Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ദൈവപ്രീതിയേക്കാള്‍ വലുത് മറ്റെന്തുണ്ട്?

അബ്ദുറഹ്മാന്‍ തുറക്കല്‍

         സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സൗഭാഗ്യം അഖില ലോകങ്ങളെയും സൃഷ്ടിച്ചവനും സകലചരാചരങ്ങളുടെ നിയന്താവുമായ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനായിത്തീരുക എന്നതാണ്. അഥവാ നശ്വരമായ ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ പ്രീതിയും സ്‌നേഹവും കരസ്ഥമാക്കുക. അല്ലാഹു പറഞ്ഞു: ''വിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കായി അല്ലാഹു താഴ്ഭാഗങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. ആ ശാശ്വത സ്വര്‍ഗങ്ങളില്‍ അവര്‍ക്കുവേണ്ടി പാവനമായ വസതികളുണ്ടായിരിക്കും. സര്‍വ്വോപരി അല്ലാഹുവിന്റെ പ്രീതി എത്ര മഹത്തരം! ഇതുതന്നെയാകുന്നു വമ്പിച്ച വിജയം.'' (തൗബ: 72)

ദൈവപ്രീതിയേക്കാള്‍ മഹത്തായ മറ്റൊന്നും യഥാര്‍ഥ വിശ്വാസിയുടെ മനസ്സിലുണ്ടാകില്ല. അതവനെ സൗഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും  വിഹായസ്സിലേക്കുയര്‍ത്തും. ജീവിതത്തില്‍ ആനന്ദവും കുളിര്‍മയുമുണ്ടാക്കും. ആത്മാവിന് അനുഭൂതിയും സമാധാനവും പകരും. അനുഗ്രഹവും ഐശ്വര്യവും ചൊരിയും. ഉന്നതവും ഉദാത്തവുമായ ആ പദവിയിലേക്ക് മനുഷ്യന് എത്തിപ്പെടാന്‍ വ്യക്തമായ മാര്‍ഗരേഖ അല്ലാഹു വരച്ചു കാട്ടിയിട്ടുണ്ട്. അതിനു വേണ്ടിയാണ് പല കാലങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്ക് അല്ലാഹു ദൈവദൂതന്മാരെ അയക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്. അല്ലാഹുവില്‍ വിശ്വസിച്ചും, അവന്റെ ദൂതന്മാരെ പിന്തുടര്‍ന്ന് സല്‍കര്‍മങ്ങളിലേര്‍പ്പെട്ടും ദൈവികമാര്‍ഗത്തില്‍ സകലതുമര്‍പ്പിച്ചും ജീവിതം നയിക്കുന്നവര്‍ക്കാണ് അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും ലഭിക്കുകയെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട.് ''സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, നിശ്ചയം, അവരത്രേ സൃഷ്ടികളിലേറ്റവും ഉല്‍കൃഷ്ടരായവര്‍. അവരുടെ പ്രതിഫലം അവരുടെ റബ്ബിങ്കല്‍ സ്ഥിരവാസത്തിനുള്ള സ്വര്‍ഗമാകുന്നു. അതിനു കീഴെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെ അവര്‍ എന്നെന്നും വസിക്കും. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു. അവര്‍ അല്ലാഹുവിലും സംപ്രീതരായിരിക്കുന്നു. ഇതൊക്കെയും തന്റെ റബ്ബിനെ ഭയപ്പെട്ടവന്നുള്ളതത്രേ'' (ബയ്യിന: 7, 8).

മനുഷ്യ പ്രകൃതിയില്‍ പലവിധത്തിലുള്ള സ്വഭാവ ഗുണങ്ങള്‍ അല്ലാഹു സന്നിവേശിപ്പിച്ചിട്ടുണ്ട്; സ്‌നേഹം, സന്തോഷം, സന്താപം, വെറുപ്പ്, കോപം പോലെ. ആര്‍ക്കും അങ്ങിനെയുള്ള സ്വഭാവങ്ങളില്‍ നിന്ന് വേര്‍പ്പെട്ടു കഴിയുക സാധ്യമല്ല. സ്‌നേഹമെന്നത് മനുഷ്യജീവിതത്തിന്  സന്തോഷവും ആനന്ദവുമുണ്ടാക്കുന്ന ഒരു വികാരമാണ്. പലരേയും പലതിനേയും സ്‌നേഹിക്കാനും ഇഷ്ടപ്പെടാനും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. ചില സ്‌നേഹപ്രകടനങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വിശ്വാസ പൂര്‍ത്തീകരണത്തിനും സ്വര്‍ഗപ്രവേശത്തിനുമുള്ള ഉപാധിയായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അതിലേറ്റവും ഉദാത്തവും മഹത്തരവും പുണ്യമേറിയതുമാണ് അല്ലാഹുവിനോടുള്ള സ്‌നേഹം. ഇഹപര വിജയത്തിന് അതനിവാര്യമാണ്. ഒരോ വിശ്വാസിക്കും ഐഹിക ലോകത്ത് മറ്റാരേക്കാളും, എന്തിനേക്കാളും ഏറ്റവും ഇഷ്ടം അല്ലാഹുവിനോടായിരിക്കണം. ദൈവികസ്‌നേഹവും പ്രീതിയുമായിരിക്കണം അവന്റെ മുഴുവന്‍ തേട്ടവും ലക്ഷ്യവും. അതിനനുസരിച്ചായിരിക്കണം അവന്റെ ജീവിതം. അപ്പോഴേ അല്ലാഹുവിന്റെ സ്‌നേഹവും ഇഷ്ടവും പ്രീതിയും അവന് നേടാനാവൂ. 

