Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

രാഷ്ട്രീയ പരീക്ഷണങ്ങളും അടിയൊഴുക്കുകളും (ഉര്‍ദുഗാന്റെ ജീവിത കഥ-4)

അശ്‌റഫ് കീഴുപറമ്പ്‌

രണ്ട് തവണ തുര്‍ക്കി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്‌നാന്‍ മെന്‍ദരിസിനെ സൈനിക ജനറല്‍മാര്‍ 1961 സെപ്റ്റംബര്‍ 17-ന് തൂക്കിലേറ്റുമ്പോള്‍ ഉര്‍ദുഗാന് പ്രായം ഏഴ് വയസ്സ്. ജനങ്ങളുടെ മൗലികാവകാശങ്ങളിലൊന്നായ മതസ്വാതന്ത്ര്യം തിരിച്ചുനല്‍കിയതിന് ഒരു പ്രധാനമന്ത്രിക്ക് കൊടുക്കേണ്ടിവന്ന വില. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആ സംഭവം ഉര്‍ദുഗാന്‍ ഓര്‍ത്തെടുക്കുന്നുണ്ട്: 'ഇത്തരം സംഭവങ്ങള്‍ കണ്ട് പലരും വളരെയേറെ ദുഃഖിച്ചു. പിന്നെയവര്‍ അതൊക്കെ വിസ്മൃതിയില്‍ തള്ളി. പക്ഷേ ഞാന്‍ അങ്ങനെയായിരുന്നില്ല. എന്റെ ദുഃഖം രാഷ്ട്രീയ ജീവിതത്തോടുള്ള അനുരാഗമായി പരിണമിച്ചു.'' 

അറുപതുകളിലെയും എഴുപതുകളിലെയും രാഷ്ട്രീയം ഉര്‍ദുഗാനെന്ന രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഏറെ സംഘര്‍ഷഭരിതമായ രണ്ട് പതിറ്റാണ്ടുകള്‍. അതേസമയം തുര്‍ക്കിയുടെ ഭാഗധേയം മാറ്റിയെഴുതപ്പെട്ടതും അതേ കാലയളവില്‍തന്നെയാണെന്നു പറയാം. അക്കാലത്തെക്കുറിച്ച് പറയണമെങ്കില്‍ 1938-ല്‍ അത്താതുര്‍ക്കിന്റെ മരണശേഷമുള്ള തുര്‍ക്കിയിലെ വര്‍ത്തമാനങ്ങള്‍ മുതല്‍ നാം പറഞ്ഞു തുടങ്ങണം. അത്താതുര്‍ക്കിന്റെ പിന്‍ഗാമിയായി രാഷ്ട്രത്തിന്റെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നേതാവുമായിത്തീര്‍ന്നത് ഇസ്മത്ത് ഇനോനു ആണ്. കമാലിസത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. ഏകപാര്‍ട്ടി ആധിപത്യവും മതവിരുദ്ധതയും മുമ്പത്തെപ്പോലെത്തന്നെ. ഇതിനിടക്കാണ് രണ്ടാം ലോക യുദ്ധം പൊട്ടിവീഴുന്നത്. രണ്ടു പക്ഷവും ചേരാതെ മാറിനിന്ന തുര്‍ക്കി, ജര്‍മനി തോറ്റു എന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍ അതിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സഖ്യകക്ഷികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തി. അങ്ങനെ 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ 51 സ്ഥാപകാംഗങ്ങളില്‍ ഒന്നായി തുര്‍ക്കിയും ക്ഷണിക്കപ്പെട്ടു. ബഹുകക്ഷി ജനാധിപത്യവും മതസ്വാതന്ത്ര്യവുമൊക്കെ അനുവദിക്കണമെന്ന് യു.എന്‍ ചാര്‍ട്ടറില്‍ പരാമര്‍ശമുണ്ടായിരുന്നു. അത് തുര്‍ക്കിയിലും വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഇനോനുവോ മറ്റു പാര്‍ട്ടി നേതാക്കളോ അതിന് സമ്മതിച്ചില്ല. അങ്ങനെയാണ് റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നേതാക്കളായ ജലാല്‍ ബായറും അദ്‌നാന്‍ മെന്‍ദരിസും തെറ്റിപ്പിരിഞ്ഞ് ഡെമോക്രാറ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നത്. അന്താരാഷ്ട്ര അംഗീകാരം വേണമെന്നുള്ളതിനാല്‍ ഭരണാധികാരികള്‍ പാര്‍ട്ടി രൂപവത്കരണത്തെ തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. 

