂണിന് ഇന്ന് അര്‍ഥങ്ങള്‍ കൂടിവരികയാണ്. ഒരു കാര്‍ട്ടൂണിന്റെ മൂര്‍ച്ചയെത്രയെന്നു 70 വര്‍ഷത്തിനു ശേഷവും ശങ്കര്‍ ബോധ്യപ്പെടുത്തുന്നു.  

 

കോമിക്‌സുകളുടെ രാഷ്ട്രീയം

വാക്കുകളേക്കാള്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥ പറഞ്ഞ് കുട്ടികളെ ലക്ഷ്യം വച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രചാരത്തിലായവയാണ് കോമിക്‌സ്. 1933-ല്‍ സൂപ്പര്‍മാന്‍ വീരപുരുഷനായി അമേരിക്കയിലാണ് കോമിക്‌സ് രൂപം കൊള്ളുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ സിനിമാ നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കീഴിലുള്ള ഡി.സി കോമിക്‌സാണ് പിന്നീട് സൂപ്പര്‍മാന്‍ കോമിക്‌സുകളുടെ പ്രചാരകരായത്. തുടര്‍ന്ന് 1936-ല്‍ ലീ ഫാല്‍ക്ക് രൂപം കൊടുത്ത ഫാന്റം, മാന്‍ഡ്രേക്ക്, അക്വാമാന്‍ എന്നീ പേരുകളില്‍ വന്ന സൂപ്പര്‍ ഹീറോകള്‍ ലോകം കീഴടക്കി. വായനയിലെ എളുപ്പവും ഒട്ടും സങ്കീര്‍ണമല്ലാത്ത ആഖ്യാനശൈലിയും കോമിക്‌സുകളെ ജനകീയമാക്കി. ഗൗരവമല്ലാത്ത വായന ആഗ്രഹിക്കുന്ന മുതിര്‍ന്നവരും പെട്ടെന്നു തന്നെ കോമിക്‌സുകളുടെ ആരാധകരായി. വര്‍ത്തമാന പത്രങ്ങളില്‍ ആക്ഷേപഹാസ്യത്തിനായി ഉപയോഗപ്പെടുത്തിയ വാര്‍ത്താ ചിത്രങ്ങളില്‍നിന്നാണ് ഇവക്കു ഈ പേരു ലഭിച്ചത്. താമസിയാതെ ഉപവായനക്കുള്ള നല്ലൊരു വിഭവമായി കോമിക്‌സുകള്‍ക്കു ലോകം മുഴുവന്‍ വായനക്കാരുണ്ടായി. എല്ലാ ഭാഷകളിലും കോമിക്‌സുകള്‍ അതിവേഗം പ്രചരിച്ചു. സൂപ്പര്‍ ഹീറോകളായി വന്ന ഈ അതിമാനുഷര്‍ പുരുഷ ഷോവനിസ്റ്റുകളും സ്ത്രീവിരുദ്ധരും അപരവിദ്വേഷം പ്രചരിപ്പിക്കുന്നവരുമാണെന്ന് ആദ്യം നിരീക്ഷിച്ചത് റിച്ചാര്‍ഡ് കൂപ്പര്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ്. Super heroes‑ are a bunch of Fascits (സൂപ്പര്‍ ഹീറോകള്‍ ഫാഷിസ്റ്റുകളുടെ ഒരു പടയാണ്) എന്ന് ഇടതുപക്ഷ ചിന്തകന്‍ കൂടിയായ റിച്ചാര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. ദൈവം, ദൈവത്തിന്റെ പ്രതിനിധി, പിശാച് എന്നീ ത്രികോണ വിശ്വാസത്തെ സാധൂകരിക്കുന്നതായിരുന്നു ആ കാര്‍ട്ടൂണുകള്‍.

