Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

അഭയാര്‍ഥി പ്രതിസന്ധിയുടെ അടിവേരുകള്‍

ധനഞ്ജയ് ത്രിപാഠി /ലേഖനം

         കുടിയേറ്റത്തിന്റെ സാമൂഹിക- രാഷ്ട്രീയ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന, 2013-ല്‍ നീല്‍ ബ്ലോംകാംപ് സംവിധാനം ചെയ്ത സിനിമ 'എലീസിയം' ആഗോളതലത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭാവിയില്‍(2154) സംഭവിക്കുന്ന കഥയില്‍ വരേണ്യവര്‍ഗം പാവപ്പെട്ടവരെ ഭൂമിയിലുപേക്ഷിക്കുകയും എലീസിയം എന്നു പേരായ അത്യാധുനികമായൊരു ബഹിരാകാശനിലയത്തില്‍ വാസമുറപ്പിക്കുകയും ചെയ്യുന്നു. നിരവധി പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണമായൊരിടമായാണ് ഭൂമിയെ ഈ സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വേണ്ടവിധം ആരോഗ്യപരിരക്ഷയില്ലാത്തതും ഉയര്‍ന്ന കുറ്റകൃത്യ നിരക്കുള്ളതുമായ ഒരിടം. തദ്ഫലമായി ഭൂമിയിലുള്ളവരെല്ലാം വല്ലവിധേനയും എലീസിയത്തിലെത്താനാണ് സ്വപ്നം കാണുന്നത്. അവിടെ എത്തുന്നതോടെ അവരുടെ സകല ദുരിതങ്ങളും തീരും. പക്ഷേ വരേണ്യവര്‍ഗം തങ്ങളുടെ സുഖസൗകര്യങ്ങള്‍ ദരിദ്രരുമായി പങ്കിടാന്‍ വിസമ്മതിക്കുന്നതോടെ അവരുടെ സ്വപ്നങ്ങള്‍ ഇരുണ്ടതായിത്തീരുന്നു.

യൂറോപ്പിനകത്തും പുറത്തുമുള്ള സമകാലിക സാഹചര്യങ്ങളെ ഈ ചലച്ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇപ്പോഴത്തെ അഭയാര്‍ഥി പ്രവാഹം. അന്താരാഷ്ട്ര സമൂഹം വിവിധ കാരണങ്ങളാല്‍ യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധിയോട് അകലം പാലിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര കുടിയേറ്റകാര്യ സംഘടന(imo)യുടെ കണക്കുകള്‍ പ്രകാരം 350000-ത്തിലധികമാളുകള്‍ മെഡിറ്ററേനിയന്‍ മുറിച്ച് കടന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ചിട്ടുണ്ട്. 2015 ജനുവരി-ആഗസ്റ്റ് കാലയളവില്‍ മാത്രം 2600-ഓളം അഭയാര്‍ഥികള്‍ മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചിട്ടുമുണ്ട്. യുദ്ധക്കെടുതിയിലായ ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ് ഇവരിലേറെയും. സമാന സാഹചര്യങ്ങളുള്ള പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും ഗണ്യമായ തോതില്‍ അഭയാര്‍ഥികളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കലഹങ്ങളില്‍ നിന്ന് മോചനം

യൂറോപ്പിലെ സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക സുരക്ഷ, മെച്ചപ്പെട്ട കുടിയേറ്റ നിയമങ്ങള്‍ എന്നിവയെല്ലാമാണ് ആ ഭൂഖണ്ഡത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഇഷ്ട ലക്ഷ്യമാക്കുന്നത്. അതായത് യൂറോപ്പ് ഇലീസിയമാണെന്ന് പറയാം. എന്നാല്‍ യൂറോപ്പിലെ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണ് ഈ കുടിയേറ്റങ്ങള്‍ എന്ന് കരുതാന്‍ വയ്യ. നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം സ്വന്തം നാടുകളിലെ സാഹചര്യങ്ങള്‍ മോശമായത് കൊണ്ടാണ് ഇത്തരം കുടിയേറ്റങ്ങള്‍ സംഭവിക്കുന്നത്. ഒരു സുരക്ഷിത ജീവിതം സാധ്യമാവാത്ത വിധം പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലെയും സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക ഘടനകള്‍ തകിടം മറിഞ്ഞിട്ടുണ്ട്.

