Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

ഗായ് ഈറ്റന്റെ ജ്ഞാന സഞ്ചാരം

അഹ്മദ്കുട്ടി ശിവപുരം /പുസ്തകം

         കിഴക്കും പടിഞ്ഞാറും രണ്ടറ്റങ്ങളാണ്. സ്ഥലത്തെ (Space) മാത്രം പരിഗണിച്ചല്ല, കാലത്തെ (Time) പരിഗണിച്ചായാലും അതങ്ങനെയാണ് ഭൂമിയില്‍. കിഴക്കുദിക്കുന്ന സൂര്യന്റെ പടിഞ്ഞാറുള്ള അസ്തമയം നാഴികകള്‍ കൊണ്ടും വിനാഴികകള്‍ കൊണ്ടും അളന്നു തിട്ടപ്പെടുത്തിയാണ് ഘടികാരം സമയമറിയിക്കുന്നത്. പാതിരാവിലാണ് നാഴിക മണിയുടെ ദിനാരംഭം എന്നത് പടിഞ്ഞാറു നിന്ന് വന്ന 'വിദ്യ'യുടെ അര്‍ഥവത്തായ പാതിരാകൂക്കാണ്.

കിഴക്ക് പടിഞ്ഞാറ് നീങ്ങിയതിന്റെ ചരിത്രമാണ് ക്രിസ്റ്റ്യാനിറ്റിയുടേത്. ക്രിസ്റ്റ്യാനിറ്റി എന്നത് ഖുര്‍ആന്‍ പ്രകാരം ഇസ്‌ലാം തന്നെ. മുഹമ്മദ് എന്ന സമാപ്തികനായ വചന വാഹകന് തൊട്ടു മുമ്പെ 'ജനതയ്ക്കായുള്ള പ്രതീക'മായി, ആ അര്‍ഥത്തിലുള്ള 'ദൈവ വചന'മായി വെളിപ്പെട്ട, മര്‍യമിന്റെ മകന്‍ ഈസാ എന്ന മസീഹിന്റെ ഇസ്‌ലാം. 

എന്നാല്‍ ക്രിസ്തുവിന്റെ വിടപറച്ചിലിന് ശേഷം അത് പടിഞ്ഞാറു നിന്ന് കിഴക്കോട്ട് തിരിച്ച് വീശിയപ്പോള്‍, ആ കാറ്റില്‍ ക്രിസ്തുവിന് പകരം ശോഭിച്ചത് കുരിശായിരുന്നു. ക്രിസ്തുവായ യേശുവെയും അവന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തെയും നിഹനിക്കാനായി റോം എന്ന സാമ്രാജ്യം ഉപയോഗപ്പെടുത്തിപ്പോന്നിരുന്ന മര്‍ദ്ദനോപകരണമായിരുന്നു കുരിശ്. ക്രിസ്തുവെ തങ്ങള്‍ വധിച്ചു എന്ന് അവകാശപ്പെട്ട യഹൂദ മതമേലധ്യക്ഷന്മാരും ജനതയ്ക്കുമേല്‍ ഉടമാവകാശം പറയുന്ന അധികാരികളായ റോമും നിഹനിക്കാനായുപയോഗിച്ച കുരിശില്‍ ആണിയടിക്കപ്പെട്ട നിലയില്‍ സാധു മനുഷ്യന്റെ പ്രതീകമായ യേശു തൂങ്ങിക്കിടന്ന് 'ശോഭിച്ചു'. കാണുന്നവര്‍ കരഞ്ഞുപോകും. പക്ഷെ റോം പൊട്ടിച്ചിരിച്ചു. ജനതയുടെ പ്രതീകമായ ദൈവവചനത്തിന്നെതിരെയുള്ള മഹാ സമര്‍ഥന്റെ പരിഹാസം നിറഞ്ഞ ചിരി. ക്രിസ്തു പ്രതീകവത്കരിക്കുന്ന വര്‍ഗത്തെയാകെയും 'ഹേ വിഡ്ഢികളേ' എന്ന് വിളിക്കുന്ന വ്യംഗ്യം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് കാലന്‍ കോഴിയുടെ കരച്ചില്‍ പോലെ പാതിരാവില്‍ മുഴങ്ങിക്കേട്ടു. പക്ഷെ അര്‍ഥം ആര്‍ക്കും ഗ്രഹിച്ചെടുക്കാനായില്ല. ഉടമകളും അടിമകളുമെന്ന പോലെ സമര്‍ഥരും വിഡ്ഢികളും എന്ന വിധത്തിലും വര്‍ഗവിഭജനം നടക്കുകയായിരുന്നു. 

