Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

സിറിയ: ഇരുട്ടാണ് ചുറ്റും; വിഭാഗീയത ചുരത്തരുത്

ഡോ. ആര്‍. യൂസുഫ്

അഞ്ചു വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തര യുദ്ധം ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ചതിനു ശേഷവും ഒരു പരിഹാരവും കാണാനാവാതെ അത്യധികം അപകടകരമായ ഒരവസ്ഥയിലെത്തിനില്‍ക്കുന്ന സിറിയയുടെ വര്‍ത്തമാനം സമീപകാല ലോകം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ്. 2010-ല്‍ സമാരംഭം കുറിക്കപ്പെട്ട അറബ് വസന്തം നല്‍കിയ ആവേശകരമായ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്താന്‍ സിറിയ നിമിത്തമായി എന്ന് ആരും സമ്മതിക്കും. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ നാളുകളില്‍ എവിടെയോ വെച്ച് പെട്ടെന്ന് മുളച്ചുപൊന്തിയ ഐ.എസ് എന്ന ഭീകര സംഘം ഇന്ന് പൊതുവെ സമാധാനം നിലനില്‍ക്കുന്നു എന്ന് കരുതപ്പെടുന്ന ഏതാണ്ടെല്ലാ മുസ്‌ലിം രാജ്യങ്ങളുടെയും വാതിലുകളില്‍ തീക്കൊള്ളികൊണ്ട് ചൊറിയാന്‍ തുടങ്ങിയതോടെ മുസ്‌ലിം ലോകം വല്ലാത്ത നടുക്കത്തിലാണ്. എന്നാല്‍, ഇതില്‍ മറഞ്ഞിരുന്ന് ആര്‍ത്തുചിരിക്കുന്ന ചിലരുണ്ട്; കഴിഞ്ഞ എട്ട് പതിറ്റാണ്ടായി മുസ്‌ലിം നാടുകളില്‍ അശാന്തി വിതക്കാന്‍ ശ്രമിക്കുന്ന അതേ ശക്തികള്‍. ഇക്കാര്യം നന്നായി പ്രകാശിപ്പിക്കുന്ന വിലയിരുത്തലായിരുന്നു പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. മുഹ്‌സിന്‍ മുഹമ്മദ് സ്വാലിഹി(ലക്കം 2973)യുടെ ലേഖനം. പക്ഷേ, ആ ലേഖനം മുന്നോട്ടുവെക്കുന്ന എല്ലാ നല്ല ആശയങ്ങളെയും റദ്ദ് ചെയ്യുന്നതായിരുന്നു അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരിയുടെ 'സിറിയയില്‍ നടക്കുന്നത് സുന്നീ വംശീയ ഉന്മൂലനം' എന്ന ലേഖനം.

സിറിയയില്‍ എന്നല്ല മുസ്‌ലിം ലോകത്ത് നടക്കുന്ന/നടന്ന ഏതു പ്രശ്‌നത്തെയും അതിന്റെ ചരിത്ര-രാഷ്ട്രീയ സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി വംശീയവും വിഭാഗീയവുമായ മുന്‍വിധികളോടെ അവതരിപ്പിക്കാനുള്ള പ്രതിലോമകരമായ  ശ്രമം ആ ലേഖനത്തില്‍ കാണാം. ഈ ശ്രമം ഒരര്‍ഥത്തില്‍ ആഹ്ലാദിപ്പിക്കുന്നത് സുന്നീ-ശീഈ ദ്വന്ദ്വം സൃഷ്ടിച്ച് മുസ്‌ലിം ലോകത്തെ കീറിമുറിക്കാന്‍ ഉദ്യമിക്കുന്ന യാങ്കി-സയണിസ്റ്റ് അച്ചുതണ്ടിനെയാണ്. സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ മുസ്‌ലിം ലോകത്തെ കൈയടക്കി ഭരിക്കുന്ന ബഅ്‌സ് സോഷ്യലിസ്റ്റുകളുള്‍പ്പെടെയുള്ള എല്ലാ സെക്യുലര്‍ തീവ്രവാദികളെയും  അരമനകള്‍ വാഴുന്നവരെയും അത് സന്തോഷിപ്പിക്കും. അതിനപ്പുറം പരിഹാരമാവാതെ തുടരുന്ന സിറിയന്‍ പ്രശ്‌നത്തെ ഒരര്‍ഥത്തിലും അഭിമുഖീകരിക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് കഴിയില്ല. മാത്രമല്ല കൂടുതല്‍ ചോരപ്പുഴകള്‍ ഒഴുകുന്നതിന് ഈ വിഷലിപ്ത പ്രചാരണങ്ങള്‍ വഴിവെക്കുകയും ചെയ്യും.

