Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

അഭയാര്‍ഥി പ്രതിസന്ധിയും യൂറോപ്യന്‍ യൂനിയന്‍ ഭരണക്രമത്തിലെ അപാകതകളും

സി.ജെ പോളിക്രോണി /വിശകലനം

         2000 ല്‍ രൂപപ്പെട്ട യൂറോപ്യന്‍ പ്രതിസന്ധി, യൂറോസോണിന്റെ ഭരണ നിര്‍വഹണ രീതിയുടെ തകര്‍ച്ച കാട്ടിത്തരികയുണ്ടായി. സാമ്പത്തിക രാഷ്ട്രീയ  നയ സമീപനങ്ങളിലെ ഐക്യമില്ലായ്മ, പലിശ  നിരക്കുകള്‍ യൂറോസോണില്‍ ഉണ്ടാക്കുന്ന വ്യത്യാസങ്ങള്‍ വളരെയധികം വര്‍ധിപ്പിച്ചിരുന്നു. ഇത്   ഗ്രീസിനെയും യൂറോപ്യന്‍ യൂനിയനിലെ മറ്റു അപ്രധാന രാജ്യങ്ങളെയും അന്താരാഷ്ട്ര ക്രെഡിറ്റ് മാര്‍ക്കറ്റുമായി ബന്ധം സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ട്, ഭാവിയില്‍ പ്രതികൂലമായി ബാധിക്കുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ യൂനിയന്റെയും ഐ.എം.എഫിന്റെയും 'രക്ഷാ ഉടമ്പടികള്‍' (റെസ്‌ക്യൂ ഡീല്‍സ്) സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കി. അഞ്ചു വര്‍ഷത്തിനു ശേഷവും യൂറോപ്പിലെ അപ്രധാന രാജ്യങ്ങളില്‍ മിക്കവയും  ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലും മാന്ദ്യത്തിലും കഴിയുന്നത് യൂറോപ്പിന് നിലപാടെടുക്കേണ്ട  പുതിയ വിഷയമായിത്തീര്‍ന്നിട്ടുണ്ട്.

ഭരണക്രമത്തിലെ അപാകതകള്‍

യുദ്ധം വിനാശം വിതച്ച രാജ്യങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിനാളുകള്‍ തങ്ങളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ട് യൂറോപ്പിലേക്ക് രക്ഷ തേടി വരുന്ന ഇപ്പോള്‍ 'കുടിയേറ്റ പ്രശ്‌നമെന്ന്' ലഘൂകരിച്ച് വിളിക്കപ്പെടുന്ന പ്രശ്‌നം യൂറോപ്യന്‍ യൂനിയന്‍ ഭരണക്രമത്തിലെ വന്‍ അപാകതകളെ മൊത്തത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. യുക്തിയുക്തമായ ഒരു പൊതു യൂറോപ്യന്‍ കുടിയേറ്റ നയത്തിന്റെ അഭാവത്തില്‍, വ്യത്യസ്തമായ കുടിയേറ്റ നയങ്ങള്‍ അംഗരാജ്യങ്ങള്‍ പിന്തുടരുന്നത് ദുരന്ത ജീവിതങ്ങളെ മൊത്തം ബ്ലാക്ക് മാര്‍ക്കറ്റിലേക്കു തള്ളിവിടുകയും മെഡിറ്ററേനിയന്‍ സമുദ്ര മേഖലയെ ഒന്നാകെ ശവപ്പറമ്പാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ പ്രതിസന്ധി മുമ്പുണ്ടായ പ്രതിസന്ധി പോലെത്തന്നെ യൂറോപ്യന്‍ യൂനിയന്‍ സ്ഥാപനങ്ങളുടെ ഉപയോഗശൂന്യത പുറത്തുകൊണ്ടുവരിക മാത്രമല്ല പല യൂറോപ്യന്‍ സംസ്‌കാരിക അടരുകളിലെയും വംശീയതക്ക് അടിവരയിടുക കൂടി ചെയ്യുന്നുണ്ട്.

