Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 21

നിലവിളക്കിന് ഒരു മതേതര മുഖമുണ്ട്

പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, തേഞ്ഞിപ്പലം

നിലവിളക്കിന് ഒരു മതേതര മുഖമുണ്ട്

വൈദികധര്‍മത്തിലെ ദേവസങ്കല്‍പവുമായി ബന്ധപ്പെട്ടതാണ് നിലവിളക്ക്. അഗ്നി ദേവനെ സാക്ഷ്യപ്പെടുത്തുന്ന ഒരനുഷ്ഠാന കര്‍മമാണ് തിരികൊളുത്തല്‍. അഷ്ടദിക് പാലകരില്‍ ഒരാളാണ് അഗ്നിദേവന്‍. ഇന്ദ്രന്‍, കാലന്‍ നിര്യതി, വരുണന്‍, വായു, കുബേരന്‍, ശിവന്‍ എന്നിവരാണ് മറ്റുള്ളവര്‍. വെള്ളം, ഭൂമി, ആകാശം, വായു എന്നിവയടങ്ങുന്ന പഞ്ചഭൂതങ്ങളിലൊന്നുമാണ് അഗ്നി. യാഗങ്ങളും ഹോമങ്ങളും അഗ്നിദേവനുള്ള സമര്‍പ്പണമാണ്. അഗ്നിപൂജ, അഗ്നി ഹോമം, അഗ്നി ഹോത്രം തുടങ്ങിയ അനുഷ്ഠാന കര്‍മങ്ങളിലൊന്നാണ് ദീപാരാധന. നിലവിളക്ക് കൊളുത്തല്‍ അതിന്റെ ഭാഗമാണ്. 

അതേസമയം, നിലവിളക്കിനെ അപ്രകാരം കാണാത്ത വലിയൊരു ജനവിഭാഗം രാജ്യത്തുണ്ട്. അവര്‍ക്ക് അറിവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. വെളിച്ചം അറിവിനെയും ഇരുട്ട് അറിവില്ലായ്മയെയും പ്രതിനിധാനം ചെയ്യുന്നു. നിലവിളക്കിന്റെ മതേതര മുഖമാണിത്. സമാധാനവും വെള്ളപ്രാവുകളും പോലെ പരിസ്ഥിതിയും മരവും പോലെ, ദുഃഖവും കറുപ്പ് നിറവും പോലെ വിളക്ക് പ്രകാശത്തിന്റെ ഒരു പ്രതീകം മാത്രമാണ്. ഈ മതേതര കാഴ്ചപ്പാടിനെ ചെറുതായി കാണുകയോ പുഛിച്ചു തള്ളുകയോ ചെയ്യേണ്ടതില്ല.  

എരിഞ്ഞു കത്തുന്ന വിളക്കു തിരികള്‍ക്ക് ചുറ്റുമിരുന്ന് ഖുര്‍ആന്‍ ഓതിപ്പഠിച്ചിരുന്ന സമ്പ്രദായമുണ്ടായിരുന്നു പഴയ കാലത്ത് പള്ളികളില്‍. വിളക്കുകളുടെ ഇന്ധനം എണ്ണയായതു കൊണ്ട് പലരും പള്ളികളിലേക്ക് എണ്ണ നേര്‍ച്ച ചെയ്തിരുന്നു. എണ്ണ വിളക്കുകള്‍ക്ക് പകരം വൈദ്യുതി വന്നിട്ടും പഴയ ആചാരമെന്ന നിലയില്‍ എണ്ണവിളക്കുകളെ നിലനിര്‍ത്തിപ്പോരുന്നുണ്ട് പല പള്ളികളും. ഇത് അഗ്നി ദേവനുള്ള ഉപാസനയല്ല. വൈദിക മതത്തില്‍ നിന്ന് കടം കൊണ്ട ഒരേര്‍പ്പാടുമല്ല. വിശ്വാസ വ്യതിയാനങ്ങള്‍ക്കിടം വരുത്താത്ത കാലത്തോളം അവയെയൊക്കെ പിഴുതെറിയണമെന്ന് വാശി പിടിക്കേണ്ടതുമില്ല.

