Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 18

എഴുത്തോ നിന്റെ കഴുത്തോ?

          നിരവധി ആപത് സൂചനകള്‍ നല്‍കുന്നുണ്ട് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എം കല്‍ബുര്‍ഗിയുടെ ദാരുണമായ അന്ത്യം. മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേര്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ അദ്ദേഹം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു. യു.ആര്‍ അനന്തമൂര്‍ത്തിയെപ്പോലെ നിരവധി സ്വതന്ത്ര ചിന്തകരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത പാരമ്പര്യമുണ്ട് കന്നഡ സാഹിത്യത്തിന്. അവര്‍ ജീര്‍ണമായ പാരമ്പര്യങ്ങളെയും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെയും നിശിതമായിത്തന്നെ വിമര്‍ശിച്ചിട്ടുണ്ട്. കന്നഡ സാഹിത്യത്തിനും വൈജ്ഞാനിക പാരമ്പര്യത്തിനും അത് കരുത്ത് പകരുകയും മുതല്‍ക്കൂട്ടാവുകയും ചെയ്തിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഫാഷിസ്റ്റ് ശക്തികള്‍ പിടിമുറുക്കിയതോടെ സ്വതന്ത്ര ചിന്തകരെയും വിമര്‍ശകരെയും അടിച്ചിരുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തിപ്പെട്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാതാവുമ്പോള്‍ ബലം പ്രയോഗിക്കുകയും, എഴുത്തുകാരെയും ചിന്തകരെയും അപമാനിക്കുകയും ചെയ്യുക എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. നരേന്ദ്രമോദി കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍, ഹിന്ദുത്വ അജണ്ടയുടെ കടുത്ത വിമര്‍ശകനായ യു.ആര്‍ അനന്തമൂര്‍ത്തിക്ക്, അദ്ദേഹം രോഗശയ്യയിലാണെന്ന മാനുഷിക പരിഗണന പോലും നല്‍കാതെ, പാകിസ്താനിലേക്കുള്ള ടിക്കറ്റ് അയച്ചുകൊടുക്കുകയുണ്ടായി ചില തീവ്ര വലത് പക്ഷ ഗ്രൂപ്പുകള്‍. അദ്ദേഹം മരണപ്പെട്ടപ്പോള്‍ അവര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചതായും വാര്‍ത്ത വന്നിരുന്നു. ഈ അസഹിഷ്ണുതയുടെയും ഫാഷിസ്റ്റ് മനോഗതിയുടെയും ഒടുവിലത്തെ ഇരയാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കന്നഡയിലെ 'വചന' സാഹിത്യ ശാഖയെ ആഴത്തിലറിഞ്ഞ പണ്ഡിതനുമൊക്കെയായ എം.എം കല്‍ബുര്‍ഗി.

ഇത് ഒറ്റപ്പെട്ടതാണെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. 2013-ല്‍ മഹാരാഷ്ട്രയില്‍ സമാനമായ ഒരു കൊലപാതകം നടക്കുകയുണ്ടായി. നരേന്ദ്ര ദഭോല്‍ക്കര്‍ എന്ന യുക്തിവാദി ചിന്തകനും എഴുത്തുകാരനുമാണ് അന്ന് വധിക്കപ്പെട്ടത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം, അത്തരം ചതിക്കുഴികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമ നിര്‍മാണത്തിന് സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. ഈ വര്‍ഷമാദ്യം മഹാരാഷ്ട്രയില്‍ തന്നെ ഗോവിന്ദ് പന്‍സാരെ എന്ന മറ്റൊരു ആക്ടിവിസ്റ്റ് കൂടി വധിക്കപ്പെട്ടു. അദ്ദേഹം സി.പി.ഐക്കാരനായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിലകൊണ്ടു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെയും ജീവന്‍ കവര്‍ന്നത്.

