Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 18

സഹവര്‍ത്തിത്വമാണ് നമ്മുടെ പാരമ്പര്യം

കെ.എം.എ /കവര്‍‌സ്റ്റോറി

         ആദിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെയും, സമൂദിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും, മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെയും അല്ലാഹു പ്രവാചകന്മാരായി അയച്ചു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ആദും സമൂദും മദ്‌യനും അതത് കാലങ്ങളില്‍ ജീവിച്ച ജനസമൂഹങ്ങളെ സൂചിപ്പിക്കുന്നു. ഏതാനും ആളുകളെ മാറ്റിനിര്‍ത്തിയാല്‍ ഈ ജനസമൂഹങ്ങളത്രയും പ്രവാചകന്മാരുടെയും അവര്‍ കൊണ്ടുവന്ന ദൈവിക സന്ദേശത്തിന്റെയും കടുത്ത ശത്രുക്കളായിരുന്നു. പ്രവാചകന്മാരെയും അനുയായികളെയും അവര്‍ കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഹൂദ്, സ്വാലിഹ്, ശുഐബ് പ്രവാചകന്മാരെ അവരുടെ 'സഹോദരന്മാര്‍' ആയിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആദര്‍ശപരമായി എതിര്‍ ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും തുല്യമായ മാനുഷിക പരിഗണന നല്‍കുന്നതിന്റെ ഉദാഹരണമാണിത്.

വിശ്വാസി സമൂഹത്തിന്റെ സവിശേഷ സംസ്‌കാരവും വ്യക്തിത്വവും ഊന്നിപ്പറയുമ്പോഴും, ഇതര സമൂഹങ്ങളിലേക്കുള്ള ഒരു പാലം ഇസ്‌ലാം എപ്പോഴും തുറന്നിട്ടിരിക്കും. എല്ലാ ജനസമൂഹങ്ങളുടെയും നന്മകള്‍ അംഗീകരിക്കാനും പൊതു താല്‍പര്യമുളള വിഷയങ്ങളില്‍ അവരുമായി കൈകോര്‍ക്കാനും ഇസ്‌ലാമിന്റെ അനുയായികള്‍ മടികാണിച്ചിട്ടില്ല. പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്നെയായിരുന്നു അവര്‍ക്കതിന് ഏറ്റവും വലിയ മാതൃക. പ്രവാചകനും അനുയായികളും ശത്രുക്കളുടെ മര്‍ദനങ്ങള്‍ സഹിക്കാനാവാതെ പലായനം ചെയ്ത് മദീനയിലെത്തിയപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് മദീനക്ക് ചുറ്റും അധിവസിക്കുന്ന ഗോത്രങ്ങളുമായി സന്ധി ഉണ്ടാക്കുകയായിരുന്നു. ആ ഗോത്രങ്ങളൊന്നും അക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. മദീനയിലെ ജൂത ഗോത്രങ്ങളുമായും പ്രവാചകന്‍ അനാക്രമണ സന്ധികളില്‍ ഒപ്പുവെക്കുകയുണ്ടായി. ഇങ്ങനെ വിവിധ ജനവിഭാഗങ്ങളുമായി പല നിലയില്‍ ബന്ധം സ്ഥാപിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാവും.

കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനവും വ്യാപനവും പഠനവിധേയമാക്കിയാല്‍ ഇക്കാര്യം എളുപ്പത്തില്‍ ബോധ്യമാകും. ഇവിടത്തെ രാജാക്കന്മാരും നാടുവാഴികളും ഇസ്‌ലാംമത വിശ്വാസികളെ സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു. വ്യാപാര താല്‍പര്യങ്ങളാണ് അതിന് നിമിത്തമായതെങ്കിലും കേരളീയ സംസ്‌കാരത്തിന് പില്‍ക്കാലത്ത് മത സൗഹാര്‍ദത്തിന്റെ കെട്ടുറപ്പുള്ള അടിത്തറയൊരുക്കിയത് ഈ സഹവര്‍ത്തിത്വമായിരുന്നു. കോഴിക്കോട്ടെ സാമൂതിരി-മുസ്‌ലിം ബന്ധം മാത്രം പരിശോധിച്ചാല്‍ ഇതിന്റെ ആഴം വ്യക്തമാകും. അധിനിവേശകരായി വന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തുര്‍ക്കിയിലെ ഉഥ്മാനി ഖലീഫ ഉള്‍പ്പെടെയുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹായം തേടാന്‍ സാമൂതിരി സമീപിച്ചത് പൊന്നാനിയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെയായിരുന്നു. സാമൂതിരിക്ക് മുസ്‌ലിം ഭരണാധികാരികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ തഹ്‌രീള് എന്ന അറബികാവ്യമെഴുതിയത്. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥവും ഖാദി മുഹമ്മദ് ഫത്ഹുല്‍ മുബീന്‍ എന്ന ചാലിയം യുദ്ധ ചരിത്രവും രചിച്ചത് ഇതിനു വേണ്ടി തന്നെ.

