Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ബലിച്ചോരയില്‍ ഒരു പെരുന്നാള്‍കവിത വായിക്കുന്നു

ഡോ. ജമീല്‍ അഹ്മദ് /കവര്‍‌സ്റ്റോറി

          ഇടശ്ശേരിയുടെ പ്രധാനപ്പെട്ട കവിതകളിലൊന്നായും ചിലരെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് രചനയായും വിശേഷിപ്പിക്കുന്ന കവിതയാണ് 'കാവിലെ പാട്ട്'. കേരളീയ ഹൈന്ദവാചാരങ്ങളിലെ ബലിയുടെ നേര്‍ക്കാഴ്ചയാണ് കോമരം. വെളിച്ചപ്പാടുകള്‍ കലിതുള്ളി സ്വന്തം തല മുറിപ്പെടുത്തി ചോരയൊഴുക്കുന്ന ഈ ആചാരത്തിന്റെ പിന്നിലുള്ള ബലിദര്‍ശനം അന്വേഷിക്കുന്നതാണ് ആ കവിത. രക്തദാഹിയായ കാളിയമ്മക്ക് മുന്നില്‍ ബലിനല്‍കപ്പെട്ട തരുണന്റെ അമ്മ കാളിയോട് കയര്‍ക്കുന്നു:

ഏഴുകൊല്ലം നോല്‍മ്പെടുത്തു താലികെട്ടി ഞാന്‍ പി-
ന്നേഴുകൊല്ലം നോല്‍മ്പെടുത്തു ഞാനവനെ പെറ്റു
ഏഴുകൊല്ലം പാല്‍ കൊടുത്തെന്‍ മാറവനെ പോറ്റി
ഏഴുകൊല്ലം വാളെടുത്തവന്‍ പയറ്റി പിന്നെ
അംബികേ, നേര്‍ ചൊല്ലുകെന്നോടായിളം പ്രകോഷ്ഠം
കമ്പിതമായില്ലയല്ലീ തന്‍ കൊലക്കായ് താഴ്‌കെ?

അമ്മയുടെ ഈ ചോദ്യത്തിനു മുമ്പില്‍ തലതാഴ്ന്നുപോയ ദുര്‍ഗ ഇനിയൊരിക്കലും തനിക്ക് തരുണരുടെ ബലിരക്തം വേണ്ട എന്ന് നിശ്ചയിക്കുകയും സ്വയം തല വെട്ടിപ്പൊളിച്ച് രക്തമൊഴിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തുവത്രേ. അതാണ് ഓരോ ആണ്ടറുതികളിലും കാളിയുടെ പ്രതിനിധികളായ വെളിച്ചപ്പാടുകള്‍ ചുവന്ന പട്ടുടുത്ത് കാലില്‍ ചിലമ്പണിഞ്ഞ് വാളുകൊണ്ട് വെട്ടി തലപൊളിക്കുന്നത്. ഈ വെട്ടിയെടുത്ത തലയുടെ കാഴ്ചയാണ് ക്ഷേത്രങ്ങളോടനുബന്ധിച്ചു നടക്കുന്ന താലപ്പൊലിയുടെ പ്രതീകാര്‍ത്ഥം. താലത്തില്‍ വെയ്ക്കുന്ന ചുവന്ന പൂക്കള്‍ ബലിരക്തമാണ്. 

ക്രിസ്തുവിന്റെ ക്രൂശനുഭവത്തെയും ഇതേ ബലിദര്‍ശനത്തോട് ഇതേ കവിതയുടെ ആമുഖത്തില്‍ ഇടശ്ശേരി ബന്ധിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പാപങ്ങളെല്ലാം ഏറ്റെടുക്കുന്നതിനുവേണ്ടി സ്വയം ബലിനല്‍കിയ ക്രിസ്തുവിനെയാണ് മിഷനറിമാര്‍ അവതരിപ്പിക്കുന്ന വിമോചനദൈവശാസ്ത്രത്തില്‍ കാണുന്നത്. മനുഷ്യചിന്തയെ പെട്ടെന്ന് കീഴ്‌പ്പെടുത്തുന്ന ഉദാത്ത ഭാവം ഈ സ്വയംബലിയിലുണ്ട്. ചര്‍ച്ചുകളില്‍ വിശേഷാവസരങ്ങളില്‍ പകര്‍ന്നുകൊടുക്കുന്ന വീഞ്ഞ് ക്രിസ്തുവിന്റെ രക്തമാണെന്നാണ് വിശ്വാസം. അപ്പം മാംസവും. സ്വയം സമര്‍പ്പണം ദേശത്തിനുമാകാം. പി കുഞ്ഞിരാമന്‍ നായരുടെ 'നരബലി' എന്ന കവിത ഭാരതത്തിന്റെ ആര്‍ഷ സംസ്‌കാരം വീണ്ടെടുക്കാനായി സ്വയം ബലിക്ക് തയ്യാറാകുന്ന യുവചേതനയെ ഉദാത്തവത്കരിക്കുന്നു. മുഗളരും വെള്ളക്കാരും തകര്‍ത്തുകളഞ്ഞ ഭാരതീയ പാരമ്പര്യം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുന്ന അമ്മയുടെ വിളി കേട്ട് ''വരുന്നൂ ഞാന്‍ നരബലി നല്‍കുവാന്‍, തീര്‍ക്കുവാന്‍ കടം'' എന്നാണ് മകന്റെ മറുപടി.  ഇസ്‌ലാമില്‍ ഇബ്‌റാഹീം (അ) മകനായ ഇസ്മാഈലിനെ ബലിനല്‍കാന്‍ തയ്യാറായ സംഭവത്തിനു പകരം അബ്രഹാം ദൈവകല്‍പനപ്രകാരം യെസ്ഹാക്കിനെ ബലി കഴിക്കുവാനായി മോറിയ മലയിലേക്കു കൊണ്ടുപോയെന്നാണ് ബൈബിളിലെ ബലിക്കഥ. 