നിഹനിച്ചു എന്നു അവകാശപ്പെട്ടവര്‍ പക്ഷെ അവനെ കൈയൊഴിച്ചില്ല എന്നതാണ് ഏറെ വിചിത്രമായ ചരിത്രാഭാസം. കുരിശേറിയ ക്രിസ്തുവെന്ന ഒരു പ്രതിഷ്ഠ അവര്‍ക്കാവശ്യമുണ്ടായിരുന്നു. മഹാജനത്തെ മയക്കിയുറക്കാനുള്ള ഒരു കറുപ്പായി അത് ഉപയോഗപ്പെടുമെന്ന് അസ്തമയ ദേശത്തിലെ സാമ്രാട്ടുകളും മതഭോക്താക്കളായ യൂദരും കണ്ടറിഞ്ഞു. അങ്ങനെ കുരിശ് എന്ന മര്‍ദ്ദനോപാധി ക്രിസ്തുവെന്ന മാനവിക പ്രതീകത്തെ അപ്രസക്തമാക്കിക്കൊണ്ട് വാനം മുട്ടുമാറ് ഉയര്‍ന്നുനില്‍ക്കാന്‍ തുടങ്ങി. ക്രിസ്തുവെ തങ്ങള്‍ ഒടുക്കി എന്നു പറയുന്ന കുരിശ് ദിവ്യമായ പ്രതീകാത്മകത മാത്രമല്ല അപ്പോള്‍ നേടിയെടുത്തത്. അത് ക്രിസ്തു പ്രതീകവല്‍ക്കരിക്കുന്ന വര്‍ഗത്തിന്നാകെയും അടിമത്തം വിധിച്ച് നല്‍കി ചെങ്കോലിലും മഹാമന്നന്റെ തിരുമുടിയിലും ശോഭിക്കാന്‍ തുടങ്ങി. മനുഷ്യരിലെ കറുത്തവരെ അടിമകളായി പിടിച്ചു കെട്ടി കൊണ്ടുപോകാന്‍ ആഴിയിലൂടെ ദിക്കുകള്‍ നാലിലേക്കുമോടിയ കപ്പലുകളുടെ പതാകകളില്‍ അതൊരു ചിഹ്നമായി പാറിക്കളിച്ചു. ചോദ്യം ചെയ്യാന്‍ ആരുമേയില്ലാത്ത വിധമുള്ള ഒരു അധികാര ചിഹ്നം. 'കുരിശേ ജയിപ്പൂനീ' എന്നത് വിശ്വാസിക്ക് പാടാനായി പഠിപ്പിക്കപ്പെട്ട തിരുമന്ത്രവുമായിരുന്നല്ലോ. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ പടിഞ്ഞാറ് നിന്ന് തന്നെ ഒരു എതിര്‍കാറ്റും വീശിയടിക്കാനാരംഭിച്ചു. റൂസ്സോ, വോള്‍ട്ടയര്‍, ബര്‍നാഡ്ഷാ തുടങ്ങിയവരില്‍ അതിന്റെ സൂചനകള്‍ കാണാം. അവരുടെ ചിന്തകളില്‍ ഇസ്‌ലാമിന്റെ സ്വാധീനം സൂക്ഷ്മപഠനം നടത്തുന്ന ആര്‍ക്കും കണ്ടെത്താനാകും. 'But where are Muslims?' എന്നതാണല്ലോ ബര്‍ണാഡ്ഷായുടെ ചോദ്യം. ഈ പശ്ചാത്തലത്തില്‍ പൗരസ്ത്യ-പാശ്ചാത്യ ദ്വന്ദ്വാത്മകതയില്‍, അഥവാ കുരിശും ക്രസന്റും തമ്മിലുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമായിരിക്കുന്ന ഒരു വൈരുദ്ധ്യാത്മകത എടുത്തു കാട്ടേണ്ടതായിട്ടുണ്ട്. പടിഞ്ഞാറു നിന്ന് കുരിശുപതാകയേന്തി വന്നവര്‍ ഇസ്‌ലാമിനെ പടിഞ്ഞാറിന്റെ നവോത്ഥാനത്തിന് ഹേതുകമാക്കുകയായിരുന്നുവെന്നതാണത്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടക്കം ഇസ്‌ലാമിലൂടെ എന്ന് വേറൊരു വിധത്തില്‍ പറയാം. ഊതിക്കെടുത്താന്‍ ശ്രമിച്ചത് ആളിക്കത്തി പ്രഭപരത്തിയ പോലാണ് കാര്യം. ആ നിലക്കായിരിക്കാം പ്രസിദ്ധ ആംഗല കവി പി.ബി. ഷെല്ലി തന്റെ ഒരു പ്രേമ കാവ്യത്തിന്റെ പേര് തന്നെ The Revolt of Islam എന്നാക്കി അവതരിപ്പിച്ചത്. ഇതിനര്‍ഥം പാശ്ചാത്യന് അവന്‍ സ്വീകരിച്ച മതമായ ക്രിസ്ത്യാനിറ്റിയോട് അതുള്‍ക്കൊള്ളുന്ന മനുഷ്യനിന്ദയുടെയും യുക്തിഭംഗത്തിന്റെയും പേരില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടി വന്നു എന്നാണ്. കുരിശുയുദ്ധത്തെ തുടര്‍ന്നു യൂറോപ്പിലേക്ക് എത്തിപ്പെട്ട ഇസ്‌ലാമിന്റെ കാറ്റില്‍ തെഴുത്തു വളര്‍ന്ന നവോത്ഥാനത്തിന്റെ സാമൂഹിക ഫലമായി ഇതിനെക്കാണാം. 