യഥാര്‍ഥ വിശ്വാസി ഏതൊരു കാര്യത്തിലേക്ക് മുന്നിട്ടിറങ്ങുമ്പോഴും അവന്റെ ചിന്തയിലേക്ക് ആദ്യം കടന്നുവരിക അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആ നിലപാടായിരിക്കും അവന്‍ പിന്തുടരുക. അവനെപ്പോഴും ദൈവിക പ്രീതിക്കായിരിക്കും മുന്‍ഗണന നല്‍കുക. ജനങ്ങളുടെയോ, തനിക്ക് വേണ്ടപ്പെട്ടവരുടെയോ തൃപ്തിയല്ല. ദൈവതൃപ്തിയും സ്‌നേഹവും നേടാനാകാത്ത ചിന്തകളില്‍ നിന്നും കര്‍മങ്ങളില്‍ നിന്നും അവനെപ്പോഴും ബഹുദൂരമകന്ന് നില്‍ക്കും. ആത്യന്തിക ലക്ഷ്യം ദൈവിക സ്‌നേഹവും പ്രീതിയും മാത്രമായിരിക്കുമ്പോഴാണ് ഏതൊരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയെന്ന് അവന്‍ ശരിക്കും മനസ്സിലാക്കും. അല്ലാഹുവിന്റെ സ്‌നേഹവും കാരുണ്യവും അവനെപ്പോഴും ഓര്‍ക്കും. പരീക്ഷണങ്ങളെയും അനുഗ്രഹങ്ങളെയും ആ പരിപ്രേക്ഷ്യത്തിലൂടെയാകും അവന്‍ നോക്കികാണുക. വല്ല അനുഗ്രഹവും നന്മയും അവനെ തേടിയെത്തിയാല്‍ അല്ലാഹുവിന് നന്ദി കാണിക്കും. തനിക്ക് ലഭിച്ച അനുഗ്രഹം ഏത് സമയത്തും എടുത്തുകളയാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്ന് അവന്‍ ദൃഢമായി വിശ്വസിക്കും. പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ അവന്‍ ക്ഷമ അവലംബിക്കും. അവ അല്ലാഹുവിങ്കല്‍ നിന്നാണെന്ന് കരുതി സമാധാനിക്കും. അതിനേക്കാള്‍ കൂടുതല്‍ തന്നെ പരീക്ഷിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്ന് മനസ്സിലാക്കും.

വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും മാര്‍ഗമായി അംഗീകരിച്ച് അതിനനുസരിച്ച് ജീവിതം പൂര്‍ണമായും സമര്‍പ്പിക്കുന്നവര്‍ക്കേ ദൈവപ്രീതിയും സ്‌നേഹവും നേടാനാകൂ. അതിനവര്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളെ വ്യക്തമായും തിരിച്ചറിയേണ്ടതുണ്ട്. അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് അടുക്കുകയും, അവന്റെ  വെറുപ്പും കോപവുമുണ്ടാകുന്ന കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിനോടുള്ള സ്‌നേഹമനുസരിച്ചായിരിക്കും സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ സ്‌നേഹം. അല്ലാഹുവിലുള്ള സ്‌നേഹം കൂടുന്തോറും അവനോടുള്ള അല്ലാഹുവിന്റെ സ്‌നേഹം വര്‍ധിക്കും. ഖുദ്‌സിയായ ഹദീസിലുണ്ട്: ''അല്ലാഹു പറഞ്ഞു: അടിമ (മനുഷ്യന്‍) എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോടൊരു മുഴം അടുക്കും. അവന്‍ എന്നോടൊരു മുഴം അടുത്താല്‍ ഞാന്‍ അവനോടൊരു മാറ് അടുക്കും. അവന്‍ എന്റെയടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെയടുത്തേക്ക് ഓടിച്ചെല്ലും'' (ബുഖാരി). മറ്റൊരു ഹദീസിലിങ്ങനെ കാണാം: ''എന്റെ അടിമക്ക് ഞാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കര്‍മങ്ങളേക്കാള്‍ എനിക്കിഷ്ടമുള്ള യാതൊന്നും അവന്ന് എന്റെ സാമീപ്യം നേടാന്‍ ഉപയുക്തമായതായിട്ടില്ല. ഐഛികമായ ആരാധനകള്‍ മുഖേന എന്റെ അടിമ എന്നോട ്അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ, ഞാനവനെ സ്‌നേഹിക്കും. ഞാന്‍ സ്‌നേഹിച്ചുകഴിഞ്ഞാല്‍  പിന്നെ, അവന്‍ കേള്‍ക്കുന്ന കാതും, കാണുന്ന കണ്ണും, പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനായിരിക്കും. എന്നോട് ചോദിച്ചാല്‍ ഞാനവന് ഉത്തരം നല്‍കും. അഭയം തേടിയാല്‍ ഞാനവന് അഭയം നല്‍കും'' (ബുഖാരി). 

