Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത് ഏഴാം നൂറ്റാണ്ടിലെ കിരാത ഗോത്ര സംസ്‌കാരം

അശ്‌റഫ് കീഴുപറമ്പ് /കവര്‍‌സ്റ്റോറി

         'ഐസിസിനെ പിന്തുണച്ച് ഖറദാവി', ' ഐസിസ് നേതാവ് അബൂബക്കര്‍ ബഗ്ദാദിക്ക് ഇഖ്‌വാനുമായി ബന്ധമുണ്ടായിരുന്നെന്ന് ഖറദാവി'... കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മധ്യത്തില്‍ അറബ് ലോകത്തെ അള്‍ട്രാ സെക്യുലര്‍ മീഡിയ ആഘോഷിച്ച ചില തലവാചകങ്ങളാണിത്. തുര്‍ക്കിയിലെ അനാത്വൂല്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് ഉയര്‍ത്തിപ്പിടിച്ചാണ് ലോകമുസ്‌ലിം പണ്ഡിതവേദിയുടെ അധ്യക്ഷന് നേരെയുള്ള കടന്നാക്രമണം. ഇഖ്‌വാനുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ചില ചെറുപ്പക്കാര്‍ വഴിതെറ്റി ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വഴി തെരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുകയായിരുന്നു. ഇനി ഖറദാവി അങ്ങനെ പറഞ്ഞു എന്ന് തന്നെ വെക്കുക. എങ്കിലത് വസ്തുതക്ക് നിരക്കാത്ത പ്രസ്താവം മാത്രമാണ്. തനിക്ക് ഈ ബഗ്ദാദിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഖറദാവി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

ഖറദാവിയുടെ അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് പ്രമുഖ ഫലസ്ത്വീനി പത്രപ്രവര്‍ത്തകന്‍ അബ്ദുല്‍ ബാരി അത്വ്‌വാന്‍ ഒരു ശ്രമം നടത്തി. ആരാണ് അത്വ്‌വാന്‍? മാബഅ്ദ ബിന്‍ ലാദന്‍: അല്‍ഖാഇദ, അല്‍ജീലുസ്സാനി (ബിന്‍ലാദന് ശേഷം: അല്‍ഖാഇദ, രണ്ടാം തലമുറ), അല്‍ഖാഇദ: അത്തന്‍ളീമുസ്സിര്‍റി (അല്‍ഖാഇദ എന്ന രഹസ്യ സംഘടന) എന്നീ പുസ്തകങ്ങളുടെ കര്‍ത്താവ്. അല്‍ഖാഇദയുടെയും അതില്‍നിന്ന് പൊട്ടിമുളച്ച ഐസിസിന്റെയും മത-രാഷ്ട്രീയ പരിണാമങ്ങളെ സൂക്ഷ്മമായി അദ്ദേഹം പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകവും ഐസിസ് എന്ന ദാഇശിനെക്കുറിച്ചാണ്. 'ഐസിസ്... വേരുകള്‍... കാടത്തം... ഭാവി' (അദ്ദൗല ഇസ്‌ലാമിയ്യ: അല്‍ജുദൂര്‍... അത്തവഹുശ്... അല്‍ മുസ്തഖ്ബല്‍, പ്രസാധനം ദാറുസ്സാഖി 2015) എന്നാണതിന്റെ ശീര്‍ഷകം. 

'ബഗ്ദാദി ഇഖ്‌വാനിയോ?' എന്നൊരു ഉപശീര്‍ഷകമുണ്ട് പുസ്തകത്തില്‍ (പേ.19). ബഗ്ദാദിയുടെ ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുക്കള്‍, സദ്ദാം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ അയാള്‍ പഠിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സഹപാഠികള്‍ തുടങ്ങിയവരുമായൊക്കെ അത്വ്‌വാന്‍ ബന്ധപ്പെട്ടു. ബഗ്ദാദിലെ ത്വൂബജി തെരുവിലാണ് ബഗ്ദാദി താമസിച്ചിരുന്നത്. അവിടത്തെ താമസക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അവരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബഗ്ദാദിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണ്. എന്നല്ല ഇഖ്‌വാനെ കാഫിറാക്കുകയും ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് അവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ബഗ്ദാദില്‍ അല്‍ഹിസ്ബുല്‍ ഇസ്‌ലാമി എന്ന പേരിലാണ് ഇഖ്‌വാന്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ നേതാവാണ് ഇറാഖിന്റെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ത്വാരിഖ് അല്‍ ഹാശിമി. അദ്ദേഹത്തോട് ബഗ്ദാദിക്ക് കഠിന വെറുപ്പായിരുന്നെന്നും പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബഗ്ദാദിയുടെ ഈ പരിചയക്കാര്‍ ഉറപ്പിച്ചു പറയുന്നു. 

ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവയുടെ ആശയധാരകളിലുള്ളവരെയും അല്‍ഖാഇദയുമായും 'ദാഇശു' (അദ്ദൗല ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം എന്ന അറബിപ്പേരിന്റെ ചുരുക്കരൂപം. ഇംഗ്ലീഷില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ- ISIS)മായും ബന്ധിപ്പിച്ച് പറയുന്ന ശൈലി മീഡിയയില്‍ മാത്രമല്ല അക്കാദമിക തലങ്ങളിലും വ്യാപകമായിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഖറദാവിയുടെ സംഭവം ഉദ്ധരിച്ചത്. അതേ അഭിമുഖത്തില്‍ ഖറദാവി ദാഇശിനോടുള്ള തന്റെ നിലപാട് അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ''ദാഇശ് ഭീകരസംഘമാണ്. തന്നെപ്പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെ മധ്യമവും സന്തുലിതവുമായ നിലപാടുകളോടാണ് അവര്‍ യുദ്ധം ചെയ്യുന്നത്. അവര്‍ നിരപരാധികളുടെ രക്തം ചിന്തുന്നു. എതിര്‍ചേരിയിലുള്ളവരെ അത്യന്തം ക്രൂരമായി കൂട്ടക്കൊല ചെയ്യുന്നു. ഇഖ്‌വാനെ കാഫിറാക്കുക മാത്രമല്ല, മധ്യനിലപാട് സ്വീകരിക്കുന്ന പണ്ഡിതന്മാരുടെ ഒരു വാക്കും സ്വീകാര്യമല്ലെന്നും അതിനാല്‍ തന്നെ അവര്‍ വധാര്‍ഹരാണെന്നും മതഭ്രഷ്ടരാണെന്നും വിധിയെഴുതുന്നു. ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങളുമായി ഒത്ത് പോകാത്ത ഇത്തരം അതിര് കടന്ന വ്യാഖ്യാനങ്ങളെ നാം പാടേ തള്ളിക്കളയേണ്ടിയിരിക്കുന്നു.'' 

ദാഇശിനോടുള്ള നിലപാട് വ്യക്തമാക്കുന്ന ഇത്തരം പരാമര്‍ശങ്ങളൊക്കെ നീക്കം ചെയ്ത ശേഷമാണ് മീഡിയ ദാഇശിന്റെ വേരുകള്‍ ഇഖ്‌വാന്റെ ചരിത്രത്തില്‍ ചികയാന്‍ ശ്രമിച്ചത്. ഇംഗ്ലീഷില്‍ മാത്രം ഇരുപതോളം പുസ്തകങ്ങള്‍ ഐസിസിനെക്കുറിച്ച് ഇതിനകം പുറത്ത് വന്നിരിക്കുന്നു. പ്രബന്ധങ്ങളും ഈ വിഷയത്തില്‍ ധാരാളം. ഏതാണ്ടെല്ലാം ഒരേ അച്ചില്‍ വാര്‍ക്കപ്പെട്ടത്. അക്കാദമിക സത്യസന്ധതയും വസ്തുനിഷ്ഠതയും പലതിനും അന്യം. അമേരിക്കയുടെ അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങളാണ് ഇത്തരം ഭീകരസംഘങ്ങളുടെ ആവിര്‍ഭാവത്തിന് പ്രത്യക്ഷ കാരണം എന്ന വസ്തുത മൂടിവെച്ച്, മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുമായും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുമായും ഇവയെ കണ്ണിചേര്‍ക്കാനാണ് ശ്രമം നടക്കുന്നത്. 