അറിയപ്പെട്ട എല്ലാ മതത്തിലും ബലിയുണ്ട്. അനുഷ്ഠാനപൂര്‍വം ദൈവങ്ങള്‍ക്ക് നല്‍കുന്ന ഉപഹാരമാണ് ബലി. കാഴ്ചവെക്കുന്നത് എന്തും ആകാം. പ്രീതിപ്പെടുത്താനും നന്ദിപ്രകടിപ്പിക്കാനും ബലിയുണ്ട്. വിത്തിറക്കുന്നതിനു മുമ്പുള്ള ബലി പ്രതീക്ഷയുടെയും വിളവെടുപ്പിനോടനുബന്ധിച്ച ബലി നന്ദിപ്രകടനത്തിന്റെയും ആണ്. പ്രാചീന മനുഷ്യരില്‍ ഇവ്വിധം ബലിയുണ്ടായിരുന്നുവെന്നതിനു തെളിവ് ആദം പുത്രന്മാരുടെ കഥ വായിച്ചാല്‍ ഖുര്‍ആനില്‍ നിന്ന് കിട്ടും. ഉര്‍വരതയുടെയും ഊഷരതയുടെയും മനുഷ്യസങ്കല്‍പങ്ങളില്‍ വിത്തും രക്തവും പരസ്പരം കൂടിക്കുഴഞ്ഞാണ് കിടന്നത്. പ്രാചീനമനുഷ്യന്റെ ജീവിതതത്വങ്ങളെക്കുറിച്ച് ആലോചിച്ച ബുദ്ധിയുള്ളവരൊക്കെയും ഈ വൈരുദ്ധ്യത്തില്‍ ഭ്രമിച്ചുപോയിട്ടുമുണ്ട്. കൃഷി വിളവേറ്റുവാന്‍ മനുഷ്യനെ കുരുതികൊടുത്തിരുന്ന സമ്പ്രദായം പ്രാചീന ജനപദങ്ങളിലൊക്കെയുണ്ടായിരുന്നു എന്ന് ലോകചരിത്രസംഗ്രഹത്തില്‍ എച്ച് ജി വെല്‍സ് പ്രതിപാദിക്കുന്നു. ഈ കുരുതിക്ക് തെരഞ്ഞെടുത്തിരുന്നതാകട്ടെ മ്ലേച്ഛരെയോ തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരെയോ വൃദ്ധരെയോ ആയിരുന്നില്ല മറിച്ച്, സകല പുരുഷലക്ഷണങ്ങളുമൊത്ത തരുണരെയായിരുന്നു. അല്ലെങ്കില്‍ കന്യകമാരെ ആയിരുന്നു. ബലിനല്‍കപ്പെടുന്ന ഈ മനുഷ്യര്‍ ദൈവത്തോളംതന്നെയോ അല്ലെങ്കില്‍ അതിലേറെയോ ആരാധിക്കപ്പെടുകയും ചെയ്തു. 

മെക്‌സിക്കന്‍-ആസ്ട്രിക് നാഗരികതകളുടെ ചരിത്രത്തില്‍ ഓരോ വിളവെടുപ്പുകാലത്തും ആയിരങ്ങളെ ബലിനല്‍കിയിരുന്നുവെന്നു കാണാം. പ്രകൃതിദുരന്തങ്ങളില്‍ നിന്ന് രക്ഷനേടാനും സമൃദ്ധിയില്‍ സന്തോഷം പ്രകടിപ്പിക്കാനും മനുഷ്യക്കുരുതികളുണ്ടായി. എന്തിന്, മരണപ്പെട്ട രാജാവിനെ പരലോകത്ത് അനുഗമിക്കാന്‍ വരെ തരുണരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്ന സമ്പ്രദായം ഈജിപ്തിലുണ്ടായിരുന്നുവത്രേ. പുതിയ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും അണക്കെട്ടുകളുടെയും ഉറപ്പിനും ഭംഗിക്കും വേണ്ടിയും മനുഷ്യരെ ബലിനല്‍കിയിരുന്നു റഷ്യക്കാരും ചൈനക്കാരും.  ഒ.എന്‍.വി യുടെ 'അമ്മ' എന്ന കവിത യുഗോസ്ലാവ്യയിലെ കോട്ടമതിലിന്റെ നിര്‍മാണവേളയില്‍ ജീവനോടെ പടുക്കപ്പെട്ട പെണ്ണിന്റെ കഥപറയുന്നു. പശയുറക്കാത്ത കല്ലുകള്‍ക്കിടയില്‍ അപശകുനം തീര്‍ക്കാന്‍ ഒരു പെണ്ണിനെ കൂട്ടിപ്പടുത്തേ തീരൂ. ഒമ്പത് ആണ്‍മക്കളില്‍ മൂത്തവന്റെ ഭാര്യക്കാണ് നറുക്കുവീണത്. ആ അമ്മ, തന്നെ ചേര്‍ത്ത് കോട്ടപടുക്കുമ്പോള്‍ 'മാറിടം മാത്രം മറയ്ക്കല്ലേ' എന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. കേരളത്തിലെ അണക്കെട്ടുകളുടെ നിര്‍മാണത്തിനു പിന്നില്‍ വരെ ഇത്തരം ബലികളുണ്ടായിട്ടുണ്ടെന്ന നാട്ടുകഥകള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്.

