Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

മുഹമ്മദ് മഹ്ദി ആകിഫ് ഇഛാശക്തിയുടെ ആള്‍രൂപം

അസ്സാം തമീമി

2008 ഏപ്രില്‍ ഒന്നിന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഈജിപ്ഷ്യന്‍ ഭരണകൂടം നൈല്‍ സാറ്റില്‍ കണ്ണിചേര്‍ക്കപ്പെട്ട ഹിവാര്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് നമ്മെ വിട്ടുപിരിഞ്ഞ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ മുന്‍കാര്യദര്‍ശി ഉസ്താദ് മുഹമ്മദ് മഹ്ദി ആകിഫുമായി (അദ്ദേഹത്തിനു മേല്‍ അല്ലാഹു കാരുണ്യം ചൊരിയുമാറാകട്ടെ, സല്‍ക്കര്‍മികളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമാറാകട്ടെ) 'പുനരാലോചനകള്‍' എന്ന ടെലിവിഷന്‍ അഭിമുഖ പരമ്പര പൂര്‍ത്തിയാക്കി ഞാന്‍ അന്നേദിവസം കൈറോയില്‍നിന്ന് ലനില്‍ തിരിച്ചെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചാനല്‍ അടച്ചുപൂട്ടാനുള്ള കാരണങ്ങളിലൊന്ന്, ആ പരമ്പര അതില്‍ സംപ്രേഷണം ചെയ്തതാവാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അന്ന് ഈജിപ്ത് പുറമെ ശാന്തമായിരുന്നെങ്കിലും ഉള്ളില്‍ അഗ്നി നീറിപ്പിടിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ ഉണര്‍വ് എങ്ങും പ്രകടം. 2004-ല്‍ ഇഖ്‌വാന്റെ ആറാം കാര്യദര്‍ശി മഅ്മൂനുല്‍ ഹുളൈബിയുടെ മരണശേഷം സംഘടനയുടെ കടിഞ്ഞാണ്‍ മുഹമ്മദ് മഹ്ദി ആകിഫിന്റെ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു അപ്പോള്‍. ഒരു യുവാവിന്റെ ചുറുചുറുക്കോടെയും പ്രസരിപ്പോടെയുമാണ് അദ്ദേഹം നായകത്വം വഹിച്ചിരുന്നത് എന്നതാണതിന് കാരണം. അദ്ദേഹം ജനിച്ചതാകട്ടെ ഇമാം ഹസനുല്‍ബന്നാ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രൂപവത്കരിച്ച അതേ വര്‍ഷവും, 1928-ല്‍.

ഇഖ്‌വാന്റെ കാര്യദര്‍ശിയാവുന്നതിനു മുമ്പ് തന്നെ എനിക്ക് മഹ്ദി ആകിഫിനെ നേരിട്ടറിയാം. അദ്ദേഹം ബ്രിട്ടനില്‍ വരുമ്പോള്‍ ഞങ്ങള്‍ കാണാറുണ്ടായിരുന്നു; കൂടിക്കാഴ്ചകള്‍ ഹ്രസ്വമായിരിക്കുമെങ്കിലും. മഅ്മൂനുല്‍ ഹുളൈബി കാര്യദര്‍ശിയായിരിക്കെ ഞാന്‍ കൈറോയില്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നു. ഇഖ്‌വാന്റെ മഹാരഥന്മാരിലൊരാളായ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാനും അവസരം ലഭിച്ചു. അദ്ദേഹവും കൂടി കക്ഷിയായ ഒരു പ്രശ്‌നം അന്ന് കത്തിനില്‍ക്കുന്നുണ്ട്. ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കമാല്‍ ഹല്‍ബാവിയില്‍നിന്നാണ് എനിക്ക് ലഭിച്ചത്. ഒരു സംഘം യുവാക്കള്‍ ഇഖ്‌വാന്‍ വിട്ട് അല്‍ വസത്വ് പാര്‍ട്ടി രൂപവത്കരിച്ച പ്രശ്‌നമാണ് ഉദ്ദേശിക്കുന്നത്. ഞാന്‍ നേരത്തേ പറഞ്ഞ അഭിമുഖത്തില്‍ ഈ പ്രശ്‌നവും മറ്റു നിരവധി പ്രശ്‌നങ്ങളും ചര്‍ച്ചയായി. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

