Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

ബഹിഷ്‌കരണം, ത്വാഇഫ് യാത്ര

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-18

 

അബ്‌സീനിയയിലേക്ക് പോയവരെ തിരിച്ചയക്കാന്‍ അവിടത്തെ രാജാവ് നേഗസ് സന്നദ്ധനല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നുള്ള മോഹ ഭംഗത്തില്‍1, ഈ മതത്തിനെതിരെ പുതിയ പോരാട്ടമുഖങ്ങള്‍ തുറക്കാന്‍ ഖുറൈശികള്‍ മുന്നോട്ടുവന്നു. നബിയുടെ കുടുംബത്തിന് സാമൂഹിക ഭ്രഷ്ട് കല്‍പിക്കാനായിരുന്നു തീരുമാനം. അതു സംബന്ധമായി ഒരു പ്രമേയവും പാസാക്കി. അതില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ''അവരോട്, അഥവാ നബിയുടെ കൂടുംബമായ ബനൂഹാശിമിനോടും അവരുടെ ബന്ധുക്കളും സഹകാരികളുമായ ബനുല്‍ മുത്ത്വലിബിനോടും സംസാരിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അവരുമായി കച്ചവട-വിവാഹ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും നിയമവിരുദ്ധമാക്കിയിരിക്കുന്നു. ഞങ്ങള്‍ക്ക് വധിക്കാനായി മുഹമ്മദിനെ വിട്ടുതരുന്നത് വരെ ഈ കുടുംബങ്ങളുമായി ഒരു സമാധാനക്കരാറുകളും സാധ്യമല്ല.'' ഖുറൈശികള്‍ രണ്ടും കല്‍പിച്ച് തന്നെയായിരുന്നു. അതുകൊണ്ടാണ് കരാറിന്റെ പകര്‍പ്പ് അവര്‍ കഅ്ബയില്‍ തൂക്കിയിട്ടത്. ഖുറൈശികളുടെ പരമ്പരാഗത സഖ്യ ഗോത്രമായ അഹാബീശും2 (ഇവരെക്കുറിച്ച് വിശദമായി പിന്നീട് വരുന്നുണ്ട്)ഈ സാമൂഹിക ബഹിഷ്‌കരണത്തില്‍ പങ്കാളികളായി. ഈ ബഹിഷ്‌കരണവും നിസ്സഹകരണവും ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനിന്നു.

പ്രവാചകന്‍, ഭാര്യ ഖദീജ, പിതൃസഹോദരന്‍ അബൂത്വാലിബ്, അദ്ദേഹത്തിന്റെ മുസ്‌ലിംകളും അല്ലാത്തവരുമായ ബന്ധുക്കള്‍ (അബൂലഹബ് എന്ന പിതൃസഹോദരന്‍ ഒഴികെ; അദ്ദേഹം പീഡകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മക്കാ നഗരത്തില്‍ തന്നെ കഴിഞ്ഞു) ഇവരെല്ലാം മക്കയുടെ പ്രാന്തത്തിലുള്ള ശിഅ്ബ് അബീത്വാലിബ് എന്ന മലഞ്ചെരിവിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ബഹിഷ്‌കരണ വ്യവസ്ഥകള്‍ വളരെ കര്‍ശനമായി പാലിക്കപ്പെട്ടിരുന്നതുകൊണ്ട് സാമൂഹികമായി ഭ്രഷ്ട് കല്‍പിക്കപ്പെട്ട ഈ മനുഷ്യരുടെ നില അത്യന്തം ശോചനീയമായിത്തീര്‍ന്നു. ഭ്രഷ്ടിന്നിരയായ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ്: ''ഒരു ദിവസം രാത്രി ഏതോ കാലത്ത് കൊല്ലപ്പെട്ട ഒരു മൃഗത്തിന്റെ ഉണങ്ങിദ്രവിച്ച ഒരു തോല്‍ക്കഷ്ണം എനിക്ക് കിട്ടി. എന്റെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങിയതിന് ശേഷം ഞാനത് തിന്നു.'' ഒരിക്കല്‍, മക്കാ നഗരത്തില്‍ താമസിക്കുന്ന ഖദീജയുടെ ഒരു സഹോദര പുത്രന്‍ തന്റെ അമ്മായിക്കായി കുറച്ച് ഭക്ഷണ വിഭവങ്ങള്‍ അയച്ച് കൊടുത്തപ്പോള്‍, വിവരം കേട്ടെത്തിയ ഖുറൈശികല്‍ കലഹമുണ്ടാക്കുകയും രക്തച്ചൊരിച്ചിലിന് വരെ അത് കാരണമാവുകയും ചെയ്തു.

യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ കഅ്ബയിലേക്ക് വിദേശ തീര്‍ഥാടകര്‍ എത്തിത്തുടങ്ങുമ്പോള്‍ നബിക്കും അനുയായികള്‍ക്കും അവരില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നു. പക്ഷേ, കച്ചവടം പോലുള്ള യാതൊരു തൊഴിലും ചെയ്യാന്‍ കഴിയാതിരുന്നത് കൊണ്ട് അവരുടെ കൈയിലെ പണമെല്ലാം പെട്ടെന്ന് തീര്‍ന്നുപോയി. അഭയാര്‍ഥി ക്യാമ്പില്‍ കഴിയുമ്പോഴും വിദേശത്ത് നിന്നെത്തുന്ന തീര്‍ഥാടകരെ നേരില്‍ കാണാനും ഇസ്‌ലാം പ്രബോധനം ചെയ്യാനുമായി നബി മിന, മജന്നഃ, ഉക്കാള് എന്നിവിടങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. തനിക്ക് അഭയം നല്‍കാന്‍ തയാറുള്ള ആരെങ്കിലുമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ കാര്യമായ അന്വേഷണം (ഇബ്‌നുല്‍ ജൗസി - വഫാഅ്, പേജ് 216). റോമയുടെയും പേര്‍ഷ്യയുടെയും സമ്പത്ത് യുദ്ധമുതലുകളായി അവരുടെ കൈവശമെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.

ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഈ സാമൂഹിക ബഹിഷ്‌കരണത്തിന് അന്ത്യം കുറിക്കുകയാണുണ്ടായത്. മക്കയിലെ മനുഷ്യ സ്‌നേഹികളായ ഒട്ടുവളരെ പേര്‍ ബഹിഷ്‌കരണം ഭാഗികമായെങ്കിലും അവസാനിപ്പിക്കണമെന്ന് രഹസ്യമായി ആഗ്രഹിച്ചിരുന്നു. അതില്‍ പെട്ട ഒരാള്‍ക്ക്, ബഹിഷ്‌കരണത്തിന് വിധേയമായ ചില കുടുംബങ്ങളുടെ കാര്യത്തിലെങ്കിലും നീക്കുപോക്കുകള്‍ നടത്തേണ്ടതാണെന്ന തിരിച്ചറിവിലേക്ക് തന്റെ സുഹൃത്തുക്കളെ കൊണ്ടുവരാന്‍ കഴിഞ്ഞു. ബഹിഷ്‌കരണം കാരണം മറ്റാരേക്കാളും കൂടുതല്‍ നഷ്ടം പറ്റാന്‍ ഇടയുള്ള കച്ചവടക്കാരും ഭ്രഷ്ട് പൊളിക്കാന്‍ മുന്‍പന്തിയില്‍ നിന്നിട്ടുണ്ടാവണം. അപ്പോഴാണ് നബിയുടെ ഒരു പ്രസ്താവന വരുന്നത്. ഖുറൈശികള്‍ കഅ്ബയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ബഹിഷ്‌കരണ പ്രഖ്യാപനം ചിതലുകള്‍ തിന്നുതീര്‍ന്നിട്ടുണ്ടെന്നും 'അല്ലാഹു', 'അവന്റെ ദൂതന്‍' എന്നീ വാക്കുകള്‍ മാത്രമാണ് ചിതലരിക്കാതെ അതില്‍ ബാക്കിയുള്ളത് എന്നുമായിരുന്നു ആ പ്രഖ്യാപനം. ഖുറൈശികള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ജിജ്ഞാസ ശമിപ്പിക്കാനായി അവര്‍ കഅ്ബയില്‍ പോയി നോക്കി. നബി പറഞ്ഞത് ശരിയായിരുന്നു. അല്ലാഹു, അവന്റെ ദൂതന്‍ എന്നീ വാക്കുകളൊഴികെ രേഖയിലെ മറ്റെല്ലാം ചിതല്‍ തിന്നുതീര്‍ത്തിരുന്നു. ഇതൊരു അത്ഭുത സംഭവമായി കണ്ട് നബിയുടെ സന്ദേശം അംഗീകരിക്കാനൊന്നും ഖുറൈശികള്‍ തയാറായില്ലെങ്കിലും, ഇനി മേല്‍ ബഹിഷ്‌കരണം വേണ്ടെന്ന് അവര്‍ തീരുമാനിച്ചു.3

