Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

സവര്‍ണ ബിംബങ്ങള്‍ നിറഞ്ഞാടുന്നു കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും

ജി.പി രാമചന്ദ്രന്‍ /സംഭാഷണം

ഇന്ത്യയിലെ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലേക്ക് അരിച്ചിറങ്ങുന്ന തീവ്ര ഹൈന്ദവ അജണ്ടകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി.പി രാമചന്ദ്രന്‍. 

തയാറാക്കിയത്: ദിലാന തസ്‌ലിം, റിസ്‌വ ഫാത്വിമ, അമീന്‍ അഹ്‌സന്‍ (ഫറോഖ് ഇര്‍ഷാദിയ കോളേജ് വിദ്യാര്‍ഥികള്‍) 

മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് ശേഷം സാംസ്‌കാരിക കൈയേറ്റങ്ങള്‍ വ്യാപിക്കുകയാണ്. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രചരിപ്പിക്കുകയും, ഹിന്ദു-ബ്രഹ്മണിക്കല്‍ പാരമ്പര്യങ്ങളെ ദേശീയമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം സാംസ്‌കാരികാധിനിവേശങ്ങളെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇത് മോദിയുടെ അധികാരാരോഹണവുമായി മാത്രം ബന്ധപ്പെട്ട പ്രശ്‌നമല്ല. ബി.ജെ.പി. അധികാരത്തിലേറിയതിന് ശേഷം പ്രശ്‌നം രൂക്ഷമായിട്ടുണ്ടെങ്കിലും നൂറ്റാണ്ടിലധികം കാലമായി ഇത് തുടങ്ങിയിട്ട്. കോണ്‍ഗ്രസ്സിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ നേതാവായിരുന്ന ലോകമാന്യ ബാലഗംഗാധര തിലകന്‍ ഹിന്ദു മതപൗരാണിക മൂല്യങ്ങളെ, സ്വാതന്ത്ര്യ സമരത്തെ ജനപ്രിയമാക്കുന്നതിനും അതിനെ ജനങ്ങളിലേക്ക് ആണ്ടിറക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് എല്ലാ രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ലോകവ്യാപകമായി ചെയ്യുന്നതാണ്. അപ്പോള്‍ ഇത്തരം രീതികള്‍ ഇന്ത്യയില്‍ മുമ്പേ തന്നെ നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഇതിനെയെല്ലാം കവച്ചുവെക്കുന്നതാണ് മോദി ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍. പലതരം ജാതികളും മതങ്ങളും പ്രദേശങ്ങളും കാലാവസ്ഥകളും വസ്ത്രധാരണ രീതികളുമൊക്കെ ഉള്‍ക്കൊള്ളുന്ന, പരസ്പരം വിഭിന്നമോ അല്ലെങ്കില്‍ ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന് വിചാരിക്കാവുന്നതോ ആയ സാംസ്‌കാരിക വൈവിധ്യമാണ് ഇന്ത്യയുടെ സമ്പത്ത്. അല്ലെങ്കില്‍ അതാണ് ഇന്ത്യയുടെ സൗന്ദര്യം. അതിനെ നിരാകരിക്കാനും ഏക സംസ്‌കാരത്തിലേക്ക് എല്ലാറ്റിനെയും കൊണ്ടു വരാനുമുള്ള ശ്രമം വ്യാപകമാണ്. ജര്‍മനിയിലെ നാസിസം പോലെ പലതും അവര്‍ക്കതിന് പ്രേരകമായിട്ടുണ്ട്. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യമെടുക്കാം. ഇന്ത്യയുടെ പ്രശസ്തി ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിലും ഇന്ത്യന്‍ സിനിമയെ ഉന്നതിയിലെത്തിക്കുന്നതിലും വളരെ സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനമാണത്. 50 കളില്‍ നെഹ്‌റു പിന്തുടര്‍ന്ന പോളിസിയുടെ സൃഷ്ടിയാണത്. ഒരു ഇന്‍ഡസ്ട്രിക്ക് ഇത്തരം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ആവശ്യമുണ്ട്. അത്തരം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് വന്നവര്‍ ബിജെപിയില്‍ പോലുമുണ്ട്. ശത്രുഘ്‌നന്‍ സിന്‍ഹയെ പോലുള്ള ഇത്തരം വ്യക്തികളെപ്പോലും ഒഴിവാക്കി വളരെ നിലവാരം കുറഞ്ഞ അല്ലെങ്കില്‍ ബി-ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചുവെന്നോ, മഹാഭാരതം സീരിയലില്‍ അഭിനയിച്ചുവെന്നോ ഒക്കെ പറഞ്ഞ് ഒരാളെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയാക്കുകയാണ് ബിജെപി ചെയ്തത്. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, യു.ആര്‍ അനന്തമൂര്‍ത്തി തുടങ്ങിയ പ്രഗത്ഭരാണ് അവിടെ ചെയര്‍മാന്‍ പദവി അലങ്കരിച്ചുപോന്നിരുന്നത്. ജോണ്‍ അബ്രഹാം, കെ.ജി.ജോര്‍ജ്ജ്, കുമാര്‍ സാഹ്‌നി, മണി കൗള്‍ ഇവരൊക്കെ അവിടെ പഠിച്ചവരാണ്.

