Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 26

സാമുദായിക സങ്കുചിതത്വം ബഹുസ്വരതക്ക് ഭീഷണി

ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍/ അഭിമുഖം

കേരള ഹൈക്കോടതിയിലെ ന്യായാധിപനായിരുന്ന (1986-1993) ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തെ സവിശേഷ സാന്നിധ്യമാണ്. എം.ഇ.എസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, കെ.എം.ഇ.എ, കേരള ഇസ്‌ലാമിക് സെമിനാര്‍ തുടങ്ങിയവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അന്തര്‍ദേശീയ മതാന്തര സംവാദത്തിന്റെ നേതാക്കളിലൊരാളാണ്. നിരവധി അന്തര്‍ദേശീയ വേദികളില്‍ പ്രഭാഷകനായി പങ്കെടുത്ത അദ്ദേഹത്തിന് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തില്‍ വ്യതിരിക്തമായൊരു മുദ്ര പതിച്ചിട്ടുള്ള വ്യക്തിയാണ് താങ്കള്‍. മുസ്‌ലിം നവോത്ഥാനത്തിന്റെ സന്തതി എന്നും താങ്കളെ വിശേഷിപ്പിക്കാം. ഈയൊരു തലത്തിലേക്ക് വളരാന്‍ കുടുംബ പാരമ്പര്യവും പ്രാദേശിക പശ്ചാത്തലവും എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ഇസ്‌ലാമിക നവോത്ഥാനത്തിന്റെ സ്വാധീനവും വിദ്യാഭ്യാസ പാരമ്പര്യവുമുള്ള കുടുംബാന്തരീക്ഷത്തിലും, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രാദേശിക ചുറ്റുപാടിലുമാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. വിദ്യാഭ്യാസ രംഗത്ത് മുന്നേറാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ പശ്ചാത്തലമാണ് എന്നെ പ്രാപ്തനാക്കിയത്. വാപ്പയുടെ വാപ്പ ഖാദര്‍ മാസ്റ്റര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. ചാവക്കാട് കൂട്ടുങ്ങല്‍ മാപ്പിള ഹയര്‍ എലമെന്ററി സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. 'സ്‌കൂള്‍ ഖാദര്‍ മാസ്റ്റര്‍' എന്നാണ് വല്യുപ്പ അറിയപ്പെട്ടിരുന്നത്. നാല് ആണ്‍ മക്കളായിരുന്നു അദ്ദേഹത്തിന്; മുഹമ്മദ് മാസ്റ്റര്‍, കുഞ്ഞാമു മാസ്റ്റര്‍, എന്റെ വാപ്പ, അബ്ദുല്‍കരീം.

വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന മൂത്താപ്പ മുഹമ്മദ് മാസ്റ്റര്‍ എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഖിലാഫത്ത് സെക്രട്ടറിയായിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.എം സീതി സാഹിബ് തുടങ്ങിയവരുടെ ആദരണീയനായ ഗുരുനാഥനുമായിരുന്നു മുഹമ്മദ് മാസ്റ്റര്‍. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ടായിരുന്നു. അവസാനകാലത്ത് അദ്ദേഹം എന്നെക്കൊണ്ടാണ് മാതൃഭൂമി വായിപ്പിച്ചിരുന്നത്. ചന്ദ്രിക ദിനപത്രവും ഞാന്‍ മുടങ്ങാതെ വായിച്ചിരുന്നു. ഇത് വായനാ ശീലം വളരാന്‍ കാരണമായി. കൂട്ടുങ്ങല്‍ പ്രദേശത്തെ മുസ്‌ലിംകളിലധികവും മുസ്‌ലിം ലീഗുകാരായിരുന്നെങ്കിലും മൂത്താപ്പയെ പോലെ ചുരുക്കം ചിലര്‍ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. മൂത്താപ്പക്ക് സലഫി ആഭിമുഖ്യവും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം ഐക്യസംഘത്തിന്റെയും മറ്റും പ്രവര്‍ത്തനങ്ങളാകും ഇതിന് കാരണം. പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്നു. ചാവക്കാട്ടെ  ആദ്യത്തെ ബി.എല്‍. ബിരുദധാരി ഹൈദറൂസ് വക്കീലായിരുന്നുവെന്നാണ് ഓര്‍മ.

താങ്കളുടെ കുട്ടിക്കാലവും വിദ്യാഭ്യാസവും?

കൂട്ടുങ്ങല്‍ മാപ്പിള ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. ചാവക്കാട് ഹൈസ്‌കൂളില്‍ തുടര്‍പഠനം. ഇന്റര്‍മീഡിയറ്റ്, ഡിഗ്രി, നിയമപഠനം എന്നിവ മദ്രാസിലായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മികച്ച മുസ്‌ലിം വിദ്യാര്‍ഥിക്കുള്ള സ്‌കോളര്‍ഷിപ്പ് കിട്ടുകയുണ്ടായി.

സാമ്പത്തികമായി വലിയ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. വാപ്പയുടെ ചായക്കടയില്‍ നിന്നു കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് ജീവിച്ചത്. പഠനാവശ്യങ്ങള്‍ക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ വാപ്പക്ക് കഴിയുമായിരുന്നില്ല. ഈ പ്രതികൂലാവസ്ഥകളോട് പൊരുതിയാണ് പഠിച്ചുവളര്‍ന്നത്. അല്ലാഹുവിന്റെ അനുഗ്രഹവും അമ്മാവന്മാരുടെയും, രജിസ്ട്രാര്‍ ആയിരുന്ന കുഞ്ഞുപ്പയുടെയും  സഹായവും ഉണ്ടായി.

ദേശീയ പ്രസ്ഥാനത്തിന്റെയും മുസ്‌ലിം ലീഗിന്റെയും രാഷ്ട്രീയ പശ്ചാത്തലം, അക്കാലത്തെ നേതാക്കളുടെ ജീവിതത്തോട് വലിയ അടുപ്പമുണ്ടാക്കി. ഗാന്ധിജി, നെഹ്‌റു, ജിന്ന, ലിയാഖത്തലിഖാന്‍ തുടങ്ങിയവരെല്ലാം വക്കീലുമാരായിരുന്നു. അതുകൊണ്ട് നിയമം പഠിച്ച് വക്കീലാകണം എന്നതായിരുന്നു ചെറുപ്പത്തിലേ എന്റെ ആഗ്രഹം. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ പഠിക്കണം എന്നും മോഹമുണ്ടായി. പക്ഷേ, അറബിക് പ്രഫസറായിരുന്ന ഖാദറുണ്ണി ഹാജി, അലീഗഢില്‍ അന്ന് അക്കാദമിക നിലവാരം കുറവാണെന്ന് പറഞ്ഞ് എന്നെ നിരുല്‍സാഹപ്പെടുത്തി. പകരം മദ്രാസിലെ പ്രശസ്തമായ ലൊയോള കോളേജ് തെരഞ്ഞെടുത്തു. വിദേശത്തു നിന്നുള്ള ക്രൈസ്തവ ജസ്യൂട്ട് പാതിരിമാര്‍ അവിടത്തെ അധ്യാപകരായിരുന്നു. അവിടെ പഠിക്കാന്‍ സാധിച്ചത് ഭാഗ്യമായി തോന്നുന്നു. ഫാദര്‍ ജെറോം ഡിസൂസയായിരുന്നു പ്രിന്‍സിപ്പല്‍. ഗാംഭീര്യവും ഔന്നത്യവുമുള്ള വ്യക്തിത്വം. നല്ല പ്രഭാഷകന്‍. അദ്ദേഹം കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി മെമ്പറുമായിരുന്നു. അദ്ദേഹമാണെനിക്ക് അഡ്മിഷന്‍ തന്നത്. നിയമപഠനമായിരുന്നു ലക്ഷ്യമെന്നതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. സ്‌കൂളില്‍ സെക്കന്റ് ലാംഗ്വേജ് അറബിയായിരുന്നതിനാല്‍ കോളേജില്‍ പ്രയാസമുണ്ടായി. അവിടെ അറബി ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടാം ഭാഷയായി മലയാളം എടുക്കേണ്ടിവന്നു. ഉയര്‍ന്ന ക്ലാസ്സുകളില്‍ മലയാളഭാഷ എന്ന നിലയില്‍ നേരത്തെ ഞാന്‍ മലയാളം പഠിച്ചിരുന്നില്ലെങ്കിലും പത്രവായന ഉണ്ടായിരുന്നത് ഗുണമായി. ആദ്യം തന്നെ മലയാളത്തില്‍ എഴുതിച്ച പ്രബന്ധത്തില്‍ പ്രഫസര്‍ 'ഗുഡ്' എന്ന് റിമാര്‍ക്ക് എഴുതിയത്  മലയാളം എടുക്കുന്നതിന് വലിയ ആത്മവിശ്വാസമായി. 

കോളേജ് പഠനകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കേണ്ടിവന്നത്. മദ്രാസിലെ ഒരു ബന്ധുവിന്റെ  ഹോട്ടലിലാണ് താമസിച്ചിരുന്നത്. ടെറസില്‍ കിടത്തം. മണ്ണണ്ണ വിളക്കില്‍ പഠനം. ഹോട്ടലില്‍ പണം കൊടുക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. ഇതില്‍ ഉടമസ്ഥന്‍ നീരസം പ്രകടിപ്പിച്ചു തുടങ്ങി. അദ്ദേഹം യാഥാസ്ഥിതിക മനസ്‌കനായിരുന്നു. ഞാനാകട്ടെ അല്‍പം പുരോഗമന ആശയക്കാരനും. ഇതും ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കി. നോമ്പെടുക്കാനൊന്നും അവിടെ സൗകര്യമുണ്ടായിരുന്നില്ല. ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്ന ഘട്ടത്തിലാണ് എം.കെ ഹാജിയുടെ ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ ക്ഷണിച്ചത്. നോമ്പ് കാലം അങ്ങനെ കഴിച്ചു കൂട്ടി. പിന്നെ ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടിയപ്പോഴാണ് കുറച്ച് ആശ്വാസമായത്. അപ്പോഴേക്കും സ്‌കോളര്‍ഷിപ്പ് കിട്ടിത്തുടങ്ങി. രജിസ്ട്രാറായിരുന്ന കുഞ്ഞിപ്പയും അന്ന് സിലോണിലായിരുന്ന ബീരാനെന്ന അമ്മാവനും സഹായിച്ചു കൊണ്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സാമാന്യം നല്ല മാര്‍ക്കോടെ ബി.എ പാസായി. മലയാളത്തിന് ഒന്നാം റാങ്കും കിട്ടി. പിന്നീട് മദ്രാസ് ലോ കോളേജില്‍ ബി.എല്ലിന് ചേര്‍ന്നു.

മദ്രാസിലെ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ സെക്രട്ടറി ഹമീദ് കോയ, അവര്‍ നടത്തുന്ന ശാദി മഹല്‍ ഹോസ്റ്റലില്‍ സൗജന്യ താമസത്തിന് സൗകര്യം ചെയ്തുതന്നു. ഭക്ഷണത്തിനും പുസ്തകങ്ങള്‍ക്കും മാത്രമേ പണം ആവശ്യമായി വന്നുള്ളൂ. വൈകാതെ എം.എം.എയുടെ എക്‌സിക്യൂട്ടീവിലേക്കും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. വളരെ പഴക്കമുള്ള സംഘടനയാണ് എം.എം.എ. വിദ്യാര്‍ഥിയായിരിക്കെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിച്ചു. ബി.എല്‍ പരീക്ഷ ഭേദപ്പെട്ട നിലയില്‍ പാസായി. മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായിരുന്ന ബി.പോക്കര്‍ സാഹിബിന്റെ കീഴില്‍ അപ്രന്റിസ് പൂര്‍ത്തിയാക്കി, മദ്രാസ് ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ തന്നെ ജൂനിയറായി എന്റോള്‍ ചെയ്തു. കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ എറണാകുളത്ത് വന്ന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

എങ്ങനെയാണ് താങ്കള്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് എത്തുന്നത്?

