Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

വേട്ടമൃഗത്തിന്റെ പല്ലുകള്‍ കൊഴിയുന്നു

സി. ദാവൂദ്

ഘടികാരസൂചി തിരിയുന്നതെങ്ങോട്ട് ? -2

അറബ് വസന്തം മുസ്‌ലിം നാടുകളില്‍ മാത്രമല്ല, ലോകത്തെങ്ങും തിരയിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ അണ്ണാ ഹസാരെയുടെ നാടകം പോലും തഹ്‌രീര്‍ സ്‌ക്വയറില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഉണ്ടായി വന്നതാണെന്ന് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍, ആരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇസ്രയേലിലെ ചെറുപ്പക്കാരും അറബ് യുവാക്കളെ പിന്‍പറ്റി തെരുവുകളില്‍ ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ജൂലൈ ഒടുവിലും സെപ്റ്റംബര്‍ ആദ്യത്തിലുമായി ലോകം കണ്ടത്. തെല്‍അവീവിലെ റോത്ഷില്‍ ബോല്‍വാര്‍ഡ് എന്ന നഗര ചത്വരം അവര്‍ ശരിക്കും മറ്റൊരു തഹ്‌രീര്‍ സ്‌ക്വയറാക്കി മാറ്റി. ടെന്റുകള്‍ കെട്ടി ലക്ഷക്കണക്കിന് യുവാക്കളാണ് ദിവസങ്ങളോളം അവിടെ തടിച്ചുകൂടിയത്. നിത്യജീവിത ചെലവുകളിലെ, പ്രത്യേകിച്ചും വീട് വാടകയിലെ വര്‍ധനവാണ് അവരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. 'യൂറോപ്യന്‍ ആധുനിക' നിലവാരത്തിലുള്ള ഇസ്രയേല്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെയും ആഭ്യന്തര സമ്മര്‍ദങ്ങളുടെയും ശക്തമായ അടയാളമായിരുന്നു ആ പ്രക്ഷോഭങ്ങള്‍. വലിയ പ്രയാസങ്ങളുണ്ടാക്കാതെ പ്രസ്തുത പ്രക്ഷോഭത്തെ 'മാനേജ്' ചെയ്യാന്‍ ഭരണകൂടത്തിന് സാധിച്ചു. എന്നാല്‍, അറബ് വസന്തം കൊണ്ടുവന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ഇസ്രയേലിനു മേല്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ അത്രയെളുപ്പം മറികടക്കാന്‍ കഴിയില്ല.
ടിം ലിസ്റ്റര്‍, കെവിന്‍ ഫ്‌ളവര്‍ എന്നിവര്‍ ചേര്‍ന്ന് സി.എന്‍.എന്‍ വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 22-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഇങ്ങനെയാണ്: Israel Faces Regional Tsunami Set off by Arab Spring. ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്നുവെന്നാണ് ലേഖകര്‍ സമര്‍ഥിക്കുന്നത്. അറബ് ലോകത്തെ തങ്ങളുടെ പ്രിയപ്പെട്ട ദാസന്മാര്‍ തൂത്തെറിയപ്പെട്ടത് തന്നെയാണ് അവരെ ഏറ്റവും പ്രയാസപ്പെടുത്തുന്നത്. 'മുബാറക് എത്ര നല്ലവനായിരുന്നു'വെന്ന് ഇസ്രയേലി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ നഷ്ടബോധം കാരണമാണ്. സെപ്റ്റംബര്‍ 9-ന് കയ്‌റോവിലെ ഇസ്രയേല്‍ എംബസി ചെറുപ്പക്കാര്‍ വളഞ്ഞു തകര്‍ത്തതും എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇസ്രയേലിലേക്ക് മടങ്ങിപ്പോവേണ്ടി വന്നതും അവരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന ഈജിപ്ത് കൈവിട്ടുപോയതായി അവര്‍ മനസ്സിലാക്കുന്നു. 1978-ല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെച്ചതു മുതല്‍ ഈജിപ്തുമായുണ്ടായിരുന്ന ബന്ധം ഇനി പഴയതുപോലെയാവുമെന്ന് ഇസ്രയേല്‍ വിചാരിക്കുന്നില്ല. 'ക്യാമ്പ് ഡേവിഡ് കരാര്‍ വിശുദ്ധ പുസ്തകമൊന്നുമല്ല. മേഖലയിലെ യഥാര്‍ഥ സമാധാനത്തിന് ഗുണകരമാവുമെങ്കില്‍ അതിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ആകാവുന്നതാണ്. ആവശ്യമാണെങ്കില്‍ മാറ്റത്തിന് വിധേയമാക്കുകയും ചെയ്യാം' എന്ന് എംബസി ആക്രമണത്തിന്റെ അടുത്ത ദിവസം ഒരു തുര്‍ക്കിഷ് ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഇസ്വാം ഷറഫ് പ്രസ്താവിച്ചത് ഇസ്രയേലി നേതൃത്വം വലിയ ആഘാതത്തോടെയാണ് സ്വീകരിച്ചത്. ഇറാന്‍ വിപ്ലവത്തിന് ശേഷം വിദ്യാര്‍ഥികള്‍ അമേരിക്കന്‍ എംബസി 'പിടിച്ചെടുത്ത'തിനോടാണ് കയ്‌റോ സംഭവത്തെ വിപ്ലവാനുകൂല വിദ്യാര്‍ഥികള്‍ വിശേഷിപ്പിച്ചത്.
ഇസ്രയേലുമായി ഔദ്യോഗിക ബന്ധമുള്ള ഏറ്റവും ശക്തമായ മുസ്‌ലിം രാജ്യമായിരുന്നു തുര്‍ക്കി. ഗസ്സയിലേക്ക് സഹായവുമായി പോയ തുര്‍ക്കി കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവരുമായുള്ള ബന്ധം ഉലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുക, നഷ്ട പരിഹാരം നല്‍കുക, ഗസ്സാ ഉപരോധം പിന്‍വലിക്കുക എന്നീ തുര്‍ക്കി ആവശ്യങ്ങളെ ഇസ്രയേല്‍ നിരാകരിച്ചതോടു കൂടി തുര്‍ക്കി-ഇസ്രയേല്‍ ബന്ധം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങി. അങ്കാറയിലെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കിയും തെല്‍ അവീവിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചും ശക്തമായ നീക്കമാണ് തുര്‍ക്കി നടത്തിയത്. ഗസ്സയിലേക്ക് ഇനിയും സഹായക്കപ്പലുകളെ അയക്കുമെന്നും സുരക്ഷക്ക് തുര്‍ക്കി നാവിക സേന അകമ്പടി സേവിക്കുമെന്നും തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍ പറഞ്ഞതോടെ തുര്‍ക്കി-ഇസ്രയേല്‍ ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തി.
ഇസ്രയേലിന് ഔദ്യോഗിക നയതന്ത്രബന്ധമുള്ള മേഖലയിലെ മറ്റൊരു രാജ്യം ജോര്‍ദാനാണ്. കയ്‌റോ എംബസി ആക്രമിക്കപ്പെട്ടതിന് ശേഷം സമാനമായൊരു റാലി ജോര്‍ദാനിലെ ഇസ്രയേല്‍ എംബസിയിലേക്ക് പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ചു. അപകടം മണത്ത ഇസ്രയേല്‍ തലേദിവസം തങ്ങളുടെ ഉദ്യോഗസ്ഥരെ നാടുകടത്തുകയായിരുന്നു. കഴിഞ്ഞ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പതിവിന് വിപരീതമായി ജോര്‍ദാന്‍ രാജാവ് ഇസ്രയേല്‍ നയങ്ങളെ വിമര്‍ശിച്ചത് നല്ല സൂചനയായല്ല ഇസ്രയേല്‍ കാണുന്നത്. പ്രതിപക്ഷമായ ഇസ്‌ലാമിസ്റ്റുകളുടെ സമ്മര്‍ദത്തിന് വിധേയമായിട്ടാണെങ്കിലും ജോര്‍ദാന് അങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നുവെന്നത് പ്രധാനമാണ്. ജോര്‍ദാനുമായുള്ള ബന്ധം അപകടത്തിലാവുന്നത് വളരെ കരുതലോടെയാണ് ഇസ്രയേല്‍ കാണുന്നത്. ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി ആന്റ് മിലിട്ടറി അഫയേഴ്‌സിന്റെ ഡയറക്ടര്‍ അമോസ് ഗാലിദ് സി.എന്‍.എന്‍ വെബ്‌സൈറ്റിനോട് പറയുന്നത് ശ്രദ്ധിക്കുക: ''ജോര്‍ദാനുമായുള്ള സമാധാനം നിലനില്‍ക്കേണ്ടതുണ്ട്. ഇസ്രയേലിന് അത്യധികം തന്ത്രപ്രാധാന്യമുള്ള കാര്യമാണത്. അവരുമായുള്ള സമാധാന ബന്ധം ഏറെ വിലപ്പെട്ടതാണ്. ജോര്‍ദാനുമായി ബന്ധമില്ലാതെ നിലനില്‍ക്കുകയെന്നത് ഇസ്രയേലിന് തീര്‍ത്തും അചിന്ത്യമാണ്.''
മേഖലയില്‍ സമ്പൂര്‍ണമായി ഒറ്റപ്പെടുന്നുവെന്നതാണ് ഇസ്രയേല്‍ അനുഭവിക്കുന്ന പ്രശ്‌നം. മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ നേരത്തെ തന്നെ ഇസ്രയേലിനെയും അവരുടെ കിരാത നടപടികളെയും വെറുത്തിരുന്നെങ്കിലും അതിലും കിരാതന്മാരായ അറബ് ഭരണാധികാരികളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ഈ പാവകളെ നഷ്ടപ്പെടുകയും അറബ് തെരുവുകള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്രയേലിനെ അലോസരപ്പെടുത്തുന്നത്. അമേരിക്കയിലെ പ്യൂ റിസര്‍ച്ച് ഫോറം ഈജിപ്തുകാര്‍ക്കിടയില്‍ കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ ഇസ്രയേലുമായുള്ള സമാധാന ഉടമ്പടി അവസാനിപ്പിക്കണമെന്നാണ് 54 ശതമാനം ജനങ്ങളും ആവശ്യപ്പെട്ടത്. അകത്തും പുറത്തും ഒരു പോലെ സമ്മര്‍ദങ്ങളില്‍ പെട്ടിരിക്കുകയാണ് ഒരുകാലത്ത് മേഖലയെ വിറപ്പിച്ച ഈ സാമ്രാജ്യത്വ സന്തതി. ഈജിപ്തില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുകയും ബ്രദര്‍ഹുഡിന് നിര്‍ണായക വിജയം കൈവരികയും ചെയ്യുന്ന അവസ്ഥയെ ഞെട്ടലോടു കൂടിയാണ് ഇസ്രയേല്‍ നോക്കിക്കാണുന്നത്.
ഇസ്രയേലിലെ രണ്ടാമത്തെ ഏറ്റവും വലിയ പത്രമായ മആരിഫില്‍ സെപ്റ്റംബര്‍ 7-ന് പ്രസിദ്ധീകരിച്ച നദവ് എയാലിന്റെ ലേഖനം- 'ദൗര്‍ബല്യത്തിന്റെ യുഗം' (Age of Weakness) തുടങ്ങുന്നതിങ്ങനെയാണ്: ''കാലാവസ്ഥാ നിരീക്ഷകര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞു വീശിയില്ല. അത് വീശിയടിച്ചത് ഇവിടെയാണ്. അമേരിക്കയിലെ കൊടുങ്കാറ്റ് പ്രവചനങ്ങളെപ്പോലെയല്ല, ഇസ്രയേലിലെ രാഷ്ട്രീയ ചുഴലികള്‍ ഏറ്റവും വലിയ അശുഭചിന്തകനെയും നിരാശപ്പെടുത്തിയില്ല. ഇസ്രയേലിനെ സംബന്ധിച്ചേടത്തോളം, നിരവധി അന്തര്‍ദേശീയ സംഭവവികാസങ്ങള്‍- അവ  പരസ്പരം തെളിഞ്ഞ ബന്ധമുള്ളതും അല്ലാത്തതുമാവാം- അസുഖകരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. വന്നുകൊണ്ടിരിക്കുന്ന വാര്‍ത്താ പരമ്പരകള്‍, ഒരു കാക്കക്കൂട്ടത്തെയെന്ന വണ്ണം ജറൂസലമിലെ വാതിലുകളില്‍ വന്നു കൊത്തിക്കൊണ്ടിരിക്കുന്നു.''
