Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

സൗഹൃദവും സാഹോദര്യവും രാഷ്ട്രീയ പ്രയോഗങ്ങളാണ്

എം.ഐ അബ്ദുല്‍ അസീസ് /അഭിമുഖം

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രവേശിക്കുകയാണ് (2015-2019). ദേശീയതലത്തില്‍ രൂപം കൊണ്ട പോളിസിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും പുതിയ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. അടുത്ത നാലു വര്‍ഷത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ നയ പരിപാടികളെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രബോധനം വാരികയോട് സംസാരിക്കുന്നു

പുതിയ പ്രവര്‍ത്തനകാലയളവില്‍ ഏതു മേഖലയിലാണ് ജമാഅത്തെ ഇസ്‌ലാമി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്?

രാജ്യനിവാസികള്‍ക്കിടയില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നതിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രവര്‍ത്തനകാലയളവിലും ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്ന രംഗം ഇതുതന്നെയാണ്. മാനവകുലത്തിന്റെ ഏകത, മനുഷ്യത്വത്തെ ആദരിക്കല്‍, മാനുഷികസമത്വം എന്നിവയെ സംബന്ധിച്ച ഇസ്‌ലാമിക സങ്കല്‍പങ്ങള്‍ വ്യക്തമാക്കുക, വംശ-വര്‍ണ-ഭാഷ- ദേശ പക്ഷപാതിത്വങ്ങളില്‍ നിന്ന് രാജ്യനിവാസികളെ മോചിപ്പിക്കുക എന്നിവ പ്രബോധനരംഗത്ത് ഈ കാലയളവില്‍ പ്രധാനപരിഗണനയായി കണ്ടിട്ടുള്ള കാര്യമാണ്. ഇസ്‌ലാമിന്റെ സാഹോദര്യത്തെ ഒരു സാമൂഹിക പ്രയോഗമായി വികസിപ്പിക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. ദൈവം ഒന്നാണ്. അവന്റെ സൃഷ്ടികളായ മനുഷ്യരും അക്കാരണത്താല്‍തന്നെ ഒറ്റ വംശമാണ്. എല്ലാ മനുഷ്യരും ഒരൊറ്റ മാതാപിതാക്കളുടെ സന്തതികളാണ്. വംശ, ദേശ, ഭാഷാ അതിര്‍വരമ്പുകള്‍ തിരിച്ചറിവിന്റെ അടയാളങ്ങള്‍ മാത്രമാണ്. എന്നാല്‍ ഈ സാഹോദര്യം നിഷേധിക്കപ്പെടുന്ന ധാരാളം ജനവിഭാഗങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുകയും മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ സാഹോദര്യം നിഷേധിക്കപ്പെട്ടവരോട് സാഹോദര്യം പ്രഖ്യാപിക്കുകയും അവരെ അത് അനുഭവപ്പെടുത്തുകയും ചെയ്യുക എന്നത് ജമാഅത്തിന്റെ സുപ്രധാനമായ തീരുമാനമാണ്. ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ സാഹോദര്യം എന്ന ഇസ്‌ലാമിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അഭിമുഖീകരിക്കാനാണ് ജമാഅത്ത് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ഒരു ആദര്‍ശപ്രസ്ഥാനമാണ്. ആനുകാലിക സംഭവവികാസങ്ങളില്‍ അത് ഇടപെടുന്നതും ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ്. സമകാലിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മൗലികാദര്‍ശങ്ങള്‍ കൂടുതല്‍ ശക്തമായി സമൂഹത്തെ പഠിപ്പിക്കേണ്ടതുമുണ്ട്. 

ജമാഅത്തെ ഇസ്‌ലാമി കേരളീയസമൂഹത്തില്‍ സജീവ സാന്നിധ്യമാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പ്രസ്ഥാനമുണ്ടോയെന്നത് സംശയമാണ്. എന്നിട്ടും ജമാഅത്തെ ഇസ്‌ലാമി ഒരു ജനകീയ പ്രസ്ഥാനമായി തീരാത്തതെന്തുകൊണ്ടാണ്?

