Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

ഹജ്ജ് യാത്ര; ചില പാര്‍ശ്വനിരീക്ഷണങ്ങള്‍

ടി.കെ അബ്ദുല്ല /നടന്നുതീരാത്ത വഴികളില്‍-49

         ഇത് എന്റെ ഹജ്ജ് യാത്രാനുഭവങ്ങളുടെ സമ്പൂര്‍ണ വിവരണമല്ല; ചില പാര്‍ശ്വപരാമര്‍ശങ്ങള്‍ മാത്രമാണ്. 1996 ലാണ് എന്റെ ഹജ്ജ് യാത്ര; 67-ാമത്തെ വയസ്സില്‍. ഉമ്മയുടെ ശേഷം മതി ഹജ്ജ് യാത്ര എന്ന് വസ്വിയത്ത് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വൈകിയത്. കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഒന്നാമത്തെ ബാച്ചിലായിരുന്നു യാത്ര. 313 പേരാണ് ആ പ്രഥമ ബാച്ചില്‍ ഉണ്ടായിരുന്നത്. അന്നത്തെ കേരള ജമാഅത്ത് അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, ശൂറാ മെമ്പര്‍മാരായ അബ്ദുല്‍ അഹദ് തങ്ങള്‍, ശൈഖ് മുഹമ്മദ് കാരകുന്ന് ഉള്‍പ്പെടെ പല പ്രമുഖരും കൂട്ടത്തിലുണ്ടായിരുന്നു. ടി.കെ ഹുസൈന്‍ സാഹിബായിരുന്നു ഗ്രൂപ്പ് ലീഡര്‍. യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില അനുഭവങ്ങളും വസ്തുതകളുമാണ് ചുവടെ.

* ഹജ്ജ് യാത്ര പുറപ്പെടുന്ന തലേന്ന് രാത്രി അത്യാവശ്യം വേണ്ടപ്പെട്ടവരും ബന്ധപ്പെട്ടവരും വീട്ടില്‍ വന്ന് പോകുന്ന പതിവ് അന്നും ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ചടങ്ങു സമ്പ്രദായങ്ങളിലൊന്നും താല്‍പര്യമുള്ള ആളല്ല ഞാന്‍ എന്ന് എന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി പലപ്പോഴും പലരോടായി പറഞ്ഞു പിരിഞ്ഞതല്ലാതെ തലേന്നാള്‍ രാത്രി വീട് സന്ദര്‍ശന പരിപാടിയൊന്നും ഉണ്ടായില്ല. ഞാനും കൂടെ എയര്‍പോര്‍ട്ടിലേക്ക് പോന്ന, സുഹൃത്തും അയല്‍വാസിയുമായ മര്‍ഹൂം എന്‍.എം ഹമീദ് മാസ്റ്ററുമല്ലാതെ യാത്രക്ക് അകമ്പടിയായി വീട്ടുകാര്‍ പോലും ഇല്ലായിരുന്നു. ഇന്നതൊക്കെ കല്യാണാഘോഷം പോലെ വലിയൊരു ആചാരമായി മാറിയിട്ടുണ്ട്. ഹജ്ജ് യാത്രയയപ്പ് മുന്‍കൂര്‍ ക്ഷണിക്കപ്പെടുന്ന, ഒരു നിര്‍ബന്ധ ആഘോഷമായി വളര്‍ന്നിരിക്കുന്നു. ക്ഷണിച്ചില്ലെങ്കിലും വന്നില്ലെങ്കിലും പരാതിയും പരിഭവവും നിലനില്‍ക്കുന്ന ഈ ബിദ്അത്തില്‍ കക്ഷിവ്യത്യാസമില്ലാതെ എല്ലാവരും പങ്കാളികളുമാണ്.

