Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

അനുസ്മരണം

എം.എസ് അബ്ദുല്‍ അസീസ്

മാഞ്ഞാലി ഹിദായ പ്രാദേശികജമാഅത്ത് അംഗമായിരുന്നു എം.എസ് അബ്ദുല്‍ അസീസ് സാഹിബ് (65). നൈര്‍മല്യവും ഗുണകാംക്ഷയും നിറഞ്ഞ കാര്‍ക്കശ്യത്തിനുടമയായിരുന്നു എം.എസ്. കൃത്യനിഷ്ഠക്ക് അദ്ദേഹം ഏറെ പ്രാധാന്യം നല്‍കി. 'നമസ്‌കാരങ്ങളില്‍ നിഷ്ഠയില്ലാത്തവന് ജീവിതത്തില്‍ നിഷ്ഠ പാലിക്കുവാന്‍ കഴിയില്ല' എന്ന് അദ്ദേഹം പറയുമായിരുന്നു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അര്‍പ്പണബോധത്തോടെ നിര്‍വഹിച്ചു കഴിഞ്ഞിട്ടേ അദ്ദേഹം വിശ്രമിക്കുമായിരുന്നുള്ളൂ. സ്വപ്രയത്‌നം കൊണ്ട് ഖുര്‍ആനിലെ നല്ലൊരു ഭാഗം ഹൃദിസ്ഥമാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഖുര്‍ആനുമായി അനുരാഗാത്മക ബന്ധം നിലനിര്‍ത്തി. പുതിയ പ്രദേശങ്ങളില്‍ നിരന്തരം ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ എം.എസ് കാണിച്ചിരുന്ന ഔത്സുക്യം എടുത്ത് പറയേണ്ടതാണ്. മന്നം ഇസ്‌ലാമിക് സ്‌കൂളിലെ ഡ്രൈവറായിരുന്ന അദ്ദേഹം, കുട്ടികള്‍ക്ക് വെറുമൊരു ഡ്രൈവര്‍ മാത്രമായിരുന്നില്ല. കൂട്ടുകാരനും വല്യുപ്പയും അതിലുപരി അനൗദ്യോഗിക അധ്യാപകനും കൂടിയായിരുന്നു. 

മാഞ്ഞാലി ഹിദായ ഹല്‍ഖാ നാസിം, സെക്രട്ടറി, മഹല്ല് കൗണ്‍സില്‍ അംഗം, മാഞ്ഞാലി ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി ട്രസ്റ്റ് സെക്രട്ടറി, തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയര്‍ എന്നീ രംഗങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

ഭാര്യ: ഹവ്വാബി. മക്കള്‍: മുഹമ്മദ് മുബാറക്, ബുശ്‌റ, നിസാര്‍, ഷെമീര്‍, നൗഷിറ. മരുമക്കള്‍: ശാഹിന ശെരീഫ്, ഷംല, സബ്‌നി, അബ്ദുല്‍ ജലീല്‍. 

വി.കെ അബ്ദുല്‍ ജബ്ബാര്‍

ചേന്ദമംഗലം

സി.എച്ച് ഉമര്‍കുട്ടി 

ജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹിക രാഷ്ടീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായിരുന്നു സി.എച്ച് ഉമര്‍കുട്ടി സാഹിബ്. ജനനം കൊണ്ട് വടുതലക്കാരനല്ലെങ്കിലും വിവാഹം കഴിച്ച് ഇന്നാട്ടില്‍ സ്ഥിര താമസക്കാരനാവുകയായിരുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറായി വടുതല ജമാഅത്ത് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷവും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ കര്‍മനിരതനായിരുന്നു. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രാദേശിക, ജില്ലാ നേതൃരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വടുതല ജമാഅത്ത് മഹല്ല് സംരക്ഷണ സമിതി സംഘാടകന്‍, ആയിരത്തി എട്ട് സൊസൈറ്റി സ്ഥാപകാംഗം, വടുതല ജെട്ടി മറ്റത്തില്‍ ഭാഗം സ്‌കൂളിലെ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം,  വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ തന്നെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ നടത്തുന്ന മസ്ജിദുല്‍ ഹുദായിലായിരുന്നു മരണം വരെ ജുമുഅഃ നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നത്. അനാരോഗ്യം കാരണം അവസാന കാലത്ത് കസേരയിട്ട് പിന്നിലിരുന്നാണ് അദ്ദേഹം ഖുത്വ്ബ ശ്രവിച്ചിരുന്നത്. അയല്‍ വാസിയായ സുഹൃത്തിനെയും കൂട്ടി ഓട്ടോറിക്ഷയിലാണ് ഏറ്റവുമൊടുവില്‍ പള്ളിയിലെത്തിയത്. ഖുത്വ്ബകള്‍ വിലയിരുത്തുകയും ദീന്‍ കാര്യങ്ങള്‍ മസ്ജിദുല്‍ ഹുദായില്‍ നിന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് സൂചിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. 

എം.എം ശിഹാബുദ്ദീന്‍ വടുതല

എ.കെ അബ്ദുര്‍റഹ്മാന്‍

മുട്ടം പ്രാദേശിക ജമാഅത്തിലെ സജീവ സാന്നിധ്യമായിരുന്നു എ.കെ അബ്ദുര്‍റഹ്മാന്‍ സാഹിബ്. കുറെ കാലം അബൂദബിയില്‍ ബിസിനസ് രംഗത്ത് സജീവമായിരുന്നു. പ്രവാസജീവിതം മതിയാക്കി കാഞ്ഞങ്ങാട് വികാസ് ബുക്‌സ് നടത്തി. കാഞ്ഞങ്ങാട്ടെ ഹിറാ മസ്ജിദ് നിര്‍മ്മാണത്തിലും ട്രസ്റ്റ് രൂപീകരണത്തിലും വലിയ പങ്ക് വഹിച്ചു. മുട്ടം പ്രാദേശിക അമീറായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. ജമാഅത്ത് അംഗമാണ്. ഐഡിയല്‍ റിലീഫ് വിംഗ് വളണ്ടിയറായി, വര്‍ഷങ്ങളോളം പ്രകൃതി ദുരന്ത മേഖലകളില്‍ ത്യാഗപൂര്‍ണ്ണമായ സേവനമര്‍പ്പിച്ചു. 

സമ്പന്നതയില്‍ ജീവിതലാളിത്യം കാഴ്ചവെച്ച് ചുറ്റുപാടുമുള്ള അവശര്‍ക്കും അശരണര്‍ക്കും ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും സാമ്പത്തികമായ ആശ്വാസം നല്‍കി ആ മഹദ് ജീവിതം. ആരോഗ്യമുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കള്‍ ആവശ്യകാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചെലവഴിച്ച് പരലോകത്ത് സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ബുദ്ധിയെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. പരന്ന വായനയും തുറന്ന ചിന്തയും സുചിന്തിത അഭിപ്രായപ്രകടനവും എന്നും കൂട്ടിനുണ്ടായിരുന്നു. ഖുര്‍ആന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ രാത്രി നമസ്‌കാരങ്ങളില്‍ അവ സുദീര്‍ഘമായി പാരായണം ചെയ്യണമെന്ന നിര്‍ബന്ധബുദ്ധി കാത്തുസൂക്ഷിച്ചു. പ്രാസ്ഥാനികരംഗത്ത് പത്‌നിയെയും മക്കളെയും സജീവമാക്കി നിര്‍ത്തിക്കൊണ്ടാണ് എ.കെ വിട ചൊല്ലിയത്.

അബ്ദുല്‍ അസീസ് പുതിയങ്ങാടി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