Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

അനുസ്മരണം

കെ.പി ഹംസ മൗലവി മണ്ണാര്‍ക്കാട്  

ആദ്യകാലത്ത് മര്‍ഹൂം അബുല്‍ ജലാല്‍ മൗലവിയുടെ ശിഷ്യത്വത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വ്യക്തിയായിരുന്നു മണ്ണാര്‍ക്കാട്ടെ കെ.പി ഹംസ മൗലവി. പ്രാദേശിക ജമാഅത്തിലെ അംഗവും  കൊറ്റിയോട് ഹല്‍ഖയുടെ നാസിമുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളിദര്‍സില്‍ പഠിച്ച ഹംസ മൗലവി, അബുല്‍ ജലാല്‍ മൗലവിയുടെ ശ്രമ ഫലമായി കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ ഉപരിപഠനം നടത്തി. അരിപ്പനാഴി ജുമാമസ്ജിദ് (ഇപ്പോള്‍ കാഞ്ഞിരപ്പുഴ), മലമ്പുഴ, തച്ചമ്പാറ, കുന്നക്കാവ്, ഇരിമ്പിളിയം, മങ്കട, കൂട്ടില്‍, ചെര്‍പ്പുളശ്ശേരി, ഒലിപ്പുഴ തുടങ്ങി ഇരുപതില്‍ പരം മഹല്ലുകളില്‍ ഖാദി, ഇമാം, ഖത്തീബ്, മദ്രസാ അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും നിര്‍ബന്ധിതനായി ആദ്യഭാര്യയെ വിവാഹ മോചനം നടത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്. പിന്നീട് പാലക്കാട് മേപ്പറമ്പ് സ്വദേശി മര്‍ഹൂം നടുവില്‍ വീട്ടില്‍ അബ്ദുല്ല സാഹിബിന്റെ മകള്‍ ജമീലയെ വിവാഹം ചെയ്തു. വിവിധ സ്ഥലങ്ങളിലായി ധാരാളം വിദ്യാര്‍ത്ഥികളുള്ള ഹംസ മൗലവി, സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്കിടയിലും മക്കളുടെയും കുടുംബത്തിന്റെയും ഇസ്‌ലാമികവല്‍ക്കരണത്തിലും ധാര്‍മിക സാംസ്‌കരണത്തിലും പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ മക്കളെയും കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ താല്‍പര്യം കാണിക്കുകയും പ്രസ്ഥാനവുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്തു. കുടുംബ ബന്ധങ്ങളിലെ അനാഥത്വം അനുഭവിക്കേണ്ടി വന്നവരെ അദ്ദേഹവും ഭാര്യയും സ്വന്തം മക്കളായി ഏറ്റെടുത്ത് ഇസ്‌ലാമിക ശിക്ഷണം നല്‍കി വളര്‍ത്താറുണ്ടായിരുന്നു.

ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് നിരവധി പുതിയ കാല്‍വെപ്പുകള്‍ നടത്തിയ അബുല്‍ ജലാല്‍ മൗലവിയോടൊപ്പം ചേര്‍ന്ന് സുമനസ്സുകളുടെ പിന്തുണയോടെ കൊറ്റിയോട്, ചിറക്കല്‍പടി പ്രദേശങ്ങളില്‍ അദ്ദേഹം മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി മദ്‌റസകള്‍ സ്ഥാപിക്കുകയും വിദ്യാഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

നാട്ടുകാരുമായും അയല്‍വാസികളുമായും പ്രസ്ഥാന ബന്ധുക്കളുമായും  ഊഷ്മളമായ സ്‌നേഹ സൗഹൃദ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മരണം വരെയും ജമാഅത്തിന്റെ എല്ലാ യോഗങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും സ്വദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേരോട്ടം ലഭിക്കുവാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്തു.

1939-ല്‍ കരിക്കുംപുറത്ത് കുട്ടിപ്പ മുസ്‌ല്യാരുടെയും ഭാര്യ ഫാത്വിമയുടെയും മകനായി കൊറ്റിയോട് ജനനം. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ഖുത്വ്ബ്, ഹബീബ, ആബിദ, ഫൈസല്‍, അര്‍ശദ്, സുല്‍ഫത്ത്, ഇസാ മന്‍സൂര്‍.