ഒരു കോര്‍പ്പറേറ്റ് അസ്തിത്വമായി വലിയ അളവില്‍ മനസ്സിലാക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യൂറോപ്യന്‍ യൂനിയന്‍, വാണിജ്യ സാമ്പത്തിക മേഖലകള്‍ക്ക്  പിന്നില്‍ നിര്‍ത്തി മറ്റു പല പ്രധാന മേഖലകളെയും തികഞ്ഞ അവഗണനയില്‍ തള്ളിയിരിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിനും കമ്മീഷന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനും അധികമൊന്നും ഇടപെടാന്‍ കഴിയാത്ത, തങ്ങള്‍ക്കു ഉചിതമെന്ന് തോന്നുന്ന നിലപാട്  സ്വീകരിക്കാനും നടപ്പിലാക്കാനും അംഗരാജ്യങ്ങള്‍ക്ക് അനുവാദമുള്ള രാജ്യസുരക്ഷയുടെ പ്രശ്‌നമായിട്ടാണ് മിക്ക യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളും കുടിയേറ്റത്തെ കാണുന്നത്. അത്തരത്തില്‍ ഏകീകൃതമായൊരു കുടിയേറ്റ നയസമീപനം ഇല്ലെന്നു മാത്രമല്ല, സമീപ ഭാവിയില്‍ ഒരു  ഫെഡറല്‍ സ്റ്റേറ്റ് സംവിധാനമെന്ന ദിശയിലേക്ക് സഞ്ചരിക്കാന്‍ യൂറോപ്പ് ചെറിയ തോതിലെങ്കിലും താല്‍പര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യതായിരിക്കുന്നു. യൂറോപ്യന്‍ യൂനിയനിലും യൂറോസോണിലും ഷെംഗന്‍ (Schengen) ഏരിയയിലും അംഗമായ സ്ലോവാക്യ ഒരു ലജ്ജയുമില്ലാതെ തുറന്നു  പറഞ്ഞത്, ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി  മറ്റു യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളോടൊപ്പം  ഇരുനൂറ് സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്നും എന്നാല്‍ ഒരേയൊരു നിബന്ധന അവര്‍ ക്രിസ്ത്യാനികള്‍ ആയിരിക്കണമെന്നുമാണ്.

വംശീയ മുന്‍വിധികള്‍

ഇതേ കാരണത്താല്‍ തന്നെ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ ഹംഗറി അഭയാര്‍ഥികള്‍ പ്രവേശിക്കാതിരിക്കാനായി ഒരു മതില്‍ നിര്‍മിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തു നിന്നു വരുന്ന അഭയാര്‍ഥികളെ  രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി പോലീസിന് അധികാരം  നല്‍കുന്ന നിയമം അടുത്തിടെ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. സ്ലോവാക്യ, ഹംഗറി പോലുള്ള രാജ്യങ്ങളുടെ വംശീയ മുന്‍ ധാരണകളിലധിഷ്ഠിതമായ  ഏകശിലാത്മക ദേശീയ സങ്കല്‍പ്പങ്ങളാല്‍ പ്രചോദിതമായ കുടിയേറ്റ നയങ്ങള്‍ മനുഷ്യാവകാശങ്ങളെ വ്യക്തമായി ലംഘിക്കുന്നുണ്ടെങ്കിലും, നിലവിലെ യൂറോപ്യന്‍ യൂനിയന്‍ ഭരണക്രമത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. യൂറോപ്പിന്റെ സാമ്പത്തിക വാണിജ്യ നയങ്ങള്‍ക്കപ്പുറത്തേക്ക് യൂറോപ്യന്‍ ഏകീകരണ  പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ പ്രത്യക്ഷ ഫലമാണ് ഏകീകൃത കുടിയേറ്റ നയത്തോടുള്ള അംഗരാജ്യങ്ങളുടെ എതിര്‍പ്പുകള്‍.

