Prabodhanm Weekly

Pages

Search

2015 ജൂലൈ 17

റമദാന്‍ വിട പറയുമ്പോള്‍

എ. ഷമീം അമാനി ആറ്റിങ്ങല്‍ /കവര്‍‌സ്റ്റോറി

         ദീര്‍ഘമായ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയ ചൈതന്യം നേടിയെടുത്തവര്‍ക്ക്,  ഇലാഹീ സ്മരണയില്‍ ലയിച്ചവര്‍ക്ക് സന്തോഷിക്കുവാന്‍ റബ്ബ് നല്‍കിയ സുദിനമാണ് ഈദ്. അവര്‍ അന്നെത്തുന്നത് പാപത്തിന്റെ കറകളില്ലാത്ത പരിശുദ്ധ ഹൃദയത്തോടു കൂടിയാകുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും തീച്ചൂളയില്‍ സ്ഫുടം ചെയ്‌തെടുത്ത വിശ്വാസവും ആത്മീയ കരുത്തുമാണ് അന്നവരുടെ ഹൃത്തടങ്ങളിലുണ്ടാവുക. അത്യുന്നതമായ വിശ്വാസത്തിന്റെ പ്രകാശമാണ് അവരുടെ വദനങ്ങളില്‍ വെളിച്ചം പരത്തുന്നത്. അങ്ങനെ കോടിക്കണക്കിനു വിശ്വാസികള്‍ വിശുദ്ധ റമദാന് പരിസമാപ്തി കുറിച്ചുകൊണ്ട് ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുകൂടി കാരുണ്യവാനെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും തക്ബീര്‍ ധ്വനികള്‍ മുഴക്കുന്നു.

നോമ്പ് കഴിഞ്ഞ് വിശ്വാസി സമൂഹം പള്ളികളിലും ഈദ് ഗാഹുകളിലുമെത്തുന്നത് വെറും ആഘോഷത്തിനല്ല. മറിച്ച് വ്രതത്തിലൂടെ ആത്മീയ ചൈതന്യം നേടിയെടുക്കുവാന്‍ അനുഗ്രഹിച്ച ജഗന്നിയന്താവായ കാരുണ്യവാനെ സ്തുതിക്കാനാണ്. തക്ബീര്‍ ധ്വനികള്‍ ഉരുവിട്ട് അല്ലാഹുവിനെ സ്തുതിച്ചും കീര്‍ത്തനങ്ങള്‍ സമര്‍പ്പിച്ചും ഈ സന്തോഷവും ആഘോഷവും അവര്‍ പങ്കുവെക്കുന്നു. 

ഈദ് വിശ്വാസികളെ വിശ്വാസത്തിന്റെ സമത്വസുന്ദരമായ സ്‌നേഹച്ചരടില്‍ ബന്ധിക്കുകയാണ് ചെയ്യുന്നത്. സ്‌നേഹമാണ് ഏറ്റവും വലിയ ആയുധം. കഠിന ഹൃദയങ്ങളെയും ശിലാസമാന മനസ്സുകളെയും സ്‌നേഹഗീതങ്ങള്‍കൊണ്ട് മൃദുലമാക്കുവാന്‍ കഴിയും. കരുണയില്ലാത്ത മനസ്സുകളെ സ്‌നേഹത്തിന്റെ താക്കോല്‍ കൊണ്ട് തുറക്കുവാന്‍ കഴിയും. എത്ര ദുര്‍മാര്‍ഗികളെയാണ് പ്രവാചകന്‍ (സ) സ്‌നേഹം കൊണ്ട് നന്നാക്കിയെടുത്തത്! ഈ സ്‌നേഹ സന്ദേശമാണ് ഈദ് നല്‍കുന്നത്. വിശ്വാസികള്‍ തമ്മില്‍ സ്‌നേഹമുണ്ടാകണം. കുടുംബങ്ങള്‍, അയല്‍വാസികള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തര്‍ എല്ലാവരും തമ്മില്‍ സ്‌നേഹക്കൈമാറ്റങ്ങള്‍ നടക്കണം. സഹോദര സമുദായങ്ങളിലേക്കും ആ സ്‌നേഹത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രസരിക്കണം. ശത്രുവിനെപ്പോലും സ്‌നേഹിക്കാന്‍ കഴിയണം. ഈ സ്‌നേഹം കൈമാറാന്‍ ഈദിനെ പോലെ പറ്റിയ മറ്റേത് സന്ദര്‍ഭമുണ്ട്!

 പെരുന്നാള്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിനമാണല്ലോ. അന്നൊരു വിശ്വാസിക്കും ഒരു കുറവും വരാന്‍ പാടില്ല. ഒരു കുഞ്ഞു പോലും പട്ടിണി കിടക്കുവാന്‍ ഇട വരരുത്. അന്ന് ഒരാളുടെ വീട്ടിലും പുകയാത്ത അടുപ്പുണ്ടാകരുത്. ഈ ഒരു ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ് ഫിത്വ്‌റ് സകാത്ത് ഇസ്‌ലാം ഓരോ ആണിനും പെണ്ണിനും നിര്‍ബന്ധമാക്കിയത്. ഫിത്വ്ര്‍ സകാത്ത് നല്‍കാത്തവന്റെ വ്രതം വാനലോകത്തേക്ക് ഉയര്‍ത്തപ്പെടില്ലെന്ന് പ്രവാചകന്‍ ഉണര്‍ത്തി. ഈ പ്രവാചക നിര്‍ദേശം ആകാശ നീലിമയില്‍ പെരുന്നാളമ്പിളി ദര്‍ശിച്ചതു മുതല്‍ അവര്‍ നിറവേറ്റുന്നു. പാവപ്പെട്ടവന്റെ വീടുകള്‍ അന്വേഷിച്ചു കണ്ടെത്തി അന്നമെത്തിക്കുന്നു. അതിനവര്‍ക്ക് പ്രചോദനമാകുന്നതോ, വിശപ്പിന്റെയും ദാനത്തിന്റെയും വില മനസ്സിലാക്കിക്കൊടുത്ത പരിശുദ്ധ റമദാനും.