കുടുംബ-പ്രാദേശിക അന്തരീക്ഷം എന്നില്‍ സാമൂഹിക, രാഷ്ട്രീയ താല്‍പര്യം വളര്‍ത്തിയിരുന്നു. മൂത്താപ്പയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയമായി മുസ്‌ലിം ലീഗിനോടായിരുന്നു താല്‍പര്യം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വൈകാതെ അതിന്റെ നേതൃ നിരയിലുമെത്തി. പൊന്നാനി താലൂക്ക് എം.എസ്.എഫ് ജോയിന്റ് സെക്രട്ടറിയായി. ലീഗിനു വേണ്ടി പ്രസംഗിച്ചു നടന്നു. കെ.കെ അബു സാഹിബും മറ്റുമായി നല്ല ബന്ധവും ഉണ്ടായിരുന്നു. ചാവക്കാട്ട് സീതി സാഹിബും മറ്റു നേതാക്കളും പങ്കെടുത്ത വിപുലമായ എം.എസ്.എഫ് സമ്മേളനം നടന്നത് ഓര്‍ക്കുന്നു. അതിന്റെ മുഖ്യസംഘാടകനും അതില്‍ സ്വാഗത പ്രസംഗം നിര്‍വഹിച്ചതും ഞാനായിരുന്നു. പൊന്നാനിയില്‍ നടന്ന മുസ്‌ലിം ലേബര്‍ യൂനിയന്റെ സമരത്തിലും പങ്കെടുത്തിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയമായപ്പോള്‍ കെ.കെ അബു സാഹിബ് എന്നെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് രാജ്യം വിഭജിക്കപ്പെടുന്നതുവരെ മാത്രമേ മുസ്‌ലിം ലീഗുമായുള്ള ബന്ധം തുടര്‍ന്നുള്ളൂ. മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയം സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ഗുണകരമാവില്ല എന്ന ചിന്ത എന്നില്‍ വളര്‍ന്നു വന്നു. വിഭജനവും അതിനെ തുടര്‍ന്നുണ്ടായ ക്രൂരതകളും രക്തച്ചൊരിച്ചിലും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അങ്ങനെയാണ് ലീഗ്‌രാഷ്ട്രീയത്തോട് വിട പറഞ്ഞത്.

പിന്നീട് താങ്കള്‍ സോഷ്യലിസ്റ്റ് വഴിയിലേക്ക് വന്നു?

അതെ. സാമുദായിക രാഷ്ട്രീയത്തെ കൈയൊഴിഞ്ഞപ്പോഴും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തന മനസ്സ് സജീവമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു മുമ്പിലുണ്ടായിരുന്ന ഒരു വഴി. വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും മതനിരാസവും കൊണ്ട് നടന്നിരുന്ന ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍, ചെറുപ്പത്തിലേ ദീനീനിഷ്ഠ പുലര്‍ത്തിയിരുന്ന എനിക്ക് സാധിക്കുമായിരുന്നില്ല. അപ്പോഴാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി മുമ്പില്‍ വരുന്നത്. ദരിദ്രന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമൂഹിക നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നെ മാത്രമല്ല മറ്റ് നിരവധി ചെറുപ്പക്കാരെയും ബുദ്ധിജീവികളെയും ആകര്‍ഷിക്കുകയുണ്ടായി. ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതും അന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു, മുസ്‌ലിം ലീഗ് അല്ല. ജനാധിപത്യത്തിലൂടെ സ്ഥിതിസമത്വം എന്ന ആശയവും എനിക്ക് ഏറെ ആകര്‍ഷകമായി തോന്നി. ജയപ്രകാശ് നാരായണനും ആധ്യാത്മിക ആചാര്യനായിരുന്ന രമണ മഹര്‍ഷിയും തമ്മില്‍  ഉണ്ടായിരുന്ന ബന്ധം സോഷ്യലിസ്റ്റ് പ്രസ്ഥാനം ആത്മീയവിരുദ്ധമല്ല എന്ന പ്രതീതി എന്നില്‍ ഉളവാക്കുകയും ചെയ്തു. 

