Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

മധ്യകേരളത്തിലെ ഇസ്‌ലാമിക പൈതൃകം

മുഹമ്മദ് വെട്ടത്ത് /കവര്‍‌സ്റ്റോറി

        മലയാളക്കരയിലെ ഇസ്‌ലാമിന്റെ ചരിത്രവും നവോത്ഥാനത്തിന്റെ പൈതൃകവും ചര്‍ച്ച ചെയ്യുമ്പോള്‍ മധ്യകേരളത്തിന് സവിശേഷ സ്ഥാനവും പ്രാധാന്യവുമുണ്ട്. ഇന്നത്തെ തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകള്‍ ചേര്‍ന്ന മധ്യകേരളം ഇസ്‌ലാമിന്റെ ആദ്യഘട്ട ആഗമനവും പില്‍ക്കാലത്തെ വളര്‍ച്ചയും വികാസവും വഴി സമ്പന്നമായ മേഖലയാണ്. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ നട്ടുവളര്‍ത്തിയതിന്റെ അഭിമാനകരമായ പൈതൃകവും ഈ മേഖലക്കുണ്ട്. ഇതുപോലൊരു ലേഖനത്തില്‍ അതെല്ലാം വിശദീകരിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഒരു നഖചിത്രം മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ കൊച്ചി, ആലുവ, എടവനക്കാട്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലാണെങ്കിലും കൊച്ചിയോട് അടുത്ത് കിടക്കുന്ന വടുതല തുടങ്ങിയ പ്രദേശങ്ങളും, അവിടങ്ങളിലെ പള്ളികള്‍, ദീനീ സ്ഥാപനങ്ങള്‍ മുതലായവയും ഇസ്‌ലാമിന്റെ മധ്യകേരളത്തിലെ മഹത്തായ ചരിത്രവും പൈതൃകവും പറഞ്ഞുതരുന്നു. ചേരമാന്‍ മാലിക് ജുമാ മസ്ജിദ്- കൊടുങ്ങല്ലൂര്‍, ചെമ്പിട്ട പള്ളി-കൊച്ചി, താഴത്തങ്ങാടി പള്ളി-കോട്ടയം, പുതൂര്‍ പള്ളി ജുമാ മസ്ജിദ്-ചങ്ങനാശ്ശേരി, വല്ലം, മുടിക്കല്‍, തോട്ടുമുക്കം ജുമാ മസ്ജിദുകള്‍, താജ് ജുമാ മസ്ജിദ്-എരുമേലി തുടങ്ങിയവ ഉദാഹരണം. കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരണം നടന്നത് കൂടുതലും കടല്‍വഴി പായക്കപ്പലേറി വന്നവരിലൂടെയും പഴയ ഗതാഗത മാര്‍ഗമെന്ന നിലയില്‍ കായല്‍-പുഴകള്‍ വഴിയുമാണ്. അതുകൊണ്ടാകണം പുരാതന പള്ളികളില്‍ പലതും കടല്‍-കായല്‍-നദീ തീരങ്ങളില്‍ സ്ഥാപിക്കപ്പെട്ടത്.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പഴയ മുസ്‌ലിം പ്രദേശങ്ങളിലൊന്നാണ്. ക്രി. പതിനൊന്നാം നൂറ്റാണ്ടോടു കൂടിയാണ് ഇവിടെ മുസ്‌ലിംകള്‍ വന്നെത്തിയത്. ഹനഫി-ശാഫിഈ മദ്ഹബുകള്‍ പിന്തുടരുന്നവര്‍ ഇവിടത്തെ മുസ്‌ലിംകളിലുണ്ട്. നൈനാര്‍ പള്ളി, മുഹ്‌യിദ്ദീന്‍ പള്ളി, പുത്തന്‍പള്ളി, അല്‍ഹുദാ മസ്ജിദ്, അല്‍മനാര്‍ മസ്ജിദ്, മസ്ജിദുസ്സലാം, മസ്ജിദുല്‍ അമാന്‍ തുടങ്ങിയവ ഈരാറ്റുപേട്ടയിലെ പഴയതും പുതിയതുമായ ജുമുഅ മസ്ജിദുകളാണ്. ഈരാറ്റുപേട്ടയിലെ മുസ്‌ലിം ഗേള്‍സ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1960-ല്‍ ആരംഭിച്ച സ്ഥാപനമാണ്. ആത്മീയ, സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രശസ്തരായ ഒട്ടേറെ മുസ്‌ലിം പ്രമുഖര്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ തന്നെ മുസ്‌ലിം സ്വാധീനമുള്ള മറ്റൊരു പ്രദേശമാണ് കാഞ്ഞിരപ്പള്ളി. വിവിധ വിഭാഗങ്ങളില്‍ പെട്ട മുസ്‌ലിംകളുടെ വലിയ സാംസ്‌കാരിക പാരമ്പര്യം തന്നെ കാഞ്ഞിരപ്പള്ളിക്കുണ്ട്. കാഞ്ഞിരപ്പള്ളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നൈനാര്‍ പള്ളി പ്രസിദ്ധമാണ്. ഇങ്ങനെ പറഞ്ഞുപോവുകയാണെങ്കില്‍ ഓരോ പ്രദേശത്തെക്കുറിച്ചും ധാരാളം എഴുതാനുണ്ട്. അവയെല്ലാം രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യവസ്ഥാപിതമായി നടക്കേണ്ടതുണ്ട്.

കേരളത്തിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെല്ലാം പ്രൗഢമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള പ്രദേശമാണ് പെരുമ്പാവൂര്‍. തടി വ്യവസായത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ് അതിലൊന്ന്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍, പി. ഗോവിന്ദപിള്ള, ടി.എച്ച് മുസ്ത്വഫ, ജി. ശങ്കരക്കുറുപ്പ്, ബാബുപോള്‍ ഐ.എ.എസ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി.പി തങ്കച്ചന്‍, ടി.പി ഹസന്‍ വല്ലം തുടങ്ങി നിരവധി പേര്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പെരുമ്പാവൂരിന്റെ സംഭാവനയായുണ്ട്.

മധ്യകേരളത്തിലെ മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍ പ്രമുഖമാണ് പെരുമ്പാവൂര്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളികളും മുസ്‌ലിം ജമാഅത്തുകളും പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുണ്ട്. കേരളത്തില്‍ അലയടിച്ചുയര്‍ന്ന ഇസ്‌ലാമിക നവോത്ഥാനത്തിന് മികച്ച സംഭാവനകളും പെരുമ്പാവൂര്‍ അര്‍പിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പ്രദേശത്ത് ജീവിക്കുന്ന വ്യക്തിയെന്ന നിലക്ക് എന്റെ അനുഭവത്തിലുള്ള ഒരു മുസ്‌ലിം ചരിത്രമാണ് ഇനി രേഖപ്പെടുത്തുന്നത്.

1942 ഡിസംബറില്‍ ജനിച്ച ഞാന്‍, ഇന്നത്തെ പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. പെരുമ്പാവൂര്‍ ടൗണ്‍ ജുമാ മസ്ജിദ് മുഅദ്ദിനായിരുന്ന വെട്ടത്ത് പരീതുമൊല്ലാക്കയാണ് എന്റെ വാപ്പ. അദ്ദേഹം രോഗിയായതിനെത്തുടര്‍ന്നാണ് ഞാന്‍ 'മുഅദ്ദിന്‍' ആയത്. തുടര്‍ന്ന് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയുടേതുള്‍പ്പെടെയുള്ള വിവിധ ദീനീ സംരംഭങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കാനും അവസരമുണ്ടായി. ഇതുവഴി, ഈ മേഖലയിലെ മുസ്‌ലിം ചരിത്രവും ജീവിതവും നവോത്ഥാന പ്രവര്‍ത്തനങ്ങളുമൊക്കെ അടുത്തറിയാനും ചെറിയ അളവിലാണെങ്കിലും അവയില്‍ ഭാഗഭാക്കാകാനും സാധിച്ചു.

