Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

ഉമ്മയും മുലപ്പാലും

മലികാ മര്‍യം

ഞാന്‍ കടിഞ്ഞൂല്‍ പ്രസവം കാത്തിരുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. കാണുന്നവരെല്ലാം ഇത്തിരി സഹാനുഭൂതിയോടെയാണ് പെരുമാറുക. ബന്ധുക്കളൊക്കെ ഇടക്കിടെ വന്നു പഴങ്ങളും അപ്പവും നേദിച്ചുപോവും. തള്ളയും കുട്ടിയും രണ്ടു പാത്രത്തിലാവട്ടെ എന്നു ആശംസിക്കും. ഈ കണ്ണില്‍ കണ്ട മനുഷ്യരെല്ലാം ഭൂമുഖത്ത് പെറ്റു തന്നെയല്ലേ പെരുകിയത് എന്നാശ്വസിപ്പിക്കും. നമ്മളാണെങ്കിലോ കാത്തിരിപ്പിലാണ്. മരണത്തിന്റെ പാതി വേദനയെന്ന കേട്ടറിവ്, ഇത്രേം അത്രേം എല്ലും ഞരമ്പും പൊട്ടുമെന്ന വാദങ്ങള്‍, പെണ്ണുങ്ങളുടെ എക്‌സ് മിലിട്ടറി വര്‍ത്താനങ്ങള്‍, ആണുങ്ങളെഴുതിയ മാതൃത്വാനുഭൂതിയുടെ കുറിപ്പുകള്‍.. ഇങ്ങനെ ആശങ്കിച്ചും ആശ്വസിച്ചും പോകുന്നതിനിടയില്‍ ആയിടെ പ്രസവിച്ച ആത്മാര്‍ഥ സഖിയെ വിളിച്ചു രഹസ്യം അന്വേഷിച്ചു. ഒട്ടും ആശാവഹമായിരുന്നില്ല അവളുടെ മറുപടി! 

അങ്ങനെ ഡോക്ടറും സ്‌കാനിംഗും പറഞ്ഞ ജൂണ്‍ നാലെന്ന നിര്‍ണായക ദിവസം വന്നെത്തി. നമ്മളിങ്ങനെ കാത്തിരിക്കയാണേ. ഓരോ പ്രാവശ്യം ബാത്‌റൂമില്‍ പോവുമ്പോഴും വീട്ടുകാര്‍ പുറകെ വരും. എന്തേ..എന്തേ..എന്തെങ്കിലും???  നാലാം തീയതി ക്ലോക്ക് പന്ത്രണ്ടടിച്ച മുതല്‍ ഞാനിങ്ങനെ 'അസുലഭ സുരഭില' അനുഭവം കാത്തുനില്‍ക്കുകയാണ്. പക്ഷേ നാലാം തീയതി തന്നിലേല്‍പ്പിക്കപ്പെട്ട വിലപ്പെട്ട ആ ഉത്തരവാദിത്തത്തെ കണ്ടഭാവം കാണിക്കാതെ  കടന്നു പോയി. അഞ്ചാം തീയതിയും അങ്ങനെത്തന്നെ കടന്നു പോയി. ആറും പകുതിയായി. അങ്ങനെ വിട്ടാല്‍ പറ്റാത്തതുകൊണ്ട് വീട്ടുകാരും കുടുംബക്കാരും പെട്ടീം കിടക്കയും എന്നെയും എടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു. പോവുമ്പോള്‍ രണ്ടു കുട്ടികളുടെ മാതാവ്  കം ഡോക്ടറായ സഹോദരി പറഞ്ഞു. 'നീ പെറ്റിട്ട് അവര്‍ക്കൊന്നും കിട്ടാനില്ല, അവര് പറയുന്നതൊക്കെ കേട്ടു സഹകരിച്ചാല്‍ നിനക്ക് നന്ന്'. ഗര്‍ഭിണികള്‍ നിരന്നുകിടക്കുന്ന ലേബര്‍റൂമില്‍ കയറിയപ്പോള്‍ ബേജാറിലായത് എന്നേക്കാള്‍ എന്റെ രക്തസമ്മര്‍ദമാണ്. കക്ഷി അങ്ങനെ മുകളിലേക്ക് കുതിക്കുകയാണ്. ഈ രൂപത്തില്‍ പ്രസവിക്കാന്‍ പറ്റില്ലെന്നും രക്തസമ്മര്‍ദം താഴ്ത്തിയ ശേഷം  രണ്ടു ദിവസം കഴിഞ്ഞ് നോക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. അങ്ങനെ കിടക്കുമ്പോള്‍ മറ്റൊരു വിഷമം കൂടി. പ്രസവം കഴിഞ്ഞാല്‍ എനിക്ക് ജീവനുണ്ടാകുമോ? ഇനി ഉണ്ടെങ്കില്‍തന്നെ വരുന്ന കുഞ്ഞിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ? അതിനുള്ള മാതൃത്വമൊക്കെ എനിക്കുണ്ടോ? മാതൃത്വത്തിന്റെ ഒരു ഇതും ഇത്രേം ദിവസായിട്ട് ഒന്നും വരാത്തതെന്താ? അങ്ങനെ പ്രസവം കഴിഞ്ഞു. ആകപ്പാടെ ഒരു എത്തും പിടിയും കിട്ടാതെ ക്ഷീണിച്ചു തളര്‍ന്നു കിടക്കുമ്പോള്‍ നഴ്‌സ് എന്റെ അടുത്തു വന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു. 'ഇന്നാ കുഞ്ഞിനു പാലു കൊടുക്കൂ'. അതു കേട്ടതും, ഒരു നിമിഷം തളര്‍ച്ചക്കു മേല്‍ തളര്‍ന്നു കൊണ്ട് ഞാന്‍ ആലോചിച്ചു; പടച്ചോനേ, ഈ കുട്ടിയുടെ വയറു നിറയണമെങ്കില്‍ ഞാന്‍ തന്നെ വേണ്ടേ? എനിക്ക് ക്ഷീണിച്ചു കിടക്കാനൊന്നും പറ്റില്ലേ? അതായിരുന്നു എന്റെ ആദ്യത്തെ മാതൃത്വാനുഭവം. 