വാക്കും പ്രവൃത്തികളും ദൈവകല്‍പനകള്‍ക്ക് വിരുദ്ധമാവുകയും ദൈവസ്‌നേഹിയാണെന്ന് പറഞ്ഞു നടക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. അങ്ങനെയുള്ളവരുടെ ദൈവസ്‌നേഹ പ്രകടനം കപടവും വ്യാജവുമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം നിഷ്‌കളങ്കമായിരിക്കേണ്ടതുണ്ട്. കേവലം സ്‌നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. വാക്കും പ്രവൃത്തിയും അല്ലാഹുവിന്റെ കല്‍പനകള്‍ക്കനുസരിച്ചാകണം. അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിതം നയിക്കുകയും അതിലൂടെ അല്ലാഹുവുമായി അടുക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും ലഭിക്കുക. അവരേ  അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടൂ. അബൂ സഈദില്‍ ഖുദ്‌റി(റ) നിന്ന് നിവേദനം: ''നബി(സ) പറഞ്ഞു: 'പ്രതാപശാലിയും മഹാനുമായ അല്ലാഹു സ്വര്‍ഗത്തിലുള്ളവരോട് പറയും: 'ഹേ, സ്വര്‍ഗാവകാശികളേ,' അപ്പോള്‍ അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ നിനക്ക് ഉത്തരം നല്‍കിയിരിക്കുന്നു'.  അല്ലാഹു ചോദിക്കും: 'നിങ്ങള്‍ക്ക് തൃപ്തിയായിട്ടുണ്ടോ?' അവര്‍ പറയും: 'ഞങ്ങളെന്തു കൊണ്ട് തൃപ്തരാകാതിരിക്കണം. നിന്റെ സൃഷ്ടികളില്‍ ആര്‍ക്കും നല്‍കാത്തത്ര നീ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നുവല്ലോ?' അല്ലാഹു പറയും: 'അതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കും.' അവര്‍ ചോദിച്ചു: 'രക്ഷിതാവേ, അതിനേക്കാള്‍ ശ്രേഷ്ഠമായത് എന്താണ്?!' അല്ലാഹു പറയും: 'എന്റെ പ്രീതി നിങ്ങളുടെ മേലിലുണ്ടായിരിക്കുന്നു. ഇനിയൊരിക്കലും നിങ്ങളുടെ മേല്‍ എന്റെ  വെറുപ്പുണ്ടാവുകയില്ല.'' (ബുഖാരി, മുസ്‌ലിം). 

വിശുദ്ധ ഖുര്‍ആനും സുന്നത്തും  അടിസ്ഥാന പ്രമാണമായി അംഗീകരിക്കുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തവര്‍ക്ക് ദൈവസ്‌നേഹത്തിന്റെയും ആത്മീയാനുഭൂതിയുടെയും മാധുര്യം മനസ്സില്‍ അനുഭവപ്പെടും. അങ്ങനെയുള്ളവരുടെ ജീവിതത്തിന്റെ ഒരോ രംഗങ്ങളിലും ദൈവസ്‌നേഹം പല രൂപത്തില്‍  പ്രകടമാകും. ഇബ്‌നു ജൗസി പറഞ്ഞു: 'അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനം അവന്റെ അടിമകളുടെ (യഥാര്‍ഥ വിശ്വാസികളുടെ) മനസ്സില്‍ ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രകടമാകുന്നത് കാണാം. അവന്‍ ഉറങ്ങാന്‍ പോകുന്നത് ദൈവത്തെ മനസ്സില്‍ സ്മരിച്ചു കൊണ്ടായിരിക്കും. ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍ അവന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരിക ദൈവത്തെക്കുറിച്ച സ്മരണയാകും. അവന്‍ നമസ്‌കാരത്തിലേക്ക് പ്രവേശിച്ചാല്‍ മറ്റെല്ലാ ചിന്തകളില്‍ നിന്നും അകന്ന് മനസ്സ് പൂര്‍ണമായും ദൈവ സ്മരണയിലാണ്ടിരിക്കും. പ്രയാസങ്ങളും ഭീതിയുമുണ്ടാകുമ്പോള്‍ അവനേറ്റവും സ്‌നേഹിക്കുന്ന അല്ലാഹുവെ ഓര്‍ക്കുകയും അവനില്‍ രക്ഷ തേടുകയും ചെയ്യും.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