തീരുമാനങ്ങള്‍ മുകളില്‍നിന്ന് താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേത്. മുഴുവന്‍ ഏകാധിപത്യ സംവിധാനങ്ങളിലും അതാണല്ലോ സംഭവിക്കാറുള്ളത്. ഇതിനു വിരുദ്ധമായി ജനാഭിലാഷങ്ങള്‍ക്കൊത്ത് പാര്‍ട്ടിനയങ്ങള്‍ രൂപപ്പെടുത്താനായിരുന്നു ഡെമോക്രാറ്റ് പാര്‍ട്ടിയുടെ തീരുമാനം. സമ്പദ്ഘടനയില്‍ സര്‍ക്കാറിന്റെ പിടി അയക്കുക, സ്വകാര്യവത്കരണത്തിന് പ്രോത്സാഹനം നല്‍കുക, മതസ്വാതന്ത്ര്യവും ചിഹ്നങ്ങളും അനുവദിക്കുക തുടങ്ങി 'അക്' പാര്‍ട്ടി പില്‍ക്കാലത്ത് ഉയര്‍ത്തിപ്പിടിച്ച നയങ്ങള്‍ക്ക് തുര്‍ക്കിയില്‍ അസ്തിവാരമിടുന്നത് ഡെമോക്രാറ്റുകളാണ്. അനാത്തോലി മേഖലയിലെ ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വളരെ പെട്ടെന്ന് സ്വാധീനം നേടിയെടുക്കാന്‍ ഇതവരെ പ്രാപ്തരാക്കി. 1950 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്മാരുടെ 27 വര്‍ഷത്തെ ഏക പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ഡെമോക്രാറ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി. അതിന്റെ നേതാവ് അദ്‌നാന്‍ മെന്‍ദരിസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

മതസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ എടുത്തുകളയുകയാണ് ഡെമോക്രാറ്റ് പാര്‍ട്ടി ആദ്യം ചെയ്തത്. ഇമാം-ഖത്വീബ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. പുതിയ പള്ളികളും മതസ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. ഗ്രാമപ്രദേശങ്ങളില്‍ റോഡ് നിര്‍മാണത്തിനും വൈദ്യുതിവത്കരണത്തിനും ഊന്നല്‍ നല്‍കിയത് പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തി. പാശ്ചാത്യ രാഷ്ട്രങ്ങളുമായി അടുത്ത് 1952-ല്‍ നാറ്റോ അംഗത്വം നേടിയെടുക്കുകയും ചെയ്തു. പാശ്ചാത്യ സാമ്പത്തിക സഹായവും വന്നുതുടങ്ങി. ഇത് നഗരങ്ങളില്‍ വന്‍ പ്രോജക്ടുകള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കി. തൊഴിലന്വേഷിച്ച് ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് വന്‍ കുടിയേറ്റങ്ങള്‍ നടക്കുന്നതും ഇക്കാലത്താണ്. ഈ സാമൂഹിക പ്രതിഭാസം ഡെമോക്രാറ്റുകളുടെ നില ഒന്നുകൂടി ഭദ്രമാക്കി. 1954-ലെ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് അവര്‍ അധികാരത്തില്‍ തിരിച്ചെത്തി. 

ഭരണം കൈപ്പിടിയില്‍നിന്ന് വഴുതിപ്പോവുന്നതില്‍ സൈനിക ജനറല്‍മാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും വളരെ അസ്വസ്ഥരായിരുന്നു. ഇസ്‌ലാമിനെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലേക്ക് വീണ്ടും ഇറക്കിക്കൊണ്ടു വന്ന മെന്‍ദരിസിനെ അവര്‍ക്ക് വെച്ചുപൊറുപ്പിക്കാനാവുമായിരുന്നില്ല. 1960 ആയപ്പോഴേക്കും, തന്നെ പുറത്താക്കാന്‍ ജനറല്‍മാരും പീപ്പ്ള്‍സ് പാര്‍ട്ടിയും രഹസ്യധാരണയിലെത്തിയതായി മെന്‍ദരിസ് മനസ്സിലാക്കിയിരുന്നു. പക്ഷേ അതൊരു പട്ടാള അട്ടിമറിയായിരിക്കുമെന്ന് അദ്ദേഹം കരുതിയില്ല. അതിനാല്‍ അത്തരമൊരു നീക്കത്തെ തടയാനുള്ള മുന്‍കരുതല്‍ എടുത്തതുമില്ല. പകരം തുര്‍ക്കിയിലുടനീളം സഞ്ചരിച്ച് തന്റെ പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. 

ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് മെന്‍ദരിസ് പറഞ്ഞു: 'മുമ്പൊക്കെ മൂന്ന് പേര്‍ ഗൂഢാലോചന നടത്തി അധികാരക്കസേരയിലിരിക്കുന്ന നാലാമനെ പുറത്താക്കുമായിരുന്നു. ജനം എല്ലാം ദൂരെ മാറിനിന്ന് നിരീക്ഷിക്കുകയേ ഉള്ളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന കാലത്ത് രാഷ്ട്രത്തിന്റെ ഭാഗധേയം മുഴുവന്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു. എന്നാലിന്ന്, നമ്മുടെ പൗരസമൂഹം ഒന്നാകെയാണ് നമ്മുടെ രാഷ്ട്രത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നത്. രക്തപങ്കിലമായ ഗൂഢാലോചനകള്‍ക്ക് ഇനി നമ്മുടെ നാട് വേദിയായിക്കൂടാ. അത്തരം ഗൂഢാലോചനകളെ നാം ഒറ്റക്കെട്ടായി ചെറുക്കും.'' മെന്‍ദരിസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി നേടിയെടുത്ത വര്‍ധിച്ച ജനകീയതക്ക് സൈനിക അട്ടിമറിയെ തടുക്കാനായില്ല. 1960 മെയ് 27-ന് മുഴുവന്‍ ഭരണസ്ഥാപനങ്ങളും പട്ടാളം കൈയടക്കി. ബായറും മെന്‍ദരിസും ഉള്‍പ്പെടെ 191 പ്രമുഖ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ തടവറക്കകത്തായി. അത്താതുര്‍ക്കിന്റെ അടുപ്പക്കാരിലൊരാളായ ജനറല്‍ ജമാല്‍ ഗൊര്‍സേല്‍ ആയിരുന്നു സൈനിക ഭരണത്തിന്റെ മേധാവി. 

ജലാല്‍ ബായറിനും അദ്‌നാന്‍ മെന്‍ദരിസിനും വധശിക്ഷയാണ് വിധിച്ചത്. മെന്‍ദരിസിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെയും 1961 സെപ്റ്റംബര്‍ 17-ന് തൂക്കിലേറ്റുകയും ചെയ്തു. മുന്‍ പ്രസിഡന്റ് ഇസ്മത്ത് ഇനോനു ഇടപെട്ട് ബായറിന്റെ ശിക്ഷ ജീവപര്യന്തമായി ലഘൂകരിച്ചു. അങ്ങനെ തുര്‍ക്കി 1950-നു മുമ്പുള്ള കടുത്ത മതവിരുദ്ധതയിലേക്കു തന്നെ തിരിച്ചുപോക്ക് ആരംഭിച്ചു. മതവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരെയും അവരുടെ സ്ഥാനങ്ങളില്‍നിന്ന് നീക്കി. ഡെമോക്രാറ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. സൈനിക മേധാവികള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരമാധികാര സമിതിക്കും രൂപം നല്‍കി. സൈന്യത്തിന് ഭരണഘടനാപരമായി തന്നെ ഭരണത്തില്‍ ഇടപെടാമെന്ന് വന്നു. 