'പുനരാലോചനകള്‍' എന്ന പരമ്പരയുടെ ഒന്നാം ഭാഗത്ത് തന്റെ ജനനം, കുടുംബം, അന്നത്തെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതാവസ്ഥകള്‍ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഇഖ്‌വാനുമായി ബന്ധപ്പെട്ടതും ഹസനുല്‍ ബന്നായുമായി പരിചയപ്പെട്ടതും അദ്ദേഹം ഓര്‍ക്കുന്നു. സംഘടനയില്‍ വിദ്യാര്‍ഥി വിഭാഗത്തിന്റെ ചുമതലയായിരുന്നു ആകിഫിന്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു വിംഗിന്റെ ചുമതലയാണ് പിന്നീട് ഏല്‍പ്പിക്കപ്പെട്ടത്. അന്നത്തെ സാഹചര്യത്തില്‍ സൈനിക പരിശീലനം ലഭിച്ച ഒരു വിംഗ് ആവശ്യമായിരുന്നു. അധികം താമസിയാതെ 1948-ല്‍ ഫലസ്ത്വീനു വേണ്ടിയുള്ള അറബ്-ഇസ്രയേല്‍ യുദ്ധം. ഹസനുല്‍ ബന്നായുടെ നിര്‍ദേശപ്രകാരം ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ യുദ്ധത്തില്‍ പങ്കാളികളായെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഒന്നാം ഭാഗം ഇവിടെ അവസാനിക്കുകയാണ്.

പരമ്പരയുടെ രണ്ടാം ഭാഗം തുടങ്ങുന്നത്, രാജഭരണകാലത്ത് ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കൂട്ടമായി തടവിലാക്കിയതും തുടര്‍ന്ന് ഇഖ്‌വാന്റെ സ്ഥാപകനേതാവ് ഹസനുല്‍ ബന്നാ രക്തസാക്ഷിയായതും അനുസ്മരിച്ചുകൊണ്ടാണ്. ബന്നായുടെ പിന്‍ഗാമി ആരാവണമെന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടായി. ഒടുവില്‍ ഹസനുല്‍ ഹുളൈബി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനക്കകത്തെ രഹസ്യ വിംഗുകളും സംവിധാനങ്ങളും ഇല്ലാതാക്കിയത് ഹുളൈബിയാണ്. പിന്നെയാണ് 1952-ലെ ജൂലൈ വിപ്ലവം. മാറ്റത്തിനു വേണ്ടിയുള്ള ഈജിപ്ഷ്യന്‍ തെരുവുകളുടെ ദാഹമാണ് അതില്‍ കാണാന്‍ കഴിഞ്ഞത്. ജമാല്‍ അബ്ദുന്നാസിറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സൈനിക ഓഫീസര്‍മാരാണ് അതിന് നേതൃത്വം നല്‍കിയത്. ഏറെ വൈകാതെ വിപ്ലവ നേതൃത്വവും ഇഖ്‌വാന്‍ നേതൃത്വവും തമ്മില്‍ ഇടഞ്ഞു. സൈനിക നേതൃത്വം ഇഖ്‌വാനെ പിരിച്ചുവിടുകയും അതിന്റെ നേതാക്കളെ തടവറയിലാക്കുകയും ചെയ്തു. ഇഖ്‌വാന്റെ ആറ് നേതാക്കളെ ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം തൂക്കിക്കൊന്നു. തൂക്കിക്കൊല്ലേണ്ടവരുടെ നീണ്ട ലിസ്റ്റ് തയാറാക്കിയിരുന്നു. അതില്‍ ഏഴാമത്തെ ആള്‍ ആകിഫായിരുന്നു. അറബ്-മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്ന് കടുത്ത സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് ആകിഫിനും ശേഷമുള്ളവര്‍ക്കുമുള്ള ശിക്ഷ ഇരുപത് വര്‍ഷം തടവായി ഇളവ് ചെയ്യുകയായിരുന്നു. അപ്പോള്‍ ആകിഫിന് പ്രായം 26 വയസ്സ്.