 

അഭയം തേടി

മക്കയില്‍ കുടുംബത്തലവന്മാരെ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെയായിരുന്നു എന്ന് വേണ്ടത്ര വ്യക്തമല്ല. അബ്ദുല്‍ മുത്ത്വലിബ് മരിച്ചപ്പോള്‍ മകന്‍ അബൂത്വാലിബാണ് ബനൂഹാശിം കുടുംബത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. അബൂത്വാലിബ് മരിച്ചപ്പോള്‍ ആ പദവി അബൂലഹബില്‍ എത്തിച്ചേര്‍ന്നു. പ്രായം നോക്കിയല്ല ഈ തെരഞ്ഞെടുപ്പ് എന്നാണ് വ്യക്തമാവുന്നത്. കുടുംബനാഥനെ തെരഞ്ഞെടുക്കാനായി കുടുംബാംഗങ്ങള്‍ എവിടെയെങ്കിലും ഒത്തുകൂടിയിരുന്നതായും രേഖകളില്ല. ഏതായാലും ഈ വിഷയം ഇവിടെ അത്ര പ്രധാനമല്ല.

മരണം വിദ്വേഷത്തെ ഒഴുക്കിക്കളയും എന്നു പറയാറുണ്ട്. അബൂത്വാലിബ് മരിച്ചയുടന്‍ പ്രവാചകനോടുള്ള അബൂലഹബിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ കാണുന്നുണ്ട്. ചരിത്രകാരന്മാര്‍4 പറയുന്നത്, അബൂലഹബ് തന്റെ സഹോദര പുത്രനെ സംരക്ഷിക്കുന്നതിനായി ചില നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ്. മുഹമ്മദ് പ്രബോധനം ചെയ്യുന്ന ആശയമല്ല തന്നില്‍ മാറ്റമുണ്ടാക്കിയതെന്നും ഒരു ഗോത്രപരമായ ബാധ്യത നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നുമായിരുന്നു അബൂലഹബിന്റെ പക്ഷം. പക്ഷേ, ഈ നിലപാട് മാറ്റം അധികകാലം തുടര്‍ന്നില്ല. കാരണക്കാരന്‍ അബൂജഹ്ല്‍. അയാള്‍ അബൂലഹബിനെ സമീപിച്ച് പറഞ്ഞു: ''നമ്മുടെ പൂര്‍വികരെക്കുറിച്ച് മുഹമ്മദിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് താന്‍ ചോദിച്ചു നോക്കിയിട്ടുണ്ടോ?'' അബൂലഹബ് ഉള്‍പ്പെടെയുള്ള ബഹുദൈവാരാധകര്‍ക്ക് എന്തു സംഭവിക്കും എന്നതുമാവാം ചോദ്യം. ഈ ചോദ്യത്തിന് പ്രവാചകന്റെ മറുപടി ഒരു സംശയത്തിനും ഇടനല്‍കാത്ത വിധത്തിലായിരുന്നു. ബഹുദൈവാരാധകര്‍ നരകാഗ്നിയില്‍ എരിയും. സഹോദര പുത്രന്റെ മറുപടി കേട്ട് അബൂലഹബിന് വീണ്ടും ഹാലിളകി. നബിയെ കുടുംബത്തില്‍നിന്ന് പുറത്താക്കുകയും നിയമവിരുദ്ധനായി പ്രഖ്യാപിക്കുകയുമായിരുന്നു അബൂലഹബ് ചെയ്തത്. കുടുംബനാഥന്‍ എന്ന നിലക്ക് ഇതിനുള്ള അധികാരം അയാള്‍ക്ക് ഉണ്ട്.