ആധുനികോത്തര ചരിത്രഘട്ടത്തില്‍ ഇസ്‌ലാമിന് അനുകൂലമായി വളരെ പ്രകടമായി തന്നെ പടിഞ്ഞാറു നിന്നു പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ മികവ് എടുത്തുകാട്ടിക്കൊണ്ട് മതമെന്ന നിലയില്‍ അത് ആശ്ലേഷിച്ചവരും അങ്ങനെയല്ലാത്തവരുമായ ഒരുപാട് എഴുത്തുകാര്‍ വന്നുകൊണ്ടിരിക്കുകയാണ്. And Muhammed is His Messenger എഴുതിയ ആന്‍മേരി ഷിമ്മല്‍, The History of God എഴുതിയ കാരന്‍ ആംസ്‌ട്രോങ് തുടങ്ങിയവര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചവരായിരുന്നില്ല. എന്നാല്‍ ഇസ്‌ലാമിനെ ഉദാത്തവല്‍ക്കരിച്ച് അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഒരുപാട് പേര്‍ ഇസ്‌ലാമിനെ മതമായി സ്വീകരിച്ച് തൂലികയേന്തി വന്നു കൊണ്ടിരിക്കയാണ് പടിഞ്ഞാറു നിന്ന്. ഇപ്പറഞ്ഞതിന് ഒന്നാം തരം ഉദാഹരണമാണ് 1921 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച ചാള്‍സ് ഗായ് ഈറ്റണ്‍. ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ ജ്ഞാനസഞ്ചാരപഥം. കിംസ് കോളേജിന്റെ ഹാളില്‍ നടന്ന 'വര്‍ത്തമാനം പറച്ചിലി'ല്‍ അതിബുദ്ധിശാലിയായ ഒരു സുഹൃത്തിനോട് ഗായ്ഈറ്റണ്‍ പറഞ്ഞ മതനിന്ദയുടെ വെടി ഒരുപക്ഷെ ഒരു തുടക്കമായിരിക്കാം. ഈറ്റണ്‍ പറഞ്ഞു: ''ബുദ്ധിയുള്ള ഒരു മനുഷ്യനും ഈ മതങ്ങള്‍ കൊണ്ടുനടക്കുന്ന ദൈവത്തില്‍ വിശ്വസിക്കുകയില്ല.'' നിഷേധിയായ യുക്തിവാദി ഇവിടെ വല്ലാതെ ഷൈന്‍ ചെയ്തു എന്ന് നിരൂപിക്കാന്‍ വരട്ടെ. ഗായ് ഈറ്റണ് കിട്ടിയ മറുപടി അദ്ദേഹം പ്രതീക്ഷിച്ചമാതിരിയായിരുന്നില്ല. അദ്ദേഹത്തിലെ യുക്തിവാദിയെ അത് ഇരുത്തിക്കളഞ്ഞു എന്ന് പറയാം. മറുപടി ഇതായിരുന്നു: ''കാര്യം നേരെ മറിച്ചാണ്. ഇക്കാലത്ത് ബുദ്ധിയുള്ളവര്‍ മാത്രമാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്.'' അതിബുദ്ധിമാനായ സുഹൃത്തിന്റെ ഈ പ്രതികരണം അപ്പാടെ ശരിയാണ് എന്ന് തെളിയിക്കും വിധമാണ് ഗായ് ഈറ്റണില്‍ നിന്ന് പലതും പിന്നീട് സഹൃദയം ലോകം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാസ്തവമാണ് ദൈവം എന്ന പാരമാര്‍ഥിക സത്യം. അത് അങ്ങനെയുള്ളവര്‍ ഉള്‍ക്കൊണ്ടാല്‍ സംഭവിക്കുന്ന കാര്യമാണ് ഇസ്‌ലാം എന്നത്. ക്രിസ്തുവെയും മുഹമ്മദിനെയും കൂട്ടിവായിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ മനുഷ്യാനുഭവത്തില്‍ രചനാത്മകമായ മാറ്റം കൊണ്ടുവരാനാവുകയുള്ളൂ. മാനവ സേവ എന്ന അടിത്തറയില്‍ നിന്ന് കയറി ഉച്ചിയിലെത്തുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് പരമസത്യ സാക്ഷാത്കാരം അഥവാ ഈശ്വരാനുഭൂതി ഉണ്ടാവുകയുള്ളൂ. മനുഷ്യാടിമത്ത നിരാസത്തിലൂടെയും വിഭവങ്ങളുടെ പങ്കുവെക്കലിലൂടെയും മല കയറി എത്തേണ്ട പാരമ്യമാണത്.

