Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ചരിത്രത്തോടുള്ള ക്രൂരമായ പാതകം

കെ.സി അഷ്‌റഫ് കുറ്റൂര്‍

ചരിത്രത്തോടുള്ള ക്രൂരമായ പാതകം

റംഗസീബ് തന്റെ രാജസദസ്സില്‍ ഒട്ടേറെ ഹിന്ദുക്കളെ ഉന്നത പദവികളില്‍ നിയമിക്കുകയും അവരെ സൈനിക മേധാവികളായും മറ്റും ഉന്നതങ്ങളില്‍ അവരോധിക്കുകയും ചെയ്തതിനും, ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി ഭൂമി നല്‍കിയതിനും അനിഷേധ്യ രേഖകള്‍ ചരിത്രത്തില്‍ സ്ഥലം പിടിച്ചിരിക്കെ, അദ്ദേഹത്തെ ഹിന്ദു വിരോധിയും ക്ഷേത്ര ധ്വംസകനുമായി ചിത്രീകരിക്കുന്നതിലെ വിരോധാഭാസം നിഷ്പക്ഷ ചരിത്രകാരന്മാരില്‍ പലരും ചൂണ്ടിക്കാണിച്ചതാണ്. ഔറംഗസീബിനെ മതഭ്രാന്തനായി ചിത്രീകരിച്ച ചരിത്രകാരന്മാര്‍ തന്നെയാണ് പൊതുമുതലില്‍ നിന്ന് ചില്ലിക്കാശ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ, ഖുര്‍ആന്‍ പകര്‍ത്തി എഴുതിയും തൊപ്പി തുന്നിയും ലഭിച്ച കാശ് കൊണ്ട് അദ്ദേഹം ലളിത ജീവിതം നയിച്ചതായി ചൂണ്ടിക്കാണിക്കുന്നത്. പൊതുമുതല്‍ ധൂര്‍ത്തടിക്കാതെ ലളിത ജീവിതം നയിക്കണമെന്ന് ഔറംഗസീബിനെ പഠിപ്പിച്ച അദ്ദേഹത്തിന്റെ മതദര്‍ശനം, കര്‍ശനമായി വിലക്കിയ അന്യമത വിദ്വേഷത്തില്‍ നിന്നും അന്യ മത ആരാധനാലയ ധ്വംസനങ്ങളില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞില്ലെന്ന് പറയുന്നതില്‍ യുക്തിഭംഗമില്ലേ?

അനിഷേധ്യമായ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീതിമാനായ ആ മുഗള്‍ ചക്രവര്‍ത്തിയെ മതഭ്രാന്തനും നീചനുമായി ചിത്രീകരിക്കുന്നവരുടെ ദുഷ്ട താല്‍പര്യം എന്തെന്ന് അനാവരണം ചെയ്യുന്ന എന്‍.സി.ഇ.ആര്‍.ടി മുന്‍ ചരിത്ര വിഭാഗം മേധാവി പ്രഫ. അര്‍ജുന്‍ ദേവിന്റെ വരികള്‍ ഇവിടെ ഏറെ പ്രസക്തമാണ്:

''മുഗള്‍ ഭരണകാലത്ത് ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഔറംഗസീബിനെ ഒരു മതഭ്രാന്തനും നീചനുമായി ചിത്രീകരിച്ചത് വര്‍ഗീയ താല്‍പര്യം മാത്രം വെച്ചു കൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഒരു കാലത്ത് ചില ഗൂഢോദ്ദേശ്യങ്ങളോടെ രചിച്ച ചരിത്രമാണിന്ന് രാമരാജ്യക്കാര്‍ പിന്തുടരുന്നത്. ടിപ്പുവിനെ തോല്‍പിക്കാന്‍ ദൈവം അയച്ചതാണ് ബ്രിട്ടീഷുകാരെ എന്ന് വിശ്വസിക്കുന്ന സംഘ്പരിവാറിന്റെ കാഴ്ചപ്പാട് എത്ര ബീഭത്സമാണ്! ഒരു രാജ്യം മുഴുവന്‍ കൊളോണിയലിസത്തിനെതിരെ ജാതി മത ഭേദമന്യേ പോരാടിയപ്പോള്‍ വര്‍ഗീയതയുടെ പിണിയാളുകളായ പ്രാദേശിക രാജാക്കന്മാര്‍ പരസ്പരം പോരാടുകയായിരുന്നുവെന്ന ചരിത്രം നമ്മള്‍ മറക്കണമെന്നാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. 50 വര്‍ഷം ഭരിച്ച ഔറംഗസീബിന്റെ രാജസദസ്സില്‍ ഉന്നത സ്ഥാനം വഹിച്ചവരില്‍ 34 ശതമാനം പേര്‍ ഹിന്ദുക്കളായിരുന്നു. രാജ്യം അന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്തിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ തെറ്റുകളെ മാത്രം ഉയര്‍ത്തിക്കാട്ടി ഒരു മതഭ്രാന്തന്‍ മാത്രമായി ചിത്രീകരിക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക?'' (വാരാദ്യ മാധ്യമം 2001 ഡിസംബര്‍ 9).