മതം മാത്രമല്ല മതേതര ലോകം പോലും മറ്റൊരര്‍ഥത്തില്‍ മനുഷ്യക്കുരുതിയെ ഉദാത്തമായി കാണുന്നുണ്ട്. സ്വന്തം രാജ്യത്തിനുവേണ്ടി അയല്‍രാജ്യത്തോട് പോരാടി മരിച്ച ഓരോ പട്ടാളക്കാരനും ബലിയാണ്. സംഘടനകളൊക്കെയും ദേശരാഷ്ട്രംപോലെ അതിരുകളും നിയമങ്ങളുമുള്ള ദേശരാഷ്ട്രങ്ങളായപ്പോള്‍ അതിനുവേണ്ടി ജീവനൊടുക്കിയവരും ബലിദാനികളെന്ന് വിശേഷിപ്പിക്കപ്പെട്ടു. ഇടതുപക്ഷം പോലും രക്തസാക്ഷികളെ പരിപാലിക്കുന്നത് എത്ര വിശ്വാസാചാരങ്ങളുടെ പരിവേഷത്തോടെയാണെന്നോര്‍ക്കുക! മതേതര ആശയങ്ങള്‍ക്കുവേണ്ടി ചോരയൊഴുക്കുന്ന ഓരോ രക്തസാക്ഷിയും ബലിമൃഗമാണ്. അവനെ രക്ഷിക്കാന്‍ ഒരു ദൈവവും അശരീരിയുമായെത്തില്ല, ഒരു മാലാഖയും ആടുമായി പ്രത്യക്ഷപ്പെടില്ല.

മനുഷ്യന്റെ ഈ ബലിദാഹത്തെ മൃഗീയമെന്നുകൂടി വിളിക്കാനാവില്ല എന്ന് അലിജാ അലി ഇസ്സത്ത് ബഗോവിച്ച് ഇസ്‌ലാം രാജമാര്‍ഗം എന്ന കൃതിയില്‍ പ്രസ്താവിക്കുന്നുണ്ട്. കാരണം, മൃഗങ്ങള്‍ സ്വന്തം ഇനത്തില്‍ പെട്ട യോഗ്യരെ ആരാധനയുടെ ഭാഗമായി കൊന്നുകളയാറില്ലല്ലോ. ശാസ്ത്രം മുന്നോട്ടുവെക്കുന്ന പരിണാമസിദ്ധാന്തത്തിനു വിപരീതമായ ഒരാശയമാണ് ബലി എന്നതാണ് അദ്ദേഹത്തിന്റെ പോയിന്റ്. മൃഗങ്ങളില്‍നിന്ന് പതിയെപ്പതിയെ മനുഷ്യനിലേക്കെത്തുന്ന പരിണാമവഴികളില്‍ ആദ്യത്തെ മനുഷ്യസത്തയില്‍ പോലും ഏറ്റവും ആധുനികരായ മനുഷ്യരുടെ ദാര്‍ശനിക വ്യഥകള്‍ ഉണ്ടായിരുന്നു എന്നതിനു തെളിവായാണ് ഈ കുരുതിച്ചരിത്രങ്ങളെ ബഗോവിച്ച് വായിച്ചെടുക്കുന്നത്. ആയതിനാല്‍ ബലി, മനുഷ്യന്റെ അഴിച്ചുതീരാത്ത ദാര്‍ശനിക കുരുക്കുകളുടെ ഫലമാണെന്ന് തിരിച്ചറിയാം.

മനുഷ്യബലി ഇസ്‌ലാമിലില്ല. ത്യാഗത്തെക്കുറിച്ചുള്ള ഉദാത്ത സങ്കല്‍പമാണ് ഇസ്‌ലാമില്‍ ബലി. നുസുക്, ഉദ്ഹിയ്യത്ത്, ദബ്ഹ്, ഖുര്‍ബാന്‍ എന്നീ പേരുകളിലൊക്കെ അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നേരിട്ട് അറവിനെ സൂചിപ്പിക്കുന്നത് 'ദബ്ഹ്' എന്ന വാക്കു മാത്രമാണ്. മറ്റെല്ലാം ത്യാഗത്തെയും സമര്‍പ്പണത്തെയും ആണ് കൂടുതല്‍ കുറിക്കുന്നത്. ഇസ്‌ലാമിലെ രണ്ട് പ്രധാന സാമൂഹികാഘോഷങ്ങളില്‍ ഒന്ന് ഈദുല്‍ ഫിത്വ്‌റും രണ്ടാമത്തേത് ഈദുല്‍ അദ്ഹായുമാണ്. ആദ്യത്തേത് സമര്‍പ്പണത്തിന്റെ ആന്തരിക ചൈതന്യം നോമ്പിലൂടെ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷമാണ്. രണ്ടാമത്തേതാകട്ടെ സമര്‍പ്പണത്തിന്റെ ബാഹ്യ ചൈതന്യം ഖുര്‍ബാനിലൂടെ പൂര്‍ത്തീകരിക്കുന്ന ആഘോഷവും. മുസ്‌ലിമിന്റെ ജീവിതം സദാ ത്യാഗസന്നദ്ധമാണ് എന്ന് നിരന്തരം ഓരോ നമസ്‌കാരത്തിലും പ്രതിജ്ഞയെടുക്കുവാന്‍ അല്ലാഹു നിശ്ചയിച്ച 'നുസുക്' എന്ന വാക്കിന് ബലിയുമായി അര്‍ഥസഹവാസം ഉള്ളതും യാദൃഛികമാവില്ല. ജീവിതം മുഴുവന്‍ അല്ലാഹുവിന് കാഴ്ചവെക്കലാണ് ബലിയുടെ പശ്ചാത്തലഭംഗി എന്ന കാര്യം ഓര്‍മിപ്പിക്കുകയാണിവിടെ. ആദിബലിയില്‍ നിന്ന് അല്ലാഹു ഹാബീലിന്റെ ബലിദാനം സ്വീകരിക്കുകയും ഖാബീലിന്റേത് തിരസ്‌കരിക്കുകയും ചെയ്തുവല്ലോ. ഖാബീല്‍ കാഴ്ചവെച്ച ബലിവസ്തുവിന്റെ ആത്മാര്‍ഥതക്കുറവാണ് കാരണം. അതിനാല്‍, കാഴ്ചവെച്ചത് എന്താകട്ടെ അതിന്റെ ഭൗതികാനുഭവങ്ങളൊന്നും അല്ലാഹുവിലേക്കെത്തുന്നില്ല എന്നതാണ് ഇസ്‌ലാമിന്റെ ബലിദര്‍ശനത്തിന്റെ ആത്യന്തിക സത്ത (ഹജ്ജ്:37).

