Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

അവര്‍ക്ക് വേണം സ്വസ്ഥതയുടെ ഒരു നുള്ള് ഭൂമി

പി.കെ നിയാസ് /കവര്‍‌സ്റ്റോറി

         സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത് മറ്റു രാജ്യങ്ങളുടെ കനിവിനായി യാചിക്കുന്ന ലക്ഷങ്ങളുടെ രോദനം തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിട്ടു. യുദ്ധം ജീവന്‍ അപഹരിച്ച രണ്ടര ലക്ഷം ജനങ്ങളുടെയും അഭയാര്‍ഥികളാക്കപ്പെട്ട നാല്‍പതു ലക്ഷത്തിന്റെയും കണക്കുകളൊന്നും ലോകത്തെ പിടിച്ചുകുലുക്കാന്‍ പര്യാപ്തമായിരുന്നില്ല. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,500 കവിഞ്ഞിട്ടും ഏകാധിപത്യ ഭരണകൂടങ്ങളുടെയും യുദ്ധം സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെയും മനസ്സിന് ഒരു ഇളക്കവുമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് മരവിച്ച ലോകത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കാന്‍ അയ്‌ലാന്‍ കുര്‍ദി എന്ന  മൂന്നുവയസ്സുകാരന്‍ എത്തുന്നത്. യുദ്ധഭൂമിയില്‍നിന്ന് സമാധാനത്തിന്റെ തുണ്ടുഭൂമി തേടിയിറങ്ങിയതായിരുന്നു അബ്ദുല്ല കുര്‍ദിയും കുടംബവും. അവര്‍ സഞ്ചരിച്ച ബോട്ട് നടുക്കടലില്‍ മുങ്ങിയതോടെ തുര്‍ക്കി തീരത്തടിഞ്ഞ ചേതനയറ്റ കൊച്ചു ബാലന്റെ ചിത്രങ്ങള്‍ ലോകത്തിന്റെ വേദനയായത് വളരെ പെട്ടെന്നായിരുന്നു. കുടിയേറ്റക്കാരെ ഭീകരവാദികളായി കണ്ടവര്‍ പോലും രണ്ടിറ്റ് കണ്ണീര്‍ പൊഴിക്കാന്‍ മാത്രം നൊമ്പരമുളവാക്കുന്നതായിരുന്നു പിഞ്ചു കുഞ്ഞിന്റെ ചിത്രം. ഉപ്പയെ മാത്രം ബാക്കിയാക്കി അയ്‌ലാനും സഹോദരനും ഉമ്മയും ലോകത്തോട് വിടപറഞ്ഞപ്പോഴാണ് അഭയാര്‍ഥികളും മനുഷ്യരാണെന്ന യാഥാര്‍ഥ്യം ചിലര്‍ക്കെങ്കിലും ബോധ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തുര്‍ക്കി തീരമായ ബോദ്രമില്‍നിന്ന് നാലു കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗ്രീക്ക് ദ്വീപായ കോസിലേക്ക് നീന്തിക്കടക്കാന്‍ ശ്രമിച്ച ആറ് സിറിയന്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചപ്പോഴാണ് സങ്കീര്‍ണമായ ഈജിയന്‍ കടലിലെ ദുരന്തങ്ങള്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. കോസ് സംഭവം അഭയാര്‍ഥി പ്രതിസന്ധിയുടെ അവസാനത്തെ രോദനമായിരുന്നില്ല. ആഗസ്റ്റ് അവസാന വാരം ലോകം ഞെട്ടിയത് അഭയാര്‍ഥികളുടെ കരളലിയിക്കുന്ന ദുരന്ത കഥകള്‍ കേട്ടാണ്. ഓസ്ട്രിയയില്‍ എഴുപതിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ ഒരു ട്രക്കില്‍ ശ്വാസംമുട്ടി മരിച്ചതും ലിബിയന്‍ തീരത്ത് ബോട്ടു മുങ്ങി 200-ലേറെ പേര്‍ മുങ്ങി മരിച്ചതും അവസാനിക്കാത്ത ദുരന്തങ്ങളുടെ നേര്‍ചിത്രങ്ങളായിരുന്നു.  