ഈ ആശയയുദ്ധം ഇന്നും സിനിമ പോലുള്ള മാസ് മീഡിയയിലൂടെ അമേരിക്ക തുടര്‍ന്നുകൊണ്ടിരിക്കുന്നു. സൂപ്പര്‍മാന്‍ ലോകത്തിന്റെ രാജാവ് എന്ന തലക്കെട്ടോടെയുള്ള മുഖചിത്രവുമായി അക്കാലത്ത് ആക്ഷന്‍ കോമിക്‌സ് പതിപ്പുകള്‍ ഇറങ്ങി. സൂപ്പര്‍മാന്‍, ഹീമാന്‍, ബാറ്റ്മാന്‍, അക്വാമാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ യൂറോപ്യന്‍ പുരുഷന്മാര്‍ സ്വയം ദൈവമായി ചമഞ്ഞ് കുട്ടികളെ സ്വാധീനിച്ചിരുന്നു. ഈ സൂപ്പര്‍ ഹീറോകളുടെ സിംഹാസനങ്ങളില്‍ കറുത്തവരും മുസ്‌ലിംകളും ചീനക്കാരും ഏഷ്യക്കാരും വണങ്ങി കുമ്പിട്ടു നില്‍ക്കുന്ന ധാരാളം ചിത്രകഥകള്‍ അക്കാലത്ത് വന്നിരുന്നു. 1953-ല്‍ ബ്രിട്ടീഷ് നോവലിസ്റ്റായ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്മാരെ പോലെ. ജെയിംസ് ബോണ്ടിന്റെ വില്ലന്മാര്‍ എപ്പോഴും മുസ്‌ലിംകളോ റഷ്യ, കൊറിയ, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവരോ പാശ്ചാത്യരുടെ ശത്രുക്കളോ ആയിരിക്കും. തങ്ങളുടെ ശത്രുക്കളെ ലോകത്തിന്റെ ശത്രുക്കളാക്കുന്ന സാമ്രാജ്യത്വ തന്ത്രം. അതുതന്നെയാണ് ചിത്രകഥകളിലൂടെയും അതിന്റെ സ്രഷ്ടാക്കള്‍ ക്യാപ്‌സൂളുകളായി നമ്മുടെ കുട്ടികള്‍ക്കു നല്‍കിയിരുന്നത്. 

 

അമര്‍ചിത്ര കഥകള്‍ ഇന്ത്യയിലെത്തിയപ്പോള്‍

കോമിക്‌സുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച രണ്ടാമിടമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോമിക്‌സുകള്‍ വിറ്റഴിക്കപ്പെട്ടത് ഇന്ത്യയിലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അറുപതുകള്‍ക്കു ശേഷം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ രൂപപ്പെട്ട അണുകുടുംബങ്ങളില്‍ കുട്ടികള്‍ക്കു ധാര്‍മികപാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന മുത്തശ്ശിമാരില്ലാതായപ്പോഴാണ് ചിത്രകഥകള്‍ കുരുന്നുകളുടെ മനസ്സ് കീഴടക്കിയത്. 

ഇന്ത്യന്‍ മിത്തുകളിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ വീരപുരുഷന്മാരായി കുട്ടികളുടെ മനം കവര്‍ന്നു. അമേരിക്കയില്‍നിന്നുവന്ന സൂപ്പര്‍മാന്‍-സ്‌പൈഡര്‍മാന്‍ കോമിക്‌സുകള്‍ ഇന്ത്യയില്‍ രൂപപ്പെട്ട അമര്‍ചിത്ര കഥകള്‍ക്കു മുന്നില്‍ വിപണിയില്‍ തോറ്റുപോയി. ഇന്ത്യയില്‍നിന്ന് അമേരിക്ക കോപ്പിയടിച്ച ഏക സംഗതി കോമിക്‌സാണ്. അമേരിക്കയിലെ ലിക്വഡ് കോമിക്‌സിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മിത്തുകളുമായി ബന്ധപ്പെട്ട നിരവധി കഥാപാത്രങ്ങളെ കോമിക്‌സുകളിലൂടെ പുനഃപ്രതിഷ്ഠിച്ചു. 'ദേവി' എന്ന പേരില്‍ ഭാരതീയ ദുര്‍ഗയെ അവതരിപ്പിക്കുന്ന കോമിക്‌സ് അമേരിക്കന്‍ വിപണി കൈയടക്കിയതങ്ങനെയാണ്. ഫ്രഞ്ച്, സ്പാനിഷ് അടക്കം 20 ഭാഷകളിലായി ഇന്ത്യന്‍ മിത്തുകള്‍ ചിത്രകഥകളായി രൂപാന്തരം പ്രാപിച്ചു.