വിട്ടുകൊടുക്കലാണ് ബലിയുടെ ആദ്യത്തെ അര്‍ഥം. വിട്ടുകൊടുക്കാനാകാത്ത ആദര്‍ശത്തിനുവേണ്ടിയാണ് എല്ലാ വിട്ടുകൊടുക്കലുകളും എന്നതാണ് ബലിയുടെ ഏറ്റവുമൊടുവില്‍ ബാക്കിയാകുന്ന അര്‍ഥം. ഇബ്‌റാഹീം നബി ആദ്യം വീടുവിട്ടിറങ്ങി പൈതൃകത്തെ വിട്ടുകൊടുത്തു. ആ പൈതൃകം അടിത്തറയിട്ട പാരമ്പര്യ ബോധത്തെയാണ് പിന്നീട് വിട്ടുകൊടുത്തത്. മഴുകൊണ്ട് അവയുടെ മൂര്‍ദ്ധാവ്തന്നെ വെട്ടിവീഴ്ത്തി. സ്വന്തം ജീവന്‍ അഗ്നിക്ക് വിട്ടുകൊടുത്താലും വിട്ടുകൊടുക്കാത്ത ആദര്‍ശത്തിന്റെ ആത്മസ്ഫുലിംഗങ്ങള്‍ പേറിയാണ് പതിറ്റാണ്ടുകള്‍ അദ്ദേഹം ജീവിച്ചത്. അതേ ആദര്‍ശത്തിനുവേണ്ടി അരുമ മകനെയും ഇണയെയും മരുഭൂമിയുടെ വിജനതയിലേക്ക് വിട്ടുകൊടുത്തതാണ് അടുത്ത ബലി. അത്രയും വിട്ടുകൊടുക്കലുകളുടെ അവസാനത്തെ വരിയായിരുന്നു ആ സ്വപ്‌നബലി. അങ്ങനെ, വിട്ടുവീഴ്ചചെയ്യാനാവാത്ത ആത്മസത്തയുടെ ആകത്തുകയാകുന്നു ഇബ്‌റാഹീമി മില്ലത്തിന്റെ ബലിദര്‍ശനം. പ്രസ്തുത ദര്‍ശനം നിലനിറുത്താനായി  ഇബ്‌റാഹീമി(അ)ന്റെ നിഷ്‌കളങ്കമായ ജീവിതം ഉള്‍ക്കൊണ്ട്  ബലിയറുക്കുന്ന അവസരമാണ് ഓരോ ഈദുല്‍ അദ്ഹായും. 

'മില്ലത്ത് ഇബ്‌റാഹീം' എന്ന വഴി ഒരു ജീവിതത്തിനും അത്ര പെട്ടെന്ന് അനുകരിക്കാനാകും വിധം എളുപ്പമല്ല. ഒരു നൂറ്റാണ്ടിന്റെ ചുറ്റുവട്ടം പൂര്‍ത്തിയാക്കിയ സ്വന്തം ജീവിത സായാഹ്നം വരെ സമരവും വീടിറക്കവും എതിര്‍പ്പും ശിക്ഷയും വിരഹവും അലച്ചിലും അനുഭവിച്ച പ്രവാചകനായിരുന്നു അദ്ദേഹം. ഒരുപക്ഷേ, അറിയപ്പെട്ട എല്ലാ പ്രവാചകന്മാരും അനുഭവിച്ച ജീവിതം മുഴുവന്‍ അതിന്റെ പല അളവുകളില്‍ ഒരുമിച്ചനുഭവിച്ച അത്ഭുതമാണ് ഇബ്‌റാഹീം (അ). ''പറയുക, നിശ്ചയമായും എന്റെ റബ്ബ് എന്നെ ഹിദായത്തിലാക്കിയിരിക്കുന്നു. നേരെ ചൊവ്വേയുള്ള വഴിയൂടെ നേരായ മതത്തില്‍. ഇബ്‌റാഹീമിന്റെ കക്ഷിയില്‍, നേര്‍മനസ്സുള്ളവനായി. അദ്ദേഹം പല ദൈവങ്ങളെ പ്രാപിക്കുന്നരില്‍ പെട്ടവനല്ല. പറയുക, നിശ്ചയമായും എന്റെ നമസ്‌കാരവും ബലിയും ജീവിതവും മരണവും ലോകത്തിന്റെ റബ്ബായ അല്ലാഹുവിനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. അപ്രകാരം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ 'അല്‍-മുസ്‌ലിം' എന്ന കൂട്ടരില്‍ ഒന്നാമനാണ്.''-(അല്‍അന്‍ആം: 161-163). ഈ വാക്കുകളാണ് നിത്യനമസ്‌കാരത്തിന്റെ മുഖവുരയായി മുസ്‌ലിംകള്‍ ഉരുവിടുന്നത്. അല്ലാഹുവിന് പരിപൂര്‍ണമായും കീഴ്‌പ്പെട്ട, ഇബ്‌റാഹീം (അ) പറഞ്ഞ അതേ വാക്കുകള്‍. അതുകൊണ്ടുതന്നെയാകാം, നമസ്‌കാരത്തിന്റെ അവസാനത്തില്‍ മുസ്‌ലിംകള്‍ മുഹമ്മദ് നബിയോടൊപ്പം സ്മരിക്കുന്ന ഏക പ്രവാചകനും ഇബ്‌റാഹീം (അ) ആയത്.   