നിലവിളക്കിനെ മതാത്മകമായി തന്നെ കാണണമെന്നും വേദേതിഹാസങ്ങളിലും ഉപനിഷത്തുകളിലും ദര്‍ശനങ്ങളിലും തന്നെ അതിന്റെ വേരുകളെ ഒതുക്കി നിര്‍ത്തണമെന്നും വാശിപിടിക്കുമ്പോള്‍, അപ്പോഴാണ് സംഘ്പരിവാര്‍ ശരിക്കും ചിരിക്കുക. മതനിരപേക്ഷതയുടെ നിലവിളക്ക് സംഘ്പരിവാറിന്റെ നിലവിളക്കല്ല. മതാത്മകത മുഴുവന്‍ സംഘ്പരിവാറാണെന്ന് നിഗമിക്കുന്നതിനേക്കാള്‍ വലിയ മൗഢ്യം മറ്റെന്താണ്? നിലവിളക്കിനെ തികച്ചും മതാത്മകമായി കാണുകയും അതിന്റെ രാഷ്ട്രീയത്തെ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുന്ന ഹൈന്ദവ സഹോദരങ്ങള്‍ എത്രയെങ്കിലുമുണ്ട് രാജ്യത്ത്. നിലവിളക്ക് വിരുദ്ധത വിവാദമാക്കപ്പെടുമ്പോള്‍ സംഘ്പരിവാറിന്റെ മത രാഷ്ട്രീയ വിളക്കുകളിലേക്ക് അറിയാതെ ചുവട് മാറ്റിപ്പോകുന്നു ഈ സഹോദരങ്ങളും. വിശ്വാസത്തിന്റെ പ്രശ്‌നം അപ്പോള്‍ നിലവിളക്കില്‍ മാത്രം ഒതുങ്ങുകയുമില്ല. താലപ്പൊലിയിലും എഴുത്തിനിരുത്തിലും എഴുന്നെള്ളിപ്പിലും ചെണ്ട മേളങ്ങളിലും നൃത്ത നടന കലകളുടെ അരങ്ങേറ്റത്തിലും വാദ്യ സംഗീതങ്ങളിലും വാസ്തു വിദ്യയിലും ഞാറ്റുവേലയിലും നാട്ടുത്സവങ്ങളിലുമൊക്കെ വിശ്വാസ പ്രശ്‌നങ്ങളുണ്ടാകും. പൊതുവേദികളില്‍ നിലവിളക്കുകളുടെ മുമ്പില്‍ മാത്രം ആദര്‍ശ പ്രതിബദ്ധതയുടെ മഹാദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മന്ത്രിമാര്‍ അപ്പോള്‍ പ്രതിസന്ധിയിലാവും.

അനവധി ഹൈന്ദവ മത ഗ്രന്ഥങ്ങള്‍ എഴുതിയ എന്റെ സുഹൃത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷമുണ്ടായിരുന്നു കഴിഞ്ഞ മാസം. ക്ഷണിക്കപ്പെട്ടത് പ്രകാരം എപ്പോള്‍ ഞാനെത്തിച്ചേരണമെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത്, സ്വരസ്വതി പൂജയും ദീപാരാധനയും കഴിഞ്ഞ്, സാംസ്‌കാരിക പരിപാടിയുടെ നേരത്ത് എത്തിച്ചേര്‍ന്നാല്‍ മതിയെന്നാണ്. വേദിയില്‍ മുഖം തിരിഞ്ഞ് നിന്ന് വാര്‍ത്തയാക്കുന്നതിനേക്കാള്‍ ഭേദം ഇതൊക്കെയല്ലേ? അതിനാല്‍ സംഘാടകരുമായി ബന്ധപ്പെട്ട് ഇത്തരം ചടങ്ങുകള്‍ ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി മാറ്റാന്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിക്കാവുന്നതേയുള്ളൂ.