തന്റെ പൂര്‍വികരെക്കുറിച്ച് മോശമായി പറഞ്ഞതിലാണ് അബൂലഹബിന് അരിശം. പലതരം ബാലിശമായ മുന്‍ ധാരണകളുടെ അടിമയായ അബൂലഹബ് ഒരു കാര്യം മറന്നു. തന്റെ പൂര്‍വികര്‍ എന്ന് പറയുന്നത് മുഹമ്മദ് നബിയുടെയും പൂര്‍വികരാണല്ലോ. അതിനാല്‍ അവരിലാരെയെങ്കിലും ഇകഴ്ത്തുക എന്നത് നബിയുടെ ഉദ്ദേശ്യമല്ല. ഒരു തത്ത്വം നിഷ്പക്ഷമായി അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രവാചകന്റെ നിലപാട് ശരിക്കും പ്രശംസിക്കപ്പെടുകയാണ് വേണ്ടത്. കാരണം, ഏതൊരു വിഷയം വരുമ്പോഴും തന്റെ ബന്ധുമിത്രാദികളെ അതില്‍നിന്ന് ഒഴിവാക്കിക്കളയാം എന്നദ്ദേഹം വെക്കുന്നില്ല. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വളരെ ശുഷ്‌കാന്തി പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ ഈ നിലപാടിന്റെ മാറ്റ് വര്‍ധിക്കുകയാണ് ചെയ്യുന്നത്.

മക്കയില്‍ ജീവിത സാഹചര്യം അനുനിമിഷം മോശമായി വരികയാണ്. പ്രവാചകനെതിരെ ഓരോ ദിവസവും അതിക്രമങ്ങള്‍ നടക്കുന്നു. തന്റെ കുടുംബകാരണവര്‍ തന്നെ കൈയൊഴിഞ്ഞ സ്ഥിതിക്ക് എവിടെയെങ്കിലും അഭയം ലഭിക്കേണ്ടത് അനിവാര്യമായിത്തീരുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ആദ്യം ചിന്തിച്ചത് ത്വാഇഫിലേക്ക് പോയാലോ എന്നാണ്. ആ നഗരം ഭരിക്കുന്നത് ബനൂ അബ്ദിയാലീല്‍ എന്ന കുടുംബമാണ്. അവര്‍ക്ക് നബിയുടെ മാതൃസഹോദരന്മാരുമായി കുടുംബബന്ധങ്ങള്‍ ഉണ്ട്. മാത്രവുമല്ല, മക്കയിലെയും ത്വാഇഫിലെയും ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നും സൗഹൃദപരമായിരുന്നു. നബിയുടെ ഇളയ പിതൃസഹോദരനും അടുത്ത സുഹൃത്തുമായ അബ്ബാസ് ആകട്ടെ, ത്വാഇഫിലുള്ളവര്‍ക്ക് കടം കൊടുത്തുകൊണ്ട് അവരുടെ ഒരു ബാങ്കര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. മക്കയില്‍ നിന്ന് രണ്ട് ദിവസത്തെ വഴിദൂരം മാത്രമാണ് ത്വാഇഫിലേക്കുള്ളത്.