എം.സി അബ്ദുല്ല, മണ്ണാര്‍ക്കാട്

എന്‍.പി അബ്ദുല്‍ കരീം

പ്രസ്ഥാനത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും വേണ്ടി മുഴുസമയം ഓടിനടന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മാവൂര്‍ തോള്‍കുഴി നെടുമ്പോക്കില്‍ അബ്ദുല്‍കരീം സാഹിബ് (60). പ്രസ്ഥാനത്തിന്റെയോ പോഷക സംഘടനകളുടെയോ വല്ല പരിപാടിയും തീരുമാനിച്ചുകഴിഞ്ഞാല്‍ അത് വിജയിപ്പിക്കുന്നതുവരെ അദ്ദേഹത്തിന് ഇരിക്കപ്പൊറുതിയുണ്ടാവാറില്ല. വിരലിലെണ്ണാവുന്നവരെ പങ്കെടുപ്പിച്ച് നടക്കുന്ന പരിപാടിയായാല്‍ പോലും നിശ്ചിത സമയത്തിന് വളരെ മുമ്പേ സ്ഥലത്തെത്തി സജ്ജീകരണങ്ങള്‍ ഒരുക്കി ആദ്യാവസാനം അദ്ദേഹമുണ്ടാകും. മൈക്ക് ഓപറേറ്ററെയടക്കം പിരിച്ചുവിട്ടശേഷം അവസാനത്തെ ആളായി മാത്രമേ സ്ഥലം വിടൂ. ശാരീരികപ്രയാസങ്ങള്‍ മറന്ന് യുവ പ്രവര്‍ത്തകര്‍ക്ക് ആവേശമായി അദ്ദേഹം എന്നും മുന്നില്‍ നടന്നു. ഈദ്ഗാഹ്, ഫിത്വ്ര്‍ സകാത്ത് വിതരണം, ബലികര്‍മം തുടങ്ങിയ  സംരംഭങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പ്രസ്ഥാനത്തിന് മറ്റൊരാളെ തേടേണ്ടി വരാറില്ല. ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് സംഘടനാ വേദികളില്‍ നിറഞ്ഞുനില്‍ക്കുമായിരുന്ന കരീം സാഹിബിന്റെ നഷ്ടം നികത്താനാവാത്തതാണ്. 

ഏറെക്കാലം ഐഡിയല്‍ വെല്‍ഫെയര്‍ വിംഗ് വളണ്ടിയറായിരുന്ന അദ്ദേഹം പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും സമ്മേളന നഗരികളില്‍ ചുറുചുറുക്കോടെ സേവനസന്നദ്ധനായി ഉണ്ടാകുമായിരുന്നു.  ചെറുപ്പകാലം മുതല്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ ഹല്‍ഖാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.  പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതൊരു കാര്യവും സന്തോഷത്താടെ ഏറ്റെടുത്ത് നിര്‍വഹിച്ചു. സ്വന്തം ആരോഗ്യ പ്രശ്‌നവും ഭാര്യയുടെ  വൃക്കസംബന്ധമായ രോഗവും ഉണ്ടാക്കിയ സമ്മര്‍ദങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കടുത്ത മാനസികപ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും തമാശകള്‍ പറഞ്ഞും സൗഹൃദം പങ്കുവെച്ചും ജനങ്ങള്‍ക്കിടയിലും സംഘടനാ വേദികളിലും നിറഞ്ഞുനിന്നു.  ഗ്രാസിം ഫാക്ടറിയില്‍ പള്‍പ്പ് ഡിവിഷനില്‍ തൊഴിലാളിയായിരുന്ന അബ്ദുല്‍ കരീം സാഹിബിന് നല്ലൊരു സുഹൃദ്‌വൃന്ദമുണ്ടായിരുന്നു. മാധ്യമത്തിന്റെ തുടക്കകാലത്തെ ഏജന്റായി പ്രവര്‍ത്തിച്ച അദ്ദേഹം പത്രത്തിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കാണ് വഹിച്ചത്. തുടക്കം മുതല്‍ തന്നെ മാവൂര്‍ ഐഡിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് അംഗമായ അദ്ദേഹം മാവൂര്‍ മസ്ജിദുല്‍ ഇഹ്‌സാന്റെ പരിപാലനത്തില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നു. അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെയും മദ്‌റസത്തുല്‍ ഇഹ്‌സാന്റെയും വളര്‍ച്ചക്കുവേണ്ടിയും പ്രയത്‌നിച്ചു.

