Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

കിഴക്കേതില്‍ മുഹമ്മദ്കുട്ടി

സയ്യിദ് ഹുസൈന്‍, വടക്കാങ്ങര

കെ.ടി അബൂബക്കര്‍

സെപ്തംബര്‍ അഞ്ചിനാണ് കെ.ടി എന്ന് ഞങ്ങള്‍ വിളിക്കുന്ന കെ.ടി അബൂബക്കര്‍ സാഹിബ് വിട പറഞ്ഞത്. 1960 കളുടെ ആദ്യത്തില്‍ ഒരു നിയോഗം പോലെയാണ് കെ.ടി ഫറോക്കിലെത്തുന്നത്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടായിരുന്നു കെ.ടിയുടെ വേരുകള്‍. അതുകൊണ്ടുതന്നെയാവാം കെ.ടി ഫറോക്കിന്റെ മത, സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായതും. ചാവക്കാട്ടുകാരുടെ അബു എന്ന കെ.ടി, ഫറോക്ക് പേട്ട, തുമ്പപ്പാടം, കുളങ്ങരപ്പാടം, കോടമ്പുഴ, ചുള്ളിപ്പറമ്പ് പ്രദേശവാസികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഇന്റര്‍മീഡിയറ്റ് പാസ്സായതിനു ശേഷം തമിഴ്‌നാട് കുംഭകോണത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതിയില്‍ നിന്ന് ഹോമിയോപ്പതിക് ആന്റ് ബയോകെമിക് മെഡിസിന്‍ പൂര്‍ത്തിയാക്കി. കോയമ്പത്തൂരില്‍ വെച്ചാണ് കെ.ടി ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങള്‍ വായിക്കുന്നത്. ഫറോക്കിലെ പ്രസ്ഥാന കുടുംബത്തില്‍ നിന്ന് വിവാഹിതനായതോടെ ഫറോക്ക് ഹംദര്‍ദ് ഹല്‍ഖയില്‍ ചേര്‍ന്ന് പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായി.
    1981 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ജമാഅത്ത് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കെ.ടി ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകുന്നത്. അന്ന് ഫറോക്കിലെയും പരിസരത്തെയും വ്യവസായ സ്ഥാപനങ്ങളില്‍ അക്കൗണ്ട്‌സ് കൈകാര്യം ചെയ്തിരുന്ന കെ.ടി, ജമാഅത്ത് അംഗത്വം ലഭിക്കുന്നതിന് സ്വന്തം ഉപജീവനമാര്‍ഗമായ കണക്കെഴുത്ത് ജോലി ഉപേക്ഷിക്കുകയായിരുന്നു. 'സാമ്പത്തികമായി മുന്‍കരുതലുകളൊന്നുമില്ലാത്ത  അവസ്ഥയില്‍ തീരുമാനം ഒന്നു പുനരാലോചിച്ചുകൂടേ?' എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് കെ.ടിയുടെ മറുപടി  'ഈ കണക്കെഴുത്ത് എന്റെ പ്രസ്ഥാനപ്രവര്‍ത്തനത്തിന് വിഘാതമായിക്കൂടാ'എന്നായിരുന്നു. അന്ന് കമ്പനി കണക്കുകളുടെ സ്വഭാവം അത്തരത്തിലായിരുന്നു.
ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റി സെക്രട്ടറിയായിക്കൊണ്ടാണ് കെ.ടി പൊതുരംഗത്ത് പ്രവേശിക്കുന്നത്. ഫറോക്ക് ഇര്‍ശാദിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റായ ഇസ്‌ലാമിക് എജുക്കേഷന്‍ മുവ്‌മെന്റ് (ഐ.ഇ.എം.) ജനറല്‍ സെക്രട്ടറി, ഐ.ഇ.എം.പ്രസിഡന്റ്,  മസ്ജിദുല്‍ ഇര്‍ശാദ് കമ്മിറ്റി പ്രസിഡന്റ്, ഫറോക്ക് എം.ഇ.എസ് ഹോസ്പിറ്റല്‍ മാനേജര്‍, ഐ.ഇ.എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍, ഫറോക്ക് പേട്ടയിലെ തഅ്‌ലിമുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസ്സ സ്ഥാപകാംഗം, നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി, ആള്‍ കേരള ഹോമിയോപ്പതിക് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി, ഫറോക്ക് പേട്ട ചൂരക്കാട് റോഡ് നിര്‍മാണ കമ്മിറ്റി പ്രസിഡന്റ,് ഐഡിയല്‍ ബോയ്ഫ്രന്റ് രക്ഷാധികാരി, കുളങ്ങരപ്പാടം സാംസ്‌കാരിക സമിതി സെക്രട്ടറി, മസ്ജിദുല്‍ ഹുദാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫറോക്ക് ഇര്‍ശാദിയാ കോളേജ് മാനേജിംഗ് കമ്മിറ്റി സ്ഥാപകാംഗമായ കെ.ടി 1979 മൂതല്‍ 2104 മരിക്കും വരെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. (അസുഖം കാരണം ചെറിയൊരു കാലയളവില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നിട്ടുണ്ട്. കുറച്ചുകാലം പ്രസിഡന്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.)
ജിവിതം മഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഇര്‍ശാദിയ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വേണ്ടി നീക്കിവെച്ച  കെ.ടിയുടെ വീട്ടില്‍ ആര്‍ക്കും ഏതുസമയത്തും കയറി ചെല്ലാമായിരുന്നു. അസുഖബാധിതരായ കുട്ടികളുമായി ചികിത്സക്ക് പാതിരാത്രിയില്‍ വീട്ടിലെ കോളിംഗ് ബെല്ലടിച്ചാല്‍ പോലും യാതൊരു മുഷിപ്പുമില്ലാതെ 'എന്തു പറ്റി'എന്ന അന്വേഷണത്തോടെ പുഞ്ചിരിച്ചുകൊണ്ട് കെ.ടി വാതില്‍ തുറക്കും. യാതൊരു പ്രതിഫലവും വാങ്ങാതെ പരിശോധിച്ച് മരുന്ന് കൊടുക്കുകയും ചെയ്യും. കുളങ്ങരപ്പാടത്തെ 'വൈറ്റല്‍ ഹോമിയോ ക്ലിനിക്ക്' നാട്ടുകാര്‍ക്ക് ഒരാശ്രയമായിരുന്നു.
ഭാര്യ ഫാത്വിമ. മക്കള്‍: തനിമ കലാസാഹിതൃവേദി സംസ്ഥാന സെക്രട്ടറി സലീം കുരിക്കളകത്ത്, ഹാരിസ്, സുലൈഖ.
പി.സി ബഷീര്‍

 

കിഴക്കേതില്‍ മുഹമ്മദ്കുട്ടി

വടക്കാങ്ങര പ്രാദേശിക ജമാഅത്തിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കിഴക്കേതില്‍ മുഹമ്മദ്കുട്ടിക്ക(86) പ്രദേശത്തെ മഹല്ല് രൂപീകരണത്തിലും പള്ളി മദ്‌റസാ നടത്തിപ്പിലും സജീവ സാന്നിധ്യമായിരുന്നു.  ജീവിതത്തിലുടനീളം ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വളരെയധികം കണിശത പുലര്‍ത്തി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കുടുംബത്തെ പ്രാസ്ഥാനിക ചിട്ടയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ജീവിത ലാളിത്യം മുഖമുദ്രയായിരുന്ന അദ്ദേഹം നല്ല കര്‍ഷകന്‍ കൂടിയായിരുന്നു. മൂന്ന് പെണ്‍മക്കളും അഞ്ച് ആണ്‍മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. പ്രബോധനം മുന്‍ മാനേജര്‍ പരേതനായ കെ. അബൂബക്കര്‍ സാഹിബ് സഹോദരനാണ്. അബ്ദുറഹീം, അബ്ദുസമദ്, മുനീര്‍, ഇസ്ഹാഖ്, സിദ്ദീഖ്, പരേതയായ ഉമ്മുസല്‍മ, ആമിന, ആബിദ എന്നിവര്‍ മക്കളാണ്. ഭാര്യ ഫാത്വിമ.
സയ്യിദ് ഹുസൈന്‍, വടക്കാങ്ങര

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം