Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 19

കെ.യു അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍

സി. ആലിക്കുട്ടി, ചെറുവത്ത്, തൂണേരി

കെ.യു അബ്്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍

നാദാപുരം, തൂണേരി പഞ്ചായത്തിലെ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ ഒരാളായിരുന്നു മക്കയില്‍ ഈയിടെ അന്തരിച്ച കിണറുള്ളതില്‍ അന്ത്രു മുസ്‌ലിയാര്‍. പണ്ഡിതനും സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.  നാദാപുരം വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ തന്റെ മക്കളെ അദ്ദേഹം വളര്‍ത്തി. അവര്‍ക്കും നാട്ടുകാര്‍ക്കും അറിവു നല്‍കി, സമൂഹത്തിന് മാതൃകയായി ജീവിച്ചു. 

സി. ആലിക്കുട്ടി, ചെറുവത്ത്, തൂണേരി

ശമീമ ബീഗം

തിരൂര്‍ പുല്ലൂര്‍ വനിതാ ഹല്‍ഖയുടെ സെക്രട്ടറിയായിരുന്ന ശമീമ 31-ാം വയസ്സില്‍ തന്നെ തിരിച്ചുപോകുമെന്ന് ഒരിക്കലും കരുതിയതല്ല. വിനയം നിറഞ്ഞ പെരുമാറ്റവും, സ്‌നേഹം തുളുമ്പുന്ന സംസാരവും, നിറഞ്ഞ പുഞ്ചിരിയും ഇടപെട്ടവര്‍ക്കൊന്നും മറക്കാനാകില്ല. വെറും എട്ടു വര്‍ഷം കൊണ്ട് പുല്ലൂര്‍ ജമാഅത്ത് ഘടകത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശമീമക്ക് കഴിഞ്ഞു. രോഗിയായിരുന്ന പിതാമഹനെ മരണം വരെ ഉറക്കമൊഴിച്ചാണ് ശമീമ ശുശ്രൂഷിച്ചിരുന്നത്. തന്നെ പിടികൂടിയ രോഗത്തെ ശമീമ വേണ്ടത്ര ഗൗനിച്ചിരുന്നുമില്ല. ഭര്‍ത്താവ് അശ്‌റഫ്. മക്കള്‍: ശഹ്മ, ശിബ്‌ലി ഹുസൈന്‍.

കോട്ടയില്‍ ഇബ്‌റാഹീം

വി.എം ബഷീര്‍

പ്രസ്ഥാന വൃത്തത്തില്‍ പോലീസ് ബഷീറിക്ക എന്നറിയപ്പെട്ടിരുന്ന ബഷീര്‍ വി.എം ആലപ്പുഴ ഏരിയയില്‍ വട്ടപ്പള്ളി ഹല്‍ഖയിലെ കാര്‍ക്കൂനും ഐ.ആര്‍.ഡബ്ലിയൂ അംഗവുമായിരുന്നു. ദീര്‍ഘകാലം പട്ടാളത്തിലും പിന്നീട് പോലീസില്‍ ഡ്രൈവറായും സേവനം അനുഷ്ഠിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. ചുരുങ്ങിയ കാലംകൊണ്ട് പ്രവര്‍ത്തനരംഗത്ത് മുന്നേറാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍വീസ് കാലത്ത് ലഭിച്ച പരിശീലനം പ്രസ്ഥാന പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു. സമയനിഷ്ഠ പാലിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ജാഗ്രത ഉദാഹരണം. മലര്‍വാടി ബാലസംഘം മുതല്‍ പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും പരിപാടികളില്‍ പലപ്പോഴും സംഘാടകരെക്കാള്‍ നേരത്തേ എത്തി മാതൃക കാട്ടി. ഏത് പരിപാടികളിലെയും വളണ്ടിയര്‍ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒന്നിലധികം ദിവസം പങ്കാളിത്തം ആവശ്യമുള്ള പരിപാടികളിലെപ്പോഴും ഹല്‍ഖയെ പ്രതിനിധീകരിക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു. വേണ്ടത്ര ദീനീപരിജ്ഞാനം നേടാന്‍ സാധിക്കാതെ പോയ അദ്ദേഹം പ്രദേശത്ത് നടന്നുവന്നിരുന്ന പഠനക്ലാസ്സുകളിലൂടെയാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവുകയും നിരന്തര പരിശ്രമത്തിലൂടെ ഖുര്‍ആന്‍ സ്വന്തമായി പാരായണം ചെയ്യാന്‍ പ്രാപ്തി നേടുകയുമുണ്ടായി. ശയ്യാവലംബിയായി കഴിയുമ്പോഴും പ്രസ്ഥാന പ്രവര്‍ത്തകരുടെ സാന്നിധ്യം എപ്പോഴും ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ താല്‍പര്യ പ്രകാരം ചിലപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേക ഹല്‍ഖാ യോഗം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രായം സജീവ പ്രവര്‍ത്തനത്തിന് തടസ്സമല്ലെന്ന പാഠം പകര്‍ന്നുനല്‍കിയാണ് അദ്ദേഹം ഭൗതിക ജീവിതത്തോട് വിടപറഞ്ഞത്.