വളരെ രഹസ്യമായിട്ടായിരിക്കണം നബി മക്ക വിട്ടത്; അതും കാല്‍ നടയായി. ഒരു  റിപ്പോര്‍ട്ട് പ്രകാരം, ത്വാഇഫിലേക്കുള്ള ഈ യാത്രയില്‍ അദ്ദേഹം തനിച്ചായിരുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍, തന്റെ ദത്തുപുത്രന്‍ സൈദ് ബ്‌നു ഹാരിസ കൂടെയുണ്ടായിരുന്നു എന്നുമുണ്ട്. ത്വാഇഫിലെ ജനങ്ങളോട് നേരില്‍ സംസാരിക്കുന്നതിന് മുമ്പ് അവിടെയുള്ള ഗോത്ര മുഖ്യരെ കണ്ട് അഭയവും സംരക്ഷണവും അനുവാദവും തേടേണ്ടതുണ്ട്. തന്റെ ബന്ധുക്കള്‍ കൂടിയായ മൂന്ന് ഗോത്രമുഖ്യരോടാണ് നബി സംസാരിച്ചത്. അതിലൊരാള്‍ വളരെ പരുഷമായാണ് നബിയോട് പെരുമാറിയത്. മറ്റു രണ്ട് പേരുടേത് അര്‍ഥം വെച്ചുള്ള ചില സംസാരങ്ങള്‍. എല്ലാവരും ആവശ്യപ്പെട്ടത്, ഉടന്‍ ത്വാഇഫ് വിട്ടുപോകണമെന്നാണ്. താന്‍ വന്ന കാര്യം ആരോടും വെളിപ്പെടുത്തരുതെന്ന് നബി അഭ്യര്‍ഥിച്ചുവെങ്കിലും, ഗോത്രമുഖ്യര്‍ അത് ചെവിക്കൊണ്ടില്ല.  അവര്‍ തെരുവ് പിള്ളേരെയും അടിമകളെയും അദ്ദേഹത്തിനെതിരില്‍ പറഞ്ഞുവിട്ടു. ബഹളം വെച്ചും കല്ലെറിഞ്ഞും അവര്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. നബിക്ക് മുറിവേറ്റു. ഒടുവില്‍ ഒരു തോട്ടത്തില്‍ അഭയം തേടി. ത്വാഇഫിന്റെ പ്രാന്തത്തില്‍ താമസിക്കുന്ന മക്കക്കാരുടെതായിരുന്നു ആ തോട്ടം. അഭയം മാത്രമല്ല ആതിഥ്യവും അദ്ദേഹത്തിന് അവിടെ നിന്ന് ലഭിച്ചു. തോട്ടം നോക്കി നടത്തിയിരുന്നത് ക്രിസ്ത്യാനിയായ ഒരു അടിമയായിരുന്നു. തന്റെ നാട്ടുകാരേക്കാളൊക്കെ കൂടുതല്‍ ആ ക്രിസ്ത്യന്‍ അടിമക്ക് നബിയെ മനസ്സിലായിരുന്നു (ഇബ്‌നു ഹിശാം, പേജ് 279-281). ഇതൊരു അവസാനത്തിന്റെ ആരംഭമായിരുന്നു; നബിക്ക് അതപ്പോഴും ഭാവനയില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും.

ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുകയും തോട്ടത്തില്‍ അഭയം ലഭിക്കുകയും ചെയ്ത് സ്വസ്ഥനായപ്പോള്‍ നബി തന്റെ രണ്ട് കൈകളും മേലോട്ട് ഉയര്‍ത്തി ഇങ്ങനെ പ്രാര്‍ഥിച്ചു5: ''നാഥാ, എന്റെ ശക്തി വളരെ ദുര്‍ബലമാണെന്ന് ഞാന്‍ നിന്നോട് പരാതിപ്പെടുന്നു. എന്റെ വിഭവങ്ങളും പരിമിതമാണ്. ജനങ്ങള്‍ എന്നെ വില വെക്കുന്നില്ല. കാരുണ്യ സാഗരമേ, നീ ദുര്‍ബലരുടെയും പ്രയാസപ്പെടുന്നവരുടെയും രക്ഷിതാവാണല്ലോ. ആരിലേക്കാണ് നീ എന്നെ ഏല്‍പിച്ചു കൊടുക്കുന്നത്? എന്നോട് പരുഷമായി പെരുമാറുന്ന വിദേശിക്കോ, എന്നെ അടക്കി വാഴാനൊരുങ്ങുന്ന ശത്രുവിനോ? പക്ഷേ, നിനക്ക് എന്നോട് ദ്വേഷ്യമില്ലെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാനേ പോകുന്നില്ല.6 പക്ഷേ, നിന്റെ സംരക്ഷണമാണ് എപ്പോഴും അഭികാമ്യമായിട്ടുള്ളത്. നിന്റെ വെളിച്ചമാണ് ഇരുട്ടിനെ വകഞ്ഞുമാറ്റുന്നത്. ആ വെളിച്ചമാണ് ഈ ലോകത്തും പരലോകത്തും കാര്യങ്ങള്‍ ശരിപ്പെടുത്തുന്നത്. മാപ്പപേക്ഷിക്കേണ്ടത് എന്റെ കര്‍ത്തവ്യം; നിനക്ക് തൃപ്തിയാവും വരെ ഞാനത് ചെയ്യും. നിന്നില്‍ നിന്നല്ലാതെ ഒരു ശക്തിയോ അധികാരമോ ഇല്ല''  (ഇബ്‌നു ഹിശാം, പേജ് 280).

അല്‍പനേരം വിശ്രമിച്ച ശേഷം നബി മക്കയിലേക്ക് മടക്ക യാത്ര ആരംഭിച്ചു. യാത്രാ മധ്യേ ഒരിടത്ത് അദ്ദേഹം രാത്രി കഴിച്ചുകൂട്ടാനായി തങ്ങി. നമസ്‌കരിക്കുകയും ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തു. ആ വഴി കടന്നുപോവുകയായിരുന്ന ജിന്ന് വിഭാഗത്തിലെ ഒരു സംഘം ഈ ഖുര്‍ആന്‍ പാരായണം കേട്ടുവെന്നും അവര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (72:1, 46:29-32). ''(നബീ) താങ്കള്‍ പറയുക: ജിന്നുകളില്‍ പെട്ട ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേട്ടുവെന്ന് എനിക്ക് സന്ദേശം നല്‍കപ്പെട്ടിരിക്കുന്നു...'' എന്ന ഖുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് ഇതൊന്നും നബിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല എന്ന് വ്യക്തമാണല്ലോ. അല്ലാഹു അറിയിച്ചു കൊടുത്തപ്പോള്‍ മാത്രമാണ് ജിന്നുകള്‍ തന്റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചതും അവരത് വഴി ഇസ്‌ലാം സ്വീകരിച്ചതും പ്രവാചകന്‍ അറിയുന്നത്. ജിന്നു വര്‍ഗത്തിലും മതവിശ്വാസികളും ദൈവവിശ്വാസമില്ലാത്തവരുമൊക്കെ ഉണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ പലയിടത്തും ജിന്നുകളെ പ്രത്യേകം പേരെടുത്ത് പറയുന്നുണ്ട്. മനുഷ്യരെപ്പോലെ തങ്ങളുടെ പ്രവൃത്തികള്‍ക്ക് ഉത്തരം ബോധിപ്പിക്കേണ്ട ഒരു വിഭാഗമായിട്ടാണ് ഖുര്‍ആന്‍ ജിന്നുകളെ പരിചയപ്പെടുത്തിയിരിക്കുന്നത്.