ഈ നിലയ്ക്കുള്ള ചിന്തകള്‍ ഗായ്ഈറ്റണെ തൊട്ടുണര്‍ത്തി. അദ്ദേഹം സ്വയം തൂലിക ചലിപ്പിക്കാനാരംഭിച്ചു. പടിഞ്ഞാറു നിന്ന് കിഴക്കോട്ട് വന്നെത്തുന്ന ഒരു സുഗന്ധമായാണ് ഗായ് ഈറ്റന്റെ കണ്ടെത്തലുകളെ പരിഗണിക്കേണ്ടത്. ആ സുഗന്ധം അനുഭവിച്ചറിയുന്നവര്‍ സ്വന്തം ഭാഷയിലേക്ക് അത് എത്തിക്കാന്‍ സ്വാഭാവികമായും കൊതിച്ചുപോകും. അതാണ് മലയാള വായനക്കാര്‍ക്ക് വേണ്ടി എ.പി കുഞ്ഞാമു ചെയ്തിരിക്കുന്നത്. കുഞ്ഞാമുവിന്റെ മേശപ്പുറത്ത് ഗായ് ഈറ്റന്റെ Islam and the Destiny of Man എന്ന പുസ്തകമാണ് എത്തിപ്പെട്ടത്. അതദ്ദേഹം മലയാളത്തിലേക്ക് മാറ്റി. IPH അത് പ്രസിദ്ധീകരിച്ചു. അതാണ് ഇസ്‌ലാമും മനുഷ്യഭാഗധേയവും എന്ന ശ്രദ്ധിക്കപ്പെടേണ്ട മലയാള പുസ്തകം. അതിനെയൊന്ന് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. 