അങ്ങനെ ഒരു തോന്നലിനെ പിന്തുടര്‍ന്നെത്തിയത് എന്തെന്നില്ലാത്ത  മനോവിഷമമാണ്, കേട്ട വാര്‍പ്പു മാതൃകകളൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ. ഉമ്മയാവുന്നതോട് കൂടി പെണ്ണ് അലിഞ്ഞില്ലാതാവണമെന്നാണല്ലോ! വിഷമം ഉമ്മയോട് പറഞ്ഞപ്പോള്‍ ഉമ്മയുടെ പ്രതികരണമിങ്ങനെ: 'അതൊക്കെ  പ്രയാസം കൊണ്ടു തോന്നുന്നതാ.. അതിലൊന്നും കുഴപ്പമില്ല. അതൊക്കെ മാറും. എല്ലാര്‍ക്കും അങ്ങനെ ഒക്കെ തോന്നും'. ആ ഉത്തരം നല്‍കിയ ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. അന്നുമുതല്‍ രണ്ടര വയസ്സിനോടടുപ്പിച്ച് പാലൂട്ടല്‍ നിര്‍ത്തുന്നതു വരെ ചുറ്റുപാടുകളില്‍നിന്ന് ഏറ്റവുമധികം കേട്ട വാചകം അതായിരുന്നു.. 'കുട്ടിക്ക് പാലു കൊടുക്കൂ..' എന്നായിരുന്നു. കുട്ടി ഉറക്കത്തിലൊന്നു ഞരങ്ങിയാല്‍, ഒന്നപ്പിയിട്ടാല്‍, കരഞ്ഞാല്‍, കുളിപ്പിച്ച് കൊണ്ടുവന്നാല്‍, ഉറങ്ങി എണീറ്റാല്‍, ഒന്നു വീണാല്‍... ചുറ്റുമുള്ളവര്‍ കോറസായി പറഞ്ഞുകൊണ്ടേയിരിക്കും.. പാലു കൊടുക്ക്, പാലു കൊടുക്ക്. പള്ളിയില്‍ വെച്ച് കുട്ടി കരഞ്ഞാല്‍ ഒന്നാമത്തെ സ്വഫ്ഫിലിരിക്കുന്ന വല്ലിമ്മമാരൊക്കെ കണ്ണുരുട്ടി താളം കാണിച്ചു കാര്യം പറയും. പ്രസംഗങ്ങളില്‍ ഗര്‍ഭിണിയുടെയും പാലൂട്ടുന്നവളുടെയും മഹത്വങ്ങള്‍ കേള്‍ക്കും. ഖുര്‍ആനിലും ഹദീസിലും അവള്‍ക്കു പ്രത്യേകമുള്ള ദറജകളും ഇളവുകളും കണ്ടു ഉള്‍ക്കുളിര് തോന്നും.  എന്തിന്, ഒരിക്കല്‍ പള്ളിയില്‍ വെച്ച് കുഞ്ഞ് കരഞ്ഞപ്പോള്‍ പാലൂട്ടാത്തതിനു ആളുകളുടെ ഇടയിലിട്ട് കണക്കിന് ചീത്ത പറഞ്ഞു ഒരു ഉമ്മ. നാട്ടുകാര്‍ക്ക് വേണ്ടിയാണോ പാലുകൊടുക്കുന്നതെന്ന് പല പ്രാവശ്യം സഹ പ്രസവിണികളായ കൂട്ടുകാരികള്‍ അടക്കം പറഞ്ഞിട്ടുണ്ട്. ഈ പാലെല്ലാം എടുത്തുവെച്ച് മറിച്ചു വിറ്റ് ഞാനെന്തോ സമ്പാദിക്കുന്നുണ്ടോ എന്നു വരെ അവര്‍ക്ക് തോന്നുന്നുണ്ടോ എന്ന് സംശയം. കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ ഇത്രമാത്രം ജാഗ്രതയും താല്‍പര്യവുമൊക്കെ പുലര്‍ത്തുന്നതാണ് നമ്മുടെ അനുഭവം എന്ന് ഇതെല്ലാം ബോധ്യപ്പെടുത്തുന്നു. അങ്ങനെയൊക്കെ ഇക്കാര്യത്തില്‍ ശുഷ്‌കാന്തിയോടെ ഇരിക്കുന്ന എന്റെ സമുദായത്തിലേക്കാണ് ഒരു മുലപ്പാല്‍ വിവാദം പൊട്ടിവീഴുന്നത്. 