ബി.എക്ക് പഠിക്കുമ്പോഴാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും പാര്‍ലമെന്റേറിയനും രാഷ്ട്രീയത്തില്‍ ഏറെ വിശുദ്ധി സൂക്ഷിച്ച വ്യക്തിയുമായിരുന്ന ഡോ. കെ.ബി മേനോനുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. വൈകാതെ മദിരാശിയിലെ 'യംഗ് സോഷ്യലിസ്റ്റ് ലീഗി'ന്റെ സെക്രട്ടറിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

അക്കാലത്ത് തിരുന്നാവായയില്‍ വലിയൊരു സോഷ്യലിസ്റ്റ് സമ്മേളനം നടക്കുകയുണ്ടായി. മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തിനെതിരില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം. അന്ന് നേതാക്കളായിരുന്ന കെ.കെ അബു സാഹിബ്, പി.കെ മൊയ്തീന്‍ കുട്ടി സാഹിബ്, കെ.എസ് ജലീല്‍, ഹൈദ്രോസ് വക്കീല്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് അത് സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരനായിരുന്ന പള്ളിക്കര വി.പി. മുഹമ്മദ് പ്രമേയം അവതരിപ്പിക്കുകയും ഞാനതിനെ പിന്‍താങ്ങിക്കൊണ്ട് സംസാരിക്കുകയും ചെയ്തു. 'മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസപരവും മറ്റുമായി വളരാനും മുഖ്യധാരയില്‍ മെച്ചപ്പെട്ട സമൂഹമായി ഉയരാനും സഹായിക്കുന്ന സാമൂഹിക, സാംസ്‌കാരിക സംഘടനകളാണ് ആവശ്യം. രാഷ്ട്രീയ രംഗത്ത് സാമുദായികമായി സംഘടിക്കുന്ന മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി വേണ്ട, അത് ബഹുമത സമൂഹത്തില്‍ ഗുണകരമാകില്ല' ഇതായിരുന്നു പ്രമേയത്തിന്റെ കാതല്‍. സ്വാഭാവികമായും മുസ്‌ലിം ലീഗ് ഇതിനെ ശക്തമായി എതിര്‍ത്തു. പ്രമേയത്തിനെതിരെ 'തിരുന്നാവായയിലെ കണ്‍ഫ്യൂഷന്‍' എന്ന തലക്കെട്ടില്‍ ചന്ദ്രിക നാലു ദിവസം തുടര്‍ച്ചയായി മുഖപ്രസംഗം എഴുതി. അക്കാലത്ത് പൗരകാഹളം എഡിറ്ററും പിന്നീട് മാതൃഭൂമി എഡിറ്ററുമായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ല (സാഹിത്യകാരന്‍ പുനത്തില്‍ കഞ്ഞബ്ദുല്ല അല്ല)ചന്ദ്രികക്ക് മറുപടി എഴുതുകയുണ്ടായി.

സജീവ രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നോ?

കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് കാലം ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുകയും പ്രഭാഷണം നടത്തുകയും ചെയ്തത് അക്കാലത്താണ്. മദ്രാസ് അസംബ്ലിയിലേക്ക് തൃത്താല മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. കെ.ബി മേനോന് വേണ്ടി സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. പി.ടി ഗോപാലന്‍ നായരുടെ വീട്ടില്‍ താമസിച്ച് പത്തു ദിവസത്തോളം പ്രചാരണം നടത്തി. ദിവസം 8/10 പൊതുയോഗങ്ങളില്‍ ഞാന്‍ പ്രസംഗിക്കുമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മദിരാശി അസംബ്ലിയിലേക്ക് വിജയിച്ച ഏക സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയും അദ്ദേഹമായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയും, ജെ.ബി. ക്രിപലാനി നയിച്ചിരുന്ന കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി. തുടര്‍ന്ന് കേളപ്പജിയും അതിന്റെ നേതൃത്തിലേക്ക് വന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കെ. കേളപ്പജിയോടൊപ്പം ഒരാഴ്ചക്കാലം ഞാന്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയും ഒട്ടേറെ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് പാര്‍ട്ടി ശിഥിലമായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ തന്നെ തുടര്‍ന്നേനേ.