ഭീകര സംഘങ്ങളുടെ ഐഡിയോളജി എന്താണ്? ഐസിസിനെക്കുറിച്ച് പുസ്തകങ്ങളും പഠനങ്ങളും പുറത്തിറക്കുന്നവര്‍ക്ക് സംശയമേതുമില്ല- സലഫി ജിഹാദ്! ഒട്ടേറെ അവ്യക്തതകള്‍ ബാക്കിവെക്കുന്ന, ഉത്തരങ്ങളേക്കാള്‍ ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രയോഗമാണിത്. വിശുദ്ധ ജീവിതം നയിച്ചിരുന്ന ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യകാല തലമുറയാണ് സലഫ്. പ്രവാചകനെയും അനുയായികളെയും അടുത്തറിഞ്ഞിരുന്നവര്‍ എന്ന നിലക്ക് അവരുടെ ജീവിതമാണ് കൂടുതല്‍ മാതൃകായോഗ്യം. മുന്‍ഗാമികളുടെ ഈ ജീവിത മാതൃകക്കാണ് മിന്‍ഹാജുസ്സലഫ് എന്ന് പറയുന്നത്. ഒരു മുസ്‌ലിമിന്റെ മുഴുവന്‍ ത്യാഗപരിശ്രമങ്ങളെയും കുറിക്കുന്ന ഖുര്‍ആനിക സംജ്ഞയാണ് ജിഹാദ്. പോരാട്ടവും ജീവത്യാഗവുമെല്ലാം അതില്‍ പെടുമെന്ന് മാത്രം. ഈ രണ്ട് സംജ്ഞകളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് സലഫീ ജിഹാദ് എന്ന പ്രയോഗം. എന്തായാലും, പ്രതിയോഗികള്‍ക്കെതിരെയുള്ള സായുധ കടന്നാക്രമണത്തിനാണ് ഇപ്പോഴത് പ്രയോഗിക്കുന്നത്. ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരര്‍ഥം ആ പ്രയോഗത്തിന് നല്‍കിയത് ഖാഇദ-ദാഇശികളാണോ അതോ അവരുടെ പ്രതിയോഗികളാണോ എന്ന് വ്യക്തമല്ല. ഒരുപക്ഷെ ഇരുവിഭാഗവും അവരുടെ പങ്ക് നിര്‍വഹിച്ചിട്ടുണ്ടാവണം. 

മുന്‍ഗാമികളുടെ വിശുദ്ധ ജീവിതത്തിലേക്ക് തിരിച്ച് പോവുക എന്ന അര്‍ഥത്തില്‍ സലഫി ആശയങ്ങള്‍ ആധുനിക യുഗത്തിലെ ഏതാണ്ടെല്ലാ നവോത്ഥാന സംരംഭങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് സലഫിസത്തിന്റെ മുഖ്യധാര. ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും റശീദ് റിദയുടെയും പിന്തുടര്‍ച്ചയാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നത് ഈയര്‍ഥത്തില്‍ ശരിയുമാണ്. എന്നാല്‍ അക്കാദമിക വ്യവഹാരങ്ങളില്‍ ഇന്ന് സലഫിസം എന്ന വാക്ക് അതിന്റെ പഴയ അര്‍ഥത്തില്‍ ഉപയോഗിക്കുന്നേയില്ല. അക്ഷരവാദ(ഹര്‍ഫിയ്യ)ത്തില്‍ കടിച്ച് തൂങ്ങി ഒടുവില്‍ വിയോജിക്കുന്നവരെയെല്ലാം കാഫിറും മുര്‍തദ്ദു(അവിശ്വാസിയും മതഭ്രഷ്ടനും)മാക്കുന്ന വഴിപിഴച്ച ഒരു ധാരയുണ്ട്. സലഫി ചിന്തയില്‍ കാലക്രമത്തില്‍ വന്നുചേര്‍ന്ന കടുംപിടുത്തമാണ് അതിന് നിദാനമായത് എന്നതിനാല്‍ സലഫിസമെന്ന് കേള്‍ക്കുമ്പോഴേക്ക് ഈ കടുംപിടുത്തക്കാരെയും തീവ്രവാദികളെയുമാണ് ഓര്‍മ വരിക. സലഫിസത്തെക്കുറിച്ച അക്കാദമിക പഠനങ്ങളും ആ രൂപത്തിലേക്ക് വഴിമാറി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടനയിച്ചതിനാല്‍ സലഫി ധാരയോട് യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് മുമ്പേ ഈര്‍ഷ്യതയും അമര്‍ഷവുമുണ്ട്. അവസരം കിട്ടിയപ്പോള്‍ അവരത് കരഞ്ഞുതീര്‍ക്കുന്നുമുണ്ട്.  