എത്ര വേഗമാണ് മുക്കത്തെ മണ്ണില്‍ നടന്നൊരു സംഭവം സാക്ഷരകേരളം ഏറ്റെടുത്തത്! ഒരു 'തങ്ങളു'ടെ അല്‍പത്തരത്തില്‍നിന്നു വന്ന ഒരു ഉപദേശം അന്ധവിശ്വാസത്തിന് ജാതിഭേദമന്യേ യാതൊരു കുറവുമില്ലാത്ത ഈ നാട്ടില്‍ ഒരാള്‍ സ്വീകരിച്ചതിന്റെയും നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ആദ്യം വരുന്നു. ആളുകള്‍ അപലപിച്ചു തുടങ്ങുന്നു, മുസ്‌ലിംകളും അപലപിക്കുന്നു, സ്വന്തം മതത്തിന്റെ പേരിലാണെങ്കിലും തെറ്റിനെ ന്യായീകരിക്കേണ്ടതില്ല. ഇസ്‌ലാമിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍ മുസ്‌ലിം സമുദായത്തിന് അതിനെ എതിര്‍ക്കേണ്ടത് ബാധ്യതയായിത്തീരുന്നുമുണ്ട്. എന്നാല്‍, അതിലേറെ മുസ്‌ലിംകള്‍ക്ക് അപലപിക്കേണ്ടി വരുന്നുണ്ടെന്നതാണ് അനുഭവം. ഒടുക്കം കാര്യങ്ങള്‍ നിയമ നടപടി വരെ എത്തിച്ചേര്‍ന്നിരിക്കുന്നു. പട്ടാപ്പകല്‍ മനുഷ്യക്കുരുതി വരെ നടക്കുന്ന നാടാണേ, അവിടെയാണൊരു 'മുലപ്പാല്‍ ബോംബ്'! 