നിലവിളക്കിന്റെ കാര്യത്തില്‍ മാത്രമൊതുക്കരുത് ആദര്‍ശ ദാര്‍ഢ്യതയും വിശ്വാസ പ്രതിബദ്ധതയും. അഴിമതിയും സ്വജനപക്ഷപാതവും പൊതുമുതലില്‍ നിന്ന് കമീഷന്‍ പറ്റലും ഭരണകര്‍ത്താക്കളുടെ പൊതുരീതിയാണിപ്പോള്‍. വന്‍പാപങ്ങളോട് രാജിയാകുന്നതും സര്‍വസാധാരണം. ദൈവനാമത്തില്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ വരുന്നവരുടെ കാര്യത്തില്‍ ഇതും വിശ്വാസ ലംഘനമാണ്. നിലവിളക്കിന്റെ കാര്യത്തിലുള്ള വ്യാഖ്യാന പഴുതുകള്‍ പോലുമില്ലാത്ത പച്ചയായ വിശ്വാസ ലംഘനം. ആദര്‍ശ പ്രതിബദ്ധതയും സൂക്ഷ്മതയും മുഴുജീവിതത്തിലുമുണ്ടാകുമ്പോള്‍ നിലവിളക്ക് വിരുദ്ധതയും പൊതുസമൂഹത്തിന് ബോധിക്കും. അല്ലാത്തതൊക്കെയും വെറും നാട്യപ്രധാനമാണെന്നും ജനം വായിക്കും.

പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, തേഞ്ഞിപ്പലം

നീതി, രണ്ടുതരം

യാക്കൂബ് മേമനെ കഴുമരത്തിലേറ്റുക വഴി ഈ രാജ്യത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ ഏമാന്മാരും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സാണ് ലോകത്തിന് മുമ്പില്‍ പരിഹാസ്യമാക്കിയത്. ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രൂപീകരിച്ച മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ ഇന്ന് ഒരു പറ്റമാളുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തകരുന്നത്. മുംബൈ സ്‌ഫോടനത്തിലേക്ക് നയിച്ച മുംബൈ കലാപത്തിലും അതിന് മുമ്പ് നടന്ന ബാബരി മസ്ജിദ് ധ്വംസനത്തിലും ആയിരക്കണക്കിന് മനുഷ്യര്‍ മരിക്കുകയും പതിനായിരക്കണക്കിന് മനുഷ്യരുടെ കുടുംബം, വീട്, സമ്പത്ത് എന്നിവ ഇല്ലാതാക്കുകയും ചെയ്ത നരാധന്മാരാരെന്ന് അന്വേഷണ കമീഷനുകള്‍ കണ്ടെത്തി ബന്ധപ്പെട്ട സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നാളിതുവരെ അവരെ നിയമത്തിന് മുമ്പില്‍ ഹാജരാക്കാനോ അര്‍ഹമായ ശിക്ഷ നല്‍കാനോ ഈ രാജ്യം ഭരിക്കുന്ന (ഭരിച്ച) ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. രാജീവ്ഗാന്ധി വധക്കേസില്‍ നേരിട്ട് പങ്കാളിത്തം വഹിച്ചവരുടെ വധശിക്ഷ ഇളവ് ചെയ്ത നീതിപീഠം, മുംബൈ സ്‌ഫോടന കേസില്‍ മാപ്പുസാക്ഷിയായി കീഴടങ്ങുകയും കേസിന്റെ പുരോഗതിക്ക് വേണ്ടി തെളിവുകള്‍ നല്‍കുകയും ചെയ്ത ഒരു മനുഷ്യന്റെ ഈ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസത്തെയാണ് തകര്‍ത്ത് കളഞ്ഞത്. ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസവും കൂറും നഷ്ടപ്പെടുത്തുന്നതിലെത്തിക്കും ഇത്തരം വിധികളിലെ ഈ ഇരട്ട നീതി.

ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുള്ള പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ ഭീതിയിലാഴ്ത്തുന്നതിനും അവരുടെ ഇടയില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനും വേണ്ടിയുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ കളിയുടെ ഭാഗമായിട്ടു വേണം യാക്കൂബ് മേമന്റെ തൂക്കിലേറ്റലിനെ കാണാന്‍.

കെ.എ സലീം, മുണ്ടൂര്‍, പാലക്കാട്

'ത്വലാഖ് ' എന്ന വെറുക്കപ്പെട്ട ഹലാല്‍

'ശരീഅത്തും വ്യക്തിനിയമവും; മുത്വലാഖ് വിവാദ പശ്ചാത്തലത്തില്‍ ഒരന്വേഷണം' എന്ന എം.വി മുഹമ്മദ് സലീമിന്റെ ലേഖനം (ലക്കം 2912) ശ്രദ്ധേയമായി. വര്‍ത്തമാനകാലത്ത് മുസ്‌ലിം സമൂഹത്തില്‍ ധാരാളമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വ്യക്തി നിയമത്തെക്കുറിച്ചുള്ള സമയോചിതവും ചിന്തോദ്ദീപകവുമായ പഠനമായിരുന്നു അത്.

വിവാഹ മോചനം എന്നത് വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്. എന്നാല്‍ പലപ്പോഴും സമൂഹത്തിലെ പണ്ഡിതരടക്കം വളരെ ലാഘവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കാറുള്ളത്. അതുകൊണ്ടുതന്നെ അന്യായമായി ത്വലാഖ് ചെയ്യപ്പെട്ട് തന്റെ വിധിയില്‍ ഖേദിച്ചു തീ തിന്ന് നരക ജീവിതം നയിക്കുന്ന ധാരാളം സ്ത്രീകള്‍ കേരളത്തിലുണ്ട്.

ത്വലാഖ് കുടുംബം ശിഥിലമാക്കുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിക്കെത്തന്നെ മക്കളെ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന മഹാ വിപത്താണത്. തന്റെ മനസ്സ് ശാന്തമാകുമ്പോള്‍ ഭവിഷ്യത്തിനെക്കുറിച്ചെല്ലാം നല്ലവണ്ണം ഓര്‍ത്ത ശേഷം തീരുമാനമെടുക്കേണ്ട ഒന്നാണ് ത്വലാഖ് എന്ന് പലരും വിസ്മരിക്കുന്നു.

'ഇസ്‌ലാം അനുവദിച്ചിരിക്കുന്നു' എന്ന വാദത്തോടെ സ്ത്രീയെ പീഡിപ്പിക്കാനും നൊമ്പരപ്പെടുത്താനും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഈ നിയമത്തിലെ പഴുതുകള്‍ അടക്കാന്‍ സമുദായത്തിലെ പണ്ഡിതന്മാര്‍ കക്ഷിഭേദമന്യേ ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതാണ് ത്വലാഖ് എന്നത് പലരും വിസ്മരിക്കുന്നു. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ലേഖകന്‍ സൂചിപ്പിച്ചപോലെ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇസ്‌ലാം ഒട്ടേറെ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. രണ്ടു പേരുടെയും കുടുംബക്കാര്‍ ഓരോ മധ്യസ്ഥനെ നിയോഗിച്ച് പ്രശ്‌നം പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കണം. ഇനി വിവാഹ മോചനം നടത്തിയാല്‍ തന്നെയും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരു പരിധിവരെ ഒന്നിച്ചു തന്നെ താമസിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നതിലെ യുക്തി വീണ്ടും ഒരു യോജിപ്പിനുള്ള സാധ്യതകള്‍ ആരായുക എന്നതാണ്.

എന്നാല്‍ ഇതൊന്നും അനുവര്‍ത്തിക്കാതെ ഭാര്യ വീട്ടുകാര്‍ സലാം മടക്കിയില്ല, കണ്ടപ്പോള്‍ മിണ്ടിയില്ല... തുടങ്ങി വളരെ ബാലിശമായ കാരണങ്ങളാലാണ് വിവാഹ മോചനങ്ങള്‍ പലതും നടക്കുന്നത്. ഈ ഇസ്‌ലാമിക വിരുദ്ധമായ ത്വലാഖുകള്‍ അവസാനിപ്പിക്കാന്‍ സമുദായം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

മുജീബ് കളത്തില്‍, ദുബൈ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /55-60
എ.വൈ.ആര്‍