റഹ്മാന്‍ മധുരക്കുഴി

ഉച്ചഭാഷിണി നിയന്ത്രണത്തെക്കുറിച്ച്

ന്ന് കേരളത്തില്‍ നിരവധി മുസ്‌ലിം സംഘടനകളുണ്ട്. പള്ളികളുടെ എണ്ണവും വലിപ്പവുമാണ് അവരുടെ ഗ്രാഫുയര്‍ത്തുന്നത്. ഒരു പ്രദേശത്ത് തന്നെ വ്യത്യസ്ത സംഘടനകളുടെ നിരവധി പള്ളികള്‍.  ഒരു ടൗണില്‍  തന്നെ നാലും അഞ്ചും പള്ളികള്‍.  നിസ്‌കാര  സമയമാവുമ്പോള്‍ ഓരോ പള്ളിയില്‍ നിന്നും ഉച്ചഭാഷിണിയില്‍ അത്യുച്ചത്തില്‍ ബാങ്ക് വിളി ഉയരുന്നു.  നിസ്‌കാര സമയം അറിയിക്കാന്‍ വേണ്ടിയുള്ള ബാങ്ക് വിളി സംഘടനാ ശക്തിയുടെ വിളംബരമെന്നോണം  ദുരുപയോഗപ്പെടുത്തപ്പെടുന്നു. ബാങ്ക് വിളിയില്‍ സമയനിഷ്ഠ പോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് അതി വിചിത്രം. മുജാഹിദ് ബാങ്ക് കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷം സുന്നിബാങ്ക്, അതും എപി-ഇകെ വ്യത്യാസത്തില്‍, പിന്നെ ജമാഅത്ത് ബാങ്ക്. ഏത് ബാങ്കിനാണ് ഇജാബത്ത് നല്‍കുക എന്നറിയാതെ കുഴങ്ങുകയാണ് വിശ്വാസികള്‍. ഒരു ടൗണിലെ നാലും അഞ്ചും പള്ളികളില്‍ നിന്ന് ഒരേ സമയം ബാങ്ക് വിളി ഉയരുമ്പോള്‍ അത്  കേള്‍ക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല എന്നെങ്കിലും നാം ചിന്തിക്കേണ്ടതില്ലേ? നമ്മുടെ ആരാധനകള്‍ മറ്റുള്ളവര്‍ക്ക് അരോചകമാവാതിരിക്കാനല്ലേ നാം ശ്രദ്ധിക്കേണ്ടത്? ഈ ബാങ്ക് വിളി മത്സരം കേട്ട് ഇസ്‌ലാമിനോട് ഉള്ള മതിപ്പും മറ്റു മതക്കാര്‍ക്ക് വിനഷ്ടമായാല്‍ ആ പാപം നാം എവിടെ പോയി കഴുകും! അനിയന്ത്രിതമായ ഈ കൂട്ട ബാങ്ക് വിളിയെ നാം സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ അത് ഭരണകൂടത്തിന് നമ്മുടെ ആരാധനാ കാര്യങ്ങളില്‍ ഇടപെടുവാനുള്ള അവസരം നാം മനഃപൂര്‍വം ഒരുക്കി കൊടുക്കലാവും.  മുസ്‌ലിം സംഘടനകള്‍ ഒരുമിച്ചിരുന്ന് ഇതിനൊരു പരിഹാരം കണ്ടെത്തേതുണ്ട്.

ഒരു പ്രദേശത്തെ ഏറ്റവും കൂടുതല്‍ പഴക്കമുള്ള പള്ളികളില്‍ മാത്രം ഉച്ചഭാഷിണി ഉപയോഗിക്കുക, ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഓരോ പള്ളിക്കും കൃത്യമായ ദിവസങ്ങള്‍ നിര്‍ണയിക്കുക തുടങ്ങിയവ പരിഹാരമാര്‍ഗമായി പരിഗണിക്കാവുന്നതാണ്.