1961-ല്‍ വീണ്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഇത്തവണ മത്സരിക്കുന്നത് പതിനാല് പാര്‍ട്ടികള്‍. വോട്ടുകള്‍ ശിഥിലമായപ്പോള്‍ കമാലിസ്റ്റുകളുടെ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അവര്‍ക്ക് 36 ശതമാനം വോട്ട് ലഭിച്ചു. പഴയ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നേതാക്കളും അനുയായികളും ചേര്‍ന്ന് രൂപവത്കരിച്ച ജസ്റ്റിസ് പാര്‍ട്ടി 35 ശതമാനം വോട്ടോടെ തൊട്ടുപിറകിലെത്തി. പീപ്പ്ള്‍സ് പാര്‍ട്ടി നേതാവ് ഇസ്മത്ത് ഇനോനു പ്രധാനമന്ത്രിയായി മുന്നണി ഭരണം നിലവില്‍വന്നെങ്കിലും അതിന് ഒട്ടും കെട്ടുറപ്പുണ്ടായിരുന്നില്ല. വെടിയേറ്റു മരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇനോനു അമേരിക്കയില്‍ പോയ തക്കം നോക്കി 1963 നവംബറില്‍ ചില ഘടകകക്ഷികള്‍ മുന്നണി ഭരണത്തില്‍നിന്ന് പിന്മാറി. ഉടന്‍ തിരിച്ചെത്തിയ ഇനോനു മറ്റൊരു മുന്നണി തട്ടിക്കൂട്ടിയെങ്കിലും അത് മുമ്പത്തേക്കാള്‍ ദുര്‍ബലമായിരുന്നു. 

1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല്‍പതുകാരനായ സുലൈമാന്‍ ദമിറേലിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാര്‍ട്ടി 53% വോട്ടോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കി. മെന്‍ദരിസിന്റെ അടുപ്പക്കാരിലൊരാളായിരുന്നു സുലൈമാന്‍. പിരിച്ചുവിടപ്പെട്ട ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ തന്നെയായിരുന്നു ജസ്റ്റിസ് പാര്‍ട്ടിയും പിന്തുടര്‍ന്നത്. ഭരണത്തില്‍ മിലിട്ടറിക്കുള്ള പിടിത്തം മുമ്പത്തേക്കാള്‍ ശക്തമായിരുന്നതിനാല്‍ അവരുടെ സമ്മര്‍ദങ്ങള്‍ക്കും പാര്‍ട്ടിക്ക് വഴങ്ങേണ്ടിവന്നു. അനാത്തൊലി മേഖലയിലെ ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സഹായിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. മതകീയ ജീവിതം നയിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതിനും സുലൈമാന്‍ തനിക്ക് കഴിയാവുന്നതൊക്കെ ചെയ്തു. 

കമാലിസ്റ്റുകളുടെ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയില്‍ അധികാരക്കൈമാറ്റം നടക്കുന്ന കാലമായിരുന്നു ഇത്. ഇസ്മത്ത് ഇനോനുവിന്റെ പിന്‍ഗാമിയായി ബുലന്ദ് അജാവിദ് തെരഞ്ഞെടുക്കപ്പെട്ടു. പൊതുമേഖലക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. സോവിയറ്റ് യൂനിയനുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തണമെന്നും വാദിച്ചു. മറുവശത്ത്, പലവിധ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ചെറുപാര്‍ട്ടികളും തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലുമായി ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. ഇതില്‍ ചിലത് കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുള്ളവയായിരുന്നു. ചിലത് തൊഴില്‍ സമരങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നുവന്നതും. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നവയും കൂട്ടത്തിലുണ്ട്. ഇതെല്ലാം ദമിറേലിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാര്‍ട്ടിയുടെ ജനകീയാടിത്തറയിലാണ് വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരുന്നത്. 

 

അര്‍ബകാന്റെ രംഗപ്രവേശം 

ഈ ഘട്ടത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആത്മീയ ഗുരു എന്ന് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട നജ്മുദ്ദീന്‍ അര്‍ബകാന്‍ രംഗത്തുവരുന്നത്. അനാത്തോലിയിലെ ഒരു മധ്യവര്‍ഗകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ജര്‍മനിയില്‍ പോയ അദ്ദേഹം തിരിച്ചുവന്നപ്പോള്‍ ഒരു യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേരുകയാണുണ്ടായത്. പിന്നെയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. ചില മത-സാമൂഹിക കൂട്ടായ്മകളെ ഒപ്പം നിര്‍ത്തി അദ്ദേഹം 1970-ല്‍ നാഷ്‌നല്‍ ഓര്‍ഡര്‍ എന്ന ഇസ്‌ലാമിക കക്ഷിക്ക് രൂപം നല്‍കി. 1969-ല്‍ തന്നെ അദ്ദേഹം ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്‌ലാമിക സംസ്‌കൃതിയിലേക്ക് തിരിച്ചുപോകണമെന്നും മുസ്‌ലിം രാഷ്ട്രങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാശ്ചാത്യരെയും നാറ്റോ പോലുള്ള അവരുടെ സൈനിക സഖ്യങ്ങളെയും അമിതമായി ആശ്രയിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. 