വല്ലം മുസ്‌ലിം ജമാഅത്ത് ഉള്‍പ്പെടെ പെരുമ്പാവൂരിന്റെ പരിസര പ്രദേശങ്ങള്‍ക്ക് വലിയൊരു മുസ്‌ലിം പൈതൃകമുണ്ട്. ഏകദേശം 850 വര്‍ഷത്തെ പഴക്കമുള്ളതാണ് വല്ലം ജുമാ മസ്ജിദ്. ക്രി. 12-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്.ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ഒരു ചരിത്രവും പള്ളിയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ ടൗണ്‍ പള്ളി, കണ്ടത്തറ, മുടിക്കല്‍, കാഞ്ഞിരക്കാം, ചേലമറ്റം, വെള്ളാരപള്ളി, ഇടപള്ളി ജുമാ മസ്ജിദ് തുടങ്ങിയ മഹല്ല് ജമാഅത്തുകളെല്ലാം വല്ലം മഹല്ല് ജമാഅത്തില്‍ നിന്ന് രൂപം കൊണ്ടവയാണ്.

കുന്നത്തുനാട് താലൂക്കിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് പെരുമ്പാവൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.    പള്ളിയുടെ നിര്‍മാണത്തിലും വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ച അബ്ദുല്‍ മജീദ് മരിക്കാര്‍ തന്നെയായിരുന്നു ദീര്‍ഘകാലം അതിന്റെ പ്രസിഡന്റ്. ആലുവ അബ്ദുല്‍ ഖാദര്‍ മുന്‍ഷി, വേങ്ങര മുഹമ്മദ് മൗലവി, പി.എം അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ പള്ളിയിലെ ഖത്വീബുമാരായിരുന്നു.

കാനാമ്പുറം കുഞ്ഞുമുഹമ്മദ് ഹാജി, സ്വാതന്ത്ര്യ സമര സേനാനി എം.കെ ഇബ്‌റാഹീം സാഹിബ്, പി.പി കമാല്‍, മൂക്കട അബ്ദുര്‍റഹ്മാന്‍ സുലൈമാന്‍, സെയ്തു മുഹമ്മദ്, പെരുമ്പള്ളിക്കുടി കുഞ്ഞഹമ്മദ് ഹാജി, തോട്ടത്തില്‍ ഹൈദ്രോസ് സാഹിബ്, കടവില്‍ സുലൈമാന്‍, എന്‍.വി മൊയ്തു ഹാജി, തുകലില്‍ സെയ്തു മുഹമ്മദ് സാഹിബ്, തുകലില്‍ അബ്ദുല്‍ ഖാദിര്‍ അബ്ദുല്ല, കൊച്ചുണ്ണി പിളള, എന്‍.വി കുഞ്ഞുമുഹമ്മദ്, പുത്തിരി ഹംസ, ഉസ്മാന്‍ ഹാജി, ടി.പി അഹ്മദ്, ടി.പി അബൂബക്കര്‍, എം.കെ മുഹമ്മദ് ഹാജി, ബി. മൊയ്തു സാഹിബ്, എം. മക്കി ഹാജി, ഇ.എ.കെ അഹ്മദ് സാഹിബ്, കെ.എം മുഹമ്മദ് പിള്ള, വി.പി ശൈഖ് പരീത്, ഉണ്ണി മൗലവി, മുഹമ്മദ് ശാഫി സാഹിബ് (കൊച്ചി), കൊച്ചു മുഹമ്മദ് കാരോത്തുകുടി, കെ.എസ് കൊച്ചുപിള്ള, മുസ്ത്വഫ കാരിയേലി, പുലവത്ത് ബീരാന്‍ മുസ്‌ലിയാര്‍, കുടിലിങ്ങല്‍ ബുഹാരി കൊച്ചുണ്ണിപ്പിള്ള, കേരള മുഹമ്മദ് ഹാജി, മൂക്കട വീരാന്‍ സാഹിബ്, മമ്മു ഹാജി, മുഹമ്മദ് കുട്ടി സാഹിബ്, ചങ്ങഞ്ചേരി കൊച്ചു മുഹമ്മദ് സാഹിബ്, കാരോത്തുകുടി മൊയ്തീന്‍ സാഹിബ്, ചിരക്കകുടി അബൂബക്കര്‍(ആപ്പു), മൂത്തേടന്‍ മരിക്കാര്‍ സാഹിബ്, മുണ്ടക്ക ചേവു, കെ.കെ ഇബ്‌റാഹീം, മുച്ചേത്ത് ഖാദര്‍ കുഞ്ഞ്, സി.പി കൊച്ചഹമ്മദ്, എ.കെ മുഹമ്മദ്, എം.കെ മുഹമ്മദ്  തുടങ്ങി നിരവധി വ്യക്തികള്‍ പെരുമ്പാവൂരിന്റെ ചരിത്രത്തില്‍ അനുസ്മരിക്കപ്പെടേണ്ടതായിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന അബ്ദുല്‍ മജീദ് മരിക്കാരും, പെരുമ്പാവൂരിനെ തട്ടകമാക്കി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സി.എന്‍ അഹ്മദ് മൗലവി, മുഹമ്മദ് മൗലവി, ഹലീമാ ബീവി തുടങ്ങിയവരും സവിശേഷം രേഖപ്പെടുത്തേണ്ട പേരുകളാണ്.