* ഹജ്ജ് യാത്രക്ക് മുമ്പ് പതിവ് പൊരുത്തപ്പെടീക്കലിനും ഹഖ് ഇടപാടുകള്‍ തീര്‍ക്കലിനും അപ്പുറം ശക്തമായ ഒരു തീരുമാനമെടുത്തുകൊണ്ടായിരുന്നു എന്റെ പുറപ്പാട്. ലൗകികമായ എല്ലാ ബന്ധങ്ങളും താല്‍പര്യങ്ങളും വേര്‍പ്പെടുത്തി ഹജ്ജ് എന്ന ഏക ബിന്ദുവില്‍ കേന്ദ്രീകരിച്ച മനസ്. മടങ്ങി വന്നാല്‍ സന്തോഷം, മടങ്ങി വരാതെ ഉമ്മ പെറ്റ കുഞ്ഞിനെപോലെ പാപമുക്തമായി ഹറമില്‍ അന്ത്യവിശ്രമമാണെങ്കില്‍ കൂടുതല്‍ സന്തോഷം എന്നതായിരുന്നു മാനസികാവസ്ഥ. ഈയൊരു കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഹജ്ജ് യാത്രയിലുടനീളം വലിയ സ്വാധീനമുണ്ടായെന്ന് അനുഭവ ബോധ്യമായി.

* മതപരമായ ചിട്ടവട്ടങ്ങളിലും അനുഷ്ഠാനങ്ങളിലും ഞാനൊരു ശരാശരി മുസ്‌ലിം മാത്രമാണ്. എന്റെ താടിയും അത്രത്തോളമേ ഉള്ളൂ. എന്നാല്‍ ഹജ്ജ് യാത്രയിലെ ഓരോ അനുഭവവും, പ്രത്യേകിച്ച് അറഫായിലെ പ്രാര്‍ഥനാ സന്ദര്‍ഭങ്ങള്‍ വല്ലാത്ത ഒരു ആത്മീയ അനുഭൂതിയായിരുന്നു. അടിമയും യജമാനനായ അല്ലാഹുവും തമ്മില്‍ ലൗകികതയുടെ എല്ലാ മറകളും നീങ്ങി നേര്‍ക്കുനേര്‍ കൂടിക്കാണുന്ന ഏതോ അവാച്യമായ ആത്മീയതയുടെ ഒരവസ്ഥ. അറഫാ മരുഭൂമിയിലെ തണല്‍ മരങ്ങള്‍ക്ക് ചുവട്ടിലിരുന്ന് മറ്റെല്ലാം മറന്ന് അല്ലാഹുവിന് മുമ്പില്‍ കണ്ണുനീരൊഴുക്കി പരിദേവനം ചെയ്യുമ്പോള്‍ പരിസരബോധം നഷ്ടപ്പെടുന്നു. ആര് അടുത്ത് ഉണ്ടെന്നോ, ആരെല്ലാം കേള്‍ക്കുന്നുവെന്നോ ഒരു ബോധവുമില്ലാതെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടുള്ള അത്തരമൊരവസ്ഥ, അനുഭവിച്ച് മാത്രമേ നിര്‍വചിക്കാന്‍ കഴിയുകയുള്ളൂ. ഇങ്ങനെയൊരു ആത്മീയവശം എനിക്കുണ്ടെന്ന് ഞാന്‍ തന്നെ ശരിക്കും മനസ്സിലാക്കുന്നത് ഹജ്ജ് അനുഭവത്തിലാണ്. എന്നാല്‍ ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ലൗകിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് തുടങ്ങിയതോടെ, ഹജ്ജ് നേടിത്തന്ന ആത്മീയാവസ്ഥ അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് ഖേദപൂര്‍വ്വം സമ്മതിക്കലാണ് സത്യസന്ധത.