അടിസ്ഥാനപരമായി സിറിയയിലേത് ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെട്ട എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളും മതത്തിന്റെ വിശാല താല്‍പര്യങ്ങളേക്കാള്‍ മേഖലയില്‍ ആധിപത്യമുറപ്പിക്കാനുള്ള രാഷ്ട്രീയ ചതുരംഗക്കളിയില്‍ പങ്കുവഹിക്കുകയാണെന്നതുമാണ് വസ്തുത. ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ മര്‍ദക ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനകീയ വിപ്ലവത്തെ ഗൂഢ ലക്ഷ്യങ്ങളോടെ ആയുധമണിയിച്ച ശക്തികളാണ് സിറിയയെ കലാപകലുഷിതമാക്കിയത്. ഈജിപ്തിലും തുനീഷ്യയിലും ജനകീയ വിപ്ലവങ്ങള്‍ക്കെതിരെ മര്‍ദക ഭരണകൂടത്തോടൊപ്പം നിലയുറപ്പിച്ചവരും ഭരണകൂടവിരുദ്ധ പ്രക്ഷോഭകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ബില്യനുകള്‍ ചെലവഴിച്ചവരുമാണ് ബശ്ശാറാനന്തര സിറിയയില്‍ യാങ്കി-സയണിസ്റ്റ് ആജ്ഞാനുവര്‍ത്തികളുടെ ഒരു മിശ്രിതത്തെ അവരോധിച്ച് വിപ്ലവം ഹൈജാക്ക് ചെയ്യാന്‍ ഒട്ടനവധി രഹസ്യ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതും. മേഖലയില്‍ തങ്ങളുടെ ആധിപത്യം ചോര്‍ന്നു

പോവാനും അമേരിക്കന്‍-ഇസ്രയേല്‍ താല്‍പര്യങ്ങള്‍ അപകടകരമാംവിധം വര്‍ധിക്കാനും ഇത് കാരണാവും എന്ന് തിരിച്ചറിഞ്ഞ ഇറാനും ഹിസ്ബുല്ലയും ഇതിനെ മറികടക്കാന്‍ മര്‍ദക ഭരണകൂടത്തോടൊപ്പം ചേര്‍ന്നുനിന്നു. ഇതാണ് സിറിയന്‍ പ്രശ്‌നത്തെ ഇത്രമാത്രം സങ്കീര്‍ണമാക്കിയത്.

ഈയൊരു സമീപനത്തെ പ്രതി ഇറാനും ഹിസ്ബുല്ലയും വിമര്‍ശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. മേഖലയിലെ രാഷ്ട്രീയ മേധാവിത്വത്തിനും സ്വന്തം രാഷ്ട്ര/സംഘങ്ങളുടെ സുരക്ഷക്കും വേണ്ടി സ്വീകരിച്ചു എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന ഈ നിലപാടിനെ രാഷ്ട്രീയമായ ഒരു പ്രതലത്തില്‍നിന്നുകൊണ്ട് എതിര്‍ക്കാന്‍ ശീഈ ലോകത്തും സുന്നീ ലോകത്തുമുള്ള ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഈ രാഷ്ട്രീയ ഘടകങ്ങളെ പറ്റേ മറച്ചുപിടിച്ച് പണ്ടുമുതലേ ശീഈകള്‍ സുന്നികളോട് വെച്ചുപുലര്‍ത്തുന്ന കുടിപ്പകയുടെ തെളിവും സുന്നികളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ശീഈ ഗൂഢാലോചനയുമാണെന്നുമുള്ള തിസീസാണ് ഇറാനെയും ഹിസ്ബുല്ലയെയും നമ്പര്‍ വണ്‍ ശത്രുവായി ചൂണ്ടിക്കാട്ടി സുന്നീ ലോകത്തെ ചില അതി തീവ്രവാദ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്നത്. ശീഈ ലോകത്തെ തീവ്രവാദ ആശയക്കാരാകട്ടെ സിറിയന്‍ വിപ്ലവം തന്നെ ഇറാനെയും ശീഈസത്തെയും അട്ടിമറിക്കാന്‍ യാങ്കികളും അറബ് സുന്നികളും ആസൂത്രണം ചെയ്ത ഗൂഢാലോചനയായും പ്രചരിപ്പിക്കുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായുള്ള ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ വരെ ശീഈമുക്ത ലോകം കെട്ടിപ്പടുക്കാനുള്ള നീക്കമായി പ്രചരിപ്പിക്കുന്ന ശീഈ തീവ്രവാദാശയക്കാര്‍ നമ്മുടെ കേരളത്തില്‍ വരെയുണ്ട്. ഇരു ഭാഗത്തും അനുസ്യൂതം തുടരുന്ന ഇത്തരം വിഷലിപ്ത പ്രചാരണങ്ങളാണ് ചാവേറുകളാവാന്‍ വേണ്ടി ശുദ്ധഗതിക്കാരായ പലരെയും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും സിറിയന്‍ യുദ്ധഭൂമിയിലേക്ക് ഇന്ന് ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നത്. സുന്നികളെ കൊല്ലുമ്പോള്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ശീഈയും ശീഈകളെ ഉന്മൂലനം ചെയ്യുമ്പോള്‍ ജന്നാത്തുല്‍ ഫിര്‍ദൗസിലെത്തുമെന്ന് കരുതുന്ന സുന്നിയും അപകടം പിടിച്ച ഇത്തരം പ്രചാരണങ്ങളുടെയും മനോനിലയുടെയും ഉല്‍പന്നമാണ്.