കെ.സി അഷ്‌റഫ് കുറ്റൂര്‍

പലിശ: 
ലാഘവ ചിന്ത മാറണം

ലിശ സംബന്ധമായി വന്ന മുഫ്തി തഖി ഉസ്മാനിയുടെ ലേഖനം (ലക്കം 2916) ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ആരാധനാ രംഗത്ത് കൃത്യനിഷ്ഠ പുലര്‍ത്തുന്ന പലരുടെയും സാമ്പത്തിക രംഗം പലിശയിലധിഷ്ഠിതമായിരിക്കും. പലിശ വാങ്ങുന്നതേ കുഴപ്പമുള്ളൂ, കൊടുക്കുന്നതില്‍ തെറ്റില്ല എന്നതാണ് പലരുടെയും മനോഭാവം. കച്ചവട- ഭവന നിര്‍മാണാദി കാര്യങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് ലോണുകളെ ആശ്രയിക്കാതെ തരമില്ല എന്ന ലാഘവ നിലപാട് പലിശാധിഷ്ഠിത ലോണുകള്‍ക്ക് പിറകെ പോവുന്ന പ്രവണത വര്‍ധിപ്പിക്കുന്നുണ്ട്. 

ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഴിയാനുള്ള മനോഭാവം സ്വന്തത്തിലും കുടുംബത്തിലും വളര്‍ത്തിയെടുത്താല്‍ പലിശമുക്തമായ ജീവിതം ഇക്കാലത്തും സാധ്യമാണ്. അരുതാത്തത് ആഗ്രഹിക്കുമ്പോഴും അതിനായി വെമ്പല്‍ കൊള്ളുമ്പോഴും കാലം തരുന്ന മഹത്തായ സമ്മാനം നിരാശയായിരിക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. സാമ്പത്തികമായി തനിക്ക് മുകളിലുള്ളവരിലേക്ക് നോക്കാതെ താഴേക്കിടയിലുള്ളവരിലേക്ക് നോക്കിയാല്‍ ദൈവം നല്‍കിയ അനുഗ്രഹം ബോധ്യപ്പെടുകയും പലിശയില്‍ നിന്നകന്നു നില്‍ക്കാന്‍ അത് പ്രേരണയാവുകയും ചെയ്യും.

അബൂഹബീബ് വരോട്, ഒറ്റപ്പാലം

യൂനിവേഴ്‌സിറ്റികള്‍ 
നാടിന്റെ ജീവനാഡിയാണ്

എണ്ണിയാലൊടുങ്ങാത്ത നിരവധി ഭാഷകളാല്‍ സമ്പന്നമാണ് ഓരോ രാജ്യവും. അത്തരം ഭാഷകളെ നവോത്ഥാനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനും അതേസമയം തലമുറകളിലേക്ക് വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സ്രോതസ്സുകള്‍ തുറന്നുകൊടുക്കാനുമായിട്ടാണ് പലയിടങ്ങളിലും യൂനിവേഴ്‌സിറ്റികള്‍ രൂപം കൊണ്ടിട്ടുള്ളത്.

സര്‍ക്കാറുകള്‍ മാറി മാറി വരുമ്പോഴും പുതിയ പരിഷ്‌കരണ രീതികളിലൊന്നും കാതലായ വ്യതിയാനങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. 

ഓരോ രാജ്യത്തിന്റെയും സാമൂഹിക അന്തരീക്ഷത്തില്‍ ആശയ ധ്രുവീകരണത്തിന് വന്‍ സാധ്യതകളാണുള്ളത്. യൂനിവേഴ്‌സിറ്റികള്‍ അഥവാ സര്‍വകലാശാലകള്‍ പഠന വൈദഗ്ധ്യത്തിന്റെ അനന്ത സാധ്യതകള്‍ തേടുമ്പോഴാണ് അവയുടെ പ്രസക്തി പലരും തിരിച്ചറിയുന്നത്. 

സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും കാലപ്രവാഹത്തില്‍ മൂല്യവത്തായ ഇത്തരം സംസ്‌കൃതികള്‍ക്ക് പ്രചോദനവും ഊര്‍ജവും പകരേണ്ടത് ഇഛാശക്തി നഷ്ടപ്പെടാത്ത പുതു തലമുറയുടെ ബാധ്യതയാണ്. മതരാഷ്ട്രീയ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും സ്ഫുരണങ്ങള്‍ ഇല്ലാത്തതായിരിക്കണം യൂനിവേഴ്‌സിറ്റികള്‍. മനുഷ്യനെ മനുഷ്യനായി കാണാനും ഓരോ വ്യക്തിയുടെയും ചിന്താഗതികളെ വളര്‍ത്തിയെടുക്കാനും ഭാഷയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാനുമുള്ളതാവണം യൂനിവേഴ്‌സിറ്റികള്‍. 

ആചാരി തിരുവത്ര, ചാവക്കാട്

തിരുത്ത്

'കഅ്ബയുടെ കഥ, ബക്കയുടെയും' എന്ന ലേഖനത്തില്‍ (ലക്കം 2917) വന്ന മുത്വവ്വിഫ് എന്ന വാക്ക് ത്വാഇഫ് (ത്വവാഫ് ചെയ്യുന്നവന്‍) എന്ന് തിരുത്തി വായിക്കാനപേക്ഷ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