1950-കളില്‍ തിരുകൊച്ചി പ്രജാ സഭാംഗമായിരുന്ന അബ്ദുല്‍ മജീദ് മരിക്കാര്‍ സാഹിബിന്റെ നേതൃത്വത്തിലാണ് എറണാകുളം ജില്ലയിലെ, വിശിഷ്യ പെരുമ്പാവൂരിലെ നവോത്ഥാന ശ്രമങ്ങള്‍ വളര്‍ന്നത്. ഭൗതികവും ആത്മീയവുമായി പിന്നിലായിരുന്ന പെരുമ്പാവൂരിലെ മുസ്‌ലിം സമൂഹത്തെ ഇന്നത്തെ അവസ്ഥയിലേക്കുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ ആഴത്തില്‍ വേരു പിടിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. 

1956-ല്‍ പെരുമ്പാവൂര്‍ മില്‍ ഹൗസില്‍ മജീദ് മരിക്കാര്‍ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായിരുന്നു. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരാണ് അണിനിരന്നത്. ഈ സമ്മേളനത്തില്‍ വെച്ചാണ് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ രൂപപ്പെട്ടത്. മുസ്‌ലിം ലീഗുമായുണ്ടായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കേരള ജമാഅത്ത് ഫെഡറേഷന്‍ രൂപപ്പെട്ടത്. സംഘടനയുടെ പ്രഥമ പ്രസിഡന്റ് എ.എം മരിക്കാര്‍ സാഹിബായിരുന്നു.

മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസ അരക്ഷിതാവസ്ഥയും സമുദായത്തിലെ അന്ധവിശ്വാസ-അനാചാരങ്ങളും ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള ജമാഅത്ത് ഫെഡറേഷന്‍ ഊന്നല്‍ കൊടുത്തത്. ഇതേ കാലഘട്ടത്തില്‍ തന്നെ മുസ്‌ലിം വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് എം. ഹലീമാ ബീവിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി.

അക്കാല ഘട്ടത്തില്‍ നിലനിന്ന വിദ്യാഭ്യാസ അരക്ഷിതാവസ്ഥക്ക് അറുതി വരുത്തണമെന്ന ലക്ഷ്യത്തോടെ മജീദ് മരിക്കാര്‍ സാഹിബിന്റെ ശ്രമഫലമായി ഉണ്ടായതാണ്,  ഇന്നത്തെ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍.  സ്‌കൂളിന്റെ ആരംഭ കാലത്ത് പെരുമ്പാവൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് മജീദ് മരിക്കാറിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ടതാണ് കണ്ടന്തറ ഗവ. യു.പി സ്‌കൂള്‍, തണ്ടേക്കാര്‍ ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുടിക്കല്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവ. 

1956-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്റെ മലയാള പരിഭാഷ പുറത്തിറക്കി. പ്രമുഖ മതപണ്ഡിതനും എഴുത്തുകാരനുമായ സി.എന്‍ അഹ്മദ് മൗലവിയാണ് ഇത് രചിച്ചത്. മജീദ് മരിക്കാര്‍ ആരംഭിച്ച ഭാരത് ചന്ദ്രിക  പ്രിന്റിംഗ് പ്രസ് നവോത്ഥാന പരിശ്രമങ്ങളുടെ ഭാഗമായി നിരവധി കൃതികള്‍ പുറത്തിറക്കുകയുമുണ്ടായി. പെരുമ്പാവൂരില്‍ നിന്ന് രണ്ട് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് ഇറങ്ങുകയുണ്ടായി- അന്‍സാരി, അല്‍ ഫാറൂഖ് മാസികകള്‍. പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ സാദിഖ് മൗലവിയായിരുന്നു അല്‍ ഫാറൂഖ് മാസികയുടെ എഡിറ്റര്‍.