ദൗര്‍ഭാഗ്യവശാല്‍ മേല്‍ സൂചിപ്പിച്ച ലേഖനവും അത്തരം വിഷം പുരണ്ട പ്രചാരണങ്ങളുടെ ആവര്‍ത്തനമാണ്. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ വംശവെറിയുടെ പ്രതലത്തില്‍ ഊന്നിനിന്ന് വിശദീകരിക്കുമ്പോള്‍ സംഭവിക്കുന്ന ചരിത്രാബദ്ധങ്ങളും വസ്തുതാരാഹിത്യവും പ്രസ്തുത ലേഖനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മുസ്‌ലിംകളുടെ എക്കാലത്തെയും വീരപുരുഷനായ സ്വലാഹുദ്ദീന്‍ അയ്യൂബിയെ വരെ ഒറ്റിക്കൊടുത്തവരാണ് ശീഈകള്‍ എന്നെഴുതുമ്പോള്‍ സമകാലിക പ്രശ്‌നങ്ങളെ മാത്രമല്ല, മൊത്തം ഇസ്‌ലാമിക ചരിത്രത്തെ തന്നെയും ശീഈ -സുന്നീ ദ്വന്ദ്വത്തില്‍ ഊന്നി വിശകലനം ചെയ്യണമെന്നാണ് ലേഖകന്‍ വാശിപിടിക്കുന്നത്. ശീഈകളില്‍ ചിലരുടെ ദുര്‍വാശി അലിയ്യുബ്‌നു അബീത്വാലിബി(റ)നെ അട്ടിമറിച്ച മുആവിയയുടെ ചരിത്രം മുതല്‍ ആരംഭിക്കും എന്ന വ്യത്യാസമേയുള്ളൂ. ഇസ്‌ലാമിക ചരിത്രത്തെ ഈ അര്‍ഥത്തില്‍ വിശകലനം ചെയ്യുന്ന സുന്നികളിലെയും ശീഈകളിലെയും അതിവാദക്കാര്‍ കുടിപ്പകയുടെ വിഷവിത്തുകള്‍ വിതച്ച് വീണ്ടും സമൂഹത്തെ തമ്മിലടിപ്പിക്കണമെന്ന് കൊതിക്കുന്നവരാണ്. അതുകൊണ്ടാണ് യുഗപ്രഭാവരായ ഇസ്‌ലാമിക നവോത്ഥാന നായകന്മാര്‍ ഇത്തരം ചരിത്രവിശകലനങ്ങള്‍ ഒരു പ്രശ്‌നത്തിലും സ്വീകരിക്കാതിരുന്നത്.

ഇത്തരമൊരു രീതിശാസ്ത്രം പിന്‍പറ്റി ഇതഃപര്യന്തമുള്ള മുസ്‌ലിം ചരിത്രത്തെ വിശകലനം ചെയ്യാനാവില്ല എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. മുസ്‌ലിം ചരിത്രത്തില്‍ ഒരുപാട് സ്വയം അവരോധിത ഖലീഫമാരും സുല്‍ത്താന്മാരും രാജാക്കന്മാരും അമീറുമാരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. പണ്ഡിതന്മാരും മഹാ പ്രതിഭകളും തടവറയിലടക്കപ്പെടുകയും കഴുമരത്തിലേറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം കാരണങ്ങള്‍ പല ഘട്ടങ്ങളിലും പലതായിരുന്നു. ചിലപ്പോള്‍ ഗോത്ര, വംശീയ ചായ്‌വുകളും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ആശയഭിന്നതയും. എന്നാല്‍ കൂടുതല്‍ സന്ദര്‍ഭങ്ങളിലും അധികാരഭ്രാന്താണ് ഈ ഭിന്നതക്കും പരസ്പരാക്രമണത്തിനും വഴിവെച്ചത് എന്നതാണ് വാസ്തവം. ആശയഭിന്നതയില്‍ ചിലപ്പോള്‍ ശീഈ-സുന്നീ ഭിന്നതയും മറ്റു ചിലപ്പോള്‍ മുഅ്തസിലീ-അശ്അരീ ദ്വന്ദ്വവും വേറെ ചില നേരങ്ങളില്‍ സമാനമായ മറ്റു നിരവധി ആശയഭിന്നതകളും പങ്കുവഹിച്ചിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍, എല്ലാ ഭിന്നതകളെയും ഇതിലൊന്നിലേക്ക് ന്യൂനീകരിക്കാനാവില്ല.