പാരമാര്‍ഥിക സത്യത്തെ അന്വേഷിച്ചു പുറപ്പെട്ട ജ്ഞാന സഞ്ചാരിയാണ് ഗായ് ഈറ്റണ്‍. പല വഴികാട്ടികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആധുനിക കാലത്ത് അവിശ്വാസത്തിന്റെ പ്രധാന കാരണം മതങ്ങളുടെ വൈവിധ്യമാണ് എന്ന് നിരീക്ഷിച്ചറിഞ്ഞ ചിന്തകനാണ് ഈറ്റണ്‍. അതുകൊണ്ട് തന്നെ  അവയ്ക്കിടയില്‍ സത്യാന്വേഷിക്ക് കണ്ടെത്താവുന്ന ഐക്യത്തിന്റെ സാധ്യത എന്നത് അദ്ദേഹത്തിന് താല്‍പര്യമുള്ള കാര്യമായിരുന്നു. ഇംഗ്ലണ്ട് സൃഷ്ടിച്ച ഒരു ദാര്‍ശനിക നോവലിസ്റ്റ് എന്ന് ഗായ് ഈറ്റണ്‍ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന എല്‍.എച്ച്. മയേഴ്‌സ് ഗായ് ഈറ്റന്റെ അധ്യാത്മ തൃഷ്ണ ശമിപ്പിക്കാന്‍ ഉപകാരപ്പെട്ട ഒരു വഴികാട്ടിയായിരുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന അധ്യാത്മ ദര്‍ശനത്തില്‍ ആകൃഷ്ടനായിരുന്നു മയേഴ്‌സ്. നന്നായി വേദാന്തപഠനം നടത്തിയ ഒരാള്‍. അതുപോലെ ഗായ് ഈറ്റന്റെ അമ്മയ്ക്കു രാജയോഗത്തിലുള്ള താല്‍പര്യവും വേദാന്തത്തില്‍ താല്‍പര്യം ജനിപ്പിക്കാന്‍ കാരണമായി. എന്നാല്‍ വേദാന്തം ഗായ് ഈറ്റണെ അന്തിമമായി ഇസ്‌ലാമിലേക്കു നയിക്കുകയാണ് ചെയ്തതെന്ന കാര്യം പലരെയും വിസ്മയിപ്പിച്ചേക്കും. വേദാന്തം ശുദ്ധമായ ഏകത്വത്തിന്റെ സിദ്ധാന്തമാണെന്ന് അദ്ദേഹം കണ്ടെത്തിയതാണ് കാരണം. ഇസ്‌ലാമില്‍ തൗഹീദ് എന്നു വിളിക്കുന്നത് എന്താണോ അതുതന്നെയാണ് വേദാന്തത്തിന്റെ സാരാംശം എന്നറിഞ്ഞപ്പോള്‍ ഇസ്‌ലാമിനെ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ചരിത്രപഠനത്തിലൂടെ കണ്ടെത്താവുന്ന രാഷ്ട്രീയവും സാമൂഹിക ശാസ്ത്രപരമായ മാനങ്ങളുള്ളതുമായ ഒരു ഇസ്‌ലാമിനെ കണ്ടറിഞ്ഞിരുന്ന ഗായ് ഈറ്റണ്‍ അതിലുള്‍ക്കൊള്ളുന്ന ജ്ഞാന വെളിച്ചത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. പാരമാര്‍ഥിക സത്യദര്‍ശനത്തില്‍ ഊന്നുന്ന സ്വൂഫിസം അദ്ദേഹത്തിന് പ്രിയങ്കരമാവുന്നതങ്ങനെയാണ്. ആധുനിക കാലത്തെ സ്വൂഫികളില്‍ പ്രമുഖനായ ഫ്രിജോഫ് ഷുവോണിനെ വല്ലാതെ അവലംബിക്കുന്നുണ്ട് ഗായ്  ഈറ്റണ്‍. പിന്നെ മറ്റൊരു ഗൈഡായിത്തീര്‍ന്നത് ഗായ് ഈറ്റണെപോലെ ജ്ഞാന സഞ്ചാരം നടത്തി ഇസ്‌ലാമില്‍ എത്തിപ്പെട്ട മാര്‍ട്ടിംഗ് ലിങ്ക്‌സ് ആണ്. പ്രവാചകന്റെ ജീവചരിത്രം ആദ്യകാല സ്രോതസ്സുകള്‍ അവലംബമാക്കി എഴുതിയ മാര്‍ട്ടിംഗ് ലിങ്കിസ് സ്വൂഫിസത്തെക്കുറിച്ചും ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