ഇസ്‌ലാമിലെ പാലൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചു ഇതിനോടനുബന്ധിച്ച് ഒരുപാട് എഴുത്തുകള്‍ വന്നു കഴിഞ്ഞു. വ്യഭിചാരിണിയായ സ്ത്രീ ശിക്ഷ ഏറ്റുവാങ്ങാന്‍ വന്നപ്പോള്‍ അവളോട് കുഞ്ഞിനെ രണ്ടു വര്‍ഷം തികച്ചു മുലയൂട്ടാനാണ് പ്രവാചകന്‍ ആവശ്യപ്പെട്ടത്. ഭാര്യ മുലയൂട്ടുന്ന രണ്ടു വര്‍ഷത്തിനിടക്ക് മറ്റൊരു ഗര്‍ഭമുണ്ടായി ആദ്യത്തെ കുഞ്ഞിന്റെ മുലകുടി നിന്നു പോയി അതിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ആ കാലയളവിലെ ശാരീരിക ബന്ധം പോലും നബി വാക്കാല്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ആ പ്രവാചകന്റെ മതവുമായി യാതൊരു ബന്ധവും ഈ പറഞ്ഞ മുക്കത്തെ അന്ധവിശ്വാസത്തിനില്ലെന്നത് നേര്. മാത്രമല്ല, കേരളത്തില്‍ പുരാതന കാലം മുതല്‍ക്കേ നിലനിന്നിരുന്ന ചികിത്സാ രീതിയായ ആയുര്‍വേദത്തില്‍ പലയിടത്തും മാതാവില്‍ ആദ്യം ഉണ്ടാവുന്ന മഞ്ഞ നിറത്തിലുള്ള പാല്‍ കുട്ടികള്‍ക്ക് നല്ലതല്ലെന്ന് വിധിച്ചിരുന്നുവത്രെ! നമ്മുടെ നാട്ടാചാരത്തിലും അങ്ങനെ ഉണ്ടായിരുന്നു! ആദ്യം സ്ത്രീയിലുണ്ടാവുന്ന മഞ്ഞ ദ്രാവകം കുഞ്ഞുങ്ങള്‍ക്ക് അസുഖം പകരുമെന്നും അത് പിഴിഞ്ഞുകളഞ്ഞ് നല്ല പാല്‍ വരുമ്പോഴേ കുട്ടിയെ പാലൂട്ടാവൂ എന്നും വിശ്വസിച്ചുപോന്നവരും ഉണ്ടായിരുന്നു. അത്തരമൊരു അന്ധവിശ്വാസത്തെയാണ് അഞ്ചു ബാങ്കിന്റെ സമയത്തിലേക്ക് ചേര്‍ത്ത് ഒരു 'തങ്ങള്‍' അവതരിപ്പിച്ചുകളഞ്ഞത്! ഈ അടുത്താണ് മഞ്ഞ നിറത്തിലുള്ള ദ്രാവകം ചവറല്ലെന്നും കുട്ടികളുടെ വളര്‍ച്ചക്കും രോഗപ്രതിരോധ ശേഷിക്കും അത്യന്താപേക്ഷിതമായ കൊളസ്ട്രം ആണെന്നും ആരോഗ്യമാസികകള്‍ നിരന്തരം പറഞ്ഞു തുടങ്ങിയത്.  

ഇതോടൊപ്പം മാതൃത്വത്തിന്റെ അതികാല്‍പനികമായ അനുഭൂതി വിവരണങ്ങളും രംഗം കൊഴുപ്പിക്കുന്നു. ഇസ്‌ലാമില്‍ മാതാവിനും മാതൃത്വത്തിനും പാലൂട്ടലിനുമൊക്കെ മഹത്തായ പദവികളുണ്ടെണ്ടന്നതില്‍ സംശയമില്ല. അതേ സമയം ഇസ്‌ലാമില്‍ ഒരു സ്ത്രീയുടെ പൂര്‍ണതയും വലിപ്പവും മാതൃത്വം മാത്രമല്ല നിര്‍വചിക്കുന്നത്. പ്രസവിക്കാന്‍ അല്ലാഹു യോഗം വിധിച്ചിട്ടില്ലാത്തവര്‍ക്കും മറ്റനവധി മേഖലകളില്‍ പടച്ചവന്‍ കര്‍മവീര്യം നല്‍കിയിട്ടുണ്ട്. മാതാക്കളാകട്ടെ, മറ്റനവധി പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ജീവിതം സാര്‍ഥകമാക്കിയതും ചരിത്രം പറയുന്നു. ചുരുക്കത്തില്‍ എല്ലാ പദവികളും ഉമ്മയാകയാല്‍ പെണ്ണിന് നല്‍കിയപ്പോളും അവളുടെ വലുപ്പത്തെ അതില്‍ മാത്രം ഒതുക്കിയില്ല. ഇതു ഇസ്‌ലാമിന്റെ വലിയൊരു പ്രത്യേകതയാണ്. 