സംഘടനാ സ്ഥാപന കാര്യങ്ങള്‍ നിര്‍വഹിച്ചും സഹപ്രവര്‍ത്തകരോട് ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്തും പിരിഞ്ഞ് രാത്രി വീട്ടിലെത്തിയ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ലൈസ് (മീഡിയാവണ്‍), ലുബൈബ് (സാംസങ് റേഡിയോ ഫ്രീക്വന്‍സി എന്‍ജിനീയര്‍, എറണാകുളം) മുഹമ്മദ് ഇല്‍യാസ് (ഖത്തര്‍), ലുബ്‌ന. മരുമക്കള്‍: സഹ്‌ലാസ് പുളിക്കല്‍, സിറാജ് പാലത്ത്,  മുഹ്‌സിന വാഴക്കാട്. 

ടി.എ അബൂബക്കര്‍

എം.കെ മഹ്മൂദ്

നാട്ടിലെ പ്രമുഖ പണ്ഡിതനും അനേകം പേരുടെ ഉസ്താദുമായിരുന്ന ഒരാളുടെ മകന്‍ നാടകവും സംഗീതവുമായി നടക്കുന്നത് പ്രദേശത്തുകാര്‍ക്കിടയില്‍ അമ്പരപ്പും അത്ഭുതവും സൃഷ്ടിച്ച കാര്യമായിരുന്നു. ജീവിതത്തില്‍ റിബലായിരുന്ന, പിന്നീട് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ തന്നെ എത്തിച്ചേര്‍ന്ന വ്യക്തിയായിരുന്നു എം.കെ മഹ്മൂദ് സാഹിബ്. പലരെയും പ്രസ്ഥാനത്തിലെത്തിച്ച വളപട്ടണത്തെ സി.വി അബൂബക്കര്‍ സാഹിബായിരുന്നു ഇദ്ദേഹത്തിനും പ്രചോദനം. പ്രസ്ഥാനവുമായി ബന്ധപ്പെട്ടതില്‍ പിന്നെ അദ്ദേഹത്തിന്റെ ജീവിതം ആ മാര്‍ഗത്തിലായി. പരന്ന വായനയില്‍ നിന്നും വിശാലമായ ജീവിതാനുഭവങ്ങളില്‍ നിന്നും ആര്‍ജിച്ച വിജ്ഞാനം പ്രസ്ഥാനത്തിന്റെയും ഇസ്‌ലാമിന്റെയും സന്ദേശം പരമാവധി സമൂഹത്തിലെത്തിക്കുന്നതില്‍ അദ്ദേഹം വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പഴയ കാല നാടക സുഹൃത്തുക്കളില്‍ 'ആശാന്‍' എന്നറിയപ്പെട്ട (നല്ല നാടക നടനും സംവിധായകനും തബലിസ്റ്റുമായിരുന്ന അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കള്‍ മിക്കവാറും സഹോദര സമുദായാംഗങ്ങളായിരുന്നു) ഇദ്ദേഹം ആ ബന്ധങ്ങള്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനുപയോഗിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ചിലപ്പോഴെങ്കിലും സഹപ്രവര്‍ത്തകരുടെ അനിഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 

അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു കക്കാട് പലിശ രഹിത പരസ്പര സഹായ സംഘം. വീടുവീടാന്തരം കയറിയിറങ്ങി അതിന് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനും അതിന്റെ ഭരണഘടന ഉണ്ടാക്കുന്നതിനും അദ്ദേഹം ഏറെ പ്രയത്‌നിച്ചു. കക്കാട് ബൈത്തുസ്സകാത്തിന്റെ പിറവിയിലും അദ്ദേഹത്തിന്റെ ശ്രമങ്ങളുണ്ട്. കക്കാട് ഹല്‍ഖയുടെയും പിന്നീട് രോഗശയ്യയിലാവുന്നതുവരെ അത്താഴക്കുന്നു ഹല്‍ഖയുടെയും നാസിമായിരുന്നു. തനിമ കലാസാഹിത്യവേദിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ വീടിന്റെ പേരും 'തനിമ' എന്നായിരുന്നു. 