വയോധികനായ ഒരാള്‍ മകനുണ്ടാകണമെന്ന് ആഗ്രഹിച്ചു. വന്ധ്യയായ സാറയുടെ പരിചാരികയായ ഹാജറില്‍ ആ വരം അല്ലാഹു നല്‍കി. തന്റെ പ്രാര്‍ഥന സ്വീകരിച്ച് അല്ലാഹു സന്താനം നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന ഇബ്‌റാഹീം നബി(അ)യുടെ വാക്കുകള്‍ ഖുര്‍ആനില്‍ കാണാം. ആ മകന്‍ തന്റെ ത്യാഗോജ്വല ജീവിതത്തിന്റെ തുടര്‍ച്ചയായിരുന്നു. സ്വന്തം മില്ലത്തിന്റെ അവകാശിയും പിന്‍ഗാമിയും. പക്ഷേ, ഇസ്മാഈലി(അ)ന്റെ യുവത്വം ആരംഭിക്കുന്നതിനു മുമ്പേ, ഇബ്‌റാഹീം നബിക്ക് ലഭിച്ചത് ആ ഓമനപുത്രനെ അല്ലാഹുവിനു വേണ്ടി അറുക്കാനുള്ള കല്‍പനയാണ്. സ്വപ്‌നമായിരുന്നു കല്‍പനയുടെ വാഹനം. സ്വപ്‌നമേത്, യാഥാര്‍ഥ്യമേത് എന്ന നിശ്ചയം ഇവിടെ പിണഞ്ഞുപോകുന്നു. ശരിയായ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഉറക്കത്തിലെ സ്വപ്‌നവും യാഥാര്‍ഥ ജീവിതത്തിന്റെ സമാനമായ മറ്റൊരു ഇനം തന്നെ. അല്ലെങ്കില്‍, ഉണര്‍ച്ചയിലെ ജീവിതമെന്നത് സ്വപ്‌നംപോലെ അയഥാര്‍ഥവും അല്‍പായുസ്സും അനിശ്ചിതവും തന്നെ. സ്വപ്‌നത്തില്‍ കല്‍പിക്കപ്പെട്ടത് ജാഗ്രത്തില്‍ നിറവേറ്റുന്നതിലെന്തര്‍ഥം എന്ന യുക്തിയുടെ ചോദ്യത്തിന് അതിനാല്‍ ഇവിടെ വില കിട്ടില്ല. 

