Prabodhanm Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

ഏകസിവില്‍ കോഡും മുസ്‌ലിംകളിലെ ബഹുഭാര്യത്വവും

റഹ്മാന്‍ മധുരക്കുഴി

ഏകസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളിയാല്‍ മുഖരിതമാണ് രാജ്യമിന്ന്. ദേശീയോദ്ഗ്രഥനം സാര്‍ഥകമാക്കുക എന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നിലുള്ളത്. വൈവിധ്യങ്ങളുടെ മഹാകലവറയായ നമ്മുടെ രാജ്യം മുറുകെ പിടിച്ചുപോരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന മഹിതാശയത്തെ വെട്ടിമുറിക്കാനും ഉല്‍ഗ്രഥനത്തിന് പകരം ഛിദ്രത വളര്‍ത്താനും മാത്രമേ ഏകസിവില്‍കോഡ് സഹായകമാവൂ എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണെങ്കിലും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളെ സംബന്ധിച്ചേടത്തോളം തങ്ങള്‍ ശത്രുപട്ടികയില്‍ അവരോധിച്ച മുസ്‌ലിംകള്‍ ബഹുഭാര്യത്വത്തിലൂടെ പെറ്റുപെരുകി, ഹിന്ദുഭൂരിപക്ഷത്തെ മറികടക്കുമെന്ന ആശങ്കയാണ് ഏകസിവില്‍കോഡിനുവേണ്ടി സമരസജ്ജമായി രംഗത്തിറങ്ങാന്‍ പ്രേരകം. ഇക്കാര്യം ഗ്രന്ഥകാരനും കോളമിസ്റ്റുമായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ 'ഏഷ്യന്‍ എയ്ജി'ല്‍ എഴുതിയതിങ്ങനെ. 'ബഹുഭാര്യത്വം വഴി മുസ്‌ലിംകള്‍ ഹിന്ദുക്കളേക്കാള്‍ പെറ്റുകൂട്ടി വൈകാതെ ഭൂരിപക്ഷമായിത്തീരുമെന്നാണ് ഹിന്ദുത്വരുടെ ധാരണ. എന്നാല്‍ സ്ഥിതിവിവരക്കണക്കുപ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് മുസ്‌ലിംകളുടേതിനേക്കാള്‍ കൂടുതല്‍.'' 

'മുസ്‌ലിം ജനസംഖ്യാ ജിഹാദ്' ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ വിഴുങ്ങും എന്ന മുറവിളിയാണ് തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രഹരശേഷി കുറഞ്ഞിട്ടില്ലെന്നും ഈ പോക്കുതുടര്‍ന്നാല്‍ ഇന്ത്യ താമസിയാതെ ഒരു ഇസ്‌ലാം രാഷ്ട്രമാകുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. 'മുസ്‌ലിംകള്‍ രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കുന്നവരാണെന്നും, അവര്‍ പന്നികളെ പോലെ പ്രസവിക്കുന്നവരാണെന്നു'മുള്ള ഹിന്ദുത്വ സഹയാത്രികന്‍ എന്‍. ഗോപാലകൃഷ്ണന്റെ പ്രകോപനപരമായ യൂട്യൂബ് പോസ്റ്റാണ് ഈ ഗണത്തിലെ ഏറ്റവും പുതിയ പ്രസ്താവന. 

വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിങ്ങനെ: 'സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആദ്യമായി ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 80 ശതമാനത്തില്‍ താഴെയായി. ഇത് ഒരപകടസൂചനയാണ്. ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായിരിക്കും ഇനി ഹിന്ദുവിന് വന്നുചേരുക. ജനിച്ച നാട്ടില്‍ അവന്‍ ഒരഭയാര്‍ഥിയാകും. രാമനും കൃഷ്‌നും പിറന്ന ഈ പുണ്യഭൂമി നാളെ ഒരിസ്‌ലാം രാഷ്ട്രമാകും. ഇന്തോനേഷ്യയിലും ഇറാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഉഗാണ്ടയിലും അടുത്ത കാലത്ത് കശ്മീരിലും സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും. അവിടെയൊന്നും ഹിന്ദുക്കള്‍ ആവിയായി വായുവില്‍ ലയിച്ചതല്ല.'' 