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ പദവി നോക്കൂ. ഭാര്യയും ബോസും പണ്ഡിതയും പ്രസിഡന്റും പലപ്പോഴും നമുക്ക് തമാശ കഥാപാത്രങ്ങളാണ്. ആകെ പരിഹാസങ്ങള്‍ക്ക് അതീതയായ ഒരേയൊരു സ്ത്രീ അമ്മയാണ്. അമ്മയാവലാണ് ലോകത്തെ പെണ്ണിന്റെ ഒരേ ഒരു  വലിയ നിര്‍വൃതി. പാലൂട്ടലും കുഞ്ഞിനെ വളര്‍ത്തലും  സ്ത്രീജീവിത സഫലതയുടെ ഏറ്റവും വലിയ അടയാളങ്ങളാണ്. എത്ര ആണ്‍കവികള്‍ അതിനെ വാഴ്ത്തിപ്പാടി! പെണ്‍കവികള്‍ അതേറ്റു പാടി. ഇതൊക്കെ  കവികള്‍ വാഴ്ത്തിപ്പാടിയ പോലെ കുളിരു മാത്രമുള്ള അനുഭവമാണോ? പാലൂട്ടുമ്പോള്‍ എന്റെ കുഞ്ഞിനു ഞാന്‍ ആരോഗ്യം പകര്‍ന്നു നല്‍കുന്നെന്ന സംതൃപ്തി ഉണ്ടാകുന്നു. അത് ഒരു നിശ്ചിത കാലം പൂര്‍ത്തീകരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ കണ്ണില്‍ വിരിയുന്ന മറ്റൊരിക്കലും കാണാത്ത ഭാവം ഒരുപാട് സുന്ദരവുമാണ്. എന്നുവെച്ച് അതൊരു കാല്‍പനികാനുഭവം മാത്രമാണോ? ആ കാലത്ത് എന്തെല്ലാം ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുന്ന സ്ത്രീകളുണ്ട്! അസമയത്തും അസ്ഥാനത്തും കുഞ്ഞു കരയുമ്പോള്‍ പാലൂട്ടാന്‍ എത്ര കഷ്ടപ്പാടുണ്ട്! എങ്കിലും ഇതേപറ്റിയൊന്നും മിണ്ടാനേ പാടില്ല! അതൊക്കെ നമ്മള്‍ പടച്ചുവെച്ച മാതൃത്വത്തിന് നിരക്കാത്തവയാണല്ലോ. അങ്ങനെ അല്ലാത്ത ഒരു വര്‍ത്തമാനമേ കേട്ടിട്ടുള്ളൂ. അത് സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റേതാണ്. സ്ത്രീക്ക് ഇവ ക്ലേശത്തിന് മേല്‍ ക്ലേശം ആണെന്നും അതുകൊണ്ടു ഗൗരവപ്പെട്ട ആരാധനാ കര്‍മങ്ങളില്‍ വരെ നിങ്ങള്‍ ഇളവെടുത്തുകൊള്ളുക എന്നും സംശയരഹിതമായി അല്ലാഹു പറഞ്ഞുവെച്ചിരിക്കുന്നു. കടപ്പാട് ഏറ്റവുമധികം മാതാവിനോടാണെന്ന് മുത്തുനബിയും പറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട്, മാതാവിന്റെ പ്രയാസമോര്‍ത്ത് അവിടുന്ന് നമസ്‌കാരം ചുരുക്കിയിരുന്നു. അത്രയും വലിയ കാല്‍പനികാനുഭവം മാത്രമാണെങ്കില്‍ അവന്‍ അതിനു ഇത്രയും വലിയ പ്രതിഫലം തരേണ്ടതുണ്ടോ? അവിടെയും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുപോകുന്ന സങ്കല്‍പ്പങ്ങളാണ് സന്തുലിത സമീപനമുള്ള ഇസ്‌ലാമിനുള്ളത്. മാത്രമല്ല, പാലൂട്ടാന്‍ കഴിയാത്തവര്‍ക്കും കുഞ്ഞിന് ആരോഗ്യം കൂടുതല്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വളര്‍ത്തുമാതാക്കളാല്‍ മുലയൂട്ടിപ്പിക്കാറുമുണ്ടായിരുന്നു പഴയകാലത്ത്.

