Prabodhanm Weekly

Pages

Search

2014 നവംബര്‍ 07

കൊള്ളക്കാരന്‍ ഖുര്‍ആന്‍ കേട്ടപ്പോള്‍

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

മദീനയിലെ കുപ്രസിദ്ധ കൊള്ളക്കാരനാണ് ഫുദൈലുബ്‌നു ഇയാദ്. യാത്രാസംഘത്തെ കൊള്ളയടിക്കുകയും വീടുകളില്‍ കയറി മോഷണം നടത്തുകയും ചെയ്യുന്ന കൊടും ഭീകരന്‍. സാധാരണക്കാരുടെ ഉറക്കം കെടുത്താന്‍ ഇത് ധാരാളം മതി. സൂക്ഷിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെടും എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.
പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു രാത്രിയിലുണ്ടായ മാറ്റം അത്ഭുതകരവും അവര്‍ണനീയവുമായിരുന്നു. ഖുര്‍ആനിലെ ഒരു ചെറു സൂക്തമാണതിന് നിമിത്തമായത്.
ഒരു ദിവസം അദ്ദേഹം ഒരു വീട്ടില്‍ മോഷണത്തിന് പോയി. പരിസരം പഠിക്കാനായി വീടിന്റെ ജനല്‍പാളിയിലൂടെ അകത്തേക്ക് നോക്കി. ഒരു വൃദ്ധന്‍ ചിമ്മിണി വെളിച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതാണ് കണ്ടത്. വൃദ്ധന്റെ ഖുര്‍ആന്‍ ഓത്ത് കുറെ നേരം ശ്രദ്ധിച്ചു കേട്ടു. ഈ സൂക്തങ്ങള്‍ ഫുദൈലിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. സൂറഃ അല്‍ഹദീദ് 16-ാം സൂക്തം മുതലുള്ള വചനങ്ങളാണ് വൃദ്ധന്‍ പാരായണം ചെയ്തത്. അതിങ്ങനെ:
''വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യാഥാര്‍ഥ്യത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ (ഒതുങ്ങി) ഭയവിഹ്വലമാകാന്‍ സമയമായില്ലേ? മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ അവര്‍ ആകാതിരിക്കാനും (സമയമായില്ലേ)? എന്നിട്ട് അവര്‍ക്ക് ധാരാളം സമയം ലഭ്യമായിട്ടും (അതുപയോഗപ്പെടുത്താതെ) അവരുടെ ഹൃദയങ്ങള്‍ കടുത്തുറച്ചുപോവുകയും ചെയ്തു. അവരില്‍ അധിക പേരും ദുര്‍നടപ്പുകാരാണ്.''
അദ്ദേഹം കഴിഞ്ഞകാലത്ത് ചെയ്തുകൂട്ടിയ കൊള്ളകളെയും കൊലപാതകങ്ങളെയും കുറിച്ചോര്‍ത്തു. ഇനിയും താനിങ്ങനെ തുടര്‍ന്നാല്‍ ശിഷ്ട ജീവിതവും കഷ്ടത്തിലാകും. സത്യസന്ധനായി ജീവിക്കാന്‍ സമയമായിരിക്കുന്നു. മാറിയേ തീരൂ. മാറാനുള്ള പ്രതിജ്ഞയുമായിട്ടാണദ്ദേഹം ആ വീടിന്റെ പടിയിറങ്ങിയത്.
''എന്റെ നാഥാ ഈ പാതിരാത്രിയില്‍ തന്നെ ഞാന്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. എന്റെ തൗബ സ്വീകരിക്കേണമേ''- ഇരുകരങ്ങളും ഉയര്‍ത്തി കണ്ണീരോടെ പ്രാര്‍ഥിച്ചു.
പ്രാര്‍ഥന ദൈവം കേട്ടു. പിന്നീടദ്ദേഹത്തെ കാണുന്നത്, രാത്രി ഉറക്കമൊഴിഞ്ഞ് ആരാധനയില്‍ കഴിയുന്ന, ഭൗതിക ജീവിതത്തിന്റെ പളപളപ്പില്‍ നിന്ന് ഒഴിഞ്ഞുമാറി വൈരാഗിയുടെ പാത സ്വീകരിച്ച്, മഹാ പാണ്ഡിത്യത്തിന്റെ ഉടമയായ വ്യക്തിയായിട്ടാണ്.
രോഗശയ്യയില്‍ കിടന്ന് അദ്ദേഹം പ്രാര്‍ഥിച്ചു:
''റബ്ബേ, മോശം ചുറ്റുപാടില്‍ സത്യത്തിന് വിരുദ്ധമായി കൊള്ളയും കൊലയും നടത്തിയ എന്റെ സകല പാപങ്ങളും നീ എനിക്ക് പൊറുത്തുതരികയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ''.
ഇങ്ങനെ പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണദ്ദേഹം കണ്ണടച്ചത്. ഒരു ഖുര്‍ആന്‍ സൂക്തം ഫുദൈലിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം അത്ഭുതാവഹം തന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍അമ്പിയാഅ് സൂറ-21
എ.വൈ.ആര്‍ / ഖുര്‍ആന്‍ ബോധനം