Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

അമേരിക്കന്‍-ഇസ്രയേല്‍ സൗഹൃദം <br> ഇരുമെയ്യാണെങ്കിലും മനമൊന്നായി

ഡോ. നസീര്‍ അയിരൂര്‍ /കുറിപ്പുകള്‍

'മേരിക്ക ഭയപ്പെടേണ്ട-ഇസ്രയേല്‍ നിങ്ങളോടൊപ്പമുണ്ട്' (Don't worry America-Israel is behind you) എന്ന് മുദ്രണം ചെയ്ത ടീഷര്‍ട്ടുകള്‍ സെപ്റ്റംബര്‍ 11 ലെ സംഭവ വികാസങ്ങള്‍ക്ക്‌ശേഷം ഇസ്രയേലില്‍ വ്യാപകമായി പ്രചാരം നേടിയ വാര്‍ത്തകള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. 'ഇസ്രയേല്‍ ഭയപ്പെടേണ്ട-അമേരിക്ക നിങ്ങളോടൊപ്പമുണ്ട്' (Don't Worry Israel - America is behind you) എന്ന് മേല്‍ പ്രസ്താവനയെ തിരുത്തിവായിച്ചാലും ആശയം ചോരുകയോ അര്‍ഥവ്യത്യാസമുണ്ടാവുകയോ ചെയ്യുന്നില്ല. അധിനിവേശ നയങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും നരമേധങ്ങളെയും കുറിച്ച വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ ഒന്നുപോലെ തോന്നുന്നത് സിനിമയിലെ ആമുഖ മുന്നറിയിപ്പ് പോലെ തികച്ചും സ്വാഭാവികം മാത്രം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നതിലും അതിക്രമങ്ങളെ ന്യായീകരിക്കുന്നതിലും ഇരു കക്ഷികളും പുലര്‍ത്തുന്ന അഭിപ്രായയൈക്യവും വിരല്‍ചൂണ്ടുന്നത് കൃത്യവും കണിശവുമായ ഹോംവര്‍ക്കിലേക്കാണ്. ഒരേ തൂവല്‍പക്ഷികളെ അനുസ്മരിപ്പിക്കുംവിധമുള്ള ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ ഇരുകൂട്ടരുടെയും 'ബൗദ്ധിക പ്രഭവ'കേന്ദ്രം ഒന്നുതന്നെയെന്ന് സംശയിക്കേണ്ടി വരുന്നു. നിരന്തരമുള്ള അധിനിവേശ-പിടിച്ചടക്കല്‍ നയങ്ങള്‍, അന്യായമായ അറസ്റ്റുകള്‍, സൈനിക കോടതികള്‍, വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കല്‍, കൊടും പീഡനമുറകള്‍ തുടങ്ങിയവ നമടപ്പിലാക്കുന്നിടത്ത് ഇരുരാജ്യങ്ങളും പുലര്‍ത്തിവരുന്ന നയങ്ങള്‍ക്കും സാമ്യതയുണ്ട്. നിരപരാധികളുടെ മേല്‍ ബോംബ് വര്‍ഷിക്കുന്നതിനും സാധാരണക്കാരുടെ ഭവനങ്ങള്‍ നിലംപരിശാക്കുന്നതിനും കുഞ്ഞുങ്ങളടക്കം നിരായുധരെ കൂട്ടക്കശാപ്പ് നടത്തുന്നതിനും ഇരു രാജ്യങ്ങളും ഇപ്പോഴും തുടരുന്നത് പൊള്ളയായ ന്യായവാദങ്ങളും സ്ഥിരം ക്ലീഷേകളുമാണ്. 