സ്വലാഹുദ്ദീന്‍ അയ്യൂബിയിലേക്കു തന്നെ വരാം. അയ്യൂബിയെ അക്കാലത്തെ എല്ലാ ശീഈകളും തകര്‍ക്കാന്‍ ശ്രമിച്ചു എന്നോ എല്ലാ സുന്നികളും സഹായിച്ചു എന്നോ ലേഖകന് വാദമുണ്ടോ? നല്ലൊരു ശതമാനം ശീഈകളും സുന്നികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ നിന്നപ്പോള്‍ ഭൈമീകാമുകന്മാരായ ഒരു കൂട്ടം ശീഈ ജനറല്‍മാരും സുന്നീ അമീറുമാരും സ്വലാഹുദ്ദീന്‍ അയ്യൂബിയെ എതിര്‍ത്തു എന്നതല്ലേ ചരിത്ര വസ്തുത? ലേഖകന്‍ തന്നെ ശീഈകള്‍ എന്നാക്ഷേപിക്കുന്ന ഈജിപ്തിലെ ഫാത്വിമികളുടെ വസീറും പിന്നീട് രക്തരഹിതമായ അധികാര കൈമാറ്റത്തിലൂടെ ഈജിപ്തുകാരുടെ നേതാവുമായി സ്വലാഹുദ്ദീന്‍ അയ്യൂബി മാറി എന്നത് അക്കാലത്തെ ഫാത്വിമികളില്‍ ചിലര്‍ പ്രകടിപ്പിച്ച ശീഈ-സുന്നീ ഭിന്നതകള്‍ക്കതീതമായ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും തെളിവല്ലേ? കുര്‍ദ് വംശജനായ സ്വലാഹുദ്ദീന്‍ അയ്യൂബി ശീഈ ഫാത്വിമികളുടെ പിന്തുടര്‍ച്ച ഏറ്റെടുത്തപ്പോള്‍ അരിശം കൊണ്ട ചില വസീറുമാരെ, അഥവാ ദുര്‍ബലനായ ഫാത്വിമി രാജാവിനെ മൂലക്കിരുത്തി അധികാരം കൈയാളിയിരുന്ന ചിലരെ പ്രകോപിതരാക്കിയതിന്റെ പിന്നിലെ ഒരേയൊരു ഘടകം അധികാരമോഹമായിരുന്നു. ഇതേ അധികാരഭ്രാന്ത് തന്നെ സ്വലാഹുദ്ദീനെ സ്വലാഹുദ്ദീനാക്കിയ ഇമാദുദ്ദീന്‍ സങ്കിയുടെയും നൂറുദ്ദീന്‍ സങ്കിയുടെയും കുടുംബാംഗങ്ങള്‍ പ്രകടിപ്പിച്ചു എന്നും ഈജിപ്തില്‍നിന്ന് ഖുദ്‌സിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനു മുമ്പ് സങ്കി വംശത്തിലെ അവശിഷ്ടങ്ങളായ ചില നേതാക്കന്മാരോട് ഇക്കാരണത്താല്‍ സ്വലാഹുദ്ദീന് പോരാടേണ്ടിവന്നു എന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. 