* ഞാന്‍ നാലഞ്ച് സ്ഥിരരോഗങ്ങളുടെ ഉടമയാണ്. ആസ്തമ, മൂത്രതടസ്സം, മുട്ടുവേദന എന്നിവ വളരെ ഗൗരവമുള്ളതാണ്. ഹജ്ജിന് പോകുമ്പോള്‍ ഈ മൂന്ന് രോഗങ്ങളുടെ പ്രതിരോധ മരുന്നുകളുടെ രണ്ടു മാസത്തേക്കുള്ള ഒരു വലിയ പൊതിക്കെട്ടുമായാണ് ഞാന്‍ യാത്ര പുറപ്പെട്ടത്. എന്നിട്ടുപോലും ആശങ്ക നിലനിന്നു. എന്നാല്‍ അനുഭവം തീര്‍ത്തും വ്യത്യസ്തമായിരുന്നു. നീണ്ട നാല്‍പത്തിയഞ്ചു ദിവസത്തിനിടെ ഒരിക്കല്‍ പോലും ആ മരുന്ന് കെട്ട് തുറന്ന് നോക്കേണ്ടുന്ന ആവശ്യം വന്നില്ല. മേല്‍ പറഞ്ഞ രോഗങ്ങളുടെ, പ്രത്യേകിച്ചൊരു ശല്യവും എനിക്ക് അനുഭവപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഗുളിക പോലും ഉപയോഗിച്ചതുമില്ല. മടങ്ങി നാട്ടിലെത്തിയ ശേഷവും പതിനഞ്ച് ദിവസത്തോളം ഈയവസ്ഥ നിലനിന്നു. ഹജ്ജിനിടെ എന്റെ ആരോഗ്യവും പ്രസരിപ്പും സുഹൃത്തുക്കളില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഇരുപത് കിലോ സംസം വെള്ളത്തിന്റെ കന്നാസുമായി കുന്നുപോലെയുള്ള ശാമിയാ റോഡ് നടന്നു താമസസ്ഥലത്ത് എത്തുവാന്‍ ആസ്തമ രോഗിയായ എനിക്ക് പ്രയാസമുണ്ടായില്ല. ഇതിന്റെയൊക്കെ വ്യാഖ്യാനം ഭൗതികമോ ആത്മീയമോ ആകാം. കേരളത്തിന്റെ കാലാവസ്ഥയും അറേബ്യന്‍ കാലാവസ്ഥയുമായുള്ള വ്യത്യാസം കാരണമായി രോഗാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകാം. ഹജ്ജ് തന്ന കരുത്തും നിശ്ചയവും ശരീരാത്മാക്കളില്‍ പകര്‍ന്ന ചൈതന്യ വിശേഷവും മാറ്റത്തിന് നിമിത്തമാകാം. രണ്ടിന്റെയും സമ്മിശ്ര സ്വാധീനവുമാകാം.

* ഹജ്ജ് കാലത്തെ മെച്ചപ്പെട്ട ആരോഗ്യത്തിന് എന്റെ ഭക്ഷണ ശീലവും സഹായകമായിരിക്കാം. പതിവ് രീതിക്ക് പുറമെ അവിലും തേങ്ങയും മുന്തിയ ഈത്തപ്പഴവും സംസമും ചേര്‍ന്നുള്ള ഭക്ഷണശീലം ആരോഗ്യത്തിനും ഊര്‍ജസ്വലതക്കും വളരെ ഉതകുന്നതായി അനുഭവപ്പെട്ടു. അല്ലെങ്കിലും ഭക്ഷണത്തില്‍ വീഴ്ച വരുത്തുന്ന ആളല്ല ഞാന്‍. എന്റെ ആരോഗ്യ രഹസ്യമെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഭക്ഷണം എന്നായിരിക്കും മറുപടി.

* ഇസ്‌ലാമിലെ നമസ്‌കാരം ഉള്‍പ്പെടെയുള്ള എല്ലാ മൗലിക ആരാധനകളിലും ആത്മീയതയും സാമൂഹികതയും വേര്‍പെടുത്താന്‍ കഴിയാത്തവിധം പരസ്പരം ഇഴചേര്‍ന്ന് നില്‍ക്കുന്നതായി കാണാം. ഹജ്ജാകട്ടെ ഇതിന്റെ സാര്‍വലൗകിക നിദര്‍ശനമാണ്. 'ഹജ്ജ് എന്നാല്‍ അറഫ' എന്ന് നബിവചനമുണ്ട്. അങ്ങനെയുള്ള അറഫയില്‍ പോലും ഒരു ഇമാമിന്റെ കീഴില്‍ എല്ലാവരും ഒന്നിച്ചണിനിരന്ന് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നത് ദൗര്‍ഭാഗ്യകരമാണ്. ലക്ഷലക്ഷം ആളുകള്‍ക്ക് ഒന്നിച്ച് അറഫയില്‍ ഇമാമിന്റെ നമസ്‌കാരം കാണാനും കേള്‍ക്കാനും തീര്‍ച്ചയായും പ്രയാസം കാണും. എങ്കിലും അതിന് സംവിധാനമുണ്ടാക്കാന്‍ കഴിയാതെ വരുന്നത് ദുഃഖകരമാണ്.