പരമ്പരയുടെ മൂന്നാം എപ്പിസോഡില്‍, 1952 ജൂലൈ വിപ്ലവത്തിന് തൊട്ടു മുമ്പുണ്ടായ സൂയസ് പ്രശ്‌നത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇഖ്‌വാന്‍ നടത്തിയ ചെറുത്തുനില്‍പ്പുകളെ പരാമര്‍ശിക്കുന്നു. അതില്‍ പങ്കാളിയായിരുന്നു ആകിഫ്. 1954 മുതല്‍ 1974 വരെയായിരുന്നു ആദ്യതവണ അദ്ദേഹം സഹപ്രവര്‍ത്തകരോടൊപ്പം ജയിലില്‍ കിടന്നത്; ഇരുപത് വര്‍ഷം. വാഹാത്ത്, മഹാരീഖ്, ഖനാ പോലുള്ള ജയിലുകളില്‍ തങ്ങള്‍ അനുഭവിച്ച കൊടുംപീഡനങ്ങള്‍ അദ്ദേഹം ഇവിടെ അനുസ്മരിക്കുന്നുണ്ട്.

പരമ്പരയുടെ നാലാം ഭാഗത്ത്, 1977 മുതല്‍ 1983 വരെ സുഊദി അറേബ്യയില്‍ കഴിഞ്ഞുകൂടിയതിനെക്കുറിച്ചാണ്. യുവാക്കള്‍ക്കു വേണ്ടിയുള്ള ഒരു ആഗോള വേദിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഈ കൂടുമാറ്റം. യുവാക്കള്‍ക്കു വേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇക്കാലയളവില്‍ അദ്ദേഹത്തിന് സാധ്യമായി. ഇഖ്‌വാന്റെ അന്താരാഷ്ട്ര ഘടനയെക്കുറിച്ചും 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനു ശേഷം ആ ഘടന അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ചും ശേഷം സംസാരിക്കുന്നു.

അഞ്ചാമത്തെ എപ്പിസോഡ്, കഴിഞ്ഞ നൂറ്റാണ്ടിലെ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈജിപ്തില്‍ ഇഖ്‌വാന്‍ നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങളെക്കുറിച്ചാണ്. 1987 മുതല്‍ 1989 വരെ താന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗമായ കാലയളവിലെ അനുഭവങ്ങള്‍ അദ്ദേഹം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. 1995-ലും നാമനിര്‍ദേശം നല്‍കിയെങ്കിലും, പ്രതിപക്ഷത്തുനിന്ന് ഒരാളെപ്പോലും ജയിപ്പിക്കേണ്ടെന്നായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. ഇഖ്‌വാന്റെ കൂടിയാലോചനാ സമിതി അംഗങ്ങളെ മുഴുവന്‍ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. മഹ്ദി ആകിഫിന് ലഭിച്ചത് മൂന്ന് വര്‍ഷത്തെ തടവാണ്. പരമ്പരയുടെ ആറാം ഭാഗത്ത്, മുസ്‌ലിം ലോകത്തെ മുഖ്യപ്രശ്‌നങ്ങളോടുള്ള ഇഖ്‌വാന്റെ നിലപാട് വ്യക്തമാക്കുന്നു. അഫ്ഗാന്‍, ഇറാഖ്, ഫലസ്ത്വീന്‍ പ്രശ്‌നങ്ങളൊക്കെ കടന്നുവരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് ഈജിപ്തിന് എങ്ങനെ പുറത്തുകടക്കാനാവുമെന്നും വിശദീകരിക്കുന്നു.