അര്‍ബകാന്‍ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധന്‍ കൂടിയായതിനാല്‍ പീപ്പ്ള്‍സ് പാര്‍ട്ടിയിലെ ബുലന്ദ് അജാവിദിന്റെ സോവിയറ്റ് അനുകൂല നിലപാടുകളെയും ചില തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെയും എതിരിടാന്‍ അര്‍ബകാന്റെ ആശയപ്രചാരണം ഉപകാരപ്പെടുമെന്ന് സൈന്യം കണക്കുകൂട്ടി. അല്ലായിരുന്നെങ്കില്‍ ശരീഅത്തിനു വേണ്ടി പരസ്യമായി രംഗത്തുവന്ന അര്‍ബകാനെ സൈന്യം എന്നേ തടവറയില്‍ തളക്കുമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ വോട്ടുകള്‍ അര്‍ബകാന്റെ പാര്‍ട്ടി നേടിക്കൊണ്ടിരുന്നു. വിവിധ സഖ്യങ്ങളില്‍ പങ്കാളിയാവാന്‍ അങ്ങനെ അവസരമൊരുങ്ങി. ആദ്യം ജസ്റ്റിസ് പാര്‍ട്ടിയുടെ സുലൈമാന്‍ ദമിറേലിനെയാണ് പിന്തുണച്ചത്. വൈകാതെ പിന്തുണ പിന്‍വലിച്ച് അര്‍ബകാന്‍ തന്റേതായ വഴിയിലൂടെ യാത്രയാരംഭിച്ചു. അപ്പോഴേക്കും രാഷ്ട്രീയ രംഗമാകെ പ്രക്ഷുബ്ധമാവുകയും പ്രധാനമന്ത്രി ദമിറേലിന് സൈന്യം താക്കീത് നല്‍കുകയും ചെയ്തിരുന്നു. 1971-ല്‍ ദമിറേല്‍ രാജിവെച്ചു. 

വീണ്ടും അധികാരം സൈന്യത്തിന്റെ കരങ്ങളിലേക്ക്. പിന്നെയും രണ്ട് വര്‍ഷം കഴിഞ്ഞാണ് തെരഞ്ഞെടുപ്പു നടന്നത്. ബുലന്ദ് അജാവിദിന്റെ പീപ്പ്ള്‍സ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. അര്‍ബകാന്റെ പിന്തുണയോടെ അദ്ദേഹം മന്ത്രിസഭ രൂപവത്കരിച്ചു. അര്‍ബകാന്‍ ഉപപ്രധാനമന്ത്രിയായി. ഈ സമയത്താണ് സൈപ്രസ് പ്രശ്‌നം രൂക്ഷമാവുന്നത്. 1960 വരെ ബ്രിട്ടീഷ് കോളനിയായിരുന്നു സൈപ്രസ് ദ്വീപ്. ഗ്രീക്ക്-തുര്‍ക്കി വംശജരാണ് അവിടത്തെ മുഖ്യ നിവാസികള്‍. സൈപ്രസ് ഗ്രീസിനൊടൊപ്പം ചേരണമെന്ന് വാദിക്കുന്ന ഒരു വിഭാഗം ദ്വീപില്‍ അട്ടിമറി നടത്തി അധികാരം പിടിച്ചപ്പോള്‍, അര്‍ബകാന്റെ പിന്തുണയോടെ ബുലന്ദ് സൈപ്രസിലേക്ക് പട്ടാളത്തെ അയക്കുകയും തുര്‍ക്കി വംശജര്‍ താമസിക്കുന്ന മേഖല കൈവശപ്പെടുത്തുകയും ചെയ്തു. ആ പ്രദേശങ്ങളില്‍നിന്ന് ഗ്രീക്ക് വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നത് അന്താരാഷ്ട്ര പ്രതിസന്ധി സൃഷ്ടിച്ചു. ഇന്നും ആ പ്രശ്‌നം നീറിപ്പുകഞ്ഞുനില്‍ക്കുന്നു. 