* ഹജ്ജില്‍ ശാരീരികമായും മാനസികമായും ഏറ്റവും പിരിമുറുക്കമുള്ള അനുഭവം മിനായിലും ജംറയിലുമാണ്. ഇസ്‌ലാമില്‍ രക്തസാക്ഷിത്വം പവിത്രമായി കല്‍പ്പിക്കപ്പെട്ട ഒരേയൊരു ഇബാദത്ത് 'ജിഹാദ്' മാത്രമാകുന്നു. അതിനുത്തരവാദിയാകട്ടെ ശത്രുപക്ഷമാണുതാനും. എന്നാല്‍ ഹജ്ജിലെ കല്ലേറിന്റെ രംഗം ഫലത്തില്‍ മറ്റൊരു ജിഹാദാണ്. ആര്‍ക്കും എപ്പോഴും ജീവന്‍ നഷ്ടപ്പെടാം. ഗുരുതരമായ പരിക്കുകള്‍ പറ്റാം. ഒരു ഗ്യാരണ്ടിയും ഇല്ല. മയ്യിത്ത് കട്ടിലുകളും ചോരവാര്‍ന്ന ശരീരങ്ങളും കണ്ടുകൊണ്ടാണ് ഞാനും സംഘവും കല്ലെറിയാന്‍ പോയത്. കല്ലേറിന് പോകുന്നതും തിരിച്ച് വരുന്നതും ഒരേ വഴിയിലൂടെ ആയതാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. പതിനെട്ട് കൊല്ലം മുമ്പുവരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ അതിനുശേഷം പല മാറ്റങ്ങളും പരിഷ്‌കരണങ്ങളും വരുത്തിയിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ. ഇപ്പോള്‍ കല്ലേറ് ഒരു മരണഭീഷണി എന്ന അവസ്ഥ മാറിയിട്ടുണ്ടെന്ന് അറിയുന്നു.

കൂട്ടത്തില്‍ ഒരു നേരമ്പോക്ക്. എന്നെപ്പോലെ പ്രായമായവരെയും ആരോഗ്യ പ്രശ്‌നം ഉള്ളവരെയും കല്ലേറിന് കൊണ്ടുപോകുന്നത്, ഹജ്ജ് ഗ്രൂപ്പിലെ സേവന സന്നദ്ധരായ വളണ്ടിയര്‍മാരാണ്. അവര്‍ ഒരു സംഘത്തെ കല്ലേറിന് കൊണ്ടുപോയി തിരിച്ചുവരുന്നത് വരെ മറ്റുള്ളവരെ ചില അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ നിര്‍ത്തുക പതിവുണ്ട്. അങ്ങനെ എന്നെയും പ്രായമുള്ള ഒരു ഉമ്മയെയും കമ്പിക്കാലിന് കീഴിലൊ മറ്റോ നിര്‍ത്തി. മറ്റുള്ളവരെ കല്ലേറിന് കൊണ്ടുപോയ വളണ്ടിയര്‍മാരില്‍ ആ ഉമ്മയുടെ ചെറുപ്പക്കാരനായ മകനും ഉണ്ടായിരുന്നു. സുബ്ഹിയോട് അടുത്ത സമയം. അല്‍പ്പം കാത്തിരുന്നപ്പോള്‍, ആ നിഷ്‌കളങ്കയായ ഉമ്മ എന്നോട് പറഞ്ഞു; മോനേ ഒന്ന് ചെന്ന് നോക്ക്, എന്റെ പൊന്നു മോന്‍ തലയില്‍ തുണിയിടാതെയാണ് കല്ലെറിയാന്‍ പോയത്. അവന് മഞ്ഞ് കൊള്ളുന്നുണ്ടാകും. ഈ ഉമ്മ മനസ്സിന്റെ നിഷ്‌കളങ്കത കണ്ടപ്പോള്‍ റഫീഖ് അഹമ്മദിന്റെ 'തോരാമഴ' എന്ന കവിതയിലെ ഉമ്മു കുല്‍സുവിന്റെ ഉമ്മയെ ഓര്‍ത്തുപോകുന്നു. 'ഉമ്മുകുല്‍സു മരിച്ചന്ന് രാത്രിയില്‍ പെരും മഴ വന്നു.' ഉമ്മുകുല്‍സുവിന്റെ പുള്ളിക്കുടയുമെടുത്ത് ഉമ്മ പള്ളിപ്പറമ്പിലെ ഖബറിനടത്തേക്ക് ഓടി. ആ ചെറിയ മണ്‍കൂനയില്‍ കുഞ്ഞുശീലക്കുട നിവര്‍ത്തിവെച്ചു. ആ മഴ ഇന്നും തോര്‍ന്നിട്ടില്ല. ഇതാണ് ഉമ്മ മനസ്സ്!

* മിനായില്‍ മരണഭയമല്ല പ്രശ്‌നം. ലക്ഷക്കണക്കിന് ആളുകള്‍ തൊട്ടു തൊട്ടുള്ള താല്‍ക്കാലിക തമ്പുകളില്‍ തിങ്ങിനിറഞ്ഞ് കഴിയേണ്ടിവരുമ്പോള്‍ ഉത്ഭവിക്കുന്ന പ്രയാസങ്ങളും സങ്കീര്‍ണതകളുമാണ് പ്രശ്‌നമാകുന്നത്. വളരെ പരിമിതമായ സൗകര്യങ്ങളില്‍ നമസ്‌കാരം, ഭക്ഷണം, ബാത്‌റൂം, വിശ്രമം എല്ലാം പ്രശ്‌നങ്ങള്‍ തന്നെ. വലിയ ക്ഷമയും സഹിഷ്ണുതയും വിട്ടുവീഴ്ചയും കൊണ്ട് മാത്രമേ ഹജ്ജിന്റെ പുണ്യവും മൂല്യവും നിലനിര്‍ത്താന്‍ കഴിയൂ. ചെറിയ ഉദാഹരണം. സുബ്ഹ് നമസ്‌കാരത്തിന് ആളുകള്‍ എഴുന്നേറ്റ് കഴിയും മുമ്പേ സൗകര്യമുള്ള ഒരു ടാപ്പിനരികെ വളണ്ടിയര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. റോഡ് നിറയെ തലങ്ങും വിലങ്ങും ഉറങ്ങുന്നവരുടെ അരിക് പറ്റിയാണ് ഞങ്ങള്‍ പോകുന്നത്. എന്റെ വുദുവും ശുചീകരണവും കഴിഞ്ഞ് മടങ്ങുംമുമ്പേ ആളുകള്‍ ഒന്നടങ്കം ഉണര്‍ന്നെണീറ്റു കഴിഞ്ഞിരുന്നു. ഈ ബഹളത്തിനിടയില്‍ സഹയാത്രികനും ഞാനുമായുള്ള ബന്ധം വേര്‍പെട്ടുപോയി. തമ്പില്‍ തിരിച്ചെത്താന്‍ ഒരു വഴിയുമില്ല. ഒടുവില്‍ ഒരു പോലീസുകാരനാണ് സഹായത്തിനെത്തിയത്. കൈയിലെ വളയം നോക്കി എന്റെ തമ്പ് തിരിച്ചറിഞ്ഞ് അദ്ദേഹം എത്തിച്ചു തന്നിരുന്നില്ലെങ്കില്‍ കാര്യം കുഴഞ്ഞുപോകുമായിരുന്നു. മറ്റൊരു തമാശ ഒരു പാകിസ്താന്‍കാരന്‍ ബാത്‌റൂമിന്റെ പുറത്ത് നില്‍ക്കുന്നു. അകത്ത് പ്രായമുള്ള ഒരു മലയാളി കാക്കയാണെന്ന് വര്‍ത്തമാനം കൊണ്ട് മനസ്സിലായി. പാകിസ്താനി അദ്ദേഹത്തിനറിയാവുന്ന നാടന്‍ ഉര്‍ദുവില്‍ അകത്തെ ആളെ കണ്ടമാനം പുളിച്ച തെറി വിളിക്കുകയായിരുന്നു. ബാത്‌റൂമില്‍ കയറാനുള്ള തിടുക്കമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അകത്തു നിന്ന് അതിനെക്കാള്‍ സുന്ദരമായ മലയാള തെറികള്‍ വരുന്നു. ഇത് കണ്ടും കേട്ടുമിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് അകത്തെ മലയാളി പുറത്തും പാകിസ്താനി അകത്തും കടന്നു. മലയാളി കാക്കയോട് സ്‌നേഹപൂര്‍വം ഞാന്‍ ചോദിച്ചു: 'അല്ലാ ഇക്കാ, ഹജ്ജല്ലേ, ഇങ്ങനെയൊക്കെ പറയാമോ?' അതിന് വയസ്സന്റെ മറുപടിയിലെ ഉദ്ധരിക്കാവുന്ന ഭാഗം ഇത്രയുമാണ്; 'അല്ല മോനേ, ഹജ്ജ് പിന്നെയും ചെയ്തുകൂടേ? ഈ .....മോനെ പിന്നെ കാണുമോ?' ഹജ്ജ് പിന്നെയും ചെയ്തുകൂടേ എന്ന വാക്കിലെ ശുദ്ധതയും സൗന്ദര്യവും ആസ്വദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