വധഭീഷണി നേരിടുന്ന എഴുത്തുകാരുടെയും സാമൂഹിക വിമര്‍ശകരുടെയും ഒരു നിര തന്നെയുണ്ട് ഇന്ത്യയില്‍. അവരിലൊരാളാണ് വധിക്കപ്പെട്ട കല്‍ബുര്‍ഗിയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കെ.എസ് ഭഗവാന്‍. ബജ്‌റംഗ്ദള്‍ നേതാവ് ഭുവിത് ഷെട്ടി എന്നൊരാള്‍ കല്‍ബുര്‍ഗിയുടെ വധത്തിനു ശേഷം ട്വിറ്ററില്‍ കുറിച്ചത്, 'അടുത്ത ഊഴം കെ.എസ് ഭഗവാന്റേത്' എന്നാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ വിട്ടയച്ചു. ഫാഷിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയ ഒരു സാഹിത്യകാരന്‍ തന്നെയുണ്ട് തമിഴ്‌നാട്ടില്‍- പെരുമാള്‍ മുരുകന്‍. മഹാരാഷ്ട്രയിലെ ഡോ. ഭാരത് പടന്‍കറും വധഭീഷണി നേരിടുന്നുണ്ട്. തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രമിക് മുക്തി ദളി'ന്റെ പ്രസിഡന്റാണ് അദ്ദേഹം. 'മുസ്‌ലിം അനുകൂല നിലപാട് സ്വീകരിക്കുന്നു' എന്നതാണത്രെ വധഭീഷണിക്ക് കാരണം. മലയാള അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം.എം ബഷീറിന് രാമായണത്തെക്കുറിച്ച് ഒരു ദിനപത്രത്തില്‍ എഴുതിവന്ന കോളം ഇടക്ക് വെച്ച് നിര്‍ത്തേണ്ടിവന്നതും ഭീഷണിയെത്തുടര്‍ന്ന് തന്നെ.

ദഭോല്‍ക്കര്‍ വധിക്കപ്പെട്ടിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും കൊലപാതകികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പന്‍സാരെ വധക്കേസിലും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കല്‍ബുര്‍ഗി വധക്കേസും ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത്. ഇത് യാദൃഛികമാണെന്ന് പറയാന്‍ കഴിയില്ല. കുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. പക്ഷേ ഇവിടെ കുറ്റവാളികള്‍ പിടിക്കപ്പെടുന്നു പോലുമില്ല. വലതുപക്ഷ തീവ്ര ഗ്രൂപ്പുകളിലേതെങ്കിലുമൊക്കെയായിരിക്കും ഈ വധങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായ സൂചനകളുണ്ടെങ്കിലും അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല. രാജ്യത്തുണ്ടായ പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണ് എന്ന് വ്യക്തമായിട്ടും ആ വഴിക്ക് അന്വേഷണം തിരിച്ചുവിടാന്‍ അന്വേഷണ സംഘങ്ങള്‍ മടിച്ചിരുന്നത് പോലെ തന്നെ. ഇത് ഇത്തരം കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരാന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രചോദനമാവുകയാണ്. ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടും, അവക്കെതിരെ നടപടിയെടുക്കുന്നത് പോയിട്ട് ഒന്ന് പ്രതികരിക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും ഇവര്‍ക്ക് സഹായകമാവുന്നു.

ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം സൂചിപ്പിച്ചത് പോലെ, കുറ്റവാളികളെ ഉടന്‍ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താലേ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത വധങ്ങളാണിതെല്ലാം തന്നെ. ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കുന്നവരെ ശാരീരികമായി ഉന്മൂലനം ചെയ്യുകയാണ്. ഇന്നതിന്റെ ഇരകള്‍ യുക്തിവാദി ചിന്തകരും ആക്ടിവിസ്റ്റുകളുമാണെങ്കില്‍, മറ്റുള്ള വിമര്‍ശകരും ഫാഷിസ്റ്റ് ഭീകരതയുടെ ഇരകളാവുകയെന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെ ചെറുത്തേ മതിയാവൂ. അടിയന്തരാവസ്ഥക്കാലത്ത് മലയാളി ചിന്തകന്‍ എം. ഗോവിന്ദന്‍ ഉയര്‍ത്തിയ ആ ചോദ്യം പതിന്മടങ്ങ് ശക്തിയോടെ വീണ്ടും മുഴങ്ങുകയാണ്: എഴുത്തോ നിന്റെ കഴുത്തോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /72-74
എ.വൈ.ആര്‍