'ഇസ്രയേലിന്റെ ഒറ്റപ്പെടല്‍' (Isolation of Israel) എന്നത് കഴിഞ്ഞ ഏതാനും ആഴ്ചകളായി സാര്‍വദേശീയ മാധ്യമങ്ങള്‍ ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുന്ന ആശയമാണ്. പൂര്‍ണ രാഷ്ട്ര പദവിക്ക് വേണ്ടി ഫലസ്ത്വീന്‍ അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധിച്ച പിന്തുണ ഇസ്രയേലിന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഫലസ്ത്വീന്റെ രാഷ്ട്ര പദവിയെ അനുകൂലിക്കുന്നതായി ബി.ബി.സി സര്‍വേ വെളിപ്പെടുത്തുകയും മഹ്മൂദ് അബ്ബാസിന്റെ യു.എന്‍ ശ്രമങ്ങള്‍ക്ക് വര്‍ധിച്ച പിന്തുണ ലഭിക്കുകയും ചെയ്തതോടു കൂടി നയതന്ത്ര രംഗത്ത് ഇസ്രയേലിന് വമ്പിച്ച തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ സി.ഐ.എ ഡയറക്ടറും ഇപ്പോഴത്തെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറിയുമായ ലിയോന്‍ പെനേറ്റ ഒക്‌ടോബര്‍ മൂന്നിന് ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയത്. തെല്‍അവീവില്‍ എത്തിയ പെനേറ്റ, ഇസ്രയേല്‍ പ്രതിരോധ മന്ത്രി എഹൂദ് ബറാകുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്: ''ഒരു കാര്യം പൂര്‍ണമായും ശരിയാണ്. പശ്ചിമേഷ്യയിലെ നാടകീയമായ മാറ്റങ്ങളെത്തുടര്‍ന്ന്, കാര്യങ്ങള്‍ ഇസ്രയേലിന് ഗുണകരമായ രീതിയിലല്ല; ഇസ്രയേല്‍ വര്‍ധിച്ച തോതില്‍ ഒറ്റപ്പെട്ടിരിക്കുന്നു... തുര്‍ക്കിയും ഈജിപ്തുമായുള്ള ബന്ധങ്ങള്‍ നല്ല നിലയിലാക്കാന്‍ ഞങ്ങള്‍ കഴിയാവുന്നതൊക്കെയും ചെയ്യും. അത് വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. മേഖലയില്‍ ഇസ്രയേലിന് സൈനികമായ മുന്‍കൈ ഉണ്ടായിരിക്കാം. പക്ഷേ, നിങ്ങള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നയതന്ത്രപരമായി ഒറ്റപ്പെട്ടു നില്‍ക്കെ, സൈനികമായ മേല്‍ക്കൈ കൊണ്ട് മാത്രം കാര്യമുണ്ടോ?'' ഇതേ പത്രസമ്മേളനത്തില്‍ എഹൂദ് ബറാക് ഇങ്ങനെ പറഞ്ഞു: ''ഇസ്രയേലിനെ മൂലക്കിരുത്തി ഒറ്റപ്പെടുത്താന്‍ ലോകത്ത് പലരും ശ്രമിക്കുന്നുവെന്നത് ശരിയാണ്. കാര്യങ്ങളെ മയപ്പെടുത്തി എടുക്കുകയും പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നതും ശരിയാണ്.'' ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ഫലസ്ത്വീനും ഈജിപ്തുമായിരുന്നു പെനേറ്റയുടെ അടുത്ത ലക്ഷ്യ കേന്ദ്രങ്ങള്‍. എഹൂദ് ബറാക് പറഞ്ഞതു പോലെ ഇസ്രയേലിന് വേണ്ടി, ഫലസ്ത്വീനെയും ഈജിപ്തിനെയുമൊക്കെ 'മയപ്പെടുത്തി'ക്കൊടുക്കുകയെന്നതായിരുന്നു പെനേറ്റയുടെ അജണ്ട. ഒപ്പം ഫലസ്ത്വീന്‍ രാഷ്ട്ര പദവിക്ക് വേണ്ടിയുള്ള യു.എന്‍ ശ്രമത്തെ എതിര്‍ത്തതിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ അകന്നുപോവാതിരിക്കാനുള്ള ശ്രമവും. പക്ഷേ, അറബ് ഭരണകൂടങ്ങളെ എത്ര മയക്കാന്‍ സാധിച്ചാലും അറബ് തെരുവുകളെ അവര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നതാണ് കഴിഞ്ഞയാഴ്ചകളിലെ അനുഭവം. ആ തെരുവുകളാണ്, അവിടെ തടിച്ചു കൂടുന്ന ചെറുപ്പക്കാരാണ് ഇപ്പോള്‍ ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
cdawud@gmail.com
അടുത്ത ലക്കത്തില്‍
ഉര്‍ദുഗാന്റെ യാത്രകള്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം