Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

അരണാട്ടില്‍ സ്വാലിഹ്

അബ്ദുല്‍ മജീദ് പള്ളിപ്പൊയില്‍

അരണാട്ടില്‍ സ്വാലിഹ്

ചേളന്നൂര്‍ മുതുവാട് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനും ഐ.പി.എച്ച് ഷോറൂമിലെ ജീവനക്കാരനുമായിരുന്നു സ്വാലിഹ്(38). ഐ.പി.എച്ച് കോഴിക്കോട് ഷോറൂമിലെ റമദാന്‍ പുസ്തകോത്സവ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഞായറാഴ്ചകളിലൊന്നില്‍ മക്കളെയും കൂട്ടി പെരുന്നാള്‍ വസ്ത്രമെടുത്ത് കോഴിക്കോട് ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബൈക്ക് യാത്രക്കിടെയാണ് സ്വാലിഹ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. 

അന്നു രാവിലെ പത്തുമണിക്ക് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ നടന്ന സൂറഃ ഫുസ്സിലത്ത് അടിസ്ഥാനമാക്കിയ ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ പരീക്ഷയെഴുതി ഒന്നാം സ്ഥാനം നേടി, സ്വതഃസിദ്ധമായ പുഞ്ചിരിയുമായി മടങ്ങുമ്പോള്‍ മരണത്തിലും ഞങ്ങള്‍ സുഹൃത്തുക്കളെയെല്ലാവരെയും പിന്നിലാക്കുമെന്ന് വിചാരിച്ചിരുന്നില്ല.

കൃത്യനിഷ്ഠക്ക് വിലകുറഞ്ഞ കാലത്ത് ജീവിതത്തില്‍ അതിന് വലിയ മൂല്യം കല്‍പിച്ചു സ്വാലിഹ്. 1998 മുതല്‍ 17 വര്‍ഷം തുടര്‍ച്ചയായി ഐ.പി.എച്ച് കോഴിക്കോട് ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏറ്റെടുക്കുന്ന ഏതു ജോലിയും വളരെ ഭംഗിയായി നിര്‍വഹിച്ചു. പ്രയത്‌നമാവശ്യമുള്ള ഏതു ജോലിയും തനിച്ചാണെങ്കില്‍ പോലും കൃത്യമായി നിര്‍വഹിക്കുമായിരുന്നു. ഐ.പി.എച്ച് പുസ്തക മേളകളിലെ സ്വാലിഹിന്റെ സേവനം സ്വാലിഹിന് മാത്രം ചെയ്യാന്‍ കഴിയുന്നതായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കാന്‍ മടി കാണിക്കുന്ന കാലത്ത് കുടുംബ-ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വസതികളിലും എത്തിച്ചേരാറുണ്ടായിരുന്ന സ്വാലിഹ്, കുടുംബക്കാര്‍ക്കുപോലും അത്ഭുതമായിരുന്നു. ഐ.പി.എച്ച് ഷോറൂമിലെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും വീടിനടുത്ത പള്ളിയും മദ്‌റസയും ജമാഅത്ത് ഹല്‍ഖയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

കേവലം 38 വയസ്സിനിടയില്‍ ഒരു പുരുഷായുസ്സിന്റെ പ്രവര്‍ത്തനങ്ങളുമായി നെറ്റിയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചതിന്റെ വിയര്‍പ്പുകണങ്ങളുമായാണ് സ്വാലിഹ് വിട വാങ്ങിയത്. ആ ആത്മസായൂജ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വെച്ച് ആ മുഖം കാണുമ്പോള്‍ അത് വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്വതഃസിദ്ധമായ പുഞ്ചിരിയുമായി, ഒരു അലട്ടുമില്ലാതെ വിട പറഞ്ഞവന്റെ വിശ്വാസം തുടിക്കുന്ന മുഖം.

നാട്ടിലെ കനിവ് ജനസേവന കേന്ദ്രത്തിന്റെ ജീവനാഡി സ്വാലിഹായിരുന്നു. അതിരാവിലെ പള്ളിയിലെത്തി സ്വുബ്ഹ് നമസ്‌കരിച്ച ശേഷം കനിവ് ലൈബ്രറിയില്‍ പത്രങ്ങള്‍ ക്രമപ്പെടുത്തി വെക്കുന്ന സ്വാലിഹ് ഒരു പതിവ് കാഴ്ചയായിരുന്നു. ജമാഅത്ത് ഹല്‍ഖയുടെ കീഴില്‍ പ്രദേശവാസികളിലെ അശരണരുടെ കണക്കെടുത്ത് അവര്‍ക്കുവേണ്ട കൈത്താങ്ങ് നല്‍കുന്നതില്‍, കുഞ്ഞുന്നാളിലേ അനാഥത്വത്തിന്റെ നോവ് അനുഭവിച്ചറിഞ്ഞ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മികച്ച നേതൃപാടവമുള്ള സ്വാലിഹ് ജമാഅത്തെ ഇസ്‌ലാമി ടീന്‍ ഇന്ത്യയുടെ കക്കോടി ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം, ഐ.പി.എച്ച് ഹെഡ് ഓഫീസ് ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങള്‍ക്കായുള്ള ഫോര്‍ലാന്റ് ബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളിലും നിറഞ്ഞുനിന്നു. മുതുവാട് പ്രദേശത്ത് നടക്കുന്ന ഏത് സേവന പ്രവര്‍ത്തനങ്ങളിലും സ്വാലിഹ് സജീവ സാന്നിധ്യമായിരുന്നു. വിവാഹ വീടുകള്‍, പൊതുചടങ്ങുകള്‍ എന്നിവിടങ്ങളിലെല്ലാം സേവന സന്നദ്ധനായി അദ്ദേഹം ഉണ്ടായിരിക്കും.

ജനസേവനത്തിലെ വിശാല ഭൂമികയില്‍ ഇസ്‌ലാമിക പ്രസ്ഥാനമേല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു സ്വാലിഹിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജാതി-മത ഭേദമന്യേ തടിച്ചുകൂടിയ ആയിരങ്ങള്‍. ഖബ്‌റടക്കത്തിനു ശേഷം പ്രദേശത്ത് നടന്ന അനുശോചന യോഗത്തില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞതും സ്വാലിഹിന്റെ സേവന സന്നദ്ധതയെയും ആത്മാര്‍ഥതയെയും കുറിച്ചാണ്. ആയിരങ്ങള്‍ പങ്കെടുത്ത ജനാസ നമസ്‌കാരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

മാതാവ്: ഫാത്വിമ. ഭാര്യ: ഫാസില. മക്കള്‍: ഫൈറോസ് (നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), ഫര്‍ഹ (നടക്കാവ് ഗേള്‍സ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി), ഒരു മാസം പ്രായമായ പെണ്‍കുട്ടിയുമുണ്ട്. 

അബ്ദുല്‍ മജീദ് പള്ളിപ്പൊയില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