Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

കുടുംബം പുരുഷാധിപത്യം വാഴേണ്ട ഇടമാണോ?

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         തങ്ങള്‍ കുടുംബനാഥരാണെന്ന ധാരണയുടെ മറവില്‍ സ്ത്രീകളെ നിരന്തരം മര്‍ദിക്കുന്ന ചില പുരുഷന്മാരുണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ എനിക്കോര്‍ക്കാനുണ്ട്. അടിയുടെ ആഘാതത്താല്‍ കേള്‍വി ശക്തി നഷ്ടപ്പെട്ട ഭാര്യയുടെ കഥയാണ് അവയിലൊന്ന്. ഭാര്യയെ ഈ വിധം പീഡനത്തിനിരയാക്കുന്നതെന്തിനെന്ന എന്റെ ചോദ്യത്തിന് കനിവ് വറ്റിയ ആ ഭര്‍ത്താവില്‍ നിന്നുണ്ടായ ന്യായീകരണം എന്നെ ഞെട്ടിച്ചു: ''ഞാന്‍ കുടുംബനാഥനാണെന്ന് ഓര്‍ക്കണം. ഇതെന്റെ അവകാശമാണ്.'' 

ഭാര്യയെ നാല് വര്‍ഷം വീട്ടുതടങ്കലില്‍ ആക്കിയ മറ്റൊരു ഭര്‍ത്താവിന്റെ കഥയും ഓര്‍ക്കുന്നു. തന്റെ ഉമ്മയുടെയോ സഹോദരിയുടെയോ ഒപ്പം പുറത്ത് പോകാന്‍ പോലും അനുവാദം കിട്ടാതിരുന്ന ആ ഹതഭാഗ്യയുടെ ഭര്‍ത്താവ് പറഞ്ഞതിങ്ങനെ: ''എന്റെ അനുവാദമില്ലാതെ എന്റെ ഭാര്യ എന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. ഈ അധികാരം 'കുടുംബനാഥന്‍' എന്ന എന്റെ സ്ഥാനം എനിക്ക് നേടിത്തന്നതാണ്.'' വീട്ടുകാരെ  കാണാനോ കുടുംബക്കൂട്ടായ്മകളില്‍ പോകാനോ ഒരിക്കലും സമ്മതം കൊടുക്കാതിരുന്ന മറ്റൊരു ഭര്‍ത്താവ്. കാരണം തിരക്കിയപ്പോള്‍ ഭാര്യയോട് അയാളുടെ എടുത്തടിച്ച മറുപടി: ''നീ എന്റെ ഭാര്യ. നീ എന്റെ ആജ്ഞകള്‍ അനുസരിച്ചേ പറ്റൂ. അനുസരണക്കേട് വേണ്ട. ഞാന്‍ നിന്റെ നാഥനാണെന്നോര്‍ക്കണം. എന്റെ അവകാശമാണ് നിനക്ക് സമ്മതം തരലും തരാതിരിക്കലും.'' ഭാര്യയുടെ ടെലഫോണ്‍ ചോര്‍ത്തുകയും സംഭാഷണം കട്ടുകേള്‍ക്കുകയും ചെയ്യുന്ന നാലാമതൊരു ഭര്‍ത്താവ്. അയാളുടെ ന്യായീകരണം: ''അതെന്റെ അവകാശം. കുടുംബനാഥന്‍ ഞാനല്ലേ?'' 