ജീവിതം മുഴുവന്‍ സമരമാക്കി മാറ്റിയ ഒരാള്‍. ഇതാ, സ്വന്തത്തോടുള്ള സമരമുഖത്താണിപ്പോള്‍. ഇപ്പുറത്ത് തന്റെ വിശ്വാസം, ആദര്‍ശം. മറുപക്കത്ത് കുടുംബം, സ്‌നേഹം, പ്രണയം.... ഒരു നിമിഷം തീരുമാനമെടുക്കാനാകാതെ കുഴങ്ങിപ്പോയോ? ഇത്തരം കുഴക്കുകളിലാണ് മനുഷ്യന്‍ വ്യാഖ്യാനത്തിന്റെയും യുക്തിയുടെയും വഴി തേടുക. സ്വപ്‌നത്തെ വ്യാഖ്യാനിക്കാന്‍ എന്തെളുപ്പമാണ്! ഒരു പ്രവാചകനെക്കാള്‍ വ്യാഖ്യാനത്തിന് യോഗ്യത മറ്റാര്‍ക്കാണ്? വൃദ്ധദമ്പതികളുടെ അസ്തിത്വത്തിന്റെ പരമമായ യുക്തിയാണ് ഇസ്മാഈല്‍ എന്ന മകന്‍. ആ യുക്തിയെയാണ് ഇവിടെ അറുത്തുകളയേണ്ടത്. ഇത്തരം ആയത്തുകളെ വ്യാഖ്യാനിക്കാനുള്ള സാധ്യതകളെ കണക്കിന് കളിയാക്കുന്നുണ്ട് അലി ശരീഅത്തി ഹജ്ജ് എന്ന കൃതിയില്‍. ''ബലിയറുക്കല്‍ എന്നതിന് എന്തുകൊണ്ട് ആലങ്കാരികമായ ഒരര്‍ഥം ഉണ്ടായിക്കൂടാ? സ്വന്തം ആത്മാവിനെ ബലിയറുക്കുക, സ്വന്തം ഇന്ദ്രിയ ചോദനകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതിരിക്കുക... 'നിന്റെ ഇസ്മാഈല്‍' എന്നതിലെ 'നീ' താന്‍തന്നെയാകണമെന്നില്ലല്ലോ. ഈ വിളി അനുസരിക്കേണ്ടയാള്‍ താന്‍തന്നെയാകണമെന്നില്ലല്ലോ. ദൈവം സമൂഹത്തെ ഒന്നായി വിളിക്കാനുള്ള ഒരു ആലങ്കാരിക ഭാഷ ഉപയോഗിച്ചതുമാകാമല്ലോ. ഇസ്മാഈല്‍ എന്ന പേര് തന്റെ മകനുമാത്രമുള്ളതല്ലല്ലോ. അത് തന്റെ ഇസ്മാഈല്‍ മാത്രമാകണമെന്നുമില്ലല്ലോ. കാരുണ്യവാനായ അല്ലാഹു പിഞ്ചുകുഞ്ഞിനെ കൊല്ലുക എന്ന പാപകര്‍മത്തിന് ഉത്തരവിടുമോ? ഇനി, ഈ കല്‍പന യാഥാര്‍ഥ്യം തന്നെ എന്നും വെക്കുക. എങ്കില്‍ പോലും അതിന്റെ സമയവും സ്ഥലവും പറഞ്ഞിട്ടില്ലല്ലോ. അത് ഇപ്പോള്‍തന്നെ നടത്തണമെന്നതിനും സൂചനകളില്ലല്ലോ...സാഹചര്യങ്ങളും സാധ്യതകളും നയങ്ങളും അവസ്ഥകളും പരിഗണിച്ച് ഒരു തീരുമാനമെടുക്കുകയാണ് ഉചിതം...'' ഇങ്ങനെയൊക്കെ വ്യഖ്യാനങ്ങളാകാമായിരുന്നു അല്ലാഹുവിന്റെ കൂട്ടുകാരന്. വസ്തുതകള്‍ അംഗീകരിക്കാന്‍ പ്രയാസമുള്ളിടത്താണ് വിശദീകരണങ്ങള്‍ അനിവാര്യമാകുന്നത്. പക്ഷേ, താന്‍ ആശിച്ച്, യാചിച്ച് ലഭിച്ച മകനോടുതന്നെ അദ്ദേഹം ചോദിച്ചു: ''മകനേ, നിന്റെ അഭിപ്രായമെന്താണ്?''

ആ ആത്മീയ ഹൃദയത്തിന് മകന്റെ മറുപടി സാന്ത്വനം നല്‍കി. ''പ്രിയ വാപ്പാ, കല്‍പിക്കപ്പെട്ടത് ചെയ്യൂ. അല്ലാഹുവിന്റെ ഇഛയാല്‍, ക്ഷമപാലിക്കുന്നവരില്‍ എന്നെ താങ്കള്‍ക്ക് കാണാം.''-(അസ്വാഫാത്ത്: 102-107).

പിതൃ-പുത്ര ബന്ധത്തിന്റെ ലോകമാതൃകയാണിത്. എങ്ങനെ നല്ല പിതാവാകാം എന്നതിലും ഇബ്‌റാഹീമി(അ)ന്റെ വക്രതയില്ലാത്ത മാതൃക ഇവിടെ ഖുര്‍ആന്‍ കാണിക്കുന്നു. എങ്ങനെ നല്ല മകനാകാം എന്നതിന് ഇസ്മാഈ(അ)ലിലും ക്ഷമാശീലയായ ഉമ്മയുടെ നിശ്ശബ്ദ സാന്നിധ്യം ഹാജറി(റ)ലും ഉണ്ട്. ഒരു ബലി സംഭവത്തില്‍ തെളിയുന്ന കുടുംബചിത്രം ലോക മനുഷ്യര്‍ക്കു തന്നെ മാതൃകയാകുന്ന അപൂര്‍വാനുഭവമായി മാറുകയാണ്. 