സ്വന്തം പ്രശ്‌നങ്ങളെ എന്നും സധൈര്യം നേരിട്ട അദ്ദേഹം തന്നെ ബാധിച്ച രോഗത്തിന്റെ ചികിത്സക്ക് ആയുര്‍വേദം തെരഞ്ഞെടുത്തു. ഈ ചികിത്സാ രീതിയാണ് തന്നെ ഏറെ വര്‍ഷങ്ങള്‍ ജീവിപ്പിച്ചതെന്നും അദ്ദേഹം പറയുമായിരുന്നു. അറുപത് വയസ്സ് കഴിഞ്ഞാല്‍ ലഭിക്കുന്ന ജീവിതം തനിക്ക് ബോണസ്സാണെന്ന് തമാശയായി പറയുകയും ചെയ്യുമായിരുന്നു. 

കുടുംബത്തെ പ്രസ്ഥാനവത്കരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. ഭാര്യയും മക്കളുമൊക്കെ പ്രസ്ഥാന പ്രവര്‍ത്തകരായി മാറിയെന്നത് അദ്ദേഹത്തിന് അല്ലാഹു കൊടുത്ത അനുഗ്രഹമാണ്. 

സി.പി മുസ്ത്വഫ, കക്കാട്, കണ്ണൂര്‍

ഫഹ്മീ ഫിറാഷ്

കോയമ്പത്തൂരിലെ ജര്‍മന്‍ കമ്പനിയായ ബോഷില്‍ ജോലി ചെയ്തിരുന്ന മണ്ണാര്‍ക്കാട് ചിറക്കല്‍പടി ഉമര്‍ മാസ്റ്ററുടെ മകന്‍ ഫഹ്മീ ഫിറാഷ്, എം.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായിരുന്നു. 

കോയമ്പത്തൂരില്‍ ബോഷിന്റെ ആസ്ഥാനമായ ശരവണംപട്ടിയില്‍ ആദ്യമാദ്യം ജോലിക്കാര്‍ നമസ്‌കരിച്ചിരുന്നത് കമ്പ്യൂട്ടറിന് മുന്നിലുള്ള കസേരയില്‍ ഇരുന്നായിരുന്നു. കമ്പനിയുടെ നിയമപ്രകാരം നമസ്‌കാരത്തിന് അനുമതിയില്ലായിരുന്നു. അങ്ങനെ ഫഹ്മിയുടെ തുടര്‍ച്ചയായ ഇടപെടലിനൊടുവില്‍ നമസ്‌കരിക്കാന്‍ കമ്പനി തന്നെ സൗകര്യമൊരുക്കിക്കൊടുത്തു.

വെള്ളിയാഴ്ചകളില്‍ ഐ.ടി കമ്പനിയില്‍ നിന്ന് 4 കി.മീ അപ്പുറത്തുള്ള പള്ളിയിലേക്ക് എല്ലാ ജീവനക്കാരും ഒരുമിച്ചാണ് പോകുന്നത്. പള്ളിയില്‍ പോകാന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്കൊരു തുണയായി തുടങ്ങിയ കാബ് സര്‍വീസ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന് പിന്നിലും പ്രവര്‍ത്തിച്ചത് തുടക്കത്തില്‍ ഫഹ്മിയായിരുന്നു. സാധ്യമായ എല്ലാ തിങ്കളാഴ്ചകളിലും നോമ്പെടുത്തിരുന്ന ഫഹ്മി, കോയമ്പത്തൂര്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു. ഈ ആഗസ്റ്റില്‍ നടന്ന ഒരു വാഹനാപകടത്തിലായിരുന്നു അദ്ദേഹവും 6 മാസം പ്രായമുള്ള അദ്ദേഹത്തിന്റെ കുഞ്ഞും മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭാര്യയും രണ്ടു മക്കളും ചികിത്സയിലാണ്. 

എം. റബീബ് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