ഓറിയന്റലിസ്റ്റ്-സെക്യുലരിസ്റ്റ് നിഘണ്ടുവില്‍ 'ജിഹാദി'ന് നല്‍കിയ അര്‍ഥം 'അന്യമതസ്ഥര്‍ക്കെതിരെയുള്ള യുദ്ധം' എന്നായതിനാല്‍, സലഫി ജിഹാദ് എന്ന പ്രയോഗത്തിന് തീര്‍ത്തും അപായകരവും ഇസ്‌ലാമിക പ്രമാണ വിരുദ്ധവുമായ ഒരര്‍ഥം വന്നുചേര്‍ന്നത് സ്വാഭാവികം. പിന്നീട്, സലഫി മുഖ്യധാരയുമായി ബന്ധമുള്ളവരെയൊക്കെ ഈ തീവ്രസലഫിസവുമായി  കണ്ണിചേര്‍ക്കാന്‍ തുടങ്ങി. അറബിക് ഗൂഗിളില്‍ 'അസ്സലഫിയതുല്‍ ജിഹാദിയ്യ' സേര്‍ച്ച് ചെയ്താല്‍, അതിന്റെ തലതൊട്ടപ്പന്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ ആണെന്ന് എഴുതിയതായി കാണാം! ലോകം ആദരിക്കുന്ന നാല് ഇമാമുകളില്‍ ഒരാളും ആറ് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നിന്റെ സമാഹര്‍ത്താവുമായ ഒരു മഹാപണ്ഡിതനെയാണ് ഈ വിധം തേജോവധം ചെയ്തിരിക്കുന്നത്. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ്, ഇബ്‌നു തൈമിയ എന്നീ മഹാരഥന്മാര്‍ക്കും ഈ ദുര്‍ഗതിയുണ്ടായി. പില്‍ക്കാലത്ത് വന്ന ചില വിവരദോഷികള്‍ അവരെ തലകീഴെ വായിച്ചതിന് ആ മഹത്തുക്കള്‍ എന്ത് പിഴച്ചു! ഭരണകൂടം തന്റെ ജീവന്‍ അപഹരിച്ചാല്‍ പോലും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരരുതെന്ന് അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ മൗലാനാ മൗദൂദിയും, വശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഇമാം ബന്നയുമൊക്കെ 'സലഫി ജിഹാദി'ന്റെ ദാര്‍ശനികരായി അവതരിപ്പിക്കപ്പെടുന്നു. ഇവര്‍ നേതൃത്വം നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ദാഇശ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പിന്നെ എളുപ്പമുണ്ട്. ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് അല്‍ സീസി  വക കൂലിയെഴുത്തുകാരുടെ ഒരു പട തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതവരുടെ രാഷ്ട്രീയമായ അനിവാര്യത കൂടിയാണല്ലോ. 

അഫ്ഗാന്‍ ജിഹാദും ഭീകരതയും

അല്‍ഖാഇദയുടെയും താലിബാന്റെയും ഐസിസിന്റെയും വളര്‍ത്തു കേന്ദ്രമായി അഫ്ഗാന്‍ ജിഹാദിനെ പരിചയപ്പെടുത്തുന്ന നിരവധി പുസ്തകങ്ങള്‍ ഇടക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. 1979 ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിലേക്ക് ഇരച്ചുകയറുകയും അവിടെ തങ്ങളുടെ പാവ സര്‍ക്കാറിനെ പ്രതിഷ്ഠിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ചെറുത്ത് നില്‍പ്പ് ആരംഭിച്ചത്. ശീതയുദ്ധ കാലത്തായതിനാല്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ചെറുത്ത് നില്‍പ്പിന് സഹായങ്ങള്‍ നല്‍കി. സുഊദി അറേബ്യ ഉള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളും ചൈനയും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അധിനിവേശ വിരുദ്ധ പോരാളികളെ മുജാഹിദുകളെന്നും ചെറുത്ത് നില്‍പ്പിനെ ജിഹാദ് എന്നുമാണ് വിളിച്ചിരുന്നത്. അന്നതില്‍ ആര്‍ക്കും ഒരസ്‌ക്യതയും തോന്നിയിരുന്നില്ല. ചെമ്പടയോട് പൊരുതാനായി അറബ് രാജ്യങ്ങളില്‍ നിന്നും മറ്റും പോരാളികള്‍ എത്തിയിരുന്നു. പത്ത് വര്‍ഷത്തെ പോരാട്ടത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ 1989 ല്‍ സോവിയറ്റ് സൈന്യം പിന്‍വാങ്ങി. 