തയാറാവുക എന്നതാണ് വിധേയത്വത്തിന്റെ അടിസ്ഥാന പ്രമാണം. മറുചോദ്യങ്ങള്‍ അവിടെ പ്രസക്തമാകുന്നില്ല. അഗാധമായ പ്രണയത്തിന് കാരണങ്ങളും ഉപാധികളുമില്ല. എന്തിന്, എന്തുകൊണ്ട്, എങ്ങനെ തുടങ്ങിയ ചോദ്യവാചികള്‍ അവിടെ സാധുവാകുന്നില്ല. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ കല്യാണ സൗഗന്ധിക കഥ മറ്റൊരു രീതിയിലാണ് വിവരിക്കുന്നത്.  ദ്രൗപതിയുടെ രണ്ടാമത്തെ ഊഴക്കാരനായി ഭീമന്‍ അഗാധമായ പ്രേമത്തോടെ അവളെ പ്രാപിക്കാനെത്തുന്ന ആദ്യരാത്രിയില്‍ തന്നെ സൗഗന്ധികമെന്ന പൂവിനുവേണ്ടി അവള്‍ വാശിപിടിക്കുന്നു. ദേശങ്ങള്‍ക്കപ്പുറത്ത് മാത്രം വിരിയുന്ന ഒരു പൂവ് ഭാര്യക്ക് സമ്മാനിക്കാനായി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ സഹനങ്ങള്‍ക്കിടയിലും ഭീമന്‍ തയ്യാറാകുന്നുണ്ട്. പ്രണയത്തിന്റെ ആ തയ്യാറാകല്‍ സാമാന്യയുക്തിയുടെ ചോദ്യങ്ങളില്‍ തട്ടി അവസാനിക്കുകയില്ല. ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ഹാജറാ ബീവിയും പ്രണയഭാജനമായി അല്ലാഹുവെ സ്വീകരിച്ചവരാണ്. അല്ലാഹുവിന്റെ അടുത്ത കൂട്ടുകാരനാണ് ഖലീലുല്ലാഹി ഇബ്‌റാഹീം (അ). സ്വപ്‌നത്തിലാകട്ടെ, ഉണര്‍ച്ചയിലാകട്ടെ അവന്റെ ആവശ്യത്തെ മറുചോദ്യങ്ങളില്ലാതെ പരിഗണിക്കുക എന്നതുതന്നെയാണ് ആദ്യത്തെ ബലി.

മകനെ ബലിയറുക്കാന്‍ ഇബ്‌റാഹീം (അ) തയ്യാറെടുത്തു. കൈയില്‍ കത്തിയുമായി മകന്റെ കൈ പിടിച്ച് മിനായിലേക്കു പോയി. ഹാജറക്ക് മനസ്സുതാങ്ങാനായില്ല. എന്നാല്‍ ഇബ്‌ലീസ് പിതാവിന്റെയും പുത്രന്റെയും മാതാവിന്റെയും ഇടയില്‍ ഓടിക്കളിച്ച് പിന്തിരിപ്പിക്കാന്‍ സകല ശ്രമങ്ങളും നടത്തി. പരിഹസിച്ചു, യുക്തിപൂര്‍വം സംസാരിച്ചു. വിശ്വാസത്തിന്റെ തീര്‍പ്പുകള്‍ക്കിടയില്‍ പിശാചിനു കയറിക്കളിക്കാനുള്ള മൂന്ന് ഇടങ്ങളാണിവ. അറിവ്, കേവലയുക്തി, പരിഹാസം. ആദം നബിക്കും ഹവ്വാബീവിക്കും സ്വര്‍ഗത്തില്‍ നിന്ന് കിട്ടിയ മൂന്ന് പൈശാചികദര്‍ശനങ്ങളും അവയായിരുന്നുവല്ലോ.

ഇത് നിങ്ങളുടെ സ്വന്തം മകനല്ലേ, അവനെ അറുത്തുകൊല്ലുകയോ? അറിവിന്റെ ചോദ്യമാണ്.

കല്‍പന സ്വപ്‌നത്തിലല്ലേ, ഉണര്‍ച്ചയിലല്ലല്ലോ? യുക്തിയുടെ ചോദ്യമാണ്.

വല്ലാത്തൊരു ബാപ്പതന്നെ, ഒരു ദുഃസ്വപ്‌നത്തിന്റെ പേരില്‍ മകനെ അറുക്കാന്‍ പോകുന്നു? പരിഹാസത്തിന്റെ ചോദ്യമാണ്.

മൂവരും ഒരുപോലെ, മനസ്സ് ദുര്‍ബലപ്പെട്ട് കീഴടങ്ങാതെ അല്ലാഹുവിനെ ഭയപ്പെട്ട്, അവന്റെ തൃപ്തിക്കുവേണ്ടി ശൈത്വാനെ കല്ലെറിഞ്ഞ് ഓടിച്ചു. ഈ മൂന്ന് ചോദ്യങ്ങളെയാണ് ഓരോ ഹാജിയും ജംറകളില്‍ കല്ലെറിഞ്ഞോടിക്കുന്നത്, ഇബ്‌റാഹീമിന്റെ കുടുംബത്തെപ്പോലെ. പിശാചിനെ ഹൃദയത്തില്‍ നിന്ന് എറിഞ്ഞോടിച്ചതില്‍ ശേഷം മാത്രമാണ് ബലി.

ഇസ്മാഈലി(അ)നെ ഇബ്‌റാഹീം നബി (അ) മണ്ണില്‍ കിടത്തി. കത്തിക്കു മൂര്‍ച്ചകൂട്ടി. അല്‍പംപോലും മനസ്സങ്കോചമില്ലാതെ, ശരീരേഛകളെ സര്‍വസ്വവും മറന്നുകൊണ്ട്... പി ടി അബ്ദുര്‍റഹ്മാന്റെ പ്രസിദ്ധമായ ഗാനം ഈ സംഭവത്തെ അലങ്കാരങ്ങളുടെ അതിഭാരമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. എങ്കിലും എത്ര സ്‌ഫോടനാത്മകമാണ് ആ ഗാനാനുഭവം!

'ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ, 
ഉടയോന്‍ വിധി പോലെ അറുക്കു ബാപ്പാ' എന്നാണ് ഇസ്മാഈലിന്റെ യാചന.
'ബലിയായ് തവ ദേഹം കൊടുക്കുന്നേരം
വലിയോന്‍ തുറക്കുന്നു സുബര്‍ക്കമേഴും' എന്ന് ഇബ്‌റാഹീം സമാധാനിപ്പിക്കുന്നു.
'ബാപ്പാ അവിടെ ഞാന്‍ നദി കാണുന്നു
മൂപ്പും മുഴുപ്പുള്ള കനി കാണുന്നു....' എന്ന് ഇസ്മാഈലിന്റെ അനുഭവവിവരണം. നോക്കൂ, സമര്‍പ്പണത്തിന്റെ പാതയിലേക്ക് കടന്നാല്‍ മതി, സ്വര്‍ഗത്തിന്റെ ഗന്ധവും രുചിയും അനുഭവവേദ്യമാവുകയായി.