വര്‍ഷങ്ങളായി ഇസ്രയേല്‍ നൂറുകണക്കിന് നിരപരാധികളായ ഫലസ്ത്വീന്‍ പൗരന്മാരെ വിചാരണയൊന്നും കൂടാതെ അന്യായമായി തടവില്‍ പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളടക്കമുള്ള തടവുകാരെ കൊടിയ പീഡനമുറകള്‍ക്ക് വിധേയമാക്കിയതായി ഇസ്രയേലി മനുഷ്യാവകാശ സംഘടനകള്‍ സമ്മതിക്കുന്നു. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി 2002-ല്‍ സ്ഥാപിച്ച ഗ്വാണ്ടനാമോ തടവറയില്‍ നൂറ് കണക്കിന് നിരപരാധികളെയാണ് അമേരിക്ക വിചാരണ കൂടാതെ പാര്‍പ്പിച്ചിരിക്കുന്നത്. മനുഷ്യത്വം മരവിക്കുന്ന കൊടിയ പീഡനമുറകള്‍ക്ക് കേള്‍വികേട്ട ഗ്വാണ്ടനാമോ അമേരിക്കന്‍ ക്രൂരതയുടെ പരിഛേദമായിട്ടാണ് അറിയപ്പെടുന്നത്. ലോകമൊട്ടുക്കുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഗ്വാണ്ടനാമോ ക്രൂരതകളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞയാഴ്ച പുറത്ത് വന്ന സി.ഐ.എ (CIA) റിപ്പോര്‍ട്ടുകളും ഗ്വാണ്ടനാമോ പീഡനങ്ങളെ ശരിവെക്കുന്നതാണ്. ലക്ഷക്കണക്കിന് രഹസ്യരേഖകളും തടവുകാരുടെ മൊഴികളും പരിശോധിച്ച് പുറത്തുവിട്ട 3600 പേജിലധികം വരുന്ന ഈ റിപ്പോര്‍ട്ടില്‍ മനുഷ്യത്വം മരവിക്കുന്ന കൊടും പീഡന മുറകളുടെ നേര്‍ചിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പല കാര്യങ്ങളിലും ഇനിയുമുണ്ട് സാമ്യം. അധിനിവിഷ്ട ഫലസ്ത്വീനിലെ തടവുകാരെ വിചാരണ ചെയ്യാന്‍ ഇസ്രയേല്‍ പ്രത്യേക സൈനിക കോടതികള്‍ ഉണ്ടാക്കുമ്പോള്‍ ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍ അമേരിക്കയും ഇതേ രീതിയാണ് പിന്തുടരുന്നത്. ഇത്തരം വിചാരണകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായിട്ടല്ല നടക്കുന്നത്. തടവുകാര്‍ക്കെതിരെ രഹസ്യസങ്കേതങ്ങളില്‍ നടക്കുന്ന വിചാരണാ നാടകങ്ങളില്‍ 'രഹസ്യ തെളിവുകള്‍' (Secret Evidences) 'പ്രത്യേക തെളിവുകള്‍' (Classified Evidences) തുടങ്ങിയ ആര്‍ക്കും നിര്‍വചിക്കാനാവാത്ത സാങ്കേതിക കുതന്ത്രങ്ങള്‍ നിരത്തി ഇരകളെ വേട്ടയാടുകയാണ് പതിവ്. ഗ്വാണ്ടനാമോവിലെ കൊടും പീഡനങ്ങളില്‍ പ്രതിഷേധിക്കാന്‍ തടവുകാര്‍ നടത്തിയ നിരാഹാര സമരത്തെ നേരിടാന്‍ അമേരിക്കക്ക് കഴിയാതെ വന്നപ്പോള്‍ ഫലസ്ത്വീന്‍ തടവുകാരുടെ നിരാഹാര സമരത്തെ നേരിട്ട് പ്രാവീണ്യമുള്ള ഇസ്രയേല്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായമാണ് അമേരിക്ക തേടിയത്. ഇവരുടെ നിര്‍ദ്ദേശ പ്രകാരം ബലം പ്രയോഗിച്ചുള്ള ഭക്ഷണം കഴിപ്പിക്കല്‍ (Force Feeding) ഇരുരാജ്യങ്ങളും ശിക്ഷാരീതിയായി പ്രയോഗിച്ച് വരുന്നു.

ഇക്കഴിഞ്ഞ മാസം ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ നരമേധത്തെ ലോകത്തെ മുഴുവന്‍ സമാധാന കാംക്ഷികളും എതിര്‍ത്തപ്പോള്‍ അമേരിക്കയുടെ നിലപാട് വിചിത്രമായിരുന്നു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സിവിലിയന്‍ മരണങ്ങളുടെ ഉത്തരവാദിത്തം ഹമാസിനാണെന്നുമുള്ള അഭിപ്രായമാണ് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പ്രകടിപ്പിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഏതാണ്ട് ഇതേ ശൈലിയിലുള്ള അഭിപ്രായമാണ്. ഇത്തരത്തിലുള്ള 'ആദാന-പ്രദാന'(Give and Take)ങ്ങള്‍ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും കാണാനുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