പരിശുദ്ധ റമാദാന്‍ വിടപറയുമ്പോള്‍ ഒരു ആത്മ പരിശോധനക്ക് വിശ്വാസികള്‍ തയ്യാറാകേണ്ടതുണ്ട്. റമദാന്റെ അനര്‍ഘ നിമിഷങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയോ? അതോ അലസമായി കഴിച്ചു കൂട്ടിയോ? അനുഗ്രഹത്തിന്റെ ദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയോ? പാപങ്ങള്‍ റബ്ബിന്റെ മുന്നില്‍ ഏറ്റ്പറഞ്ഞ് പാപമോചനം സ്വന്തമാക്കിയോ? അങ്ങനെ നരക വിമുക്തി സാധിതമാക്കിയോ? സ്വര്‍ഗത്തിന്റെ അവകാശിയായി മാറിയോ? ആജീവനാന്ത ശത്രുവായ പിശാചിനെ പരാജയപ്പെടുത്താനുള്ള പരിശീലനക്കളരിയില്‍ എത്രമാത്രം മുന്നോട്ട് പോയി? ശരീരത്തെ സൂകൃതങ്ങള്‍ ചെയ്തു മെരുക്കിയോ? ആയിരം മാസത്തെക്കാള്‍ പുണ്യമായ രാത്രിയെ ഗുണകരമാക്കി നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യമായ 'തഖ്‌വ' കൈമുതലാക്കിയോ? ഹൃദയവും ചിന്തയും പരിശുദ്ധമാക്കിയോ? ശരീരത്തെ റബ്ബിന് തൃപ്തിയുള്ള മാര്‍ഗത്തില്‍ തിരിച്ചുവിടാന്‍ കരുത്തു നേടിയോ? യഥാര്‍ഥത്തില്‍ ഈ പരിശുദ്ധ റമദാനില്‍ നാം എന്ത് നേടി? നാം സ്വയം ചോദിക്കുക. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ എന്ത് കരുത്തും ചൈതന്യവുമാണ് നാം കൂടുതല്‍ നേടിയത്? ഈ ചോദ്യങ്ങള്‍ക്ക് യഥാര്‍ഥ ഉത്തരം കണ്ടെത്തുന്നതിലാണ് ഒരു വിശ്വാസിയുടെ റമദാനും നോമ്പും പെരുന്നാളും വിജയകരമായിത്തീരുന്നത്. 

ഫിത്വ്ര്‍ സകാത്തും 
പെരുന്നാളും

         റമദാന്‍ നോമ്പിന്റെ സമാപനത്തോടെ ആണ്‍ പെണ്‍- ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ മുഴുവന്‍ വിശ്വാസികള്‍ക്കും നിര്‍ബന്ധമാകുന്ന ദാനമാണ് ഫിത്വ്ര്‍ സകാത്ത്. കുടുംബത്തിനാവശ്യമായ ഒരു ദിവസത്തെ ആഹാരത്തിലപ്പുറം ശേഷിപ്പുള്ളവരെല്ലാം ഫിത്വ്ര്‍ സകാത്ത് നല്‍കണം. നോമ്പുകാലത്ത് സംഭവിച്ചേക്കാവുന്ന തെറ്റുകളില്‍നിന്നും വീഴ്ചകളില്‍ നിന്നുമുള്ള ശുദ്ധീകരണത്തിനാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ''നോമ്പുകാരന് അനാവശ്യങ്ങളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും ശുദ്ധീകരണമായും, സാധുക്കള്‍ക്ക് ആഹാരവുമായാണ് അല്ലാഹുവിന്റെ റസൂല്‍ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. വല്ലവരും അത് പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് നല്‍കിയാല്‍ അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും.'' (അബൂദാവൂദ്, ഇബ്‌നുമാജ)

ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട സമയം ഈ ഹദീസ് കൃത്യപ്പെടുത്തുന്നുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി അത് നല്‍കല്‍ നിര്‍ബന്ധമാണ്. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ ഫിത്വ്ര്‍ സകാത്ത് നല്‍കാമെന്ന് ചില പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് അത് നല്‍കാറുണ്ടായിരുന്നു. ഒരു നാട്ടിലെ മുഖ്യ ആഹാര വസ്തുവാണ് ഫിത്വര്‍ സകാത്തായി നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ അരിയാണത്. ഒരു സ്വാഅ് (ഏകദേശം 2 കിലോ 200 ഗ്രാം) ആണ് ഒരു വ്യക്തി നല്‍കേണ്ടത്. എന്നാല്‍ പെരുന്നാളിന് പ്രത്യേക ഭക്ഷണം ഉണ്ടാക്കാനാവശ്യമായ വില കൂടിയ ബിരിയാണി അരി പോലെ മുന്തിയ ഇനമാണ് നല്‍കുന്നതെങ്കില്‍ അളവ് കുറച്ചു നല്‍കാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സകാത്ത് വാങ്ങാന്‍ അര്‍ഹരായവരെയാണ് ഫിത്വ്ര്‍ സകാത്തിനും മുന്‍ഗണന നല്‍കേണ്ടത്. സ്വന്തം മഹല്ലിലും ചുറ്റുപാടിലും അര്‍ഹരില്ലെന്നും, ഉള്ളവര്‍ക്ക് ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുള്ള സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ഫിത്വ്ര്‍ സകാത്ത് നല്‍കാവുന്നതാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