ഈ കാലയളവില്‍ കേരളഘടകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊന്നല്‍ പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും കൂടുതല്‍ ജനകീയവത്കരിക്കുക എന്നതിലാണ്. മനുഷ്യര്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായത്തിന്റെ ചുമതലകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് കടന്നുവന്ന പ്രസ്ഥാനമാണ് ജമാഅത്ത്. അതുകൊണ്ടുതന്നെ, ജമാഅത്തും ജനങ്ങളും തമ്മില്‍ എന്തെങ്കിലും അകലങ്ങളുണ്ടെങ്കില്‍ ആ മറ പൊളിച്ചെടുക്കാന്‍ സംഘടനക്ക് കഴിയേണ്ടതുണ്ട്. അതില്‍ ചിലത് വിമര്‍ശകര്‍ ബോധപൂര്‍വം സൃഷ്ടിച്ചുയര്‍ത്തിയതായിരിക്കും. മറ്റു ചിലത് പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അശ്രദ്ധയും പോരായ്മയും കാരണം ഉണ്ടായി വന്നതുമായിരിക്കും. പ്രവര്‍ത്തകര്‍ ഓരോ നാട്ടിലെയും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വര്‍ത്തിക്കേണ്ടതുണ്ട്. അവിടെ ഉയര്‍ന്നുവരുന്ന എല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായി മാറാനും അവയെ ജനസേവനത്തിനുള്ള അവസരങ്ങളായി പ്രയോജനപ്പെടുത്താനും കഴിയേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ഏക പ്ലാറ്റ്‌ഫോം സംഘടനാവേദി മാത്രമാണെന്ന് പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുത്. പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ എല്ലാ പൊതുസംരംഭങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി ഭാഗഭാക്കാകേണ്ടതുണ്ട്. അങ്ങനെ പ്രസ്ഥാനത്തിന്റെ സന്ദേശവും നന്മകളും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയണം.

രാജ്യത്തെ മുസ്‌ലിം സമുദായത്തെ പുതിയ നയവും പരിപാടിയും മുന്നില്‍ വെച്ച് എങ്ങനെയാണ് അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത്? 