മാത്രമല്ല, ഇറാഖിലെ കുര്‍ദിസ്താന്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന സങ്കിഭരണകൂടം ഇമാദുദ്ദീന്‍ സങ്കിയുടെ കാലത്ത് കുരിശുസൈനികര്‍ക്കെതിരെ പടപൊരുതാന്‍ തീരുമാനിച്ചപ്പോള്‍ അടിമപെണ്‍കുട്ടികളുടെ ശരീരലാവണ്യത്തില്‍ മാത്രം ആകൃഷ്ടരായ ഈജിപ്തിലെ ഫാത്വിമി രാജാവ് മാത്രമല്ല, ബഗ്ദാദിലെ അബ്ബാസികളും അവരെ സഹായിച്ചില്ല എന്നതും ചരിത്രത്തിലുണ്ട്. അതിനാല്‍ ദമസ്‌കസിലെ 'സുന്നി'കളായ ഗവര്‍ണര്‍മാരോടും ഇമാദുദ്ദീന്‍ സങ്കി പോരാടി എന്നതാണ് ചരിത്രം. സങ്കിമാരെ എതിര്‍ത്ത ഫാത്വിമി രാജാവിന്റെ വസീറുമാരില്‍ ഒരാള്‍ തന്നെയാണ് ഇമാദുദ്ദീനു ശേഷം അധികാരമേറ്റ നൂറുദ്ദീന്‍ സങ്കിയോട് ഈജിപ്തില്‍ വരാന്‍ പില്‍ക്കാലത്ത് ആവശ്യപ്പെട്ടതെന്നും, സ്വലാഹുദ്ദീന്‍ തന്റെ അമ്മാവനായ അസദുദ്ദീന്‍ ശര്‍ഖോവിനോടൊപ്പം ഈജിപ്തിലെത്തിയത് ഫാത്വിമി രാജാവിന്റെ അധികാരമോഹിയായ മറ്റൊരു വസീര്‍ ഫാത്വിമി രാജഭരണം പിടിച്ചെടുക്കാന്‍ കുരിശുസൈന്യത്തിന്റെ സഹായം തേടിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നെന്നും ചരിത്രത്തില്‍ വായിക്കാം. കുര്‍ദുകള്‍, ഗസ്‌നവികള്‍, സല്‍ജൂഖുകള്‍, അബ്ബാസികള്‍, ഫാത്വിമികള്‍, തുര്‍ക്കികള്‍ എന്നിങ്ങനെ മുസ്‌ലിംകള്‍ വിഭജിക്കപ്പെട്ട നേരത്ത് അതിനെ മറികടന്ന് എല്ലാ വിഭാഗീയതകള്‍ക്കുമെതിരായി അവരെ ഒരുമിപ്പിക്കാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് സാധിച്ചതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം എന്നു കൂടി ചരിത്രം രേഖപ്പെടുത്തുന്നു.

പറഞ്ഞുവരുന്നത്, സ്വലാഹുദ്ദീന്‍ അയ്യൂബിയെ എതിരിട്ടവരുടെ കൂട്ടത്തില്‍ സുന്നികളിലെയും ശീഈകളിലെയും ചില നാട്ടുരാജാക്കന്മാരും അമീറുമാരും സേനാ നായകന്മാരും ഉണ്ടായിരുന്നു എന്നാണ്. അതിന്റെ കാരണം സ്വലാഹുദ്ദീന്റെ മഹിതമായ ലക്ഷ്യങ്ങളില്‍ അവര്‍ക്കുള്ള ഈര്‍ഷ്യയോ ആദര്‍ശപരമായ ഭിന്നതയോ അല്ല. തങ്ങളുടെ കാലിനടിയില്‍നിന്ന് അധികാരം ചോര്‍ന്നുപോവുന്നത് കാണുമ്പോഴുള്ള വിഭ്രാന്തികളും വേവലാതികളുമാണ്. ഇത്തരം വേവലാതികളുടെ നീണ്ട പട്ടിക തന്നെ മുസ്‌ലിം ചരിത്രത്തില്‍ നമുക്ക് കാണാനാവും.

ഉദാഹരണത്തിന്, സുന്നികളായ ഉമവി വംശത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്തുകൊാണ് അബ്ബാസികള്‍ അധികാരം പിടിച്ചെടുത്തത്. അന്ദലൂസിയന്‍ വസന്തത്തിന് മനോഹരമായ ആവിഷ്‌കാരം നല്‍കിയ ഉമവി രാജകുമാരന്‍ അബ്ദുര്‍റഹ്മാന്‍ തോല്‍പിച്ചത് അബ്ബാസികളുടെ ഭാഗമായ സുന്നികളായ മുസ്‌ലിം അമീറുമാരെയാണ്. മുഗള്‍ ഭരണത്തിന് തുടക്കം കുറിച്ച ബാബര്‍ ഏറ്റുമുട്ടിയത് ഇബ്‌റാഹീം ലോദിയോടാണ്. എന്തിനധികം താര്‍ത്താരികളുടെ മഹാ പ്രവാഹത്തെ ചരിത്ര പ്രസിദ്ധമായ ഐനുജാലൂതില്‍ പരാജയപ്പെടുത്തിയ മംലൂക്ക് നേതാവ് സൈഫുദ്ദീന്‍ ഖുത്വ്‌സ് ആ മഹാ വിജയം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ തന്റെ സഹസൈന്യാധിപനായ ബൈബാര്‍സിനാല്‍ വധിക്കപ്പെട്ടു എന്നതാണ് ചരിത്രം. ഈ സഹ സൈന്യാധിപന്‍ ഒരു ശീഈ ആകാതെപോയത് മഹാ ഭാഗ്യം തന്നെ! അല്ലെങ്കില്‍ ലേഖകന്റെ തിസീസ് ഒന്നുകൂടി ഗംഭീരമാകുമായിരുന്നു. കാരണം ബഗ്ദാദിന്റെ തകര്‍ച്ചക്ക് കാരണക്കാരായ താര്‍ത്താരികള്‍ക്ക് വരെ സൗകര്യം ഒരുക്കിക്കൊടുത്തത് ശീഈകളാണ് എന്നാണല്ലോ അബ്ബാസി ഖലീഫയുടെ പ്രധാനമന്ത്രി ഇബ്‌നു അല്‍ഖമിനെ മുന്‍നിര്‍ത്തി അദ്ദേഹം എഴുതുന്നത്. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ജയിച്ചടക്കിയ മുഹമ്മദുല്‍ ഫാതിഹിന്റെ ചരിത്രത്തിലും കൊട്ടാരത്തിലെ സേനാ നായകര്‍ നടത്തിയ കുതന്ത്രങ്ങളുടെ കറുത്ത അധ്യായങ്ങള്‍ വായിക്കാനാവും. ഒരു ഘട്ടത്തില്‍ സിംഹാസനം ഉപേക്ഷിച്ച് മാറിനില്‍ക്കാന്‍ വരെ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. വിറളിപൂണ്ട്, മുഹമ്മദുല്‍ ഫാതിഹിനെ കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ഉപരോധിക്കുന്നതില്‍നിന്നും തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച സൈനിക ജനറല്‍മാര്‍ ആരും ശീഈകളാവാതെ പോയതും മഹാഭാഗ്യം തന്നെ!