സി.എന്‍ അഹ്മദ് മൗലവി, മുഹമ്മദ് മൗലവി, എം. ഹലീമാ ബീവി തുടങ്ങിയവരുടെ പിന്തുണയോടെ മജീദ് മരിക്കാര്‍ സാഹിബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പെരുമ്പാവൂരിലെ മുസ്‌ലിം സമൂഹത്തെ ഇന്നും പെരുമയില്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അക്കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന പെരുമ്പാവൂരിലെ വ്യവസായികളും പൗര പ്രമുഖരും ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. 

ഇതിനു ശേഷം പെരുമ്പാവൂരിന്റെ രാഷ്ട്രീയ രംഗത്ത് എടുത്തു പറയേണ്ട വ്യക്തിത്വമാണ് ടി.എച്ച് മുസ്ത്വഫ. മുന്‍ എം.എല്‍.എയും കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ വകുപ്പ് മന്ത്രിയുമായിരുന്നു. 40 വര്‍ഷത്തോളമായി പെരുമ്പാവൂര്‍ ടൗണ്‍ പള്ളിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

അര നൂറ്റാണ്ടിലേറെ മുമ്പ്  പെരുമ്പാവൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും നവോത്ഥാന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെന്താര സെയ്തു മുഹമ്മ്, ടി.എം മുഹമ്മ് മാസ്റ്റര്‍ വല്ലം, ടി.പി സുബൈര്‍ സാഹിബ്, പരീത് പിള്ള സാഹിബ്, അസൈനാര്‍ സാഹിബ് എടന്നാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അത് നടന്നത്. പി.എ അബ്ദുല്‍ അസീസ് സാഹിബ്, കൊച്ചഹമ്മദ് മുന്‍ഷി എന്നിവരെയും പരാമര്‍ശിക്കേണ്ടതുണ്ട്. ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്ന ഒരു കാലഘട്ടത്തില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കിയതില്‍ ഇവരുടെ പ്രവര്‍ത്തന പാടവവും മനോധൈര്യവും വളരെ വലുതാണ്. പെരുമ്പാവൂരിലെ പൗര പ്രമുഖനും കെമി ഗ്രൂപ്പ് ഉടമയുമായ എം.എ മൂസക്കുട്ടി സാഹിബിന്റെ പിതാവ് എം.കെ അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും മുല്ലപ്പള്ളി പരീക്കുട്ടി സാഹിബിനെയും കരിമക്കാട്ട് മമ്മി സാഹിബിനെയും ഇവിടെ ഓര്‍ക്കാതെ വയ്യ.

ജമാഅത്തെ ഇസ്‌ലാമിയുടെ അനിഷേധ്യമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് പെരുമ്പാവൂരില്‍ കാണുന്ന മെക്കാ യു.പി സ്‌കൂള്‍, മെക്കാ മസ്ജിദ്, മദ്‌റസത്തു മക്ക, ഫ്രൈഡേ ക്ലബ്ബ്, തണല്‍ എന്നീ സംരംഭങ്ങള്‍. ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പെരുമ്പാവൂരിലെ മുസ്‌ലിം ജന മനസ്സുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു. മരിക്കാര്‍ യുഗത്തിന് ശേഷം ഒരു തുടര്‍ച്ചയില്ലാതെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിന്ന് പോവുകയാണുണ്ടായത്.   

തയാറാക്കിയത്: ഹസനുല്‍ബന്ന പെരുമ്പാവൂര്‍

(കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി (1980-'95), ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന കമ്മിറ്റി മെമ്പര്‍, തആവനുല്‍ ഖദം വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഉപാധ്യക്ഷന്‍, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അന്‍വാര്‍ ജസ്റ്റിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് വെട്ടത്ത്). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