എന്റെ അറിവില്‍ മുഹമ്മദ് ആകിഫിന് മാത്രമാണ് 'മുന്‍ ഇഖ്‌വാന്‍ കാര്യദര്‍ശി' എന്ന വിശേഷണമുള്ളത്. മറ്റുള്ളവരൊക്കെ കാര്യദര്‍ശിയായിരിക്കെ മരണപ്പെട്ടപ്പോള്‍, ആകിഫ് മറ്റുള്ളവര്‍ക്കു വേണ്ടി സ്ഥാനം ഒഴിയുകയായിരുന്നു. മുതിര്‍ന്ന തലമുറയില്‍ യുവാക്കളുമായി ഏറ്റവുമടുത്ത ബന്ധമുണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നു. സംഘടനയുടെ ഐക്യത്തിന് വിഘാതമാകാത്തവിധം പരിഷ്‌കരണങ്ങള്‍ സംഘടനക്കകത്ത് ഉണ്ടാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരു സംഘം യുവാക്കള്‍ ഇഖ്‌വാന്‍ വിട്ട് മറ്റൊരു രാഷ്ട്രീയ കൂട്ടായ്മക്ക് രൂപം നല്‍കിയപ്പോള്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നപ്പോള്‍തന്നെ, അവരുമായുള്ള സ്‌നേഹസൗഹൃദങ്ങള്‍ അദ്ദേഹം മുമ്പത്തെപ്പോലെ തുടര്‍ന്നു. വിഘടനത്തെ എതിര്‍ക്കുമ്പോഴും സംഘടനക്കകത്തെ പരിഷ്‌കരണത്തിനു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്തു.

സംഭാഷണത്തിനിടക്ക് അദ്ദേഹം പറഞ്ഞ ഒരു സംഭവം എനിക്ക് മറക്കാനാവുകയില്ല. 1954-ല്‍ ഇഖ്‌വാന്‍ നേതാക്കള്‍ക്കൊപ്പം അദ്ദേഹം ജയിലില്‍ കിടക്കുന്ന കാലം. അന്നദ്ദേഹം യുവാവാണ്. തനിക്ക് വിവാഹം കഴിക്കാന്‍ പറ്റിയില്ലെന്ന് സഹതടവുകാരനും ഇഖ്‌വാന്‍ നേതാവുമായ ഉമര്‍ തിലിംസാനിയോട് അദ്ദേഹം പരിഭവം പറഞ്ഞു. അപ്പോള്‍ തിലിംസാനി തമാശയായി പറഞ്ഞു: 'അതിന് നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ജനിച്ചിട്ടു വേണ്ടേ?' യഥാര്‍ഥത്തില്‍ സംഭവിച്ചതും അതാണ്. ഇരുപതു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആകിഫിന് നാല്‍പ്പത്തിയാറ് വയസ്സ്. താന്‍ തടവിലായിരിക്കെ ജനിച്ച ഒരു പെണ്‍കുട്ടിയെയാണ് അദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ വിധിയുണ്ടായത്.

ഈജിപ്തിലെ സീസി ഭരണകൂടം തൊണ്ണൂറിലെത്തിയ ഈ വന്ദ്യവയോധികനെ എന്തിന് ജയിലിലിട്ട് പീഡിപ്പിച്ചു എന്ന് മറ്റുള്ളവരോടൊപ്പം ഞാന്‍ ചോദിച്ചു പോകുന്നു (വേണ്ട പോലെ മരുന്നോ ചികിത്സയോ പരിചരണമോ ലഭിക്കാതെ ജയിലില്‍ വെച്ചായിരുന്നു അര്‍ബുദരോഗിയായ മുഹമ്മദ് ആകിഫിന്റെ അന്ത്യം- വിവ:). നേതൃത്വമൊഴിഞ്ഞ ശേഷം സംഘടനയില്‍ ഒരു ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ ന്യായമായും വിശ്വസിക്കുന്നത്, ജയിലിനു പുറത്തായിരുന്നാല്‍ സംഘടനയെ വിള്ളല്‍ വീഴാതെ ചേര്‍ത്തുനിര്‍ത്താനും യുവാക്കളെ നിരാശയിലേക്ക് വീഴാതെ കര്‍മപഥത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും അദ്ദേഹം മുന്‍കൈ എടുക്കുമെന്ന ഭയം ഭരണകൂടത്തെ വേട്ടയാടിയിരുന്നു എന്നാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