മറ്റൊരു ഉദാഹരണം വക്കം മൗലവിയുടേതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവും പിന്തുണയും ആര്‍ജിച്ചുകൊണ്ട് എങ്ങനെ നവോത്ഥാന യത്‌നങ്ങളുടെ മുമ്പില്‍ നടക്കാം എന്ന് അദ്ദേഹം കാണിച്ചുതന്നു. മൗലവിയുടെ നവോത്ഥാന സംരംഭങ്ങളില്‍ വലിയൊരു ഭാഗം, എല്ലാ അര്‍ഥത്തിലും പിന്നാക്കമായിരുന്ന മുസ്‌ലിം സമുദായത്തില്‍ കേന്ദ്രീകരിക്കപ്പെട്ടുപോയത് സ്വാഭാവികം മാത്രം. ഏതൊരു നവോത്ഥാനവും അതിന്റെ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ അവശ ജനവിഭാഗങ്ങളെ പ്രത്യേകം കൈപിടിച്ചുയര്‍ത്തേണ്ടതായി വരുമല്ലോ. ഈഴവ സമുദായത്തില്‍ ശ്രീനാരായണഗുരുവും പുലയ സമുദായത്തില്‍ അയ്യന്‍കാളിയും നടത്തിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോട് തുലനം ചെയ്യാവുന്നതാണ് വക്കം മൗലവി മുസ്‌ലിം സമുദായത്തില്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കായും സ്വദേശാഭിമാനി പത്രം നടത്തിയും അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ മുന്‍നിര നേതാക്കളിലൊരാളാവുകയും ചെയ്തു. ഈ നവോത്ഥാന നായകരുടെയെല്ലാം ദ്വിമുഖമായ പരിഷ്‌കരണ യത്‌നങ്ങള്‍ സ്വന്തം സമുദായത്തിലും പിന്നെ പൊതു സമൂഹത്തിലും ജന്മം നല്‍കിയതാണ് ഇന്ന് നാം കാണുന്ന കേരളീയ നവോത്ഥാനം. ശ്രീനാരായണ ഗുരുവിനും വക്കം മൗലവിക്കുമിടയിലുണ്ടായിരുന്ന വൈജ്ഞാനിക സ്വാധീനങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. തീര്‍ത്തും അവര്‍ഗീയവും സൗഹാര്‍ദപൂര്‍ണവുമായിരുന്നു ഇരു വിഭാഗങ്ങളിലെയും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍. ഇതര പിന്നാക്ക വിഭാഗങ്ങളിലെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരും വര്‍ഗീയത തൊട്ടുതീണ്ടാത്തവരായിരുന്നു. എന്നാല്‍, ആ നവോത്ഥാന സംരംഭങ്ങളുടെ തലപ്പത്ത് നിന്നുകൊണ്ടുതന്നെ വര്‍ഗീയതയും സാമുദായിക വിദ്വേഷവും പ്രചരിപ്പിക്കുന്ന വിചിത്ര കാഴ്ചക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

മതസഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും അടിത്തറയില്‍ സ്ഥാപിതമായിട്ടുള്ള ഈ കേരളീയ നവോത്ഥാനത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് അണിയറയില്‍ തയാറായി കൊണ്ടിരിക്കുന്നത്. ഇപ്പോഴിത് മുമ്പത്തേക്കാളേറെ ശക്തിപ്പെട്ടിരിക്കുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ 'സമത്വ മുന്നേറ്റയാത്ര' അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇതിന്റെ പിന്നിലുള്ള കുരുട്ട് ബുദ്ധി ആരുടേതാണെന്ന് തിരിച്ചറിയാന്‍ യാത്രയിലുടനീളം നടേശന്‍ തുപ്പിക്കൊണ്ടിരുന്ന വര്‍ഗീയ വിഷത്തിന്റെ വീര്യം നോക്കിയാല്‍ മതി. കോഴിക്കോട് നഗര മധ്യത്തിലെ മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്രപ്രദേശുകാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ ബലി കൊടുത്ത നൗഷാദ് എന്ന ചെറുപ്പക്കാരന്റെ ആലംബമറ്റ കുടുംബത്തെയും വെള്ളാപ്പള്ളി വെറുതെ വിട്ടില്ല. നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞത് ആള്‍ മുസ്‌ലിമായതിനാലാണെന്നും, മരിച്ചത് ഹിന്ദുവായിരുന്നെങ്കില്‍ ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്നുമായിരുന്നു നടേശന്റെ പ്രതികരണം. നാനാ ഭാഗത്ത് നിന്നും അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നതോടെ, വെള്ളാപ്പള്ളിയെ കളത്തിലിറക്കിയ സംഘ്പരിവാര്‍ പ്രതിരോധത്തിലായി. പക്ഷേ, അവര്‍ അടങ്ങിയിരിക്കുമെന്ന് കരുതാന്‍ ന്യായമില്ല. കേരളീയ സമൂഹത്തെ ജാതീയമായും മതകീയമായും വിഭജിക്കാന്‍, അങ്ങനെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഇനിയും പല  രൂപങ്ങളില്‍ ക്ഷുദ്രശക്തികള്‍ പുറപ്പെടാനിരിക്കുന്നു. മത സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും സംരക്ഷണ കവചമൊരുക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ട സന്ദര്‍ഭമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /45-50
എ.വൈ.ആര്‍