അസഹിഷ്ണുത

യുദ്ധഭൂമിയില്‍നിന്ന് ജീവിതം തേടി കടല്‍ കടന്നെത്തുന്നവരോട് പല യൂറോപ്യന്‍ രാജ്യങ്ങളും ഒട്ടും ദാക്ഷിണ്യമില്ലാതെയാണ് പെരുമാറിയത്. യൂറോപ്പിനെ മുസ്‌ലിംകള്‍ വിഴുങ്ങാന്‍ പോകുന്നുവെന്ന തരത്തിലാണ് പല  ഗവണ്‍മെന്റുകളും മാധ്യമങ്ങളും വിഷയം അവതരിപ്പിച്ചത്. കുടിയേറ്റക്കാരെ അതിനീചമായ ഭാഷയില്‍ അവഹേളിക്കുന്നതില്‍ മുന്‍പന്തിയില്‍ ബ്രിട്ടീഷ് മാധ്യമങ്ങളായിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ഥികള്‍ പത്രങ്ങള്‍ക്ക് കേവലം ക്രിമിനലുകളായിരുന്നു. ബ്രിട്ടന്റെയും യൂറോപ്പിന്റെയും സമ്പത്ത് ഊറ്റിയെടുക്കാനുള്ള പുറപ്പാടെന്നാണ് ഡെയിലി എക്‌സ്പ്രസ് അവരെ ആക്ഷേപിച്ചത്. ഡെയിലി മെയില്‍ ഉപമിച്ചത് ഹിറ്റ്‌ലറോട്. നാസികളെ തടുത്തുനിര്‍ത്തിയ ബ്രിട്ടന് എന്തുകൊണ്ട് കുടിയേറ്റക്കാരെ തടയാനാകുന്നില്ല എന്നായിരുന്നു പത്രത്തിന്റെ ചോദ്യം. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രുരന്മാരായ ചില കോളമിസ്റ്റുകളും തനിനിറം പുറത്തെടുത്തു. സണ്‍ പത്രത്തിലെ കോളമിസ്റ്റ് കെയ്റ്റ് ഹോപ്കിന്‍സ് എഴുതി: ''അഭയാര്‍ഥികള്‍ക്ക് രക്ഷാബോട്ടുകളല്ല അയച്ചുകൊടുക്കേണ്ടത്, ഞാനാണെങ്കില്‍  പടക്കപ്പലാണ് അയച്ചുകൊടുക്കുക.'' 

പത്രങ്ങളുടെ ഈ നിലപാട് ബ്രിട്ടന്റെ പൊതുവികാരമായി മാറിയെന്നും 216 സിറിയക്കാര്‍ക്ക് മാത്രം രാജ്യത്ത് താമസിക്കാന്‍ അനുവാദം നല്‍കാമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനത്തിനു പിന്നില്‍ ഈ മാധ്യമ സ്വാധീനമുണ്ടെന്നും ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ കുടിയേറ്റകാര്യ വിദഗ്ധന്‍ ഫ്രാങ്ക് ഡുവെല്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനിലെ മൊത്തം സീറ്റുകളുടെ എണ്ണത്തേക്കാള്‍ (300 സീറ്റുകള്‍) കുറഞ്ഞ അഭയാര്‍ഥികളെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന ബ്രിട്ടന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി. ജര്‍മനി എട്ടു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയാറാവുമ്പോള്‍ വന്‍ ശക്തിയായ ബ്രിട്ടന്റെ നടപടി അങ്ങേയറ്റം പരിഹാസ്യമാണെന്ന് സോഷ്യല്‍ മീഡിയ ഉറക്കെപ്പറഞ്ഞു.

അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ്പ് സ്വീകരിച്ച നയം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മെഡിറ്ററേനിയന്‍ കടല്‍ ശവപ്പറമ്പാക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങളെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ വിമര്‍ശം പ്രശ്‌നത്തിന്റെ ഭീകരതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഇത്തരമൊരു വിമര്‍ശം നടത്താന്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെയാണ് ഉര്‍ദുഗാന്‍. സ്വന്തം നാട്ടില്‍ ഇതിനകം 20 ലക്ഷത്തോളം സിറിയക്കാര്‍ക്ക് അഭയം നല്‍കി മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചയാളാണ് അദ്ദേഹം. ഉര്‍ദുഗാന്‍ ഇതു പറഞ്ഞത് അഭയാര്‍ഥികളോടുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് കൂടി കണ്ടായിരുന്നു. മതാതീതമായി മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നൊക്കെ പെരുമ്പറയടിക്കുന്ന യൂറോപ്പിന്റെ തിരുമുറ്റത്തുനിന്നാണ് അഭയാര്‍ഥികളോടുള്ള സമീപനത്തില്‍ പോലും വര്‍ഗീയതയുടെയും വംശീയതയുടെയും സ്വരങ്ങള്‍ പ്രകടമായത്. പഴയ ചെക്കോസ്ലവോക്യയില്‍നിന്ന് വേര്‍പിരിഞ്ഞ സ്ലോവോക്യന്‍ റിപ്പബ്ലിക്ക് 200 സിറിയന്‍ അഭയാര്‍ഥികളെ മാത്രം സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ ക്രിസ്ത്യാനികള്‍ ആയിരിക്കണമെന്ന ഉപാധിയും മുന്നോട്ടുവെക്കുകയുണ്ടായി. അതിന് പറഞ്ഞ ന്യായമാണ് രസകരം. സ്ലോവോക്യയില്‍ മുസ്‌ലിം പള്ളികള്‍ ഇല്ലത്രെ! (വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ആഗസ്റ്റ് 19).

1,100 അഭയാര്‍ഥികളെയെങ്കിലും സ്വീകരിക്കണമെന്ന യൂറോപ്യന്‍ യൂനിയന്റെ അഭ്യര്‍ഥനയോട് സ്ലോവോക്യയുടെ ഔദ്യോഗിക പ്രതികരണമാണ് മുകളില്‍ ചൂണ്ടിക്കാട്ടിയത്. സിറിയയിലെ കുഴപ്പങ്ങളുമായി തന്റെ രാജ്യത്തിന് യാതൊരു ബന്ധവുമില്ലെന്നും പിന്നെയെന്തിന് അഭയാര്‍ഥികളുടെ ഭാരം പേറണമെന്നുമാണ് സ്ലോവോക്യന്‍ പ്രസിഡന്റ് റോബര്‍ട്ട് ഫിക്കോയുടെ ചോദ്യം. ലിബിയയില്‍ കുഴപ്പമുണ്ടാക്കുകയും ബോംബ് വര്‍ഷിച്ച് ഗദ്ദാഫിയെ പുറത്താക്കുകയും ചെയ്തത് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു. വടക്കേ ആഫ്രിക്കയിലെ കുഴപ്പങ്ങള്‍ക്കു പിന്നില്‍  സ്ലോവോക്യയല്ലല്ലോ എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കുടിയേറ്റക്കാരായ 500 പേര്‍ക്ക് താല്‍ക്കാലികമായി അഭയം നല്‍കണമോയെന്ന് തലസ്ഥാനമായ ബ്രാറ്റിസ്‌ലാവക്കു സമീപത്തെ ഒരു ഗ്രാമത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 97 ശതമാനത്തിന്റെയും പ്രതികരണം പ്രതികൂലമായിരുന്നു.  ക്രിസ്ത്യന്‍ രാജ്യമായ സ്ലോവോക്യയില്‍ കുടിയേറാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കിയാല്‍ അവിടെ അവര്‍ പള്ളികള്‍ പണിത് രാജ്യത്തിന്റെ സംസ്‌കാരം തന്നെ മാറ്റിമറിക്കുമെന്നാണ് പ്രസിഡന്റിന്റെ ആശങ്ക. ഇത് പരസ്യമായി പറയുകയും ചെയ്യുന്നു അദ്ദേഹം. അമ്പതു ലക്ഷത്തോളം വരുന്ന സ്ലോവോക്യന്‍ ജനതയില്‍ 0.2 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. 