1965-ല്‍ അനന്തറാം എന്നയാളാണ് ആദ്യമായി അമര്‍ചിത്ര കഥകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. കന്നഡഭാഷയില്‍ അനന്തറാം കൃഷ്ണനെ കുറിച്ച് ചിത്രകഥകള്‍ രൂപപ്പെടുത്തി. തുടര്‍ന്ന് അമര്‍ചിത്രകഥകള്‍ക്കു വലിയൊരു വിപണിയുണ്ടാക്കിക്കൊടുത്തത് 1967-ല്‍ അനന്തപൈ എന്ന എഞ്ചിനീയറുടെ ഭാവനയില്‍നിന്നാണ്. 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ കുട്ടികളുടെ മാഗസിന്‍ എഡിറ്ററായ അദ്ദേഹം ഇന്ദ്രജാല്‍ കോമിക്‌സ് എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി സ്വതന്ത്രമായി ഇന്ത്യന്‍ മിത്തുകളെ കേന്ദ്രീകരിച്ച് ചിത്രകഥകള്‍ രൂപപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനു കാരണമായി അനന്തപൈ പറയുന്നത് അക്കാലഘട്ടത്തില്‍ അദ്ദേഹം പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയില്‍ കുട്ടികളുമായി സംവദിക്കാനുണ്ടായ സാഹചര്യമാണ്. 'ഗ്രീക്ക് മിത്തോളജിയെ കുറിച്ചും റോമാ മിത്തോളജിയെ കുറിച്ചുമൊക്കെ അവര്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മിത്തോളജിയെ കുറിച്ച് അവര്‍ക്കു യാതൊന്നും അറിയില്ല. അതിനുള്ള ശ്രമമായാണ് അമര്‍ചിത്രകഥകളുടെ പ്രസിദ്ധീകരണം തുടങ്ങുന്നത്' എന്നാണ്. എന്നാല്‍, അമേരിക്കന്‍ കോമിക്‌സുകളുടെ മാര്‍ക്കറ്റിംഗ് സാധ്യത കണ്ട് അതു നേടിയെടുക്കാനും കലയെ കച്ചവടവല്‍ക്കരിക്കാനുമുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ടായിരുന്നതായി അമര്‍ചിത്ര കഥകളെ കുറിച്ച് സമഗ്രപഠനം നടത്തി ഡോ. നന്ദിനി ചന്ദ്ര തയാറാക്കിയ (The Classic Popular Amar Chithra Katha 1967-2007) എന്ന പുസ്തകം ആരോപിക്കുന്നു. അമര്‍ ചിത്രകഥകള്‍ 90 ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടതെന്നു നന്ദിനി ചന്ദ്ര പറയുന്നു.

1913-ല്‍ ഇന്ത്യയിലെ ആദ്യ സിനിമ രാജാ ഹരിശ്ചന്ദ്ര നിര്‍മിക്കാന്‍ കാരണമായി ദാദാസാഹിബ് ഫാല്‍ക്കെ പറയുന്നത് താന്‍ ഇംഗ്ലണ്ടില്‍ സിനിമ പഠിക്കാന്‍ പോയപ്പോള്‍ അവിടെ നിര്‍മിക്കപ്പെടുന്ന സിനിമകളെല്ലാം ക്രിസ്തു ചരിത്രത്തിന്റെ വിവിധ ഏടുകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു, അതിനു പകരമായി ഇന്ത്യന്‍ ഇതിഹാസങ്ങളിലെ വീരപുരുഷനായ ഹരിശ്ചന്ദ്രയെ കേന്ദ്രമാക്കി സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ്. 

ഫാന്റവും സൂപ്പര്‍മാനും കുട്ടികളുടെ ഹീറോ ആയ കാലത്ത് ശ്രീകൃഷ്ണനെ കുറിച്ച് ചിത്രകഥയുണ്ടാക്കിയാണ് അനന്തപൈയും അമര്‍ ചിത്ര കഥകള്‍ക്കു തുടക്കം കുറിക്കുന്നത്. മംഗലാപുരത്തെ സാരസ്വത് ബ്രാഹ്മണനായ പൈ തന്റെ കുടുംബത്തിന് 8000 വര്‍ഷത്തെ ചരിത്രം കെട്ടച്ചമയ്ക്കുകയും ചെയ്തു. ദേവലോകത്തുനിന്ന് ഉത്ഭവിക്കുന്ന ഒരു നദിയുടെ തീരത്താണ് എണ്ണായിരം വര്‍ഷങ്ങളായി സാരസ്വത് ബ്രാഹ്മണ കുടുംബം കഴിയുന്നതെന്ന് കുടുംബ ചരിത്രത്തില്‍ പൈ രേഖപ്പെടുത്തി. അങ്ങനെ ദൈവികമായ അടിത്തറ സ്വന്തം കുടുംബത്തിനുണ്ടാക്കാനും പൈ ശ്രമിച്ചു. 

അനന്തപൈയുടെ ചിത്രകഥകള്‍ വളരെ മുന്‍കൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമായുള്ള പാത്ര സൃഷ്ടികളായിരുന്നുവെന്ന് നന്ദിനി ചന്ദ്ര പറയുന്നു. വാജ്‌പേയ് ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുമ്പോള്‍ അനന്തപൈയെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശം നെഹ്‌റുവിനു ശേഷം കുട്ടികളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാള്‍ എന്നായിരുന്നു. അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി പാഠ്യപദ്ധതിയിലെ കരിക്കുലത്തില്‍ പൈയുടെ ചിത്രകഥകള്‍ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖല ദേശീയവല്‍ക്കരിക്കാനും ഹൈന്ദവവല്‍ക്കരിക്കാനുമുള്ള വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നത് എം.എം ജോഷിയുടെ കാലത്താണ്. ആര്‍.എസ്.എസ് ഉദ്ദേശിക്കുന്ന കാര്യപരിപാടികള്‍ തന്നെയായിരുന്നു കുട്ടികളുടെ അങ്കിള്‍പൈ എന്നറിയപ്പെടുന്ന അനന്തപൈയും അനുവര്‍ത്തിച്ചത്. ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ബിംബങ്ങളായി കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. ഫാഷിസത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സാംസ്‌കാരിക അധിനിവേശം നടത്താനും അമര്‍ചിത്ര കഥകള്‍ സഹായകമായി.