മുഖ്യശത്രു ഇല്ലാതായതോടെ പത്തോളം സംഘടനകള്‍ അണിനിരന്നിരുന്ന മുജാഹിദ് മുന്നണി തമ്മില്‍ പോര് തുടങ്ങി. റബ്ബാനിയും ഹിക്മത്തിയാറും തമ്മിലായിരുന്നു പ്രധാന പോര്. ഇത് മുതലെടുത്താണ് അഫ്ഗാന്‍ ജിഹാദില്‍ നേതൃത്വപരമായ പങ്കൊന്നും ഉണ്ടായിരുന്നിട്ടില്ലാത്ത താലിബാന്‍ അധികാരം കൈക്കലാക്കിയത്. പിന്നീട് തീവ്രവാദികളും അല്ലാത്തവരുമായ പല ഗ്രൂപ്പുകളുണ്ടായി. ഇതൊന്നും അഫ്ഗാന്‍ ജിഹാദിന്റെ ശോഭ കെടുത്തിക്കളയുന്നില്ല. സാമ്രാജ്യത്വ ശക്തിയെ തുരത്തുക എന്ന ലക്ഷ്യം അത് നേടിക്കഴിഞ്ഞു. പക്ഷെ സകല തീവ്രവാദങ്ങളും പൊട്ടിമുളച്ചത് അഫ്ഗാന്‍ ജിഹാദില്‍ നിന്നാണ് എന്ന മട്ടിലാണ് ഇപ്പോഴത്തെ വിശകലനങ്ങള്‍. അഫ്ഗാന്‍ ജിഹാദ് ഇല്ലായിരുന്നെങ്കില്‍ ലോകം ശാന്തസുന്ദരമായ ഒന്നായേനേ! ഇത് ചരിത്രത്തിന്റെ തെറ്റായ വായനയാണ്. പിന്നീട് സംഭവിച്ചതിനൊക്കെ അഫ്ഗാന്‍ ജിഹാദിനെ പഴി ചാരുന്നതില്‍ അര്‍ഥമില്ല. അല്‍ഖാഇദയുടെ പ്രധാന നേതാക്കളായ ഉസാമ ബിന്‍ ലാദനും അയ്മന്‍ ളവാഹിരിയും അഫ്ഗാന്‍ ജിഹാദില്‍ പങ്കെടുത്തിരുന്നുവെന്നും അങ്ങനെയാണവര്‍ ഭീകരവാദികളായതെന്നുമാണ് ന്യായം. എങ്കില്‍ രണ്ട് തവണ അഫ്ഗാന്‍ പ്രസിഡന്റായ, പാശ്ചാത്യരുടെ ഇഷ്ടഭാജമായ ഹാമിദ് കര്‍സായി എന്ത്‌കൊണ്ട് ഭീകരനായില്ല? അഫ്ഗാന്‍ ജിഹാദ് കാലത്ത് ബിന്‍ലാദന്റെയും ളവാഹിരിയുടെയും പേര് എവിടെയെങ്കിലും കേട്ടതായി ആരും ഓര്‍ക്കുന്നില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ അഫ്ഗാന്‍ ജിഹാദിന് വേണ്ടി ഫണ്ട് പിരിച്ചവരില്‍ പ്രമുഖനായിരുന്നു കര്‍സായി. മറ്റൊരു പ്രമുഖ നേതാവായ, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നത് കൊണ്ട് മാത്രം അഫ്ഗാന്‍ പ്രസിഡന്റാവാതെ പോയആളാണ് അബ്ദുല്ല അബ്ദുല്ല. അഫ്ഗാന്‍ ജിഹാദിലെ മുന്നണിപ്പോരാളിയും വടക്കന്‍ സഖ്യത്തിന്റെ അനിഷേധ്യ നേതാവുമായ അഹ്മദ് ഷാ മസ്ഊദിന്റെ ഉപദേശകനായിരുന്നു അദ്ദേഹം. അഫ്ഗാനിലെ താലിബാന്‍ വിരുദ്ധ നേതാക്കളെ മൊത്തത്തിലെടുത്താല്‍ അവരില്‍ അഫ്ഗാന്‍ ജിഹാദില്‍ പങ്ക്‌കൊള്ളാത്തവര്‍ വളരെ കുറവായിരിക്കും. അവരൊന്നും തീവ്രവാദികളായില്ലെങ്കില്‍, അഫ്ഗാന്‍ ജിഹാദല്ല തീവ്രവാദ ഗ്രൂപ്പുകളുടെ ആവിര്‍ഭാവത്തിന് കാരണം എന്നല്ലേ മനസ്സിലാക്കേണ്ടത്. 