ഇതെല്ലാം നല്‍കുന്ന സന്ദേശം അംഗരാജ്യങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന  സങ്കല്‍പ്പത്തിലേക്ക് വലിയ രീതിയില്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നേറുന്നു എന്നതാണ്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല  മെര്‍ക്കര്‍ സൂചിപ്പിച്ചത് ഈ ദശാബ്ദത്തില്‍ യൂറോപ്പിന്റെ രൂപത്തെയും ഭാവിയെയും കുടിയേറ്റം രൂപപ്പെടുത്തുമെന്നായിരുന്നു. എന്നിരുന്നാലും മെഡിറ്ററേനിയന്‍ കടലില്‍ ജനങ്ങള്‍ മുങ്ങി മരിക്കുന്ന ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ കാഴ്ച പുതിയൊരു  പ്രതിഭാസമല്ല. യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ഇരുപതിനായിരത്തില്‍ കൂടുതല്‍ പേര്‍ തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടു മുതല്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ഇനി കുടിയേറ്റ പ്രശ്‌നം  എന്നു പറയപ്പെടുന്നതിന്റെ പശ്ചാത്തലം പരിശോധിക്കാം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നയങ്ങളുടെ ഫലമായാണ് യുദ്ധം കീറി മുറിച്ച രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ യൂറോപ്പിലേക്ക് തങ്ങളുടെ വഴി കണ്ടെത്തുന്നത്.ലിബിയ, സിറിയ പോലുള്ള രാജ്യങ്ങളില്‍ ജര്‍മന്‍ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്. എന്നിട്ടും ആ രാജ്യങ്ങളില്‍ നിന്നു വരുന്ന  കടിയേറ്റക്കാരോട് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ജര്‍മനിക്ക് തോന്നുന്നില്ല.

കുടിയേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുറന്ന അതിര്‍ത്തികളുളള ഒരു യൂറോപ്പാണെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍  നിലവിലെ അവസ്ഥയില്‍ ഏകീകൃതമായൊരു കുടിയേറ്റ നയമില്ലാത്തത് പല അര്‍ഥത്തില്‍ ദുരിതമാണ്. കുടിയേറ്റമെന്നത് പൂര്‍ണമായും അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളുടെ കൈയിലായതിനാല്‍ ന്യായമായും അഭയാര്‍ഥിത്വം ലഭിക്കേണ്ടവരെ ഭീകരവാദികളില്‍ നിന്ന് വേര്‍തിരിക്കുകയെന്നത് അസാധ്യമായിത്തീരുന്നു. കുടിയേറ്റ പ്രശ്‌നത്തിനുള്ള  പരിഹാരം കുടിയേറ്റക്കാര്‍ വരുന്ന രാജ്യങ്ങളെയും മേഖലകളെയും  അസ്ഥിരപ്പെടുത്തുന്നതിനു പകരം സ്ഥിരപ്പെടുത്താന്‍ നോക്കുന്ന സജീവമായൊരു  വിദേശനയം യൂറോപ്യന്‍ യൂനിയനുണ്ടാവുക എന്നതാണ്. ഇത്തരം ചുവടുവെപ്പുകളെടുക്കാതിരുന്നാല്‍ അഭയാര്‍ഥികളുമായി  ബന്ധപ്പെട്ട യൂറോപ്പിന്റെ പ്രശ്‌നബാധിതമായ സാഹചര്യങ്ങള്‍ ഇടക്കിടെ  പൊട്ടിത്തെറികളുണ്ടാക്കി (പരിസ്ഥിതി ദുരന്തങ്ങള്‍മൂലമുണ്ടാകുന്ന അഭയാര്‍ഥികളായിരിക്കും ഒരു പക്ഷേ അടുത്ത കുടിയേറ്റ പ്രവാഹമായിത്തീരുക) യൂറോപ്പിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ അനിശ്ചിതമായി തുടരും.

(യൂറോപ്പിലും അമേരിക്കയിലും രാഷ്ട്ര മീമാംസയും രാഷ്ട്രീയ ധനതത്ത്വശാസ്ത്രവും പഠിപ്പിക്കുകയാണ് ലേഖകന്‍)

മൊഴിമാറ്റം:അബ്ദുല്‍ കബീര്‍ എം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