ആര്‍. ഫൈസല്‍ ആലപ്പുഴ

പി.എം അഹ്മദ് കോയ പാലാഴി

ഹൃദ്യമായ പെരുമാറ്റം കൊണ്ട് ജാതി മത ഭേദമന്യേ തന്നോട് ബന്ധപ്പടുന്നവരുടെയെല്ലാം ഇഷ്ടം നേടിയെടുത്ത വ്യക്തിത്വമായിരുന്നു പി.എം അഹ്മദ് കോയ പാലാഴി. കോഴിക്കോട് പട്ടണത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ മൂപ്പനും മുസ്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അഹ്മദ് സാഹിബ് പ്രവര്‍ത്തകരുടെ നിരന്തര ബന്ധത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരികയായിരുന്നു. കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടാന്‍ ഇത് കാരണമായി. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഇത്തരം പ്രതികൂല സന്ദര്‍ഭങ്ങളെ ക്ഷമാപൂര്‍വം നേരിട്ട അദ്ദേഹം പാലാഴിയിലെയും സമീപ പ്രദേശങ്ങളിലെയും ഇസ്‌ലാമികപ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നിലുണ്ടായിരുന്നു. പാലാഴി ഹിറാ മസ്ജിദിന്റെ നിര്‍മാണം മുതല്‍ തന്റെ അവസാനകാലം വരെ പള്ളിയുടെ പരിപാലനത്തിലും നടത്തിപ്പിലും അദ്ദേഹം സംഭാവനകള്‍ സമര്‍പ്പിച്ചു. പാലാഴി പ്രാദേശിക ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഐ.പി.എച്ച് ഹെഡ്ഓഫീസ് ജീവനക്കാരനായി രണ്ടു പതിറ്റാണ്ടോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. കൃത്യനിഷ്ഠ, വേഗത, ജോലിയിലെ വൃത്തിയും ഭംഗിയും എന്നിവയില്‍ മിടുക്ക് കാണിച്ച അഹ്മദ് സാഹിബ് സ്ഥാപന നേതൃത്വത്തിന് എന്നും ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് പട്ടണത്തിലെത്തുന്ന പലര്‍ക്കും നല്ലൊരു ഗൈഡുകൂടിയായിരുന്നു. ഡോക്ടര്‍മാരുടെ വീടുകള്‍, വിവിധ ഓഫീസ് കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ അന്വേഷിച്ചെത്തുന്നവര്‍ക്ക് കൃത്യമായി വഴി പറഞ്ഞുകൊടുക്കുമായിരുന്നു. മൊയ്തീന്‍ പള്ളിയുടെ പരിസരത്ത് വളരെ വിപുലമായ സുഹൃദ്‌വൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. കുറച്ച് മാസങ്ങളായി രോഗബാധിതനായിരുന്നെങ്കിലും ഊര്‍ജസ്വലനായി കാണപ്പെട്ട അദ്ദേഹം വളരെ പെട്ടെന്നാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്.

മുസ്ത്വഫ പാലാഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയഅ് /72-76
എ.വൈ.ആര്‍