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറി, ചെക് റിപ്പബ്ലിക്, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍, വിശിഷ്യ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെതിരെ ശക്തമായി രംഗത്തുണ്ട്. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുടിയേറ്റക്കാരോട് പരസ്യമായി അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ്. ഇടതുപക്ഷ നയങ്ങളാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന് വഴിവെച്ചതെന്ന് ഓര്‍ബന്‍ കുറ്റപ്പെടുത്തുകയുണ്ടായി. അഭയാര്‍ഥികളെ തടയാന്‍ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടുന്ന തിരക്കിലാണ് ഭരണകൂടം.

ബ്ലോക്ക് എഗെന്‍സ്റ്റ് ഇസ്‌ലാം എന്ന തീവ്ര വലതുപക്ഷ സംഘടന മുസ്‌ലിം കുടിയേറ്റക്കാരുടെ വരവിനെതിരെ ചെക്ക് റിപ്പബ്ലിക്കില്‍ 145,000 പേര്‍ ഒപ്പിട്ട ഭീമ ഹരജി തന്നെ തയാറാക്കി. മിക്ക കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്‌ലിം ജനസംഖ്യ ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും ഇസ്‌ലാമോഫോബിയ കൂടുതല്‍ രൂക്ഷത പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പന്നികളെ ധാരാളമായി ഉല്‍പാദിപ്പിച്ച് മുസ്‌ലിം പള്ളികള്‍ക്ക് മുമ്പില്‍ അവയുമായി പരേഡ് നടത്താന്‍ ചെക് റിപ്പബ്ലിക്കിലെ ഒരു തീവ്ര വലതുപക്ഷ നേതാവ് ആഹ്വാനം ചെയ്തത് ഈ വര്‍ഷാദ്യമായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ വിഷം തുപ്പുന്ന ഇയാള്‍ (തോമിയോ ഒകാമുറ) ജപ്പാനില്‍നിന്ന് കുടിയേറിപ്പാര്‍ത്തയാളാണ് എന്നതാണ് രസകരം! രാജ്യത്തെ ഏറ്റവും ജനകീയനായ മൂന്നാമത്തെ രാഷ്ട്രീയ നേതാവാണത്രെ ഇയാള്‍. ഇസ്‌ലാം വിദ്വേഷം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ ഒരു സാമ്പിള്‍ മാത്രമാണിത്. 

കടമ മറന്നവര്‍

യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്ത് കടുത്ത ശിക്ഷ നല്‍കേണ്ട നീചനായ ബശ്ശാറുല്‍ അസദാണ് കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ലോകത്തിന്റെ കണ്ണീരായ  സിറിയന്‍ പ്രശ്‌നത്തിന് മുഖ്യ കാരണക്കാരന്‍ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും നാല്‍പതു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്ത ഈ മഹാദുരന്തത്തിന് അസദിനെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ലോക സമൂഹത്തിന് സാധ്യമല്ല. അസദിനെ താങ്ങിനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങള്‍ക്കും സിറിയയുടെ പകുതിയും വിഴുങ്ങിക്കഴിഞ്ഞ മനുഷ്യപ്പിശാചുക്കളായ ഐസിസിനെ സൃഷ്ടിച്ച് പരിപാലിക്കുന്നവര്‍ക്കും, സിറിയയിലെ വിവിധ മിലീഷ്യകള്‍ക്കായി ബില്യന്‍ കണക്കിന് ഡോളറുകള്‍ വാരിയെറിഞ്ഞുകൊടുക്കുന്ന ഭരണകൂടങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. കൊല്ലപ്പെട്ട ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തത്തിനും ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് പലായനം ചെയ്തവരുടെ ദുരിതങ്ങള്‍ക്കും പിന്നില്‍ ചെറുതല്ലാത്ത പങ്ക് ഇവര്‍ക്കുമില്ലേ? എന്നിട്ടും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള സന്മനസ്സ് പോലും പ്രകടിപ്പിക്കാത്തതിനെ കുറിച്ച് എന്തു പറയണം? അമ്പത് ലക്ഷം ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള അറബ് ലോകത്തേക്ക് എന്റെ മകന്‍ പിറന്നുവീണപ്പോള്‍ അവനൊരിടം ഈ മണ്ണിലുണ്ടോയെന്ന ആശങ്കയിലായിരുന്നുവെന്ന് ഫലസ്ത്വീനിയന്‍ ബ്ലോഗറും ആക്റ്റിവിസ്റ്റുമായ ഇയാദ് അല്‍ ബഗ്ദാദി പറഞ്ഞത് ഓര്‍മ വരുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരു അറബ് നാട്ടില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ് ഇയാദ്.  നോര്‍വീജിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ സിറിയന്‍ അഭയാര്‍ഥി സുഹൃത്തുക്കളുമായി കഴിച്ചുകൂട്ടിയതിനെപ്പറ്റി ട്വിറ്ററില്‍ ഇയാദ് കുറിച്ചിട്ടു: ''എനിക്ക് പൊരുത്തപ്പെടാനാവുന്നില്ല... വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ട മൂന്ന് മുതിര്‍ന്ന അറബ് മുസ്‌ലിംകള്‍ അങ്ങകലെ ഒരു സ്‌കാന്റിനേവിയന്‍ രാജ്യത്ത് അഭയാര്‍ഥികളായി കഴിയുമ്പോള്‍...''