ദാഇശിന്റെ പ്രത്യയശാസ്ത്ര വേരുകള്‍ അന്വേഷിക്കുന്ന ഒരു പഠനം അല്‍ജസീറ നെറ്റില്‍ ശഫീഖ് ശഖീര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1 പഠനത്തിന്റെ ആദ്യത്തെ അടിക്കുറിപ്പില്‍ അല്‍ഖാഇദ നേതാക്കളായി മൂന്നു പേരെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. അബ്ദുല്ല അസാം, ബിന്‍ ലാദന്‍, ളവാഹിരി. ഇതില്‍ ബിന്‍ ലാദന്‍ മരണം വരെ അല്‍ഖാഇദയുടെ അനിഷേധ്യ നേതാവായിരുന്നു. അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ പിന്‍ഗാമിയായി എത്തിയത് ളവാഹിരി. ഇപ്പോഴും ളവാഹിരിയാണ് അല്‍ഖാഇദ സുപ്രിമോ. പക്ഷെ, അബ്ദുല്ല അസാം എന്ന ഫലസ്ത്വീനി പണ്ഡിതനും പോരാളിയും എങ്ങനെയാണ് അല്‍ഖാഇദ നേതാവാകുന്നത്? ലഭ്യമായ വിവരമനുസരിച്ച് അല്‍ഖാഇദ സ്ഥാപിതമാവുന്നത് 1990ല്‍ ആണ്. അബ്ദുല്ല അസാം ആകട്ടെ, ഒരു കുഴി ബോംബ് സ്‌ഫോടനത്തില്‍ 1989 ല്‍ മരണപ്പെട്ടു. ബിന്‍ലാദന്റെയും ളവാഹിരിയുടെയും കടുത്ത വിമര്‍ശകനായിരുന്നു അസാം. 

അഫ്ഗാനിസ്താന്‍ സോവിയറ്റ് അധിനിവേശത്തില്‍ നിന്ന് മുക്തമായതോടെ ഇനിയെന്ത് ചെയ്യണം എന്ന കാര്യത്തില്‍ ബിന്‍ലാദന്‍-ളവാഹിരി ലോബിയും അസാമും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അമേരിക്കയെയും അറബ് ഭരണകൂടങ്ങളെയും തകര്‍ക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ബിന്‍ലാദന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഫലസ്ത്വീന്‍ വിമോചനത്തിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നായി അസാം. ഇതിനിടയിലാണ് കുഴിബോംബ് പൊട്ടി അദ്ദേഹം മരിക്കുന്നത്. ഇതിന് പിന്നില്‍ ളവാഹിരിയാണെന്നും ഇസ്രായേലാണെന്നും രണ്ട് കൂട്ടരും കൂടി ചേര്‍ന്ന് ഒപ്പിച്ച വേലയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 

എന്നിട്ടും എന്ത്‌കൊണ്ടാണ് അല്‍ഖാഇദ ആശയങ്ങളുടെ വിമര്‍ശകനായ, അല്‍ഖാഇദ രൂപവത്കരിക്കപ്പെടും മുമ്പ് വധിക്കപ്പെട്ട അബ്ദുല്ല അസാമിനെ അല്‍ഖാഇദയുടെ നമ്പര്‍ വണ്‍ നേതാവായി എണ്ണുന്നത്? സയണിസ്റ്റ് ലോബികളാണ് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ക്കതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായും ഫലസ്ത്വീനിലെ ഹമാസുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന അസാമിനെ അല്‍ഖാഇദ നേതാവാക്കുന്നതോടെ ആ രണ്ട് സംഘടനകളെയും നേരിടാന്‍ എളുപ്പമാണ്. 

ചരിത്രത്തെ ഈ വിധത്തില്‍ വളച്ചൊടിക്കുന്നത് തടയേണ്ട ബാധ്യത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടെങ്കിലും അവലംബിക്കാവുന്ന ഒരു പഠനം പോലും അവരുടേതായി കണ്ടെത്താനായിട്ടില്ല. അല്‍ഖാഇദയും ദാഇശുമൊക്കെ ഇസ്‌ലാമിക പ്രസ്ഥാന വ്യവഹാരങ്ങളില്‍ സ്ഥിരമായി കടന്നു വരാറുള്ള ഹാകിമിയ്യത്ത്, ഖിലാഫത്ത്, ഇസ്‌ലാമിക് സ്റ്റേറ്റ്, ജിഹാദ് തുടങ്ങിയ സംജ്ഞകളെയാണ് അത്യന്തം വികലമായും മനുഷ്യരെ ഭീതിപ്പെടുത്തുന്ന രീതിയിലും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ ആശയപരമായി നേരിടേണ്ട ചുമതല ഒന്നാമതായും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ്. കാരണം അവരുയര്‍ത്തിപ്പിടിക്കുന്ന മാനവികതയിലൂന്നിയ ഇസ്‌ലാമിക ദര്‍ശനമാണ് ഇവിടെ കടന്നാക്രമിക്കപ്പെടുന്നത്. 