പുരുഷന്‍ നാഥനാണെന്ന് പറയുമ്പോള്‍ എന്താണതിന്റെ അര്‍ഥം? പുരുഷന്മാര്‍ ധരിച്ചുവെച്ചിരിക്കുന്നതെല്ലാം ശരിയാണോ? ''പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാക്കിയിട്ടുള്ളത് കൊണ്ടും പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് കൊണ്ടുമാകുന്നു അത്. അതിനാല്‍ സച്ചരിതകളായ വനിതകള്‍ അനുസരണ സ്വഭാവമുള്ളവരാകുന്നു. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ അവരോടുള്ള ബാധ്യതകള്‍ സൂക്ഷിക്കുന്നവരുമാകുന്നു.'' (അന്നിസാഅ്: 34) എന്ന് അല്ലാഹു പറയുമ്പോള്‍ ഈ പുരുഷന്മാര്‍ ധരിച്ചുവെച്ചിരിക്കുന്നതാവുമോ അല്ലാഹു ഉദ്ദേശിച്ചിരിക്കുക? 'ഖിവാമ' (നാഥത്വം) എന്ന പദം ഖുര്‍ആനില്‍ ഒറ്റത്തവണയേ ഉപയോഗിച്ചിട്ടുള്ളൂ എന്നറിയുക. സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍ ബന്ധനസ്ഥയെപ്പോലെ കഴിയുകയും, ഖബ്‌റിലേക്ക് എടുക്കപ്പെടുമ്പോള്‍ മാത്രം പുറത്ത് പോകാന്‍ അനുമതി ലഭിക്കുകയും ചെയ്യേണ്ടവള്‍ എന്നാണോ ഖുര്‍ആന്‍ പറഞ്ഞ 'ഖിവാമ'യുടെ അര്‍ഥം? ഭര്‍ത്താവിന് ഭാര്യയെ മാരകമായി പ്രഹരിക്കാനുള്ള അവകാശമാണോ ഈ പദം നല്‍കുന്നത്? തന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും കാണാനുള്ള അനുവാദം പോലും സ്ത്രീക്ക് നിഷേധിക്കുക എന്നതാണോ ഈ പദത്തിന്റെ വിവക്ഷ? അവളുടെ ഫോണ്‍ സംഭാഷണം കട്ടു കേള്‍ക്കാനുള്ള അവകാശം ഈ പദം നേടിക്കൊടുക്കുന്നുണ്ടോ?

സ്‌നേഹവും കരുണയുമാണ് ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം; സ്വേച്ഛാധിപത്യവും മേധാവിത്വവുമല്ല. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സംവാദ ശൈലി പരസ്പര കൂടിയാലോചനയുടേതാണ്. ഭര്‍ത്താവിന്റെ ആജ്ഞകള്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ അനുസരിക്കുന്ന ശൈലിയല്ല. 'പുരുഷന്‍ സ്ത്രീയുടെ നാഥനാകുന്നു' എന്ന പ്രസ്താവന തെറ്റായി മനസ്സിലാക്കിയതിന്റെ പേരില്‍ ഉണ്ടായ പല അനര്‍ഥങ്ങളും എനിക്കോര്‍ക്കാനുണ്ട്. രോഗിയായി ആശുപത്രിയില്‍ കിടക്കുന്ന സ്വന്തം പിതാവിനെ സന്ദര്‍ശിക്കാന്‍ നാലു മാസമായി അനുവാദം കിട്ടാതിരുന്ന നിര്‍ഭാഗ്യവതിയായ ഭാര്യയുടെ കഥയാണൊന്ന്. ആ മകള്‍ക്ക് സ്വന്തം പിതാവിനെ ജീവനോടെ ഒന്ന് കാണാനുള്ള അവകാശം കഠിന ഹൃദയനായ ആ ഭര്‍ത്താവ് നിഷേധിച്ചു. ഫലമോ? മനസ്സിന്റെ താളം തെറ്റിയ യുവതിയെ ഇന്ന് ഡോക്ടര്‍മാരെ മാറി മാറി കാണിക്കുകയാണ്. പിതാവിനെ ജീവനോടെ ഒന്ന് പോയിക്കാണാന്‍ ആ സ്ത്രീ നിരന്തരം കേണപേക്ഷിച്ചിട്ടും മനസ്സലിയാത്ത ആ ഭര്‍ത്താവാണ് ഈ സ്ഥിതിക്ക് ഉത്തരവാദി. പിതാവിനെ സന്ദര്‍ശിക്കാനുള്ള സമ്മതം കൊടുക്കലും കൊടുക്കാതിരിക്കലും തന്റെ അവകാശത്തില്‍ പെട്ടതാണെന്നാണ് ആ മനുഷ്യന്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഞാന്‍ അയാളോട് പറഞ്ഞു: ''നിങ്ങളുടെ ഈ സ്വാര്‍ഥ ചിന്തക്ക് ഇസ്‌ലാമിലോ ശരീഅത്തിലോ ഒരു ന്യായീകരണവുമില്ല. മാതാപിതാക്കളെ നോക്കി സംരക്ഷിക്കാനും അവരെ സ്‌നേഹാദരപൂര്‍വം പരിചരിക്കാനുമാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. അല്ലാഹുവിനുള്ള ഇബാദത്തിന്ന് തൊട്ടുടനെ മാതാപിതാക്കളോട് ഉദാരമായി നന്മ നിറഞ്ഞ വിധം പെരുമാറാന്‍ അനുശാസിക്കുന്ന ഖുര്‍ആന്റെ അധ്യാപനമാണ് സ്വന്തം പിതാവിനെ ഒന്ന് സന്ദര്‍ശിക്കാനുള്ള അനുവാദം പോലും നിഷേധിച്ച് നിങ്ങള്‍ അവഗണിച്ചത്.'' ഞാന്‍ അയാളെ ഓര്‍മിപ്പിച്ചു.