 

ചിത്രകഥകളുടെ രൂപഘടന

അമര്‍ചിത്ര കഥ ഒരു പഠനപദ്ധതിയാണെന്ന് പൈ അവകാശപ്പെട്ടിരുന്നു. 2008-ല്‍ അനന്തപൈയുടെ മരണത്തെ തുടര്‍ന്ന് എ.സി.കെയുടെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത റീന ഐ. പൂരിയും പറയുന്നത് ഇതൊരു പാഠ്യപദ്ധതിയാണെന്നാണ്. അധ്യാപകരോ ക്ലാസ് മുറികളോ ഇല്ലാത്ത പഠനപദ്ധതി. മറ്റേതു വിഷയത്തേക്കാളും ഇവ വായിക്കപ്പെടുന്നു. കുട്ടികള്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ എങ്ങനെയായിരിക്കണം എന്ന മുതിര്‍ന്നവരുടെ സങ്കല്‍പ്പത്തിനനുസൃതമായാണ് അമര്‍ചിത്ര കഥകള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കുട്ടികളുടെ സ്വാഭാവികവും സ്വതന്ത്രവുമായ അന്വേഷണങ്ങള്‍ക്ക് അതു വിലങ്ങു തീര്‍ക്കുന്നു. മാര്‍ഗദര്‍ശനത്തിന്റെ പേരിലുള്ള ഒരുതരം ഷണ്ഡീകരണം, ബോധനശാസ്ത്രത്തിന്റെ പേരിലുള്ള അധിനിവേശം ഇവയാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഒരു പാഠപുസ്തകത്തിന്റെ രീതിയല്ല ചിത്രകഥകള്‍ അനുവര്‍ത്തിക്കുക. ഒരു ആശയത്തെ, ചരിത്രവസ്തുതയെ, വ്യക്തിയെ വിമര്‍ശിക്കുമ്പോഴും നിരൂപണം ചെയ്യുമ്പോഴും നിഷേധിക്കുമ്പോഴും പ്രകോപനം സൃഷ്ടിക്കും വിധമായിരിക്കില്ല ചരിത്രകഥകള്‍ ആവിഷ്‌കരിക്കുന്നത്. പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലിതമാണ് അമര്‍ചിത്രകഥ പ്രയോജനപ്പെടുത്തുക. വിവാദപരമായ ഇടപെടല്‍ നടത്തുന്നു എന്ന തോന്നല്‍ ചിത്രകഥകള്‍ സൃഷ്ടിക്കുകയില്ല. ഈ തത്ത്വം തന്നെയാണ് അമര്‍ചിത്രകഥയും അനന്തപൈയും അവലംബിക്കുന്നത്. മാന്യമായും മയത്തോടെയും നിര്‍ബന്ധിക്കുക, സമ്മര്‍ദത്തിലാക്കുക എന്നതാണ് അമര്‍ചിത്രകഥയുടെ നിലപാട്. ആര്‍ക്കും പരുക്കേല്‍പ്പിക്കാതെ, ആരെയും നേരിട്ടെതിര്‍ക്കാതെ വളഞ്ഞ രീതിയില്‍ കാര്യങ്ങള്‍ പറയുന്ന ശൈലി. 

റാഷ് ബിഹാരി ബോസ് എന്ന ചിത്രകഥയില്‍ അദ്ദേഹത്തെ സ്വതന്ത്ര ചിന്താഗതിക്കാരനായ വിദ്യാര്‍ഥിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഭക്തിയാര്‍ ഖില്‍ജി ബംഗാള്‍ കീഴടക്കിയത് പ്രതിപാദിക്കുന്ന പാഠ്യഭാഗം ചോദ്യം ചെയ്യുന്നതാണ് കഥാസന്ദര്‍ഭം. റാഷ് ബിഹാരിയുടെ വിമര്‍ശന രീതിയും ആശയ വിനിമയശേഷിയും വിനയാന്വിതമായ സംസാരരീതിയും ചരിത്രത്തിലുള്ള അറിവും വാക്കിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നു. ചരിത്രത്തിനു വേണ്ടി നിലകൊള്ളാനുള്ള അവന്റെ ദൃഢനിശ്ചയം ചെറിയ കാര്യത്തിനു വേണ്ടി വിദ്യാലയം ഉപേക്ഷിക്കാന്‍ പോലും അവനെ സന്നദ്ധനാക്കുന്നു. കഥാകാരന്‍ ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹത്വത്തെകുറിച്ചും ആധുനിക വിദ്യാഭ്യാസ പദ്ധതിയുടെ ദൂഷ്യങ്ങളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്. അതായത് ഭാരതീയ പാരമ്പര്യത്തെകുറിച്ചു പറയാന്‍ ഡീ സ്‌കൂളിംഗ് എന്ന പുരാതനാശയം തിരുകിക്കയറ്റി ചിത്രകഥക്കു പുരോഗമനപരമായ പരിവേഷം സൃഷ്ടിക്കാനും ശ്രമിക്കുന്നു. 