തന്റെ ഇസ്‌ലാമും മനുഷ്യഭാഗധേയവും എന്ന കൃതിയിലൂടെ ഗായ് ഈറ്റണ്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് കാണുക. ''മുസ്‌ലിം കൂടി ആയിരിക്കുകയും അതിനാല്‍ രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മോശമാക്കുന്ന തെറ്റിദ്ധാരണകളുടെ മേഖലകളെക്കുറിച്ച് 'ജന്മനാ മുസ്‌ലിമായ' ഏതൊരാളെക്കാളും കൂടുതല്‍ കൃത്യമായ അവബോധമുണ്ടായിരിക്കുകയും ചെയ്യുന്ന ഒരു പാശ്ചാത്യന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ചില താക്കോലുകള്‍ നല്‍കാനാണ്'' അദ്ദേഹം ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രസ്താവന ഇങ്ങനെ വായിക്കാം: ''മുസ്‌ലിമായി ജീവിക്കുന്നതിന്റെയും, മതവിശ്വാസത്തിന്റെ സ്രോതസ്സായ വെളിപാടിന്റെ വെളിച്ചത്തില്‍ സിദ്ധാന്തങ്ങളെയും ചരിത്രത്തെയും സാമൂഹിക ജീവിതത്തെയും വിലയിരുത്തുന്നതിന്റെയും അര്‍ഥമെന്താണ് എന്ന് കാണിച്ചുകൊടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.'' 

ഈ പുസ്തകത്തിന്റെ 'അകം' ആമുഖത്തിന് ശേഷം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടത് 'ശാസ്ത്രീയമായ' വായനക്ക് സഹായകമായേക്കും. ഒന്നാം ഭാഗം 'വിശ്വാസത്തിലേക്കുള്ള വഴി' എന്നതാണ്. ഇസ്‌ലാമും യൂറോപ്പും തമ്മിലുള്ള ചേര്‍ച്ചയും ചേര്‍ച്ചക്കുറവും നന്നായി ചര്‍ച്ച ചെയ്യുന്നുണ്ടിവിടെ. ഇസ്‌ലാമിക സാംസ്‌കാരിക പാരമ്പര്യമുള്ള ദേശങ്ങളില്‍  നിന്ന് യൂറോപ്പില്‍ എത്തിപ്പെട്ട പുതുതലമുറയിലെ മുസ്‌ലിംകള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന അന്യഥാബോധത്താലുള്ള പ്രശ്‌നങ്ങള്‍ ഇവിടെ വിശകലനം ചെയ്യപ്പെടുന്നുണ്ട്. 

'വിശ്വാസത്തിന്റെ നിര്‍മിതി' എന്ന രണ്ടാം ഭാഗത്തില്‍ വേദഗ്രന്ഥത്തിന്റെയും ദൈവദൂതരുടെയും പ്രാധാന്യം എടുത്തുകാട്ടുന്നു. അനന്തരം അത് ചെന്നെത്തുന്നത് പ്രവാചകന്റെ നഗരത്തിലേക്കാണ്. അതുകഴിഞ്ഞ് 'പിന്‍മുറക്കാരി'ലേക്ക് വന്ന് 'ഈലോകമാര്‍ഗം' ചര്‍ച്ച ചെയ്യുന്നു. 