അഭയാര്‍ഥികള്‍ ആരെന്നും അവരുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്നും ഐക്യരാഷ്ട്ര സഭയുടെ 1951-ലെ റെഫ്യൂജി കണ്‍വെന്‍ഷന്‍ വിശദീകരിക്കുന്നുണ്ട്. അഭയാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ പ്രോട്ടോകോളില്‍  ഒപ്പുവെച്ച മുസ്‌ലിം രാജ്യങ്ങള്‍ വിരലിലെണ്ണാന്‍ പോലുമില്ല. അഞ്ച് അറബ് രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നു പോലുമില്ല.അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് യു.എന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവെക്കേണ്ട ആവശ്യമില്ല. അതവരുടെ ഇസ്‌ലാമിക ഉത്തരവാദിത്തമാണ്. ഒരു കാലത്ത് ഫലസ്ത്വീന്‍ അഭയാര്‍ഥികളെ കൈയും നീട്ടി സ്വീകരിക്കുകയും അവര്‍ക്ക് ജോലിയും കിടപ്പാടവും പൗരത്വവും നല്‍കിയവരുമാണ് ഒട്ടേറെ മുസ്‌ലിം രാജ്യങ്ങള്‍. 1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് ജന്മനാട്ടില്‍നിന്ന് പുറന്തള്ളപ്പെട്ട ആയിരക്കണക്കിന് കുവൈത്തി പൗരന്മാര്‍ക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ അഭയം ശ്രദ്ധേയമായിരുന്നു. സുഊദി അറേബ്യയായിരുന്നു ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചത്. ജിദ്ദ നഗര മധ്യത്തില്‍ മുഴുവന്‍ സുഖ സൗകര്യങ്ങളുമുള്ള വലിയ കെട്ടിട സമുച്ചയം തന്നെ കുവൈത്തികള്‍ക്കായി പണിതു. പക്ഷേ, അവിടെ രാപ്പാര്‍ക്കാന്‍ കുവൈത്തികള്‍ ഉണ്ടായിരുന്നില്ല എന്നതു മറ്റൊരു കാര്യം. എന്നാല്‍, ഇരുപത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍, ആധുനിക ലോകത്തെ നീറുന്ന അഭയാര്‍ഥി പ്രശ്‌നത്തോട് സമ്പന്ന മുസ്‌ലിം രാജ്യങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ഒരു നിലയിലും ന്യായീകരിക്കാനാവാത്തതാണ്. അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം യൂറോപ്യരുടെ കരളലിയിച്ചെങ്കില്‍ മുസ്‌ലിം രാഷ്ട്ര നേതാക്കളില്‍നിന്ന് അതുപോലുമുണ്ടായില്ലെന്ന വിമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്തിനധികം, അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ പോപ്പ് പോലും ആഹ്വാനം പുറപ്പെടുവിച്ചുകഴിഞ്ഞു. 

റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പലായനമായിരുന്നു അടുത്ത കാലത്തായി മുസ്‌ലിം രാജ്യങ്ങള്‍ അഭിമുഖീകരിച്ച ആദ്യ ടെസ്റ്റ് ഡോസ്. വിഷയത്തെ ആത്മാര്‍ഥതയോടെ സമീപിക്കുന്നതില്‍ മുസ്‌ലിം ലോകം ദയനീയമായി പരാജയപ്പെട്ടു. ബുദ്ധ തീവ്രവാദികളുടെ നിഷ്ഠുരതയും അതിന് കൂട്ടുനിന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നിലപാടുകളും കാരണം രാജ്യത്തുനിന്ന് പുറന്തള്ളപ്പെട്ട സ്വന്തം സഹോദരങ്ങള്‍ ആഴക്കടലില്‍ ആഴ്ചകളോളം മരണത്തോട് മല്ലടിക്കുമ്പോഴും തിരിഞ്ഞുനോക്കാന്‍ സമീപത്തെ മുസ്‌ലിം ഭരണകൂടങ്ങള്‍ തയാറായില്ല. അഭയാര്‍ഥികള്‍ നടുക്കടലില്‍ മരിച്ചുജീവിക്കുമ്പോള്‍ അവരെ കരയ്ക്കടുപ്പിക്കില്ലെന്നായിരുന്നു രണ്ടു പ്രമുഖ മുസ്‌ലിം രാജ്യങ്ങളായ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും പ്രതികരണം. റോഹിങ്ക്യകളെ തീവ്രവാദികളും ഭീകരവാദികളുമായി അധിക്ഷേപിക്കുകയും സ്വന്തം രാജ്യത്തുനിന്ന് അവരെ ആട്ടിപ്പായച്ചതില്‍ അഭിമാനം കൊള്ളുകയും ചെയ്തു ബംഗ്ലാദേശിലെ ഹസീന വാജിദ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സ് റോഹിങ്ക്യകള്‍ക്ക് മാനുഷിക ഹസ്തം നീട്ടിയപ്പോഴാണ് ഇന്തോനേഷ്യക്കും മലേഷ്യക്കും നാണം തോന്നിയത്. പരിമിതമായ അളവില്‍ പുനരധിവാസം നല്‍കാമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചത് തുര്‍ക്കിയും ഖത്തറും പ്രശ്‌നത്തില്‍ ഇടപെട്ടപ്പോഴാണ്. ഇപ്പോള്‍ ഇന്തോനേഷ്യയിലും മലേഷ്യയിലുമുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായതിന്റെ ഇരട്ടി തുക (അഞ്ചു കോടി ഡോളര്‍) സഹായം ഖത്തര്‍ പ്രഖ്യാപിച്ചപ്പോള്‍ തുര്‍ക്കി പത്തു ലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചതിനു പുറമെ കടലില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ രക്ഷിക്കാന്‍ കപ്പല്‍ അയച്ചുകൊടുത്തു. അറിഞ്ഞേടത്തോളം മറ്റൊരു മുസ്‌ലിം രാജ്യവും റോഹിങ്ക്യകള്‍ക്ക് സഹായം പ്രഖ്യാപിച്ചിട്ടില്ല. മുസ്‌ലിം രാജ്യങ്ങളുടെ ആഗോള വേദിയായ ഒ.ഐ.സി പ്രമേയങ്ങള്‍ പടച്ചുവിട്ട് 'ഉത്തരവാദിത്തം' ഭംഗിയായി നിര്‍വഹിച്ചു. യമനിലെ ആഭ്യന്തര കലഹം മുസ്‌ലിം രാഷ്ട്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന യുദ്ധമായി മാറിയതോടെ അവിടെനിന്നും അഭയാര്‍ഥി പ്രവാഹമുണ്ടായി. നൂറു കണക്കിന് യമനികള്‍ പലായനം ചെയ്‌തെത്തിയ രാജ്യങ്ങളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആഫ്രിക്കയിലെ ജിബൂട്ടിയും കലാപ ഭൂമിയായ സോമാലിയയും ഉള്‍പ്പെടുന്നു എന്നതാണ് സങ്കടകരം.