ഏഴാം നൂറ്റാണ്ടിലെ ഗോത്ര സംസ്‌കാരം

ഐസിസിനെക്കുറിച്ച് പഠനം നടത്തിയ ലബനീസ് വംശജനായ ബര്‍നാഡ് ഹൈക്കല്‍ പറയുന്നത്, പ്രവാചകന്‍ ആഗതനാവുമ്പോള്‍ അറേബ്യന്‍ സമൂഹത്തിലുണ്ടായിരുന്ന ഗോത്രാചാരങ്ങളെയും യുദ്ധ സമ്പ്രദായങ്ങളെയും വളരെ വിശ്വസ്തതയോടെ പുനരുല്‍പ്പാദിപ്പിക്കാനാണ് ഈ സംഘം ശ്രമിക്കുന്നത് എന്നാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഏഴാം നൂറ്റാണ്ടിലെ ഗോത്രസംസ്‌കൃതിയെയാണ് അവര്‍ തിരിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള അവരുടെ ശ്രദ്ധയും ഗൗരവവും ആരെയും അതിശയപ്പെടുത്തും. പ്രവാചകന്‍ ആഗതനാവുന്ന ഘട്ടത്തില്‍  അടിമത്ത സമ്പ്രദായം നിലവിലുണ്ടായിരുന്നു. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം അനുവദിക്കപ്പെട്ടിരുന്നു. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന് ഖുര്‍ആനികാധ്യാപനങ്ങളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും. ചെയ്തുപോയ പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ടത് അടിമ വിമോചനമാണ്. എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന അടിമത്ത രീതികളെയും സമ്പ്രദായങ്ങളെയും അതേപടി പുനരാവിഷ്‌കരിക്കണമെന്നാണ് ഐസിസ് വാദിക്കുന്നത്. അന്യമതസ്ഥരോ മറ്റു അവാന്തര വിഭാഗങ്ങളില്‍ പെട്ടവരോ ആയ സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിച്ച് അവരെ കാലികളെപ്പോലെ ചന്തയില്‍ വില്‍പ്പനക്ക് വെക്കുന്ന ബീഭത്സ രംഗങ്ങള്‍ക്ക് സാക്ഷിയാവുകയാണ് ഐസിസ് കൈയടക്കി വെച്ച ഇറാഖിലെയും സിറിയയിലെയും ഭൂപ്രദേശങ്ങള്‍. 

ഇസ്‌ലാം സമാധാനത്തെ നിരാകരിക്കുന്നു എന്നതാണ് ഇവരുടെ ആപല്‍ക്കരമായ മറ്റൊരു വാദം. 'കൂറും കൈയൊഴിയലും' (അല്‍വലാഉ വല്‍ബറാഅ്) എന്നാണ് അവരതിന് പ്രയോഗിക്കുന്ന സാങ്കേതിക സംജ്ഞ. അതായത് ഇസ്‌ലാമിനോട് മാത്രമേ കൂറ് പുലര്‍ത്തേണ്ടതുള്ളൂ. 'ഇസ്‌ലാം' എന്നാല്‍ ദാഇശിന്റെ സങ്കല്‍പ്പത്തിലുള്ള ഇസ്‌ലാം. അതിനെ നിരാകരിക്കുന്ന മുസ്‌ലിംകളിലെ എല്ലാ ഗ്രൂപ്പുകളുടെയും മറ്റു മതസ്ഥരുടെയും കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണ് പറയുന്നത്. അവരെ പൂര്‍ണ്ണമായി കൈയൊഴിഞ്ഞിരിക്കുന്നു. അത്തരക്കാരെ കൊല്ലുകയോ അടിമകളാക്കുകയോ ആട്ടിയോടിക്കുകയോ ഒക്കെ ചെയ്യാം. ക്രിസ്ത്യാനികളെയും യസീദികളെയും ശിഈകളെയും ഇഖ്‌വാനികളെയും ഒരേപോലെ വേട്ടയാടുന്നതിന്റെ 'ദൈവശാസ്ത്രം' ഇതാണ്. 