* നല്ല ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ത്വവാഫിലും അപകട സാധ്യതകളുണ്ട്. രോഗികളും വൃദ്ധരുമായ ഹാജിമാരെ വാഹനത്തില്‍ ചുമന്ന് ത്വവാഫ് ചെയ്യിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ തൊട്ടുപിന്നിലുണ്ടാകും. അതൊക്കെ കരുതിയും കൂട്ടിമുട്ടാതെയും കൂട്ടുകാര്‍ വേര്‍പെട്ടു പോകാതെയും വേണം ത്വവാഫ് നിര്‍വഹിക്കുവാന്‍.

* ഹജ്ജിന്റെ എല്ലാ പ്രധാന കര്‍മങ്ങളും സംഘടിതമായി എങ്ങനെ നിര്‍വഹിക്കാമെന്നതിന് ഇന്തോനേഷ്യന്‍-മലേഷ്യന്‍ ഹാജിമാര്‍ ഒന്നാന്തരം മാതൃകയാണ്. അവര്‍ വലിയ ശരീരബലം ഉള്ളവരൊന്നുമല്ല. ചെറിയ മനുഷ്യരാണ്. അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും കരുത്താണ് അവരുടെ രക്ഷാകവചം. ഒരു പതാകയും നേതാവും മുന്നിലുണ്ടാകും. കൂട്ടം തെറ്റി സഞ്ചരിക്കുകയില്ല. കൂട്ടായ്മയെ മാനിക്കുവാന്‍ മറ്റുള്ളവര്‍ പ്രേരിതരുമാകും. ഈ സംഘബോധം കൊണ്ടാണ് ആജാനുബാഹുവായ കറുത്ത ആഫ്രിക്കന്‍ കരുത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കു കഴിയുന്നത്. ഇത് പറയുമ്പോഴാണ്, ഒരാഫ്രിക്കന്‍ പെണ്‍കരുത്ത് നേരില്‍ കണ്ട അനുഭവം ഞാന്‍ ഓര്‍ക്കുന്നത്. ഹജ്ജിന്റെ ഒരു ഒഴിവ് ദിനത്തില്‍ ഞങ്ങള്‍  ഒരു പരിപാടിക്ക് ജിദ്ദയില്‍ പോയതായിരുന്നു. ഒരു മണിക്കൂര്‍ ടാക്‌സി യാത്ര. പരുക്കനായ സുഊദി ഡ്രൈവറുടെ മുഖത്ത് യാത്രക്കാരായ ഞങ്ങളോടുള്ള പുഛം. ജിദ്ദയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞങ്ങള്‍ മൂന്നോ നാലോ പേരെ, ടാക്‌സി ഇതാ പുറപ്പെടുന്നു എന്ന ഭാവത്തില്‍ കാറില്‍ കയറ്റിയിരുത്തി. പക്ഷേ, പോകുന്ന ലക്ഷണമൊന്നുമില്ല. ആള് നിറഞ്ഞാലേ പോകൂ. ആളെ തിരയുകയാണ് ഡ്രൈവര്‍. നാലഞ്ചുപേര്‍ ഇനിയും വേണം. ഇതിനിടെ കരുത്തയായ ഒരു ആഫ്രിക്കന്‍ യുവതി ടാക്‌സിയില്‍ കയറിയിരുന്നു. വണ്ടി ഇളകുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍, വണ്ടിയില്‍ നിന്നിറങ്ങി ഏത് പരുക്കന്‍ സുഊദിയും തളര്‍ന്നു പോകുന്ന നാലു വാക്ക് പറഞ്ഞു. ഒരക്ഷരം മറുപടി പറയാതെ ഡ്രൈവര്‍ അനുസരണയോടെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതാണ് പിന്നെ കണ്ടത്. ആഫ്രിക്കന്‍ പെണ്‍കരുത്തിന്റെ ഉടല്‍ രൂപമായിരുന്നു ആ ധീരവനിത. കറുത്ത ആഫ്രിക്കന്‍ യുവാക്കള്‍ അറബികളാല്‍ തരംതാഴ്ത്തപ്പെട്ട് കൂലിവേല ചെയ്യുന്ന രംഗങ്ങള്‍ നിരവധിയാണ്. അവര്‍ ശാരീരികമായി കരുത്തരെങ്കിലും സാമൂഹിക പദവികളില്‍ അധഃകൃതര്‍ തന്നെ. ഈ അവസ്ഥയിലേക്ക് ചൂണ്ടി ഒരു സന്ദര്‍ഭത്തില്‍ സഹപ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞു. 'ഈ രണ്ടാം തരക്കാരായ കറുത്ത ആഫ്രിക്കന്‍' മുത്തുകളാണ് ഹാജറാബീവിയുടെ യഥാര്‍ഥ അനന്തിരവന്‍മാര്‍ എന്ന്. ഞാന്‍ അലക്ഷ്യമായി പറഞ്ഞ ഈ വാക്കുകള്‍ ശൈഖ് സാഹിബിലും മറ്റും വലിയ സ്വാധീനം ചെലുത്തിയതായി തോന്നി, ശരിയാണല്ലോ. ഇവരെയാണല്ലോ ഉപരിവര്‍ഗം അവഗണിക്കുന്നത് എന്ന ബോധം ഉണരുവാന്‍ ഈ സന്ദര്‍ഭം സഹായകമായി.

അവസാനമായി, ഹജജ് പകര്‍ന്നു നല്‍കിയ ആത്മീയ വിശുദ്ധിയുടെ വെണ്‍മയും കുളിര്‍മയും അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ശരിയാണെങ്കിലും ഹജ്ജനുഭവങ്ങളുടെ ഓര്‍മകള്‍ ഇന്നും എന്നും വലിയൊരു ആത്മീയ ചൈതന്യമാണ്. ഓരോ ഹജ്ജിലും ആത്മീയതയുടെയും സാമൂഹികതയുടെയും ഓരോ പുതിയ തലം വെളിപ്പെട്ടുവരുമെന്ന് അലിശരീഅത്തി എഴുതിയിട്ടുണ്ട്. ഒന്നിലധികം ഹജ്ജ് ചെയ്തവര്‍ക്കേ ഇതില്‍ അനുഭവജ്ഞാനം പങ്കുവെക്കാന്‍ കഴിയൂ. മക്കത്തുള്ളവര്‍ക്ക് ഹജ്ജ് ഒരു കച്ചവട ചന്തയാണെന്ന് തോന്നിപ്പോകാറുണ്ട്. ഭരണാധികാരിയും ഭരണീയരും രാജാവും ദാസനും ഹജ്ജ്-നമസ്‌കാരങ്ങളില്‍ തോളുരുമ്മി നില്‍ക്കുന്ന രംഗം അല്ലാമാ ഇഖ്ബാലിന്റെ ഭാഷയില്‍:

'ഏക് ഹീ സഫ്‌മേ ഖഡാഹോതാഹെ
മഹാമൂദ്-വ-അയാസ്.' 

(പരമ്പര അവസാനിച്ചു)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