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ബി.ജെപി എം.പി സാക്ഷി മഹാരാജ് പറഞ്ഞു: 'നാലു ഭാര്യമാരും നാല്‍പത് മക്കളും എന്ന ആശയം ഇന്ത്യയില്‍ ഇനി അനുവദിക്കാനാവില്ല. ഓരോ ഹിന്ദുസ്ത്രീയും കുറഞ്ഞത് നാല് മക്കള്‍ക്കെങ്കിലും ജന്മം നല്‍കി രാജ്യത്തെയും മതത്തെയും രക്ഷിക്കണം.'' കുട്ടികളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തണം എന്ന് സാധ്വി പ്രാചി പറഞ്ഞപ്പോള്‍ മറ്റൊരു സാധ്വി സരസ്വതി 'ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് പത്ത് കുട്ടികളെയെങ്കിലും ഗര്‍ഭം ധരിക്കണമെന്ന്' ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പ്രസ്താവനകള്‍ക്ക് ബദരീനാഥിലെ ശങ്കരാചാര്യരും അശോക് സിംഗാളും പിന്തുണ നല്‍കി. ശിവസേന മുഖപത്രമായ 'സാമ്‌ന' മതനിരപേക്ഷ വഴികളിലൂടെ മുന്നോട്ടുപോയ ഭാരതം ഇനി തിരിഞ്ഞുനടന്ന് പഴയ മുഗള്‍ ഭരണകാലത്തെത്തും എന്നെഴുതി. രണ്ടിലധികം കുട്ടികളുള്ള മുസ്‌ലിം ദമ്പതികളെ ദേശീയകുറ്റവാളികളായി പ്രഖ്യാപിക്കണം എന്നായിരുന്നു വി.എച്ച്.പിയുടെപ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടതെങ്കില്‍, ബി.ജെ.പി എം.പി മഹര്‍ഷി മഹേഷ്‌യോഗി ഇന്ത്യയില്‍ യൂനിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്നും മുസ്‌ലിംകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ശിവസേന നേതാവ് സജ്ഞയ് റാവത്ത് മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണം എന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് ദേവീ താക്കൂര്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും നിര്‍ബന്ധപൂര്‍വം വന്ധീകരിക്കണം എന്ന അത്യന്തം പ്രകോപനപരമായ നിര്‍ദേശമാണ് ഉന്നയിച്ചത്.  

ബോധപൂര്‍വം ആസൂത്രണം ചെയ്ത ദുഷ്പ്രചാരണതന്ത്രങ്ങളിലൂടെ ഇസ്‌ലാമോഫോബിയ രാജ്യത്തെ മൊത്തം ഹിന്ദുമനസ്സുകളിലേക്ക് ആവാഹിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ ഈദൃഷങ്ങളായ വിദ്വേഷപ്രചാരണ പരിപാടികള്‍ നല്‍കുന്ന സൂചനകള്‍. മാട്ടിറച്ചി പ്രശ്‌നം മുതല്‍ ജനസംഖ്യാവര്‍ധനവിന്റെ പെരുപ്പിച്ച കണക്കുകള്‍ വരെ അവര്‍ ആയുധമാക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യാ ശാസ്ത്രത്തിന്റെ കാവിവല്‍ക്കരണത്തിന് സുദീര്‍ഘ ചരിത്രമുണ്ട്. 1909 ല്‍ വലതുപക്ഷ ഹിന്ദുസൈദ്ധാന്തികന്‍ യു.എന്‍ മുഖര്‍ജി 'ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗം' എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അതിരുകളില്ലാതെ പെരുകിക്കൊണ്ടിരിക്കുകയാണെന്നും ഈ പ്രവണത തുടര്‍ന്നാല്‍ അര നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ നാമാവശേഷമാകുമെന്നും അദ്ദേഹം പ്രവചിച്ചു. 1915-ലെ നാസിക് മഹാസമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പ്രവചിച്ചത് ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമായി മാറുമെന്നാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ജനസംഖ്യാ പ്രവചനമാതൃക മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കാന്‍ ശാസ്ത്രീയ സങ്കേതങ്ങളെ സംഘ്പരിവാര്‍ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ്. 2035-ല്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും 92.5 കോടിയോളം വരുന്ന മുസ്‌ലിംകള്‍ ജനസംഖ്യയുടെ 48.2 ശതമാനവും ക്രിസ്ത്യാനികള്‍ 4.9 ശതമാനവും പങ്കിട്ടെടുക്കുമെന്നുമായിരുന്നു പ്രവചനം. തുടര്‍ന്ന് 2050-ല്‍ മുസ്‌ലിം ജനസംഖ്യ 189.62 കോടിയിലേക്ക്  കുതിച്ചുയരുമെന്നും അതോടെ ഇന്ത്യ ഒരു ഇസ്‌ലാം രാഷ്ട്രമായി മാറുമെന്നും ഇന്ത്യയിലെ ഹൈന്ദവാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുമെന്നും പ്രവചിക്കപ്പെട്ടു. 

