Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

ഫാത്വിമ അല്‍ ഫിഹ്‌രിയ്യ പുരാതന സര്‍വകലാശാലയുടെ ശില്‍പി

ഇ.എന്‍ അസ്വീല്‍

ഇന്നും മുടക്കമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴയ സര്‍വകലാശാലയേതാണ്? മൊറോക്കോയിലെ ഫാസിലെ അല്‍ ഖറാവിയ്യീന്‍ സര്‍വകലാശാല തന്നെ. ഗിന്നസ് ബുക്കും യുനെസ്‌കോയുമൊക്കെ അത് അംഗീകരിച്ചത് ഈയടുത്താണെന്നു മാത്രം. ക്രി. 859 ല്‍ നിര്‍മാണമാരംഭിച്ച ഈ സര്‍വകലാശാലക്കു വേണ്ടി സ്ഥലം തെരഞ്ഞെടുത്തതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വിധവയായ ഫാത്വിമ അല്‍ ഫിഹ്‌രിയ്യ ആയിരുന്നു. അവരുടെ പിതാവും സഹോദരനും ഭര്‍ത്താവും ഒന്നിനു പിറകെ ഒന്നായി നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു സാഹസികമായ ഈ ദൗത്യത്തിന് അവര്‍ ഇറങ്ങിത്തിരിച്ചത്. ഡോ. അക്‌റം നദ്‌വിയുടെ അഭിപ്രായത്തില്‍, ഒരു സ്ത്രീ ഒറ്റക്ക് സ്ഥാപിച്ച ലോകത്തിലെ ഏക സര്‍വകലാശാലയും ഇതു മാത്രമായിരിക്കും. 

ഹി. 245 റമദാന്‍ മാസത്തില്‍ ഒരു പള്ളി നിര്‍മിച്ചുകൊണ്ടാണ് അതിന്റെ തുടക്കം. പിതാവില്‍നിന്ന് അനന്തരമായി ലഭിച്ച സമ്പത്ത് മുഴുവനും പള്ളിക്കും മദ്‌റസക്കുമായി ചെലവഴിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. പള്ളിയുടെ നിര്‍മാണമാരംഭിച്ച അന്നു മുതല്‍ അത് പൂര്‍ത്തിയാവുന്നതുവരെ രണ്ടു വര്‍ഷം അവര്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിച്ചു. നോമ്പ് നോറ്റുകൊണ്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ അവര്‍ പണിസ്ഥലത്ത് നേരിട്ട് വരാറുണ്ടായിരുന്നു. 

ഫാത്വിമ ജനിച്ചത് തുനീഷ്യയിലെ ഖൈറുവാനിലാണ്. പിതാവ് സമ്പന്നനായ വ്യാപാരിയായിരുന്നു. വ്യാപാരാവശ്യാര്‍ഥം അദ്ദേഹം മൊറോക്കോയിലേക്ക് താമസം മാറ്റി. ഫാത്വിമയുടെ മാതാവിനെ സംബന്ധിച്ച് എവിടെയും പരാമര്‍ശിച്ചു കാണുന്നില്ല. ഒരു സഹോദരനും സഹോദരിയും അവര്‍ക്കുണ്ടായിരുന്നു. മര്‍യം എന്നു പേരുള്ള ആ സഹോദരിയാണ് ഫാസില്‍ തന്നെയുള്ള അല്‍ അന്ദലൂസ് എന്ന പള്ളി പണിതത്. പിതാവ് അക്കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം ഫാത്വിമക്കും മര്‍യമിനും നല്‍കിയിരുന്നു. വര്‍ത്തക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാവാം അസാമാന്യമായ ആത്മവിശ്വാസം അവരിരുവര്‍ക്കും ലഭിച്ചത്. പ്രാദേശിക ഭരണാധികാരികള്‍ അവരോട് സഹകരിച്ചതില്‍നിന്ന് അവര്‍ കുലീനരായിരുന്നുവെന്നും മനസ്സിലാക്കാം. 

