Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

എന്‍ട്രന്‍സ് കടക്കണമെങ്കില്‍ ശിരോവസ്ത്രം ഊരണം?

അമീന്‍ ഹസന്‍ മോങ്ങം /ലേഖനം

         അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാനായി സി.ബി.എസ്.ഇ നല്‍കിയ കര്‍ശന മാര്‍ഗ നിര്‍ദേശത്തില്‍ മതവിശ്വാസ പ്രകാരമുള്ള വസ്ത്രധാരണത്തിന് വിലക്കേര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സര്‍ക്കുലറിലെ മതവിശ്വാസം ഹനിക്കുന്ന ഭാഗങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  എസ്.ഐ.ഒ ദേശീയ നേതൃത്വം നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു നടത്തിയ പരാമര്‍ശങ്ങള്‍ അതീവ ഗൗരവമുള്ളതായിരുന്നു. 

നേരത്തെ നടത്തിയ പ്രവേശന പരീക്ഷയില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്താന്‍ സുപ്രീം കോടതി സി.ബി.എസ്.ഇയോട് നിര്‍ദേശിച്ചത്. കര്‍ശന നിര്‍ദേശങ്ങളാണ് പരീക്ഷാ നടത്തിപ്പിന് സി.ബി.എസ്.ഇ നല്‍കിയത്. വിദ്യാര്‍ഥിനികള്‍ കാതില്‍ കമ്മലിടരുത് തുടങ്ങി പരീക്ഷക്കുള്ള പേന സി.ബി.എസ്.ഇ നല്‍കും എന്നു വരെ ഉത്തരവിലുണ്ടായിരുന്നു. ജൂലൈ ഒമ്പതിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ സര്‍ക്കുലറിലെ ശിരോവസ്ത്രം ധരിക്കരുത്, ഫുള്‍സ്ലീവ് ധരിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ ക്രിസ്ത്യന്‍, മുസ്‌ലിം, സിക്ക് മത വിശ്വാസ പ്രകാരമുള്ള വസ്ത്രധാരണത്തെ തടയുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കുലര്‍ തിരുത്താന്‍ സി.ബി.എസ്.ഇ തയാറായില്ല. പിന്നീട് നല്‍കിയ വിശദീകരണത്തില്‍ തട്ടമിടാമെന്നും എന്നാല്‍ തല പൂര്‍ണമായി മുറുക്കി മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്നും, ഫുള്‍സ്ലീവ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും സി.ബി.എസ്.സി വ്യക്തമാക്കി. മതവിശ്വാസ പ്രകാരം പര്‍ദ ധരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഹൈക്കോടതി അതിന് അനുവാദം നല്‍കി. പരീക്ഷയുടെ തലേ ദിവസം എസ്.ഐ.ഒവിന്റെ പൊതുതാല്‍പര്യഹരജി പരിഗണിക്കുന്നതിനിടെ 'മൂന്ന് മണിക്കൂര്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ നിങ്ങളുടെ വിശ്വാസം ഇല്ലാതാവുമോ' എന്ന  സുപ്രീം കോടതിയുടെ  പരാമര്‍ശത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി സി.ബി.എസ്.ഇ രംഗത്തെത്തി. മതവിശ്വാസ പ്രകാരമുള്ള വസ്ത്ര ധാരണത്തിന് വിലക്കില്ലെന്നും അത്തരത്തില്‍ വസ്ത്രം ധരിക്കുന്നവര്‍ നേരത്തെ ഹാജരായി പരിശോധനക്ക് വിധേയരാവണമെന്നും സി.ബി.എസ്.ഇ വെബ്‌സൈറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 

യഥാര്‍ത്ഥത്തില്‍ സി.ബി.എസ്.ഇ നടത്തിയ ഒളിച്ചുകളിയാണ് പ്രശ്‌നങ്ങളുടെ മര്‍മം. നേരത്തേ ഇറക്കിയ സര്‍ക്കുലര്‍ മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ സമീപിച്ചിട്ടും നിലപാട് തിരുത്താന്‍ തയാറാവാതിരുന്ന അധികൃതര്‍, കേരള ഹൈക്കോടതിയിലെ  ഹരജി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായതോടെ കളം മാറ്റി. മതവിശ്വാസത്തെ ഹനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കാമെന്നും വിവിധ പത്രങ്ങളോട് വിശദീകരിച്ച സി.ബി.എസ്.ഇ സര്‍ക്കുലര്‍ തിരുത്താനോ രേഖാ മൂലമുള്ള പ്രസ്താവന ഇറക്കാനോ വിസമ്മതിച്ചു. വിദ്യാര്‍ഥികളോട് ഒപ്പിട്ടു വാങ്ങിയ പ്രസ്താവനയിലും, സ്‌കാര്‍ഫും ഫുള്‍സ്ലീവും ധരിക്കില്ലെന്ന് എഴുതി ചേര്‍ത്തിരുന്നു. ഒടുവില്‍ പരീക്ഷയുടെ തലേദിവസം വൈകി എത്തിയ പൊതുപ്രസ്താവനയെ സംബന്ധിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പതിവില്‍ നിന്ന് വിപരീതമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ തീയതി രേഖപ്പെടുത്താതെ നേരത്തേ ഇറക്കിയതാണന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി. സി.ബി.എസ്.ഇ നടത്തുന്ന പൊതുപരീക്ഷകള്‍ വെള്ളിയാഴ്ച ജുമുഅ സമയത്ത് നടത്തുന്നത് പുനഃക്രമീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന കേരള ഹൈക്കോടതിയില്‍ സി.ബി.എസ്.ഇ സ്വീകരിച്ച നിലപാടും നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ അധികൃതര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്ക് ബലം ലഭിക്കുന്നത്.

സുപ്രീംകോടതി നിലപാടും ഭരണഘടനയും

നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായി അതിന്റെ ആമുഖത്തില്‍ പറയുന്നത്.   ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം, ഒരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നു. ഒപ്പം മതസമൂഹങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും ആചാരങ്ങളും സംസ്‌കാരവും സംരക്ഷിക്കപ്പെടണമെന്നാണ് ഭരണഘടനയുടെ താല്‍പര്യം. സിക്ക് സമുദായം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന അവരുടെ കത്തി കൊണ്ടുനടക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ് ആര്‍ട്ടിക്ക്ള്‍ 25 നല്‍കുന്ന വിശാലമായ സ്വാതന്ത്ര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല നിരവധി കോടതി വിധികള്‍ മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്ര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ സുപ്രീം കോടതിയുടെ വിധിയും പരാമര്‍ശങ്ങളും തത്ത്വങ്ങളുമായി ഭരണഘടന ഒത്തുപോവുകയില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25-ന് വിരുദ്ധമായി, സി.ബി.എസ്.ഇ സര്‍ക്കുലറിലെ സ്‌കാര്‍ഫും ഫുള്‍സ്ലീവും നിരോധിക്കുന്ന 6(c),7(a) എന്നീ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് എസ്.ഐ.ഒ ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ആശ്ചര്യജനകമായ പരാമര്‍ശങ്ങളാണ് നടത്തിയത്. മൂന്ന് മണിക്കൂര്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ മതവിശ്വാസം ഇല്ലാതാകുമോ എന്ന് ചോദിച്ച കോടതി ഇതൊരു ചെറിയ പ്രശ്‌നമാണന്നും ഹരജിക്കാര്‍ക്ക് ഈഗോ ആണന്നും പറഞ്ഞു. സംഘടനയല്ല പൊതുതാല്‍പര്യ ഹരജി നല്‍കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞതിന്, ഹരജിയില്‍ വിദ്യാര്‍ഥികളും കക്ഷിയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ ഒന്നാം പരാതിക്കാരന്‍ സംഘടനയല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.  സി.ബി.എസ്.ഇ യുടെ പരീക്ഷാ മാര്‍ഗനിര്‍ദേശത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹരജി തള്ളുന്നത് ഭാവിയിലെ നിയമ പോരാട്ടങ്ങള്‍ക്ക് തടസ്സമാകുമെന്നതിനാല്‍ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുകയായിരുന്നു.  

പൊതു താല്‍പര്യ ഹരജിക്ക് ജസ്റ്റിസ് പി.എന്‍ ഭഗവതി നല്‍കിയ നിര്‍വചനമാണ് ഇന്ത്യന്‍ കോടതികള്‍ പൊതുവെ സ്വീകരിക്കാറുള്ളത് (S.P Gupta vs President of India on 30 December 1981).  പൊതുസമൂഹത്തിലെ ഏതൊരു വ്യക്തിക്കോ സാമൂഹിക സംഘങ്ങള്‍ക്കോ പൊതുതാല്‍പര്യഹരജി നല്‍കാം എന്നായിരുന്നു എസ്.എന്‍ ഗുപ്ത കേസില്‍ ജസ്റ്റിസ് പി.എന്‍ ഭഗവതിയുടെ വിധി. ഇന്ത്യയില്‍ ആദ്യമായി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യഹരജി തന്നെ വിചാരണതടവുകാരെ വിട്ടയക്കണമെന്ന പൊതു ആവശ്യത്തില്‍ ഹുസൈനാര കാത്തൂര്‍ എന്ന അഭിഭാഷകന്‍ ബീഹാര്‍ സര്‍ക്കാരിനെതിരെ നല്‍കിയ ഹരജിയാണ് (Hussainara Khatoon vs State of Bihar, on 9 March 1979). ഈയടുത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, സ്വവര്‍ഗരതി ശിക്ഷാര്‍ഹമാക്കുന്ന 377-ാം വകുപ്പ് റദ്ദാക്കിയ ദല്‍ഹി ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധിക്ക് ഇടയായ ഹരജി നല്‍കിയത് നാസ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ ആയിരുന്നു (വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു). പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിക്കുന്ന നിരവധി നിയമവേദികള്‍ തന്നെയുള്ള ഒരു രാജ്യത്ത് സംഘടന ഹരജി നല്‍കിയതില്‍ സുപ്രീം കോടതിയുടെ അതൃപ്തി ആശ്ചര്യജനകമാണ്. 

സാധാരണ മതവിശ്വാസ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്ന കേസുകളില്‍  മതവിശ്വാസം നിര്‍ണയിക്കാന്‍ അതത് മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും മതസമുദായം തുടര്‍ന്ന് വരുന്ന രീതികളും (custom) പൂര്‍വകാല വിധികളുമാണ് (Precedent) കോടതികള്‍ പരിഗണിക്കുക. ഖുര്‍ആനിലെ സ്ത്രീകളുടെ വസ്ത്രധാരണം പരാമര്‍ശിക്കുന്ന ഭാഗം ഹരജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ചെറിയ പ്രശ്‌നമാണെന്ന കോടതിയുടെ നിരീക്ഷണം ആശ്ചര്യപ്പെടുത്തുന്നു. പരാമര്‍ശം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളൊന്നും പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേത്. വിധിക്കും സി.ബി.എസ്. ഇ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിവേചനങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രിസ്ത്യന്‍, സിക്ക് നേതൃത്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരണങ്ങള്‍

സുപ്രീം കോടതി വിധിയോടും സി.ബി.എസ്.ഇ നിലപാടിനോടുമുള്ള കേരളീയ സമൂഹത്തിന്റെ പ്രതികരണങ്ങള്‍ ഗൗരവ നിരീക്ഷണം ആവശ്യപ്പെടുന്നു. സുപ്രീം കോടതി വിധി വരുന്നതു വരെ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും വിഷയം കണ്ടില്ലെന്ന് നടിച്ചു. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ തിരുവന്തപുരം ജവഹര്‍ സ്‌കൂളിലെത്തിയ കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായത്. കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സെബക്കുണ്ടായ ദുരനുഭവത്തിലാണ് പ്രതികരിച്ചത്. ക്രിസ്ത്യന്‍ സഭകളും, കന്യാസ്ത്രീയെ തടഞ്ഞപ്പോള്‍ മാത്രമാണ് പ്രതികരിച്ചത്. കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബ് നിരോധിക്കുന്ന ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രിസ്ത്യന്‍ സഭകളുടെ നിയന്ത്രണത്തിലുള്ളവയാണ്. കന്യാസ്ത്രീയെ ബാധിച്ചപ്പോള്‍ മാത്രമാണ് 128 വര്‍ഷത്തെ തങ്ങളുടെ പത്രപ്രവര്‍ത്തന ചരിത്രത്തിലാദ്യമായി മലയാള മനോരമ ശിരോവസ്ത്രത്തിനായി സംസാരിച്ചത്!