മുസ്‌ലിംകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അവരുടെ മൗലികാവകാശങ്ങള്‍ പരിരക്ഷിക്കാനും യുവാക്കള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ജമാഅത്ത് ശ്രമിക്കും. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ യഥാര്‍ഥവും സമഗ്രവുമായ വിഭാവനയും, വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ അതിന്റെ താല്‍പര്യങ്ങളും യുക്തിഭദ്രമായി ബോധ്യപ്പെടുത്തും. അതിലൂടെ വ്യക്തികള്‍ക്ക് പരലോകത്ത് മറുപടി നല്‍കേണ്ടതുണ്ടെന്ന ബോധവും അല്ലാഹുവിന്റെ പ്രീതിനേടാനുള്ള ത്വരയും പ്രവാചകനോടുള്ള സ്‌നേഹാനുസരണ വികാരവും ഉത്തേജിതമാവണം. മുസ്‌ലിം സമൂഹവും അതിന്റെ സാമൂഹിക വിദ്യാഭ്യാസ സേവന സ്ഥാപനങ്ങളും ഇസ്‌ലാമിക മൂല്യങ്ങളുടെ ദര്‍പ്പണമാകണം. അവരുടെ ജീവിതം ചിന്താപരവും കര്‍മപരവുമായ ദൂഷ്യങ്ങളില്‍നിന്നും ശിര്‍ക്ക് (ബഹുദൈവത്വം), ബിദ്അത്തു(മതത്തിലെ നൂതനാചാരങ്ങള്‍)കളുടെ ലാഞ്ഛനകളില്‍നിന്നും മോചിതവും ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം. അവര്‍ സ്വയം ഉത്തമ സമുദായമാണെന്ന ബോധം ഉള്‍ക്കൊണ്ട്, ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഐക്യപ്പെട്ട് സത്യസാക്ഷ്യമെന്ന ബാധ്യത നിര്‍വഹിക്കാനും 'ഇഖാമത്തുദ്ദീന്‍' എന്ന ലക്ഷ്യത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രാപ്തരാകണം. പരസ്പര സംഘട്ടനങ്ങളില്‍നിന്നും മദ്ഹബീ പക്ഷപാതിത്വങ്ങളില്‍നിന്നും മോചിതരായി ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് ഐക്യപ്പെടണം. അതിനായി മുസ്‌ലിം സമുദായവുമായി നേരിട്ട് ഇടപഴകുകയും, അവരുമായി കൂടുതല്‍ ക്രിയാത്മകമായി സംവദിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വീകരിക്കുകയും ചെയ്യും. ആരാധനാ കാര്യങ്ങള്‍ സമുദായ സംസ്‌കരണപ്രവര്‍ത്തനങ്ങളില്‍ പ്രധാന വിഷയമായി ജമാഅത്ത് പരിഗണിക്കും. നമസ്‌കാരം വ്യവസ്ഥാപിതമായി നിലനിര്‍ത്താനും ദിക്ര്‍-ദുആകളില്‍ താല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കാനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മുഹര്‍റം, റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ ഇസ്‌ലാമികമായ ഉണര്‍വ്വും ആവേശവുമുണ്ടാക്കുന്നതിനും പ്രവാചകസ്‌നേഹം വളര്‍ത്തുന്നതിനും പ്രവാചകസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം വളരെ പ്രധാനമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു. ഒന്ന്, ഐക്യപ്പെടാന്‍ ആദര്‍ശപരമായിത്തന്നെ ബാധ്യതയുള്ള സമൂഹമാണവര്‍. മനുഷ്യനെ ഏകീകരിക്കാന്‍ ശേഷിയുള്ള ഏക ആദര്‍ശമാണ് ഇസ്‌ലാം. ഏകദൈവം, ഏകജനത എന്നതാണ് ഇസ്‌ലാമിന്റെ അഃന്തസത്ത. ഈ ആദര്‍ശത്തിന്റെ വാഹകര്‍ക്ക് എന്തായാലും ഈ ആദര്‍ശത്തിന്റെ പേരില്‍ ഐക്യപ്പെടേണ്ടതുണ്ട്. ഐക്യം അല്ലാഹുവിന്റെ ആഹ്വാനമാണ്. രണ്ട്, ഫാഷിസവും സാമ്രാജ്യത്വവും ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സമൂഹമെന്ന നിലക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു പിന്നാക്ക സമൂഹമെന്ന നിലക്കും സമുദായത്തിന്റെ ഐക്യം പരമപ്രധാനമാണെന്ന് ജമാഅത്ത് കരുതുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദികളെ ശക്തിപ്പെടുത്താന്‍ ജമാഅത്ത് ശ്രമിക്കും. വ്യത്യസ്ത സംഘടനകള്‍ക്കും വിഭാഗങ്ങള്‍ക്കുമിടയിലെ അകലങ്ങള്‍ കുറച്ചുകൊണ്ടുവരാനും ആവുംവിധം ശ്രമിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ ജമാഅത്ത് നേതൃത്വം എങ്ങനെയാണ് നോക്കിക്കാണുന്നത്?

