Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

അദ്‌നാന്‍ ഇബ്‌റാഹീം-അറിവിന്റെ വിസ്മയം

നസീം ദേവതിയാല്‍ /വ്യക്തിചിത്രം

         ധീരമായ നിലപാടുകള്‍, പൂര്‍വ സൂരികളായ ഇമാമുമാരെയും പണ്ഡിതന്മാരെയും അനുസ്മരിപ്പിക്കുന്ന അഗാധമായ അറിവ്, ആധുനിക ശാസ്ത്ര ശാഖകളിലും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും അവഗാഹം, നിരവധി ഭാഷകളില്‍ പ്രാവീണ്യം--അദ്‌നാന്‍  ഇബ്‌റാഹീം എന്ന ഫലസ്ത്വീന്‍ വംശജനായ യുവ ഇസ്‌ലാമിക ചിന്തകന്റെ പേരിനൊപ്പം ഇത് പോലെ ഒട്ടേറെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയാം. 

ഗസ്സ പട്ടണത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ഇളം പ്രായത്തിലേ വിശുദ്ധ ഖുര്‍ആനും ഇതര ഇസ്‌ലാമിക അടിസ്ഥാന ഗ്രന്ഥങ്ങളും ആഴത്തില്‍ പഠിച്ച നാല്‍പത്തി എട്ടുകാരനായ അദ്‌നാന്‍ വിയന്നയിലെ പ്രശസ്തനായ അലോപ്പതി ഡോക്ടറും, ലക്ഷക്കണക്കിന് ശിഷ്യന്മാരും അനുയായികളുമുള്ള ഏറ്റവും പുതിയ ഇസ്‌ലാമിക ചിന്താധാരയുടെ അതിശക്തനായ വക്താവുമാണ്. 

ഒട്ടേറെ ചര്‍ച്ചകള്‍ക്കും നവംനവങ്ങളായ ആശയങ്ങള്‍ക്കും  സംവാദങ്ങള്‍ക്കും  തിരി കൊളുത്തിയ അദ്‌നാന്‍ ഇബ്‌റാഹീമിന്റെ ചിന്തകള്‍ വിവിധ ഓണ്‍ലൈന്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അതിശീഘ്രം പ്രസരിച്ചു കൊണ്ടിരിക്കുന്നു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ മസ്ജിദുശ്ശൂറയില്‍ അദ്ദേഹം നിര്‍വഹിക്കുന്ന ജുമുഅ ഖുതുബകള്‍ക്ക്  യൂടുബിലൂടെയും ഫേസ്ബൂക്കിലൂടെയും ലോകമൊട്ടുക്കും ലക്ഷങ്ങള്‍ കേള്‍വിക്കാരായുണ്ട്. 

വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ പുനര്‍വായനയും, മുസ്‌ലിം ചരിത്രപുരുഷന്മാര്‍ക്കും കള്‍ട്ടുകള്‍ക്കും സംഭവിച്ച വീഴ്ചകള്‍ക്കെതിരെ തുറന്ന വിമര്‍ശനവും പരമ്പരാഗത പണ്ഡിതന്മാര്‍ക്കിടയില്‍ അദ്‌നാനെ പുകഞ്ഞ കൊള്ളിയാക്കി. എക്കാലത്തും നവോത്ഥാന നായകന്മാര്‍ കേള്‍ക്കേണ്ടി വന്ന ആരോപണങ്ങള്‍ക്കും  അധിക്ഷേപങ്ങള്‍ക്കും അദ്‌നാന്‍ നിരന്തരം വിധേയമായിക്കൊണ്ടിരുന്നു. കപടന്‍, അഹങ്കാരി, നവ ഖവാരിജി, ശീഈ, അമേരിക്കന്‍ ഏജന്റ്, ക്രീമിലെയര്‍ ഇസ്‌ലാമിസ്റ്റുകളുടെ നേതാവ് തുടങ്ങിയ ആരോപണങ്ങള്‍ അവയില്‍ ചിലത് മാത്രം. 

അതീവ ഗഹനങ്ങളായ വിഷയങ്ങള്‍ പോലും സ്വതസ്സിദ്ധമായ ശൈലിയില്‍ സാമാന്യം ദൈര്‍ഘ്യമുള്ള ഒരു ഖുത്ബയിലൂടെ മനോഹരമായി അവതരിപ്പിക്കാനുള്ള അദ്‌നാന്റെ കഴിവ് അപാരമാണ്. ചിന്തയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ്.  

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ആധുനിക വൈദ്യശാസ്ത്രത്തിലുമുള്ള അവഗാഹത്തിനു പുറമെ, ഫിലോസഫി, സോഷ്യോളജി, മനഃശാസ്ത്രം, ഫിസിക്‌സ്, ചരിത്രം, മതങ്ങളുടെ താരതമ്യപഠനം, സാഹിത്യം, കവിത, ഭാഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അദ്‌നാന്‍ 'വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായാന്തരങ്ങളും ഖുര്‍ആനില്‍' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. യൂറോപ്യന്‍ വന്‍കരയിലെ അറിയപ്പെട്ട ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ കൂടിയാണ്.

ഡോക്ടര്‍ എന്നതിന് പുറമെ, വിയന്നയിലെ ഇസ്‌ലാമിക അക്കാദമിയിലെ അംഗവും പ്രഫസറുമായ അദ്‌നാന്‍ അക്കാദമിയില്‍ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍, ഫിഖ്ഹ്, നിദാനശാസ്ത്രം, ഐഡിയോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകളിലും സമ്മേളനങ്ങളിലും പങ്കെടുത്ത അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക ചിന്തകരുമായി ആശയ വിനിമയത്തിനും സംവാദങ്ങള്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  2000 മാണ്ടില്‍ അദ്ദേഹം മുന്‍കൈ എടുത്തു സ്ഥാപിച്ച 'സംസ്‌കാരങ്ങളുടെ സംഗമവേദി' വിയന്നയിലെ മസ്ജിദുശ്ശൂറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 

ഉര്‍ദുഗാന്റെയും റാഷിദ് ഗനൂശിയുടെയും രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഏറെ മതിപ്പോടും പ്രതീക്ഷയോടും കൂടി കാണുമ്പോഴും ഇഖ്‌വാനടക്കമുള്ള ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ എടുത്ത് ചാട്ടത്തെ അദ്ദേഹം വിമര്‍ശിക്കുന്നതായി കാണാം. ഒട്ടേറെ വൈജ്ഞാനിക വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അറബിയിലുള്ള പ്രഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എല്ലാറ്റിനും ലക്ഷണക്കിന് ശ്രോതാക്കളുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