വിസയില്ലാതെ സിറിയന്‍ പൗരന്മാര്‍ക്ക് യാത്ര ചെയ്യാവുന്ന നാല് അറബ് രാജ്യങ്ങളേ ഭൂലോകത്തുള്ളൂ - അല്‍ജീരിയ, മൗറിത്താനിയ, സുഡാന്‍, യമന്‍. ഇവയൊന്നും അയല്‍ രാജ്യങ്ങളുമല്ല. ഏറ്റവുമധികം സിറിയന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സുഊദി അറേബ്യ. അഞ്ചു ലക്ഷത്തിലേറെ സിറിയന്‍ പ്രവാസികള്‍ നേരത്തെ തന്നെ സുഊദിയിലുണ്ട്. അവര്‍ പക്ഷേ, നേരത്തെ ജോലിയാവശ്യാര്‍ഥം എത്തിയവരാണ്.

തുര്‍ക്കി 20 ലക്ഷം, ലബനാന്‍ 12 ലക്ഷം, ജോര്‍ദാന്‍ 6.28 ലക്ഷം, ഇറാഖ് 2.48 ലക്ഷം, ഈജിപ്ത് 1.33 ലക്ഷം എന്നിങ്ങനെയാണ് മുസ്‌ലിം രാജ്യങ്ങള്‍ സ്വീകരിച്ച സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം. അറബ് രാജ്യമല്ലെങ്കിലും സിറിയയുമായി ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലേക്കാണ് അഭയാര്‍ഥികളുടെ വന്‍ ഒഴുക്കുണ്ടായത്. വളരെ മാന്യമായ രീതിയില്‍ അവരെ സ്വീകരിക്കാന്‍ രാഷ്ട്രത്തലവനായ ഉര്‍ദുഗാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. അറബ് രാജ്യങ്ങളായ തുനീഷ്യയും അല്‍ജീരിയയും തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു. 2011 -ലെ ജനകീയ വിപ്ലവത്തിനുശേഷം  12 ലക്ഷം ലിബിയന്‍ അഭയാര്‍ഥികളെ ഏറ്റെടുത്ത തുനീഷ്യക്ക് ഇനിയും ഭാരം താങ്ങാനാവില്ലെന്ന് മുഖ്യ ഭരണകക്ഷിയായ നിദാ തൂനിസിന്റെ വക്താവ് വ്യക്തമാക്കുന്നു. സിറിയയില്‍നിന്നും സാഹില്‍ മേഖലയില്‍നിന്നും പലായനം ചെയ്‌തെത്തിയ അര ലക്ഷത്തിലേറെ പേര്‍ക്ക് അല്‍ജീരിയയും അഭയം നല്‍കിയിരിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ വിഭവങ്ങളാല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് അഭയാര്‍ഥികളെ സഹായിക്കാനാവുകയെന്ന ശക്തമായ വികാരമാണ് അറബ് ലോകത്തുനിന്ന് ഉയരുന്നത്. 'സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഉത്തരവാദിത്ത'മെന്ന തലക്കെട്ടില്‍ ഈയാഴ്ച പ്രത്യക്ഷപ്പെട്ട ഹാശ്ടാഗ് ഇതിനകം നാല്‍പതിനായിരത്തോളം തവണയാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. ഗള്‍ഫ് നാടുകളിലെ തദ്ദേശീയരും പൗരന്മാരും സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്ന നിലപാട് പരസ്യമായി പ്രകടിപ്പിക്കുന്നു. ഈയിടെ സുഊദി അറേബ്യയിലെ മക്ക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. കമ്പിവേലിക്കപ്പുറത്തുള്ള തന്റെ വീട്ടിന്റെ വാതിലിലൂടെ തലയിട്ട് സിറിയന്‍ അഭയാര്‍ഥിയോട് അപ്പുറത്തെ യൂറോപ്പിന്റെ വാതില്‍ കാണിച്ചുകൊടുക്കുകയാണ് ഗള്‍ഫ് രാജ്യത്തെ ഒരു പൗരന്‍. കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാത്തത് മര്യാദകേടാണെന്ന കമന്റും അദ്ദേഹം പാസ്സാക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാത്തത് തങ്ങളുടെ ജനസംഖ്യാനുപാതം താളം തെറ്റുമെന്ന ആശങ്ക കൊണ്ടാണെന്ന ഒരു വാദമുണ്ട്. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ തദ്ദേശീയരേക്കാള്‍ കൂടുതലാണ് വിദേശികള്‍. ഖത്തര്‍ വളരെ ചെറിയ രാജ്യമാണെന്നും എന്നാല്‍ സിറിയക്കുവേണ്ടി ഇതിനകം  സര്‍ക്കാര്‍ 200 കോടിയിലേറെ ഡോളര്‍ ചെലവിട്ടിട്ടുണ്ടെന്നും ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അര്‍ധ ഗവണ്‍മെന്റ് സ്ഥാപനങ്ങളും ചാരിറ്റികളും 16 കോടി ഡോളറിന്റെ സഹായങ്ങള്‍ വേറെയും നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തറും സുഊദി അറേബ്യയും സഹായങ്ങള്‍ നല്‍കിവരുന്നു.