സിനിമ പോലെത്തന്നെ വിദ്യാഭ്യാസ രംഗത്തെ ഉന്നത ഗവേഷണ കൗണ്‍സിലുകളിലും ചരിത്ര ഗവേഷണ കൗണ്‍സിലുകളിലും ഇത്തരം നിലവാരം കുറഞ്ഞവരെയോ അല്ലെങ്കില്‍ സംഘപരിവാറിന്റെ ആളുകളെയോ ആണ് നിയമിക്കുന്നത്. അതുവഴി തങ്ങളുടെ ആശയങ്ങള്‍ അവര്‍ അടിച്ചേല്‍പ്പിക്കുകയാണ്. യോഗ നിര്‍ബന്ധമാക്കുക, ഗീത ദേശീയ പുസ്തകമാക്കുക തുടങ്ങിയ നീക്കങ്ങള്‍ വേറെയും. ഭരണഘടനക്ക് തന്നെ എതിരായിട്ടുള്ള നീക്കങ്ങളാണിവ. ഭരണഘടനയെ തന്നെ അവര്‍ അംഗീകരിക്കുന്നില്ല എന്നതിനു തെളിവാണല്ലോ സോഷ്യലിസം, സെക്യൂലരിസം പോലുള്ള വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

പച്ച ബ്ലൗസുമായി ബന്ധപ്പെട്ട് മുമ്പ് കേരളത്തില്‍ ഒരു വിവാദം ഉണ്ടായല്ലോ. പച്ച ഒരു മുസ്‌ലിം ചിഹ്‌നം അഥവാ നിറമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പച്ചവിരുദ്ധമായ ഒരു സാമൂഹിക ചുറ്റുപാട് നിലനില്‍ക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂടില്‍ ഒരു നിറമോ ചിഹ്നമോ പൊതിയുക, ശേഷം അതിനെതിരെ പൊതുബോധം സൃഷ്ടിക്കുക. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

അത് ഒരു കണക്കിന് ഭയങ്കരമായ വിഡ്ഢിത്തമായിരിക്കെ തന്നെ, അതിന്റെ പിന്നില്‍ പല നിഗൂഢ താല്‍പര്യങ്ങളും ഒപ്പം ഒരു ജനപ്രിയതയും നിലനില്‍ക്കുന്നു. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി പോലെ മറ്റ് പല മുസ്‌ലിം പ്രസ്ഥാനങ്ങളും പച്ചനിറം ഉപയോഗിക്കുന്നുണ്ട്. ഇത് ഞാന്‍, എന്റെ 'പച്ച ബ്ലൗസ്' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ പച്ച ബ്ലൗസല്ല, ബ്ലൗസ് തന്നെ കേരളത്തില്‍ കൊണ്ടുവന്നത് മുസ്‌ലിംകളാണ്. സി.വി. കുഞ്ഞിരാമന്റെ ഭാര്യ ബ്ലൗസിട്ട് വീട്ടിലേക്ക് കയറി വരുമ്പോള്‍ 'നീ എന്നാടീ ഉമ്മച്ചിയായത്' എന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ പച്ചക്കെതിരായി സമരം ചെയ്യുന്നവര്‍ ബ്ലൗസിനെതിരായിട്ടാണ് സമരം ചെയ്യേണ്ടത് എന്നാണ് ഞാന്‍ പറയുക. പച്ചബ്ലൗസ് മുസ്‌ലിംകള്‍ ഞങ്ങളെ അടിച്ചേല്‍പിച്ചതാണ് എന്ന് വാദിച്ച് അവര്‍ ബ്ലൗസ് കീറിയെറിഞ്ഞില്ലല്ലോ, അത്തരമൊരു തീവ്ര സമരത്തിലേക്ക് ഇക്കൂട്ടര്‍ പോയില്ലല്ലോ എന്നതാണ് പച്ചബ്ലൗസിന്റെ ഒരു തമാശ. 

കേരളത്തില്‍ പോലും ഇത്തരമൊരു സംഘപരിവാര്‍ അനുകൂല മനഃസ്ഥിതി രൂപപ്പെടുന്നതെങ്ങനെയാണ്?  ഗൂഢാലോചനയുടെ ഭാഗമാണോ ഇതെല്ലാം? 

ഗൂഢാലോചന മാത്രമല്ല പ്രശ്‌നം. ജനപ്രിയതയുടെ വലിയ ഒരു പ്രശ്‌നമുണ്ട്. ഞാന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായതു കൊണ്ട് സിനിമ എങ്ങനെയാണ് ജനപ്രിയമാകുന്നതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മറ്റ് വിഷയങ്ങളിലേക്കും കടന്നു ചെല്ലുന്നത്. സിനിമയില്‍ ഇത്തരം വിഷയങ്ങള്‍ ധാരാളം കാണാം. തൊണ്ണൂറുകള്‍ക്ക് മുമ്പ് മലയാള സിനിമയില്‍ ജന്മികള്‍ക്കും സമ്പന്നര്‍ക്കും എതിരായിട്ടുള്ള, അല്ലെങ്കില്‍ അവരെ വില്ലന്‍മാരാക്കിയിട്ടുള്ള സിനിമകളാണ് വന്നിരുന്നത്. 90 കള്‍ക്ക് ശേഷം ആധുനിക കേരളത്തിന്റെ മൂല്യങ്ങളെ തന്നെ അപ്രസക്തമാക്കുന്ന, തീര്‍ത്തും സ്ത്രീ വിരുദ്ധമായ ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള ചിത്രങ്ങളെ കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളെല്ലാം ആഘോഷിച്ചു. ഞാന്‍ ആ പ്രവണതയെ നിരന്തരം എതിര്‍ത്ത് അക്കാലത്ത് നൂറുക്കണക്കിന് ലേഖനങ്ങള്‍ എഴുതിയിരുന്നു. കേരളത്തിലെ സംഘപരിവാറും മൃദുഹിന്ദുത്വവാദികളും ഇത്തരത്തിലുള്ള തീവ്രഹിന്ദുത്വത്തിലേക്ക് പോരുമെന്ന് പത്തിരുപത് കൊല്ലം മുമ്പേ തോന്നിത്തുടങ്ങിയതാണ്. ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്‌സ് പോലുള്ള ചിത്രങ്ങള്‍ അതിന് ആക്കം കൂട്ടുന്നു. 

മലയാള സിനിമയിലെ മുസ്‌ലിം പ്രതിനിധാനത്തെക്കുറിച്ച് ആദ്യം തൊട്ടേ ചില ക്ലീഷെകളാണ് നിലനില്‍ക്കുന്നത്. പുരോഗമന വിരുദ്ധനും യാഥാസ്ഥിതികനുമായ മുസ്‌ലിം, വികൃതമാക്കിയ മലബാര്‍ ഭാഷ, തൊപ്പിയിട്ട മുസ്‌ലിം വില്ലന്‍ തുടങ്ങിയവ സമകാലിക മുസ്‌ലിം ജീവിതാവസ്ഥകളെ സത്യസന്ധമായി പ്രതിനിധാനം ചെയ്യുന്നതില്‍ മലയാള സിനിമ വിജയിച്ചിട്ടുണ്ടോ?

