Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

ലക്ഷ്യം നഷ്ടപ്പെടുന്ന ഗ്രാമസഭകള്‍

ഷഹീദ കിഴക്കുംമുറി /കുറിപ്പ്

         ഗ്രാമത്തിന്റെ വികസനം ജനങ്ങളുടെ കൂട്ടായ്മയിലൂടെയും ആസൂത്രണത്തിലൂടെയും അവരുടെ അഭിലാഷവുമനുസരിച്ചാവുകയെന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് രാജ് നിയമം ഗ്രാമസഭകള്‍ക്ക് രൂപം നല്‍കിയത്. വികസനം ഗ്രാമങ്ങളില്‍ നിന്ന്, എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഈ ലക്ഷ്യങ്ങളെല്ലാം ഗ്രാമസഭകളിലൂടെ നിറവേറ്റപ്പെടുന്നുണ്ടോ? നാടിന്റെ വികസനം ചര്‍ച്ച ചെയ്യേണ്ട അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഗ്രാമസഭകള്‍ ഇന്ന് കേവലം ദാരിദ്ര്യരേഖക്കു താഴെയുള്ള വനിതകള്‍ മാത്രം പങ്കെടുക്കുന്ന ഗ്രാമസഭകളായതെന്തുകൊണ്ടാണ്?

ഗ്രാമസഭകള്‍ പുഷ്ടിപ്പെടുത്തുന്നതിന് പല രീതികളും പഞ്ചായത്ത് രാജ് വിഭാവന ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇവ ഫലപ്രദമാവുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗ്രാമസഭ ഫലപ്രദമാക്കാന്‍ സര്‍ക്കാറിനു കഴിയാത്തതെന്തുകൊണ്ട്? 

വികസനമെന്നത് റോഡ് നന്നാക്കലും, വീട്, കക്കൂസ് വിതരണവും ആണെന്നാണ് കേരളത്തിലെ ഭൂരിഭാഗം ഗ്രാമസഭകളുടെയും അജണ്ട പരിശോധിച്ചാല്‍ മനസ്സിലാവുക. ഒരു സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതി രൂപീകരണ ചര്‍ച്ചകളൊന്നും ഗ്രാമസഭകളില്‍ നടക്കുന്നില്ല. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ വിഹിതം സമഗ്ര കാഴ്ചപ്പാടില്ലാതെ എങ്ങനെയെങ്കിലും ചെലവഴിച്ച് 100 ശതമാനം പദ്ധതിപ്പണം ചെലവഴിച്ചു എന്ന് പെരുമ നടിക്കാനുള്ള ചെപ്പടിവിദ്യകളാണ് അധിക പഞ്ചായത്തുകളിലും കാണുന്നത്. ദീര്‍ഘവീക്ഷണത്തോടെ ഗ്രാമത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പദ്ധതികളൊന്നും പഞ്ചായത്തുകള്‍ ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. 

വാര്‍ഡിലെ വോട്ടര്‍മാരുടെ 10 ശതമാനം എങ്കിലും പങ്കെടുത്താല്‍ മാത്രമേ ഗ്രാമസഭാ തീരുമാനങ്ങള്‍ സാധുവാകുകയുള്ളൂ. എന്നാല്‍ പല ഗ്രാമസഭകളിലും ജനപങ്കാളിത്തം 5 ശതമാനം പോലും തികയാത്ത അവസ്ഥയാണ്. 10 ശതമാനം തികക്കുന്നതിന് വാര്‍ഡ് മെമ്പറും കൂട്ടരും കള്ള ഒപ്പിട്ട് ക്വാറം തികക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

ഗ്രാമസഭകളിലും വികസന സെമിനാറുകളിലും പല നിര്‍ദേശങ്ങളും വരാറുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വിരുദ്ധമാവുമെന്ന് കരുതി നല്ല നിര്‍ദേശങ്ങള്‍ വരെ ഒഴിവാക്കി തന്റെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഗ്രാമസഭാ മുന്‍ഗണന അട്ടിമറിക്കപ്പെടുന്നു. ഗ്രാമസഭാ മിനുട്ട്‌സ് ഗ്രാമസഭാ യോഗത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കണമെന്ന നിയമം പാലിക്കാതെ രാഷ്ട്രീയക്കാരന്റെ ഓഫീസുകളിലും വീടുകളിലും വെച്ച് ഗുണഭോക്തൃ പട്ടികയുണ്ടാക്കി ഗ്രാമസഭാ മിനുട്ട്‌സില്‍ എഴുതിച്ചേര്‍ക്കുന്നു. പാര്‍ട്ടിക്കാര്‍ നിര്‍ദേശിക്കുന്ന റോഡിനു മാത്രം ഫണ്ട് മാറ്റിവെക്കുന്നു. ഇങ്ങനെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വേദിയായി മാറിയിരിക്കുകയാണ് ഈ രംഗം.  വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ ചിലപ്പോള്‍ നല്ല നിലയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ രൂപത്തിലാണ്. 