പാലൂട്ടല്‍ സിമ്പോസിയങ്ങളും ജാഗ്രതാ സായാഹ്നങ്ങളും നടത്താന്‍  ഉത്സാഹം കാണിക്കുന്നവര്‍ നമ്മുടെ ജോലിസ്ഥലങ്ങളിലേക്ക് നോക്കൂ. ഒരു പെണ്ണിന് പാലൂട്ടാന്‍ എന്ത് സൗകര്യമാണ് തൊഴിലിടങ്ങളിലുള്ളത്? വന്‍കിട കമ്പനികളിലും സര്‍ക്കാര്‍ ഓഫീസുകളിലും പോലും ഡേ കെയറുകളില്ല. പിന്നെ ബാക്കിയുള്ളവ പറയാനില്ലല്ലോ. ഒരു സ്ത്രീ പ്രസവിക്കരുതെന്നാണോ ഒന്ന് പ്രസവിച്ചു നിര്‍ത്തണമെന്നാണോ അതോ ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ ജോലിക്ക് വരരുതെന്നാണോ-എന്താണ് തൊഴിലിടങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്? പ്രത്യുല്‍പാദന കാലം മുഴുവന്‍ ജോലിക്ക് പോവാതിരുന്നാല്‍ പിന്നെ അത് കഴിഞ്ഞു ചെല്ലുമ്പോള്‍ ദിനംപ്രതി ആളുകള്‍ പഠിച്ചിറങ്ങുന്ന ഈ തൊഴില്‍രഹിത നാട്ടില്‍ ആരാണ് അവള്‍ക്ക് ജോലി നല്‍കുക? ജോലിയെടുക്കാനും പാലൂട്ടാനും പെണ്ണിന് അവകാശമുണ്ട്. എത്രയെത്ര പാലൂട്ടലുകളാണ് ഇവിടെ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! 

 ആ അവകാശങ്ങള്‍ക്ക് വേണ്ടി ഇവിടെ ആരും സിമ്പോസിയങ്ങള്‍ നടത്തിക്കണ്ടിട്ടില്ല. പ്രത്യേകിച്ചും ആണ്‍കേന്ദ്രീകൃത മത-മതേതര  രാഷ്ട്രീയക്കാര്‍. പാലൂട്ടലുകള്‍ പോവട്ടെ, എത്രയെത്ര മനുഷ്യരെയാണ്, മക്കളെയാണ് ദിവസവും ഭരണകൂടം തന്നെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് തലസ്ഥാനത്തെ പ്രമുഖ കാമ്പസില്‍വെച്ച് ദുരൂഹമായി കാണാതായ നജീബിനു വേണ്ടി എന്തേ ഈ കേരളത്തില്‍ 'ജാഗ്രതാ സായാഹ്ന'ങ്ങളൊന്നും കാണാഞ്ഞത്? ഒരുമ്മയെന്ന നിലയില്‍ പറയട്ടെ, മുക്കത്തെ ഒരു കുഞ്ഞിന് മണിക്കൂറുകള്‍ പാലു നിഷേധിക്കപ്പെട്ടതിനേക്കാള്‍ എന്റെ ഗര്‍ഭപാത്രം കടഞ്ഞു വേദനിച്ചത് തന്റെ മകന്റെ ദുരൂഹ തിരോധാനത്തിനു കാരണമന്വേഷിച്ചു വന്ന ഉമ്മയെ ദല്‍ഹിയിലെ നിരത്തിലിട്ട് പോലീസ് വലിച്ചിഴക്കുമ്പോളായിരുന്നു. ആ വേദന ഏതു മാതാവിനും അനുഭവപ്പെട്ടിട്ടുണ്ടാകുമെന്നത് ഉറപ്പ്.

 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്