ഈ ചിന്താഗതി ഇസ്‌ലാമിക സംസ്‌കാരത്തെയും ചരിത്രത്തെയും അപഹാസ്യമാക്കുകയാണെന്ന് കശ്മീര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ മന്‍സൂര്‍ ആലം എഴുതുന്നു.2 ''അവര്‍ നിങ്ങളുമായി നീതിയില്‍ വര്‍ത്തിക്കുന്നിടത്തോളം നിങ്ങള്‍ അവരുമായും നീതിയില്‍ വര്‍ത്തിക്കുവിന്‍.'' (അത്തൗബ: 7) എന്നാണ് ഖുര്‍ആന്റെ നിര്‍ദ്ദേശം. പ്രത്യക്ഷത്തില്‍ പല വ്യവസ്ഥകളും എതിരായിരുന്നിട്ട് കൂടി അവിശ്വാസികളുമായി ഹുദൈബിയ കരാറിലേര്‍പ്പെടാന്‍ പ്രവാചകന്‍ തയ്യാറായി. മദീനയിലെ ജൂത സമൂഹത്തിന് മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പ്രവാചകന്‍ നല്‍കുകയുണ്ടായി. മദീനയുടെ ഭരണഘടനയില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തുകയുമുണ്ടായി. മക്കാവിജയ വേളയില്‍ കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും അന്യാദൃശ മാതൃകയാണ് പ്രവാചകന്‍ കാഴ്ചവെച്ചത്. ദാഇശ് പക്ഷെ ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. ഖൈബറിലെ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതി അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. കൊടിയ വഞ്ചന കാണിച്ചതിന്റെ പേരിലുള്ള ആ അപൂര്‍വ നടപടിയെ, അതാണ് ഇസ്‌ലാമിന്റെ രീതി എന്ന മട്ടിലാണ് അവര്‍ ചിത്രീകരിക്കുക. ഹുനൈന്‍ യുദ്ധത്തില്‍ അമുസ്‌ലിംകള്‍ പോലും പങ്കെടുത്തിരുന്നുവെന്നും അവര്‍ക്ക് യുദ്ധമുതലുകള്‍ പ്രവാചകന്‍ പങ്ക് വെച്ച് നല്‍കിയിരുന്നുവെന്നുമുള്ള ചരിത്ര പാഠങ്ങളെ അവര്‍ക്ക് ഓര്‍ക്കേണ്ട കാര്യമില്ലല്ലോ.

നിര്‍ബന്ധ മതംമാറ്റത്തിന്റെ റിപ്പോര്‍ട്ടുകളും ഐസിസ് അധീന പ്രദേശങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇത് ഖുര്‍ആന്റെയും സുന്നത്തിന്റെയും വ്യക്തമായ നിരാകരണമാണ്. ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല'' (അല്‍ബഖറ: 256) എന്നത് ഖുര്‍ആന്റെ അടിസ്ഥാന പാഠമാണ്. മുസ്‌ലിംകള്‍ സര്‍വപ്രതാപത്തോടെ ഭരണം നടത്തിയ കാലങ്ങളില്‍ പോലും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയതിന്റെ ഒരു തെളിവും തനിക്ക് കാണാനായിട്ടില്ലെന്ന് തോമസ് ആര്‍നോള്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 

'തക്ഫീര്‍ വല്‍ ഹിജ്‌റ' എന്നത് ഏതാണ്ടെല്ലാ തീവ്രവാദി സംഘടനകളിലും പൊതുസ്വീകാര്യത നേടിയ ആശയമാണ്. ഇക്കാര്യത്തിലും വളരെ തീവ്രമാണ് ഐസിസിന്റെ നിലപാട്. തങ്ങളല്ലാത്ത മുസ്‌ലിം സംഘങ്ങളെല്ലാം കാഫിറുകള്‍ (ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് പോയവര്‍) ആണെന്നാണ് അവരുടെ വിധിതീര്‍പ്പ്. അവരെ തല്ലുകയോ കൊല്ലുകയോ ചവിട്ടിപ്പുറത്താക്കുകയോ ഒക്കെ ചെയ്യാം. അധികാരവും സ്വാധീനവും ഉണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ. ഇനി അധികാരമില്ലെങ്കിലോ? 'കാഫിറുകള്‍' മേയുന്ന അത്തരം ഇടങ്ങളില്‍ നിന്ന് പലായനം (ഹിജ്‌റ) ചെയ്യണം; മക്കയില്‍ നിന്ന് നബി മദീനയിലേക്ക് ഹിജ്‌റ ചെയ്തത് പോലെ. പക്ഷെ തിരിച്ച് വരുന്നതും പ്രവാചകനെപ്പോലെ വിജയശ്രീലാളിതരായിട്ടാവണം. ആ വിജയാഘോഷമാണ് ഇറാഖിലെയും സിറിയയിലെയും ഐസിസ് അധീന പ്രദേശങ്ങളെ ദുരന്ത ഭൂമിയാക്കുന്നത്. 

(തുടരും)

1. അല്‍ജുദൂറുല്‍ ഐദിയോളജിയ ലിതന്‍ളീമിദ്ദൗല അല്‍ ഇസ്‌ലാമിയ്യ-ശഫീഖ് ശഖീര്‍

2. Ideology of Islamic State of Iraq and Syria (ISIS): An Objective Analysis by Manzoor Alam)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