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യക്ക് ഒരു കാലത്തും ഹിന്ദുജനസംഖ്യയെ മറികടക്കാനാവില്ലെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രം 2015 ഏപ്രില്‍ 2-ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2050ല്‍ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 130 കോടിയിലേക്ക് ഉയരുമെന്നാണ്. 2011 ലെ ജനസംഖ്യാ കണക്കനുസരിച്ച് കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ സംഭവിച്ച കുറവ് ഏകദേശം 5 ശതമാനമാണ്. അതേസയം ഹിന്ദുജനസംഖ്യാ വളര്‍ച്ചാനിരക്കില്‍ പ്രസ്തുത കാലയളവില്‍ സംഭവിച്ച കുറവ് 3 ശതമാനം മാത്രം. 

മുസ്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വ സമ്പ്രദായമാണ് ജനപ്പെരുപ്പത്തിന് വഴിവെക്കുന്നത് എന്ന് ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി പ്രചാരണം നടത്തുന്നു. എന്നാല്‍ 1931-ന് ശേഷം ഇന്ത്യയില്‍ നടന്ന ഒന്നൊഴികെ മറ്റെല്ലാ സര്‍വേകളിലും ബഹുഭാര്യത്വനിരക്കില്‍ മുസ്‌ലിംകളെ പിന്നിലാക്കാന്‍ ഹിന്ദുപുരുഷന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1961-ല്‍ രജിസ്ടാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 987 ഗ്രാമങ്ങളിലെ 90000 ദമ്പതികളെ അഭിമുഖം നടത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുഭാര്യത്വനിരക്ക് മുസ്‌ലിംകളില്‍ 4.31 ശതമാനവും ഹിന്ദുക്കളില്‍ 5.01 ശതമാനവും ആണെന്ന് നിരീക്ഷിക്കുകയുണ്ടായി. 1974ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത മറ്റൊരു സര്‍വെ സൂചിപ്പിക്കുന്നത് മുസ്‌ലിംകളേക്കാള്‍ (5.6 ശതമാനം) ഇക്കാര്യത്തില്‍ ഇന്ത്യയിലെ സവര്‍ണഹിന്ദുക്കള്‍ (5.8 ശതമാനം) മികവ് പുലര്‍ത്തുന്നുവെന്നാണ്. 

''സ്ഥിതിവിവരക്കണക്കുപ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് മുസ്‌ലിംകളുടേതിനേക്കാള്‍ കൂടുതല്‍'' എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ 'ഏഷ്യന്‍ എയ്ജി'ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്, 'മുസ്‌ലിം സമുദായത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ബഹുഭാര്യത്വം വ്യാപകമായിട്ടുള്ളത് ഹിന്ദുസമുദായങ്ങളിലാണെന്നും ഇതിന്റെ കണക്ക് കൈയിലുണ്ട് എന്നുമാണ്''. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ (1998 ജൂണ്‍ 19) അഭിമുഖത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുശീലാ ഗോപാലന്‍ പറഞ്ഞത് ഇങ്ങനെ:

''കേരളത്തിലെ മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഏകഭാര്യക്കാരാണ്. ഒരേ സമയത്ത് ഒന്നിലധികം ഭാര്യമാര്‍ ഉള്ള മുസ്‌ലിംകള്‍ വളരെ അപൂര്‍വമാണ്. കേരളത്തിലെ മുസ്‌ലിംകളിലെ വിവാഹമോചനത്തെക്കുറിച്ചും പുനര്‍വിവാഹത്തെക്കുറിച്ചും നടത്തിയ ഒരു പഠനം ഇത് വ്യക്തമാക്കുന്നു.''  (The Hindu, June 11, 2001).

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്