പള്ളി പണിത് 70 വര്‍ഷമാകുമ്പോഴേക്കും ഉത്തരാഫ്രിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രമായി അത് മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ അങ്ങോട്ട് പ്രവഹിക്കാന്‍ തുടങ്ങി. സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും അയല്‍രാജ്യമാണ് മൊറോക്കോ എന്നതിനാല്‍ ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ വിജ്ഞാനത്തിന്റെ ഇടനാഴിയായി വര്‍ത്തിക്കാന്‍ ഈ സര്‍വകലാശാലക്ക് കഴിഞ്ഞു. ആരംഭത്തില്‍ ഖുര്‍ആനും ഹദീസും മറ്റ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളും മാത്രമേ ഇവിടെ പഠിപ്പിച്ചിരുന്നുള്ളൂ. പിന്നീട് മറ്റു വിഷയങ്ങളും പഠിപ്പിക്കാനാരംഭിച്ചു. ഭൂമിശാസ്ത്രം, രസതന്ത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ പഠനത്തിന്റെ ഭാഗമായി. പള്ളിക്കു ചുറ്റും പിന്നീട് ഒരുപാട് മദ്‌റസകള്‍ പണിതു. പള്ളിയും വിശാലമാക്കി. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി ഇതു മാറി. ഫാത്വിമയുടെ മരണത്തിനു ശേഷം നടന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണാധികാരികളാണ് നേതൃത്വം കൊടുത്തത്.  

ഇബ്‌നു ഖല്‍ദൂന്‍ കുറച്ചുകാലം ഈ സര്‍വകലാശാലയില്‍ പഠിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ യൂറോപ്പിനെ ഒരുപാട് സ്വാധീനിച്ച, പ്രശസ്ത ഭൂപട നിര്‍മാതാവായിരുന്ന അല്‍ ഇദ്‌രീസിയും ഇവിടെ താമസിച്ചിരുന്നു. ഇബ്‌നുല്‍ അറബി ഇവിടെ വിദ്യാര്‍ഥിയായിരുന്നു. മുസ്‌ലിംകളല്ലാത്തവരും ഇവിടെ വിദ്യ തേടിയെത്തി. യഹൂദ മതത്തില്‍ ഒരുപാട് പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൈമോണിഡ് (Maimonide), ആഫ്രിക്കയെക്കുറിച്ച് യാത്രാവിവരണമെഴുതിയ ലിയോ ആഫ്രിക്കാനസ് (Leo Africanus)എന്നിവര്‍ അവരില്‍ ചിലരാണ്. അറബി അക്കങ്ങള്‍ യൂറോപ്പില്‍ പ്രചരിപ്പിച്ച പോപ്പ് സില്‍െവസ്റ്റര്‍ (Pope Silvester II) പോപ്പ് ആകുന്നതിനു മുമ്പ് ഇവിടെ സന്ദര്‍ശിച്ചിരുന്നു. 

ഈയടുത്ത് അല്‍ ഖറാവിയ്യീന്‍ സര്‍വകലാശാല വാര്‍ത്തകളില്‍ ഇടം നേടിയത് അവിടത്തെ ലൈബ്രറിയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ്. നൂറ്റാണ്ടുകളോളം ആരും ശ്രദ്ധിക്കാതിരുന്ന ഈ ലൈബ്രറി നിലവിലുള്ള ലൈബ്രറികളില്‍ ഏറ്റവും പുരാതനമാണ്. ലൈബ്രറിയുടെ പുനരുദ്ധാരണ ചുമതല മൊറോക്കോ ഗവണ്‍മെന്റ് ഏല്‍പ്പിച്ചത് അസീസ ചൗനി (Aziza Chaouni) എന്ന വനിതാ ആര്‍ക്കിടെക്റ്റിനെയാണ്. അവരത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. 4000 അപൂര്‍വ പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ട്. അവയിലധികവും 12 നൂറ്റാണ്ട് പഴക്കമുള്ളതാണ്. 

സര്‍വകലാശാല പണിയാനാരംഭിച്ചപ്പോള്‍ ഫാത്വിമ മോറോക്കോക്കു വേണ്ടി മാത്രമുള്ള ഒരു വിദ്യാഭ്യാസ സംരംഭമായല്ല അതിനെ വിഭാവന ചെയ്തത്. നിലവിലുള്ളതിനേക്കാളൊക്കെ മികച്ച വിദ്യാഭ്യാസ കേന്ദ്രം അവര്‍ ലക്ഷ്യമിട്ടു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മുസ്‌ലിം സ്ത്രീ എങ്ങനെ ഇത്രയും വലിയ ഒരു സ്ഥാപനത്തിന് അസ്തിവാരമിട്ടു എന്നത് ചരിത്രകുതുകികള്‍ക്ക് ഇന്നും അത്ഭുതമാണ്.  


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