സാമ്രാജ്യത്വം പടച്ചുവിടുന്ന ഇസ് ലാംപേടിയും ഫാഷിസ്റ്റുകള്‍ സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണവും നമ്മുടെ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ അങ്ങേയറ്റം മലിനീകരിക്കുകയാണ്. ഇതിനെ ഗൗരവമായി കാണേണ്ടതുണ്ട്. കേരളം മുമ്പെങ്ങുമില്ലാത്തവിധത്തില്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെറുപ്പും അകല്‍ച്ചയും വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സൗഹൃദത്തെ ഒരു രാഷ്ട്രീയ പ്രയോഗമായും പ്രതിരോധമായും വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് ജമാഅത്ത് മനസ്സിലാക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സൗഹൃദബന്ധങ്ങള്‍ക്ക് ജമാഅത്ത് തുടക്കം മുതല്‍തന്നെ വലിയ വില കല്‍പിച്ചുപോന്നിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും ആഘോഷവേളകളെ ഇതിനുവേണ്ടി പ്രയോജനപ്പെടുത്താറുണ്ട്. സൗഹൃദപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ബഹുസ്വര പൊതുമണ്ഡലത്തെ വികസിപ്പിക്കാനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ സാധ്യമാവുന്നതെല്ലാം ഇതിനായി ഉപയോഗപ്പെടുത്തും. ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘ്പരിവാര്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നൂവെന്നത് ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇന്ത്യന്‍ വോട്ടര്‍മാരുടെ 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ബി.ജെ.പിക്കുള്ളത്; എന്‍.ഡി.എക്ക് 38 ശതമാനത്തിന്റെയും. അറുപത് ശതമാനത്തിലധികം വരുന്ന മഹാ ഭൂരിപക്ഷം ഇന്നും ഇന്ത്യയില്‍ സംഘ്പരിവാര്‍ വിരുദ്ധരാണ്. അതേ പോലെതന്നെ ബുദ്ധിജീവികളും കലാകാരന്മാരും അക്കാദമീഷ്യന്മാരുമായ എത്രയോ മതേതരമനസ്സുകള്‍ പ്രബലരായിതന്നെ ഇന്നും രാജ്യത്തുണ്ട്. ഇവരെയെല്ലാം സമാഹരിക്കാനും ഐക്യപ്പെടുത്താനും സാധിച്ചാല്‍ രാജ്യത്തെയും രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളെയും നമുക്ക് രക്ഷപ്പെടുത്താന്‍ സാധിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിന് എഴുപതാണ്ട് പിന്നിടാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ ജമാഅത്ത് എങ്ങനെയാണ് നോക്കിക്കാണുന്നത്?

ലോകത്തിലെതന്നെ വളരെ ചലനാത്മകമായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയുടേത്. ഒപ്പം തന്നെ ധാരാളം പരാധീനതകളും പരിമിതികളും അതിനുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സി രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൈയിലും രാജ്യത്തെ ആരോഗ്യകരമായ വഴിയില്‍ മുന്നോട്ടു നയിക്കാനുള്ള പദ്ധതികളോ പരിപാടികളോ ഇന്നില്ല. നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്താന്‍ നമുക്ക് കഴിയില്ല. ഇത്തരുണത്തിലാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ കൂടി മുന്‍കൈ എടുത്തുകൊണ്ട് ദേശീയ അടിസ്ഥാനത്തില്‍ മൂല്യങ്ങളിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. അതിനെ എല്ലാ അര്‍ഥത്തിലും ശക്തിപ്പെടുത്തുകയെന്നതാണ് രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യമായി അത് കാണുന്നത്. ഈ ദൗത്യം ശ്രമകരവും ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമുള്ളതുമായ ഒന്നായിരിക്കാം. എന്നാലും ഈ പുതിയ രാഷ്ട്രീയ ചേരിയിലൂടെ മാത്രമേ രാജ്യത്ത് ജനാധിപത്യ സംവിധാനത്തെ ഗുണകരമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നാണ് ജമാഅത്ത് കരുതുന്നത്.

ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തനമണ്ഡലമാണല്ലോ ജനസേവനം. ജനസേവനരംഗത്ത് എന്തെല്ലാം പുതിയ ചുവടുവെപ്പുകള്‍ നടത്തണമെന്നാണ് ജമാഅത്ത് ആലോചിക്കുന്നത്?

പ്രസ്ഥാനത്തിന്റെ ജനസേവന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കാലോചിതമായി പരിഷ്‌കരിക്കും. പ്രസ്ഥാനം സ്വയം ജനസേവന സംവിധാനമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന ഏജന്‍സിയായി ജമാഅത്ത് പ്രവര്‍ത്തകരും ഘടകങ്ങളും സംവിധാനങ്ങളും മാറും. ഓരോ പ്രദേശത്തുനിന്നും ചുരുങ്ങിയത് രണ്ടുപേരെ (പുരുഷന്‍ + സ്ത്രീ) സര്‍ക്കാര്‍ പദ്ധതികള്‍ അറിയുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് ആയി വളര്‍ത്തിയെടുക്കും. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പ്രസ്ഥാനത്തിനു കീഴില്‍ സംസ്ഥാനതലത്തിലുള്ള എല്ലാ സേവനസംരംഭങ്ങളും പീപ്പിള്‍സ് ഫൗണ്ടേഷനുകീഴില്‍ വരുന്ന രീതിയില്‍ ഫൗണ്ടേഷന്റെ ഘടന ഭദ്രമാക്കും. ബൈത്തുസ്സകാത്ത് കേരളയെ അറിയപ്പെടുന്ന സകാത്ത് സംരംഭമായി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ സാധ്യമാവുന്ന മുഴുവന്‍ പ്രാദേശിക സകാത്ത് കേന്ദ്രങ്ങളും ബൈത്തുസ്സകാത്തുമായി അഫിലിയേറ്റ് ചെയ്യാന്‍ ശ്രമിക്കും. നട്ടെല്ല് തകര്‍ന്നവര്‍, പക്ഷാഘാതം വന്നവര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പെയിന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റുകള്‍ ആരംഭിക്കും. പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ്, ദമ്പതിമാര്‍ക്കുള്ള റെഫ്രഷ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവക്കായി ഒരു ഫാമിലി സെന്റര്‍ ആരംഭിക്കും. പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങും. സംസ്ഥാനത്ത് പ്രസ്ഥാനത്തിനുകീഴില്‍ ധാരാളം മൈക്രോഫിനാന്‍സ് പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പുതുതായി 100 പ്രാദേശിക മൈക്രോഫിനാന്‍സ് എന്‍.ജി.ഒകള്‍ക്ക് രൂപം നല്‍കുകയും മൂവായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതി ആവിഷ്‌കരിക്കും. കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കം നില്‍ക്കുന്ന മലയോര, തീരദേശ, ചേരി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകമായും തുടക്കം മുതല്‍തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രവര്‍ത്തനരംഗമായിരുന്നല്ലോ വിദ്യാഭ്യാസം. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കൊപ്പം അത് കൂടുതല്‍ വളരുകയും ജനകീയമാവുകയും ചെയ്തിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച മത ഭൗതിക സമന്വയ വിദ്യാഭ്യാസ രീതി- കേരളത്തിന് പരിചയപ്പെടുത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണല്ലോ. പ്രാഥമിക മദ്‌റസകള്‍ മുതല്‍ അനൗപചാരിക സര്‍വകലാശാല വരെ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ നടത്തുന്നുണ്ട്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും പ്രഫഷണല്‍ കോളേജുകളും സി.ബി.എസ്.ഇ സ്‌കൂളുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായൊരു ശൃംഖലയാണത്. ഇതിന്റെ വ്യാപ്തിയും സാധ്യതയും പ്രസ്ഥാനം തന്നെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?

കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെങ്കിലും ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി. ഈ സ്ഥാപനങ്ങളില്‍ പലതും കേന്ദ്രീകൃതമായ തീരുമാനമെന്നതിനേക്കാള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ തന്നെ പ്രാദേശികമായി മുന്‍കൈ എടുത്ത് ആരംഭിച്ചവയാണ്. ഇവയെ ഏകോപിപ്പിച്ചുകൊണ്ട് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി എന്ന വിദ്യാഭ്യാസ ബോര്‍ഡ് നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള പല തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനം വളരെ പ്രധാനമാണ്. കാരണം, ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മാനേജ്‌മെന്റ് ഏജന്‍സി മാത്രമല്ല. അതിന് വിദ്യാഭ്യാസത്തെ കുറിച്ച് സവിശേഷമായൊരു കാഴ്ചപ്പാടുണ്ട്. ഈ കാഴ്ചപ്പാട് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രയോഗവത്കരിക്കാന്‍ കഴിയേണ്ടതുണ്ട്. സമകാലിക ലോകത്തെ വിദ്യാഭ്യാസ വളര്‍ച്ചയ്‌ക്കൊപ്പം നമ്മുടെ സ്ഥാപനങ്ങളെ വളര്‍ത്തുകയെന്നതും പ്രധാനമാണ്. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇതില്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ധാരാളം മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയില്‍ പോയി പഠിക്കുക എന്ന പ്രവണതയാണ് നേരത്തെയുണ്ടായിരുന്നത്. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തില്‍ വന്ന് പഠിക്കുക എന്ന പ്രവണതക്ക് ആരംഭം കുറിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അവിടങ്ങളിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവര്‍ത്തന കാലയളവ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കുന്ന കാലയളവാണ്. പ്രസ്ഥാനത്തിനു കീഴിലെ പ്രീപ്രൈമറി വിദ്യാഭ്യാസത്തെ പ്രത്യേക ബ്രാന്‍ഡായി വികസിപ്പിക്കുന്നതിന് പഠനറിപ്പോര്‍ട്ടും പ്രോജക്ടും തയാറാക്കി പ്രവര്‍ത്തനമാരംഭിക്കും. പ്രസ്ഥാനത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏകീകൃത ആസൂത്രണം, നയനിലപാടുകളുടെ രൂപീകരണം, മേല്‍നോട്ടം എന്നിവക്കുള്ള സംവിധാനമാകത്തക്കവിധം വിദ്യാഭ്യാസവകുപ്പ് പുനഃസംഘടിപ്പിക്കും. പുതുതായി തുടങ്ങേണ്ട സ്ഥാപനങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങളിലെ പുതിയ കോഴ്‌സുകള്‍ എന്നിവക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കും. ഈ ലക്ഷ്യങ്ങളെല്ലാം മുന്നില്‍ വെച്ച് ശാന്തപുരം അല്‍ജാമിഅ കാമ്പസില്‍ വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ്  തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 

കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പുതിയ ജീവിത സാഹചര്യങ്ങളും സ്‌കൂള്‍വിദ്യാഭ്യാസരീതിയില്‍ വന്ന മാറ്റങ്ങളും മദ്‌റസാ വിദ്യാഭ്യാസരംഗത്തിന് പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്നാണ് ജമാഅത്ത് കരുതുന്നത്?

കഴിഞ്ഞ മെയ് മാസത്തില്‍ മദ്‌റസാ വിദ്യാഭ്യാസ ശാക്തീകരണത്തിനുവേണ്ടിയുള്ള ഒരു കാമ്പയിന്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയിരുന്നു. അത് അതിന്റേതായ അളവില്‍ ഫലം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ജമാഅത്ത് വിലയിരുത്തുന്നത്. പരമ്പരാഗത വിദ്യാഭ്യാസ രീതിയെ ശക്തിപ്പെടുത്തുകയും അതിന്റെ സിലബസും പാഠപുസ്തകവും അധ്യാപനരീതിയും പഠനാന്തരീക്ഷവും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശാസ്ത്രീയവും ആകര്‍ഷകവുമാക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തും ബോധനശാസ്ത്രത്തിലുമുണ്ടായ വികാസങ്ങളെ മതവിദ്യാഭ്യാസ മേഖലയിലും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മദ്‌റസകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഓണ്‍ലൈന്‍ മദ്‌റസകള്‍, ഹോളിഡേ മദ്‌റസകള്‍ എന്നിവയും സ്ഥാപിക്കാന്‍ ജമാഅത്ത് പരിശ്രമിക്കും. 

പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണത്തിന് നേതൃത്വം നല്‍കുന്നു എന്നതാണല്ലോ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഒരു സവിശേഷത. അഥവാ സംഘടനയില്‍ അണിനിരക്കുന്നവരുടെ ആത്മസംസ്‌കരണവും കര്‍മവിശുദ്ധിയും പ്രസ്ഥാനം അതിന്റെ ചുമതലയായി ഏറ്റെടുക്കുന്നു. ഈ രംഗത്ത് എന്തെല്ലാം പുതിയ ചുവടുകള്‍ വെക്കാനാണ് തീരുമാനിച്ചിട്ടുള്ളത്? പ്രവര്‍ത്തകരുടെ ആദ്യകാല വിശുദ്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന വിമര്‍ശനം പലരും ഉന്നയിക്കാറുണ്ടല്ലോ. 

പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണ(തസ്‌കിയത്ത്)ത്തിനും അവരുടെ സര്‍വതോമുഖമായ വളര്‍ച്ചക്കും (തര്‍ബിയത്ത്) പ്രസ്ഥാനം സ്ഥിരമായ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രതിവാര യോഗങ്ങള്‍, അംഗങ്ങളുടെ പ്രതിമാസ ഒത്തുചേരലുകള്‍, ഗൃഹയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവയെല്ലാം ആത്മസംസ്‌കരണത്തിനുള്ള സംവിധാനം കൂടിയാണ്. സംഘടിതമായ ഇഹ്തിസാബി(സ്വയംവിലയിരുത്തല്‍)ലൂടെയാണ് പ്രസ്ഥാനം പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണം ഉറപ്പുവരുത്തുന്നത്. അധാര്‍മികതക്ക് വളംനല്‍കുന്ന സാമൂഹിക സാഹചര്യമാണ് ലോകത്ത് നിലനില്‍ക്കുന്നത്. ഏത് വ്യക്തിയും തെറ്റുകളിലേക്ക് തെന്നിവീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് പ്രസ്ഥാനം ഉയര്‍ന്ന പരിഗണന നല്‍കും. സാമൂഹികമാധ്യമ ഇടപെടലുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സദാചാര സാമ്പത്തിക രംഗങ്ങളിലെ അധാര്‍മികപ്രവണതകളെ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ വികാരം ശക്തിപ്പെടുത്തിക്കൊണ്ട് പ്രതിരോധിക്കും. സംഘടനയുടെ വിവിധ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്കും അവരുടെ പ്രവര്‍ത്തനതലങ്ങളില്‍ തര്‍ബിയത്ത് സംവിധാനമൊരുക്കും. കഴിഞ്ഞകാലത്തിന്റെ വിശുദ്ധി ഇന്നും വിശുദ്ധരായി മുന്നോട്ട് പോകാന്‍ നമുക്ക് പ്രചോദനം നല്‍കേണ്ടതാണ്. അതേസമയം, കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ മാത്രമായി പ്രസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അതിനെ ധാര്‍മികമായി അഭിമുഖീകരിക്കാനുള്ള ശേഷി നല്‍കാനാണ് പ്രസ്ഥാനം ശ്രമിക്കുന്നത്. 

ഇന്ത്യയില്‍ തന്നെ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തമുള്ള, അവര്‍ക്ക് വലിയ പദവികള്‍ നല്‍കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. സംഘടനയുടെ മനുഷ്യ വിഭവശേഷിയുടെ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. പുതിയ ഒരു പ്രവര്‍ത്തന കാലയളവ് ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചനകള്‍ പ്രസ്ഥാനം നടത്തിയിട്ടുണ്ടോ?

അടിസ്ഥാനപരമായി ഇക്കാര്യത്തില്‍ പ്രസ്ഥാനത്തിന്റെ നിലപാട് വളരെ കൃത്യമാണ്. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന മുഴുവന്‍ സ്വാതന്ത്ര്യവും പദവികളും അവര്‍ക്ക് നേടിക്കൊടുക്കാന്‍ പ്രസ്ഥാനം പരിശ്രമിക്കും. വനിതാ രംഗത്തെ വര്‍ധിച്ച വിഭവശേഷി പ്രയോജനപ്പെടുത്താന്‍, കഴിയുന്നതും സ്ത്രീ സൗഹൃദപരമായ നയങ്ങളെ കൂടുതല്‍ വികസിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്യും. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹത്തിനകത്തും പുറത്തും പലതരത്തിലുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. തെറ്റിദ്ധാരണകള്‍ നീക്കാനും ആശയവ്യക്തത വരുത്താനും ജമാഅത്ത് ശ്രമിക്കും.

കേരളത്തിലെ ഏതൊരു പ്രസ്ഥാനത്തിന്റേതുമെന്നപോലെ ജമാഅത്തെ ഇസ് ലാമിയുടെ വലിയൊരു മനുഷ്യവിഭവശേഷിയാണല്ലോ പ്രവാസികളും മറുനാടന്‍ മലയാളികളും. പ്രവര്‍ത്തന രംഗത്ത് ഇവരുടെ സാധ്യതകളെ എങ്ങനെയാണ് പ്രസ്ഥാനം വിഭാവന ചെയ്യുന്നത്?

ഇത് വലിയ വിഭവശേഷിയാണെന്നത് നിസ്തര്‍ക്കമാണ്. പ്രസ്ഥാനം വളരെ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമേഖല കൂടിയാണത്. നിരവധി പുതിയ ആളുകള്‍ ഈ മേഖലയില്‍ നിന്ന് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുണ്ട്. പ്രവാസികള്‍ താമസിക്കുന്ന ഓരോ പ്രദേശത്തും ശക്തരായ പുതിയ നേതാക്കളും വളര്‍ന്നുവരുന്നുണ്ട്. ഇന്ന് പ്രവാസികളെന്നത് ഒരു സാമ്പത്തികസ്രോതസ്സു മാത്രമല്ല. ഒരു സര്‍ഗാത്മക സമൂഹം കൂടിയാണ്. അവര്‍ക്ക് നാടിനെ കുറിച്ചും നാട്ടിലെ പ്രസ്ഥാനത്തെ കുറിച്ചും പലതരം സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. കേരളത്തിലും മറുനാട്ടിലും വിദേശ ഇന്ത്യക്കാര്‍ക്കുമിടയിലുമുള്ള പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ഗശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തും.

ശക്തമായ വിദ്യാര്‍ഥി-വിദ്യാര്‍ഥിനി-യുവജന-വനിതാ പോഷകസംഘടനകളുടെ പിന്‍ബലമുള്ള പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമിയെ നവീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ഈ സംഘടനകള്‍ വലിയ പങ്ക് വഹിച്ചതായി നിരീക്ഷിക്കപ്പെടാറുണ്ട്. താങ്കള്‍ എന്തു പറയുന്നു?

ജമാഅത്തെ ഇസ്‌ലാമിയുടെ വലിയ സംഘടനാ മൂലധനം തന്നെയാണ് അതിന്റെ പോഷകവിഭാഗങ്ങള്‍. ജമാഅത്തെ ഇസ്‌ലാമിയുടെതന്നെ ആശയങ്ങളെയും നയങ്ങളെയും അവരവരുടെ മേഖലകളില്‍ സര്‍ഗാത്മകമായി വികസിപ്പിച്ചുകൊണ്ടാണ് അവ വളര്‍ന്നത്. പ്രസ്ഥാന നേതൃത്വം അതിനെ തികഞ്ഞ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. തലമുറകള്‍ തമ്മിലുള്ള അനാരോഗ്യകരമായ സംഘര്‍ഷങ്ങളില്ല എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സവിശേഷതയും സൗഭാഗ്യവുമാണ്. ആഭ്യന്തരരംഗത്ത് പ്രസ്ഥാനം പരിപാലിക്കുന്ന ഇസ്‌ലാമിക ജനാധിപത്യ സംസ്‌കാരത്തിന്റെ സദ്ഫലമാണത്. വിദ്യാര്‍ഥി, യുവജന, വനിതാ സംഘടനകള്‍ക്കെല്ലാം കൂടുതല്‍ വളരാനും വികസിക്കാനും കഴിയുന്ന സമീപനം തന്നെയായിരിക്കും തുടര്‍ന്നും പ്രസ്ഥാനം സ്വീകരിക്കുക. കാരണം, ഈ സംഘടനകളുടെയെല്ലാം ഉള്ളടക്കത്തിലും പ്രവര്‍ത്തനശേഷിയിലും ആള്‍ശേഷിയിലുമുള്ള വളര്‍ച്ച പ്രസ്ഥാനത്തിന്റെ വളര്‍ച്ച തന്നെയാണ്. പ്രസ്ഥാനത്തിന്റെ ഭാവി കൂടുതല്‍ ഭാസുരമാണ് എന്ന് ഉറപ്പുവരുത്തുന്ന വളര്‍ച്ച കൂടിയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