എന്നാല്‍, അധ്യാപകന്‍ ആരാണെന്നു ചിത്രത്തില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാം. പഠിച്ചതൊന്നും മറക്കാത്ത, പുതിയതൊന്നും പഠിക്കാത്ത, താടി നീട്ടി മീശവെട്ടിക്കളഞ്ഞ അയാള്‍ മുസ്‌ലിമാണെന്നു ചിത്രം സുവ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്‍ അധ്യാപകന്‍ വില്ലനായ മുസ്‌ലിമും റാഷ് ബിഹാരിയെന്ന കുട്ടി ചരിത്രത്തിനു വേണ്ടി നിലകൊള്ളുന്നയാളുമായി വായനക്കാരുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നു.

ദേശത്തെയും ദേശീയതയെയും കുറിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഹൈന്ദവ സാമുദായിക നിഗമനങ്ങളിലാവും പലപ്പോഴും അമര്‍ചിത്രകഥകളുടെ കഥാതന്തു. അതിനനുയോജ്യമായ ചേരുവകള്‍, ബിംബകല്‍പന, സംഭാഷണം, മിത്തോളജി എന്നിവ സമര്‍ഥമായി ചേര്‍ത്തുകൊണ്ടാവും കഥയും കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുക. പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളും, ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ചിത്രീകരിക്കപ്പെടാറുണ്ട്. സൗഹൃദവും സമന്വയവും ഇന്ത്യന്‍ സമൂഹത്തിലെ പ്രവണതകള്‍ തന്നെയായിരുന്നു. എന്നാല്‍ സംഘട്ടനങ്ങള്‍ മാത്രം ചിത്രീകരിച്ചു ഹൈന്ദവത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചിത്രകഥകള്‍ ചെയ്തത്.

അമര്‍ചിത്ര കഥകള്‍ ക്ലാസ്സിക്കുകളെ പോലെയാണ് അവതരിപ്പിക്കപ്പെടുന്നത്. ക്ലാസ്സിക്കുകള്‍ ജനങ്ങളുടെ ആത്മഭാവങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. ആ വിതാനത്തില്‍ പുരാണകഥകള്‍ ചിത്രീകരിക്കപ്പെടുകവഴി മനുഷ്യഹൃദയങ്ങള്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്നു നന്ദിനി ചന്ദ്ര പറയുന്നു.

 

ചിത്രകഥയുടെ പക്ഷപാതിത്വം 

അമര്‍ചിത്ര കഥകള്‍ ഭക്തിയെ കുറിച്ചു പറയുമ്പോള്‍ എപ്പോഴും ഹൈന്ദവവേദങ്ങളെയും പുരാണങ്ങളെയും മാത്രം ആശ്രയിക്കുകയാണ് ചെയ്യുക. ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതികളെയും ഗുരുക്കളെയും വിസ്മരിക്കുന്നു. അധഃസ്ഥിത വിഭാഗങ്ങളില്‍നിന്നുള്ള ഗുരുക്കന്മാരുടെയും ദാര്‍ശനികരുടെയും സന്ദേശങ്ങള്‍ പോലും ബ്രാഹ്മണവല്‍ക്കരിച്ച് അവതരിപ്പിക്കുന്നു. ഇന്ത്യയുടെ ശക്തിയും സൗന്ദര്യവുമായ വൈവിധ്യങ്ങളെ തീര്‍ത്തും നിരാകരിച്ച് സവര്‍ണ ഭാവനകളും മൂല്യസങ്കല്‍പ്പങ്ങളും അവ പകര്‍ത്തിവെച്ചു. ഭക്തി, ദൈവം, വേദഗ്രന്ഥം, മൂല്യം, മോക്ഷം, പുനര്‍ജന്മം,  വിവാഹം, കുടുംബം തുടങ്ങി മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സവര്‍ണസംഹിതകള്‍ രേഖപ്പെടുത്തിവെച്ചുകൊണ്ട് ഇന്ത്യയുടെ പൊതുനിയമങ്ങള്‍ എന്ന ധാരണ അമര്‍ചിത്ര കഥകള്‍ ഉറപ്പിച്ചെടുത്തു. 