മൂന്നാമത്തെ ഭാഗം 'വിശ്വാസത്തിന്റെ ഫലങ്ങള്‍' ആണ്. നിയമവാഴ്ചയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു. മനുഷ്യന്‍ എന്ന വൈരുദ്ധ്യം ഇവിടെ പ്രധാന ചര്‍ച്ചാ വിഷയമായിത്തീരുന്നു. കല, പരിസ്ഥിതി, ആത്മീയ വാദം തുടങ്ങിയ വിഷയങ്ങള്‍ ഭംഗിയായി ചര്‍ച്ചാ വിഷയമാക്കുന്നു ഇവിടെ. 'ഇതര മാനങ്ങള്‍' എന്ന സമാപ്തിക ലേഖനത്തോടെ പുസ്തകം പൂര്‍ത്തിയാകുന്നു.

ഗായ് ഈറ്റന്റേത് വസ്തുതാ പഠനമല്ല, അതുള്‍ക്കൊണ്ടുകൊണ്ടുള്ള ജ്ഞാനസഞ്ചാരമാണ്. അദ്ദേഹത്തിന്റെ മറ്റു രചനകള്‍ മുമ്പില്‍ വെച്ചുകൊണ്ടു വേണം ഈ എഴുത്തുകാരനെ വിലയിരുത്താന്‍. കോട്ടകളുടെ രാജന്‍ (The King of Castle) എന്ന പുസ്തകത്തെക്കുറിച്ച് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഈറ്റണ്‍ തന്നെ ഊറ്റം കൊള്ളുന്നുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ വിലയിരുത്തി ഇസ്‌ലാമിനെ വായിച്ച പാശ്ചാത്യര്‍ മതമാശ്ലേഷിക്കാതെ തന്നെ ഇസ്‌ലാമിന്റെ കുറ്റമറ്റ സമഗ്രത എടുത്തുകാട്ടിയവരാണ്. എന്നാല്‍ ഗായ് ഈറ്റണ്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചു ആത്മസാക്ഷാത്കാരം നേടിയ സംതൃപ്തിയോടെ കാലയവനികക്കുള്ളില്‍ മറയുന്നു; ഫലം കായ്ക്കുന്ന ആശയങ്ങള്‍ അക്ഷരങ്ങളില്‍ ലോകത്തിന് വിട്ടേച്ചുകൊണ്ട്. പുസ്തകം അവസാനിക്കുന്നത് 'ഹജ്ജ്' എന്ന ഉപാസനയെ എടുത്തുപറഞ്ഞുകൊണ്ടാണ്. തീര്‍ഥാടകന്‍ എന്ന നിലയില്‍ കഅ്ബായെ ഏഴു തവണ പ്രദക്ഷിണം ചെയ്തു വന്നു നില്‍ക്കുകയാണ് ഗായ് ഈറ്റണ്‍. തുന്നിക്കൂട്ടാത്ത രണ്ട് തുണ്ട് തുണി മാത്രം വേഷമായി സ്വീകരിച്ച് പ്രപഞ്ചത്തിന്റെ അച്ചുതണ്ടിന്റെ ഭൂമിയിലുള്ള നിഴലില്‍ വന്നു നിന്നുകൊണ്ട് ലോകത്തോടു പറയാനുള്ളത് സമര്‍പ്പിക്കുകയാണ് ഗായ് ഈറ്റണ്‍. സമാപ്തിക വാക്യങ്ങള്‍ എ.പി. കുഞ്ഞാമു മൊഴിമാറ്റിയതിങ്ങനെ: ''അത് പ്രപഞ്ചത്തിന്റെ അച്ചുതണ്ടിന്റെ ഭൂമിയിലുള്ള നിഴലാണ്. ഈ അച്ചുതണ്ടിനു ചുറ്റുമാണ് താരനിബിഡമായ ആകാശങ്ങള്‍ സഞ്ചരിക്കുന്നത്. സ്വര്‍ഗലോകം, ഒരു പക്ഷെ ദൂരെ എവിടെയോ ആയിരിക്കാം, പക്ഷെ അവന്‍ അവിടെ എത്തിക്കഴിഞ്ഞു. ലോകാലോകങ്ങളുടെ നാഥനായ അല്ലാഹുവിന് സ്തുതി!'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