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജി.ആര്‍ പബ്ലിക്ക് സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്  കരുനാഗപ്പള്ളി സ്വദേശി ആലിയ ഫര്‍സാനയും പരീക്ഷ എഴുതാതെ മടങ്ങിയിരുന്നു. വിശ്വാസം മുറുകെ പിടിച്ച് കണ്ണീരോടെ മടങ്ങിയ ഫര്‍സാനയും രക്ഷിതാവും പരസ്യപ്രതികരണത്തിന് തയാറല്ല. നിരവധി  മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഗത്യന്തരമില്ലാതെ ഹിജാബ് അഴിച്ചു. പ്രശ്‌നമുണ്ടായ സ്ഥാപനങ്ങളില്‍ മിക്കവയും നേരത്തെ തന്നെ മഫ്ത ധരിക്കുന്ന വിദ്യാര്‍ഥികളോട് മോശമായി പെറുമാറിയ ചരിത്രമുള്ളവയായിരുന്നു. സിസ്റ്റര്‍ സെബയുടെ ധീരതയെ അഭിനന്ദിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് അവര്‍ക്ക് ലഭിക്കുന്ന മാധ്യമ രാഷ്ട്രീയ പിന്തുണ വര്‍ഷങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നീതി നിഷേധത്തിന് ഇരയാകുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്ന ഗൗരവപ്പെട്ട പ്രശ്‌നത്തെ കാണാതെ പോകരുത്. അക്കാരണത്താല്‍ തന്നെയാണ് ഫര്‍സാനമാര്‍ കണ്ണീരോടെ മൗനികള്‍ ആവുന്നത്.

വലിയൊരുവിഭാഗം വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍ കേരളത്തിലെ മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പരീക്ഷയുടെ അക്കാദമിക നിലവാരം ഉറപ്പുവരുത്താനുള്ള നടപടികളില്‍ മതപരമായ പരിഗണനകളുണ്ടാവരുത് എന്ന നിലപാട് സ്വീകരിച്ച എസ്.എഫ്.ഐ സുപ്രീം കോടതി വിധിയെയും പരോക്ഷമായി പിന്തുണച്ചു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം വ്യക്തമാക്കുന്നതാണ് എസ്.എഫ്.ഐയുടെ നിലപാട്. കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിനോട് ന്യൂനപക്ഷങ്ങളുടെ നിയമപോരാട്ടത്തെ ചേര്‍ത്ത് നിര്‍ത്തിയാണ് മതേതര ഇടതുപക്ഷ ബുദ്ധിജീവികള്‍ സംസാരിച്ചത്. ഫലത്തില്‍ ഇക്കാര്യത്തില്‍ ബി.ജെ.പിക്കും മതേതര ഇടതുപക്ഷത്തിനും ഏറക്കുറെ ഒരേ സമീപനം തന്നെ. ലിബറല്‍ ഫെമിനിസ്റ്റുകളുടെ മൗനം അവരുടെ നിലപാട് വെളിപ്പെടുത്തുന്നതായി. 

പരീക്ഷയും കോപ്പിയടിയും

ദേശീയ പ്രധാന്യമുള്ള പരീക്ഷകളില്‍ അട്ടിമറിയും കോപ്പിയടിയും നിരന്തരമായി സംഭവിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് സി.ബി.എസ്.ഇയുടെ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കോപ്പിയടിയും വിശകലനവിധേയമാക്കേണ്ടത്. ധാരാളം മത്സര പരീക്ഷകള്‍ അട്ടിമറിച്ചും ബിരുദങ്ങള്‍ തന്നെ വ്യാജമായി നല്‍കിയും പതിനായിരണക്കണക്കിന് നിയമനങ്ങള്‍ നടത്തിയ വ്യാപം അഴിമതിയിലെ കുറ്റക്കാര്‍ ആരായാലും വിദ്യാര്‍ഥികള്‍ അല്ല. മറിച്ച് മുഖ്യമന്ത്രിയുടെ ആര്‍ എസ് എസ് നാഗ്പൂര്‍ ആസ്ഥാനമാണ് അഴിമതിയുടെ പിന്നിലെന്നാണ് വാര്‍ത്തകള്‍. രാജ്യത്തെ ഒട്ടുമിക്ക മത്സര പരീക്ഷകളും അട്ടിമറിക്കപ്പെടുന്നതും ചോദ്യപേപ്പര്‍ ചോരുന്നതും അതാത് പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ്. ഈ സ്ഥിതിക്കാണ് മാറ്റം വരേണ്ടത്. സുതാര്യമായ പരീക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. കോപ്പിയടി തടയാന്‍ വസ്ത്രം കുറച്ചിട്ടെന്താണ് കാര്യം? സ്‌കാര്‍ഫിലൊളിപ്പിക്കാവുന്നത് ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും ഒളിപ്പിച്ചുകൂടെ? സാങ്കേതിക വിദ്യ തടയാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൂടെ? ഭീകരാന്തരീക്ഷം സൃഷ്ടിച്ചും വസ്ത്രം നിരോധിച്ചുമാണോ പുരോഗമന സമൂഹത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പരീക്ഷ നടത്തേണ്ടത്? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