രാജവാഴ്ചയില്‍ ലോകചരിത്രത്തില്‍ മുഴുക്കെ സംഭവിച്ച എല്ലാതരം കുതന്ത്രങ്ങളും കുതികാല്‍വെട്ടും മുസ്‌ലിം രാജാക്കന്മാരുടെ ചരിത്രത്തിലും കാണാം എന്ന് ചുരുക്കം. ദുര്‍ബലനായ രാജാവിനെ അന്തഃപുരത്തില്‍ ശയിക്കാന്‍ വിട്ട് ഭരണം മുഴുവന്‍ നിയന്ത്രിച്ച വസീറുമാരും, തന്നെ സഹായിച്ചവര്‍ തനിക്ക് ഭീഷണിയാണെന്ന് തോന്നുമ്പോള്‍ അവരെ ഉന്മൂലനം ചെയ്യാന്‍ ചരടു വലിച്ച സൈന്യാധിപരും, സ്വന്തം പിതാവുള്‍പ്പെടെയുള്ളവരെ കൊന്ന് അധികാരം ഭദ്രമാക്കിയ അമീറുമാരുമെല്ലാം മുസ്‌ലിം ചരിത്രത്തിലുമു്. എല്ലാതരം മാനുഷിക ബന്ധങ്ങളും ചവിട്ടിമെതിച്ച ഇവരെ അധികാര കിടമത്സരത്തിന്റെ ഭാഗമായി തിരിച്ചറിയുന്നതിനു പകരം ഇതില്‍ ഇടപെട്ട വ്യക്തികളുടെ കുടുംബ വേരുകള്‍ അഹ്‌ലുസ്സുന്നയിലാണോ ശീഈ സരണിയിലാണോ എന്ന് പരതണമെന്ന് ഇക്കാലത്ത് നിര്‍ബന്ധമുള്ളത് മുസ്‌ലിംകള്‍ ശിഥിലീകരിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്ക് മാത്രമാണ്. ഇത്തരം സെലക്ടീവ് വായന കാരണമാണ് ഫാത്വിമികള്‍ വംശീയ ഉന്മൂലനം നടത്തി എന്ന് വാദിക്കുന്നതിനിടയില്‍ ഉമവികളെ ഒന്നടങ്കം ഉന്മൂലനം ചെയ്ത അബ്ബാസി ചെയ്തികളെ തമസ്‌കരിക്കുന്നതും. ചരിത്രത്തെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം കൊണ്ട് മലിനപ്പെടുത്തുന്ന ഇതേ ശ്രമം ശീഈകളിലും കാണാം. ശീഈ ഇമാമുകള്‍ക്കെതിരെ ഉമവി, അബ്ബാസി രാജാക്കന്മാര്‍ സ്വീകരിച്ച കിരാതമായ നടപടികളെയും അവരില്‍ ചിലരെ വധിച്ചതിനെയും ശീഈ-സുന്നി ദ്വന്ദ്വമായി അവതരിപ്പിക്കുന്ന രീതി ഉദാഹരണം. ഇസ്‌ലാമിക മൂല്യങ്ങളൊന്നും ജീവിതത്തില്‍ പിന്‍പറ്റണമെന്ന് നിര്‍ബന്ധമില്ലാത്ത മര്‍ദക രാജാക്കന്മാരെ അഹ്‌ലുസ്സുന്നയുടെ പ്രതീകങ്ങളായി അവതരിപ്പിക്കുന്നവര്‍ ഇതേ രാജാക്കന്മാരാല്‍ വേട്ടയാടപ്പെട്ടവരായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ഇമാം അബൂ ഹനീഫ തുടങ്ങി ഇമാം ഇബ്‌നുതൈമിയ്യ വരെയുള്ള അഹ്‌ലുസ്സുന്നയുടെ സച്ചരിതരായ മഹാ പണ്ഡിതന്മാര്‍ എന്ന വസ്തുത സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു.

വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് ഒരു പരിധിവരെ സിറിയന്‍ പ്രശ്‌നത്തെ ഇത്രമാത്രം കലാപകലുഷിതമാക്കിയത്. അതിനെ അഭിമുഖീകരിക്കാനും തണുപ്പിക്കാനും ശ്രമിക്കുന്നതിനു പകരം ഇറാന്‍ ശീഈസം പ്രചരിപ്പിക്കുന്നു എന്നൊക്കെ വെപ്രാളപ്പെടുന്നതില്‍ എന്തര്‍ഥമാണുള്ളത്? സലഫികള്‍ വഹാബിസവും ഇസ്‌ലാമിസ്റ്റുകള്‍ ഇസ്‌ലാമിസവും ശീഈ സംഘങ്ങള്‍ ശീഈസവും സൂഫികള്‍ സൂഫിസവും പ്രചരിപ്പിക്കുന്നത് നിര്‍ത്തലാണോ ഇതിനൊക്കെയുള്ള പരിഹാരം?

ചരിത്രത്തെ മാത്രമല്ല വര്‍ത്തമാനത്തെയും 'വംശീയ സിദ്ധാന്തം' ഉപയോഗിച്ച് വിലയിരുത്താന്‍ ലേഖകന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റം സഹതാപം തോന്നുന്നു. ഇറാന് പശ്ചിമേഷ്യയില്‍ സ്വാധീനം നേടാനായി എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ കാരണം ഇറാന്റെ 50 ഇന പദ്ധതിയും മാധ്യമ നുഴഞ്ഞുകയറ്റവുമാണെന്നൊക്കെ വാദിക്കുമ്പോള്‍ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തെക്കുറിച്ച നമ്മുടെ ഓര്‍മകളെ പരിഹസിക്കുകയാണ് ലേഖകന്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ബഗ്ദാദിനെ നാമാവശേഷമാക്കിയ ബോംബര്‍ വിമാനങ്ങളോരോന്നും പറന്നുയര്‍ന്നത് എവിടെ നിന്നായിരുന്നു? തെഹ്‌റാനില്‍നിന്നായിരുന്നില്ലല്ലോ. കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ സുന്നികളുടെ രണ്ട് പ്രധാന രാജ്യങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയ യുദ്ധത്തില്‍ യാങ്കി സാമ്രാജ്യത്വത്തിന് സര്‍വ പിന്തുണയും ഒരുക്കുക മാത്രമല്ല, പ്രസ്തുത യുദ്ധം സ്‌പോണ്‍സര്‍ ചെയ്തവര്‍ തന്നെയാണ് ഇന്ന് സുന്നീ ഇസ്‌ലാമിന്റെ സംരക്ഷകരായി സ്വയം അവരോധിക്കുന്നത് എന്ന വസ്തുത ഒരുപക്ഷേ ശീഈ-സുന്നീ ഫ്രെയിം വര്‍ക്കില്‍ ഒതുങ്ങാത്തതുകൊണ്ടാവാം ലേഖകന്‍ മറച്ചുവെക്കുന്നത്. വര്‍ത്തമാനകാലത്ത് നമ്മുടെ കണ്‍മുന്നില്‍ കണ്ട കാര്യങ്ങളെയെല്ലാം ഗൂഢപദ്ധതിയെന്നു പറഞ്ഞ് വിലയിരുത്തുന്നതിനിടയില്‍ മേല്‍വിലാസമില്ലാത്ത ഐ.എസിന്റെ പിതൃത്വവും ഇറാന്റെ മേല്‍ കെട്ടിയേല്‍പ്പിക്കാനുള്ള ഒരു വിഫല ശ്രമവും ആ ലേഖനത്തിലുണ്ട്. 