പ്രധാനമായും മൂന്നു രീതിയിലാണ് അമര്‍ചിത്ര കഥകള്‍ പ്രചരിപ്പിച്ചതെന്നു നന്ദിനി ചന്ദ്ര പറയുന്നു:  ഒന്ന്, സാംസ്‌കാരിക ജീര്‍ണതയുടെ പ്രചാരണമാണ് സാംസ്‌കാരിക മൂല്യങ്ങളുടെ പ്രചാരണത്തിനു പകരം നടത്തിയത്. അതിലൂടെ മതവിദ്വേഷവും വിഭാഗീയതയും കുരുന്നു മനസ്സുകളില്‍ സൃഷ്ടിച്ചു. കല കലക്കു വേണ്ടിയല്ലാതെ മാറ്റുകയും കൃത്യമായ അജണ്ട കുത്തിത്തിരുകുകയും ചെയ്തു. അമര്‍ചിത്ര കഥകള്‍ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ ബുക്‌സിന് ഗവണ്‍മെന്റ് ഫണ്ട് നല്‍കിയിരുന്നുവത്രെ. രണ്ട,് കലയെ ഒരു ചരക്കായി മാറ്റി സാംസ്‌കാരിക വ്യവസായം നടത്തി. മൂന്ന്, കലയെ ലാഭവും നിക്ഷേപവുമാക്കി. 460 തലക്കെട്ടുകളിലായി 90 ദശലക്ഷം കോപ്പികളാണ് അനന്തപൈയുടെ അമര്‍ചിത്ര കഥകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. 

അമര്‍ചിത്ര കഥകളുടെ സുവര്‍ണകാലം ഇന്ത്യയില്‍ 1960-ന്റെ അവസാനം മുതല്‍ 1990 വരെയുള്ള മൂന്ന് പതിറ്റാണ്ടാണ്. ഈ കാലയളവില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചിന്താഗതിയില്‍ വലിയ മാറ്റങ്ങളുണ്ടായി. ലാറ്റിനമേരിക്കയില്‍ ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്കേസ് തന്റെ സാഹിത്യപ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയതുപോലെയാണിതെന്നു നന്ദിനി നിരീക്ഷിക്കുന്നു. സാമ്പത്തിക ചൂഷണം, സാമ്രാജ്യത്വതാല്‍പ്പര്യം, മര്‍ദകരാഷ്ട്രീയം, സ്ത്രീവിരുദ്ധത- ഇവക്കു പകരമായി നീതിയുടെയും നന്മയുടെയും സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ മാര്‍ക്കേസിനു കഴിഞ്ഞു. എന്നാല്‍ നേരെ വിപരീതമായ ചിന്താഗതിയാണ് അനന്തപൈ ഇന്ത്യന്‍ ബാല്യങ്ങളില്‍ നിര്‍മിച്ചെടുത്തത്. ഇന്ത്യയില്‍ അമര്‍ചിത്ര കഥകള്‍ സജീവമാകുന്ന ഘട്ടത്തില്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ശിഥിലമാവാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ വിശാലമായ രാഷ്ട്രീയ നിലപാടുകള്‍ക്കു പകരമായി പാര്‍ട്ടിയില്‍ ശ്രേഷ്ഠ വര്‍ഗം ഉയര്‍ന്നുവന്നു. ഹൈന്ദവതാല്‍പ്പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന ഐക്യമുന്നണികള്‍ രൂപപ്പെട്ടു. ഇത്തരം ചിത്രകഥകള്‍ വായിച്ചു വളര്‍ന്ന ഒരു വിഭാഗത്തിന്റെ വോട്ട് നേടിയെന്നവണ്ണം ബി.ജെ.പി ആദ്യമായി അധികാരത്തിലുമെത്തി. ഈ ഘട്ടത്തില്‍ രാമജന്മഭൂമി പ്രശ്‌നം വളര്‍ത്തി വലുതാക്കി ബാബരി മസ്ജിദ് തകര്‍ക്കുന്നതിനെ അനുകൂലിക്കുന്ന മനഃസ്ഥിതി ഇന്ത്യന്‍ ബാല്യങ്ങളില്‍ കുത്തിനിറക്കാന്‍ ഈ ചിത്രകഥാ പ്രസ്ഥാനത്തിനു കഴിഞ്ഞു.  

രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണം ടെലിവിഷന്‍ പരമ്പര ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത് 1987 ജനുവരി മുതല്‍ 1989 വരെയാണ്. ബി.ജെ.പിക്കു ദേശീയതലത്തില്‍ ഒരു പാര്‍ട്ടിയായും മറ്റു മതേതര രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പോലും ഫാഷിസം ഒരു മനഃസ്ഥിതിയായും വളര്‍ച്ച പ്രാപിക്കുന്നതില്‍ ഈ ടെലിവിഷന്‍ പരമ്പര വലിയ പങ്കു വഹിച്ചുവെന്ന് പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍ എന്ന പുസ്തകം എഴുതിയ അരവന്ദ് രാജഗോപാല്‍ പറയുന്നു. മുത്തശ്ശിക്കഥകളില്‍ കേട്ടുപഴകിയിരുന്ന ശ്രീരാമന്‍ യഥാര്‍ഥ മനുഷ്യനായി, ഇന്ത്യയുടെ രക്ഷകനായി, മനുഷ്യദൈവമായി ഇന്ത്യന്‍ മനസ്സുകളില്‍ കുടിപാര്‍ത്തു. അദ്വാനിയുടെ രഥയാത്രയോടെ പന്ത് ബി.ജെ.പിയുടെ കോര്‍ട്ടിലുമായി. രാമായണത്തെ തുടര്‍ന്നുവന്ന മഹാഭാരത്, ലവ്കുശ്, ലോര്‍ഡ് കൃഷ്ണ തുടങ്ങിയ സീരിയലുകളുമായി ബന്ധപ്പെട്ടവരൊക്കെ പിന്നീട് ബി.ജെ.പിയുടെ എം.പിമാരായി മാറുകയും ചെയ്തു. രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍, സീതയായി വേഷമിട്ട ദീപിക ചൗലാകിയ, ലോര്‍ഡ് കൃഷ്ണയില്‍ അഭിനയിച്ച നിതീഷ് ഭരദ്വാജ്, രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി എന്നിവര്‍ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിലെത്തി. കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കെ സംപ്രേഷണം ചെയ്ത ഈ സീരിയലുകള്‍ ബി.ജെ.പിയെ ഒരു ദേശീയ പാര്‍ട്ടിയായി വളര്‍ത്തിയെടുത്തുവെന്ന് അരവിന്ദ് പറയുന്നു.

 

അമര്‍ചത്ര കഥകള്‍ മൂന്നു വിധം

പ്രധാനമായും അമര്‍ചത്ര കഥകള്‍ മൂന്ന് വിഭാഗമായാണ് അനന്തപൈ രൂപകല്‍പ്പന ചെയ്തത്. ഒന്ന്, ദൈവങ്ങള്‍ കഥാപാത്രങ്ങളായി വരുന്നവ; കൃഷ്ണന്‍, വിഷ്ണു, ശിവന്‍, രാമന്‍, പ്രഹ്ലാദന്‍ തുടങ്ങിയവരായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട്, വീരപുരുഷന്മാര്‍; ഛത്രപതി ശിവജി, രാജാ ഹരിശ്ചന്ദ്ര, പൃഥ്വിരാജ് ചൗഹാന്‍, വിവേകാനന്ദന്‍, അക്ബര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാവുക. അക്ബര്‍ ദ ഗ്രേറ്റ് എന്ന ചിത്രകഥക്കു ആധാരം അദ്ദേഹത്തിന്റെ ദീന്‍ ഇലാഹിയാണെന്നു നന്ദിനി നിരീക്ഷിക്കുന്നുണ്ട്. 

മൂന്ന്, ഫാബ്ള്‍സ് അഥവാ നാടന്‍ കഥകളാണ്. ബ്രാഹ്മണരുടെ മഹത്വം പ്രതിപാദിക്കുന്നതും വെജിറ്റേറിയനാവാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ബ്രാഹ്മണനെ സഹായിച്ചാല്‍ വരം കിട്ടും. ബ്രാഹ്മണരെ ബഹുമാനിക്കണം, അവര്‍ക്കു ഭക്ഷണം കൊടുക്കണം. അര്‍ജുനനും കൃഷ്ണനും ഇരിക്കുന്ന സദസ്സില്‍ ഒരു ബ്രാഹ്മണന്‍ കടന്നുവരുന്നു. രണ്ടു പേരും എഴുന്നേറ്റു നില്‍ക്കുന്നു. ഒരാള്‍ രാജാവും മറ്റൊരാള്‍ ദൈവവുമാണ്. ഇത്തരം ചിത്രകഥകളിലൂടെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനാണ് പൈ ശ്രമിച്ചത്. ആയിരം ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്‍കിയാല്‍ വരം കിട്ടുമെന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയാണ് ഈ കഥകളില്‍. മഹാരാഷ്ട്ര, കര്‍ണാടക, ഗംഗാതീരം തുടങ്ങിയ ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശങ്ങള്‍ കഥാപശ്ചാത്തലമാവുമ്പോള്‍ ഭാരതത്തിന്റെ കഥയായും  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോ കഥകളാവുമ്പോള്‍ തികച്ചും പ്രാദേശിക കഥയായും മാറുന്നു. ബ്രാഹ്മണ - ദ്രാവിഡ വ്യത്യാസം ഇവയില്‍ പ്രകടമായി കാണാം. 