ഗ്രാമസഭാ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിനൊരു പോംവഴി. വര്‍ധിപ്പിക്കുന്നതിനായി വാര്‍ഡുതലങ്ങളില്‍ കേരളമൊട്ടാകെ കഴിഞ്ഞ വര്‍ഷം ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ, ശില്‍പശാലകള്‍ക്കൊന്നും പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇന്ന് സാധാരണ ജനമുള്ളത്. ഒരു ദിവസത്തെ ജോലി ഒഴിവാക്കി ശില്‍പശാലയിലേക്ക് പോകാന്‍ സാമ്പത്തിക സുസ്ഥിരതയുള്ളവരല്ല ഭൂരിപക്ഷം ഗ്രാമീണരും എന്നതാണ് വസ്തുത. 

ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു വികസന പരിപാടി തയ്യാറാക്കുകയും അതിനനുസരിച്ച് പദ്ധതികളാവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിലെ പാവപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ. 

ഇപ്പോഴും കുടിവെള്ളം കിട്ടാത്തവരും തല ചായ്ക്കാന്‍ ഇടമില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ എത്രയോ ഗ്രാമീണര്‍ കേരളത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരെ കണ്ടുകൊണ്ടുള്ള ഒരു സമഗ്ര വികസനമായിരിക്കണം ഗ്രാമസഭകളിലെ പദ്ധതിയും പദ്ധതി നിര്‍ദേശങ്ങളും. കക്ഷി രാഷ്ട്രീയവും സ്വജനപക്ഷപാതവും ഇല്ലാത്ത, സുതാര്യമായ സംവിധാനത്തില്‍ ഗ്രാമസഭ സമ്മേളിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ വെച്ചോ മെമ്പര്‍മാരുടെ വീടുകളില്‍ വെച്ചോ ആവരുത്. അതുപോലെ വികസനത്തിന് സമഗ്രമായ കാഴ്ചപ്പാടോടെയുള്ള ആസൂത്രണവും അതിനനുസരിച്ച പദ്ധതികളും ഉണ്ടാവണം. പാവപ്പെട്ടവനും സാധാരണക്കാരനും സാമ്പത്തികമായി കഴിവുള്ളവനും ഗ്രാമസഭയില്‍ നിന്ന് പലതും നേടാനുണ്ടാവണം. ഗ്രാമീണരുടെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുതകുന്ന തരത്തില്‍ കാര്‍ഷിക മേഖലകളില്‍ സഹായം, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സഹായം, പരിശീലന പരിപാടികള്‍, തൊഴിലുപകരണങ്ങള്‍ നല്‍കല്‍, വിപണന മേഖലകളില്‍ സഹായം എന്നിവ പദ്ധതികളിലുണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളുടെയും ഗുണഭോക്തൃ തെരഞ്ഞെടുപ്പും ആനുകൂല്യവിതരണവും ഗ്രാമസഭകളിലൂടെയാവണം. റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് മുതലായവ ഗ്രാമസഭകളിലൂടെ മാത്രം വിതരണം ചെയ്യുക, ഗ്രാമസഭാ പങ്കാളിത്തത്തിന് ഗ്രേസ് മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും, വിവിധതരം ആനുകൂല്യങ്ങളും സഹായങ്ങളും കിട്ടുന്നതിനായി പൊതുജനങ്ങള്‍ക്കും ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്ന രൂപത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെ ചെറിയ മേള രൂപത്തിലോ പുതുമയുള്ള മറ്റു പരിപാടികളാവിഷ്‌കരിച്ചുകൊണ്ടോ ഗ്രാമസഭകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണം. അങ്ങനെ ഈ രംഗത്തെ ആലസ്യവും അതിന്റെ മറവിലെ അരുതായ്മകളും ഇല്ലായ്മ ചെയ്യാനും ഗ്രാമപുരോഗതി ഉറപ്പുവരുത്താനും കഴിയണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