സിനിമ ഒരു കമ്പോളമാണ്. ആ കമ്പോളത്തില്‍ പെട്ടെന്ന് വിറ്റഴിക്കാനുള്ള ചില സങ്കല്‍പ്പങ്ങളായിട്ടാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇത് പൊതുബോധത്തിലും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇസ്‌റയേലിലെ ഏരിയല്‍ ഷാരോണിനെ ആധുനികവാദിയായിട്ടും, ഫലസ്ത്വീനിലെ യാസിര്‍ അറഫാത്തിനെ പ്രാകൃതനായിട്ടുമാണ് അവതരിപ്പിക്കുന്നത്. യൂറോപ്പിന്റെ ടൈയും കോട്ടുമണിഞ്ഞാല്‍ ആധുനിക വാദിയായി എന്ന കാഴ്ചപ്പാടിന്റെ ഫലമാണിത്. അയാള്‍ എന്ത് പ്രവര്‍ത്തിക്കുന്നു എന്നത് പ്രശ്‌നമല്ല. മുണ്ടുടുക്കുന്നതില്‍ വരെ ഈ പ്രശ്‌നം കാണാം. വലത്തോട്ട് മുണ്ടുടുക്കുന്നവന്‍ സെക്യൂലരിസ്റ്റായും, ഇടത്തോട്ട് മുണ്ടുടുക്കുന്നവന്‍ വര്‍ഗീയവാദിയായും ചിത്രീകരിക്കപ്പെടുന്നു. ഇത് മനസ്സില്‍ അടിയുറച്ചു നില്‍ക്കുകയാണ്. ഈ ബോധത്തെ വീണ്ടും വീണ്ടും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് മലപ്പുറത്ത് ബോംബു നിര്‍മാണം പോലുള്ള പ്രസ്താവനകള്‍ സിനിമകളില്‍ വരുന്നത്. മലപ്പുറത്തെക്കുറിച്ച് എന്തും പറയാം എന്നൊരു ധാരണയുണ്ട്. അതുകൊണ്ടാണല്ലോ 'മലപ്പുറത്ത് ബോംബ് കിട്ടുമല്ലോ', അല്ലെങ്കില്‍ 'മലപ്പുറത്ത് നടന്ന വര്‍ഗീയ കലാപം' എന്നൊക്കെ പറയുന്നത്. 

കേരളീയ നവോത്ഥാനം എന്ന് വിളിക്കുന്നത് പ്രധാനമായും ഹിന്ദു നവോത്ഥാനത്തെയാണല്ലോ. അതായത്, ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ഹൈന്ദവാചാര്യന്മാരുടെ നവോത്ഥാന യത്‌നങ്ങളെ. കേരളീയം എന്ന പദം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്നതാണോ?

അല്ല, കേരളീയ നവോത്ഥാനത്തില്‍ ഹിന്ദു നവോത്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കരുതാന്‍ പറ്റില്ല. മുസ്‌ലിം സമുദായത്തിലെ മമ്പുറം തങ്ങളുടെ തൊട്ട്, സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ സൈനുദ്ദീന്‍ മഖ്ദൂമിന്റെ വരെ യത്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കേരളീയ നവോത്ഥാനം. ക്രിസ്ത്യന്‍ സമുദായത്തിന്റെയും, ദലിത് സമുദായത്തിലെ അയ്യന്‍കാളി പോലുളളവരുടെയും പങ്കും ഇതിന്റെ ഭാഗമാണ്. ഇതൊക്കെ കൊണ്ടുപോയി ഹിന്ദു സമുദായത്തിലേക്ക് കൂട്ടിക്കെട്ടും. അപ്പോള്‍ മറ്റൊന്നും ഇതിന്റെ ഭാഗമല്ലാതാകുന്നു. ഇതുവഴി മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ പ്രാകൃതരാണെന്നും, അവരൊക്കെ വെറും മതത്തിന്റെ അകത്തളങ്ങളിലാണെന്നും പറഞ്ഞ് വെക്കുന്നു. ഇത് നവോത്ഥാനത്തിന്റെ ചരിത്ര രചനയില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ്. സത്യത്തില്‍, കേരളത്തിന്റെ ആധുനികവത്കരണം ഒരു പരിധി വരെ നന്നായി നടന്നിട്ടുണ്ട്. യൂറോപ്യന്‍ അളവുകോലുവെച്ച് അതിനെ അളക്കേണ്ടതില്ല.

നവോത്ഥാന ശ്രമങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും തുടരുന്നുണ്ട്. കേരളത്തെ ആധുനികവത്കരിക്കുന്നതില്‍ ഭൂപരിഷ്‌കരണം പങ്കുവഹിക്കുന്നുണ്ട്. ഇതുപോലെ ഗള്‍ഫുകാര്‍ കൊണ്ടുവന്ന മാറ്റങ്ങളെ കണക്കാക്കാതെ അവരെ പരിഹസിക്കുകയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ടേപ്പ് റെക്കോര്‍ഡര്‍ തൂക്കി നടക്കുന്ന, മത്തിക്ക് വില കൂട്ടുന്ന, സ്ഥലത്തിന് വില കൂട്ടുന്ന പരിഹാസ കഥാപാത്രങ്ങളായിട്ടാണ് അവരെ കാണുന്നത്.

കേരളത്തില്‍ ആധുനികവത്കരണം കൊണ്ടുവരുന്നതില്‍ വലിയ പങ്കു വഹിച്ച മറ്റൊരു വിഭാഗമാണ് നഴ്‌സുമാര്‍. മെഡിക്കല്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരെപ്പോലെത്തന്നെ അനിവാര്യമാണ് നേഴ്‌സുമാരും. രണ്ടാം ലോക യുദ്ധത്തിന് ശേഷം ജര്‍മനിയിലേക്ക് കേരളത്തില്‍ നിന്ന്, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ നിന്ന് ക്രിസ്ത്യാനികള്‍ അടങ്ങുന്ന ധാരാളം പേര്‍ പോവുകയുണ്ടായി. ഇവര്‍ സ്വന്തം ജീവിതത്തെ, സ്വന്തം കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുകയും ആധുനിക സൗകര്യങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇക്കൂട്ടരെയും നമ്മള്‍ അധിക്ഷേപിച്ചു; അപഥസഞ്ചാരികളെന്ന് മുദ്രകുത്തി. അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ കൊണ്ടിടുന്നവരാണെന്ന് പറഞ്ഞു. മറുവശത്ത്, ഗള്‍ഫുകാര്‍ വിഡ്ഢികളായാണ് പൊതുവെ ചിത്രീകരിക്കപ്പെട്ടത്. 

ബിജെപി വിജയിക്കുമെന്ന പ്രതീതിയുണ്ടാക്കുകയും, അങ്ങനെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കോണ്‍ഗ്രസ് തന്ത്രം മെനയുകയും ചെയ്ത തെരഞ്ഞെടുപ്പാണ് അരുവിക്കരയില്‍ കണ്ടത്. ഒരു വിജയതന്ത്രം എന്നതിലുപരി ഇതുയര്‍ത്തുന്ന വെല്ലുവിളികളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? ഇത് ആത്യന്തികമായി സംഘ്പരിവാറിനല്ലേ ഗുണം ചെയ്യുക?

പല സങ്കീര്‍ണ ഘടകങ്ങളും അവിടെ പ്രവര്‍ത്തിച്ചതായി കാണാം. കോണ്‍ഗ്രസിന് അവിടെ എങ്ങനെയെങ്കിലും ജയിക്കണമായിരുന്നു. ബിജെപിക്ക് എതിരെയുള്ള ശക്തി തങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് അതുവഴി ന്യൂനപക്ഷങ്ങളെ മുഴുവന്‍ ഒപ്പം നിര്‍ത്തി. അതോടൊപ്പം, ന്യൂനപക്ഷങ്ങളെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് മറുപക്ഷത്തും പ്രചാരണം നടത്തി. ആത്യന്തികമായി ഇത് കോണ്‍ഗ്രസിന്റെ നാശത്തിലേക്കാണ് എത്തിക്കുക. ഇടതുപക്ഷത്തിനു തിരിച്ചറിവുണ്ടെങ്കില്‍ അവര്‍ക്കിതിനെ മറികടക്കാന്‍ സാധിച്ചേക്കും. എങ്കില്‍ മാത്രമേ കേരളത്തിന്റെ ഭാവി സമാധാനപൂര്‍ണമാകൂ. അല്ലെങ്കില്‍ കേരളം ബംഗാള്‍ പോലെയാകും. ഈയടുത്ത് ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അയാളുടെ നായയെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കൊണ്ടു പോയി അവിടുത്തെ സ്‌കാനറില്‍ സ്‌കാന്‍ ചെയ്യണമെന്നാവശ്യപ്പെട്ടു. ആശുപത്രി അധികൃതര്‍ ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതരായ നേതാവും കൂട്ടരും ആശുപത്രി അടിച്ചു തകര്‍ത്തു. ഇത്തരത്തിലുള്ള ഒരു സമൂഹമായി ബംഗാള്‍ മാറി. ഇത് കേരളത്തിനൊരു പാഠമാണ്. 

അരുവിക്കര തെരഞ്ഞെടുപ്പ് കാണിക്കുന്നത്, ഇടതുപക്ഷത്തിന്റെ തിരിച്ചറിവ് വൈകുന്നതും, വലതുപക്ഷം തരംതാണ വിജയ തന്ത്രങ്ങള്‍ പയറ്റുന്നതും അവസാനം ചെന്നെത്തുക സംഘപരിവാറിന്റെ വളര്‍ച്ചയിലേക്കായിരിക്കും. ഇത് വളരെ ഉത്കണ്ഠയോടെ നോക്കിക്കാണേണ്ട യാഥാര്‍ഥ്യമാണ്. ഇത് വര്‍ഗീയപ്രശ്‌നങ്ങളെ മാത്രമല്ല, സാമൂഹിക പ്രശ്‌നങ്ങളെയും വഷളാക്കും. കാരണം സാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെയും വക്താക്കളായിട്ടാണല്ലോ അവര്‍ പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന പേരില്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിയേഴായിരം കോടി രൂപ അംബാനി മുതല്‍ മുടക്കുന്നുണ്ട്. ഇത്രയും അധികം പണം വരുന്ന സ്രോതസ്സ് ഏതാണെന്ന് അറിയില്ല. സാധാരണക്കാരന്‍ പതിനായിരം രൂപ ശമ്പളം വാങ്ങിയാല്‍ രണ്ടായിരം രൂപ ടാക്‌സ് കൊടുക്കണം. ഇത്തരത്തില്‍ കോര്‍പ്പറേറ്റുവത്കരണത്തെ ജനപ്രിയമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതില്‍ മാധ്യമങ്ങളും സിനിമകളും പത്രങ്ങളുമൊക്കെ ഒരുപോലെ പങ്കു വഹിക്കുന്നു.

സംഘ്പരിവാര്‍ അജണ്ടകളെ അംഗീകരിക്കുന്നവര്‍ക്കും വിയോജിക്കുന്നവര്‍ക്കുമിടയില്‍ ഒരു വേര്‍തിരിവ് സൃഷ്ടിക്കപ്പെടുന്നു. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി, ഭാരതീയരാവാന്‍ ഇവര്‍ അര്‍ഹരല്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ വരെ സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്നു. ഒരു പ്രത്യേക മതത്തിനെ മാത്രം മുന്‍ നിര്‍ത്തി ഇത്തരം വേര്‍തിരിവുകള്‍ രൂപീകരിക്കുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു?

എന്‍.എസ് മാധവന്റെ 'മുംബൈ' എന്ന കഥയില്‍, പാങ്ങൂര് ഉള്ള ഒരാള്‍ പാസ്‌പോര്‍ട്ടിന് വേണ്ടി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നുണ്ട്. ''ജ്ഞാനേശ്വരി'' ഭാഷ്യം വായിക്കുന്ന സമപ്രായക്കാരനായ സപ്ലൈ ഓഫീസര്‍ ചോദിക്കുന്നത്, 'മുഹമ്മദ് എന്ന മുസ്‌ലിം നാമമുള്ള നിങ്ങള്‍ എഴുപതുകള്‍ക്ക് ശേഷം ബംഗ്ലാദേശില്‍ നിന്ന് വന്ന ആളല്ലേ' എന്നാണ്. അല്ലെന്നാണെങ്കില്‍ അത് തെളിയിക്കാനുള്ള രേഖകള്‍ വേണം. 'ഇതേ കാര്യം നിങ്ങള്‍ക്കും ബാധകമല്ലേ?' എന്ന് തിരിച്ച് ചോദിക്കുമ്പോള്‍, ഓഫീസറുടെ മറുപടി ഇങ്ങനെയാണ്: 'എന്റെ പേരു പറഞ്ഞാല്‍ മതി. കാരണം എന്റേത് ഒരു ഹിന്ദു പേരാണ്.' ഒരു സാംസ്‌കാരിക പൗരത്വ പദ്ധതിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സോണിയ ഗാന്ധിക്ക് പ്രധാന മന്ത്രിയാവാന്‍ കഴിയാതിരുന്നത്. അവര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും പിന്തുണയുണ്ട്. എ.ഐ.സി.സി നേതാവാണ്, യു.പി.എ. അധ്യക്ഷയാണ്. പാസ്‌പോര്‍ട്ട്, ആധാര്‍, ഇ-ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങി പൗരത്വ രേഖകള്‍ എല്ലാമുണ്ട്. പക്ഷേ അവരെ ഇന്ത്യന്‍ പൗരയായി അംഗീകരിക്കാന്‍ സംഘ്പരിവാറിന്റെ വേവുപുര തയാറല്ല. വില്ലേജ് ഓഫീസിനോ, പാസ്‌പോര്‍ട്ട് ഓഫീസിനോ ഒന്നും ഇതില്‍ പങ്കില്ല. മറിച്ച് സംഘ്പരിവാറിന്റെ ഓഫീസാണ് പൗരത്വം നിര്‍ണയിക്കുന്നത്. ബ്യൂറോക്രാറ്റുകളൊക്കെത്തന്നെ ഇവരുടെ പ്രവര്‍ത്തകരായി മാറിയിരിക്കുന്നു. തിരക്കഥാകൃത്തുക്കളും വിദ്യാഭ്യാസ വിചക്ഷണരുമെല്ലാം ഇവരെ കീഴ്‌വണങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തിരിച്ചറിഞ്ഞ് ചെറുത്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ട് പോവും.

ഗോവധ നിരോധനം ബിജെപി ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. ഗോവധത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുസ്‌ലിംകള്‍ മാത്രമാണ് ബീഫ് ഉപയോഗിക്കുന്നത് എന്ന രീതിയിലാണ് ചര്‍ച്ചകള്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മാംസം കയറ്റുമതി ചെയ്യുന്ന 'അല്‍ കബീര്‍' ഹിന്ദു ഉടമസ്ഥതയിലാണ്. ഭക്ഷണ ഫാഷിസത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇന്ത്യയില്‍ പൂര്‍ണമായും ബീഫ് നിരോധിച്ചാല്‍, ഒരു പക്ഷേ ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ വരെ സാധ്യതയുണ്ട്. കാരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊക്കെ പ്രധാന ഭക്ഷണയിനമാണ് ബീഫ്. അവര്‍ക്ക് മത്സ്യങ്ങളോ പച്ചക്കറികളോ ഒന്നും തന്നെ ലഭ്യമല്ല. ബീഫ് അവരുടെ നിലനില്‍പ്പിന്റെ തന്നെ ഘടകമാണ്. മാത്രമല്ല ബീഫ് വലിയൊരു ഇക്കോണമിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതിനെയൊക്കെ സാംസ്‌കാരിക ദേശീയതയിലേക്ക് കൊണ്ട് വന്ന് പൗരത്വ പദ്ധതിയിലേക്ക് സമന്വയിപ്പിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നത്. ഒരുഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം നടത്താന്‍ അവര്‍ ഉപയോഗപ്പെടുത്തിയ ദലിതരില്‍പ്പെട്ടവര്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നതിന്റെ പേരില്‍ അവരുടെ തോലുരിച്ച നാടാണ് ഇന്ത്യ. അത്രമാത്രം ക്രൂരമായ സവര്‍ണ്ണാധിപത്യം ഇന്ത്യയില്‍ പ്രത്യക്ഷത്തില്‍ തന്നെ നിലനില്‍ക്കുന്നു. ഇതിന്റെ വിജയ പ്രഖ്യാപനമായിട്ടാണ് ബീഫ് നിരോധനം വരുന്നത്. അഥവാ സാംസ്‌കാരിക ദേശീയതയുടെ, പൗരത്വപദ്ധതിയുടെ വിജയാഹ്‌ളാദമായിരുന്നു അത്. 

യോഗയെ ദേശീയ സംസ്‌കാരത്തിന്റെ ഭാഗമായി അപഗ്രഥിക്കുന്ന രീതിയെ എങ്ങനെ കാണുന്നു? ഇത് യോഗയെ ഒരു ഹൈന്ദവ-രാഷ്ട്രീയായുധമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ നയത്തിന്റെ ഭാഗമാണോ?

യോഗ പരിശീലിക്കുന്ന പലരും പറഞ്ഞിട്ടുള്ളത്, ഇത്തരം നിര്‍ബന്ധ നടപടികള്‍ യോഗക്ക് തന്നെ വിരുദ്ധമാണെന്നാണ്. ഇത് ഒരുതരം ആള്‍ക്കൂട്ട ഭ്രാന്ത് സൃഷ്ടിക്കലാണ്. ന്യൂറംബര്‍ഗ്ഗില്‍ നടത്തിയ ഒരു നാസീയുവജനറാലിയിലേക്ക് ഹിറ്റ്‌ലര്‍ എത്തുന്നതും പ്രസംഗിക്കുന്നതും ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററിയില്‍ ഇത്തരത്തില്‍ ഒരു വലിയ ആള്‍ക്കൂട്ടത്തെ ആഹ്ലാദിപ്പിക്കുന്നതും ആവേശത്തിലാഴ്ത്തുന്നതും ചിത്രീകരിക്കുന്നുണ്ട്. ഇങ്ങനെ ഒരു ആള്‍ക്കൂട്ട പദ്ധതിയാക്കി യോഗയെ മാറ്റുകയാണ്. അത് അങ്ങേയറ്റം അസംബന്ധമാണ്. ദൈവത്തെ അന്വേഷിക്കുന്നവരും അന്വേഷിക്കാത്തവരുമുണ്ട്. പക്ഷേ ആ അന്വേഷണത്തെ ഒരു ആള്‍ക്കൂട്ട അഹ്ലാദമാക്കി മാറ്റുമ്പോള്‍ അതൊരു റജിമെന്റഷനോ, അല്ലെങ്കില്‍ ഒരു സൈനികവത്കരണമോ, അതുമല്ലെങ്കില്‍ ഒരു ഫാഷിസ്റ്റ് പദ്ധതിയോ ഒക്കെയായി മാറുകയാണ് ചെയ്യുന്നത്. 

സവര്‍ണവത്കരണവും ഹൈന്ദവവത്കരണവും, സംഘ്പരിവാര്‍ ശക്തികളും മറ്റും പൊതുബോധത്തില്‍ അലിയിച്ചു ചേര്‍ക്കുമ്പോഴും, ഇടതുപ്രതിരോധം ദുര്‍ബലമാവുന്നതിന്റെ കാരണം എന്താണ്? 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു: ''ഒരാള്‍ നല്ലവനാണ് എന്ന് കരുതുന്നതിന് അയാള്‍ ദൈവവിശ്വാസിയാണോ അല്ലയോ എന്ന് പരിഗണിക്കേണ്ടതില്ല.'' ലോകത്തിലെ ഒരു പ്രധാന മതത്തിന്റെ അധിപനായ അദ്ദേഹം ഇത് പറയുന്നത് ആരാലും നിര്‍ബന്ധിക്കപ്പെട്ടിട്ടല്ല. ഏതോ ഒരു മാവോയിസ്റ്റ് ഗറില്ല തോക്കു ചൂണ്ടി പറയിപ്പിച്ചതുമല്ല. മറിച്ച്, അദ്ദേഹം സ്വന്തം ബോധ്യത്തില്‍ നിന്ന് പറഞ്ഞതാണ്. ഇടതുപക്ഷം ശക്തിപ്പെടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതൊരു സമഗ്രാധികാര പദ്ധതിയായി വരിക എന്നല്ല. മറിച്ച്, സംബ്രഹ്മണ്യ ഭാരതീയര്‍ ''ഊരായാല്‍ ആറ് പേര്‍ വേണം, നേര് വിളിച്ച് പറയാന്‍ ഏഴാമതൊരുവന്‍ വേണം'' എന്ന് പറഞ്ഞത് പോലെ ഏഴാമതൊരുവനായി ചോദ്യം ചെയ്യുവാന്‍ പ്രാപ്തിയുള്ള ഒരു സ്വതന്ത്ര ശക്തിയായി ഇടതുപക്ഷം ഉണ്ടാകണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