യു.എന്നിലെ നാലിലൊന്ന് വരുന്ന മുസ്‌ലിം രാജ്യങ്ങള്‍ക്ക്  തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയുന്നില്ല; എന്നിട്ടു വേണ്ടേ അഭയാര്‍ഥികളുടെ കാര്യം നോക്കാന്‍ എന്നു പരിഹസിക്കുന്നവരെയും അറബ് ലോകത്ത് കാണാം. സിറിയയിലെയും മറ്റും അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍  യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) അംഗരാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ചിരുന്നു. അഭയം തേടി ഏത് യൂറോപ്യന്‍ രാജ്യത്താണോ എത്തുന്നത് ആ രാഷ്ട്രം വിഷയത്തില്‍ മാനുഷികമായ നിലപാട് സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ സ്വന്തം സമുദായാംഗങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കുന്നതിന് വഴിയൊരുക്കാന്‍ ഒരു പദ്ധതിപോലും മുസ്‌ലിം രാജ്യങ്ങളുടെ പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹുവിന്റെ ഭൂമിയില്‍ അതിരുകളില്ലെന്ന് പ്രഖ്യാപിക്കുകയും, പലായനത്തിന്റെ നോവുകള്‍ക്കിടയിലും മനുഷ്യത്വത്തിന്റെ തുല്യതയില്ലാത്ത ഉദാഹരണങ്ങളായി മുഹാജിറുകളെയും (പലായകര്‍) അന്‍സ്വാറുകളെയും (സഹായികള്‍) ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്ത പ്രവാചകന്റെ ജ്വലിക്കുന്ന ജീവിത മാതൃകകള്‍ ഗ്രന്ഥങ്ങളില്‍ വിശ്രമിക്കട്ടെയെന്നാണോ? യൂഫ്രട്ടീസ് നദീതീരത്ത് ഒരു ആട്ടിന്‍കുഞ്ഞ് വെള്ളം കിട്ടാതെ മരിച്ചാല്‍ ഈ ഉമര്‍ അല്ലാഹുവിനു മുന്നില്‍ സമാധാനം പറയേണ്ടിവരുമെന്ന് വിലപിച്ചുകൊണ്ടിരുന്ന ദൈവഭയമുള്ള ഒരു ഖലീഫ ഭരിച്ച നാട്ടിലാണ് ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഒരു കുഞ്ഞും അവന്റെ കൊച്ചു ജ്യേഷ്ഠനും ഉമ്മയുമൊക്കെ വെള്ളം കുടിച്ചുമരിക്കുന്നത്. എന്തൊരു വിധിവൈപരീത്യം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