യാത്ര ചെയ്ത് തളര്‍ന്ന് ഒടുവില്‍ നബി തന്റെ ജന്മനഗരമായ മക്കയുടെ സമീപം എത്തിച്ചേരുന്നു. തന്റെ കുടുംബക്കാരണവരായ അബൂലഹബ് തന്നെ നിമാനുസൃത അവകാശങ്ങളൊന്നുമില്ലാത്ത ഒരാളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ മക്കയില്‍ കടന്നാല്‍ പ്രശ്‌നമാണ്. ആരുടെയെങ്കിലും സംരക്ഷണം ലഭിച്ചാലേ മക്കയില്‍ കാലു കുത്താനാവൂ. നബി ആദ്യം മിതവാദിയായ ഒരു ഗോത്രത്തലവന്റെ അടുത്തേക്ക് ആളെ അയച്ചെങ്കിലും അദ്ദേഹം സംരക്ഷണവും അഭയവും നല്‍കാന്‍ വിസമ്മതിച്ചു. മറ്റൊരു നേതാവിന്റെ അടുത്തേക്ക് ആളെ വിട്ടെങ്കിലും അയാളും കൈയൊഴിഞ്ഞു. മൂന്നാമത്തെയാളാണ് മുത്വ്ഇമ് ബ്‌നു അദിയ്യ്. അദ്ദേഹം നേരത്തേ ബനൂഹാശിം കുടുംബത്തിനെതിരെയുള്ള ബഹിഷ്‌കരണം എടുത്തുകളയാന്‍ വേണ്ടിയും ശ്രമം നടത്തിയിരുന്നു. നബിയുടെ അഭയാഭ്യര്‍ഥന അദ്ദേഹം സ്വീകരിച്ചു. ആയുധധാരികളായ തന്റെ രണ്ട് മക്കളുമൊത്ത് അദ്ദേഹം നബിയെ കാണാന്‍ ചെന്നു. നബിയെയും കൂട്ടി മുത്വ്ഇം കഅ്ബയില്‍ ചെന്ന് അതിനെ ഏഴു പ്രാവശ്യം വലം വെച്ചു. പിന്നെ, താന്‍ മുഹമ്മദിന് അഭയം നല്‍കിയിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

(തുടരും)

 

കുറിപ്പുകള്‍

1). ബലാദുരി 1-556

2. ബുഖാരി 24:45, 56:179, അബൂദാവൂദ് II, 86, ഇബ്‌നു ഹമ്പല്‍ നമ്പര്‍ 7293

3. ഇബ്‌നു ഹിശാം പേജ് 230-232, 247-249, ബലാദുരി 1/550-560, ബുഖാരി 25:45

4. ഇബ്‌നു സഅദ് 1/1, 141

5. 'ദൈവമേ, ദൈവമേ നീ എന്നെ കൈവിട്ടതെന്ത്?' (മത്തായി 24/46) എന്ന യേശുവിന്റെ വിലാപവുമായി ഇതിനെ താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. നബിയുടെ പ്രാര്‍ഥനക്ക് ദൈവം ഉടന്‍ ഉത്തരവും നല്‍കുകയാണ്. പിറ്റേ ദിവസം തന്നെയാണ് നബിയെ 'മിഅ്‌റാജ്' നല്‍കി അല്ലാഹു അനുഗ്രഹിക്കുന്നത്. ഇസ്‌റാഉം മിഅ്‌റാജും ഒരേ ആശയമാണ് പ്രകാശിപ്പിക്കുന്നതെന്നാണ് എന്റെ വാദം. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് പറയുന്നവരുടെ വാദങ്ങള്‍ എനിക്ക് ബോധ്യമായിട്ടുമില്ല.

6. ഇബ്‌നു ഹിശാം പേജ് 251, ബലാദുരി അന്‍സാബ്, 561.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