Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ഐസിസിനെ ചെറുക്കാന്‍ ചില മതേതര കുറുക്കുവഴികള്‍

ബഷീര്‍ തൃപ്പനച്ചി /ലൈക് പേജ്

         ആഗോള ഭീഷണിയുയര്‍ത്തുന്ന ഐസിസ് ഭീകരവാദത്തെ ചെറുക്കാന്‍ ഈയിടെ ഒരു മലയാള 'മതേതര പത്രം' ഒരു കുറിപ്പടി തയാറാക്കുകയുണ്ടായി. പശ്ചിമേഷ്യയുടെ അതിര്‍ത്തിയും കടന്ന് ഐസിസ് വൈറസുകള്‍ സോഷ്യല്‍ മീഡിയ വഴി ഇങ്ങ് കേരളത്തിലുമെത്തുന്നുവെന്ന വെളിപ്പെടുത്തലിനൊപ്പമാണ് മുളയിലേ അവ നുള്ളിക്കളയാനുള്ള മാര്‍ഗവും മുഖപ്രസംഗത്തിലൂടെ പത്രം പരിചയപ്പെടുത്തുന്നത്. സംഗതി നിസ്സാരം. മത തീവ്രവാദം ഉണ്ടാകുന്നത് മതത്തില്‍ നിന്നാണ്. മതജീവിതം നയിക്കുന്ന വ്യക്തികളും സമൂഹവും സകല മത ചിഹ്നങ്ങളും ഉപേക്ഷിച്ച് മതരഹിതരായാല്‍ തീവ്രവാദം താനെ ഇല്ലാതാകും. ഇനി വല്ലവര്‍ക്കും മതജീവിതം നിര്‍ബന്ധമാണെങ്കില്‍ സ്വകാര്യജീവിതത്തിനകത്ത് അതനുഷ്ഠിക്കാം. അതിന് വെളിയിലെ 'പൊതുസമൂഹത്തിലേക്കിറങ്ങുമ്പോള്‍' മത ചിഹ്നങ്ങളെല്ലാം ഊരിയെറിഞ്ഞ് മതേതര ജീവിതം നയിക്കണം. ഇങ്ങനെ ജാഗ്രതയോടെ ശുദ്ധ മതേതര ജീവിതം നയിച്ചാലേ ആസന്ന ഭാവിയില്‍ കേരളത്തിലുമെത്താവുന്ന ഐസിസ് ഭീഷണിയെ ചെറുക്കാനാവൂ. 

മതം, മതജീവിതം, മതചിഹ്നങ്ങള്‍ എന്നിവ ഒഴിവാക്കൂവെന്ന് 'മതേതര പത്രം' ഓരോ ഖണ്ഡികയിലും ആവര്‍ത്തിക്കുമ്പോള്‍ എല്ലാ മതങ്ങളും അതിലുള്‍പ്പെടുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല.  ഇസ്‌ലാമും ഇസ്‌ലാമിക ചിഹ്നങ്ങളുമാണതിന്റെ വിവക്ഷയെന്ന് വരികള്‍ക്കിടയില്‍ നിന്നുതന്നെ വ്യക്തമാണ്. പൊതു പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നതിനോ തേങ്ങയുടയ്ക്കുന്നതിനോ ഗണപതി ഹോമം നടത്തുന്നതിനോ ഭൂമിപൂജ നിര്‍വഹിക്കുന്നതിനോ മതേതരപത്രം എതിരല്ലെന്ന് ആ പത്രത്തിന്റെ കഴിഞ്ഞകാല പേജുകള്‍ തന്നെ സാക്ഷി. അപ്പോള്‍ ഇസ്‌ലാമും ഇസ്‌ലാമിക ചിഹ്നങ്ങളും മുസ്‌ലിം സംഘടനകളും അവയുടെ സാമൂഹിക ഇടപെടലുകളും മാത്രമാണ് യഥാര്‍ഥ പ്രശ്‌നം. അധികാരികളത് തിരിച്ചറിഞ്ഞ് ഇക്കൂട്ടരുടെ സകല പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ കേരളം തീവ്രവാദമുക്തമാകും!

ഇറാഖിലും സിറിയയിലുമാണല്ലോ ഐസിസ് ഏറെ നാശം വിതയ്ക്കുന്നത്. ഈ രണ്ട് രാഷ്ട്രങ്ങളിലെയും പൗരന്മാര്‍ക്ക് അവരുടെ തീവ്രവാദ ചെറുത്ത് നില്‍പ് ശക്തിപ്പെടുത്താന്‍ ഈ മുഖപ്രസംഗത്തിന്റെ തര്‍ജ്ജമ അടിയന്തിരമായി അയച്ചുകൊടുക്കേണ്ടിയിരിക്കുന്നു. അവര്‍ അവരുടെ ഇസ്‌ലാമിക ഐഡന്റിറ്റിയും മതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സാമൂഹിക ജീവിതവും നിര്‍ത്തിവെച്ചാല്‍ ഐസിസ് താനേ ഇല്ലാതാകുമെന്ന വിവരം എത്രയും പെട്ടെന്ന് അവരറിയട്ടെ. അങ്ങനെ ഒരു ആഗോള ഭീഷണി അതിന്റെ ഉത്ഭവ കേന്ദ്രത്തില്‍ വെച്ച് തന്നെ ഇല്ലാതാക്കാന്‍ ഒരു മലയാള മതേതര പത്രം വഴി സാധിച്ചാല്‍ അതല്ലേ യഥാര്‍ഥ പത്രത്തിന്റെ ശക്തി!