കോണ്‍ഗ്രസ്സിന് ബദലായി ഇന്ത്യയില്‍ ഉയര്‍ന്നുവരാവുന്ന ഏക പാര്‍ട്ടിയായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടി. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് എന്ന പേരിലാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടത്. പല കാരണങ്ങളാല്‍ അതിന് മുന്നോട്ടുപോകാനായില്ല. ഒന്ന്, ആഭ്യന്തര ശൈഥില്യം. കമ്യൂണിസ്റ്റ് ആശയഗതിക്കാര്‍ പാര്‍ട്ടി വിട്ടു. ജയപ്രകാശ് നാരായണ്‍ ഭൂദാന യത്‌ന പ്രസ്ഥാനത്തിലേക്ക് ചേക്കേറി. അശോക് മേത്ത കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ചേര്‍ന്നു. അച്യുത് പട്‌വര്‍ധനന്‍ സന്യാസത്തിന്റെ വഴി സ്വീകരിച്ചു. ആവടിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി പാര്‍ട്ടിയുടെ ആദര്‍ശമായി സ്വീകരിച്ചു കൊണ്ടുള്ള പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്തു അവതരിപ്പിച്ചു പാസാക്കി. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത സോഷ്യലിസ്റ്റ് മുഖം ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. 

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസുമായി പൊക്കിള്‍കൊടി ബന്ധമുണ്ടായിരുന്ന ജനസംഘത്തെയും ഔദ്യോഗിക കോണ്‍ഗ്രസ് നേതാക്കളെയും സോഷ്യലിസ്റ്റ് ആശയക്കാരായ ജനതാദള്‍ പരിവാറിനെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് ജയപ്രകാശ് നാരായണ്‍ ജനതാ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ആര്‍.എസ്.എസ്സുമായുള്ള ബന്ധം ജനസംഘം വേര്‍പ്പെടുത്തും എന്നായിരുന്നു ജെ.പി പ്രതീക്ഷിച്ചിരുന്നത്. ആര്‍.എസ്.എസ്സിലും ജനതാ പാര്‍ട്ടിയിലും ഒരുപോലെ അംഗത്വമെടുക്കാന്‍ പാടില്ല എന്ന നിബന്ധനയൊക്കെ സോഷ്യലിസ്റ്റ് നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ്സിനെ തോല്‍പിക്കാനായെങ്കിലും ജെ.പിയുടെ മരണത്തോടെ സോഷ്യലിസ്റ്റ് മുന്നണി ദുര്‍ബലമായത് ജന സംഘത്തിന് ഗുണം ചെയ്യുകയാണുണ്ടായത്. സോഷ്യലിസ്റ്റ് മതേതര കക്ഷികളുടെയും കോണ്‍ഗ്രസ്സിന്റെയുമൊക്കെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്താണ് പിന്നീട് ബി.ജെ.പി വളര്‍ന്നുവന്നത്.

പുതിയ കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയൊരു ശൂന്യതയാണ് ഞാന്‍ കാണുന്നത്. സോഷ്യലിസ്റ്റ് മുന്നണി ഛിന്നഭിന്നമായി. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഇടതു പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ ഒന്നുമാകാന്‍ കഴിഞ്ഞില്ല. അഴിമതി ഉള്‍പ്പെടെയുള്ള ജീര്‍ണതകളാണ് രാഷ്ട്രീയരംഗം അടക്കിവാഴുന്നത്. കഴിവുറ്റ, ഔന്നത്യമുള്ള ഒരു നേതാവിനെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാനാകുന്നില്ല. നമ്മുടെ ജനാധിപത്യം ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നത് വലിയ ചിന്താവിഷയമാണ്.

സങ്കുചിത സാമുദായികവാദം അനാശാസ്യകരമായ രീതിയില്‍ ശക്തിപ്പെടുന്നുവെന്നതാണ് വര്‍ത്തമാനകാലത്തിന്റെ ഒരു ദുരന്തം. വര്‍ഗീയ ഫാഷിസത്തോടും സവര്‍ണ പൊതുബോധത്തോടുമുള്ള പ്രതികരണത്തിന്റെ രൂപത്തിലാണ് തീവ്ര സാമുദായികത പ്രമോട്ട് ചെയ്യപ്പെടുന്നത്. മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തെ 1940-കളില്‍ തന്നെ നിരാകരിച്ച താങ്കള്‍, ബഹുസ്വര-മതേതര ഇന്ത്യയില്‍ സാമുദായിക സങ്കുചിതത്വങ്ങളുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും എങ്ങനെ കാണുന്നു?

മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയു ശക്തരായ വക്താക്കളായിരുന്നു. പില്‍ക്കാലത്തു വന്ന പല നേതാക്കള്‍ക്കും ഈ ആശയത്തോട് നീതി പുലര്‍ത്താനായില്ല. ബി.ജെ.പി യാകട്ടെ ഈ ആശയത്തെ പുഛിച്ച് തള്ളുകയും ഹിന്ദു രാഷ്ട്രം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ചെയ്തു.  ഹിന്ദുത്വത്തിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ കഴിയുകയുള്ളൂ എന്നവര്‍ പ്രചരിപ്പിച്ചു. കോണ്‍ഗ്രസ്സിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും നേരിട്ട തകര്‍ച്ചയോടെ ബി.ജെ.പി മാത്രമേ ഒരു ദേശീയ ബദലായി ഉള്ളൂ എന്ന് ചിലരെങ്കിലും കരുതുന്ന അവസ്ഥയുണ്ടായി. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തു കൊണ്ടും വികസന കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും നരേന്ദ്ര മോദിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടും നടത്തിയ ചടുലമായ നീക്കം ഫലം കാണുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി കേന്ദ്രത്തിലും മറ്റു പ്രധാന സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തിലേറി. ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനോ സങ്കുചിത സാമുദായിക വാദത്തിനോ ലഭിച്ച അംഗീകരമായി അധികാരലബ്ധിയെ കാണാന്‍ കഴിയില്ല. 31 ശതമാനം മാത്രമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്. ഇക്കാര്യം തന്നെ ബഹുഭൂരിപക്ഷം ജനങ്ങളും സങ്കുചിത സാമുദായിക വാദത്തിനെതിരാണ് എന്ന കാര്യം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ശക്തികളെ ബലപ്പെടുത്താനുള്ള ബാധ്യത ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. 

മുസ്‌ലിംകള്‍ സങ്കുചിത സാമുദായികത്വവും തീവ്രവാദവും നിരാകരിച്ച് മുഖ്യധാരയോടൊപ്പം നിന്ന് ദേശീയോദ്ഗ്രഥനത്തിലും രാഷ്ട്ര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളികളാവണം. കേരളത്തില്‍ മുസ്‌ലിം ലീഗിന് ഭരണത്തില്‍ പങ്കാളിയായിക്കൊണ്ട് ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അത്തരം പരീക്ഷണങ്ങള്‍ക്ക് ദേശീയതലത്തില്‍ വേരോട്ടമുണ്ടായിട്ടില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയം ബി.ജെ.പിയെപ്പോലെയുള്ള വര്‍ഗീയ സങ്കുചിത പാര്‍ട്ടികളെ ദേശീയ തലത്തില്‍ വളര്‍ത്താന്‍ സഹായിക്കും.  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിക്കുകയും, അഴിമതി മുക്തമായ ഭരണകൂടം കാഴ്ചവെക്കുന്നതിലും ഹൈന്ദവ ധര്‍മ്മം അനുശാസിക്കുന്ന വിശാലമായ സമീപനം സ്വീകരിക്കുന്നതിലും പരാജയപ്പെടുകയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം കോര്‍പ്പറേറ്റുകളുടെയും യുദ്ധപ്രഭുക്കളുടെയും താല്‍പര്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനത ബി.ജെ.പിയെ നിരാകരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. എല്ലാ മതദര്‍ശനങ്ങളെയും ആദരവോടെ കാണുകയും പരസ്പരം സഹകരണവും സഹിഷ്ണുതയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമകാലിക സാഹചര്യത്തിലും അത്തരത്തിലുള്ളൊരു അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /77,78
എ.വൈ.ആര്‍