പെട്ടെന്ന് അന്തരീക്ഷമാകെ മാറി 

'എന്താണൊരു കാറ്റും ഇടിയും കേള്‍പ്പൂ
എന്താണൊരു ശബ്ദം മുഴങ്ങിക്കേള്‍പ്പൂ' 
അല്ലാഹുവിന്റെ ശബ്ദസാന്നിധ്യമാണ്. 
'വിധിയില്‍ വിറയ്ക്കാത്തൊരിബ്‌റാഹീമേ
മതി നീ വിജയിച്ചു പ്രിയ റസൂലേ' 

ഇസ്മാഈലിനു പകരം ആടിന്റെ കഴുത്തറുത്തപ്പോള്‍ ഇബ്‌റാഹീം (അ) അരിഞ്ഞുകളഞ്ഞത് ശൈത്വാന്റെ ശിരസ്സുകൂടിയാണ്. 

അപാരമായ മനുഷ്യത്വത്തിന്റെ പ്രഖ്യാപനമാണ് അത്. മനുഷ്യനെ വധിക്കരുതെന്നും അതിനോളം വിലയുള്ള മറ്റൊന്നും ഭൗതികജീവിതത്തിലില്ലെന്നും പഠിപ്പിക്കുന്ന അധ്യായമായിരുന്നു അത്. ആട് ഭക്ഷണമാണ്. ഏതാനും പേര്‍ക്കുമാത്രം ഒരു നേരത്തിന് തികയുന്ന ഭക്ഷണം. അറുക്കപ്പെട്ടത് ഇസ്മാഈലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അത്! മനുഷ്യമാംസം ആര്‍ക്കാണ് ഭക്ഷണമാവുക, കഴുകനും കുറുക്കനുമല്ലാതെ? ബലിയുടെ ബാക്കിയായ ചോരയും ഇറച്ചിയും അല്ലാഹുവിന് ആവശ്യവുമില്ലല്ലോ. മനുഷ്യന്റെ രക്തവും മാംസവും പവിത്രമാക്കിയ പടച്ചവന്‍ നരബലി നിരോധിക്കാനെടുത്ത പ്രധാനപ്പെട്ട ചരിത്രസന്ദര്‍ഭംകൂടിയാണ് ഇത്. ഇസ്‌ലാമിന്റെ പേരില്‍ നിരപരാധികളുടെ കണ്ഠം കീറി ചോരയൊഴുക്കി സ്ഥാപിക്കേണ്ട ഒരു 'ഇസ്‌ലാമിക സ്റ്റേറ്റു'മില്ല എന്ന പാഠം പക്ഷേ, ഇനിയും പലരും പഠിച്ചില്ലല്ലോ.

പിന്‍വാതില്‍: 

ഹജ്ജ് വേളയില്‍ മിനായില്‍ പാര്‍ക്കുന്നവര്‍ ഇബ്‌റാഹീമിനെ (അ) അനുകരിക്കുകയാണെന്ന് അലി ശരീഅത്തി പറയുന്നുണ്ട്. അദ്ദേഹം ചോദിക്കുന്നു: 'ഏതാണ് നിങ്ങളുടെ ഇസ്മാഈല്‍? അന്തസ്സോ പദവിയോ തൊഴിലോ ധനമോ വീടോ തോട്ടമോ വാഹനമോ പ്രേമമോ.... അതോ ജീവിതം തന്നെയുമോ?' 

ഒരുത്തരം പറയാന്‍ ഞാന്‍ ശ്രമിച്ചുനോക്കി. ഉദ്ദേശ്യമാണ് കര്‍മങ്ങളെ സാധുവാക്കുന്നത്. ഒരു പിടയ്ക്കുന്ന ജീവന്റെ രക്തം മണ്ണില്‍ ഒഴുക്കിക്കളയുകയാണ് ഞാന്‍. പുറംതൊലിയെ അറുത്ത് അകം തൊലിയുടെ തിളങ്ങുന്ന വെളുപ്പ് പിളര്‍ന്ന് ചോരതുടിക്കുന്ന മാംസത്തെ മുറിച്ച് രക്തം കുതിച്ചുപായുന്ന ഞരമ്പുകളുടെ മുറുക്കത്തില്‍ കത്തിവെക്കുമ്പോള്‍ മുഖത്തേക്ക് ചീറിത്തെറിക്കുന്ന ചുവന്ന ചോര എന്നോട് ചോദിക്കുന്നു, ഉരുവിന്റെ തുറിച്ച കണ്ണുകള്‍ ചോദിക്കുന്നു, തളര്‍ന്നു നീര്‍ന്ന കുളമ്പുകള്‍ ചോദിക്കുന്നു, വശംകെട്ടുപോയ കത്തി ചോദിക്കുന്നു, അയഞ്ഞ കയര്‍ ചോദിക്കുന്നു:

'ഖലീലുല്ലാ ഇബ്‌റാഹീമിന്റെ പിന്‍മുറക്കാരാ....
എന്തായിരുന്നു നിന്റെ നിയ്യത്ത്?' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