അര്‍ബകാന്‍-അജാവിദ് സൗഹൃദം എട്ടുമാസമേ നീണ്ടുനിന്നുള്ളൂ. സൈപ്രസ് പ്രശ്‌നവും എണ്ണവില വര്‍ധന താറുമാറാക്കിയ സമ്പദ്ഘടനയും ഏറെ വൈകാതെ അജാവിദ് ഗവണ്‍മെന്റിനെ വീഴ്ത്തി. 1975-ല്‍ അര്‍ബകാനും സമാന ചിന്താഗതിയുള്ള ചില പാര്‍ട്ടികളും ചേര്‍ന്ന് സുലൈമാന്‍ ദമിറേലിനെ തന്നെ പിന്തുണച്ച് മറ്റൊരു ജസ്റ്റിസ് പാര്‍ട്ടി മുന്നണി ഭരണത്തിന് വഴിയൊരുക്കി. അത് കഷ്ടിച്ച് മൂന്ന് വര്‍ഷം നിലനിന്നു. പിന്നെയും അജാവിദിന്റെ തട്ടിക്കൂട്ടു മുന്നണി. അത്യന്തം ദുര്‍ബലമായിരുന്ന ഈ മുന്നണി ഭരണങ്ങളാണ് തുര്‍ക്കി സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചത്. തുര്‍ക്കി കറന്‍സി ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. തൊഴില്‍ സമരങ്ങളും ഇടതു തീവ്രവാദി പ്രസ്ഥാനങ്ങളും സജീവമായി. ആഭ്യന്തര ശൈഥില്യം  മൂര്‍ഛിച്ചുനില്‍ക്കെ 1980-ല്‍ സൈന്യം വീണ്ടും ഇടപെട്ടു. കെനാന്‍ എവ്‌റിന്‍ ആയിരുന്നു അപ്പോള്‍ സൈനിക മേധാവി. സുലൈമാന്‍ ദമിറേല്‍, ബുലന്ദ് അജാവിദ്, നജ്മുദ്ദീന്‍ അര്‍ബകാന്‍ പോലുള്ള പ്രധാന നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. 

ഉര്‍ദുഗാന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഈ ഘട്ടത്തിലാണ്. ആദ്യം മുതല്‍ക്കേ അദ്ദേഹം അര്‍ബകാന്റെ രാഷ്ട്രീയ ധാരയിലായിരുന്നു. അര്‍ബകാന്‍ വിവിധ ഘട്ടങ്ങളില്‍ രൂപം നല്‍കിയ നാഷ്‌നല്‍ ഒാര്‍ഡര്‍ പാര്‍ട്ടി (മില്ലി നിസാം പാര്‍ട്ടിസി-1970), നാഷ്‌നല്‍ സാല്‍വേഷന്‍ പാര്‍ട്ടി (മില്ലി സലാമത്ത് പാര്‍ട്ടിസി-1972), വെല്‍ഫെയര്‍ പാര്‍ട്ടി (റഫാഹ് പാര്‍ട്ടിസി 1983-1998), വെര്‍ച്യു പാര്‍ട്ടി (ഫസീലത് പാര്‍ട്ടിസി 1997-2001) എന്നിവയിലെല്ലാം ഉര്‍ദുഗാന്‍ എന്ന യുവ നേതാവിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അര്‍ബകാന്‍ ഫെലിസിറ്റി പാര്‍ട്ടി (സആദത്ത് പാര്‍ട്ടിസി 2001) രൂപവത്കരിച്ചതിനു ശേഷം മാത്രമാണ് അവര്‍ വേര്‍പിരിഞ്ഞത്. ആയതിനാല്‍ ഉര്‍ദുഗാന് കൃത്യമായ രാഷ്ട്രീയ ഭൂമികയൊരുക്കിയതും അദ്ദേഹത്തെ തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതും അര്‍ബകാന്‍ യുഗമാണെന്ന് നിസ്സംശയം പറയാം. 

 

(തുടരും) 

 

Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