ഐ.എസ് എന്നത് ദുരൂഹമായ ഒരു സംഘടനയാണ് എന്നും അതിന്റെ പിന്നില്‍ ആരാണന്ന് കൃത്യമായി അറിയില്ല എന്നും ഒരാള്‍ക്ക് വാദിക്കാം. അത് പിന്തുടരുന്ന പ്രത്യയശാസ്ത്രം കഠിനമായ വെറുപ്പിന്റേതും പ്രാകൃതത്വത്തിന്റേതുമാണ് എന്നതും സത്യമാണ്. സിറിയയില്‍ വംശീയവും ഗോത്രപരവുമായ ഒരു പുതു വിഭജനം കൊതിക്കുന്ന അമേരിക്കന്‍-ഇസ്രയേല്‍ താല്‍പര്യങ്ങളെ പരോക്ഷമായെങ്കിലും അത് സംരക്ഷിക്കുന്നുണ്ട് എന്നാണ് ഡോ. മുഹ്‌സിന്റെ ലേഖനം സമര്‍ഥിക്കുന്നത്. അവധാനതാപൂര്‍വമായ അത്തരം വിലയിരുത്തലുകള്‍ ഇസ്‌ലാമിക ലോകത്ത് നടക്കുമ്പോള്‍ വംശീയ വിദ്വേഷം മുസ്‌ലിം ലോകത്ത് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ മാത്രമാണ് ഇറാനുമായി അതിനെ ഘടിപ്പിക്കുന്നത്. അതിലെ ഏറ്റവും പരിഹാസ്യമായ വിരോധാഭാസം ഇപ്പോള്‍ മൂസ്വിലിനെ ഐ.എസില്‍നിന്ന് മോചിപ്പിക്കാന്‍ ഇറാഖീ സേന നടത്തുന്ന ആക്രമണത്തെയും ശീഈകള്‍ സുന്നികള്‍ക്കെതിരെ നടത്തുന്ന വംശീയ ഉന്മൂലനമായി, ഐ.എസ് ഇറാന്‍ സൃഷ്ടിയാണെന്ന് വാദിക്കുന്ന ഇതേ കൂട്ടര്‍ തട്ടിവിടുന്നുണ്ട് എന്നതാണ്. അല്ലെങ്കില്‍തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണഘടനാ പദവിയെ പോലും അപമാനിച്ചുകൊണ്ട് ഇറാനെതിരായ ഉപരോധം എടുത്തുകളയുന്നതിന് തടയിടാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സുമായി വിലപേശാന്‍ സര്‍വ നയതന്ത്ര സീമകളും ലംഘിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി യാത്രചെയ്തതും ഇറാനെതിരെ വിഷലിപ്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുമെല്ലാം കാണുന്നവരോട് ഇറാന്‍-ഇസ്രയേല്‍ രഹസ്യ നീക്കത്തെക്കുറിച്ച് പറയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. ഇതിനര്‍ഥം ഇറാന്‍ ഒരു വിശുദ്ധ രാഷ്ട്രമാണ് എന്നൊന്നുമല്ല. അവസരം കിട്ടുമ്പോള്‍ അവര്‍ രഹസ്യബന്ധം ഉാക്കുമായിരിക്കും. പക്ഷേ പരസ്യമായിതന്നെ അനവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക്- തുര്‍ക്കിയുള്‍പ്പെടെ- ഇസ്രയേലുമായി നയതന്ത്രബന്ധമു് എന്ന വസ്തുത വിസ്മരിച്ച് രഹസ്യ സിദ്ധാന്തം അവതരിപ്പിക്കുന്നതിന്റെ താല്‍പര്യമെന്താണ്? ഹിസ്ബുല്ല-ഇസ്രയേല്‍ യുദ്ധനാളുകളില്‍ ഹിസ്ബുല്ലയെ ഹിസ്ബുശ്ശൈത്വാന്‍ എന്ന് വിശേഷിപ്പിച്ചവരും ഇസ്രയേലിന്റെ പരാജയം കണ്ട് വിരല്‍ കടിച്ചവരുമാണ് ഈ പ്രചാരകര്‍ എന്നു കൂടി അറിയണം. സുന്നീ ഇസ്‌ലാമിന്റെ സംരക്ഷകരായ ഇവര്‍ തന്നെയാണ് 2011-ല്‍ ഇസ്രയേല്‍ ഗസ്സ തകര്‍ത്ത് തരിപ്പണമാക്കുമ്പോള്‍ ഹമാസിനെയോ ഗസ്സയില്‍ ബന്ദികളാക്കപ്പെട്ട ജനസമൂഹങ്ങളെയോ പിന്തുണച്ച് ഒരു പ്രസ്താവന പോലും പ്രസിദ്ധീകരിക്കാത്തവര്‍ എന്നു കൂടി ഓര്‍ക്കണം. ഗസ്സയെ വരിഞ്ഞുമുറുക്കുന്ന സീസിക്ക് ബില്യനുകള്‍ വെറുതെ കൊടുക്കാന്‍ വൈമനസ്യമില്ലാത്തവര്‍ കൂടിയായിരുന്നു അവര്‍. ഇതെല്ലാം സമകാലിക അനുഭവങ്ങളാണ്. ഈ അനുഭവങ്ങളെയൊന്നും ശീഈ-സുന്നീ ഫ്രെയിംവര്‍ക്ക് കൊണ്ട് വിശദീകരിക്കാനാവില്ല എന്ന് സിറിയന്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി വിഭാഗീയ പ്രചാരണങ്ങളുമായി രംഗത്തു വരുന്നവരെ ഓര്‍മിപ്പിക്കുന്നു.  


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