പുരുഷന്‍ നാഥനാണെന്ന് പറയുമ്പോള്‍ എന്താണ് ഖുര്‍ആന്‍ അര്‍ഥമാക്കിയത്? സ്ത്രീയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത് കൊണ്ട് കുടുംബ ഭരണത്തിന്റെ ഉത്തരവാദിത്തമേല്‍ക്കുക, സൗകര്യപ്രദമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക, ഗൃഹ പരിപാലനത്തില്‍ ഭാര്യയെ സഹായിക്കുക, ജീവിത ഭാരങ്ങള്‍ പങ്കിടുക എന്നൊക്കെയാണ് 'ഖിവാമ' എന്ന പദത്തിന്റെ വിവക്ഷ. അല്ലാതെ, വിവരമില്ലാത്ത ചില ഭര്‍ത്താക്കന്മാര്‍ ധരിച്ചുവെച്ചത് പോലെയല്ല. സ്ത്രീയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും തന്റെ അധികാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഫിര്‍ഔനിയന്‍ ചിന്ത പേറുന്നവരാണ് മിക്ക ഭര്‍ത്താക്കന്മാരും. രണ്ട് ആത്യന്തിക ചിന്തകള്‍ക്ക് നടുവിലാണ് ഇപ്പോള്‍ നാം. ഒന്ന്, പുരുഷ മേധാവിത്വം. രണ്ടാമത്തേത് സ്ത്രീ മേധാവിത്വം. ആദ്യത്തേത് പുരുഷന്മാര്‍ നാഥന്മാരാകുന്നു എന്ന അടിസ്ഥാന തത്വം തെറ്റായി മനസ്സിലാക്കിയത് കൊണ്ട്. രണ്ടാമത്തേത് പുരുഷന്റെ സ്ഥാനം നിരാകരിച്ച് സ്ത്രീ സ്വാതന്ത്ര്യ വാദത്തെ അന്ധമായി പുല്‍കിയത് കൊണ്ട്. താന്‍ ഉദ്ദേശിക്കുന്ന വിധം ഭര്‍ത്താവിനെ മാറ്റിയെടുക്കാനാവാതെ വരുമ്പോള്‍ വിവാഹമോചനത്തിന് വരെ മുന്‍കൈ എടുക്കുന്ന സ്ത്രീകളെ എനിക്കറിയാം. ഈ രണ്ടവസ്ഥകളിലൂടെയാണ് നമ്മുടെ പുതിയ തലമുറ കടന്നു പോകുന്നത്. രണ്ടും ശരിയല്ല. കുടുംബം എന്ന മഹദ് സ്ഥാപനത്തെ തകര്‍ക്കാനും ബന്ധങ്ങള്‍ അറുത്തെറിയാനും മാത്രമേ ഈ സമീപനം ഉതകൂ. സ്‌നേഹത്തിന്റെയും കരുണയുടെയും അടിസ്ഥാനത്തില്‍ പരസ്പര ധാരണയോടെയുള്ള ജീവിതം എന്നതാണ് ഖുര്‍ആന്റെ കുടുംബ സങ്കല്‍പം എന്നറിയുക. 

വിവ: പി.കെ. ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