യഥാര്‍ഥത്തില്‍ ഐസിസ് വന്‍ ഭീഷണി ഉയര്‍ത്തുന്നത് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും വ്യവസ്ഥാപിത ഇസ്‌ലാമിക സംഘടനകള്‍ക്കുമാണ്. അത്‌കൊണ്ട് ഐസിസിനെതിരെയുള്ള ആശയപരവും അല്ലാതെയുമുള്ള ചെറുത്ത് നില്‍പ്പിന് മുന്നില്‍ നില്‍ക്കുന്നതും അവരാണ്. ലോകാടിസ്ഥാനത്തിലുള്ള ഈ ഭീകരവാദ വിരുദ്ധ ചെറുത്തു നില്‍പ്പില്‍ ആശയപരമായി അണിനിരക്കുന്നവരാണ് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം കൂട്ടായ്മകളും. മതതീവ്രവാദത്തെ ചികിത്സിക്കാനും ചെറുക്കാനും മതത്തിനകത്തു നിന്ന് തന്നെ സാധ്യമാണ്. എന്നല്ല മതത്തിനകത്ത് നിന്നുള്ള ചികിത്സക്കേ ഫലമുണ്ടാവൂ. കാരണം മത വിശ്വാസങ്ങളെയും അതിന്റെ ആശയാവലികളെയും ദുര്‍വ്യാഖ്യാനിച്ചാണ് മതതീവ്രവാദം ശക്തിപ്പെടുന്നത്. അതിനെ ചെറുക്കാന്‍ മതം ഉപേക്ഷിക്കണമെന്ന് പറയുന്നത് ആത്മഹത്യാപരമായിരിക്കും. മറിച്ച് യഥാര്‍ഥ മതപാഠങ്ങളും ആശയങ്ങളും പ്രചരിപ്പിച്ചാണ് തീവ്രവാദികളുടെ തെറ്റായ പ്രവര്‍ത്തന രീതികളെ തോല്‍പ്പിക്കേണ്ടത്. 'മതം മതതീവ്രവാദത്തിനെതിരെ' എന്ന ബോധം ശക്തിപ്പെടുത്തുകയാണ് അതിനാദ്യം വേണ്ടത്. വ്യവസ്ഥാപിത മുസ്‌ലിം സംഘടനകള്‍ക്കേ അത് സാധിക്കൂ. അതിനവര്‍ക്ക് പിന്തുണയും കരുത്തും പകരുകയാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥതയുള്ളവര്‍ ചെയ്യേണ്ടത്. അതല്ലാതെ ഐസിസ് തീവ്രവാദത്തെ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടനകളിലേക്ക് ചേര്‍ത്തു പറയുന്ന പ്രചാരണമാണവര്‍ നടത്തുന്നതെങ്കില്‍ അത് വിപരീത ഫലമേ ഉണ്ടാക്കൂ. വ്യവസ്ഥാപിത സംഘടനകളെയും കൂട്ടായ്മകളെയും മതജീവിതം നയിക്കുന്ന വ്യക്തികളെയും ബോധപൂര്‍വം സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയാല്‍  ആരെയും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ് സംജാതമാവുക. ഇത്തരം പ്രചാരണങ്ങളുടെ യഥാര്‍ഥ ഫലം കൊയ്യുക തീവ്രവാദ ആശയക്കാരായിരിക്കും. കേരളീയ സമൂഹത്തില്‍ പരസ്പര സംശയവും ഭീതിയും വര്‍ധിപ്പിക്കാനേ അത് ഉപകരിക്കൂ. 

'നിങ്ങള്‍ ആദ്യം താടി വടിച്ച് തലപ്പാവ് ഊരി മഫ്ത അഴിച്ചുവെച്ച് പൊതുസമൂഹത്തിലിറങ്ങി മതേതരത്വം തെളിയിക്കൂ.  അതിനു ശേഷം നിങ്ങളെ തീവ്രവാദ വിരുദ്ധരാണെന്ന് അംഗീകരിക്കാം' ഈ ആഹ്വാനം എങ്ങനെയാണ് മതേതരമാകുക? ഭൂരിപക്ഷ മതത്തിന്റെ സകല ആചാരാനുഷ്ഠാനങ്ങളെയും മതേതര പൊതുചിഹ്നങ്ങളായി പരിചയപ്പെടുത്തുകയും അവയ്ക്കുള്ളിലെ ആള്‍ദൈവങ്ങള്‍ക്കടക്കം 'മതേതര' പത്രത്തില്‍ കോളമനുവദിക്കുകയും സകല ക്ഷേത്രോത്സവങ്ങള്‍ക്കും പ്രത്യേക സപ്ലിമെന്റ് ഇറക്കുകയും ചെയ്യുന്നവരുടെ യഥാര്‍ഥ മതവും ജാതിയും പതുക്കെയാണെങ്കിലും മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ട്. ഈ പത്രത്തിന്റെ തീവ്ര ഹിന്ദുത്വ ചായ്‌വും മുസ്‌ലിം വിരുദ്ധതയും ചൂണ്ടിക്കാട്ടി പത്രവുമായി വര്‍ഷങ്ങളോളമുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പത്രാധിപര്‍ക്ക് പ്രമുഖ എഴുത്തുകാരി ജെ. ദേവിക ഈയിടെ തുറന്ന കത്തെഴുതിയത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അത്തരം തിരിച്ചറിവുകള്‍ക്ക് ആക്കം കൂട്ടാനേ ഇത്തരം ആഹ്വാനങ്ങള്‍ ഉപകരിക്കൂവെന്ന് 'സത്യം സമത്വം സ്വാതന്ത്ര്യം' എന്നത് മുഖമുദ്രയാക്കിയവര്‍ എത്ര പെട്ടെന്ന് മനസ്സിലാക്കുന്നുവോ അത്രയും നന്ന്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