മറുവശത്ത് വന്‍ തോതിലുള്ള അഭയാര്‍ഥി കുടിയേറ്റം മൂലം പുതുതായി ആരെയും സ്വീകരിക്കാന്‍ യൂറോപ്പ് തയാറാവുന്നില്ല. അഭയാര്‍ഥികളുടെ നുഴഞ്ഞുകയറ്റം തടയാനെന്നോണം അതിര്‍ത്തി പ്രദേശങ്ങളിലും മെഡിറ്ററേനിയന് ചുറ്റും പരിശോധന നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും. ഇത്തരത്തിലുള്ള കടുത്ത പരിശോധന മൂലം പല അഭയാര്‍ഥികളും തിരിച്ചുപോകേണ്ട സാഹചര്യത്തിലാണ്. പക്ഷേ യുദ്ധം മൂലം പിറന്ന മണ്ണിലേക്ക് ഒരു തിരിച്ചുപോക്ക് അവര്‍ക്ക് അസാധ്യവുമാണ്. ആഗോള ശ്രദ്ധ പതിയേണ്ട ഒരു മാനുഷിക പ്രതിസന്ധിയാണിത്. ഈ പ്രശ്‌നത്തിനൊരു പരിഹാരമന്വേഷിക്കുമ്പോള്‍ സമകാലിക പ്രതിസന്ധികളുടെ കാരണക്കാരായ യൂറോ-അറ്റ്‌ലാന്റിക് ശക്തികളുടെ പങ്കും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏറക്കുറെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക സുസ്ഥിരതയുമുണ്ടായിരുന്ന പശ്ചിമേഷ്യ ഇന്നാകെ മാറിയിരിക്കുന്നു. വന്‍തോതിലുള്ള പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതോടെ ഈ പ്രദേശം അമേരിക്കയുടെയും യൂറോപ്യന്‍ സഖ്യശക്തികളുടെയും ഇഷ്ടയിടമായി മാറി. ശീതയുദ്ധാനന്തരം പ്രസ്തുത മേഖലയിലെ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാന്‍ യൂറോ- അറ്റ്‌ലാന്റിക് ശക്തികള്‍ ആയുധശേഷി ഉപയോഗിക്കാന്‍ തുടങ്ങി. തദ്ഫലമായി കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളൊന്നും കൈവശം വെക്കാതെ തന്നെ ഇറാഖ് തകര്‍ന്നടിഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം (1973) വഴി നാറ്റോ 2011-ല്‍ ലിബിയയില്‍ ബോംബിടുകയും ഇന്നത് രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള വ്യത്യസ്ത വംശങ്ങളുടെ പോരാട്ട വേദിയായി മാറുകയും ചെയ്തിരിക്കുന്നു. സിറിയയിലെ ജനാധിപത്യാനുകൂലികളെ സഹായിക്കാനെന്ന വ്യാജേന പാശ്ചാത്യശക്തികള്‍ അവിടെ ഇടപെട്ടതിന്റെ ഫലം കൂടിയാണ് വിനാശകാരിയായ ഐസിസിന്റെ പിറവിയെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ശീതയുദ്ധകാലത്തെ പോര്‍ക്കളങ്ങളിലൊന്നായിരുന്ന അഫ്ഗാനെയും സോവിയറ്റ് ശിഥിലീകരണാനന്തരം പാശ്ചാത്യശക്തികള്‍ ശിഥിലമാക്കിക്കളഞ്ഞിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചക്ക് ശേഷം അല്‍ഖാഇദ ശക്തികളെ തകര്‍ക്കാനെന്ന പേരില്‍ യൂറോ-അറ്റ്‌ലാന്റിക് ശക്തികള്‍ വീണ്ടും അവിടെയെത്തി. ഉസാമ ബിന്‍ലാദിന്റെ വധത്തിനുശേഷവും ആഭ്യന്തരകലഹങ്ങള്‍ സമീപഭാവിയിലൊന്നും അവസാനിക്കുമെന്ന പ്രതീക്ഷയില്ലാതെ അഫ്ഗാനിലിന്നും രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്.

അഭയാര്‍ഥി പ്രവാഹം മുതല്‍ ഐസിസ് വരെയുള്ള സമകാലിക പ്രതിസന്ധിക്ക് പാശ്ചാത്യശക്തികളെ കുറ്റപ്പെടുത്തുന്നത് അസ്ഥാനത്തല്ലെന്ന് സാരം. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ് പശ്ചിമേഷ്യയെ ചോരക്കളമാക്കിയത് എന്നതിനാല്‍ യൂറോപ്പിനൊരിക്കലും അഭയാര്‍ഥിപ്രശ്‌നങ്ങളോട് പുറന്തിരിഞ്ഞ് നില്‍ക്കാനാവില്ല. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ യൂറോപ്പിലേക്കൊഴുകുന്നവരെ തിരിച്ചയക്കുന്നത് രംഗം കൂടുതല്‍ വഷളാക്കുകയേയുള്ളൂ. തിരിച്ചുപോവുന്ന അഭയാര്‍ഥികള്‍ അവിടത്തെ സായുധസംഘങ്ങളുടെ അക്രമത്തിനിരയായേക്കാം. അതിജീവനാര്‍ഥം അവര്‍ ഒരുപക്ഷേ അത്തരം സംഘങ്ങളില്‍ ചേരുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പല കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇപ്പോഴും അതിനെ എതിര്‍ക്കുകയാണ്.

ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ബൊഹുസ്ലാവ് സൊബോട്ക തങ്ങള്‍ ഈ പദ്ധതി സ്വീകരിക്കാന്‍ ഒരുക്കമല്ലെന്നും, അതൊരിക്കലും പ്രായോഗികമല്ലെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രശ്‌നപരിഹാരത്തിന് യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്രസമൂഹവും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പറയാം. അമേരിക്കയെയും പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ ഉദ്യമത്തില്‍ പങ്കാളികളാക്കുക അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഈ വിഷയത്തില്‍ സംഭവിച്ചാല്‍ യൂറോപ്പിനെയെന്നല്ല ലോകരാഷ്ട്രങ്ങളെ ഒന്നാകെത്തന്നെയായിരിക്കും അത് ബാധിക്കുക. 

കടപ്പാട്: ദ ഹിന്ദു

വിവ: ആശിഖ് മുഹമ്മദ് കടുകശ്ശേരി

ashiqmuhammed165@gmail.com


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