ഗോമാംസ വിരുദ്ധകഥകളെ പൈ അവതരിപ്പിച്ചത് കാക്കകളും നായകളും മാംസം കടിച്ചുകൊണ്ടുപോകുന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ്. നല്ല മനുഷ്യര്‍ പച്ചക്കറി ഭക്ഷിക്കുന്നു. അവര്‍ നന്മകള്‍ ചെയ്യുന്നു. അവര്‍ക്കു ബുദ്ധിയും സഹായമനഃസ്ഥിതിയുമുണ്ട്. മാംസാഹാരം തിന്നുന്നവര്‍ക്കു ബുദ്ധിയില്ല, അക്രമവാസന കൂടുതല്‍, ഇരിക്കും കൊമ്പ് മുറിക്കും തുടങ്ങിയ സന്ദേശങ്ങള്‍ ചിത്രകഥകളിലൂടെ വരച്ചുനല്‍കുന്നു.  

മുഗള്‍ ചക്രവര്‍ത്തിമാരില്‍ അക്ബറിനെ നല്ലവനാക്കിയും ഔറംഗസീബിനെ സംഗീതത്തെ വെറുക്കുന്നവനാക്കിയും ചിത്രകഥകള്‍ രചിച്ചു. തൊപ്പിതുന്നി ആഡംബരമില്ലാതെ ജീവിച്ച ഔറംഗസീബ് സംഗീതം പോലും കേള്‍ക്കില്ലെന്നു പ്രത്യേകം എടുത്തുപറയുന്നു. ഒരു ശവമഞ്ചം കൊണ്ടുപോകുന്നതു കാണുമ്പോള്‍ അതാരുടേതെന്നു ചോദിക്കുന്ന ഔറംഗസീബിനു അതു സംഗീതമാണെന്നു ഉത്തരം കിട്ടുമ്പോള്‍ എന്നാല്‍ വലിയൊരു കുഴിയെടുത്ത് ഒരിക്കലും തിരിച്ചുവരാത്ത രീതിയില്‍ സംഗീതത്തെ കുഴിച്ചുമൂടാന്‍ നിര്‍ദേശിക്കുകയാണ്.

പുതിയ രൂപത്തിലും ഭാവത്തിലും അമര്‍ചിത്രകഥയെ സജീവമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്ന് എ.സി.കെയുടെ എഡിറ്റര്‍ റീന ഐ. പൂരി പറയുന്നു. നരേന്ദ്രമോദിയെ കുറിച്ചു വന്ന അമര്‍ചിത്രകഥയായ ബാലനരേന്ദ്രയില്‍, മുതലയുള്ള കുളത്തിലിറങ്ങി കുട്ടികള്‍ക്കു പന്ത് എടുത്തു കൊടുക്കുന്ന വീരപുരുഷനായാണ് മോദി അവതരിക്കുന്നത്! Modiji can make impossible possible (അസാധ്യമായത് സാധിപ്പിച്ചെടുക്കാന്‍ മോദിജിക്കാവും) എന്നാണ് ചിത്രകഥയുടെ കാപ്ഷന്‍. കഴിഞ്ഞ ഒക്‌ടോബറില്‍ സ്വഛ് ഭാരത് കാംപയിനോടനുബന്ധിച്ചും മോദിയെ കുറിച്ചു 32 പേജുകളുള്ള ചിത്രകഥയിറങ്ങി. മഹാരാഷ്ട്രയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി കാംപയിനു വ്യാപകമായി ചിത്രകഥകള്‍ ഉപയോഗപ്പെടുത്തി. അമര്‍ചിത്ര കഥകളുടെ ആശയപ്രചാരണം ഉത്തരാധുനിക ദൃശ്യകലാലോകം ഏറ്റെടുത്തത് സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ്. ശത്രുനിഗ്രഹത്തിന്റെ കുഞ്ഞുകഥകളുമായി ഇപ്പോഴും നമ്മുടെ കുട്ടികളെ ഇവ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. 

ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ മൂര്‍ച്ചയുള്ള കണ്ണുകള്‍ നല്‍കുന്ന ബദല്‍ അവതരിപ്പിക്കുന്നിടത്തേ ഈ സാംസ്‌കാരികാധിനിവേശത്തെ അതിജയിക്കാനാവൂ.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (6-11)
എ.വൈ.ആര്‍

ഹദീസ്‌

സ്വഭാവമാണ് പ്രധാനം
സി.എസ് ഷാഹിന്‍